മൂന്നാം ലോക GEN Z യുടെ
കുടിയേറ്റ ജീവിതം;
സ്വപ്നവും യാഥാർത്ഥ്യവും-
മൂന്ന്
▮
കുടിയേറ്റ വിരുദ്ധത, മഹാമാരിയായി പടർന്നുകയറുമ്പോൾ, പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറിയ ഒരു Gen-Z വ്യക്തി എന്തായിതീരുന്നുവെന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണ്. വസ്ത്രമഴിച്ചാൽ കുടിയേറ്റ വിരുദ്ധത യാഥാർത്ഥത്തിൽ മനുഷ്യവിരുദ്ധത തന്നെയാണെന്നും അതിന്റെ തുടക്കം ഇന്നല്ല ഇന്നലെയായിരുന്നുവെന്നും വ്യക്തമാകും. അപ്പോഴും വ്യക്തമാകാത്തത് ഇക്കാലത്ത്, കുടിയേറിയ Gen- Z യുവാക്കൾ എന്തായി പരിണമിക്കുന്നു എന്നതാണ്. ആ പരിണാമ കഥകൾ, എന്റെയും മറ്റുപലരുടെയും അനുഭവങ്ങൾ വാർത്തെടുത്ത മൈക്രോസ്കോപ്പിലൂടെ ചികയേണ്ടത് അത്യാവശ്യമാണ്.
തിടം വെക്കുന്ന അതിരുകൾ
ഖൈസർ ഷെയ്ക്കിന്, ഇപ്പോൾ ഏതാണ്ട് 60 വയസ്സായിരിക്കുന്നു. ആശയോടൊപ്പം ആശങ്കയും ചുരുട്ടിപ്പിടിച്ച്, പാക്കിസ്ഥാനിലെ തട്ട ജില്ലയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് പറന്നിറങ്ങിയിട്ട് കാലമൊത്തിരി കടന്നിരിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിലെ (University of Sheffield) സ്കൂൾ ഓഫ് ബയോ സയൻസസ് വിഭാഗം (School Of Biosciences) പ്രൊഫസറായി ജോലി ലഭിക്കുമ്പോഴാണ്, അങ്ങ് യു.എസ്.എയിൽ വേൾഡ് ട്രേഡ് സെന്റർ സ്ഫോടനം (9/ 11) നടക്കുന്നത്. അതോടെ ലോകത്തിന്റെ രാഷ്ട്രീയഘടന തന്നെ തലകുത്തനെ മാറിയെന്ന കാര്യം ഖൈസർ ഓർത്തെടുക്കുന്നു. തീവ്രവലത് ശക്തികൾ, ഈ ദുരന്തത്തിനെ കൂട്ടുപിടിച്ച്, കുടിയേറ്റ വിരുദ്ധതയുടെ കളവിത്തുകൾ ലോകത്തെങ്ങും പാകാനായി തൂടങ്ങിയതും അന്നു മുതലാണ്. വലതുപക്ഷ പ്രത്യയശാസ്ത്രങ്ങൾക്ക് വീണ്ടും കൈകാലുകൾ വളരുന്ന ഈ കാലത്ത്, കുടിയേറ്റ വിരുദ്ധത സ്വാഭാവികമായും അതിന്റെ ഉച്ചസ്ഥായിയിലെത്തി നിൽക്കുന്നു. ഇതിന് ഇരകളാകുന്നതതോ, Gen-Z കളടങ്ങുന്ന കുടിയേറ്റക്കാരും.
2003-ൽ, ഞാൻ പഠിക്കുന്ന കാലത്ത്, വർക്ക് വിസയിൽ തൊഴിൽ ലഭിച്ച വിദേശിക്ക്, കമ്പനി നൽകേണ്ട പ്രതിവർഷ ശമ്പളം 26,000 ബ്രിട്ടീഷ് പൗണ്ടായിരുന്നു (ഏതാണ്ട് 30 ലക്ഷം രൂപ). എന്നാൽ 2023 ഡിസംബറിൽ 38,000 (ഏകദേശം 46 ലക്ഷം രൂപ) ബ്രിട്ടീഷ് പൗണ്ടായിയുയർത്തി.
2003-ൽ, ഞാൻ പഠിക്കുന്ന കാലത്ത്, വർക്ക് വിസയിൽ (Work Visa) തൊഴിൽ ലഭിച്ച വിദേശിക്ക്, കമ്പനി നൽകേണ്ട പ്രതിവർഷ ശമ്പളം 26,000 ബ്രിട്ടീഷ് പൗണ്ടായിരുന്നു (ഏതാണ്ട് 30 ലക്ഷം രൂപ). എന്നാൽ 2023 ഡിസംബറിൽ ഇത് 38,000 (ഏകദേശം 46 ലക്ഷം രൂപ) ബ്രിട്ടീഷ് പൗണ്ടായിയുയർത്തി. ഈ തുക 41,700 (ഏകദേശം 49 ലക്ഷം രൂപ) ആയി വീണ്ടും ഉയർന്നത് ഈ വർഷം ജൂലൈയിലാണ്. ഈ കുത്തനെയുള്ള ഉയർച്ച ബാധിക്കുന്നത് വിദ്യാർത്ഥികളെയാണെന്ന് എടുത്തുപറയേണ്ടതില്ല. ഇത്രയും ഉയർന്ന നിശ്ചിത പ്രതിവർഷ ശമ്പളത്തോടെ കമ്പനികൾ, വിദേശ വിദ്യാർത്ഥികളെ, ജോലിക്കെടുക്കുന്നത് അപൂർവമായിട്ടിയായിരിക്കും. കുടിയേറ്റം തടയുമെന്നും അതിന്റെ നിരക്ക് കുറക്കുമെന്നുമുള്ള മുദ്രാവാക്യത്തോടെ അധികാരത്തിലേൽക്കുന്ന ബ്രിട്ടീഷ് ഭരണകൂടങ്ങളുടെ കരുതിക്കൂട്ടലുകളാണ് ഇതെല്ലാമെന്നത് സ്പഷ്ടമാണ്.
ഈ സാഹചര്യം മനസിലാക്കിയ മലയാളികളടങ്ങുന്ന മൂന്നാം ലോക Gen-Z കളിൽ പലരും ‘പരിപാലന വിസ’യിലേക്ക് (Carer Visa) മാറാൻ ശ്രമിക്കുന്നുണ്ട്. പരിപാലന വിസയിലേക്ക് മാറിയാൽ ഏതാണ്ട് അഞ്ച് വർഷത്തേക്ക് കെയർ ഹോമുകളിൽ (വൃദ്ധസദനത്തിന് സമാനമായ ഒന്ന്) പരിപാലകരായി ജോലി ചെയ്ത് യു.കെയിൽ നിൽക്കാം. എന്നാൽ, ഈ വിസക്കായി കെയർ ഹോം ഏജൻസികൾ, ഒരു വ്യക്തിയുടെ കയ്യിൽ നിന്ന് വിസാ ഫീസിനുപുറമെ വാങ്ങുന്നത് 15 ലക്ഷത്തോളം രൂപയാണ്. ഇങ്ങനെ, പുര കത്തുമ്പോൾ മുതലെടുക്കുന്ന ഏജൻസികളിൽ പലതും മലയാളികളുടേതാണെന്ന് ഓർക്കണം.

യു.എസ്.എയിലാകട്ടെ, ട്രംപ് ഭരണകൂടം അധികാരമേറ്റശേഷം നിലവിൽവന്ന മാറ്റങ്ങൾ നിത്യേന നാമെല്ലാം അറിയുന്നതാണ്. എന്നാൽ അറിയാതെ പോകുന്നത്, രേഖകൾ ശരിയായിരുന്നിട്ടും പല കാരണങ്ങൾ ചുമത്തി തിരികെ അയക്കുന്നവരുടെ കഥകളാണ്. ഉദാഹരണത്തിന്, ചിക്കാഗോ ഡൗൺ ടൗണിലെ ഒരു മുന്തിയ റെസ്റ്റോറന്റിൽ ഷെഫായി ജോലി ചെയ്യുകയായിരുന്ന രോഹിത് (25 വയസ്സ്, പേര് മാറ്റിയിരിക്കുന്നു) ഒരിക്കൽപോലും നിയമം ലംഘിക്കുകയോ അയോഗ്യമായി പ്രവർത്തിക്കുകയോ ചെയ്തില്ല. പക്ഷെ, ട്രംപ് സർക്കാർ അധികാരത്തിൽ വന്നതോടെ, കാരണങ്ങളേതുമില്ലാതെ ഇയാളുടെ വിസ റദ്ദാക്കപ്പെട്ടു. അനധികൃത കുടിയേറ്റം തടയുന്നു എന്ന പേരിൽ, ഗ്രീൻ കാർഡ് ലഭിച്ചവരെപ്പോലും കുറ്റങ്ങളാരോപിച്ച് നാടുകടത്തുന്ന പ്രവണത, യു.എസ്.എയിൽ ഒരു പൊളിറ്റിക്കൽ ഫാഷനായി മാറുന്നത് ഈ രീതിയിലാണ്.
യുദ്ധാനന്തര അമേരിക്കയിൽ ശക്തികൊണ്ട ആശയങ്ങളിലൊന്നാണ് ‘അമേരിക്കൻ സ്വപ്നം’ (American Dream). അതായത്, ആർക്കും എവിടെ നിന്നും അമേരിക്കയിലെത്തി സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കാം. എന്നാൽ ഇനിയാർക്കും ആ സ്വപ്നം കാണാൻ അവകാശമില്ലെന്നു തന്നെയാണ് ഭരണകൂടം താക്കീത് നൽകുന്നത്. ഇന്ത്യൻ യുവാക്കൾ ഈ സ്വപ്നം കാണാൻ, ഇപ്പോൾ ഭയക്കുന്നതും അതിനാലാണ്.
അതിരുകൾ, ആധുനിക ലോകത്തിന്റെ വേരുകളായി മുറുകുമ്പോൾ, അതിരു കടക്കുന്നവർ കുറ്റവാളികളാകുന്നു. ഭരണകൂടങ്ങൾ, തങ്ങളുടെ പോരായ്മകളും, വീഴ്ചകളും മറയ്ക്കാനും, തങ്ങളുടെ തീരുമാനങ്ങളുടെ വരുംവരായ്കകൾ ചാർത്തികൊടുക്കാനുമുള്ള വെറും ഇരിപ്പിടങ്ങളായി കുടിയേറ്റക്കാരെ രൂപാന്തരപ്പെടുത്തുന്നു. ഈ ചെയ്തികളെ നിസ്സാഹായരായി, തത്സമയം കണ്ടുകൊണ്ടിരിക്കുന്ന വെറും മോണോലിത്തുകളായി (ഏകശിലകൾ) നമ്മളും രൂപാന്തരപ്പെടുന്നു.
വിദേശവിദ്യാർത്ഥികളുടെ ആത്മഹത്യക്കു പിന്നിലുള്ള സാംസ്കാരിക- സാമ്പത്തിക- തൊഴിൽ സാഹചര്യങ്ങളെപ്പറ്റി വാചാലരാകുമ്പോൾ, ശ്രദ്ധിക്കാതെ പോകുന്നത് മരവിപ്പിക്കുന്ന ശൈത്യത്തെയും, അത് പെറ്റുണ്ടാക്കുന്ന ഏകാന്തതയെയും ആൾഞെരുക്കത്തെയുമാണ്.
മഞ്ഞും മാർക്‌സും Gen-Z യും
ഫണങ്ങൾ വിടർത്തുന്ന തണുപ്പിനെക്കുറിച്ചുള്ള ഗൊഗോളിന്റെയും ദസ്തയേവ്സ്കിയുടെയുമെല്ലാം ഭീതി നിറഞ്ഞ എഴുത്തുകളെ ഞാൻ അവിശ്വാസ്യതയോടെ വായിച്ചിരുന്ന കാലമുണ്ടായിരുന്നു. ആ തെറ്റുകുറ്റങ്ങൾക്ക് ക്ഷമ ചോദിക്കുന്നത് യു.കെയിലെ ഒരു ശൈത്യകാലത്താണ്. ഞങ്ങൾ മൂന്നുപേർ തങ്ങിയിരുന്നിടത്ത്, റൂം ഹീറ്ററും അടുപ്പും ചൂടു വെള്ളവുമെല്ലാം പ്രവർത്തിച്ചിരുന്നത് പാചകവാതകം ഉപയോഗിച്ചായിരുന്നു. അതിനാൽ അത് പെട്ടെന്ന് തീർന്നുപോകാതിരിക്കാൻ ഞങ്ങളാരും റൂം ഹീറ്റർ ഉപയോഗിച്ചിരുന്നില്ല. താപനില മൈനസ് കടന്നാലും ഹീറ്റർ ഉപയോഗിക്കാതെ ജീവിക്കുന്നത് യൂറോപ്പിലേക്ക് കുടിയേറിയ പല Gen-Z വിദ്യാർത്ഥികളുടെയും യാഥാർത്ഥ്യമാണ്. വായനക്കാരുടെ അനുകമ്പക്ക് പാത്രമാകാനല്ല ഇതിവിടെ പങ്കുവെച്ചത്. മറിച്ച് അന്നുണ്ടായ സുപ്രധാന തിരിച്ചറിവുകളെക്കുറിച്ച് സംസാരിക്കാനാണ്.
മുറിയുടെ കോൺക്രീറ്റ് പോലും വിറയ്ക്കുന്ന രാത്രികളിൽ, കമ്പിളിക്കൂനകൾക്കുള്ളിൽ പതുങ്ങുമ്പോൾ, ഞാനോർത്തത് നിക്കോളായ് ഗൊഗോളിന്റെ ‘ദി ഓവർകോട്ട്’ (The Overcoat) എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായ ‘അക്കാക്കി അക്കാക്കിയേവിച്ചിനെ (Akaky Akakievich) കുറിച്ചാണ്. ഒരായുഷ്ക്കാലം മുഴുവൻ യന്ത്രം പോലെ പണിയെടുത്ത് സ്വരുക്കൂട്ടിയ കാശുകൊണ്ട്, താൻ ആറ്റുനോറ്റു വാങ്ങിയ ഓവർക്കോട്ടിനെ കവർച്ചക്കാർ അടർത്തിയെടുത്തപ്പോൾ, അതോടൊപ്പം ഊർന്നു പോയത് ജീവിക്കാനുള്ള അയാളുടെ ഒടുവിലത്തെ കാരണം കൂടിയാണ്. കഥാന്ത്യത്തിൽ, കാത്തിരിക്കുന്ന കഴുകനെപ്പോലെ ശൈത്യം, അയാളുടെ ജീവനും കവർന്നുകൊണ്ട് പോകുന്നു.
ശൈത്യം ശിഥിലമാക്കുന്നു, കുടിയേറ്റക്കാരെയും... സാമൂഹിക ജീവിയായ മനുഷ്യന്, സാമൂഹ്യ ജീവിതമില്ലാതെ വരുമ്പോളെന്തെല്ലാം സംഭവിക്കുന്നുവെന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്ക് ചേക്കേറിയവരോട് ചോദിച്ചാൽ വ്യക്തമാകും. ശിശിരകാലത്തിന്റെ കടന്നുവരവോടെ, ശരീരത്തിലെ വിറ്റാമിൻ-ഡി (Vitamin-D) യുടെയും സാമൂഹ്യ ഇടപഴകലിന്റെയുമെല്ലാം അഭാവം, യുവാക്കളെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഇതിനാൽ, ഡിപ്രെഷൻ (Depression), ആൻസൈറ്റി (Anxiety Disorder) മുതലായ മാനസിക രോഗങ്ങളുടെ ധൃതരാഷ്ട്രാലിംഗനത്തിൽ പൊടിയുന്ന ജീവിതങ്ങളുമുണ്ട്. 2022- ലെ, ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിലെ പ്രസ്താവന ആരെയും ഞെട്ടിപ്പിക്കുന്നതാണ്: കാനഡയിലെ ടൊറന്റോയിലുള്ള ലോട്ടസ് ശവസംസ്കാരകേന്ദ്രത്തിൽ (Lotus Funeral and Cremation Centre, Toronto), ഒരു മാസത്തിൽ കുറഞ്ഞത് അഞ്ചോളം ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ചെന്നടിയുന്നുവെന്നാണ്. അതിൽ ചിലതിനെങ്കിലും ആത്മഹത്യയുടെ പിന്നാമ്പുറ കഥ ഉണ്ടായിരിക്കാം.

വിദേശവിദ്യാർത്ഥികളുടെ ആത്മഹത്യക്കു പിന്നിലുള്ള സാംസ്കാരിക- സാമ്പത്തിക- തൊഴിൽ സാഹചര്യങ്ങളെപ്പറ്റി വാചാലരാകുമ്പോൾ, ശ്രദ്ധിക്കാതെ പോകുന്നത് മരവിപ്പിക്കുന്ന ശൈത്യത്തെയും, അത് പെറ്റുണ്ടാക്കുന്ന ഏകാന്തതയെയും ആൾഞെരുക്കത്തെയുമാണ്.
മൈനസ് 50 ഡിഗ്രി താപനിലയിൽ പോലും തനിക്ക് ജീവിക്കേണ്ടിവന്നതായി കാനഡയിൽ സ്ഥിരതാമസമാക്കിയ സുഹൃത്ത് ജിഷ്ണു (27) പങ്കുവെക്കുന്നു. അക്കാലങ്ങളിൽ അയാളെ ജീവിക്കാൻ പ്രേരിപ്പിച്ചത് വേനൽ കിനാവുകളാണ്. Gen-Z കളുൾപ്പെടുന്നവരുടെ വേനലിനായുള്ള കേഴൽ അവിടങ്ങളിൽ മുഴങ്ങുന്നുണ്ടെന്ന് ജിഷ്ണു സാക്ഷ്യം പറയുന്നുണ്ട്.
കാനഡയിൽ, അസ്ഥിവളയുന്ന തണുപ്പിൽ പോലും, വിറച്ചു വേച്ച് ജോലിക്കു പോകുന്നവരുണ്ടത്രെ. അവിടെ കുടികൊള്ളുന്ന മുതലാളിത്ത വ്യവസ്ഥയാണ് (Capitalism) ഇതിനു കാരണമെന്നാണ് ജിഷ്ണു അഭിപ്രായപ്പെടുന്നത്. കാനഡയിലേക്ക് ചെന്നിറങ്ങുന്ന ഒട്ടുമിക്ക യുവാക്കളും, ക്രെഡിറ്റായി (Credit System - കടം നൽകുന്ന സംവിധാനം) മൊബൈൽ ഫോൺ, വാഹനം വീട് മുതലായവ വാങ്ങുകയും, ശേഷം തവണകളായി ഇത് മടക്കിനൽകാൻ കഷ്ടപ്പെടുന്നതുമായ സംഭവങ്ങൾ, വളരെ സാധാരണമാണ്. ഈ കടംകൊടുക്കൽ സംവിധാനം (Credit System) ക്യാപിറ്റലിസത്തിന്റെ മൂക്കു കയറാണെന്നതിൽ സംശയമില്ലെന്ന് ജിഷ്ണു ആണയിടുന്നു.
പഠിക്കാൻ കാനഡയിലെത്തിയ ജിഷ്ണുവിന്റെ സുഹൃത്ത് ക്രെഡിറ്റായി കാർ സ്വന്തമാക്കി. പിന്നീട് എല്ലാം മതിയാക്കി നാട്ടിലേക്ക് മടങ്ങണമെന്ന് അയാൾ തീരുമാനിച്ചിട്ടും, വിടാതെ കുരുക്കിയത് കാറിന്റെ തവണകളാണ്. അത് വീട്ടാനാണെങ്കിൽ ഏഴു വർഷമെങ്കിലും കുറഞ്ഞത് വേണ്ടിവരുമത്രെ!
ഉദാഹരണത്തിന്, പഠിക്കാൻ കാനഡയിലെത്തിയ ജിഷ്ണുവിന്റെ സുഹൃത്ത് ക്രെഡിറ്റായി കാർ സ്വന്തമാക്കി. പിന്നീട് എല്ലാം മതിയാക്കി നാട്ടിലേക്ക് മടങ്ങണമെന്ന് അയാൾ തീരുമാനിച്ചിട്ടും, വിടാതെ കുരുക്കിയത് കാറിന്റെ തവണകളാണ്. അത് വീട്ടാനാണെങ്കിൽ ഏഴു വർഷമെങ്കിലും കുറഞ്ഞത് വേണ്ടിവരുമത്രെ! ഇതുപോലെ വീട് വാങ്ങിയും വാഹനം വാങ്ങിയുമെല്ലാം കുടുങ്ങിവർ നൂറുകണക്കിനുണ്ടുപോലും. ഇവിടങ്ങളിലെ (പ്രത്യേകിച്ച് യു. എസ്.എ, കാനഡ) വിദ്യാർത്ഥികൾ, ഉപഭോക്താക്കളായി മാറുന്നതോടെ മനുഷ്യരല്ലാതുകുന്നുണ്ടെന്ന് വിചാരിക്കുന്നതിൽ തെറ്റില്ല. എന്തെന്നാൽ, അതോടെയവർ മഞ്ഞത്തും മഴയത്തും പണിയെടുക്കുന്ന, എന്തിനുംപോന്ന, നല്ല തൊഴിലാളികളായി മാത്രം ചുരുങ്ങുന്നു. അല്ലെങ്കിൽ അവരെ ചുരുക്കുന്നു.
ഭൂമിയൊരു വിഷകന്യകയാണ്; അവളുടെ അഴകിൽ ഭ്രമിച്ച് മനുഷ്യർ അവളിലേക്ക് കുടിയേറുന്നു. കുത്തിയും കിളച്ചുമെല്ലാം, അവർ ഭൂമിയെ സമ്പുഷ്ടീകരിച്ചുവെങ്കിലും അനുഭവിക്കാൻ യോഗമില്ലാതെ അവരെല്ലാം രോഗങ്ങൾക്കടിമപ്പെട്ട് ഒടുങ്ങുന്നു- മലയാളിക്ക് മറുദേശക്കഥകൾ ചൊല്ലിയൂട്ടിയ എസ്.കെ. പൊറ്റക്കാടെഴുതിയ ‘വിഷകന്യക’ എന്ന നോവലിന്റെ പ്രമേയമാണ് ചുരുക്കിപ്പറഞ്ഞത്. നോവലിൽ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് കുടിയേറിയവരുടെ ചരിത്രമാണ് വിഷയമാകുന്നതെങ്കിലും, അത് പകരുന്ന ദർശനം Gen-Z കുടിയേറ്റത്തിലും തെളിഞ്ഞുകാണാം. ഇതേപോലെ, പാശ്ചാത്യ രാജ്യങ്ങൾ, തങ്ങളുടെ ഗുണസവിശേഷതകൾ കാട്ടി വശീകരിച്ച്, യുവാക്കളെ തങ്ങളിലേക്ക് ചേർത്തടിപ്പിക്കുന്നു. ശേഷം വിദ്യാർത്ഥികളിൽ നിന്ന് പഠനഫീസ്, വിസ പ്രതിഫലം, കരം, ക്രെഡിറ്റ് ഈടാക്കൽ തുടങ്ങിയ രീതികളിലൂടെ പണം കടഞ്ഞെടുക്കുന്നു. എല്ലാത്തിനും ഒടുവിൽ വെറും ‘ചണ്ടിയായി’ അവരെ ചവച്ചുതുപ്പുന്നു.

ഈ ചണ്ടിയാവൽ പ്രക്രിയയെക്കുറിച്ചുതന്നെയാണ് അന്യവൽക്കരണത്തിലൂടെ (Alienation) കാൾ മാർക്സ് പണ്ടെങ്ങോ പറയാൻ ശ്രമിച്ചതും. ഒരു വ്യക്തി തന്റെ വ്യക്തിത്വത്തിൽ നിന്നകന്നകന്ന് ഇല്ലാതാകുന്ന ദുരന്തം. ഈ ദുരന്തം, പാശ്ചാത്യത്തിലേക്ക് കുടിയേറിയ പല Gen-Z കളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. അവർ നാട്ടിലിരിക്കുമ്പോൾ ആടിയിട്ടുണ്ടാവും, പാടിയിട്ടുണ്ടാവും, എഴുതിയിട്ടുണ്ടാവും. എന്നാൽ മറുനാടുകളിലേക്ക് കുടിയേറുന്നതോടെ വിദ്യാർത്ഥികളും തൊഴിലാളികളും മാത്രമായി ചുരുങ്ങുന്നു. ഈ രാജ്യങ്ങൾ (പ്രത്യേകിച്ച് യു.എസ്, കാനഡ) Gen-Z കളടങ്ങുന്ന കുടിയേറ്റക്കാരെ വ്യക്തികളായി കാണാൻ താല്പര്യപ്പെടുന്നില്ല; മറിച്ച് തങ്ങൾക്ക് പല രൂപത്തിൽ പണമെത്തിക്കുന്ന ചരക്കുകളായാണ്. അല്ലെങ്കിലും മനുഷ്യരെ ഇരിപ്പിടമാക്കുന്ന ലോകത്ത് ‘വ്യക്തി’ എന്നതിന് എന്ത് പ്രസക്തിയാണുള്ളത്?
മധ്യവയസ്ക്കരായ എന്റെ മാതാപിതാക്കൾ, പണ്ടെഴുതിയിരുന്നതായും പാടിയിരുന്നതായുമൊക്കെ പലപ്പോഴും പറയാറുണ്ട്. പണ്ട്, തങ്ങൾ അതൊക്കെ ചെയ്തിരുന്നുവെന്ന കാര്യം പോലും അവർ മറന്നിരിക്കുന്നു. അതിരുകൾക്ക് കനം കൂടുന്ന, നിർമ്മിതബുദ്ധിക്ക് (Artificial Intelligence) മനുഷ്യബുദ്ധിയെക്കാളും ചെലവ് കുറവാണെന്ന് വാദിക്കുന്ന ഈ കാലത്ത് വിഹരിക്കുന്ന ഞങ്ങൾ, അവരുടെ പ്രായമെത്തുമ്പോൾ, മനുഷ്യനാണെന്ന സത്യം തന്നെയാകും മറക്കുക.
(അടുത്ത പാക്കറ്റിൽ തുടരും)
