തെയ്യത്തിലെ ആൺവർത്തമാനം: താഹ മാടായിക്ക്​ വി.കെ. അനിൽകുമാറിന്റെ മറുപടി

‘‘ഹിന്ദുത്വയ്ക്ക് വേണ്ടി ഈ ലേഖകന്‍ എവിടെയാണ് ഏത് മാധ്യമത്തിലാണ് സംസാരിച്ചിട്ടുള്ളത്? തന്റെ വാദങ്ങള്‍ ഉറപ്പിക്കുന്നതിനായി താഹക്കു കിട്ടിയ തെളിവുകള്‍എത്രയും വേഗം വായനക്കാരുടെ മുന്നില്‍ ഹാജരാക്കേണ്ടതാണ്. ഈ ലേഖകന്റെതായി പുറത്തിറങ്ങിയ തെയ്യം എഴുത്തുകളില്‍, ഡോക്യുമെന്ററികളില്‍, അഭിമുഖങ്ങളില്‍, പ്രക്ഷേപണപരിപാടികളില്‍- ഇതില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന്​ താഹ കണ്ടെത്തിയ വസ്തുതകള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം’’- തെയ്യത്തിന്റെ ആണ്‍നോട്ടങ്ങളെ കുറിച്ചും ആണാവിഷ്കാരങ്ങളെക്കറിച്ചും താഹ മാടായി സമകാലിക മലയാളം വാരികയില്‍ (എപ്രില്‍ 24 ലക്കം) എഴുതിയ ലേഖനമാണ് ഈ എഴുത്തിനാധാരം.

നിരവധി ലേഖനങ്ങളിലൂടെ മലയാളി വായനക്കാര്‍ക്കറിയുന്ന താഹ മാടായിയെ പോലുള്ള എഴുത്തുകാരെ വായനാസമൂഹം വലിയ ഗൗരവത്തോടെയാണ് കാണുന്നത്. താഹയുടെ നിരീക്ഷണങ്ങളെയും വായനക്കാര്‍ ഏറെ വിലമതിക്കുന്നുണ്ട്. താഹ എന്തെങ്കിലും തെറ്റെഴുതിയാല്‍ പോലും അത് വായനക്കാരുടെ കണ്ണില്‍ വലിയ ശരിയായിരിക്കും. അതുകൊണ്ട് കൂടിയാണ് ഇങ്ങനെയൊരു എഴുത്ത് എഴുതേണ്ടിവന്നത്.

ഇനി താഹയുടെ 'മലയാള'ത്തിലെ എഴുത്തിലേക്ക് വരാം. ആണ്‍വട്ടത്തുനിന്നും ആണ്‍വെട്ടത്തുനിന്നുമുള്ള തെയ്യനോട്ടങ്ങളെക്കുറിച്ചുള്ള താഹയുടെ നിരീക്ഷണം സ്വാഗതാര്‍ഹമാണ്. അത് അനിവാര്യമായ ഒന്ന് തന്നെയാണ്. സോഷ്യല്‍ മീഡിയയിലും പ്രിന്റ് മീഡിയയിലും തെയ്യത്തിന്റെ ഗുഡ് വില്‍ അംബാസഡറായി പെണ്ണുങ്ങള്‍ വരുന്നില്ല എന്നും താഹ സൂക്ഷ്മവിചാരം ചെയ്യുന്നു. എല്ലാം നല്ലതു തന്നെ. എതിരഭിപ്രായമില്ല.

ആരായിരിക്കണം തെയ്യത്തിന്റെ ഗുഡ് വില്‍ അംബാസഡര്‍?

താഹയുടെ നിരീക്ഷണങ്ങള്‍ ഒരു പുരോഗമന ജനാധിപത്യ സംവിധാനത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ തന്റെ വാദങ്ങള്‍ ഉറപ്പിക്കാന്‍ താഹ സ്വീകരിച്ച വഴികളെയാണ് ഇവിടെ പരിശോധിക്കുന്നത്. പോയ കാലത്ത് അച്ഛന്‍ വീട്ടില്‍ ചെയ്യുന്ന ഒരു കാര്യമാണ് പെട്ടെന്ന് ഓര്‍മ്മയിലേക്ക് വന്നത്. വീട്ടുവളപ്പില്‍ ചീരവിത്തിടുമ്പോള്‍ അച്ഛന്‍ പതിവായി അതിന്റെ കൂടെ കുറച്ച് അരിമണികള്‍ കൂടി ചേര്‍ക്കും. ചീരവിത്തുകളെ ഉറുമ്പോ മണ്ണിലെ സൂക്ഷ്മജീവികളോ കൊണ്ടു പോകാതിരിക്കാനാണ് അച്ഛന്‍ അങ്ങനെ ചെയ്തിരുന്നത്. വിത്തിനെ സംരക്ഷിക്കാന്‍ അതുമായി ബന്ധമില്ലാത്ത മറ്റൊന്ന് ചേര്‍ക്കുക എന്നത് നാട്ടുമനുഷ്യരുടെ സൂത്രമാണ്. അതുപോലെ ചില കൗശലങ്ങള്‍ താഹയും കാണിക്കുന്നു എന്നത് കൗതുകകരമായ കാര്യമാണ്. സ്വന്തം ആശയങ്ങള്‍ ദുര്‍ബ്ബലമാകാതിരിക്കാനുള്ള എഴുത്തുകാരന്റെ ഒരു സ്വാതന്ത്ര്യമായിട്ടല്ല അതിവിടെ പ്രവര്‍ത്തിക്കുന്നത്.

സത്രീകളെ എന്നും രണ്ടാംതരക്കാരാക്കുന്ന, സ്വന്തം കഴിവുകൊണ്ടല്ലാതെ പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ആണധികാരം കൊണ്ട് മാത്രം സ്ത്രീസ്വത്വത്തെ അവമതിക്കുന്ന എല്ലാ പുരുഷാധികാരങ്ങളിലും സ്ത്രീകള്‍ക്ക് തുല്യത ലഭിക്കേണ്ടതാണ്. പുരുഷന്മാരുടെ മാത്രമായ കോട്ടകൊത്തളങ്ങളെ പുതുകാല സ്ത്രീകള്‍ തകര്‍ക്കുന്ന കാഴ്ചകള്‍ പല നിലയ്ക്കും ഇന്ന് കാണുന്നുമുണ്ട്. തെയ്യത്തില്‍ എന്നല്ല ഏത് മേഖലയിലും സ്ത്രീയെ അവഗണിക്കുന്ന, അവമതിക്കുന്ന ആണ്‍പ്രഭാവക്കുത്തക അവസാനിപ്പിക്കേണ്ടത് തന്നെയാണ്. ഇതെഴുതുന്ന ലേഖകനും ഇതില്‍ മറിച്ചൊരഭിപ്രായമില്ല.

തെയ്യത്തിലെ ആണ്‍വര്‍ത്തമാനങ്ങളെ വി. കെ. അനില്‍കുമാര്‍ എന്ന ഇതെഴുതുന്ന ലേഖകനെ മുന്‍നിര്‍ത്തിയാണ് താഹ വിശകലനം ചെയ്യുന്നത്. എന്തൊക്കെയാണ് താഹയുടെ അന്വേഷണങ്ങള്‍ എന്നു നോക്കാം. ‘ഒരു ഭാഗത്ത് തെയ്യവും കളിയാട്ടവും നടക്കുന്നു. പഴയ ഹിന്ദുകള്‍ച്ചറല്‍ തുടര്‍ച്ച. അതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ മാത്രമല്ല അച്ചടി മാധ്യമങ്ങളിലും സാംസ്‌കാരിക ചിഹ്നങ്ങളായി വരുന്നു. എന്നാല്‍ ഈ സാംസ്‌കാരിക കളിയാട്ട വൃത്തങ്ങളുടെ അടയാളപ്പെടുത്തലുകളില്‍ ആണവതരണങ്ങള്‍ക്കാണ് പ്രാമുഖ്യം. സ്ത്രീകള്‍ കയ്യാലപ്പുറത്താണ്. ഉദാഹരണത്തിന് തെയ്യങ്ങളുടെ ഗുഡ് വില്‍ അംബാസഡറായി സോഷ്യല്‍ / പ്രിന്റ് മീഡിയകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന മുഖം ആരുടേതാണ്? തീര്‍ച്ചയായും വി. കെ. അനില്‍കുമാര്‍.'

വി.കെ. അനില്‍കുമാര്‍ എന്ന ആണ്‍ശരീരം മാത്രം നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് താഹ ഉയര്‍ത്തുന്നത്. ഉത്തരമലബാറിന്റെ ജീവനായ തെയ്യത്തിലെ പെണ്‍നോട്ടവും പെണ്ണഴുത്തുമാണ് താഹ സൂക്ഷ്മവിചാരം ചെയ്യുന്നത്. തെയ്യത്തിലെ സ്ത്രീ നിരാസങ്ങളെ ലേഖകന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: ‘ചരിത്രം എന്നും ടെക്സ്റ്റില്‍ മാത്രമല്ല ആവിഷ്‌കാരത്തിലും ആണുടല്‍ വീരാരാധനയാണ്. അപ്പോള്‍ ഈ വീരാരാധനയുടെ കള്‍ച്ചറല്‍ ഓഡിറ്റ് ചെയ്യാന്‍ സ്ത്രീകള്‍ കൂടി അതിനെപ്പറ്റി സംസാരിച്ചു തുടങ്ങണം. സ്ത്രീകളെ കയ്യാലപ്പുറത്തിരുത്തി നടത്തുന്ന ആണുടലുകളുടെ വീരാരാധനാ ഭാഷണങ്ങളായി തെയ്യം ചര്‍ച്ചകള്‍ മാറുന്നുണ്ട്. അത് സവര്‍ണ്ണ ഹിന്ദുത്വത്തിലേക്കുള്ള ഗൂഢവഴികള്‍ തീര്‍ക്കുന്നുണ്ട്’. തെയ്യത്തെക്കുറിച്ച് വി കെ. അനില്‍ കുമാറിന്റെ ആണ്‍വര്‍ത്താനങ്ങള്‍ സവര്‍ണ്ണ ഹിന്ദുത്വയിലക്കുള്ള നിഗൂഢവഴികള്‍ തുറക്കുന്നുവെന്ന് താഹ സമര്‍ത്ഥിക്കുന്നു.

തീര്‍ന്നില്ല; ‘ഇങ്ങനെ അമിതഭ്രമത്തോടെ സംസാരിക്കുന്നത് ഫ്യൂഡല്‍ ഭൂതകാലത്തെ പുനരാനയിക്കും. അത് രാഷ്ട്രീയമായി അത്ര പ്രത്യാശ നിറഞ്ഞ സന്ദേശമല്ല കാലത്തിന് നല്‍കുന്നത് ' മറ്റൊരിടത്ത് താഹ ഇങ്ങനെ എഴുതുന്നു. 'അധികമധികം പറഞ്ഞ് ഗോത്ര സമൂഹത്തിന്റെ വിമോചന സാധ്യതകള്‍ ആ കാലത്ത് തുറന്നുവെച്ചതിനെ ആണ്‍വെട്ടത്ത് നിന്ന് മാത്രമല്ല ആണ്‍വട്ടത്തു നിന്ന്കൂടി മാറി നിന്ന് വായിക്കാന്‍ സാധിക്കേണ്ടതുണ്ട്.'

തെയ്യത്തെക്കുറിച്ചുള്ള അമിതഭ്രമ ഭാഷണങ്ങള്‍...

വി കെ. അനില്‍കുമാര്‍ തെയ്യത്തെക്കുറിച്ച് അമിതഭ്രമത്തോടെ പറയുന്നതും എഴുതുന്നതും വെറും ആണ്‍ വര്‍ത്താനങ്ങള്‍ മാത്രമാണെന്നും അത് ഫ്യൂഡല്‍ഹിന്ദുത്വയ്ക്ക് കടന്നുവരാനുള്ള വഴി ഒരുക്കുന്നതാണെന്നും സംശയലേശമന്യേ താഹ സമര്‍ത്ഥിക്കുന്നു. താഹയെ വായിക്കുകയും എന്നാല്‍ വി.കെ. അനില്‍കുമാറിനെ വായിക്കാതിരിക്കുകയും ചെയ്യുന്ന വായനാസമൂഹത്തെ സംബന്ധിച്ച് താഹ പറയുന്നത് തന്നെയാണ് ശരി. അല്ലാതെ മറ്റാന്നല്ല. താഹ സ്ഥാപിക്കുന്ന വാദങ്ങള്‍ വാസ്തവമാണെങ്കില്‍ വി.കെ. അനില്‍കുമാറിനെ പോലെ ഹിന്ദുത്വയെ നമ്മുടെ ജീവിതത്തിലേക്കും കലയിലേക്കും ആസൂത്രിതമായി ഒളിച്ചുകടത്തുന്നവരെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ബഹിഷ്‌കരിക്കുക തന്നെ വേണം.

അതാണ് ശരി. ഇനി ലേഖകന്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെങ്കിലോ. അങ്ങനെയാണെങ്കില്‍ അത് നിസ്സാരമായ ഒന്നല്ലല്ലോ. ഒരു മനുഷ്യന്‍ എത്രയോ കാലമായി നടത്തിവരുന്ന സത്യസന്ധമായ പ്രവര്‍ത്തനങ്ങളെ തികച്ചും വാസ്തവ വിരുദ്ധമായ മറ്റൊന്നാക്കി മാറ്റി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണല്ലോ ആ നിലയ്ക്ക് താഹ ചെയ്യുന്നത്. അപ്പോള്‍ സ്വന്തം നിലപാടുകളെ തിരുത്തി തന്റെ എഴുത്തില്‍ സംഭവിച്ച അബദ്ധം തുറന്ന് സമ്മതിക്കാന്‍ താഹയെന്ന എഴുത്തുകാരന്‍ തയ്യാറാകുമോ?

വി. കെ. അനില്‍കുമാര്‍ എന്ന ഈ ലേഖകന്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി തെയ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. എഴുത്തിലേക്ക് വരുന്നതിന് മുന്‍പ് തെയ്യത്തിന്റെയും തെയ്യക്കാരുടെയും കഠിന ജീവിതം പ്രമേയമായിട്ടുള്ള നാലോളം ലോങ്ങ് ഡോക്യുമെന്ററികളാണ് നിര്‍മിച്ചിട്ടുള്ളത്. അതില്‍ത്തന്നെ മൂന്ന് ഡോക്യുമെന്ററികള്‍ യുട്യൂബില്‍ താല്പര്യമുള്ള ആര്‍ക്കും കാണാവുന്നതാണ്. രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധപ്പടുത്തിയിട്ടുണ്ട്. മൂന്നാമത്തെ പുസ്തകം ഉടന്‍ പുറത്തിറങ്ങും. കൂടാതെ പ്രിന്റ് മീഡിയയിലും ഓണ്‍ലൈന്‍ മീഡിയയിലും സോഷ്യല്‍മീഡിയയിലുമായി നിരവധി എഴുത്തുകളുണ്ട്. കളിയാട്ടങ്ങളുടെ ഭാഗമായും അല്ലാതെയും പുറത്തിറക്കുന്ന സുവനീറുകളിലും ധാരാളം ലേഖനങ്ങളുണ്ട്.

ഇതൊക്കെ ആര്‍ക്കും എടുത്ത് വായിക്കാവുന്നതാണ്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍കണ്ണൂര്‍ ആകാശവാണിയില്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 7 മണിക്ക് ജാലകത്തില്‍ ‘ഓലച്ചൂട്ട്' എന്ന പേരില്‍ വി.കെ. അനില്‍കുമാറിന്റെ പ്രത്യേക പരിപാടി പ്രേക്ഷേപണം ചെയ്തുവരുന്നുണ്ട്. ഇതൊക്കെ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.

ഹിന്ദുത്വക്കുവേണ്ടി ഈ ലേഖകന്‍ എവിടെയാണ് ഏത് മാധ്യമത്തിലാണ് സംസാരിച്ചിട്ടുള്ളത്? തന്റെ വാദങ്ങള്‍ ഉറപ്പിക്കുന്നതിനായി താഹയ്ക്ക് കിട്ടിയ തെളിവുകള്‍ എത്രയും വേഗത്തില്‍ വായനക്കാരുടെ മുന്നില്‍ ഹാജരാക്കേണ്ടതാണ്. ഈ ലേഖകന്റെതായി പുറത്തിറങ്ങിയ തെയ്യം എഴുത്തുകളില്‍, ഡോക്യുമെന്ററികളില്‍, അഭിമുഖങ്ങളില്‍, പ്രക്ഷേപണപരിപാടികളില്‍ ഇതില്‍ ഏതെങ്കിലും ഒന്നില്‍ നിന്നും താഹ കണ്ടെത്തിയ വസ്തുതകള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം. ഹിന്ദുത്വയും അതിന്റെ ആണധികാരങ്ങളും എങ്ങനെയൊക്കെയാണ് വി കെ.അനില്‍കുമാറിന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ കടന്നുവന്നിട്ടുള്ളതെന്ന് പൊതുജനമറിയട്ടെ. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..

ഹിന്ദുത്വയെ അവരോധിക്കുന്നതിനുവേണ്ടിയുള്ള ആണ്‍നിരീക്ഷണങ്ങള്‍ മാത്രമാണ് വി.കെ. അനില്‍ കുമാറിന്റേതെന്ന് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് താഹ ആധികാരികമായി എഴുതിട്ടുള്ളത്. ക്യത്യമായ തെളിവുകളില്ലാതെ ഒരൂഹം വെച്ചൊന്നും താഹയെ പോലുള്ളവര്‍ ഇങ്ങനെ എഴുതില്ലല്ലോ..

'മുന്നൂറ്റി ഒന്നാമത്തെ രാമായണം' എന്ന വി. കെ. അനില്‍കുമാറിന്റെ പുസ്തകം താഹ വായിച്ചിട്ടുണ്ടോ? ശ്രീരാമനെന്ന ആഗോള ആര്യദൈവം ചതിച്ചുകൊന്ന ഗോത്രനായകനായ ബാലിയെ തെയ്യമാക്കി മണ്ണില്‍ ജീവിതം സാധ്യമാക്കുന്ന ഒരു ദേശചരിത്രമാണ് മുന്നൂറ്റൊന്നാമത്തെ രാമായണം. ബാലിയെ നാട്ടുദൈവമായ തെയ്യമാക്കി ഉയിര്‍പ്പിച്ച് കീഴാളരായ തെയ്യക്കാര്‍ ഉണ്ടാക്കിയ രാമായണത്തെപ്പോലെ തീവ്രമായ രാഷ്ട്രീയ വിചാരമുള്ള രാമായണാഖ്യാനം താഹയ്ക്ക് വേറൊന്ന് കാണിച്ച് തരാനാകുമോ? ചോദ്യശരങ്ങളാല്‍ രാമനെന്ന ആഗോള ദൈവത്തിന്റെ കണ്ണ് പൊട്ടിക്കുന്ന ബാലിയുടെ സ്വത്വാവിഷ്‌കാരമെന്ന നിലയ്ക്കാണ് ഗ്രന്ഥരചന നിര്‍വ്വഹിച്ചിട്ടുള്ളത്. മണ്ണില്‍ പണിയെടുക്കുന്ന തൊഴില്‍കുലങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന, ഹിന്ദുത്വയുടെ എല്ലാ ആഭിജിത്യങ്ങളെയും തവിട് പൊടിയാക്കുന്ന നെടുബാലിയന്റെ പോരാട്ടവീര്യത്തെ എഴുതിയ അനില്‍കുമാര്‍ എങ്ങനെ ഹിന്ദുത്വയ്ക്ക് വേണ്ടി പേനയുന്തുന്നുവെന്ന് താഹ വ്യക്തമാക്കണം. വി. കെ. അനില്‍കുമാര്‍ എഴുതിയ മറ്റൊരു പുസ്തകമാണ് 'എകര്‍ന്ന മല പോലെ പടര്‍ന്ന വള്ളി പോലെ.' പലപ്പോഴായി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണിത്. താഹയ്ക്ക് അതും വായിച്ച് നോക്കാവുന്നതാണ്. അനില്‍കുമാര്‍ എഴുതിയ ഏത് ലേഖനത്തെ അടിസ്ഥാനമാക്കിയും താഹയുടെ നിരീക്ഷണങ്ങളിലെ പൊള്ളത്തരം തുറന്ന് കാട്ടാനാകും. 'ചാരവും ചോരയും തുപ്പുന്ന ദൈവം' എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും 'തെയ്യാനുഭവമെന്ന വിര്‍ച്വല്‍ റിയാലിറ്റി ' എന്ന പേരില്‍ ട്രൂകോപ്പിയിലും ഈ ആഴ്ചയില്‍ എഴുതിയിട്ടുണ്ട്. താഹയുടെ ശ്രദ്ധ ഈ ലേഖനങ്ങളിലേക്ക് കൂടി ക്ഷണിക്കുന്നു.

കാലങ്ങളായി ചവുട്ടിയരക്കപ്പെടുന്ന ശബ്ദങ്ങള്‍..

താഹയെ പോലുള്ള വലിയ വലിയ സാംസ്‌കാരിക ഓഡിറ്റര്‍മാരോടുള്ള അഭ്യര്‍ത്ഥനയാണ്. തെയ്യക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങളും അവകാശത്തര്‍ക്കങ്ങളും കോള് സംബന്ധിച്ച പ്രശ്‌നങ്ങളും ജാതിവിലക്കുകകളും മേല്‍ത്തട്ട് അധികാര വ്യവസ്ഥകളും ഭക്തിയും മതവും വിശ്വാസവും വിപണിയും ഒക്കെ കൂടി അത്രയും സങ്കീര്‍ണമാണ് നിലവിലെ തെയ്യം അനുഷ്ഠാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. മതമില്ലാത്ത കാവിലേക്ക് മതം കടന്നു വരുന്നതു പോലെ തന്നെ പ്രധാനമാണ് കാവില്‍ നിന്നും അന്യനായി മാറിക്കൊണ്ടിരിക്കുന്ന തെയ്യക്കാരുടെ ജീവിതവും.

തെയ്യത്തിലെ നാളിതുവരേയ്ക്കും പുറംലോകമിറിഞ്ഞിട്ടില്ലാത്ത ഒട്ടനവധി പ്രശ്‌നങ്ങള്, നിരവധി നിരവധിയായ മനുഷ്യാവകാശ പ്രശ്നങ്ങൾ, തെയ്യത്തിന്റെ നാട്ടുചരിത്രം, കാവുകളുടെ പാരിസ്ഥിതിക ദര്‍ശനം തുടങ്ങി ജീവഗന്ധിയായ ധാരാളം വിഷയങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് വി. കെ. അനില്‍കുമാറിന്റെ എഴുത്തുകള്‍ സഹായിച്ചിട്ടുണ്ട്. എല്ലാകാലത്തും നിശ്ശബ്ദമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന, പുറംലോകം അറിഞ്ഞിട്ടില്ലാത്ത തെയ്യക്കാരുടെ കഠിനജീവിതങ്ങള്‍ മുഖ്യധാരാ വായനയിലെത്തിക്കുന്നതിനും ഈ ലേഖകന്റെ എഴുത്തുകള്‍ക്ക് സാധിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട താഹ, ആണ്‍ഭാഷണങ്ങള്‍ എന്നും ഹിന്ദുത്വയ്ക്ക് വേണ്ടിയുള്ള അമിതഭാഷണങ്ങള്‍ എന്നും പറഞ്ഞ് നിങ്ങള്‍ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നതും കാലങ്ങളായി പലവിധ അധികാരങ്ങളാല്‍ ചവുട്ടിയരക്കപ്പെട്ടുകൊണ്ടിരിക്കുന്ന അതേ ശബ്ദങ്ങളെത്തന്നെയാണ്. അങ്ങനെ ചരിത്രപരമായി തുടരുന്ന എത്രയോ ചവിട്ടിയരക്കലുകളെ, ഇല്ലാതാക്കലുകളെ അതിജീവിച്ചാണ് നിസ്വരായ തെയ്യവും തെയ്യക്കാരും ഇവിടംവരെ എത്തീട്ടുള്ളത്. ഈ നവോത്ഥാന സാംസ്‌കാരിക കേരളത്തില്‍ തെയ്യം കെട്ടുന്നവര്‍ക്കും അന്തസ്സുള്ള ഒരു ജീവിതം വേണ്ടേ? അവരെ സഹായിക്കാന്‍ സാധിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടേ..

വി. കെ. അനില്‍കുമാറിന്റെ ‘ആണ്‍ഭാഷണങ്ങള്‍’ ട്രൂകോപ്പിയിലും ദി ക്യുവിലുമൊക്കെയുണ്ട്. ഇതൊക്കെ താഹ കണ്ടിട്ടുണ്ടാകുമല്ലോ. ഇനി അഥവാ കണ്ടിട്ടില്ലെങ്കില്‍ അതിന്റെ താഴെയുള്ള കമന്റുകളെങ്കിലും വായിക്കണം.

ട്രൂകോപ്പി എഡിറ്റര്‍ ഇന്‍ ചീഫ് മനില സി. മോഹനുമായുള്ള സംഭാഷണങ്ങള്‍ക്കുതാഴെ നിങ്ങളുടെ ഹിന്ദു ആങ്ങളമാര്‍ ഒരുക്കുന്ന തെറിവിഭവങ്ങള്‍ ആസ്വദിക്കുകയെങ്കിലും ചെയ്യണം. എത്ര എളുപ്പത്തിലാണ് യാതൊരു

ഉളുപ്പുമില്ലാതെ ഒരാളെ ഹിന്ദുവാക്കി ഹിന്ദുത്വയ്‌ക്കൊപ്പം നിങ്ങള്‍ക്ക് നില്‍ക്കാനാകുന്നത്?

താഹ മാടായി എന്ന എഴുത്തുകാരന്‍ ഇത് ചെയ്യുന്നത് ആര്‍ക്ക് വേണ്ടിയാണ്? എല്ലാ വിലക്കുകളെയും ലംഘിച്ച് കൊണ്ടുള്ള തെയ്യത്തിന്റെ ഒരവും വീര്യവുമേറിയ ആത്മഭാഷണങ്ങള്‍ താഹയെ അസ്വസ്ഥതപ്പെടുത്തുന്നതെന്തുകൊണ്ടാണ്? താഹ ഇങ്ങനെയൊക്കെ പറഞ്ഞ് സ്ഥാപിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്താണ്?

താഹ മാക്കത്തെ കണ്ടിട്ടുണ്ടോ?

വി.കെ. അനില്‍കുമാറിന്റെ ഹിന്ദുത്വ ആണ്‍ഭാഷണങ്ങള്‍ക്ക് താഹ കണ്ടെത്തിയ ബദല്‍ ശാരദക്കുട്ടിയും അനിത തമ്പിയുമാണ്. ഇതെന്താണെന്ന് എത്ര ആലോചിച്ചിട്ടും തിരിയുന്നില്ല. എന്തുകൊണ്ട് ശാരദക്കുട്ടി തെയ്യം എഴുതുന്നില്ല. എന്തുകൊണ്ട് അനിത തമ്പി തെയ്യം കവിതകള്‍ എഴുതുന്നില്ല എന്ന ചോദ്യവും ഇക്കൂട്ടത്തില്‍ ഉന്നയിക്കുന്നുണ്ട്. അതിന്റെ യുക്തി എന്താണെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകാനിടയില്ല. ശാരദക്കുട്ടി തെയ്യം എഴുതാത്തതും അനിതാതമ്പി തെയ്യം കവിതകള്‍ എഴുതാത്തതും തെയ്യത്തെക്കുറിച്ചെഴുതുന്ന അനില്‍കുമാറും തമ്മില്‍ എന്ത് താരതമ്യമാണുള്ളത്? ഇനി പെണ്ണുങ്ങള്‍ തെയ്യം എഴുതുകയാണെങ്കില്‍ അത് ശാരദക്കുട്ടിയും അനിതാ തമ്പിയുമാവണെന്ന് തീര്‍പ്പാക്കുന്ന ആങ്ങളക്കുത്തകയാണോ താഹ?

ശാരദക്കുട്ടിയും അനിത തമ്പിയും മറുപടി പറയേണ്ട വിഷയമായതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല.

തെയ്യത്തെ കുറിച്ച് ഗവേഷണം ചെയ്യുന്ന എത്രയോ സ്ത്രീകളെ അറിയാം. ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് നിരവധി സ്‌കോളേര്‍സും അദ്ധ്യാപകരും വിളിക്കാറുണ്ട്. അതില്‍ പുരുഷന്മാര്‍ വിളിക്കുന്നത് വളരെ കുറവാണ്. തെയ്യത്തെ കുറിച്ച് നല്ല ബോധ്യമുള്ള നന്നായി എഴുതാനും പറയാനും ശേഷിയുള്ള നിരവധി സ്ത്രീകള്‍ ഉണ്ടായിരിക്കേ താഹ മാടായി തെയ്യം എഴുത്തിന്റെ ക്വട്ടേഷന്‍ ശാരദക്കുട്ടിക്കും അനിത തമ്പിക്കും ഉറപ്പിക്കുന്നതിന്റെ യുക്തി എന്താണ്?

ശാരദക്കുട്ടി, അനിത തമ്പി
ശാരദക്കുട്ടി, അനിത തമ്പി

മുസ്​ലിം പെണ്‍കുട്ടികള്‍ ജില്‍ ജില്‍ ഡാന്‍സ് കളിക്കുന്നതും ന്യുജെന്‍ പെണ്‍കുട്ടികള്‍ റീല്‍സില്‍ ചുവട് വെക്കുന്നതും അതുവഴി അവര്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നതും താഹ അമിതോത്സാഹത്തോടെ പറയുന്നു. തെയ്യം കാണുമ്പോ ശാരദക്കുട്ടിക്കും അനിത തമ്പിക്കും എന്തു തോന്നുന്നു ഇങ്ങനെയൊരു പോസിറ്റീവ് എനര്‍ജി കിട്ടാറുണ്ടോ. താഹ ചോദിക്കുകയാണ്. എന്തൊരു മണ്ടന്‍ നിലവാരമില്ലാത്ത ചോദ്യമാണ്.

താഹ കുഞ്ഞിമങ്ങലത്തെ മാക്കം തെയ്യം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കാണാന്‍ താല്പര്യമുണ്ടെങ്കില്‍ കുഞ്ഞിമങ്ങലത്തെ മാക്കവും മക്കളും തെയ്യം ഒരു തവണയെങ്കിലും കാണണം. തെയ്യത്തിലെ ചരിത്രം ടെക്സ്റ്റിലും ആവിഷ്‌കാരത്തിലും ആണുടല്‍ വീരാരാധനയാണെന്ന് താഹ സ്ഥാപിക്കുന്നുണ്ടല്ലോ. അതുകൊണ്ടാണ് താഹയെ വിളിക്കുന്നത്.

‘ഒപ്പന, മാപ്പിളപ്പാട്ടുകള്‍, സിനിമയിലെ മാപ്പിളപ്പാട്ടുകളുടെ കോറിയോഗ്രാഫി തുടങ്ങിയവ മുസ്​ലിം പെണ്‍കുട്ടികളെ പ്രചോദിപ്പിക്കുന്നതു പോലെ തെയ്യം എന്ന ദീര്‍ഘകാല പാരമ്പര്യമുള്ള അനുഷ്ഠാന കല നമ്മുടെ സ്ത്രീ സമൂഹത്തെ പ്രചോദിപ്പിക്കുന്നുണ്ടോ? ഇതാണ് ചോദ്യം.'

സ്വന്തം ലേഖനത്തിലെ ഈ മണ്ടന്‍ ചോദ്യം താഹയുടെത് മാത്രമാണ്. മറ്റാരുടേതുമല്ല. താഹ ആരെയാണ് അപ്പുറമിപ്പുറം നിര്‍ത്തുന്നത്? എന്ത് ബൈനറിയാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്?

ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കാനുള്ള നിര്‍മ്മിതബുദ്ധി ഉള്ളതുകൊണ്ടാണ് താഹയെ മാക്കം തെയ്യം കാണാന്‍ വിളിക്കുന്നത്. യുക്തിയില്ലാത്ത താരതമ്യം നടത്താന്‍ വേണ്ടിയല്ല.

ഒരു വൈകുന്നേരം മുതല്‍ പിറ്റേന്നാള്‍ രാവിലെ വരെ കുഞ്ഞിമങ്ങലത്തെത്തുന്ന കുഞ്ഞിമക്കളും യുവതികളും അമ്മമാരും അമ്മമ്മമാരും ഉള്‍ പ്പെടുന്ന നൂറുകണക്കിന് സ്ത്രീകള്‍ ഊണും ഉറക്കവുമൊഴിഞ്ഞ് വെറും നിലത്തിരിക്കുന്നത് പൊങ്കാലയിടുന്നതിനൊ ഭാഗവതസപ്താഹയജ്ഞത്തിന് സാക്ഷിയാകുന്നതിനോ അല്ല. ജാതിപരമായി താഴെത്തട്ടില്‍ നില്ക്കുന്ന വണ്ണാന്‍ കെട്ടുന്ന തെയ്യം കാണുന്നതിന് വേണ്ടിയാണ്. തങ്ങളെ പോലെ നിസ്സഹായയായ കുഞ്ഞിമങ്ങലത്തെ മാക്കത്തിന്റെ തീരാസങ്കടങ്ങള്‍ക്കൊപ്പം കരയുന്നതിന് വേണ്ടിയാണ്.

മാക്കം എന്ന പോസിറ്റീവ് വൈബ്

നാത്തൂന്മാരുടെ പോരില്‍ ജീവിതം ഹോമിക്കേണ്ടി വന്ന മാക്കമെന്ന കുഞ്ഞി മങ്ങലത്തെ പെണ്ണിനെ ഓരോ കളിയാട്ടത്തിലും നമ്മുടെ അമ്മമാര്‍ നേര്‍ക്കുനേര്‍ കൂടിക്കാണുകയാണ്. മാക്കത്തിന്റെ അന്ത്യരംഗങ്ങള്‍ അത്രയും വൈകാരികമാണ്. മാക്കത്തെയും അരുമമക്കളായ ചാത്തുവിനെയും ചീരുവിനെയും കാടുകൊത്താന്‍ വന്ന കാട്ടടിയാനെയും കൊത്തിക്കീറി അച്ചങ്കര പള്ളിക്കിണറ്റിലെറിയുമ്പോള്‍ അമ്മമാരുടെ നെഞ്ച് പിടയ്ക്കുന്നത് എത്രയോ തവണ നേരിട്ട് കണ്ടിട്ടുള്ളതാണ്. എല്ലാ വര്‍ഷത്തിലും കുംഭമാസത്തിലുള്ള മാക്കവും മക്കളുമെന്ന തെയ്യവും അതിനൊപ്പമുള്ള നമ്മുടെ അമ്മമാരുടെ നെഞ്ഞുരുക്കവും. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നടന്ന ഒരു പെണ്‍ഹത്യയില്‍ നീറ്റലടങ്ങാത്ത കുഞ്ഞാങ്ങല്‍ത്തെ അമ്മമാരുടെ തേങ്ങല്‍ കാലവും ചരിത്രവും താണ്ടി ഇപ്പോഴും കേള്‍ക്കാം. ചത്തത് മറ്റാരുമല്ല തങ്ങളും തങ്ങളുടെ മക്കളുമാണെന്ന് അമ്മമാരുടെ ഉള്ളുപറയുന്നു. രണ്ടുതരം വൈബാണ് താഹാ.

പല പ്രായത്തിലുള്ള സ്ത്രീകളുടെ ഇടയിലിരുന്ന് ഒരു രാത്രി മുഴുവന്‍ ഒറക്കൊഴിഞ്ഞ് ഇത്തവണയും മാക്കത്തെയും മക്കളെയും കാട്ടടിയാനെയും കണ്ടു. കൊലക്കത്തിയിലേക്ക് നടക്കുന്ന ഒരമ്മയുടെ സങ്കടത്തിലലിയുമ്പോള്‍ ചുറ്റിലും സംഭ്രമിച്ചിരിക്കുന്ന പെണ്ണുങ്ങളുടെ ഉള്ളകങ്ങളിലെ കലക്കങ്ങളെ നേരിട്ടറിയുകയായിരുന്നു.

മാടായിക്കാരനായ താഹ പുലയരുടെ കരിഞ്ചാമുണ്ടി കണ്ടിട്ടുണ്ടാകുമല്ലോ. ഇനി കണ്ടിട്ടില്ലെങ്കില്‍ തൃക്കരിപ്പൂരുള്ള ചെറുകാനത്തെ പുലയരുടെ പതിയില്‍ വരിക. വെറുംനിലത്ത് രണ്ട് കാലും നീട്ടിയിരിക്കുന്ന പറച്ചിത്തലച്ചിയമ്മയായ കരിഞ്ചാമുണ്ടി തെയ്യത്തിന്റെ മുന്നിലിരുന്ന് കരഞ്ഞ് പറയുന്ന സ്ത്രീകളെ കാണണം. തെയ്യത്തില്‍ ഇതൊന്നും അതിശയമോ വലിയ സംഭവമോ അല്ല.തികച്ചും സ്വാഭാവികമായ കാര്യങ്ങള്‍ മാത്രം.

റീല്‍സിന്റെ ചടുലബഹളങ്ങളിലെ അല്പസമയത്തേക്ക് മാത്രമുള്ള നിര്‍വൃതിയോ അനുഭൂതിയോ അല്ല തെയ്യം. അത് നോവും നോവും നേര്‍ക്കുനേര്‍ വരുന്ന ജീവിതത്തിലെ അത്യപൂര്‍വ്വ നിമിഷങ്ങളാണ്. താരതമ്യപ്പെടുത്താവുന്ന, താരതമ്യപ്പെടുത്തേണ്ടുന്ന വൈബുകളല്ല.

കരിഞ്ചാമുണ്ടി, മാക്കം, മുച്ചിലോട്ട് പോതി പോലുള്ള നിരവധി സുദീര്‍ഘമായ പെണ്ണാവിഷ്‌കാരങ്ങള്‍ തെയ്യത്തിലുണ്ട്. മാക്കമെന്നത് കുറേകൂടി വൈകാരികമാണ്. കുഞ്ഞിമങ്ങലത്തെ കടവാങ്കോട്ട് മാക്കത്തെ കാണല്‍ ആ പ്രദേശത്തിന് പുറത്തുള്ളവര്‍ക്ക് അത്ര എളുപ്പമാകണം എന്നില്ല.

ഒരുവൈകുന്നേരം ആറു മണിയോടെ തുടങ്ങി പിറ്റെന്നാള്‍ സന്ധ്യയ്ക്ക് മത്രം അവസാനിക്കുന്ന മാക്കം എന്ന അതിസങ്കീര്‍ണ്ണമായ തെയ്യാനുഷ്ഠാനം പുറത്ത് നിന്നും വരുന്ന ഒരാള്‍ക്ക് മുഴുവനായും കാണാനാകുമോ.

നൂറുകണക്കിന് സ്ത്രീകളും കൂട്ടികളും ഉള്‍പ്പെടെയുള്ള വലിയ ജനക്കൂട്ടത്തിന് നടുവിലെ മാക്കം എന്ന തെയ്യാനുഭവത്തെ താഹ എങ്ങനെയായിരിക്കും വ്യാഖ്യാനിക്കുക? രണ്ട് കുട്ടികളെയും ഒരമ്മയെയും ഒരപരിചിതനെയും കഴുത്തറുത്ത് കിണറ്റിലെറിഞ്ഞപ്പോഴുണ്ടായ ഒരു നാടിന്റെ നിലയ്ക്കാത്ത തേങ്ങലിനെ കുഞ്ഞിമങ്ങലത്തിന് പുറത്തുള്ള താഹ മനസ്സിലാക്കുന്നത് എങ്ങനെയായിരിക്കും?

Comments