രണ്ടു പാഠങ്ങളുള്ള ആത്മഹത്യ, ഒരു ദേശത്തിന്റെ രണ്ടു കഥകൾ

''ദേവികയുടെ പ്രശ്‌നം വ്യക്തിഗത കുടുംബ പ്രതിസന്ധിയല്ല. അതു ചരിത്രപരമായി ഇനിയും പരിഹരിക്കപ്പെടാതെ ബാക്കിയായ ഒരു പ്രശ്‌നമാണ്. കാലികമായ പരിഷ്‌കരണമില്ലാതെപോയ ഭൂപരിഷ്‌കരണം മുതൽ ലക്ഷം വീട് കോളനികൾ വരെയുള്ള ഒരു ചരിത്രപശ്ചാത്തലം അതിൽ ബാക്കി നിൽക്കുന്നുണ്ട്. അതിനെ കണ്ടില്ലെന്നു നടിച്ച്, അതിൽ ചേർന്ന വെള്ളം കണ്ടില്ലെന്നു നടിച്ച് എല്ലാം ഞങ്ങൾ നടപ്പിലാക്കിയതാണെന്നു പറഞ്ഞാൽ ചരിത്രമറിയാത്തവരുടെ നാടൊന്നുമല്ല കേരളം ഇന്നെന്ന് എല്ലാവരും ഓർക്കണം.''

താനും ദിവസങ്ങൾക്കിടയിൽ ഇതാ, മറ്റൊരു വിദ്യാർത്ഥി ആത്മഹത്യ കൂടി. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ വ്യത്യസ്തമായ കാരണങ്ങളാൽ നടന്ന ആത്മഹത്യകളാണെങ്കിൽ കൂടിയും മരിച്ചവർ രണ്ടുപേരും വെറും ഇരുപതു വയസിനുള്ളിൽ മാത്രം പ്രായമുള്ള പെൺകുട്ടികളായിരുന്നു. അവർക്കു മുമ്പിൽ ദീർഘമായ ഒരു ജീവിതം ബാക്കി കിടക്കുകയായിരുന്നു. ഒന്നും ചെയ്യാനില്ലാത്ത വണ്ണം അടഞ്ഞ കാരണങ്ങളാലായിരുന്നില്ല അവർ ആത്മഹത്യ ചെയ്തത്. എന്നിട്ടും അവ സംഭവിച്ചു.
എന്തിന്റെ ചുവടു പിടിച്ചും ഉണ്ടാവുന്ന ആരോപണ പ്രത്യാരോപണങ്ങളെയും അവയ്ക്കു പിന്നിലെ രാഷ്ട്രീയ താല്പര്യങ്ങളെയും വിടാം. കാരണം അവ ഈ ആത്മഹത്യകളുടെ ദീർഘവും പരോക്ഷവുമായ കാരണങ്ങളെക്കുറിച്ച് ആഴമുള്ള ഒരു വിശകലനത്തിനും മുതിരുന്നില്ല. ഇത്തരം ആത്മഹത്യകൾ ഇനിയും ആവർത്തിക്കപ്പെടരുത് എന്ന ആത്മാർത്ഥമായ ഒരു വീണ്ടുവിചാരവും അവയിൽ നമുക്കു കണ്ടെടുക്കാനാവില്ല. ഒരോളവും കുറേ ബഹളങ്ങളും എന്നതിൽ കവിഞ്ഞ് അവയിൽ ഒരു പ്രസക്തിയുമില്ല.
സ്‌കൂൾ വിദ്യാഭ്യാസം ഓൺലൈനായി പുനരാരംഭിച്ച ദിവസം അതിൽ പങ്കെടുക്കാനുള്ള പശ്ചാത്തല സൗകര്യങ്ങളില്ലാത്തതിനാൽ മനംനൊന്ത് സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്ന ദേവിക ആത്മഹത്യ ചെയ്തതു കുറേ ദിവസം മുമ്പാണ്. കോപ്പിയടി ആരോപണത്തിന്റെ പേരിൽ കോളേജ് വിദ്യാർത്ഥിനി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തതു ജൂൺ ആറാം തിയതിയാവണം. രണ്ടു പേരും പെൺകുട്ടികളാണ്. ഇരുവരും ഉപരിവർഗ്ഗ പശ്ചാത്തലത്തിൽനിന്നുമുള്ളവരല്ല. എങ്കിലും ഈ രണ്ട് ആത്മഹത്യകളെ ഒരുപോലെ പരിഗണിക്കാനാവില്ല. രണ്ടും ദു:ഖകരവും ഒഴിവാക്കപ്പെടെണ്ടതുമായിരുന്നു എന്നതു മാത്രമാണ് അവ തമ്മിലുള്ള സാമ്യം.

ഒരാധുനിക മനുഷ്യസമൂഹം പ്രാഥമികമായി അഭിസംബോധന ചെയ്യേണ്ടത് ഇവ രണ്ടും ഒരുപോലെ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നതു തന്നെയാണ്. എന്നാൽ ഒഴിവാക്കണമെങ്കിൽ ഇവയെ വ്യതിരിക്തമായി തന്നെ സമീപിക്കുകയും വേണം എന്നതാണു പ്രസക്തമായ കാര്യം . എന്തുകൊണ്ടെന്നാൽ ഇവ പ്രകടമായ ചില സാമ്യങ്ങൾ കിഴിച്ചാൽ ഒന്നേയല്ല.
ദേവികയുടെ ആത്മഹത്യ
ഈ സമീപ കാലത്ത് മാധ്യമങ്ങൾ വല്ലാതെ "ആഘോഷിച്ച' ആത്മഹത്യയായിരുന്നു ദേവികയുടേത്. എന്നാൽ അത് ആഘോഷിച്ചവർ ചെയ്തത് അതിന്റെ യഥാർത്ഥ കാരണങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നുവോ തമസ്‌കരിക്കുകയായിരുന്നുവോ എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
ഓൺലൈൻ വിദ്യാഭ്യാസമോ, അതിന്റെ മുന്നൊരുക്കത്തിലെ വീഴ്ചയോ ആണോ അതിനു കാരണം? ആണെന്നു പറഞ്ഞാൽ അത് അധികാരികളെ പ്രതിക്കൂട്ടിലാക്കുകയല്ല, അവർക്കു പറഞ്ഞു നിൽക്കാൻ പഴുതുകൾ സംഭാവന ചെയ്യുകയാണ്. കേവലം ഒരു ടി.വി കേടായിപ്പോയതോ, അതു നന്നാക്കാനാവുന്നതിനും മുമ്പേ വിദ്യാഭ്യാസം ഓൺലൈനായി തുടങ്ങിയതൊ ആണൊ ഇതിന്റെ കാരണം? ആണെന്നു പറഞ്ഞാൽ മറുപടിയായി പശ്ചാത്തല സൗകര്യമില്ലാത്തവരുടെ സർവേ നടത്തിയതും അതു പരിഹരിക്കാനായി തുടങ്ങിവച്ച പദ്ധതികളും മുതൽ ഇതൊരു ട്രയൽ റൺ മാത്രമായിരുന്നു എന്നുവരെയും മറുവാദം സാധ്യമാണ്. അവയുടെ സാധുത എത്രത്തോളം ഉണ്ടെന്നല്ല, അതേ ആയിരുന്നില്ലല്ലോ ആ ദാരുണസംഭവത്തിന്റെ കാരണം എന്നതാണ് ഇവിടെ പ്രസക്തം.

പ്രശ്‌നത്തിന്റെ പരിഹാരം ടി.വി നൽകുകയോ, ഓൺലൈൻ വിദ്യാഭ്യാസം നീട്ടിവയ്ക്കുകയോ അല്ല. ആണെന്നു തോന്നുന്നത് നാം ഇതിനെ കേവലം ഒരു വ്യക്തിയുടെ സാന്ദർഭിക പ്രശ്‌നമായി കാണുന്നതുകൊണ്ടാണ്.

ടി.വി കേടായതിനെ തുടർന്ന് ഒരു കുട്ടി ആത്മഹത്യ ചെയ്തു. സർക്കാരിനു കുറച്ചു ദിവസം കാത്തിരുന്നാൽ അത് ഒഴിവാക്കാമായിരുന്നില്ലേ? ഇത്തരം നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന ചോദ്യങ്ങൾ വഴി ആ ആത്മഹത്യയുടെ കാരണത്തെ കേവലമായ ഉപകരണ ലഭ്യതയുടെ മാത്രം പ്രശ്‌നമായി വ്യാഖ്യാനിച്ചുള്ള വിമർശനങ്ങൾ അതിലെ നിർണ്ണായകമായ ഒരു ഘടകത്തെ അതിനിഷ്‌കളങ്കമായി തമസ്‌കരിക്കുകയാണ്. അതിനു കാരണം അതിനെ അഭിസംബോധന ചെയ്താൽ ഉത്തരവാദിത്തം അത് ഉന്നയിക്കുന്നവരിലേക്കും തിരിഞ്ഞുകൊത്തും എന്ന ബോധ്യവും. ആ ജാതികളികളുടെ കേളീ സുഖം എന്തായാലും അത് അനുഭവിക്കുന്നവർക്കില്ല. അവർക്ക് ഇരയാകാനല്ലാതെ ഇതിൽ ഉപയോഗിക്കാൻ ഒന്നുമില്ല.
തിരുവിതാംകൂർ രാജവംശമൊക്കെ നിൽക്കട്ടെ, പ്രശ്‌നങ്ങൾ വേറെയുണ്ട്
കൊറോണ വൈറസ് അഴിഞ്ഞാടുന്ന ആഗോള പശ്ചാത്തലത്തിൽ അതിനെ നേരിടുന്നതിൽ കേരളം ആർജ്ജിച്ച ആനുപാതികമായ മികവിനെ പോലും വീതിച്ചു പോകുമെന്നു ഭയന്ന് ആർക്കുമില്ലാതാക്കിയ ജനാധിപത്യ ജാഗ്രതകൾ അവിടെ നിൽക്കട്ടെ. കേരളത്തിന്റെ നേട്ടങ്ങൾ തന്നെയാണ് ഇവിടെ ഒരോ ജാതികൾക്കും ഓരോ തരം കോപ്പ നൽകുന്ന ചായക്കടകളില്ല, നടക്കാൻ എല്ലാവർക്കും അനുമതിയില്ലാത്ത തെരുവുകളില്ല, കോരാൻ പറ്റാത്ത കിണറുകളില്ല എന്നതൊക്കെയും. ആ അവസ്ഥ ഉണ്ടാവാനായി അദ്ധ്വാനിച്ച ചരിത്രത്തിന്റെതായ ഒരു ചിത്രം മുമ്പോട്ടുവെക്കാനില്ലാത്തവർ അതും ചിത്തിര തിരുനാളിനു എഴുതി കൊടുത്തേക്കാം. എന്നാൽ പ്രശ്‌നമതല്ല.
പാർശ്വവൽകൃതരുടെ ആത്മാഭിമാനം എന്നതു കെട്ടിക്കിടക്കുന്ന കുളം പോലെ ഒഴുക്കില്ലാത്ത ഒന്നല്ല. നിങ്ങൾക്കു നടക്കാൻ റോഡില്ലേ, ചായക്കടയിൽ വേർതിരിവില്ലല്ലോ, ഉപ്പെന്ന് ഇപ്പോൾ പലചരക്കു കടയിൽ പറഞ്ഞാൽ അതു കുറ്റമാവുന്നില്ലല്ലോ എന്നൊന്നും പറഞ്ഞ് അതിനെ കൃതജ്ഞമാക്കാൻ ശ്രമിക്കരുത്. ഒരുകൈ വിട്ടാൽ മറുകൈക്ക് അതിനെയും രാജവംശത്തിന്റെ മഹാമനസ്‌കതയും ക്രാന്തദർശിത്വവുമായി വ്യാഖ്യാനിച്ചുകളയരുത്.
ലോക്ഡൗൺ കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ നന്നാക്കാൻ പണമില്ലാത്ത ടി.വികൾ വേറെയുമുണ്ടാവാം, സ്മാർട്ട് ഫോണുകളും കട്ടായ നെറ്റ് കണക്ഷനുകളും. പക്ഷേ അവരൊന്നും ഒരു ദളിത് കോളനിയിലെ കുട്ടികളല്ല. അവരുടെ പിന്നോക്കാവസ്ഥ വിഭവദാരിദ്ര്യം മാത്രമല്ല. ടി വി, സ്മാർട്ട് ഫോൺ തുടങ്ങിയ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയാൽ തീരുന്ന പ്രശ്‌നമാണു മേല്പറഞ്ഞ കുട്ടികളുടെയൊക്കെ.

ഈ സമയത്തു ടി.വി കേടായതു നന്നാക്കാനായില്ല എന്നതുകൊണ്ടല്ല അവൾ ആത്മഹത്യ ചെയ്തത്, മറിച്ച് ഇത്തരം ചെറിയ യന്ത്രതകരാറുകൾ കൊണ്ടുപോലും നിത്യ അനിശ്ചിതത്വത്തിലാകാൻ തക്കവണ്ണം അരക്ഷിതമാണു തങ്ങളുടെ ജീവിതം എന്ന ചരിത്രാനുനുഭവത്തിൽ മനം നൊന്താവണം അവളതു ചെയ്തത്.

എന്നാൽ ദേവികയുടെ പ്രശ്‌നം അത്തരമൊരു വ്യക്തിഗത കുടുംബ പ്രതിസന്ധിയല്ല. അതു ചരിത്രപരമായി ഇനിയും പരിഹരിക്കപ്പെടാതെ ബാക്കിയായ ഒരു പ്രശ്‌നമാണ്. കാലികമായ പരിഷ്‌കരണമില്ലാതെപോയ ഭൂപരിഷ്‌കരണം മുതൽ ലക്ഷം വീട് കോളനികൾ വരെയുള്ള ഒരു ചരിത്രപശ്ചാത്തലം അതിൽ ബാക്കി നിൽക്കുന്നുണ്ട്. അതിനെ കണ്ടില്ലെന്നു നടിച്ച്, അതിൽ ചേർന്ന വെള്ളം കണ്ടില്ലെന്നു നടിച്ച് എല്ലാം ഞങ്ങൾ നടപ്പിലാക്കിയതാണെന്നു പറഞ്ഞാൽ ചരിത്രമറിയാത്തവരുടെ നാടൊന്നുമല്ല കേരളം ഇന്നെന്ന് എല്ലാവരും ഓർക്കണം.
ഈ സമയത്തു ടി.വി കേടായതു നന്നാക്കാനായില്ല എന്നതുകൊണ്ടല്ല അവൾ ആത്മഹത്യ ചെയ്തത്, മറിച്ച് ഇത്തരം ചെറിയ യന്ത്രതകരാറുകൾ കൊണ്ടുപോലും നിത്യ അനിശ്ചിതത്വത്തിലാകാൻ തക്കവണ്ണം അരക്ഷിതമാണു തങ്ങളുടെ ജീവിതം എന്ന ചരിത്രാനുനുഭവത്തിൽ മനം നൊന്താവണം അവളതു ചെയ്തത്.
ആത്മാഭിമാനം
പാർശ്വവൽകൃതർക്കും ആത്മാഭിമാനം എന്ന ഒന്നുണ്ട്. അതിലേൽക്കുന്ന മുറിവുകൾ ഭരണകൂടത്തിന്റെയോ, സ്വകാര്യ വ്യക്തികളുടെയോ ചാരിറ്റികൊണ്ടു തുന്നിക്കെട്ടാൻ പറ്റുന്ന ഒന്നല്ല. ദേവികയുടെ പ്രശ്‌നം മുറിവേറ്റ ആത്മാഭിമാനത്തിന്റെയായിരുന്നു. അതു ടി.വി വാങ്ങിക്കൊടുത്തു പരിഹരിക്കാനാവുന്നതായിരുന്നില്ല. അതുകൊണ്ടാണവൾ അതിനു യാചിച്ചു കാത്തിരിക്കാതിരുന്നതും.
മുമ്പ് രോഹിത് വെമുലയുടെ ആത്മഹത്യയുടെ കാലത്തും കേട്ടിരുന്നു മാസങ്ങളായി കിട്ടാതിരുന്നതോ തടഞ്ഞുവച്ചതോ ആയ സ്‌റ്റൈപ്പൻഡിനെക്കുറിച്ച്. ഒരു വ്യക്തി എന്ന നിലയിൽ അത് അവനിലുണ്ടാക്കിയേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്. ആ തുക ലഭ്യമാകുന്ന മുറയ്ക്ക് അതു വീട്ടിലെത്തിക്കാൻ ഏർപ്പാടു ചെയ്യണമെന്ന് അവന്റെ ആത്മഹത്യാ കുറിപ്പിലും ഉണ്ടായിരുന്നു എന്നു കേൾക്കുന്നു. എന്നാൽ അതായിരുന്നുവോ അവന്റെ ആത്മഹത്യയുടെ ഒറ്റ കാരണം? ആയിരുന്നെങ്കിൽ, ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ഒരു ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടിരുന്നെങ്കിൽ ഒറ്റ ദിവസം കൊണ്ടു ലക്ഷക്കണക്കിനു രൂപ അവന്റെ അക്കൗണ്ടിൽ എത്തിക്കുമായിരുന്ന നന്മമരങ്ങൾ അന്നും ഇവിടെ ഉണ്ടായിരുന്നു. എന്തുകൊണ്ട് അത് ഉണ്ടായില്ല? ഒറ്റ ഉത്തരമേയുള്ളു. ആത്മാഭിമാനം.
രോഹിത്തിനെ പോലെ ഗവേഷണ വിദ്യാർത്ഥിയായ ഒരു യുവാവായിരുന്നില്ല ദേവിക, അവൾ കുട്ടിയായിരുന്നു. എന്നാൽ കാലാകാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ദളിത് ആത്മാഭിമാനത്തിന്റെ, അതുണ്ടാക്കുന്ന മുറിവുകളുടെ ആഴം കുറെ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തതുകൊണ്ടോ, കുറച്ചു പണം നൽകിയതുകൊണ്ടോ നികത്താനാവില്ല. അതൊക്കെ അപ്രസക്തമാണെന്നല്ല, അവ താൽകാലിക പരിഹാരങ്ങൾ മാത്രമാണെന്നാണു പറഞ്ഞുവരുന്നത്.

ദേവികയുടെ വീട്
ദേവികയുടെ വീട്

കുട്ടിയായ ദേവികയുടെ ആത്മഹത്യ അവളുടെ ടിവി നന്നാക്കപ്പെടുന്നതുവരെ ഓൺലൈൻ വിദ്യാഭ്യാസം നീട്ടിവച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ തൽക്കാലം ഒഴിവാക്കാമായിരുന്നു. എന്നാൽ ബുദ്ധിശക്തിയുള്ള ഒരു പെൺകുട്ടി എന്ന നിലയിൽ അവളുടെ ആത്മാഭിമാന സമരങ്ങൾ തുടർന്നും ഉണ്ടായേനെ. അവയോട് ഇന്നു നാം തുടരുന്ന നിഷേധാത്മകമായ നിലപാടു തുടർന്നാൽ പ്രതിഷേധത്തിന്റെ അവസാന സമരമുറ എന്ന നിലയിൽ രോഹിത് പണ്ടു ചെയ്തത് അവൾ പിന്നീടു ചെയ്‌തേനെ.
പ്രശ്‌നത്തിന്റെ പരിഹാരം ടി.വി നൽകുകയോ, ഓൺലൈൻ വിദ്യാഭ്യാസം നീട്ടിവയ്ക്കുകയോ അല്ല. ആണെന്നു തോന്നുന്നത് നാം ഇതിനെ കേവലം ഒരു വ്യക്തിയുടെ സാന്ദർഭിക പ്രശ്‌നമായി കാണുന്നതുകൊണ്ടാണ്. എന്നാൽ അഞ്ജു ചേർപ്പുങ്കലെന്ന ബികോം പാരലൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെ കാരണം അങ്ങനെ സാമൂഹ്യ സ്വഭാവമുള്ളതല്ല, അതു കൂടുതൽ വ്യക്തിഗത മാനമുള്ളതാണ്. അതുകൊണ്ട് അതു ചെറുതാകുന്നു എന്നുമല്ല പറഞ്ഞു വരുന്നത്.
അഞ്ജുവിന്റെ ആത്മഹത്യ
അഞ്ജുവെന്ന പാരലൽ കോളജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ലഭ്യമായ വിവരങ്ങൾ കൊണ്ട് ചുരുളഴിയുന്ന ഒന്നല്ല. അതിന്റെ കാര്യകാരണങ്ങളിൽ ചേർത്താൽ ചേരാത്ത ഒരുപാടു ഘടകങ്ങൾ, സന്ദേഹങ്ങൾ ബാക്കി നിൽക്കുന്നുണ്ട്. അതിലുപരി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരീക്ഷ എന്ന പ്രക്രിയ വഴി ജീവൻ നഷ്ടമായ ആദ്യത്തെ പെൺകുട്ടിയല്ല അവൾ എന്ന വസ്തുതയും അങ്ങനെതന്നെ നിൽക്കുകയാണ്.
കൊല്ലത്ത് ഫാത്തിമ കോളേജിൽ കോപ്പിയടി ആരോപിച്ചു പരീക്ഷാമുറിയിൽ നിന്നും ഇറക്കിവിടപ്പെട്ട ഒരു പെൺകുട്ടി നേരെ പോയി തീവണ്ടിക്കു മുമ്പിൽ ചാടിയ സംഭവം ഉണ്ടാവുന്നതു രണ്ടായിരത്തി പതിനെട്ടിലാണെന്നു തോന്നുന്നു. അതിലെ ആരോപണ പ്രത്യാരോപണങ്ങളൊക്കെ അന്ന് ഏതാനും ദിവസങ്ങൾ വാർത്താ പ്രാധാന്യമാർജ്ജിച്ചു നിലനിന്നതല്ലാതെ പിന്നെ എന്തായെന്നു സംഭവവുമായി നേരിട്ടു ബന്ധപ്പെട്ടവർക്കല്ലാതെ പൊതുസമൂഹത്തിന് അറിവില്ല.
അന്നുനടന്ന സംഭവത്തിലും മാദ്ധ്യമങ്ങളുടെ വക ഒരു ഏകദിന വിചാരണ ഉണ്ടായിരുന്നു. ഈ കഴിഞ്ഞ ജൂൺ ആറാം തിയതി സംഭവിച്ചതാകാം എന്നു കരുതപ്പെടുന്ന അഞ്ജുവിന്റെ മരണത്തിലും മൃതദേഹം കണ്ടെടുത്ത എട്ടാം തിയതി നടന്ന മാദ്ധ്യമ വൈകാരിക വിസ്‌ഫോടനങ്ങൾക്കപ്പുറം ഒന്നും നടക്കാൻ ഇടയുമില്ല. എങ്കിലും ഇത്തരം സംഭവങ്ങളിലൊക്കെയും ഉള്ള ചരിത്രപരവും സാമൂഹ്യവും സാംസ്‌കാരികവുമായ പ്രസക്തി വീണ്ടും വീണ്ടും പൊന്തിവരിക തന്നെ ചെയ്യും. അഞ്ജുവിന്റെ ആത്മഹത്യ രണ്ടുകൊല്ലം മുമ്പു നടന്ന രാഖി കൃഷ്ണന്റെ മരണത്തെ ഓർമ്മിക്കുവാൻ നമ്മെ നിർബന്ധിതമാക്കിയതുപോലെ.
കാരണങ്ങൾ
രാഖി കൃഷണന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി നടക്കുന്ന അന്വേഷണവും കോടതി വ്യവഹാരവുമൊന്നും അവൾ തീവണ്ടിയുടെ മുമ്പിൽ ചാടി സ്വയം വരിച്ച മരണം പോലെ അടിയന്തിര വൈകാരിക വിപണിമൂല്യമില്ലാത്തതിനാൽ പിന്നെ വാർത്തയായില്ല. അഞ്ജുവിന്റെ മരണവും അതിനൊരപാവദമാകാൻ സാധ്യതയില്ല.
അഞ്ജുവിന്റെ ആത്മഹത്യയുടെ കാരണമായി പറയപ്പെടുന്നത് പരീക്ഷയ്ക്കിടയിൽ നടന്ന ഒരു സംഭവമാണ്. രാഖിയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ ഒന്ന് എന്നു പൊതുവിൽ പറയാം. രണ്ടും ആത്മഹത്യയിലാണല്ലോ കലാശിച്ചത്. പഠിക്കാൻ സമർത്ഥയായ ഒരു വിദ്യാർത്ഥിനി എന്നു പഠിച്ച പാരലൽ കോളജിലെ അദ്ധ്യാപകരും വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്ന അഞ്ജുവിൻമേൽ കോപ്പിയടി എന്ന ആരോപണം വരുന്നു. അന്യായമായ ആ ആരോപണത്തിൽ മനം നൊന്ത് അവൾ ആത്മഹത്യ ചെയ്യുന്നു എന്നതാണു നമുക്ക് അറിയാവുന്ന സംഭവത്തിന്റെ നിലവിലുള്ള ഒരു ഭാഷ്യം.
മറുഭാഷ്യം അവൾ പരീക്ഷ എഴുതിയ കോളജിലെ അധികൃതർ പുറത്തുവിടുന്നതാണ്. തങ്ങൾ കുറ്റവാളികളല്ല, മറിച്ചു നിയമം ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക മാത്രമാണു ചെയ്തതെന്ന് അവർ ആണയിടുന്നു. അതിന്റെ തെളിവുകളും പുറത്തുവിടുന്നു, അവ പ്രകാരം അഞ്ജു തന്റെ ഹോൾ ടിക്കറ്റിന്റെ പിറകിൽ പാഠഭാഗങ്ങൾ പകർത്തിയെഴുതി കൊണ്ടുവന്നു കോപ്പിയടിക്കാൻ ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്തു, സ്വാഭാവികം.
എന്നാൽ ഇതു പ്രഥമദൃഷ്ട്യാ തന്നെ സംശയാസ്പദമായ ഒരു ആരോപണമാണ്. പല തവണ വെരിഫിക്കേഷനു വിധേയമാകുന്ന ഇത്തരം ഒരു കടലാസ് ആരെങ്കിലും ""കോപ്പിയടി''ക്കായി ഉപയോഗിക്കുമോ?
എന്തു നിഗമനത്തിലേക്കും നീളാവുന്ന സംശയങ്ങൾ
പരീക്ഷ നടന്ന കോളജിന്റെ അധികൃതർ അവളുടെ ഹോൾ ടിക്കറ്റ് ഉൾപ്പെടെ തെളിവായി ഇപ്പോൾ മുമ്പോട്ടു വയ്ക്കുന്നുണ്ട്. എന്നാൽ പരീക്ഷ കഴിഞ്ഞു പോയ കുട്ടിയെ കാണാനില്ല എന്നു പറഞ്ഞ് കോളജിൽ അന്വേഷിച്ചെത്തിയ അവളുടെ രക്ഷകർത്താക്കൾക്കു മുമ്പിൽ പോലും കോളജ് അധികൃതർ അപ്പൊഴൊന്നും ആ തെളിവ് ഹാജരാക്കുന്നില്ല. ഇന്നലെ കാലത്ത് അവളുടെ മൃതദേഹം ലഭിച്ചതിനെ തുടർന്നു മാദ്ധ്യമങ്ങൾ മുഴുവൻ സമീപിച്ചപ്പോഴും കോളജ് അധികൃതർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല. വൈകിട്ടാണ് അവർ പ്രസ്തുത തെളിവ്, ളോഹയിട്ട ഒരാൾ വന്ന് ഒരു കുട്ടിയിൽ നിന്നും കടലാസുവാങ്ങി പുറത്തേക്ക് പോകുന്നതിലപ്പുറം ഒന്നും വ്യക്തമല്ലാത്ത ഒരു ദൃശ്യവുമായി ഘടിപ്പിച്ചു പുറത്തുവിടുന്നത്.
പ്രസ്തുത ദൃശ്യമൊ, ഹോൾ ടിക്കറ്റ് എന്ന തെളിവോ ഒന്നും ഇതിനു മുമ്പ് കുട്ടിയെ കാണ്മാനില്ല എന്നുപറഞ്ഞ് സമീപിച്ച അവളുടെ രക്ഷകർത്താക്കളെ കാണിച്ചിട്ടില്ല. പകരം സഭ്യമല്ലാത്ത ഭാഷയിൽ എന്തൊ പറഞ്ഞ് അവരെ ഒഴിവാക്കുകയാണു കോളജ് പ്രിൻസിപ്പാൾ എന്ന അച്ചൻ ചെയ്തതെന്നാണ് ആരോപണം.
ഇവരിപ്പോൾ ഉയർത്തിക്കാട്ടുന്ന ഹോൾടിക്കറ്റിനു പിന്നിലെ എഴുത്ത് വ്യാജമായിക്കൂടെ എന്ന സംശയം ഉണ്ടാവുന്നതിവിടെയാണ്. അഞ്ജുവിന്റെ ഉത്തരക്കടലാസ് അവരുടെ കയ്യിലുണ്ട്. അതുമായി ഒത്തുനോക്കി കൈപ്പട കൃത്യമായി ഫോർജ് ചെയ്യാൻ ശേഷിയുള്ള ഒരാളെ കൂടി ഒപ്പിച്ചാൽ ഇതല്ല, വേണമെങ്കിൽ തോന്നിയതുപോലെ ഒരാത്മഹത്യാക്കുറിപ്പു കൂടി വേണമെങ്കിലും ഒപ്പിക്കാം. പിന്നെയുള്ള ശാസ്ത്രീയതെളിവൊക്കെ വിചാരണാവേളയിൽ നോക്കിയാൽ പോരെ. പ്രാഥമികകൃത്യങ്ങൾക്ക് ആവശ്യമായ സമയം ഇതിനോടകം അവർക്കു കിട്ടിയിട്ടുമുണ്ട്. അതു കഴിഞ്ഞാൽ പിന്നെ ഇതുപോലുള്ള അധികാരകേന്ദ്രങ്ങൾക്കെതിരെ വ്യക്തികൾക്ക് എന്തു ചെയ്യാനാവും?
എന്നാൽ ഈ സാദ്ധ്യതയൊക്കെ പറയുമ്പോൾ മറ്റൊന്നു കൂടി പറയണം. ഇത്രയ്ക്ക് ആസൂത്രിതമായി അവളെ പരീക്ഷയിൽ നിന്നും ഡീബാർ ചെയ്യിക്കാൻ കോളജ് അധികൃതർക്കോ, ആ അച്ചനോ ഈ കുട്ടിയുമായി എന്തെങ്കിലും പൂർവ്വവൈരാഗ്യമുണ്ടോ? കൃത്യവും നിഷ്പക്ഷവുമായ ഒരന്വേഷണം ആവശ്യപ്പെടുന്ന ഒരു കേസായി തീർച്ചയായും ഇതു മാറുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സംശയങ്ങൾ ദൂരീകരിക്കപ്പെടുംവിധം ഒരന്വേഷണം ഇതിൽ നടക്കേണ്ടതുമുണ്ട്.
എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഈ കേസിൽ കൃത്യമായ അന്വേഷണം നടക്കുകയും കുറ്റവാളി പിടിക്കപ്പെടുകയും ചെയ്താൽ മാത്രം പോര.
ആർക്കും വേണ്ട കൗമാര പിന്തുണ
ടീനേജ് എന്നത് നയന്റീനിൽ കഴിയുന്ന മുറയ്ക്ക് തീരുന്ന ഒരു വികാസ ഘട്ടമൊന്നുമല്ല. അതു ചിലർക്കു ഫിഫ്റ്റീനിൽ കഴിയും. ചിലർക്ക് റ്റ്വന്റി ഫൈവിലും. ചിലർക്ക് ഒരിക്കലും കഴിയില്ല. ഈ പ്രായത്തിന്റെ ഒരു പ്രത്യേകത മുതിർന്നവർ, മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതുപോലെ ആവണമെന്നില്ല അവർ എല്ലായ്‌പോഴും പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്.

ഈ പ്രായത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ഉപാധികളില്ലാതെ നമ്മുടെ കൂടെ നിൽക്കും എന്നു നമുക്ക് ഉറപ്പുള്ള, അതിനു ശേഷിയുണ്ടെന്നു നമുക്കു ധൈര്യമുള്ള ഒരു സുഹൃത്തിന്റെ അഭാവമാണ്.

കാൽ നൂറ്റാണ്ട് നീണ്ട വ്യക്തിഗത അദ്ധ്യാപന അനുഭവവും അത്രതന്നെ നീണ്ട രക്ഷാകർതൃ അനുഭവവും പിന്നെ ഒരിക്കൽ ഈ പ്രായം കടന്ന, ഇനിയും അൽഷിമേഴ്‌സ് വന്നിട്ടില്ലാത്ത ഒരു വ്യക്തിയെന്ന നിലയിലുള്ള ഓർമ്മകളും ഒക്കെ ഇതു ശരിവെക്കുന്നു. എന്റെയൊരു സുഹൃത്ത് പ്രീഡിഗ്രിക്ക് കോപ്പിയടിക്കു പിടിക്കപ്പെട്ടു നാലു വർഷത്തേക്കോ മറ്റോ ഡീബാർ ചെയ്യപ്പെട്ട ഒരു അനുഭവം എനിക്കറിയാം. അതു കഴിഞ്ഞ് അവൻ പ്രീഡിഗ്രി എഴുതി ജയിച്ചു, പിന്നീടു നിയമത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും സമ്പാദിച്ച് ആദ്യം കൊല്ലം കോടതിയിലും പിന്നെ ഹൈക്കോടതിയിലും വക്കീലായി പ്രഗത്ഭമായ ഔദ്യോഗിക ജീവിതം തുടർന്നുവരുന്നു.
എന്റെ മക്കളുടെ കൗമാരത്തെ ഞാൻ നേരിട്ടത് എന്റെ കൗമാരപ്രായത്തെ, അതിൽ സംഭവിച്ച മണ്ടത്തരങ്ങളെയും വീഴ്ചകളെയും ഇതുപോലെയുള്ള എന്റെ സുഹൃത്തുക്കളുടെ കൗമാര വീഴ്ചകളെയും ഏറ്റുപറഞ്ഞുകൊണ്ടാണ്. കാരണം ഈ പ്രായത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ഉപാധികളില്ലാതെ നമ്മുടെ കൂടെ നിൽക്കും എന്നു നമുക്ക് ഉറപ്പുള്ള, അതിനു ശേഷിയുണ്ടെന്നു നമുക്കു ധൈര്യമുള്ള ഒരു സുഹൃത്തിന്റെ അഭാവമാണ്. ആ വിടവു നികത്താൻ രക്ഷകർത്താക്കൾ, പറ്റുമെങ്കിൽ പിതാവോ, മാതാവോ തന്നെയാണ് ഏറ്റവും കരുത്തേകുന്ന തണൽ.
മുമ്പു പറഞ്ഞ ചങ്ങാതി കോപ്പിയടിക്കു ശ്രമിച്ചു പിടിക്കപ്പെട്ടെങ്കിൽ പിടിക്കപ്പെടാതിരുന്നിട്ടും പരീക്ഷയിൽ ജയിക്കാതിരുന്നതാണ് എന്റെ അനുഭവം. അതോടെ കോപ്പിയടിയിൽ എന്റെ വിശ്വാസം നശിച്ചു. പിന്നെ ഞാൻ ജീവിതത്തിൽ കോപ്പിയടിക്കാൻ ശ്രമിച്ചിട്ടേയില്ല. ഇത്രയും പാടില്ല ഉള്ള സമയത്തു വല്ലതും വായിച്ചു മനസിലാക്കി അവനവനു പറയാനുള്ളതു പറയാൻ എന്നു ഞാൻ മക്കളൊടെന്നല്ല, എന്റെ വിദ്യാർത്ഥികളോടും പറയാറുണ്ടായിരുന്നു. അതുകൊണ്ട് ഒരദ്ധ്യാപകൻ എന്ന നിലയിൽ എന്റെ എഫിഷ്യൻസിയിൽ വിദ്യാർത്ഥികൾക്കോ, രക്ഷകർത്താവെന്ന നിലയിൽ മക്കൾക്കോ ഒരു സംശയവുമുണ്ടായിട്ടില്ല എന്നു മാത്രമല്ല, വിശ്വാസവും അടുപ്പവും ഏറുകയേ ചെയ്തിട്ടുള്ളു.
സ്വയം ഹത്യ ചെയ്യാൻ വേണ്ടി ഇതിലെന്തിരിക്കുന്നു?
അഞ്ജു കോപ്പിയടിച്ചില്ലെങ്കിൽ പിന്നെ അവളെ ആത്മഹത്യപോലെ ഒരു കടുത്ത തീരുമാനത്തിലേക്കു തള്ളിവിടുക കോപ്പിയടിച്ചാലും ഇല്ലെങ്കിലും ആ പേരിനി മാറില്ല, ആരും തന്നെ വിശ്വസിക്കില്ല എന്ന തോന്നലാവണം. എന്നാൽ അതിൽ പരിഹരിക്കപ്പെടാൻ ഒരു സാധ്യതയും ഇല്ലാത്തവണ്ണം ഗുരുതരമായി എന്തിരിക്കുന്നു? അതല്ല, ഇനി അവൾ കോപ്പിയടിച്ചു എന്നുതന്നെ വയ്ക്കുക. അതു തന്നെയും ഒന്നിന്റെയും അവസാനമല്ല എന്നതാണു ഇവിടെ പ്രസക്തമായ വിഷയം.

അഞ്ജു കോപ്പിയടിച്ചോ, ഇല്ലയോ എന്നതല്ല, കോപ്പിയടിക്കുന്നവരെ മേൽനോട്ടത്തിനു നിർത്തിയിരിക്കുന്ന അദ്ധ്യാപകൻ പിടിക്കണ്ടേ, നടപടി എടുക്കണ്ടേ എന്നതല്ല, അതുകൊണ്ടൊന്നും ഒരു കുട്ടിയുടെ ജീവിതം അവസാനിക്കാൻ പാടില്ല എന്നതാണു പ്രശ്‌നം.

സ്വന്തമായി പഠിക്കാൻ ബുദ്ധിയില്ലാത്തവരാണു കോപ്പിയടിക്കുന്നത് എന്നതു തന്നെയും തെറ്റായ ഒരു സാമാന്യവൽക്കരണമാണ്. പഠിക്കാൻ ശേഷിയുണ്ടോ, ഇല്ലയോ എന്നതൊന്നുമല്ല കൗമാരപ്രായത്തിൽ ഒരാളെ കോപ്പിയടിക്കാൻ പ്രേരിപ്പിക്കുന്നതും. അതു പലതരം സാഹചര്യങ്ങളാണ്. അതുകൊണ്ടുതന്നെ അഞ്ജു കോപ്പിയടിച്ചോ, ഇല്ലയോ എന്നതല്ല, കോപ്പിയടിക്കുന്നവരെ മേൽനോട്ടത്തിനു നിർത്തിയിരിക്കുന്ന അദ്ധ്യാപകൻ പിടിക്കണ്ടേ, നടപടി എടുക്കണ്ടേ എന്നതല്ല, അതുകൊണ്ടൊന്നും ഒരു കുട്ടിയുടെ ജീവിതം അവസാനിക്കാൻ പാടില്ല എന്നതാണു പ്രശ്‌നം.
ഞാൻ പറഞ്ഞ സുഹൃത്ത് ഇടയ്ക്കു പറയും, "പണ്ടു കോപ്പിയടിക്കു പിടിച്ച് ഡീബാറു ചെയ്യപ്പെട്ട ഞാനാ ഇന്നു നിയമത്തിന്റെ കാവലാൾ' എന്ന്. കേൾക്കുമ്പോൾ ഒരു വൈചിത്ര്യമൊക്കെ തോന്നുമെങ്കിലും അതാണു ജീവിതത്തിന്റെ വൈരുദ്ധ്യാത്മകത. അതിലാണു ജീവിതത്തിന്റെ അനന്തമായ സാദ്ധ്യതകൾ. ആ സാധ്യതകൾ പൊലിയാതിരിക്കാൻ അഞ്ജുമാർക്കു വേണ്ടതു വ്യക്തിഗത പിന്തുണയാണ്. അദ്ധ്യാപകരും രക്ഷകർത്താക്കളും ചേർന്നു നൽകേണ്ട ഒന്ന്.
ദേവികയുടെ കാര്യത്തിൽ വേണ്ടത് അത്തരമൊരു ഇടപെടലല്ല, മറിച്ചു സാമൂഹ്യമായി നാം സ്വയം നന്നാവാനുള്ള, നമ്മൾ നമ്മളെ കൂടുതൽ നൈതികവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തിയാൽ മാത്രമെ അത്തരം സംഭവങ്ങൾ ഒഴിവാക്കാനാവൂ. ദേവികമാരുടെ കാര്യത്തിൽ വേണ്ടതു സാമൂഹ്യവും സാംസ്‌കാരികവുമായ ഒരു തുടർ പോരാട്ടമാണ്, അതിന്റെ ദൃശ്യതയാണ്. എന്നാൽ അഞ്ജുവും രാഖിയും നടന്നുകയറിയ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടത് ആ പ്രായത്തിന്റെ വൈകാരികതയെ മനസിലാക്കുകയും അതിനോടോപ്പം നിൽക്കുകയും ആണ്. അതായതു കോപ്പിയടിക്കാൻ ആവാത്ത വണ്ണം പരീക്ഷകൾ രൂപകല്പന ചെയ്യുന്നതു മുതൽ ഉള്ള പരിഹാരങ്ങൾ. അതു മുതിർന്നവരിൽ ഒരു ഉത്തരവാദിത്തം കൂടി ചെലുത്തുന്നുണ്ട്. അത് നമുക്ക് എത്രത്തോളം സ്വീകാര്യമാകുമെന്ന് അറിയില്ല.
പിന്നെ സാധ്യമായതു നമ്മൾ ചെയ്തുവരുന്നുണ്ട്, അതിൽ ചർച്ചയൊന്നും ആവശ്യമില്ലെന്നു തോന്നുന്നു.

Comments