മണ്ണിനടിയിൽപ്പെട്ടവരെ തിരയുന്ന ആയിരക്കണക്കിന് ഉറ്റവരുടെയും അപരിചിത മനുഷ്യരുടെയും സങ്കടക്കാഴ്ച കൊണ്ട് മരവിച്ച ഇരുപത് ദിവസങ്ങളാണ് കടന്നുപോവുന്നത്. സർവ്വതും നഷ്ടമായ മനുഷ്യരുടെ നിസ്സഹായാവസ്ഥ കഴിഞ്ഞ പ്രളയകാലത്താണ് ഇതിന് മുമ്പ് കണ്ടത്.
വിശപ്പടക്കുന്നതിനോ, ജീവൻ വലിച്ചടുപ്പിക്കുന്ന ഏതെങ്കിലും കരങ്ങൾക്കായോ നീളുന്ന കണ്ണുകൾ. എന്നാൽ, ചെറിയ പ്രദേശത്ത് നടന്ന വലിയ പ്രകൃതിദുരന്തത്തിന് സമാനമായി നമുക്ക് മുൻ അനുഭവങ്ങളില്ല. അതിനാൽ ഇത് സമൂഹത്തിനാകെയുണ്ടാക്കിയ ഞെട്ടൽ ചെറുതൊന്നുമല്ല. വയനാടിന്റെ സമീപകാല പാരിസ്ഥിതിക പശ്ചാത്തലം വീണ്ടും ഗൗരവചിന്തകൾക്ക് വിധേയമാകുമ്പോൾ ആ മണ്ണിന്റെ ദുർബലത വെളിപ്പെടുകയാണ്.
സമാനതകളില്ലാത്ത വനചൂഷണത്താലും ഭൂവിനിയോഗവ്യതിയാനത്തിനാലും സങ്കീർണ്ണമാണ് വയനാടൻ ഭൂസ്ഥിതി. അതിനാൽ വയനാട് ഇതുവരെ കണ്ടതല്ല, ഇനി കാണാനിരിക്കുന്നതാണ് കൂടുതൽ അപകടകരമെന്ന് വയനാടൻ പശ്ചാത്തലത്തെ നന്നായറിയാവുന്ന ഓരോരുത്തർക്കും അറിയാം. തേയിലത്തോട്ടങ്ങൾക്കുവേണ്ടി നൂറ്റാണ്ട് മുമ്പ് തന്നെ ഗുരുതരമായി ഭൂമി തരംമാറ്റപ്പെട്ടതാണ് മേപ്പാടി പ്രദേശങ്ങൾ. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലപ്പാടങ്ങൾക്കിടയിലൂടെ വേണം ദുരന്തമേഖലയിലേക്ക് ചെന്നെത്തുവാൻ. മണ്ണും ജീവനും ഒരുമിച്ച് ഒലിച്ചിറങ്ങിയ പുത്തുമലയും കടന്ന് വരുമ്പോൾ അവിടത്തെ സാധാരണക്കാരായ മനുഷ്യർ അതിജീവിക്കുന്ന ജീവിത വെല്ലുവിളികൾ എത്രയെന്ന് കാണാം.
ആയിരം ഏക്കർ കൈവശം വച്ച് ടൂറിസം നിർമ്മിതികളുമായി മുന്നോട്ട് പോകുന്ന സ്വകാര്യ പ്രൊജക്റ്റ് തൊട്ട്, അഞ്ഞൂറും എണ്ണൂറും ഏക്കറുകളുടെ മുതലാളിത്തങ്ങൾ അത്ഭുതമേതുമില്ലാതെ, നിസ്സംഗമായി ഇവിടത്തുകാർ വിവരിക്കുന്നത് കേൾക്കാം. വയനാടൻ മലനിരകളിലെ അപകടരഹിതമായി വസിക്കാവുന്ന അപൂർവ്വം ഭൂമേഖലകളെല്ലാം പൂർണമായും വൻകിട എസ്റ്റേറ്റുകളായി സ്വകാര്യ ഉടമസ്ഥതയിൽ തിരിച്ചെടുക്കപ്പെടാതെ കിടക്കുമ്പോഴാണ്, അപകടകരമായ പുഴയോരങ്ങളിലും മലയിടുക്കുകളിലും സാധാരണ തൊഴിലാളികൾ ജീവൻ പണയം വച്ച് വസിക്കുന്നത്. സമാനമായി സുരക്ഷാപരിശോധനകൾ ഒന്നുമില്ലാതെ നിർമ്മിക്കപ്പെടുന്ന റിസോർട്ടുകളും സഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് നാളെകളിൽ ആശങ്കയുണ്ടാക്കും.
വയനാടൻ ഭൂവിനിയോഗത്തെക്കുറിച്ചും അതിലെ മനുഷ്യവാസ സാധ്യതകളെക്കുറിച്ചും ഗൗരവതരമായ സോഷ്യൽ ഓഡിറ്റിംഗ് നടക്കേണ്ട സന്ദർഭമാണിത്.
വയനാടൻ പുഴകളുടെ ഉറവകളോ, കൈവഴികളോ ശ്രദ്ധിച്ചാലറിയാം, അവയെല്ലാം ഏതെങ്കിലും ഒരു കാലത്ത് നടന്നിട്ടുള്ള ഉരുൾപൊട്ടലിന്റെയും മണ്ണൊലിപ്പിന്റെയും ഫലമായി രൂപപ്പെട്ടവയാണെന്ന്. മഴ വർദ്ധിതമാകുമ്പോഴും മണ്ണ് ദുർബലമാകുമ്പോഴും നാളെയും പ്രകൃത്യാനുസാരിയായ ഈ പ്രക്രിയകൾ തുടരും. അതിനെ മുന്നിൽക്കണ്ട് മനുഷ്യരെ സുരക്ഷിതമാക്കാനുള്ള പ്രായോഗിക നടപടികളാണ് ഇനിയുണ്ടാകേണ്ടതെന്നാണ് ദുരന്തം കാട്ടിത്തരുന്നത്.