Cassia fistula ഒരു അസാധാരണ നെയിം ആണ്. കേൾക്കുമ്പോൾ 'ഇതെന്തോന്ന് ഫിസ്റ്റുല?' എന്ന് തോന്നും. ഇൻഫെക്ഷൻ, ക്യാൻസർ, മുറിവ് എന്നീ കാരണങ്ങൾ കൊണ്ട് സംഭവിക്കാവുന്ന, ശരീരത്തിലെ ആന്തരികാവയവത്തിൽ നിന്ന് തൊലിപ്പുറത്തേക്കോ അല്ലെങ്കിൽ മറ്റൊരു അവയവത്തിലേക്കോ നീളുന്ന സുഷിരമാണ് ഫിസ്റ്റുല.
ഒരു പൂവിന് പറ്റിയ പേരേ അല്ല.
പേര് പോലെയല്ല,
പുഷ്‌പം ക്യൂട്ട് ആണ്.
തായ്‌ലൻഡിന്റെ നാഷണൽ ഫ്ലവർ ആണ്.
ലാവോസിന്റെ ന്യൂ ഇയറിന് ഗോൾഡൻ നിറം നൽകുന്നതും Cassia ആണ്. അൽപ്പം ശോകമാണ് ഇന്ത്യയിലെ കഥ. സുഗ്രീവൻ എന്ന അധികാരമോഹിയായ തന്റെ അനുയായിക്ക് വേണ്ടി കഥയിലെ നായകൻ ബാലി എന്ന നിരപരാധിയെ കൊന്നു. കൊലപാതകത്തിന് സാക്ഷിയായതുകൊണ്ടാണ് Cassia fistula-ക്ക് കൊന്നമരം എന്ന പേര് വന്നത്രെ.
അല്ലെങ്കിലും കൊലയും, വാദിയെ പ്രതിയാക്കലുമാണല്ലോ പുരാണത്തിന്റെ പ്രമേയങ്ങളെല്ലാം. അന്ന് ‘കൊന്ന’ എന്ന് പേരിടാൻ മലയാളം ഉണ്ടായിരുന്നോ എന്ന് ചോദിക്കരുത്. വെള്ളത്തിൽ ചിത്രം വരയ്ക്കാൻ ശ്രമിക്കുന്നത് പോലെയാണ് പുരാണത്തിൽ ലോജിക്ക് തിരയുന്നത്. കേരളം ആ പൂവിന് കണിക്കൊന്ന എന്ന് പേരിട്ടു. സംസ്ഥാനത്തിന്റെ ആസ്ഥാനകുസുമം പദവിയും കൊടുത്തു.

Florigen എന്നൊരു ഹോർമോൺ ഉണ്ട് സസ്യങ്ങളിൽ. മണ്ണിൽ ജലാംശം കുറയുക, അന്തരീക്ഷതാപനില കൂടുക എന്നീ സന്ദർഭങ്ങളിൽ Florigenന്റെ അളവ് വർദ്ധിക്കും. Florigen-ന്റെ സമൃദ്ധിയിൽ മരങ്ങൾ പൂക്കും. കൊന്നമരവും. കൊന്നപ്പൂ ഇതളിടുമ്പോൾ വിഷുക്കാലമാകും, മത്താപ്പൂ പോലെ സന്ധ്യ വിടരും.
സയൻസ്.
ഭൂഭ്രമണത്തിന് ആനുപാതികമായി തെക്ക് നിന്ന് വടക്കോട്ട് നീങ്ങുന്ന സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് മുകളിൽ വരുമ്പോൾ ഏതാണ്ട് ഏപ്രിൽ പകുതിയാകും. മലയാളത്തിൽ മേടം ഒന്നും. ആ സൂര്യശോഭയാണ് വിഷു.
ചരിത്രം.
ഏതാണ്ട് 825 CE വരെ മേടം ഒന്നിനായിരുന്നു കേരളത്തിന്റെ ന്യൂ ഇയർ. പിന്നീടാണത് ചിങ്ങം ഒന്നിലോട്ട് മാറിയത്. ആ പുതുവർഷ ഓർമ്മയുമായ് ഇന്നും ഉണരുകയാണ് ഗുഡ് മോർണിംഗ് വിഷു.
മിത്ത്.
ആസ്സാമീസ് നാടോടിക്കഥയിലെ സൂപ്പർ ഹീറോ നരകാസുരൻ ഹീറോയിൻ കാമാഖ്യയെ ഡേറ്റ് ചെയ്യുകയായിരുന്നു യുദ്ധപ്രിയനും, വിഷയാദിവിദഗ്ദനും, 'ഗ്രാമസ്ത്രീകളുടെ ഡ്രസ്സും വാരിക്കൊണ്ട് അരമാവിൻ കൊമ്പത്തിരിക്കുന്നവനു' മായ കലഹനേത്രൻ എന്ന കഥാപാത്രത്തിന് നരകാസുരനോട് തന്റെ സ്ഥിരം വികാരമായ അസൂയ കലശലായി.
തനിക്കിഷ്ടപ്പെടാത്തവരെ കൊല്ലുക എന്നതായിരുന്നു അയാളുടെ രീതി. എന്നാൽ അയാളുടെ അമ്പിനും വില്ലിനും തല ചക്രത്തിനും ഉന്നം തെറ്റി. യുദ്ധത്തിൽ നരകാസുരൻ കൂളായി ജയിച്ചു. നരകാസുരനെ കൊന്നു എന്നാണ് പിന്നീട് കഥയിൽ എഴുതി ചേർത്തത്. പാഠപുസ്തകത്തിൽ ചരിത്രവും, സയൻസും തിരുത്തുന്ന ഇന്നത്തെ പോലെ ഒരു കേന്ദ്രകാലം അന്നും ഉണ്ടായിരുന്നു.
ന്യായത്തിന്റെ ഭാഗത്ത് നിൽക്കുന്നവരാണല്ലോ മലയാളികൾ, അതിനി ആസ്സാമിലായാലും അങ്ങ് ഗ്രീക്കിലായാലും. നരകാസുരന്റെ പോരാട്ടവീര്യമാണ് വിഷുവായി മാറിയത്.
കാല്പനികം.
ഓണം ഗൃഹാതുരത്വത്തിന്റേതാണെങ്കിൽ വിഷു ഒരു 'വിജയപ്രതീക്ഷ'യാണ്. ആദ്യാക്ഷരമായ 'വി'യും അവസാനത്തെ 'ഷ' യും ചേർന്നാണ് വിഷു ഉണ്ടായതെന്നും പറയപ്പെടുന്നു. പ്രതീക്ഷയുടെ ഇംഗ്ലീഷ് വേർഷനായ "wish" ആണ് വിഷുവായി പരിണമിച്ചതെന്നത് പ്രസിദ്ധീകരിക്കാനിരിക്കുന്ന മറ്റൊരു തിയറിയാണ്.
സംഗതി എന്തായാലും,
വിഷുവിന്റെ കളർ കൊന്നപ്പൂ തൂകുന്ന നല്ല ബ്രൈറ്റ് മഞ്ഞയാണ്…
പൂക്കളിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന കൊന്നപ്പൂവിന്…
'മാളികപ്പുറമേറിയ മന്നനെ' താഴെയിറക്കുമെന്ന നരകാസുരവൈഭവത്തിന്…
Cheers!!
വിത്ത് വിഷു പൂർവ്വ വിഷസ്!!!