മനുഷ്യ സ്‌നേഹത്തിന്റെ കപടമുഖങ്ങള്‍ക്ക് അവസരമൊരുക്കുന്നതാര് ?

ഭിന്നശേഷിക്കാരായ കുട്ടികളോടും രക്ഷിതാക്കളോടും എടുക്കുന്ന സമീപനത്തിൻ്റെയും പ്രശ്നം വളരെ ഗൗരവപ്പെട്ടതാണ്. എന്നാൽ അത് പരിശോധിക്കുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും സർക്കാർ തലത്തിലുള്ള സാമൂഹ്യനീതി വകുപ്പടക്കമുള്ള സംവിധാനങ്ങൾ ശ്രമിക്കുന്നില്ല എന്നിടത്താണ് മനുഷ്യ സ്നേഹത്തിൻ്റെ കപടമുഖങ്ങൾക്ക് എന്തും ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നത്. കേരളത്തിന്റെ ഭിന്നശേഷി സൗഹൃദവായ്ത്താരിക്കപ്പുറത്തെ വസ്തുത വിശദീകരിക്കുകയാണ് ലേഖകന്‍.

കേരളത്തിലെ ഭിന്നശേഷി വിഭാഗങ്ങളായ ലക്ഷക്കണക്കിന് മനുഷ്യരെ മുൻനിർത്തി, അവരുടെ ആരോഗ്യം വിദ്യാഭ്യാസം, പുനരധിവാസം, തൊഴിൽ, അവരനുഭവിക്കുന്ന വെല്ലുവിളികൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ സംബന്ധിച്ച് വലിയ ചർച്ചകളാണ് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.

ഗോപിനാഥ് മുതുകാടിൻ്റെ ഡിഫറൻ്റ് ആർട്ട്സ് (DAC) സെൻ്ററുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളും വിമർശനങ്ങളും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഭിന്നശേഷി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ഗൗരവപ്പെട്ടതാണ്. അവരുടെ അഴിമതിയും കെടുകാര്യസ്ഥതയും ഭിന്നശേഷിക്കാരായ കുട്ടികളോടും രക്ഷിതാക്കളോടും എടുക്കുന്ന സമീപനത്തിൻ്റെയും പ്രശ്നം ഗുരുതരവുമാണ്. എന്നാൽ അത് പരിശോധിക്കുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും സർക്കാർ തലത്തിലുള്ള സാമൂഹ്യനീതി വകുപ്പടക്കമുള്ള സംവിധാനങ്ങൾ ശ്രമിക്കുന്നില്ല എന്നിടത്താണ് മനുഷ്യ സ്നേഹത്തിൻ്റെ കപടമുഖങ്ങൾക്ക് എന്തും ചെയ്യാൻ പറ്റുന്നൊരു സാഹചര്യം സൃഷ്ടിക്കുന്നത്.

ഗോപിനാഥ് മുതുകാടിൻ്റെ ഡിഫറൻ്റ് ആർട്ട്സ് (DAC) സെന്ററിന് ISO അംഗീകാരം കിട്ടിയ വേദിയിൽ നിന്ന്

കേരളം മാറി മാറി ഭരിച്ച സർക്കാറുകൾ ഭിന്നശേഷി വിഭാഗങ്ങളോട് കാണിച്ചിട്ടുള്ള അവഗണനയുടേയും ഒഴിച്ചു നിർത്തലിൻ്റേതുമായ സമീപനങ്ങളെ പ്രശ്നവൽക്കരിക്കുന്നതിന് ഇന്നും ആരും തയ്യാറാകുന്നില്ല എന്നതാണ് ഗൗരവപ്പെട്ട വിഷയം. ആധുനികവും പരിഷ്കൃതവുമായ ഒരു ജനാധിപത്യ സമൂഹത്തിൽ ഭിന്നശേഷി വിഭാഗങ്ങൾ നേരിടുന്ന അസമത്വത്തിൻ്റെയും അവഗണനയുടേയും അസ്വാതന്ത്ര്യത്തിൻ്റേയും അവകാശ നിഷേധത്തിൻ്റേയും പ്രശ്നങ്ങളെ കണക്കിലെടുത്തു കൊണ്ടാണ് 1975 ൽ യുണൈറ്റഡ് നേഷൻ ഭിന്നശേഷി അവകാശ പ്രഖ്യാപനം നടത്തുന്നത്.

തുടർന്ന് 1985 മുതൽ 1992 വരെ ഭിന്നശേഷി വർഷമായും യു.എൻ പ്രഖ്യാപിക്കുകയുണ്ടായി. നമ്മുടെ ജനസംഖ്യയുടെ 2.21 ശതമാനം ഭിന്നശേഷിത്വം അനുഭവിക്കുന്നവരായി ഉണ്ട് എന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. 2015ലെ സർവ്വേ പ്രകാരം കേരളത്തിൽ അത് എട്ടു ലക്ഷത്തോളം വരും. ഒരാളുടെ ബുദ്ധിപരവും ശാരീരികവുമായ അംഗ പരിമിതത്വം അയാളുടെ മാത്രം വ്യക്തിപരമായ പ്രശ്നമാണെന്ന ചിന്തയും, മറ്റൊരു തരത്തിൽ ഇതൊരു ആരോഗ്യ പ്രശ്നമാണെന്നും അത് ചികിത്സകൊണ്ട് പരിഹരിക്കേണ്ടതുമാണെന്ന ചിന്തയും രൂഢമൂലമായിരുന്ന കാലത്താണ് ഇതൊരു സാമൂഹ്യ പ്രശ്നമാണെന്നും സാമൂഹിക ചിന്താപദ്ധതികളിലൂടെ ഇവരെക്കൂടി ചേർത്തുപിടിക്കുന്ന, ബോധപരമായ വാതിൽ തുറക്കുന്നതിന് യു.എൻ അടക്കുള്ള അന്താരാഷ്ട്ര ഏജൻസികൾ വഴിയൊരുക്കുന്നത്. 1995 ൽ പേഴ്‌സൺ വിത്ത് ഡിസബിലിറ്റി ആക്ട് ഇന്ത്യയിൽ ഉണ്ടായതും അത്തരമൊരു പശ്ചാത്തലത്തിലാണ്.

ഭിന്നശേഷി അവകാശ സംരക്ഷണ നിയമം 2016 (Rights of Person with Disabilities Act 2016) വീണ്ടും ഈ രംഗത്ത് സുപ്രധാനമായ ചുവട് വെപ്പുകളായി മാറി. നാഷണൽ ട്രസ്റ്റ് ആക്ട്, ആർ. സി. ഐ ആക്ട്, മെൻ്റൽ ഹെൽത്ത് ആക്റ്റ് അടക്കം നിരവധി നിയമനിർമ്മാണങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. സർക്കാർ കേന്ദ്രീകൃത ധനസഹായ, ശാക്തീകരണ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ശ്രമങ്ങൾ ഉണ്ടാവുന്നുണ്ട് എങ്കിലും കേവല നിയമനിർമ്മാണങ്ങൾ കൊണ്ടും ധനസഹായ ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടും മാത്രം ഭിന്നശേഷി വിഭാഗങ്ങളുടെ സാമൂഹ്യ പദവി ഉയർത്താൻ കഴിയില്ല. അതിന് രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ പ്രായോഗികമായ ഇടപെടൽ നിർബ്ബന്ധമാണ്. ഓട്ടിസം, മൾട്ടിപ്പിൾ ഡിസബിലിറ്റി, ഇൻ്റലക്ച്ച്വൽ ഡിസബിലിറ്റി (MR), സെറിബൾ പാൾസി, തുടങ്ങി അതി തീവ്ര ഭിന്നശേഷി വിഭാഗങ്ങൾ സവിശേഷമായ ശ്രദ്ധയോടെ പരിഗണിക്കപ്പെടേണ്ടവരാണ്.

ഇന്ത്യയിലെ ഡിസബിലിറ്റി മനുഷ്യരുടെ എണ്ണം, വിവിധ കാറ്റഗറിയിലുള്ള ശതമാന കണക്ക് പറയുന്ന ഡയഗ്രം

വാക്കിലും നോക്കിലും ഇരിപ്പിലും നടപ്പിലും ഉയരത്തിലും ആഴത്തിലും ചിന്തയിലും മറ്റുള്ളവരെപോലെ തന്നെയാണിവരെന്ന ബോധം സാമൂഹ്യ മായി തന്നെ ഉയർന്നു വരേണ്ടതുണ്ട്. അവരുടെ വിദ്യാഭ്യാസവും അതിജീവനവും, പുന:രധിവാസവും ഭരണകൂടത്തിൻ്റെ ചുമതലയായി ഏറ്റെടുക്കുന്ന സമീപനം വളർന്നു വരണം. കേരളം പോലും അത്തരമൊരു വളർച്ച പ്രാപിച്ച സംസ്ഥാനമല്ല. ശാരീരികവും മാനസികവുമായ വെല്ലുവിളികളെ നേരത്തെ കണ്ടെത്തി അവസ്ഥാ നിർണ്ണയം നടത്തുക, ചികിത്സയും സഹായോപകരണങ്ങളുടെ നിർണ്ണയവും ലഭ്യതയും ഉറപ്പുവരുത്തുക, വിദ്യാഭ്യാസം തൊഴിൽ പരിശീലനം, തൊഴിൽ സംരക്ഷണം ഇവ ഉറപ്പാക്കുന്നതിനുള്ള നടപടികൾ, സാമൂഹ്യമായ ഉൾച്ചേർക്കലും ആജീവനാന്ത സംരക്ഷണവും എന്ന സാമൂഹികവും ഭരണഘടനാപരവുമായ അവകാശം സ്ഥാപിക്കുക തുടങ്ങിയ ഒരു കാര്യത്തിലും കേരളം വേണ്ടത്ര ശ്രദ്ധയൂന്നുന്നില്ല എന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നത്.

അതിതീവ്ര വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് ജില്ലകൾ തോറും പ്രത്യേക കമ്മറ്റികൾ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശം RPD Act നൽകുന്നുണ്ട്. എന്നാൽ കേരളം അത്തരമൊരു നിർദ്ദേശം നാളിതുവരെ ചെവിക്കൊണ്ടിട്ടില്ല. ഡിസബിലിറ്റി പെൻഷൻ കാര്യത്തിൽ സർക്കാർ മാനദണ്ഡം അങ്ങേയറ്റം ഭിന്നശേഷി വിരുദ്ധമാണ്. 75ഉം 80 ഉം 90 ശതമാനം അംഗ പരിമിതത്വമുള്ള ഒരാളുടെ വീട്ടൽ ഒരു ശമ്പളക്കാരനോ പെൻഷനറോ നാലുചക്ര വാഹനമോ ഉണ്ടെങ്കിൽ പെൻഷൻ അനുവദിക്കാത്ത സമീപനം സർക്കാർ തിരുത്തണം. ഇത്തരം കുട്ടികളെ പരിചരിക്കുന്നവർക്ക് ആശ്വാസ കിരണം പദ്ധതിയിലൂടെ ലഭിച്ചിരുന്ന 600 രൂപ പ്രതിമാസ ധനസഹായം നിലച്ചിട്ട് രണ്ടു വർഷമായി. അതേപോലെ ഭിന്നശേഷിക്കാരുടെ ആരോഗ്യ ചികിത്സയുമായി ബസപ്പെടുത്തി നിരാമയ ഇൻഷുറൻസ് പദ്ധതി വഴി ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്നതിനുള്ള പ്രീമിയം തുകയായ 30 രൂപ അടച്ചിരുന്നത് സർക്കാറാണ്. ഈ വർഷം മുതൽ സർക്കാർ അത് അടയ്ക്കില്ല എന്നു പ്രഖ്യാപിച്ചിരിക്കുകയാണ് .

2017 ലെ സർക്കാർ ഉത്തരവ് എം.എസ് 80 / 2017 പ്രകാരം ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേർന്ന് ഫണ്ട് അലോട്ട് ചെയ്ത് ഗ്രാമപഞ്ചായത്തിലൂടെ വിതരണം ചെയ്യുന്ന, സ്കൂളിൽ പോകുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ഇനത്തിൽ പ്രതിവർഷം കൊടുക്കേണ്ടുന്ന 28500 രൂപ യഥാസമയം നല്കുന്നതിന് ഗ്രാമപഞ്ചായത്തുകൾ അലംഭാവം കാണിക്കുന്നു. മാത്രമല്ല പല കാരണങ്ങൾ പറഞ്ഞ് ചില പഞ്ചായത്തുകൾ 28500 രൂപയിൽ വെട്ടിക്കുറവ് വരുത്തിയാണ് വിതരണം ചെയ്യുന്നത്.

ശാരീരികവും മാനസികവുമായ വെല്ലുവിളികളുള്ളവരെ നേരത്തെ കണ്ടെത്തി അവർക്ക് വേണ്ട പരിചരണവും ശ്രദ്ധയും കൊടുക്കുന്നതിൽ കേരളവും ഒരുപാട് പിന്നിലാണ്

നവലിബറൽ നയങ്ങളുടെ ഭാഗമായി എല്ലാ സേവന മേഖലകളിൽ നിന്നും സർക്കാർ പിന്മാറുമ്പോൾ സമൂഹത്തിൻ്റെയും ഭരണകൂടത്തിൻ്റെയും സവിശേഷശ്രദ്ധയും പ്രത്യേകപരിഗണനയും ലഭിക്കേണ്ടുന്ന ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയുമാണ്. ഇതൊന്നും ആഴത്തിൽ പഠിക്കാനോ ചർച്ച ചെയ്യാനോ ആരും തയ്യാറല്ല എന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഭിന്നശേഷിക്കാരുൾപ്പെടുന്ന റേഷൻ കാർഡുകൾ BPL ആയി പരിഗണിക്കുന്ന മുൻകാല സമീപനവും ഇപ്പോൾ സർക്കാർ ഉപേക്ഷിച്ചിരിക്കുന്നു. ജില്ലാ ആശുപത്രികളിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അഭാവം ഭിന്നശേഷിക്കാരുടെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് യഥാസമയം ലഭ്യമാക്കുന്നതിനുള്ള പ്രയാസം സൃഷ്ടിക്കുന്നു. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മാസത്തിലൊരിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തുന്നു. എന്തിനേറെ സർക്കാർ ആശുപത്രികളിലെ പരിഗണനാ ബോർഡുകളിൽ നിന്നു പോലും ഭിന്നശേഷിക്കാർ ഉപേക്ഷിക്കപ്പെടുന്നു. ഭിന്നശേഷി സൗഹൃദത്തിൻ്റെ വായ്ത്താരിക്കപ്പുറം പ്രായോഗികമായി പലരീതിയിലും അവരുടെ ക്ഷേമകാര്യങ്ങളിൽ നിന്നും സര്‍ക്കാര്‍ ഒന്നൊന്നായി പിൻമാറുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ഭിന്നശേഷിക്കാരുടെ വിദ്യാലയങ്ങളും വിദ്യാഭ്യാസവും ഇന്ന് സ്വകാര്യ മതസംഘടനകളോ, ചാരിറ്റി പ്രസ്ഥാനങ്ങളോ, ട്രസ്റ്റുകളോ എൻ ജി ഒ കളോ ആണ് ബഹു ഭൂരിപക്ഷവും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം സ്കൂളുകളുടെ പ്രവർത്തനങ്ങളെ നിരന്തരം നിരീക്ഷിക്കാനും മോണിറ്റർ ചെയ്യാനും കള്ളനാണയങ്ങളെ തിരിച്ചറിയാനും തുറന്നു കാട്ടാനും സർക്കാർ മുൻകൈ എടുക്കണം. പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളുകൾ ഒഴിച്ചാൽ ഒരേ ഒരു ഭിന്നശേഷി വിദ്യാലയം മാത്രമേയുള്ളൂ.

തിരുവനന്തപുരത്തെ ഒരു ലിറ്റിൽ ബഡ്സ് സ്കൂൾ

കേരളത്തിൽ മതിയായ സൗകര്യത്തോടെയും സർക്കാർ നിബന്ധനകളോടെയും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എയ്ഡഡ് പദവി കൊടുക്കുന്നത് ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിലെ വഴിവിട്ട പണമിടപാടുകളും അഴിമതിയും മറ്റും ഇല്ലാതാക്കുന്നതിന് സഹായകമാവും. മാത്രമല്ല ഈ മേഖലയിൽ അർപ്പണ ബോധത്തോടെ തൊഴിൽ ചെയ്യുന്ന അധ്യാപകർക്കും മറ്റു ജീവനക്കാർക്കും അത് ഏറെ ആശ്വാസവുമാകും. മുൻ UDF സർക്കാർ 50 കുട്ടികളുള്ള ഭിന്നശേഷി സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നൽകുന്നതിന് തത്വത്തിൽ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വന്ന LDF സർക്കാർ അത് വേണ്ടെന്ന് വെക്കുകയാണുണ്ടായത്.

ഇൻക്ലൂസീവ് എഡ്യുക്കേഷനെ സംബസിച്ച ചർച്ചകളാണ് ഇപ്പോൾ ഈ രംഗത്ത് സർക്കാർ തന്നെ മുൻകൈ എടുത്തു നടത്തുന്നത്. നിലവിലുള്ള സ്കൂൾ സംവിധാനത്തിനകത്ത്, അതിൻ്റെ ഭൗതിക സാഹചര്യങ്ങൾ ശാസ്ത്രീയവും, ആധുനികവും, ലോക നിലവാരത്തിലും വികസിപ്പിക്കാതെ എങ്ങിനെയാണ് ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസം ഇൻക്ലൂസീവായി നടപ്പിലാക്കുക എന്ന ചോദ്യം ഉയർന്നു വരുമ്പോൾ കൃത്യമായൊരുത്തരം ഇതുവരെ ഉണ്ടായിട്ടില്ല.

തീവ്രഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന വലിയ വെല്ലുവിളികളും വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്. സാമൂഹ്യജീവിതത്തിൻ്റെ എല്ലാ ഇടപെടലുകളിൽ നിന്നും ഒറ്റപ്പെട്ടു പോകുന്ന, വീട്ടകങ്ങളിലെ കനത്ത മൗനങ്ങളിലേക്ക് ഉറഞ്ഞ് പോകുന്ന പ്രതീക്ഷയറ്റ ജീവിതങ്ങളായി മാറുന്നുണ്ട് രക്ഷിതാക്കൾ. ഇന്നുയർന്നു വരുന്ന ഒരു ചർച്ചകളിലും ഈ പ്രശ്നം വേണ്ടത്ര പരിഗണിക്കപ്പെടുന്നതേയില്ല എന്നതാണ് യഥാർത്ഥ്യം.

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന വലിയ വെല്ലുവിളികളും വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്.

ലോക ഭിന്നശേഷി ദിനമൊക്കെ ആഢംബര ആഘോഷങ്ങളായി നടത്തപ്പെടുമ്പോൾ ഇത്തരം വിഷയങ്ങളിൽ, ഇനിയും പരിഹരിക്കാനുള്ള പ്രശ്നങ്ങളിൽ ഗൗരപ്പെട്ട ചർച്ചകൾ ഉയർത്തിക്കൊണ്ടു വരിക തന്നെ വേണം. സാമൂഹ്യ പദവിയിൽ ഭിന്നശേഷി വിഭാഗങ്ങൾ ഒറ്റപ്പെട്ടു പോകേണ്ടവരല്ലെന്ന ചിന്ത വളർത്തിയെടുക്കാനും ചേർത്തുനിർത്താനും അതിനുള്ള പദ്ധതികളും പരിപാടികളും ആവിഷ്കരിക്കാനും, സർക്കാർ സംവിധാനങ്ങൾക്ക് കഴിയുമ്പോൾ മാത്രമേ ഭിന്നശേഷി വിഭാഗങ്ങൾ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ.

Comments