എച്ചിൽ തിന്ന്​ കാളൽ ശമിപ്പിച്ച കൊടും പട്ടിണിയുടെ ഒരു​ PAST

പട്ടിണിയുടെയും കൊടുംദാരിദ്ര്യത്തിന്റെയും തീവ്രമായ അനുഭവങ്ങൾ പങ്കിടുകയാണ് മലയാളത്തിലെ ശ്രദ്ധേയ വായനക്കാരനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ബാസും കവിയും ചിത്രകാരനുമായ സുധീഷ് കോട്ടേമ്പ്രവും.

Truecopy Webzine

സ്‌കൂളിൽ കൂട്ടുകാരന്റെ ചോറ്റുപാത്രത്തിൽ ബാക്കിയായ മീൻതുണ്ടും എച്ചിലും രുചിയോടെ വാരിത്തിന്ന് വിശപ്പടക്കുന്ന എട്ടാം ക്ലാസുകാരൻ.

ഭക്ഷണം കഴിക്കാൻ വേണ്ടി മുന്തിയ ഹോട്ടലിൽ അതിഥികളുടെ കാരിക്കേച്ചർ വരക്കാനുള്ള പണിയേറ്റെടുത്ത്, കാലിയായ പാത്രങ്ങളിൽനിന്ന് പേരറിയാത്ത ഭക്ഷണങ്ങളെടുത്തുരുചിച്ച് അപമാനത്താലും ലജ്ജയാലും കുനിഞ്ഞ ശിരസ്സോടെ മടങ്ങുന്ന യുവാവ്.

പട്ടിണിയുടെയും കൊടുംദാരിദ്ര്യത്തിന്റെയും രണ്ടുതരം അനുഭവങ്ങൾ പങ്കിടുകയാണ് മലയാളത്തിലെ ശ്രദ്ധേയ വായനക്കാരനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ബാസും കവിയും ചിത്രകാരനുമായ സുധീഷ് കോട്ടേമ്പ്രവും; ട്രൂ കോപ്പി വെബ്​സീനിലൂടെ.

മുഹമ്മദ്​ അബ്ബാസ്​ എഴുതുന്നു: അക്കാലത്ത് ഏഴാം ക്ലാസ് വരെ മാത്രമേ ഉച്ചച്ചോറ് ഉണ്ടായിരുന്നുള്ളൂ. ആ അറിവ് ഞങ്ങളിൽ ഞെട്ടലുണ്ടാക്കി. ഉച്ചച്ചോറിനുവേണ്ടിയാണ് പല മാതാപിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നതെന്നും ആ ഒരു നേരത്തെ ഭക്ഷണമാണ് കുട്ടികളുടെ ഒരു ദിവസത്തിലെ കാര്യമായ ഭക്ഷണമെന്നും മുത്തയ്യൻ സാറിന് അറിയാമായിരുന്നു. പക്ഷേ സാറിന്റെ വീട്ടിൽ സാറിന്റെ അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളും സഹോദരിമാരും സാറിന്റെ വരുമാനം കൊണ്ടാണ് ജീവിച്ചു പോന്നത്. കരുണയ്ക്കും കടമയ്ക്കും ഇടയിൽ ആ മനുഷ്യൻ വല്ലാതെ നിസ്സഹായനായി. പിന്നീടങ്ങോട്ട് എട്ടാം ക്ലാസിലെ കുട്ടികൾ മറ്റു കുട്ടികൾ ചോറുവാങ്ങി തീരും വരെ കാത്തുനിന്നു. വലിയ കുട്ടകത്തിൽ ബാക്കിയാവുന്ന ഒടുക്കത്തെ വറ്റും വടിച്ചെടുത്തിട്ടും ഞങ്ങളിൽ പലർക്കും ഉച്ചച്ചോറ് കിട്ടിയില്ല. കിട്ടിയവർക്കു തന്നെ കറി കിട്ടിയില്ല. കുറച്ച് കുട്ടികൾ എട്ടാം ക്ലാസിൽ നിന്ന് കൊഴിഞ്ഞ് പോയി.
വിശപ്പ് മാറാൻ ചോറും സാമ്പാറും തന്നെ വേണമെന്നില്ലെന്ന് തെളിയിച്ച് തങ്കരാജ് പുതിയ പുതിയ ഭക്ഷണ പരീക്ഷണങ്ങൾ നടത്തി. ആമ്പലും താമരയും ഏറ്റവും രുചിയോടെ ഞങ്ങൾ വിഴുങ്ങി. പഴുത്ത പന നൊങ്കിന്റെ മഞ്ഞനീര് ഞങ്ങളുടെ കവിളുകളിലും കുപ്പായത്തിലും അടയാളപ്പെട്ടുകിടന്നു. തങ്കരാജ് കട്ട് പറിച്ചുകൊണ്ട് വരുന്ന പച്ച ഏത്തക്കായകൾ വായിൽ കിടന്ന് ചവർത്തു. ഓരോ പുതിയ വിഭവങ്ങൾ കണ്ടെത്തുമ്പഴും അവൻ പറയും; ‘ഇത്ക്ക് താൻ ശെരിയാന രുശി.'
വിശപ്പ് എല്ലാത്തിനേയും രുചിയുള്ളതാക്കി.
ടീച്ചർമാരുടെ കൂടെ ഓഫീസ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഗിരീഷിന്റെ ചോറ്റുപാത്രം കഴുകി വൃത്തിയാക്കി കൊടുക്കാൻ തങ്കരാജ് തീരുമാനിച്ചത് എനിക്ക് വേണ്ടിയായിരുന്നു. ഗിരീഷ് ചോറ് തിന്ന് തീരുവോളം അവൻ ഓഫീസ് റൂമിന്റെ മുമ്പിൽ ചുറ്റിപ്പറ്റി നിന്നു. ചോറ്റുപാത്രം കയ്യിൽ കിട്ടിയാൽ അതുമായി ചോറ്റുപുരയുടെ പിറകിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന എന്റെയടുത്തേക്ക് അവൻ ഓടി വരും. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്താൻ തങ്കരാജ് എനിക്ക് കാവൽ നിന്നു. ഗിരീഷ് ബാക്കി വെച്ച മീൻതുണ്ടുകളും ഉരുളകിഴങ്ങും തക്കാളിയും കുത്തരിയുടെ ചോറും ഞാൻ രുചിയോടെ കഴിച്ചു. അവൻ വായിലിട്ട് ചവച്ചു തുപ്പിയ മുരിങ്ങക്കായ ഞാൻ ചവച്ച് ഈമ്പി അതിന്റെ ഒടുക്കത്തെ തരിയും നൊട്ടി നുണഞ്ഞു. എന്റെ മുമ്പിലെ ലോകം വിശപ്പായിരുന്നു. എന്റെ ആകാശം വിശപ്പായിരുന്നു. ഞാൻ കണ്ട നിറങ്ങളൊക്കെ വിശപ്പിന്റെതായിരുന്നു. ഞാൻ പാത്രം വടിച്ച് നക്കി കഴിഞ്ഞാൽ തങ്കരാജ് അത് കൊണ്ടുപോയി കഴുകി അതിൽ വെള്ളവുമായി വരും. ആ വെള്ളവും കൂടി കുടിച്ചു കഴിഞ്ഞാൽ വയറ്റിലെ തീച്ചൂടിന് കുറവ് വരും- സ്‌കൂൾ കാലത്തെ കൊടും പട്ടിണിയുടെ കഥ അബ്ബാസ് എഴുതുന്നു.

വിദ്യാർഥിക്കാലത്തെ ദാരിദ്ര്യത്തിന്റെ അനുഭവമാണ് സുധീഷ് കേട്ടേമ്പ്രം എഴുതുന്നത്: ‘‘പടംവര പഠനകാലത്ത് അതിഥികളുടെ കാരിക്കേച്ചർ വരയ്ക്കുന്ന ഒരു പണിക്ക് മുന്തിയ ഹോട്ടലിൽ ഞായറാഴ്ചകളിൽ പോയിരുന്നു. നഗരത്തിലെ വലിയ ബിസിനസ്സുകാർ, രാഷ്ട്രീയക്കാർ, സിനിമാതാരങ്ങൾ, വിദേശ സഞ്ചാരികൾ എന്നിവരായിരുന്നു അവിടത്തെ അതിഥികൾ. മണിക്കൂറുകളോളം ചെലവിടുന്ന ലഞ്ച്/ഡിന്നർ പാർട്ടികളായിരുന്നു അവ. പലതരം വിഭവങ്ങൾ നിരനിരയായി വെച്ചതിനടുത്ത് അലങ്കാരച്ചെടികൾക്ക് മറവിലിരുന്ന് അതിഥികൾ കാണാതെ അവരെ വരയ്ക്കുന്ന പണിയായിരുന്നു എനിക്ക്. ചിലപ്പോൾ നേരിട്ട് ഇരുന്നുതന്നും വരയ്ക്കും. അവരറിയാതെ വരയ്ക്കപ്പെട്ട കാരിക്കേച്ചറുകൾ കാണിച്ച് അതിഥികളെ സന്തോഷിപ്പിക്കുകയാണ് ഹോട്ടൽ മാനേജ്‌മെന്റിന്റെ താല്പര്യം. അതിഥികളുടെ ഛായ പിടിച്ചെടുത്ത് അവ കാരിക്കേച്ചർ രീതിയിലേക്ക് പരിവർത്തിപ്പിച്ച് ഹോട്ടലിന്റെ മുദ്രയോടൊപ്പം കൊടുക്കണം. ഒരു നിശ്ചിതതുകയ്ക്കാണ് അത്തരമൊരു കരാർ. കാരിക്കേച്ചർ ഇഷ്ടപ്പെടുന്നവരിൽനിന്ന് ലഭിക്കുന്ന ചെറിയ ടിപ്പും സ്റ്റാർ ഹോട്ടൽ ഭക്ഷണവുമാണ് ആ താല്ക്കാലിക പണിയിലെ ആകർഷകത്വം. അതിഥികൾ മടങ്ങിക്കഴിഞ്ഞാവും അനുബന്ധജോലികൾ ചെയ്യുന്ന ആളുകൾക്കൊപ്പം ആ ‘മുന്തിയ' ഭക്ഷണം ലഭിക്കുക. അപ്പോഴേക്കും വിശേഷപ്പെട്ട പലതും കാലിയായിരിക്കും. മാത്രവുമല്ല, പേരറിയാത്ത ഭക്ഷണങ്ങളുടെ വലിയ നിരയിൽനിന്ന് ഏതെടുത്ത് രുചിക്കും എന്നറിയാത്തതിനാൽ ഏറ്റവും പരിചയമുള്ള ഇറച്ചിക്കറിയും റൈസും കൊണ്ട് ആ ബുഫേയിലെ ഒടുവിലത്തെ ആശ്രിതനായി തിന്നുമടങ്ങും. ഭക്ഷണം ആഡംബരത്തിന്റെ ചിഹ്നമായ അവിടെനിന്ന് ഒരു രുചിപോലും കൂടെക്കൂടിയില്ല. പകരം അപമാനത്താലും ലജ്ജയാലും കുനിഞ്ഞ ശിരസ്സോടെയാവും അവിടെനിന്ന് മടങ്ങുക. കോളേജിനടുത്തെ കല്യാണമണ്ഡപത്തിൽ നടക്കുന്ന വിളിക്കാത്ത കല്യാണങ്ങൾക്ക്, അമ്പലനടയിലെ പൊള്ളുന്ന വെയിൽകൊണ്ട് കാത്തിരുന്ന പ്രസാദ ഊട്ടുകൾക്ക്... അങ്ങനെ പിന്നെയും എത്രയോ ഇടങ്ങളിലായി അക്കാലത്ത് ഊണ് തരായി. കൂട്ടംചേർന്ന് പോയിരുന്ന അത്തരം കള്ളയൂണുകൾക്ക് അക്കാലത്തെ തമാശയും ലഹരിയുമുണ്ടായിരുന്നു. ഒറ്റയ്ക്കായിരുന്നെങ്കിൽ പോകാനറയ്ക്കുന്ന ഊട്ടുപുരകൾ.''

എച്ചിൽ- മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ ‘വെറും മനുഷ്യർ'
ട്രൂ കോപ്പി വെബ്‌സീനിൽ തുടരുന്നു.
തീനോർമ- സുധീഷ് കോട്ടേമ്പ്രം എഴുതുന്നു.

ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 33


Summary: പട്ടിണിയുടെയും കൊടുംദാരിദ്ര്യത്തിന്റെയും തീവ്രമായ അനുഭവങ്ങൾ പങ്കിടുകയാണ് മലയാളത്തിലെ ശ്രദ്ധേയ വായനക്കാരനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ബാസും കവിയും ചിത്രകാരനുമായ സുധീഷ് കോട്ടേമ്പ്രവും.


Comments