നിയമവ്യവസ്ഥയുടെ അയവും ദുരുപയോഗവും, നീതിപാലനത്തിലെ അപര്യാപ്തത, ഇവയ്ക്കുമേലുള്ള രാഷ്ട്രീയ സ്വാധീനങ്ങൾ- ഇവയൊക്കെക്കൂടി കേരളത്തിലെ കുട്ടികളെ അക്രമികളാക്കി വളർത്തിക്കൊണ്ടുവരികയാണ്. പേരൻ്റിങ്ങ് എന്ന ഉത്തരവാദിത്തം തീരെ ഏറ്റുടുക്കാൻ തയാറാകാത്ത മാതാപിതാക്കളും ഇതിൽ പങ്കുചേരുന്നു.
‘ക്രിമിനൽ ബോയ്സ്’ (മഞ്ഞുമ്മൽ ബോയ്സ് എന്നത് ഐറണി) എന്ന സിനിമയെടുക്കുന്ന ക്രിയാപദ്ധതി പോലെയാണ് തലമുറ തീർത്തും വിനാശത്തിലേക്ക് പതിക്കുന്നത്. ഇന്നത്തെ വ്യവസ്ഥ നിർമിച്ചവർ ഉത്തരവാദികളാണിതിൽ. കൊടും ക്രിമിനലുകളായവരെ പരീക്ഷയെഴുതിപ്പിച്ച് പാസാക്കി ഉടൻ സമൂഹത്തിൽ ഉൾച്ചേർക്കണമെന്നാണ് ഇതൊക്കെ തീർപ്പാക്കുന്ന ഓഫീസുകളിലെ ഉന്നതകുലജാതർ വിശ്വസിക്കുന്നത്. അവർ എത്രമാത്രം അപകടകാരികളായിക്കഴിഞ്ഞിരിക്കുന്നു എന്ന് ഇവർക്ക് യാതൊരു ബോദ്ധ്യവും വന്നുകഴിഞ്ഞിട്ടില്ല. അല്ലെങ്കിൽ തങ്ങളുടെ കെടുകാര്യസ്ഥത ചരിത്രത്തിൻ്റെ അവശേഷിപ്പാണെന്ന ബോധത്താൽ അവരെ ഉൾച്ചേർക്കാൻ വെമ്പുകയാണ്.

ഒരു കുട്ടിയും അക്രമിയായി ജനിക്കുന്നില്ല. അക്രമാസക്തി ജനിതകപരമായി ലഭിച്ചേക്കാമെങ്കിലും സാഹചര്യങ്ങൾക്ക് അതിൽ വലിയ പങ്കുണ്ട്. ചെറുപ്പത്തിൽ ലൈംഗികമോ അല്ലാതെയോ ഉള്ള പീഡനങ്ങളേറ്റവർ, ഹിംസ ചെയ്യുന്നവരുടെ ഇടയ്ക്ക് വളരേണ്ടിവന്നവർ ഒക്കെ പിന്നീട് ക്രിമിനൽ പെരുമാറ്റങ്ങളിലേക്ക് തെന്നി നീങ്ങുന്നതിനെ സ്വാധീനിക്കുന്നു എന്നതിന് തെളിവുകളുണ്ട്. സിനിമ, വീഡിയോ ഗെയ്മുകൾ തുടങ്ങിയവ മറ്റ് സ്വാധീനങ്ങളാണ്. കർശന നിയമങ്ങൾക്കേ ഇതിന് തടയിടാൻ സാധിക്കൂ. പക്ഷേ അങ്ങോട്ടാണോ നമ്മുടെ നീക്കം?
അതിരുകടന്ന രാഷ്ട്രീയ ഇടപെടലുകൾ, അതിൽ നീതിയോ വിവേകവിചാരമോ തൊട്ടുതേച്ചിട്ടില്ലാത്ത വ്യവഹാരങ്ങൾ, സമൂഹനീതിയെ അട്ടിമറിയ്ക്കാൻ പോന്നതാണെന്ന് കുട്ടികൾ മനസ്സിലാക്കികഴിഞ്ഞിരിക്കുന്നു.
കുട്ടികളുടെ തെറ്റോ?
കുട്ടികളുടെ സ്വഭാവങ്ങളിൽ വന്ന മാറ്റത്തെക്കുറിച്ച് അദ്ധ്യാപകർ വാചാലരാകാറുണ്ട്. അനുസരണയില്ലായ്മ, തട്ടിക്കേറുന്ന രീതി, അക്രമത്തിലേക്ക് വഴിമാറിയേക്കാവുന്ന പെരുമാറ്റങ്ങൾ, ലഹരി ഉപയോഗം ഇതൊക്കെ സ്ഥിരം കേൾക്കുന്ന ആവലാതികളാണ്. ചുറ്റുപാടുമുള്ള സത്യങ്ങളെന്തെന്ന് മനസ്സിലാക്കി വരുന്ന പ്രായം, അത് പെട്ടെന്ന് ഉൾക്കൊള്ളുന്ന, ഉണർവ്വുള്ള തലച്ചോറാണ് അവരുടേത്. നീതിയെക്കുറിച്ഛ് അവർ വാചാലരാകുന്നില്ലെങ്കിലും അതിൻ്റെ നടത്തിപ്പിനെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചവരാണവർ.
കഴിഞ്ഞ കുറേ വർഷങ്ങളായി കേരളീയ സമൂഹത്തിലും വ്യവസ്ഥകളിലും രാഷ്ട്രീയ പെരുമാറ്റങ്ങളിലും വന്ന മാറ്റങ്ങൾ വ്യക്തിയെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നത് കുട്ടികളുടെ മാനസികനിലയിലുള്ള മാറ്റത്തെക്കുറിച്ച് പഠിക്കുമ്പോൾ സംഗതമാണ്. അതിരുകടന്ന രാഷ്ട്രീയ ഇടപെടലുകൾ, അതിൽ നീതിയോ വിവേകവിചാരമോ തൊട്ടുതേച്ചിട്ടില്ലാത്ത വ്യവഹാരങ്ങൾ, സമൂഹനീതിയെ അട്ടിമറിയ്ക്കാൻ പോന്നതാണെന്ന് കുട്ടികൾ മനസ്സിലാക്കികഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ വ്യവസ്ഥയിൽ വന്ന അപചയങ്ങൾ അവരുടെ മാനസികനിലയിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതമില്ല.
ഇതോടൊപ്പം ലോകവുമായുള്ള സമ്പർക്കത്തിൽ വന്ന വൻ മാറ്റങ്ങൾ -ഇന്റർനെറ്റ് ഉപയോഗം, ഡാറ്റായുടെ ലഭ്യത, പാശ്ചാത്യ സംസ്കാരവുമായുള്ള അടുത്ത ഇടപഴകലുകൾ എന്നിവയൊക്കെ തികച്ചും വ്യത്യസ്തമായ മനോനിലകളാണ് ഉരുത്തിരിയാൻ ഇടവരുത്തിയത്. സൂക്ഷ്മബുദ്ധി പെട്ടെന്ന് വികസിച്ച കുട്ടികൾ മുതിർന്നവരുടെ കള്ളക്കളികൾ എളുപ്പം മനസ്സിലാക്കുന്നു, അവരുടെ തനിമയേയും ദുർബ്ബലമായിത്തുടങ്ങിയ ആന്തരികശക്തിയേയും ചോദ്യം ചെയ്യാൻ തെല്ലും മടി കാണിയ്ക്കുന്നുമില്ല.

വിദ്യാഭ്യാസരംഗത്തെ മൂല്യശോഷണം കുട്ടികൾക്ക് അറിയായ്കയല്ല. പണം കൊടുത്ത് ജോലി വാങ്ങുക എന്ന വിചിത്ര പ്രതിഭാസം കേരളത്തിലാണ് ഏറ്റവും കൂടുതലായി കാണുന്നത്. കഴിവിനോ ഉൽകൃഷ്ടതയ്ക്കോ പ്രാധാന്യമില്ലാതാകുക എന്നത് ഉദാസീനതയ്ക്ക് ബലമേറ്റുന്നതാണ്. സ്വാധീനം (പണമോ രാഷ്ട്രീയ പിടിപാടുകളോ) കൊണ്ടുമാത്രം പദവികൾ നേടുക എന്നത് കുട്ടികൾക്ക് അറിവില്ല എന്ന് വിചാരിച്ചാൽ മൗഢ്യമാണ്. മന്ത്രിമാർ പോലും പദവികൾ നേടാൻ ഒരുകാലത്ത് ഇത് ഉപയോഗിച്ചിരുന്നു എന്ന കഥകൾ ജീവിതശൈലിയുടെ ഭാഗമായി കണക്കാക്കി തള്ളിക്കളയുന്നത്, മൂല്യങ്ങളിൽ വിശ്വസിക്കേണ്ടതില്ല എന്ന പാഠം വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുക്കുന്നതിനു തുല്യമാണ്. അതതു കാലത്തെ ഭരണം കയ്യാളുന്നവരുടെ, രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ മാത്രം പദവികൾ നിശ്ചയിക്കപ്പെടുന്നത് പല രാജ്യങ്ങളിൽ നടപ്പിലുണ്ട്. എങ്കിലും അത് ഏറ്റവും രൂക്ഷതരമായി പ്രാവർത്തികമാകുന്നത് കേരളത്തിൽ തന്നെ. ആദർശങ്ങളിലും ബഹുമൂല്യതയിലുമുള്ള ഇത്തരം ശോഷണങ്ങൾ കുട്ടികളെ റിബെൽ ആക്കി മാറ്റിയെങ്കിൽ അതിൽ അത്ഭുതമില്ല.
നീതിയുക്തമായ വിചാരണയും ശിക്ഷാവിധികളും ഉറപ്പുവരുത്തുന്ന സമൂഹത്തിൽ മാത്രമേ കുറ്റകൃത്യങ്ങൾ കുറഞ്ഞ തോതിൽ പ്രാവർത്തികമാകാറുള്ളൂ.
നിയമങ്ങളെ അനുസരിക്കണമോ?
ആരുടെ നിയമം?
മേൽച്ചൊന്ന ഘടകങ്ങൾ നിയമങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ ഉപയുക്തമാകുകയാണ്, ചെറുപ്രായത്തിൽത്തന്നെ ഇതിൻ്റെ അനുരണങ്ങൾ മനസ്സിലായിത്തുടങ്ങുന്നതിനാൽ. ഒരു ചെയ്തിയ്ക്ക് അനന്തരഫലമോ പ്രത്യാഘാതമോ (consequence) ഉണ്ടാകും എന്ന് കുട്ടികൾ പഠിച്ചെടുക്കുന്നില്ല, ഇതിനു കാരണം അവർക്ക് കിട്ടിയ പാഠങ്ങളിലൊന്നും ഈ വകുപ്പ് ഉൾപ്പെടുത്തപ്പെടുന്നില്ല എന്നതിനാൽത്തന്നെയാണ്. സ്വാധീനം കൊണ്ട് രക്ഷപ്പെടുന്ന രീതിയും നീതിയും അവർക്ക് സുപരിചിതമായിക്കഴിഞ്ഞാൽ സർവ്വസ്വാതന്ത്ര്യവും കൈവശമാണ് എന്ന് നേരത്തെ അവർ അറിയുന്നു. കാമ്പസുകളിലെ അതിക്രമങ്ങൾ പലതും ഈ സ്വാതന്ത്ര്യബോധത്തിൻ്റെ ബാക്കിപത്രമാണ്. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണത്തിനു കാരണക്കാരായ വിദ്യർത്ഥികൾ യാതൊരു ശിക്ഷയുമേൽക്കാതെ വീണ്ടും കാമ്പസ്സിൽ എത്തിയതിലൂടെ, പ്രത്യാഘാതമില്ലാതെ കൊലപാതകം വരെ ചെയ്യാം എന്ന് ഉറപ്പ് നൽകപ്പെടുകയാണ്. ഷഹബാസിൻ്റെ കൊലപാതകത്തിൽ പങ്കെടുത്ത ഒരു കുട്ടിയുടെ വിചാരം, കൂട്ടത്തല്ലാണെങ്കിൽ പോലീസ് ആർക്കുമെതിരെ കേസെടുക്കില്ല എന്നായിരുന്നു.

നീതിയുക്തമായ വിചാരണയും ശിക്ഷാവിധികളും ഉറപ്പുവരുത്തുന്ന സമൂഹത്തിൽ മാത്രമേ കുറ്റകൃത്യങ്ങൾ കുറഞ്ഞ തോതിൽ പ്രാവർത്തികമാകാറുള്ളൂ. ഈ പഴുതിലൂടെയാണ് കുട്ടികളുടെ അക്രമാസക്തയുടെ വേരുകൾ ആഴത്തിൽ പടരുന്നത്. നിയമങ്ങളുണ്ടെന്നുതന്നെ അറിയാത്തവരാണവർ എന്നതിൻ്റെ ഉത്തരവാദിത്തം നിയമങ്ങൾ പാലിക്കേണ്ടതില്ല എന്ന വ്യവസ്ഥയുണ്ടാക്കിയ മുതിർന്നവരിലാണ്.
അമിത മദ്യപാനികളായ മലയാളികൾക്ക് സ്വന്തം കുട്ടികൾക്ക് ലഹരിയ്ക്കെതിരെ ഉപദേശം കൊടുക്കുന്നത് ഫലവത്തല്ല എന്നത് കൃത്യമായറിയാം.
സിനിമ, വീഡിയോ ഗെയിം, ലഹരി
ഹിംസയും ക്രൂരതയും ദൃശ്യപ്പെടുത്തുന്ന സിനിമകളും വീഡിയോ ഗെയ്മുകളും വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് പരക്കേ വിശ്വാസമുണ്ട്. ഇത് ശരിയാണുതാനും. ഹിംസയുടെ കാഴ്ച്ച അത് ചെയ്യാൻ പ്രചോദിപ്പിക്കുന്നു എന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്. ഇന്ന് വിപണി മൂല്യം കൂട്ടാൻ ഹിംസയും കൊടുംക്രൂരതാദൃശ്യങ്ങളും സിനിമകളിൽ ഉപയോഗിക്കുന്നുണ്ട്, അത് ജീവിതശൈലിയുടെ ഒരു ഭാഗം മാത്രം എന്ന് സ്ഥാപിച്ചെടുക്കാൻ പല സിനിമകളും ശ്രമിക്കുന്നുമുണ്ട്. കഴിഞ്ഞവർഷം ഇറങ്ങിയ RDX എന്ന മലയാള സിനിമയിൽ ഹിംസ മാത്രമേ ഹിംസയ്ക്ക് ബദലായുള്ളൂ, പോലീസിന് യാതൊരു കാര്യവുമില്ല എന്ന് കൃത്യമായി സ്ഥാപിച്ചെടുക്കുകയാണ്. സിനിമ തീരുന്നത് എല്ലാ വിദ്യാർത്ഥികളും കരാട്ടേയും മറ്റ് ഹിംസാമാർഗ്ഗങ്ങളും പഠിച്ചെടുക്കണമെന്ന് കൃത്യമായി ബോധിപ്പിച്ചുകൊണ്ടാണ്. ഒരു പെൺകുട്ടിയും ഇതിൽ ചേരുന്നുണ്ട്. ക്രൂരതയേയും കരാളമായ ഹിംസയെയും സാമാന്യവൽക്കരിക്കാൻ ശ്രമിക്കുന്നത് കുട്ടികളിൽ ആഴത്തിൽ പതിഞ്ഞേക്കാം, പ്രത്യേകിച്ച് സിനിമയിലെ ജീവിതം യാഥാർത്ഥ്യത്തിൻ്റേതാണെന്ന് വിശ്വസിച്ചുപോകുന്ന പ്രായത്തിൽ.
ലഹരി ഉപയോഗം കൂടിയിട്ടുണ്ട്, പക്ഷേ അക്രമങ്ങൾക്ക് അതിൽ എത്രമാത്രം പങ്കുണ്ട് എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. അമിത മദ്യപാനികളായ മലയാളികൾക്ക് സ്വന്തം കുട്ടികൾക്ക് ലഹരിയ്ക്കെതിരെ ഉപദേശം കൊടുക്കുന്നത് ഫലവത്തല്ല എന്നത് കൃത്യമായറിയാം. നമ്മുടെ നാട്ടിലെ അക്രമപ്രവർത്തനങ്ങൾക്ക് സിനിമയോ ലഹരിയോ എത്രമാത്രം കാരണമാകുന്നു എന്ന് ചോദിച്ച് ചിന്താപദ്ധതികൾ നവീകരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ഹിംസാസിനിമകൾ പ്രചാരത്തിലെത്തുന്നതിനു മുൻപ്, നേരത്തെ തന്നെ കാമ്പസുകളിൽ രണ്ട് പാർട്ടി അനുഭാവികൾ തമ്മിൽ ഏറ്റുമുട്ടാറുണ്ടായിരുന്നു. ജനാധിപത്യം എന്ന സുന്ദരപദത്തിൻ്റെ മാധുര്യത്തിൽ അലിയിച്ച് ഇത് ഉദാരവൽക്കരിക്കപ്പെട്ടു. ക്രമസമാധാനം പാലിയ്ക്കുന്നതിലെ അപാകതയാണെന്ന് സമ്മതിക്കാൻ തയാറായില്ല സമൂഹം. മറ്റ് രാജ്യങ്ങളിൽ; അമേരിക്കയിലോ ഗൾഫ് രാജ്യങ്ങളിലോ, ഇത്തരം ഏറ്റുമുട്ടലുകൾ ഗണ്യമായി കുറവാണ്. കാരണം, നിശിതമായ നിയമങ്ങൾ നടപ്പിൽ വരുത്തുന്നു എന്നതുതന്നെ. സംഘട്ടനങ്ങൾ തുടങ്ങാനിരിക്കവേ തന്നെ പോലീസിനെ വിളിയ്ക്കാൻ സൗകര്യവും സ്വാതന്ത്ര്യവും അത്തരം രാജ്യങ്ങളിലുണ്ട്. പോലീസ് വരികയും അതിനു തടയിടുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് കഠിനശിക്ഷയും ഇതോടൊപ്പം നടപ്പാക്കും.
ഷഹബാസ് കൊലക്കേസിലെ പ്രതികളിൽ ഒരു കുട്ടിയുടെ അച്ഛൻ പോലീസാണ് എന്നൊരു കേൾവിയുണ്ട്. എന്നുവെച്ചാൽ നീതിപാലനവ്യവസ്ഥയിൽ സ്വാധീനമുണ്ടെന്നും സ്വന്തം മകന് എന്ത് അക്രമം കാണിക്കാനും സ്വതന്ത്ര്യവുമുണ്ടെന്നർത്ഥം.
ഈയിടെ നടന്ന പല ക്രൂരതകൾക്കും സംഘട്ടനങ്ങൾക്കും പോലീസ് ഇടപെടലുകൾ തുലോം വിരളമായിരുന്നു എന്ന് നമുക്കറിയാം. പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥനെ ക്രൂരമായി പീഡിപ്പിച്ചത് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കെല്ലാം അറിവുള്ളതായിരുന്നു, പക്ഷേ പോലീസിനെ വിളിയ്ക്കാൻ പേടിയായിരുന്നത്രെ. കോട്ടയത്തെ റാഗിങ്ങ് കേസിലും ഇത് ആവർത്തിച്ചു. റാഗിങ്ങ് ഇതുവരെ നിർത്തലാക്കാൻ സാധിയ്ക്കാത്തത് ഉചിതശിക്ഷ നടപ്പാക്കാത്തതിനാലാണ്. പോലീസിൻ്റെ നീതിയും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴച്ച് മനുഷ്യജീവനെ നിസ്സാരവൽക്കരിക്കുന്ന ഈ സാമൂഹ്യനീതി നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾ അക്രമാസക്കതരായി വിരാജിക്കും.

ഷഹബാസ് കൊലക്കേസിലെ പ്രതികളിൽ ഒരു കുട്ടിയുടെ അച്ഛൻ പോലീസാണ് എന്നൊരു കേൾവിയുണ്ട്. എന്നുവെച്ചാൽ നീതിപാലനവ്യവസ്ഥയിൽ സ്വാധീനമുണ്ടെന്നും സ്വന്തം മകന് എന്ത് അക്രമം കാണിക്കാനും സ്വതന്ത്ര്യവുമുണ്ടെന്നർത്ഥം. അത് വലിയ ഒരു ഐറണിയാണെന്ന് നമ്മൾ നിരീക്ഷിക്കുന്നതേയില്ല. നിയമസംരക്ഷകാനേണ്ട പോലീസ് അക്രമത്തിനു കൂട്ടുനിൽക്കുക എന്നത്, വളരെ വിശാലവും ആഴത്തിൽ വേരോടിയതുമായ ഒരു പ്രശ്നമാണ്. ഇത് അത്ര പെട്ടെന്ന് കുരുക്കഴിച്ചെടുക്കാൻ സാദ്ധ്യമല്ല.
പോലീസിനേയും അനുബന്ധ വ്യവസ്ഥകളെയും രാഷ്ട്രീയവൽക്കരിച്ച ചരിത്രമുള്ള നമുക്ക് ഇനി കുട്ടികൾ അക്രമത്തിനുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെ തടുക്കാനാവില്ല. മാധ്യമപ്രവർത്തകരുടെ സെൻസേഷണലിസം മാഞ്ഞുകഴിഞ്ഞാൽ മറന്നുപോകുന്നു, പ്രതികൾ സ്വൈര്യം വിഹരിക്കുന്നു എന്ന കാര്യം. രാഷ്ട്രീയസ്വാധീനം എന്നത് അതീവബലമുള്ള വലക്കണ്ണികളായി സമൂഹത്തെ വരിഞ്ഞ് കെണിയിലാക്കിയിരിക്കുന്നു. സിനിമ കണ്ടിട്ട്, അല്ലെങ്കിൽ ലഹരി ഉപയോഗിച്ചിട്ട് കുട്ടികൾ അക്രമാസക്തരാകുന്നു എന്ന ലളിതയുക്തി സ്വീകരിക്കുന്നതാണ് എളുപ്പം. പ്രശ്നം സങ്കീർണ്ണമാണ്, നമ്മൾ ഇത് തിരിച്ചറിഞ്ഞിട്ടില്ല. ഏറെ നാളത്തെ ജീർണ്ണതയുടേയും കെടുകാര്യസ്ഥതയുടേയും പരിണിതഫലമാണ്, കുട്ടികളുടെ തെറ്റായി മാറപ്പെടുന്നത്. രാഷ്ട്രീയസ്വാധീനവും വഴിവിട്ട പോലീസ് സഹായവും ഇല്ലാത്തവർ തൽക്കാലം കുട്ടികൾക്ക് അറിവു കൊടുക്കുക; പ്രത്യാഘാതം (consequence) ഉണ്ടാകും അവരുടെ ദുഷ്പ്രവർത്തികൾക്ക് എന്ന്.