ലളിതമായി പറഞ്ഞാൽ, ഒരു സമൂഹത്തെ സ്വാധീനിക്കാനും ഒരു പൊതുലക്ഷ്യത്തിനായി ശരിയായ രീതിയിൽ നയിക്കാനുമുള്ള കഴിവാണ് ഒരാളെ നേതൃത്വത്തിലേക്കെത്തിക്കുന്നത്. നയിക്കപ്പെടുന്ന സമൂഹം വലുതോ ചെറുതോ ആകാം. എത്ര നാൾ നയിക്കാൻ സാധിച്ചു എന്നതും പ്രസക്തമല്ല. എങ്ങനെ നയിച്ചു എന്നതാണ് പ്രധാനം.
തോമസ് സങ്കാര (Thomas Sankara) മുപ്പത്തിയെട്ട് വയസ്സ് വരെയേ ജീവിച്ചുള്ളൂ. അവസാനത്തെ നാല് വർഷമാണ് രാജ്യത്തിൻെറ പ്രസിഡണ്ടായി പ്രവർത്തിച്ചത്. 1983-ൽ അധികാരത്തിലെത്തിയത് ജനകീയ വിപ്ലവത്തിലൂടെയായിരുന്നു. ചെറുകാലത്തിനുള്ളിൽ വൻ ഭരണപരിഷ്കാരങ്ങളാണ് സങ്കാര നടപ്പിലാക്കിയത്. ഫലപ്രദമായ തൊഴിലിടങ്ങൾ സൃഷ്ടിച്ച്, ഭക്ഷ്യഉൽപാദനം കൂട്ടി. ഭക്ഷണത്തിന് വേണ്ടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥ അവസാനിപ്പിക്കുക എന്നതായിരുന്നു സങ്കാര ആദ്യം ചെയ്തത്. ഫോറിൻ എയ്ഡ് കൊണ്ടുവരുന്നത് അടിമത്തവും അഴിമതിയുമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ഭരണത്തിൽ പെൺപങ്കാളിത്തം ഉറപ്പാക്കി. പെൺകുട്ടികളുടെ ജനനേന്ദ്രിയം ഛേദിക്കുന്ന ദുരാചാരം നിയമം മൂലം നിരോധിച്ചു. ആരോഗ്യമേഖലയിലും വിദ്യഭ്യാസരംഗത്തും പുരോഗമനപരമായ മാറ്റങ്ങൾ വന്നു. പ്രസിഡണ്ടായി രണ്ടാഴ്ചക്കുള്ളിൽ 25 ലക്ഷം കുട്ടികൾക്ക് മെനിഞ്ചൈറ്റിസിനും മീസിൽസിനും എതിരായ വാക്‌സിനേഷൻ കൊടുത്തു. അടിസ്ഥാന സൗകര്യങ്ങളുടെ അടിയന്തിരവികസനത്തിന് സന്നദ്ധസേവനം ഉപയോഗപ്പെടുത്തി.
കൊളോണിയൽ ക്രൂരതകൾ ഓർമ്മപ്പെടുത്താതിരിക്കാൻ രാജ്യത്തിന് പുതിയ പേരിട്ടു, സത്യസന്ധരുടെ നാട് എന്നർത്ഥമുള്ള Burkina Faso. എന്നാൽ രാജ്യത്തെ മുമ്പ് കോളനിയാക്കിയിരുന്ന ഫ്രാൻസിന്റെ സഹായത്തോടെ സങ്കാര വധിക്കപ്പെട്ടു. ആഫ്രിക്കൻ ജനതയുടെ പുനരുജ്ജീവനത്തിനേറ്റ വലിയ ആഘാതമായിരുന്നു സങ്കാരയുടെ കൊലപാതകം. സങ്കാരയുടെ ഓർമ്മകൾ ഇല്ലാതാക്കാൻ വലിയ ശ്രമങ്ങളാണ് നടന്നത്. ഇന്ന് ആഫ്രിക്കൻ വിമോചനത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് തോമസ് സങ്കാര.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെ പിന്തുണച്ചു എന്നതിന്റെ പേരിൽ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന കുടുംബമായിരുന്നു മിഷായേൽ ബാച്ചലേറ്റിന്റേത് (Michelle Bachelet). മിഷായേലിന്റെ അച്ഛൻ കൊല്ലപ്പെട്ടത് ജയിൽ സ്റ്റാഫിന്റെ മർദ്ദനം മൂലമായിരുന്നു. മിഷായേലും അമ്മയും മരണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അഭയാർത്ഥികളായി ഓസ്ട്രേലിയയിലേക്കും പിന്നീട് ജർമ്മനിയിലും പോകേണ്ടിവന്നു. ജർമ്മനിയിൽ മിഷായേൽ തന്റെ മെഡിക്കൽ പഠനം തുടർന്നു. വർഷങ്ങൾക്ക് ശേഷം സ്വന്തം രാജ്യത്ത് തിരിച്ചെത്തി പീഡിയാട്രീഷ്യനായി. പബ്ലിക് ഹെൽത്തിൽ പ്രാവീണ്യം നേടി. 1982 മുതൽ അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെ ഇടയിൽ ഒരു ഡോക്ടർ എന്ന നിലയിലും, ഇടതുപക്ഷ രാഷ്ട്രീയ പ്രതിനിധിയായും പ്രവർത്തിച്ചു. ഇടത് ജനാധിപത്യം വീണ്ടും പൂത്തുലയാൻ തുടങ്ങിയ 2000-ന്റെ തുടക്കത്തിൽ മിഷായേൽ മന്ത്രിയും പിന്നീട് രണ്ട് പ്രാവശ്യം ചിലിയുടെ പ്രസിഡന്റുമായി. ആൺ അപ്രമാദിത്വത്തിന്റെ കേദാരഭൂമിയിൽ അതൊരു ചരിത്രസംഭവമായിരുന്നു, തുടർന്ന് മിഷായേൽ നയിച്ച ചിലിയുടെ സാമൂഹ്യപുരോഗതിയും.
വീണ്ടും ഇലക്ഷനിൽ മത്സരിക്കാമെന്നിരിക്കെ മിഷായേൽ പറഞ്ഞു, "പുരോഗമനരാഷ്ട്രീയത്തിന് ആവശ്യം പുതിയ ആളുകളും പുത്തൻ ആശയങ്ങളും ആണ് (I have the conviction, as I said in October last year, that now others must take on the presidential challenge. Good politics demands renewal). തന്നെക്കാൾ കഴിവുള്ളവരെ സജ്ജമാക്കി, ഇനിയും തുടരുന്നത് സ്വന്തം കാര്യക്ഷമതയെയും, നേതാവാകാൻ കഴിവുള്ളവരുടെ സാദ്ധ്യതയെയും, ലക്ഷ്യപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കുമെന്ന് കൃത്യ സമയത്ത് തിരിച്ചറിയുമ്പോഴാണ് നയിക്കുന്ന അവസ്ഥയിൽ നിന്ന് നേതാവ് എന്ന നിലയിലേക്കുള്ള പരിണാമം പൂർത്തിയാകുന്നത്. മിഷായേൽ അതിർത്തികൾ കടന്ന് യു.എൻ മനുഷ്യാവകാശ വകുപ്പിന്റെ ചുമതലക്കാരിയായി (UN High Commissioner for Human Rights).

José Alberto Mujica Cordano എന്നത് സാമാന്യം നീണ്ട ഒരു പേരാണ്. ജോസ് മോജിക എന്ന് തൽക്കാലം വിളിക്കാം. മുപ്പത്തിയെട്ടാമത്തെ വയസ്സിൽ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള പോരാട്ടത്തിനിടയിൽ ആറ് വെടിയുണ്ടകളാണ് മോജിക്കയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് പോയത്. മരിച്ചില്ല, വാതായനങ്ങളില്ലാത്ത, വെളിച്ചം കയറാത്ത, ഭൂഗർഭ ജയിലിൽ ഏകാന്ത തടവായിരുന്നു പിന്നീടുള്ള 14 വർഷം. എങ്ങനെ അതിജീവിച്ചു എന്ന ചോദ്യത്തിന് അയാൾ പറഞ്ഞത്, 'അവിടെ ഞാൻ എന്നോട് തന്നെ സംസാരിച്ചു. ഞാൻ വായിച്ച പുസ്തകങ്ങളിലെ വരികൾ ഓർക്കാൻ ശ്രമിച്ചു.' അയാൾ ഇങ്ങനെയും പറഞ്ഞു, 'നമ്മൾ ക്ഷമിക്കാനും മറക്കാനും പഠിക്കണം. ഇല്ലെങ്കിൽ ആ തടവുമുറികളായി മാറും നമ്മുടെ മനസ്സ് (You must forgive. If you don’t, you carry your jail with you). ഏറ്റവും ഭീകരമായ പ്രിസൺ നമ്മൾ നമ്മുടെ മനസ്സിൽ പണിയുന്നവയാണ് (the prison we build in our own minds)'.
എഴുപത്തിയഞ്ചാമത്തെ വയസ്സിൽ ജോസ് മോജിക ഉറുഗ്വയുടെ പ്രസിഡണ്ടായി. ദരിദ്രരുടെ എണ്ണം പകുതിയായി കുറഞ്ഞു, മനുഷ്യവകാശങ്ങൾ പുനസ്ഥാപിക്കപ്പെട്ടു, അബോർഷനും സെയിം സെക്സ് മാര്യേജും അംഗീകരിക്കുന്ന നിയമങ്ങൾ വന്നു. പാർപ്പിടങ്ങളുണ്ടായി. പദ്ധതികളിൽ ആരോഗ്യത്തിനും, വിദ്യഭ്യാസത്തിനും മുൻഗണന ലഭിച്ചു. അടിസ്ഥാനമേഖലകളിൽ പുരോഗതിയുണ്ടായി. ജീവിതനിലവാരവും, സാമ്പത്തികസ്ഥിതിയും മെച്ചപ്പെട്ടു. ഭരണഘടനാചട്ടങ്ങളനുസരിച്ച് വീണ്ടും മത്സരിക്കാനുള്ള അവസരം വന്നപ്പോൾ അയാളുടെ നിലപാട് 'leadership should not be a career or a personal empire, but a duty passed on when others are ready' എന്നായിരുന്നു. അയാളുടെ ജീവിതശൈലി അറിയാവുന്നവർ അയാളെ സ്നേഹത്തോടെ 'poorest (poor in wealth) president in the world' എന്ന് വിളിച്ചപ്പോൾ അയാൾ ജീവിതം കൊണ്ട് വിളികേട്ടത് "I am wealthiest in values" എന്നായിരുന്നു. ഇക്കൊല്ലം മെയ്മാസത്തിലായിരുന്നു മോജികയുടെ മരണം. വികാരനിർഭരമായ അനുയാത്രയായിരുന്നു ഉറുഗ്വൻ തലസ്ഥാനനഗരവീഥികളിൽ അന്ന് നടന്നത്. ആയിരകണക്കിന് മനുഷ്യർ മോജിക്കയോട് അവർ മുമ്പ് പറഞ്ഞിരുന്നത് ഒരേ സ്വരത്തിൽ ആവർത്തിച്ചു, 'Pepe, amigo, el pueblo está contigo (ഞങ്ങൾ എന്നും താങ്കളോടൊപ്പം)'.
ഒരു ചെറു നഗരത്തിലെ ഇടത്തരം വർക്കിങ് ക്ലാസ്സ് ഫാമിലിയിൽ ജനിച്ച് 2017-ൽ ന്യൂസിലൻഡിന്റെ പ്രൈം മിനിസ്റ്റർ ആകുമ്പോൾ ജസിന്റ ആർഡേർണിന് പ്രായം മുപ്പത്തിയേഴ് വയസ്സ്. കഠിനമായ പ്രതിസന്ധികളിൽ ഒരു ലീഡർ എങ്ങനെയായിരിക്കണമെന്ന് ജസിന്റ ലോകത്തിന് കാണിച്ചുകൊടുത്തു. ഭീകരാക്രമണമുണ്ടായപ്പോഴും, അപ്രതീക്ഷിതമായ അഗ്നിപർവത വിസ്ഫോടനമുണ്ടായപ്പോഴും, കോവിഡിന്റെ മൂർദ്ധന്യഘട്ടത്തിലും സഹാനുഭൂതിയും, അനുകമ്പയും, ക്ഷമയും, പരസ്പരബഹുമാനവും ചേർന്ന അസാധാരണമായ നേതൃത്വ സമീപനമായിരുന്നു ഉത്തരവാദിത്വ നിർവഹണത്തിൽ ജസിന്റയുടേത്. പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ജസിന്റ അമ്മയാകുന്നതും. വൻഭൂരിപക്ഷത്തോടെ തിരിച്ചുവന്ന് രണ്ടാമത്തെ ടേം പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് 2023-ൽ ജസിന്റ പൊളിറ്റിക്സിൽ നിന്ന് തന്നെ വിരമിക്കുന്നത്. രാജിവെക്കുമ്പോൾ ജസിന്റ പറഞ്ഞത് “I no longer have enough in the tank to do the job justice.” എന്നായിരുന്നു. ജസിന്റ വിടവാങ്ങൽ പ്രസംഗത്തിലെ ശ്രദ്ധേയമായ വരികളാണ് "You can be your own kind of leader - one who knows when it’s time to go", (എപ്പോൾ ആകണമെന്നും എപ്പോൾ പോകണമെന്നും നേതാവ് അറിഞ്ഞിരിക്കണം) ജസിന്റ ഇക്കൊല്ലം തന്റെ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചു, അതിന് കൊടുത്ത് പേര് ‘A Different Kind of Power’ എന്നാണ്.

ജസിന്റയെ ഒരു ജേർണലിസ്റ്റ് അടയാളപ്പെടുത്തിയത്,
'As a person, she is grounded and values-driven. As a Prime Minister, she was courageous, responsive, and humane. As a female leader, she became a global symbol of progressive, inclusive leadership — admired not for breaking glass ceilings, but for building new rooms' എന്നായിരുന്നു. ആധുനിക ലോകത്തെ മൂല്യാധിഷ്ഠിത സേവനത്തിന്റെ (modern, values-based governance) പ്രതീകമാണ് ഇന്ന് ജെസിന്റ ആർഡേർൺ.
27 കൊല്ലത്തെ ജയിൽശിക്ഷക്ക് ശേഷമാണ് നെൽസൺ മണ്ടേല സൗത്ത് ആഫ്രിക്കൻ പ്രസിഡണ്ട് ആകുന്നത്. മണ്ടേല പ്രസിഡണ്ടായത് രാജ്യം പരിവർത്തനപാതയിലൂടെ കടന്ന് പോകുമ്പോൾ നേതൃത്വത്തിൽ തന്റെ സാന്നിദ്ധ്യം ആവശ്യമുണ്ടെന്നതുകൊണ്ടായിരുന്നു. തനിക്ക് നയിക്കാനേ അറിയൂ, ഭരിക്കാൻ അറിയില്ല എന്നത് മനസ്സിലാക്കിയാണ് അതറിയാവുന്നവർക്ക് ചുമതലകൾ ഏൽപ്പിച്ച് രാഷ്ട്രീയപിന്തുണയുമായി മണ്ടേല കൂടെ നിന്നത്.
ഒരിക്കൽ മണ്ടേല പറഞ്ഞു, "സ്വാതന്ത്ര്യത്തിലേക്കുള്ള ആ നീണ്ട വഴിയിലൂടെ ഞാൻ നടന്നു. പതറാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു; എന്നിട്ടും ഇടക്ക് ചുവടുകൾ പിഴച്ചിട്ടുണ്ട്. ഇനിയും ഒരുപാട് കുന്നുകൾ കയറാനുണ്ടെന്ന യാഥാർഥ്യം മനസ്സിലാക്കുന്നത് ഒരു വലിയ കുന്ന് കയറികഴിയുമ്പോൾ മാത്രമാണെന്ന രഹസ്യമാണ് ഞാൻ യാത്രയിൽ കണ്ടെത്തിയത് (I have walked that long road to freedom. I have tried not to falter; I have made missteps along the way. But I have discovered the secret that after climbing a great hill, one only finds that there are many more hills to climb).
വി.എസ് അച്യുതാനന്ദൻ മരിച്ച ദിവസമാണ് ഞാൻ ഇവരെയെല്ലാം വീണ്ടും ഓർത്തത്. ഒരു നേതാവ് എങ്ങനെ നവീകരിക്കപ്പെടുന്നു എന്നതിന്റെ ഉദാത്തമായ മാതൃകകളിൽ ഒന്നാണ് വി.എസിന്റെ ജീവിതം. സാമൂഹ്യനീതിക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളും മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആരോഗ്യ - വിദ്യാഭ്യാസമേഖലകളുടെ ഉന്നമനത്തിനായി നടത്തിയ ഭരണപരമായ ഇടപെടലുകളും, കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതികളില്ലായിരുന്നുവെങ്കിൽ ഇതിലും ഫലപ്രദമായി ഒട്ടേറെ കാര്യങ്ങൾ വി.എസ് ചെയ്യുമായിരുന്നുവെന്ന തിരിച്ചറിവുമാണ് വർഷങ്ങളായി പൊതുവേദികളില്ലാതിരുന്നിട്ടും മനുഷ്യർ അദ്ദേഹത്തെ തങ്ങളോട് ചേർത്ത്പിടിച്ചത്.

നിരാലംബയായ സൂര്യനെല്ലി പെൺകുട്ടിയെ കാണാൻ പോയ വിഎസ്, വിലക്കുകൾ അവഗണിച്ച് രമയെ ആശ്വസിപ്പിക്കുന്ന വിഎസ്, ഇത്തിരിമുമ്പ് ഞാൻ കണ്ട സീനുകളിൽ നിറഞ്ഞ നേതാക്കൾക്കൊപ്പം കേരളമെന്ന കൊച്ചുദേശത്ത് നിന്നും നടന്നുവരുന്ന വിഎസ്.
Cheers!
