ഭരണകൂടത്തിന്റെ തൊപ്പിപ്പേടി

തൊപ്പിയെ പാതിരാത്രി വാതില്‍ ചവിട്ടിപ്പൊളിച്ച്​ പിടിച്ചുകൊണ്ടുപോകുന്ന യുക്തി നിങ്ങള്‍ക്ക് സ്വീകാര്യമാകുന്നത്, അതിലെ ഭരണകൂട ശുദ്ധീകരണയുക്തിയില്‍ സന്ദേഹമില്ലാത്തതുകൊണ്ടാണ്.

'തൊപ്പി'യെ വീട്ടില്‍ കയറി, കതകു ചവിട്ടിപ്പൊളിച്ച് പാതിര കഴിഞ്ഞ നേരത്ത് പിടികൂടേണ്ട തരത്തിലുള്ള അത്യാപത്ത് എന്താണെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്, ഒരുപക്ഷെ അയാള്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും രാഷ്ട്രീയശരിയുള്ള, ആ പൊലീസ് അറസ്റ്റിന്റെ സമയത്തുള്ള ദൃശ്യത്തില്‍ പറഞ്ഞ വാക്കാണ്, 'അവസ്ഥ'.
ഈ അവസ്ഥ എന്താണെന്ന് പൊലീസും ഭരണകൂടവും മനസിലാക്കുന്നത് എങ്ങനെയാണെന്നത് ആ അറസ്റ്റിലൂടെ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നുമുണ്ട്. അത്, പൊതുസമൂഹത്തിനു മുകളിലുള്ള നാനാവിധ അധികാരപ്രയോഗങ്ങളുടെ ചട്ടക്കൂടുകള്‍ ദുര്‍ബ്ബലമാകുമ്പോള്‍, അതിനെ ഉറപ്പിച്ചുനിര്‍ത്താന്‍ ഭരണകൂടവും സമാനമായ അധികാരപ്രയോഗങ്ങള്‍ സൂക്ഷ്മമായി സാമൂഹ്യവ്യവഹാരങ്ങളിലടക്കം ഉള്‍ച്ചേര്‍ക്കുന്ന മറ്റ് അധികാരസ്ഥാപനങ്ങളും നടത്തുന്ന ഹിംസയുടെ അടിയന്തരപ്രയോഗമാണ്. അത് ഭരണകൂടത്തിന്റെ നേരിട്ടുള്ള മര്‍ദ്ദക സംവിധാനങ്ങളുപയോഗിച്ച്​ നടത്തുന്ന ഒന്നു മാത്രമാകില്ല, നാനാവിധത്തിലുള്ള, സമാനമായ താത്പര്യങ്ങള്‍ പല രൂപത്തില്‍ കയ്യാളുന്ന പ്രത്യയശാസ്ത്ര സമുച്ചയത്തിലെ പല ഘടകങ്ങളെയും ഉപയോഗിച്ച്​ നിരന്തരം നടത്തുന്ന ഒരു പരിപാടിയുടെ ഭാഗമായിട്ടും വരാം.

തൊപ്പിയുടെ അറസ്റ്റ്, അതിന്റെ ഉപരിപ്ലവമായ രൂപത്തില്‍, അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തുടങ്ങിയ ചില നിയമവിരുദ്ധ സംഗതികളുടെ പേരിലെടുത്ത നിയമനടപടിയായി മാത്രം കാണാം. അത് നടപ്പാക്കുമ്പോള്‍ കേരളത്തിലെ പൊലീസ് സാമാന്യമായി ചെയ്യുന്ന പോലെ, ഏറ്റവും മോശം രീതിയിലും, പൗരാവകാശ ലംഘനത്തിന്റെയും പൊലീസ് രാജിന്റെയും സ്വഭാവങ്ങളുള്ള രീതിയിലും നടത്തി എന്ന വിമര്‍ശനം പരമാവധി ഉന്നയിച്ച്​ അവസാനിപ്പിക്കാവുന്ന ഒരു വിഷയമായും അതിനെക്കാണാം.

എന്നാല്‍, പിറ്റേന്നു രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞാല്‍, അതനുസരിച്ച് തുടര്‍നടപടിയെടുക്കാവുന്നൊരു സംഭവത്തില്‍ ഭരണകൂടം അതിന്റെ ശക്തിപ്രകടനം നടത്തുന്നത്, അത് നേരിടുന്ന ഭീഷണി കൊണ്ടാണ്. അത് തൊപ്പി മഹാനായതുകൊണ്ടല്ല, അയാള്‍ ഭരണകൂടവും അതിനൊപ്പമുള്ള പ്രത്യയശാസ്ത്ര സമുച്ചയവും ഉണ്ടാക്കിവെച്ചിട്ടുള്ള സാമൂഹ്യ- രാഷ്ട്രീയ ക്രമത്തിന് പുറത്തേക്കുള്ള ഒരു വ്യവഹാരലോകം തുറക്കുന്നു എന്നതു കൊണ്ടാണ്. അതിലെ സന്മാര്‍ഗം, സദാചാരം ഇതൊന്നുമല്ല പ്രശ്നം, അത് നിലവിലെ സമൂഹത്തിന്റെ എടുപ്പുകെട്ടുകളെ ദുര്‍ബലമാക്കാനുള്ള സാദ്ധ്യതകള്‍ ഉള്‍ക്കൊള്ളുന്നു എന്നതുകൊണ്ടാണ്.

രാഷ്ട്രീയാധികാരഘടനയെ സാധ്യമാക്കുന്ന സാമൂഹ്യഘടനകളും സ്ഥാപനങ്ങളും അവയുണ്ടാക്കുന്ന പൊതുബോധ നിര്‍മ്മിതിയും വെല്ലുവിളികള്‍ നേരിടുകയോ, ദുര്‍ബ്ബലമാവുകയോ ചെയ്യുമ്പോഴൊക്കെ ഭരണകൂടം അതിന്റെ ഹിംസാത്മകമായ അടിച്ചമര്‍ത്തല്‍ശേഷി പുറത്തെടുക്കും.

ഭരണകൂടം എന്നത് നാം സാമാന്യാര്‍ത്ഥത്തില്‍ വ്യവഹരിക്കുന്നപോലെ രാഷ്ട്രീയ ഭരണാധികാരം കയ്യാളുന്ന സംവിധാനം മാത്രമല്ല. അത് രാഷ്ട്രീയാധികാരത്തിന്റെ വര്‍ഗ്ഗസ്വഭാവത്തെയും താത്പര്യങ്ങളെയും സാധ്യമാക്കുന്ന തരത്തിലുള്ള പൊതുബോധത്തെയും അധികാര ഘടനയെയും സൃഷ്ടിക്കുന്ന, സാമൂഹ്യഘടനയെ ബാധിക്കുന്ന, സ്ഥൂലവും സൂക്ഷ്മവുമായ അനേകം ബന്ധങ്ങള്‍ കൂടിയാണ്. അതിനുവേണ്ടി രൂപപ്പെട്ട നിരവധിയായ സ്ഥാപനങ്ങള്‍ കൂടിയാണ്. ഇവയെല്ലാം ചേരുമ്പോഴാണ് ഭരണകൂടത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയാധികാരരൂപത്തിന് അതിന്റെ സവിശേഷ സ്വഭാവങ്ങളോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയാധികാരഘടനയെ സാധ്യമാക്കുന്ന സാമൂഹ്യഘടനകളും സ്ഥാപനങ്ങളും അവയുണ്ടാക്കുന്ന പൊതുബോധ നിര്‍മ്മിതിയും വെല്ലുവിളികള്‍ നേരിടുകയോ, ദുര്‍ബ്ബലമാവുകയോ ചെയ്യുമ്പോഴൊക്കെ ഭരണകൂടം അതിന്റെ ഹിംസാത്മകമായ അടിച്ചമര്‍ത്തല്‍ശേഷി പുറത്തെടുക്കുകയും അതിനെ താങ്ങിനിര്‍ത്തുകയും ചെയ്യും. ഇത് വാസ്തവത്തില്‍ ഒരു പരോപകാര പ്രക്രിയയല്ല, ഭരണകൂടം അതിന്റെ തന്നെ നിലനില്‍പ്പിനെ സാധ്യമാക്കുന്ന ഏറ്റവും അവിഭാജ്യമായൊരു ഘടകത്തെ സംരക്ഷിക്കുകയും ഉറപ്പിച്ചുനിര്‍ത്തുകയുമാണ്.

എങ്ങനെയൊക്കെയാണ് മനുഷ്യര്‍ ജീവിക്കേണ്ടത് എന്നതിന് ഭരണകൂടമേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മനുഷ്യര്‍ പരസ്പരം ഹിംസാത്മകമായ അവകാശ നിഷേധങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്നതിനപ്പുറം, പൊതുസമൂഹത്തിന്റെയും വ്യക്തികളുടേയും സാമൂഹ്യാസ്തിത്വത്തെയും വ്യക്തി എന്ന നിലയിലുള്ള സ്വാതന്ത്ര്യത്തെയും രൂപപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഒന്നായി മാറുന്നതാണ്, ഭരണകൂടാധികാരം ഒരു സ്വതന്ത്ര സമൂഹത്തിന്റെ സാധ്യതകള്‍ക്കുമേല്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് ഏറിയും കുറഞ്ഞും എല്ലാ സമൂഹങ്ങളിലും അധികാരഘടനകളിലും ലോകത്തെല്ലായിടത്തും നിലനില്‍ക്കുന്നു എന്നതൊരു വസ്തുതയാണ്. എന്നാല്‍ അത്തരം ഭരണകൂട പ്രയോഗങ്ങളെ ഏറ്റവും കുറച്ചുകൊണ്ടുവരികയും സമൂഹത്തെയും വ്യക്തികളേയും തങ്ങളുടേതായ സ്വതന്ത്രമായ ലോകങ്ങള്‍ കണ്ടെത്താന്‍ സാധ്യമാകുന്ന അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് വേണ്ടത്. സ്വതന്ത്രമായ സമൂഹം, വ്യക്തി എന്നിവയൊക്കെ ഉത്പാദന, വിതരണ ബന്ധങ്ങളെയും സമ്പത്തിന്റെ കേന്ദ്രീകരണ-വിതരണത്തെയും രാഷ്ട്രീയാധികാര ഘടനകളെയുമൊക്കെ ആശ്രയിച്ചുമാത്രം വിശകലനം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. കേവലമായ, പരാശ്രിതമല്ലാത്ത തനിമയാര്‍ന്ന സ്വാതന്ത്ര്യം എന്ന സങ്കല്പനം സാധ്യമല്ല. എന്നാല്‍, സ്വതന്ത്രനായ മനുഷ്യന്‍ എന്ന സാധ്യതയെ തടസപ്പെടുത്തുകയും അതിനെ നിരാകരിക്കുകയും ഹനിക്കുകയും ചെയ്യുന്ന ഏതു ശ്രമത്തെയും തിരിച്ചറിയാനും എതിര്‍ക്കാനും കഴിഞ്ഞില്ലെങ്കില്‍ അത്തരമൊരു സാധ്യതയിലേക്കുള്ള മനുഷ്യന്റെ യാത്രയെ വീണ്ടും ഗതിമുട്ടിക്കുകയായിരിക്കും നാം ചെയ്യുന്നത്.

തൊപ്പി വ്യവഹരിച്ച ലോകം പുതിയ ലോകവും നിലവിലെ സാമൂഹ്യസമ്പ്രദായത്തെ വെല്ലുവിളിക്കുന്ന ഒരു കലാപവുമൊന്നുമായി മാറിയില്ലെങ്കിലും അതിനുള്ള സാധ്യതകളുടെ മേഘച്ഛായകള്‍ അതിലുണ്ട്

തൊപ്പി കുട്ടികളെ വഴിതെറ്റിക്കുന്നു, സദാചാര ലംഘനം നടത്തുന്നു എന്നൊക്കെയുള്ള ആരോപണങ്ങള്‍ അതിന്റെ പുറംതോടിനപ്പുറം നമ്മള്‍ നിശ്ചയിച്ചുവെച്ച രീതികളില്‍ നിന്നു മാറി പുതിയൊരു സദാചാരപ്രശ്‌നം ഉണ്ടാകുന്നു എന്നാണ്. ഇതിലാകട്ടെ 'കുട്ടികള്‍' വലിയൊരു ഘടകമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഭരണകൂടത്തെയും പൊതുസമൂഹത്തിന്റെ പ്രബലബോധത്തെയുമൊക്കെ വല്ലാതെ ആകുലപ്പെടുത്തുന്ന ഒരു കാര്യമാണത്. സാമാന്യമായി പരസ്പരം ഗുസ്തി പിടിക്കാത്ത രണ്ട് രീതികളിലൂടെയാണ് കുട്ടികള്‍ നമ്മുടെ സമൂഹത്തില്‍ വളര്‍ത്തപ്പെടുന്നത്. ഒന്ന് ഭരണകൂടം നിശ്ചയിക്കുന്ന വിധേയരായ മനുഷ്യരുടെ സമൂഹത്തിലേക്കുള്ള പാകപ്പെടല്‍. മറ്റൊന്ന് നേരിട്ട് രാഷ്ട്രീയാധികാരത്തിലില്ലാത്ത മത, സാമുദായിക സംഘങ്ങള്‍ നടത്തുന്ന സാമ്പ്രദായിക മത, സാമൂഹ്യ രീതികളിലേക്കുള്ള പാകപ്പെടല്‍. ഇത് രണ്ടിനുമപ്പുറം മറ്റൊരു ലോകം മനുഷ്യര്‍ക്കുണ്ടാകുന്നത് ഭരണകൂടത്തെ, അതിന്റെ എല്ലാ പ്രത്യയശാസ്ത്ര സമുച്ചയങ്ങളെയും, വിറളിപിടിപ്പിക്കും.

തൊപ്പി വ്യവഹരിച്ച ലോകം അത്തരത്തിലൊരു പുതിയ ലോകവും നിലവിലെ സാമൂഹ്യസമ്പ്രദായത്തെ വെല്ലുവിളിക്കുന്ന ഒരു കലാപവുമൊന്നുമായി മാറിയില്ലെങ്കിലും അതിനുള്ള സാധ്യതകളുടെ മേഘച്ഛായകള്‍ അതിലുണ്ട് എന്ന് വളരെ സ്വാഭാവികമായും ഒരു അസ്തിത്വാശങ്ക പോലെ ഭരണകൂട സംവിധാനത്തിന് തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടാണ് തെറി പറഞ്ഞു എന്ന കുറ്റത്തിന് ഒരാളെ പാതിരാത്രി കഴിയുമ്പോള്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത്. ആ വാതില്‍ വേഗം പൊളിഞ്ഞില്ലായിരുന്നില്ലെങ്കില്‍ തൊപ്പി പറഞ്ഞതിനേക്കാള്‍ എത്രയോ സമൃദ്ധമായ കഠോപനിഷദ്​ ശ്രുതിവാക്യങ്ങള്‍ പോലീസുകാര്‍ പറഞ്ഞേനെ. കേരളം മുഴുവൻ അവരത് നിത്യമെന്നോണം പറയുന്നുമുണ്ട്. അപ്പോൾ, തെറിയല്ല പ്രശ്‌നം, അത് നടപ്പുഭരണിപ്പാട്ടുകളുടെ പുറത്തുനില്‍ക്കുന്ന ആളുകള്‍ പറയുന്നു എന്നുള്ളതാണ്.

തങ്ങളുടെ നിലനില്പിനാവശ്യമായ അവശ്യഘടകമാണ് മതങ്ങളെ സംബന്ധിച്ച് കുട്ടികള്‍. ഭരണകൂടത്തിനാകട്ടെ വിധേയന്മാരായ പൊതുസമൂഹത്തെ നിലനിര്‍ത്താന്‍ കുട്ടികളിലൂടെ തുടങ്ങിയേ പറ്റൂ.

കുട്ടികളെ ഭരണകൂടം രൂപപ്പെടുത്തിയെടുക്കുന്ന ഈ വിധേയസമൂഹത്തിലേക്കുള്ള പരിവര്‍ത്തന പാഠശാലയുടെ പുറത്തുപോകുന്നവരെയൊക്കെ ഇങ്ങനെയാണ് കൈകാര്യം ചെയ്യുക. മതവും ഇതുതന്നെയാണ് ചെയ്യുക. അതുകൊണ്ടാണ് നമുക്ക് മതപാഠശാലകള്‍ ഉണ്ടാകുന്നതും അതിനു പുറത്തുനില്‍ക്കുന്നവര്‍ക്കെതിരെ സാമൂഹ്യമായ ഒറ്റപ്പെടുത്തലിന്റെ അധികാര പ്രയോഗങ്ങളുണ്ടാകുന്നതും. ഫാഷിസത്തെപ്പോലെ മതവും കുട്ടികളെയാണ് പിടിക്കുന്നത്. മനുഷ്യന്റെ സ്വാഭാവികമായ ചോദന യുക്തിസഹമായി കാര്യങ്ങളെ കാണുക എന്നതാണ്. ആ യുക്തിയുടെ രാഷ്ട്രീയതയും രീതിശാസ്ത്രവും സാമൂഹ്യമായി വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്. അത്തരത്തിലുള്ള രണ്ടു സാധ്യതകളേയും ചെറുപ്രായത്തില്‍ത്തന്നെ ഇല്ലാതാക്കുമ്പോള്‍ മാത്രമേ മതത്തിന് അതിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്താനാകൂ. അങ്ങനെ തങ്ങളുടെ നിലനില്പിനാവശ്യമായ അവശ്യഘടകമാണ് മതങ്ങളെ സംബന്ധിച്ച് കുട്ടികള്‍. ഭരണകൂടത്തിനാകട്ടെ വിധേയന്മാരായ പൊതുസമൂഹത്തെ നിലനിര്‍ത്താന്‍ കുട്ടികളിലൂടെ തുടങ്ങിയേ പറ്റൂ. അതുകൊണ്ടാണ് തൊപ്പി വഴിക്ക് വഴിതെറ്റുന്ന കുട്ടികള്‍ എന്നത് വലിയൊരു പ്രശ്‌നമായി മാറുന്നത്. തൊപ്പിക്കെതിരെ പരാതി കൊടുത്തവരില്‍ മത, രാഷ്ട്രീയ സംഘങ്ങളൊക്കെയുണ്ടാകുന്നത് അങ്ങനെയാണ്.

തികഞ്ഞ അന്ധവിശ്വാസങ്ങളും ജനാധിപത്യവിരുദ്ധവും അസംബന്ധം നിറഞ്ഞതുമായ മതാചാരവിശ്വാസങ്ങളും കുട്ടികളില്‍ നിറച്ചുകൊടുക്കുന്ന മതപാഠശാലകള്‍, പൊതുസാമൂഹ്യക്രമങ്ങള്‍, അവയുടെ ആഘോഷങ്ങള്‍ എന്നിവയ്ക്കെതിരെയൊന്നും ഭരണകൂടത്തിനോ പൊതുസമൂഹത്തിനോ പ്രശ്‌നങ്ങളൊന്നുമില്ല. സ്വഭാവം നന്നാക്കാനും മതം പഠിപ്പിക്കാനുമൊക്കെയായി മതപാഠശാലയിലേക്കയക്കുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതും കൊല്ലപ്പെടുന്നതും വരെ സ്വാഭാവികമായ കാര്യമായി നമ്മള്‍ സഹിക്കും. അതുകൊണ്ടാണ് കന്യാസ്ത്രീ മഠങ്ങളിൽ എത്ര ആത്മഹത്യകളും കൊലപാതകങ്ങളും നടന്നാലും അതൊന്നും പാതിരാത്രി മഠത്തിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കേണ്ട വിഷയമായി മാറാത്തത്. അതുകൊണ്ടാണ് ഈയടുത്ത് തിരുവനന്തപുരത്തുള്ള ഒരു ഇസ്​ലാമിക മതപാഠശാലയില്‍ അസ്മിയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മതപാഠശാലകളെക്കുറിച്ചുള്ള അന്വേഷണമോ അവയുണ്ടാക്കുന്ന സാമൂഹ്യാഘാതങ്ങളോ ഭരണകൂടത്തിന്റെ ആകുലതയാകാത്തത്. കാരണം അവയെല്ലാം, നേരത്തെപറഞ്ഞ ഭരണകൂടത്തിന്റെ ഭാഗമായ പ്രത്യയശാസ്ത്ര സമുച്ചയത്തിനകത്തെ പരസ്പരപൂരകങ്ങളായ ഘടകങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് മറ്റൊന്നിനെ ദുര്‍ബ്ബലപ്പെടുത്തുന്നില്ല. ആത്യന്തികമായി വിധേയത്വം, സ്വതന്ത്ര മനുഷ്യനോടുള്ള എതിര്‍പ്പ്, മനുഷ്യന്റെ സ്വാതന്ത്ര്യബോധത്തിന് തടയിടാനുള്ള മെരുക്കല്‍ രീതികള്‍, നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള വിധേയത്വവും ബഹുമാനവും പല രൂപത്തില്‍ ആചരിക്കല്‍ എന്നിവക്കെല്ലാമായി കുട്ടികളെയും മുതിര്‍ന്നവരെയും രൂപപ്പെടുത്തുന്ന സ്ഥാപനങ്ങളാണ് അവ. അവിടെ തെറി പറയുന്നത് മുഴുവന്‍ അധികാരമാണ്. അത് സംഗീതം പോലെ ആസ്വദിക്കുന്നവരാവുക എന്നതാണ് നിങ്ങളുടെ നന്മയെ നിര്‍ണ്ണയിക്കുന്നത്.

എന്തെങ്കിലും തരത്തിലുള്ള ജനാധിപത്യ പൗരാവകാശങ്ങള്‍ പ്രായോഗികമായി കുട്ടികള്‍ക്കുണ്ടെന്ന് അംഗീകരിച്ചുനല്‍കാത്തൊരു സമൂഹമാണ് നമ്മളുടേത്.

കേരളത്തില്‍ ഒരു കുട്ടിക്കുള്ള രാഷ്ട്രീയ- സാമൂഹ്യ ജീവിതത്തിനുള്ള സാദ്ധ്യതകള്‍ എന്തൊക്കെയാണ്? സാമ്പ്രദായിക മട്ടില്‍ മത, സാമുദായിക ഘടനകളെ ചോദ്യം ചെയ്യാതെ പഠിക്കുകയും കേരളത്തിനകത്ത് സര്‍ക്കാര്‍ ജോലിയോ അല്ലെങ്കില്‍ കേരളത്തിന് പുറത്തേക്ക് തൊഴിലിനായുള്ള കുടിയേറ്റ സേനയിലേക്ക്​ കയറിപ്പറ്റുകയോ ആകാം. മുതിര്‍ന്നശേഷം ശേഷം സമ്പാദ്യം, വീട്, കുടുംബം, കുട്ടികള്‍ എന്നിങ്ങനെയായി കഴിഞ്ഞുപോകാം. കുട്ടികള്‍ എന്ന നിലയിലാകട്ടെ അവര്‍ക്ക് സമൂഹത്തില്‍ എന്തെങ്കിലും സ്ഥാനമുള്ളതായി നമ്മുടെ സമൂഹം അംഗീകരിച്ചിട്ടില്ല. ഭരണകൂടമടക്കമുള്ള അധികാര രൂപങ്ങള്‍ക്ക്, അതിന്റെ പ്രാഥമിക ശാസനാസ്ഥാപനമെന്ന നിലയില്‍ കുടുംബത്തിലും അടങ്ങിയൊതുങ്ങി ജീവിക്കുക എന്നതല്ലാതെ എന്തെങ്കിലും തരത്തിലുള്ള ജനാധിപത്യ പൗരാവകാശങ്ങള്‍ പ്രായോഗികമായി കുട്ടികള്‍ക്കുണ്ടെന്ന് അംഗീകരിച്ചുനല്‍കാത്തൊരു സമൂഹമാണ് നമ്മളുടേത്. പ്രായപൂര്‍ത്തിയായ ആണുങ്ങളേയും പെണ്ണുങ്ങളെയും (വിദ്യാര്‍ത്ഥികളായ സ്ത്രീ, പുരുഷന്മാരെ നമ്മള്‍ 'കുട്ടികള്‍' എന്നാണ് വിളിക്കുകയെങ്കിലും) തമ്മില്‍ ഇടപഴകാതെ വേര്‍തിരിക്കാന്‍ കേരളത്തിലെ അമല്‍ജ്യോതി എന്നൊരു സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് ആകാശനടപ്പാത സൃഷ്ടിച്ചതൊക്കെ കാണേണ്ടിവരുന്ന സമൂഹമാണ് നമ്മുടേത്. മുതിര്‍ന്നവരെ വരെ കുട്ടികളായി കാണുക എന്നത് ഭരണകൂടത്തിനും മതസ്ഥാപനങ്ങള്‍ പോലുള്ള സാമൂഹ്യാധികാര സ്ഥാപനങ്ങള്‍ക്കും ഏറ്റവും ഇഷ്ടമായൊരു പരിപാലനരീതിയാണ്. ആളുകളെ എല്ലായ്‌പ്പോഴും ശിശുവത്ക്കരിച്ച്​ നിര്‍ത്തുകയെന്നത് സമൂഹത്തിനുമേലുള്ള നിയന്ത്രണാധികാരം കൂടുതല്‍ മുറുക്കമുള്ളതാക്കാന്‍സഹായിക്കും. അതൊരു തരത്തില്‍ ഹിംസയെ രക്ഷാധികാരത്തിന്റെ വ്യാജമേലങ്കി അണിയിച്ച്​ സാധൂകരിക്കാനുള്ള വഴിയുമാണ്. വഴിതെറ്റാതെ നടക്കാനുള്ള 'വഴി' ആരാണ് നിശ്ചയിക്കുന്നത് എന്ന ചോദ്യം ഒരിക്കലും ഉയരാതിരിക്കാനുള്ള കൗശലം കൂടിയാണത്.

അസ്മിയ Photo: Focus T V

കേരളത്തിലെ ഒരു കുട്ടിയെ വ്യവസ്ഥയോടുള്ള സമരത്തിലേക്ക് പങ്കുചേര്‍ന്നതായി തെറ്റിദ്ധരിപ്പിക്കുന്നത് നമ്മുടെ രാഷ്ട്രീയ സംഘടനകളുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ്. വാസ്തവത്തില്‍ വ്യവസ്ഥയുടെ ഏതെങ്കിലുമൊരു ഘടനയെ- അത് പുരുഷാധിപത്യമാകട്ടെ, മത- സാമുദായിക സ്വാധീനങ്ങളാകട്ടെ, മുതലാളിത്ത ചൂഷണക്രമമാകട്ടെ- എതിര്‍ക്കുന്ന സമരോത്സുകമോ സർഗാത്മകമോ ആയ രാഷ്ട്രീയ നിലപാടുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥി,യുവജന സംഘടനകള്‍ക്ക് ഇല്ലാതെയായിട്ട് കുറവല്ലാത്ത നാളുകളായി. ഏതോ കാലത്ത് ഉപേക്ഷിക്കപ്പെടേണ്ട തരം സംവേദന മാർഗങ്ങളുപയോഗിച്ചാണ്​ ആശയവിനിമയത്തിന്റെയും സംവേദനത്തിന്റെയും ഈ പുതിയ ലോകത്തും അവര്‍ ജനങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുന്നത്. പരമാവധി 1980-കളുടെ കാലത്തെ രാഷ്ട്രീയ സംഘടനാ സംവിധാന രൂപങ്ങളില്‍ തറഞ്ഞുപോയൊരു തലമുറയെ അനുകരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. മൈതാനങ്ങളില്‍ തിങ്ങിക്കൂടുന്ന ആള്‍ക്കൂട്ടമാകാനും യാതൊരു വിധത്തിലും തങ്ങള്‍ക്ക് തീരുമാനങ്ങളില്‍ പങ്കാളിത്തമില്ലാത്ത സംഘങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമാകാനും വിസമ്മതിക്കുകയോ അതില്‍ താത്പര്യമില്ലാതിരിക്കുകയോ ചെയ്യുന്നൊരു തലമുറയോട് അവര്‍ക്കുള്ള ഭയം കൂടിയാണ് തൊപ്പിയോട് കാണിച്ച പരാക്രമം. നിങ്ങള്‍ കൊടി കെട്ടിയത് ഞങ്ങളുടെ കൊടിയില്‍ തട്ടി, ഞങ്ങള്‍ എഴുതാന്‍ ബുക്ക്​ ചെയ്തിട്ട ചുവരില്‍ നിങ്ങളെഴുതി തുടങ്ങിയ അടികലശലുകളില്‍ തുടങ്ങി കൊട്ടേഷന്‍ കൊലപാതകങ്ങളിലേക്ക് വരെയെത്തിയ, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്ന് നാം വിളിച്ചുശീലിച്ച, ജനാധിപത്യ സമൂഹത്തിന്റെ എതിര്‍വശത്ത് നില്‍ക്കുന്ന ശക്തിപ്രകടനങ്ങള്‍ക്കുവേണ്ടി മാത്രം ഈ 'മുഖ്യധാര' വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ അത്തരം വളര്‍ത്തുശീലങ്ങളില്‍നിന്ന്​ പുതിയ വളര്‍ത്തുദോഷങ്ങളിലേക്ക് മാറുമ്പോള്‍ പഴയ ഉടമകള്‍ക്കുണ്ടാകുന്ന അങ്കലാപ്പ് കൂടിയാണത്.

വിചാരണ ചെയ്ത് കുറ്റം തെളിയിക്കപ്പെടുകയോ അല്ലെങ്കില്‍ നിരപരാധിയെന്ന് കണ്ട് വെറുതെ വിടുകയോ ചെയ്യാവുന്ന ഒരാളുടെ ചിത്രമെടുത്ത് പരസ്യമാക്കി അയാള്‍ കുറ്റവാളിയാണെന്ന് മട്ടില്‍ വിധിയെഴുതാന്‍പൊലീസിന് യാതൊരു അധികാരവുമില്ല.

സൂര്യനെല്ലി സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി നാടുനീളെ നടന്ന് വ്യഭിചരിച്ചു എന്ന് പറഞ്ഞ ഇപ്പോഴത്തെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ വീടിന്റെ വാതിലോ മൂന്നാറില്‍ സമരം ചെയ്ത തോട്ടം തൊഴിലാളി സ്ത്രീകള്‍ ‘മറ്റേ പണി’ നടത്തിയെന്ന ആക്ഷേപം ഉന്നയിച്ച മുന്‍ മന്ത്രി എം.എം. മണിയുടെ വീടിന്റെ വാതിലോ ആരും ചവിട്ടിപ്പൊളിച്ചില്ല. കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയ രമ്യ ഹരിദാസ് എന്ന ആലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിക്ക് (ഇപ്പോള്‍ എം.പി) ‘പിന്നെന്ത് സംഭവിച്ചു എന്നറിയില്ല’ എന്നൊരു വഷളന്‍ സാധ്യതയിലേക്ക് ഒളിഞ്ഞുചൂണ്ടിയ ഇടതുമുന്നണി കണ്‍വീനറും മുന്‍ എം.പിയുമായ വിജയരാഘവനും കുഴപ്പങ്ങളൊന്നുമുണ്ടായില്ല. ശബരിമല സമരക്കാലത്ത് സ്ത്രീകള്‍ക്കെതിരെ കടുത്ത ആക്ഷേപങ്ങള്‍ പറഞ്ഞ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും നിയമം ഉടുമുണ്ടഴിച്ചുതുള്ളിയിറങ്ങിയില്ല. എന്നാല്‍ തൊപ്പിയാകട്ടെ കൊടുംകുറ്റവാളിയാകുന്നു! അതിന്റെ കാരണം മേല്‍പ്പറഞ്ഞ മൊഴിമുത്തുകള്‍ ക്രമപ്രകാരമുള്ള സ്ത്രീവിരുദ്ധതയും വഷളത്തവും പുരുഷാധിപത്യ സമൂഹത്തിലെ സ്വീകാര്യമായ രീതികളുമാണെങ്കില്‍ തൊപ്പിയുടേത് ഒരുതരം ക്രമഭംഗമാണ് എന്നതാണ്.

കടുത്ത ലിംഗഭീതി നിറച്ചുവെച്ചൊരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ടു കൂടിയാണ് പരമ്പരാഗതമായ നിയന്ത്രണ മാർഗങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച്​ തടയാനാകാത്ത വിധത്തില്‍ പുതിയ സാങ്കേതികവിദ്യകളുടെ ചിറകിലേറി മനുഷ്യരുടെ ലൈംഗികഭാവനകളും കാമനകളും വൈകൃതങ്ങളുമൊക്കെ യാത്ര ചെയ്യാന്‍തുടങ്ങിയൊരു കാലത്തിനു മുന്നില്‍ കേരളീയ സമൂഹത്തിലെ പ്രബലമായ പ്രത്യയശാസ്ത്രസമുച്ചയം പകച്ചുനില്‍ക്കുന്നത്. തങ്ങള്‍ക്കൊന്നും ചെയ്യാനില്ലാത്ത വിധത്തില്‍ മനുഷ്യരുടെ ബോധസാധ്യതകളും ബോധന രൂപങ്ങളും ആര്‍ത്തലച്ചുവരികയാണ് എന്നവര്‍ മനസ്സിലാക്കുന്നുണ്ട്. എന്നാലത് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാൻ അവര്‍ തയ്യാറാകില്ല. എന്ത് വിലകൊടുത്തും തങ്ങളുടെ കുമ്പസാരക്കൂടുകളുടെ പ്രസക്തിയും അധികാരവും നിയന്ത്രണവും പാപബോധവുമൊക്കെ നിലനിര്‍ത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് ഇത്രയും കാലവും സ്ത്രീവിരുദ്ധമായ നിരവധി വ്യവസ്ഥാപിത ഘടനകളോട് യാതൊരു കലഹവുമില്ലാത്തവര്‍ക്കൂടി തൊപ്പിയുടെ സ്ത്രീവിരുദ്ധതയില്‍ വലിയ പ്രശ്‌നം കാണുന്നത്. അയാള്‍ പറഞ്ഞ സ്ത്രീവിരുദ്ധതയിലെ നിയമവിരുദ്ധത ന്യായീകരിക്കപ്പെടേണ്ടതാണ് എന്നല്ല, പക്ഷെ നമ്മുടെ സമൂഹത്തിലെ നിത്യസംഭവവും ജീവിതരീതിയുമായ സ്ത്രീവിരുദ്ധത ഒരു മാന്യമായ ജീവിതക്രമമായും സദാചാരമായും സ്വീകരിക്കപ്പെടുമ്പോള്‍ തൊപ്പിയടക്കമുള്ള പലരുടെയും ലൈംഗികകാമനകളുടെ പലമാതിരി ചുവയിലുള്ള വര്‍ത്തമാനങ്ങള്‍ കുറ്റകൃത്യമാക്കപ്പെടുന്നത് തങ്ങള്‍ക്ക് നിയന്ത്രണാധികാരമില്ലാത്ത കാമനകളുടെ ലോകത്തോടുള്ള ഭരണകൂടത്തിന്റെയും സാമൂഹ്യാധികാര സ്ഥാപനങ്ങളുടെയും ഭയമാണ്.

തൊപ്പിയുടെ അറസ്റ്റിനുശേഷം കേരള പോലീസ് അവരുടെ എഫ്​.ബി പേജില്‍ നല്‍കിയ അയാളുടെ ചിത്രമടക്കമുള്ള കുറിപ്പില്‍ സദാചാരഭ്രംശങ്ങളും അതുവഴി പണമുണ്ടാക്കുന്നതുമൊന്നും തങ്ങള്‍ അനുവദിക്കില്ല എന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആളുകളെ ചിരിപ്പിക്കുക എന്നതുകൂടി ആ പേജിന്റെ ഒരുദ്ദേശ്യമാണ്. കുറ്റാരോപിതന്‍ മാത്രമായ, കോടതിയില്‍ കേസ് വിചാരണ ചെയ്ത് കുറ്റം തെളിയിക്കപ്പെടുകയോ അല്ലെങ്കില്‍ നിരപരാധിയെന്ന് കണ്ട് വെറുതെ വിടുകയോ ചെയ്യാവുന്ന ഒരാളുടെ ചിത്രമെടുത്ത് പരസ്യമാക്കി അയാള്‍ കുറ്റവാളിയാണെന്ന് മട്ടില്‍ വിധിയെഴുതാന്‍പൊലീസിന് യാതൊരു അധികാരവുമില്ല. തൊപ്പിയും കേരള പോലീസുമായല്ലല്ലോ മത്സരം.

എന്നാല്‍ ഇതാദ്യമായല്ല കേരള പോലീസ് ഇങ്ങനെ വ്യക്തികളുടെ പൗരാവകാശത്തെയും സ്വകാര്യതക്കുള്ള ഭരണഘടനാപരമായ മൗലികാവകാശങ്ങളെയും ഹനിക്കുകയും സദാചാര പൊലീസിങ് (moral policing ) തങ്ങളുടെ എഫ്​.ബി പേജ് വഴിയൊക്കെ നടത്തുകയും ചെയ്യുന്നത്. ഭരണകൂടത്തിന്റെയും മറ്റ് സാമൂഹ്യാധികാര സ്ഥാപനങ്ങളുടെയും താത്പര്യങ്ങള്‍ കൂടിയാണ് ഈ ഹിംസാത്മകമായ പൗരാവകാശ ലംഘനങ്ങളിലൂടെ നടത്തുന്നത് എന്നതുകൊണ്ടാണ് കേരള പൊലീസിന് ഇത്തരത്തിലൊരു സമാന്തര റിപ്പബ്ലിക്ക് എന്ന മട്ടിലുള്ള rogue force ആകാന്‍ സാധിക്കുന്നത്. പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള സംവാദം മറ്റൊരു വലിയ വിഷയമാണ്.

പൗരന്മാര്‍ക്ക് കൂട്ടംകൂടാവുന്ന ഒരു തെരുവുമില്ലെന്നും വിധേയര്‍ക്കും വഴിതെറ്റാത്ത അണികള്‍ക്കും മാത്രം ആജ്ഞകള്‍ക്കും അനുശാസനങ്ങള്‍ക്കും വിധേയമായി നില്‍ക്കാവുന്ന സ്ഥലം മാത്രമാണ് പൊതുവിടങ്ങളും തെരുവുകളുമെന്നതുകൊണ്ടാണ് തൊപ്പി ഗതാഗത തടസമുണ്ടാക്കിയതിന് കേസെടുക്കുന്നത്.

തൊപ്പി പങ്കെടുത്ത ഒരു പരിപാടിയില്‍ ഗതാഗതം തടസപ്പെട്ടതിന്​ കേസെടുത്തതൊക്കെ തമാശയായി തോന്നാമെങ്കിലും വാസ്തവത്തില്‍ അത് വളരെ കൃത്യമായ താക്കീതാണ്. ആരുടെയാണ് തെരുവുകള്‍എന്നാണ് ഭരണകൂടം പറയുന്നത്. അതായത് രാഷ്ട്രീയാധികാരമുള്ള സംഘടനകളടക്കമുള്ളവര്‍ക്ക് നിര്‍ബാധം തടസപ്പെടുത്താനാകാനൊരു സ്ഥലമാണ് നമ്മുടെ തെരുവുകള്‍. അവിടേക്ക് നേരത്തെ സൂചിപ്പിച്ച സാമൂഹ്യ ക്രമഭംഗത്തിന്റെ ഭാഗമായി രൂപപ്പെട്ടൊരു സംഘം, അതും കുട്ടികളടക്കമുള്ളവര്‍ വരുമ്പോള്‍, അവിടെ ഒരുപാട് സാമ്പ്രദായിക അധികാരക്രമങ്ങള്‍ ഉലഞ്ഞുപോകുന്നുണ്ട്. മമ്മൂട്ടിയോ സുരേഷ് ഗോപിയോ പിണറായി വിജയനോ രാഹുല്‍ ഗാന്ധിയോ ഉണ്ടാക്കുന്ന ഗതാഗതതടസം പോലെയല്ല തൊപ്പിയുണ്ടാക്കുന്ന തടസം. അയാള്‍ സാമൂഹ്യാധികാരത്തിന്റെ നിലവിലെ ക്രമത്തിന് പുറത്തുള്ള ഒരാളായാണ് സ്വയം അടയാളപ്പെടുത്തുന്നത്. അയാള്‍ കുടുംബത്തിന് പുറത്താണ്, അയാളുടെ ആരാധകര്‍ എന്ന് വിളിക്കപ്പെടുന്നവരേറെയും രാഷ്ട്രീയ, മത സംഘങ്ങളടക്കമുള്ളവര്‍ക്ക് പിടികൊടുക്കാത്തവരോ പിടികിട്ടാത്തവരോ ആയി നില്‍ക്കുന്ന കുട്ടികളടക്കമുള്ളവരാണ്, അയാള്‍ ആരോടും വിധേയത്വം പ്രഖ്യാപിക്കുന്നില്ല. ഇതുവരെയും 'മുഖ്യധാര' കയ്യടക്കിവെച്ച തെരുവുകളിലേക്ക് അങ്ങനെയൊരു ചര്‍ച്ചയിലും പെടാത്ത മനുഷ്യര്‍ വരുമ്പോഴാണ് അവര്‍ 'തടസം' സൃഷ്ടിക്കുന്നവരാകുന്നത്. ആരുടെയാണ് വഴി എന്നും ആരുടെയാണ് ഗതാഗതമെന്നുമുള്ള ചോദ്യമുണ്ട്. പൗരന്മാര്‍ക്ക് കൂട്ടംകൂടാവുന്ന ഒരു തെരുവുമില്ലെന്നും വിധേയര്‍ക്കും വഴിതെറ്റാത്ത അണികള്‍ക്കും മാത്രം ആജ്ഞകള്‍ക്കും അനുശാസനങ്ങള്‍ക്കും വിധേയമായി നില്‍ക്കാവുന്ന സ്ഥലം മാത്രമാണ് പൊതുവിടങ്ങളും തെരുവുകളുമെന്നതുകൊണ്ടാണ് തൊപ്പി ഗതാഗത തടസമുണ്ടാക്കിയതിന് കേസെടുക്കുന്നത്.

ഏകമുഖ ഭാഷണമാണ് ഭരണകൂടം എപ്പോഴും ആഗ്രഹിക്കുന്നത്. അധിനിവേശത്തിന്റെ ആദ്യ ആക്രമണങ്ങളിലൊന്ന് എല്ലാക്കാലത്തും അധിനിവേശത്തിന്റെ ഇരകളുടെ ഭാഷക്കു നേരെയാകുന്നത് അതുകൊണ്ടാണ്. ആശയപ്രകടനത്തിന്റെയും അതുവഴി പ്രതിഷേധത്തിന്റെയും സ്വാഭാവികമായ സാധ്യതകളെ തകര്‍ക്കുകയാണ്, തദ്ദേശീയരുടെ ഭാഷയെ എല്ലാവിധ രാഷ്ട്രീയാധികാര- ഭരണ വ്യവഹാരങ്ങളില്‍ നിന്നും അകറ്റുകയും പകരം അധിനിവേശക്കാരുടെ ഭാഷയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ നടക്കുന്നത്. ഭാഷയിലൂടെ സംവദിക്കുകയും കൈമാറുകയും ചെയ്യുന്ന ചരിത്രത്തിന്റെയും സാമൂഹ്യമായ അസ്തിത്വത്തിന്റെയും ബോധങ്ങളെ മുഴുവന്‍ അതോടെ നിലതെറ്റിക്കാനാകുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് തൊപ്പി വിഷയത്തില്‍ കാണുന്നത്. തൊപ്പിയടക്കമുള്ള കുറേയാളുകള്‍ സംസാരിക്കുന്ന ഭാഷ സാമ്പ്രദായിക ഭരണാധികാരം നിര്‍ണ്ണയിച്ച വ്യാകരണത്തിലല്ല. അതുകൊണ്ടുതന്നെ അത്തരമൊന്നിനെ അടിച്ചമര്‍ത്തുക എന്നത് നിലവിലെ സാമൂഹ്യാധികാരഘടനയുടെ ആവശ്യമാണ്. ഭരിക്കുന്നവരുടെ ഭാഷ ഭരണീയരുടെ അല്ലാതിരിക്കുന്ന കൊളോണിയല്‍- അധിനിവേശ യുക്തി തന്നെയാണ് മറ്റൊരു രൂപത്തില്‍ ഇവിടെയും പ്രവര്‍ത്തിക്കുന്നത്.

തൊപ്പിയെ അറസ്റ്റ് ചെയ്ത് നടത്തുന്ന പരിപാടി കേവല നിയമലംഘനത്തിനുള്ള നിയമനടപടിയായല്ല, മറിച്ച് വലിയ സാമൂഹ്യവിപത്തിനെ തടയുന്ന ശുദ്ധീകരണ പ്രക്രിയയായി വ്യാഖ്യാനിക്കപ്പെടുന്നത് 'Asocial' മനുഷ്യരെ ഇല്ലാതാക്കിയ ഫാഷിസ്റ്റ് യുക്തിയുടെ ഛായയിലാണ്.

തൊപ്പിയുടെയും അയാളുടെ ആരാധകരുടേയുമൊന്നും മട്ടും ഭാവവും നമുക്ക് പിടിക്കുന്നില്ല എന്നതാണ് വാസ്തവം. ‘എന്തൊരു കോലം’ എന്ന പതിവ് പ്രശ്‌നമുണ്ട്. ഇത് ജനാധിപത്യവിരുദ്ധമായ എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നൊരു ബോധമാണ്. തങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നവരല്ല എന്നൊരു തോന്നല്‍ ചിലരെക്കുറിച്ച് ഉണ്ടാക്കിയെടുത്താല്‍ അവരെ ഒറ്റതിരിക്കാനും ഇല്ലാതാക്കാനും എളുപ്പമാണ്. ഇത് വളരെ ഗോത്രീയമായ ഒരു സാമൂഹ്യപ്രതികരണം കൂടിയാണ്. ഇതിനെ ഏറ്റവും ഹിംസാത്മകമായി ഉപയോഗിച്ചവരാണ് ഫാഷിസ്റ്റുകള്‍. നാസി ജര്‍മ്മനിയില്‍ സമൂഹത്തിനു പുറത്തുള്ളവര്‍ എന്ന വിശേഷണത്തില്‍ (Asocial) ജിപ്‌സികളെയും (Roma), സ്വവര്‍ഗാനുരാഗികളെയും മാനസിക രോഗാങ്ങളുള്ളവരെയും ശാരീരിക പ്രതിബന്ധങ്ങള്‍ നേരിടുന്നവരെയെല്ലാം 'ദയാവധം' നടത്തിയത് ഇങ്ങനെയാണ്. ദുര്‍ബ്ബലര്‍ക്കും കൂട്ടത്തില്‍ പെടാത്തവര്‍ക്കും ഉപകാരമില്ലാത്തവര്‍ക്കും ഇടമില്ലാത്ത സമൂഹം ഒരു ഫാഷിസ്റ്റ് സമൂഹമാണ്. നാസി ജര്‍മ്മനിയില്‍ ഓപ്പറേഷന്‍ ടി -4 (Operation T4) എന്ന പരിപാടിയില്‍ മാനസിക പ്രശ്‌നങ്ങളുള്ളവരടക്കമുള്ള പതിനായിരക്കണക്കിന് മനുഷ്യരെയാണ് കൊന്നൊടുക്കിയത്. അതൊരു ഭരണകൂട പദ്ധതിയായിരുന്നു എന്ന് മനസിലാക്കുമ്പോഴാണ്, സാമ്പ്രദായിക ധാരണയ്ക്ക് പുറത്തുനില്‍ക്കുന്ന മനുഷ്യരോടുള്ള വെറുപ്പ് എന്തുതരം അധികാരത്തെയും സമൂഹത്തെയുമാണ് സൃഷ്ടിക്കുക എന്ന് നാം, ചരിത്രത്തിന്റെ കൊലയറകളില്‍ നിന്നുയര്‍ന്ന പുകച്ചുരുളുകളില്‍ എഴുതിക്കാണുന്നത്.

ഓപ്പറേഷന്‍ ടി -4

ലൈംഗിക തൊഴിലാളികള്‍, യാചകര്‍, മദ്യപര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെ ഇന്നത്തെ കാലത്തും പൊതുസമൂഹത്തിന്റെ ഇഷ്ടജനങ്ങളുടെ പട്ടികയില്‍ നിന്ന്​ പുറത്തുനില്‍ക്കുന്നവരെയായിരുന്നു നാസികള്‍ Asocial ഗണത്തില്‍പ്പെടുത്തി കൊന്നൊടുക്കിയത്. ഒരു ജനാധിപത്യസമൂഹം ഫാഷിസ്റ്റുകളുമായും സമഗ്രാധിപത്യ ഭരണകൂടവുമായും സന്ധിയില്ലായുദ്ധം പ്രഖ്യാപിക്കുന്നത്, മനുഷ്യരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ ശുദ്ധീകരണത്തിന്റെ തീര്‍പ്പുകള്‍ മാറ്റിവെച്ചാണ്. തൊപ്പിയെ അറസ്റ്റ് ചെയ്ത് നടത്തുന്ന പരിപാടി കേവല നിയമലംഘനത്തിനുള്ള നിയമനടപടിയായല്ല, മറിച്ച് വലിയ സാമൂഹ്യവിപത്തിനെ തടയുന്ന ശുദ്ധീകരണ പ്രക്രിയയായി വ്യാഖ്യാനിക്കപ്പെടുന്നത് 'Asocial' മനുഷ്യരെ ഇല്ലാതാക്കിയ ഫാഷിസ്റ്റ് യുക്തിയുടെ ഛായയിലാണ്. അതംഗീകരിക്കാന്‍ നമ്മുടെ ജനാധിപത്യനാട്യത്തിന് അലോസരമുണ്ടെങ്കിലും വാസ്തവമതാണ്. ഇതൊക്കെ നിയമപ്രകാരമാണ് നാസി ജര്‍മ്മനിയിലും നടന്നത്. എന്താണ് നിയമം എന്നതാണ് പ്രശ്‌നം. 1933-ല്‍ ജര്‍മ്മനിയില്‍ കൊണ്ടുവന്ന നിയമം ജനിതക രോഗങ്ങളുള്ളവരെ നിര്‍ബന്ധമായും വന്ധ്യംകരണം നടത്താനുള്ളതായിരുന്നു, Law for the Prevention of Hereditarily Diseased Offspring. അപസ്മാരം, മാനസിക വിഭ്രാന്തികള്‍, മദ്യപാനാസക്തി തുടങ്ങി വിവിധ വിഭാഗങ്ങളെ ഇതിലുള്‍പ്പെടുത്തി. 1933 മുതല്‍ 1939 വരെ ഈ ഗണത്തില്‍ മാത്രം 3,60,000 മനുഷ്യരെ കൊന്നു എന്നാണ് കണക്ക്. ശാരീരിക പ്രതിസന്ധികളും ശേഷിക്കുറവുകളുമുള്ള മുതിര്‍ന്ന മനുഷ്യരെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി 1939 മുതല്‍ രണ്ടര ലക്ഷം ആളുകളെ നാസി ജര്‍മ്മനിയിലെ ഭരണകൂടം കൊന്നു.

റഷ്യയില്‍ വ്ലാദിമിർ പുട്ടിന്റെ സമഗ്രാധിപത്യ ഭരണത്തിനെതിരായ സ്ത്രീവിമോചന രാഷ്ട്രീയവും ഭരണകൂടവിരുദ്ധ രാഷ്ട്രീയവും പറയുന്ന സ്ത്രീകളുടെ ഗായകസംഘ പ്രതിഷേധക്കാരുടെ പേര് Pussy riot എന്നായിരുന്നു.

ഭരണകൂടത്തിന്റെ പൊതുബോധത്തില്‍ ധർമിഷ്ഠരും ആരോഗ്യമുള്ളവരും നീതിമാന്മാരും ആയവര്‍ മാത്രം പൗരാവകാശങ്ങളുള്ളവരും ഗണിക്കപ്പെടുന്നവരുമായൊരു സമൂഹത്തെയല്ല നാം ജനാധിപത്യ സമൂഹം എന്നു വിളിക്കുന്നത്. ഭരണകൂടം, അതിന്റെ എല്ലാ പ്രത്യയശാസ്ത്ര സമുച്ചയങ്ങളോടും ഉപാധികളോടും കൂടി, കടുത്ത ഹിംസയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള രൂപങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ പൗരരെക്കുറിച്ചുള്ള അതിന്റെ തീര്‍പ്പുകളെ നാം അവസാനവാക്കായി വകവെച്ചു കൊടുക്കരുത്. അങ്ങനെ വന്നാല്‍ അതെത്തിക്കുന്നത് നാസി ജര്‍മ്മനിയിലെ ശുദ്ധീകരണയുക്തിയിലേക്കായിരിക്കും. ഒരു പ്രത്യയശാസ്ത്രവും അതിന്റെ രാഷ്ട്രീയാധികാരവും സാമൂഹ്യാധികാരഘടകങ്ങളും ആദ്യം പ്രയോഗിക്കുക ഏറ്റവും ഒടുവിലത്തെ ഭീരതയല്ല; മറിച്ച്, അതിനെ സാധ്യമാക്കുന്ന യുക്തിയുടെ സ്വീകാര്യതയാണ്. അതായത്, തൊപ്പിയെ പാതിരാത്രി വാതില്‍ ചവിട്ടിപ്പൊളിച്ച്​ പിടിച്ചുകൊണ്ടുപോകുന്ന യുക്തി നിങ്ങള്‍ക്ക് സ്വീകാര്യമാകുന്നത് അതിലെ ഭരണകൂട ശുദ്ധീകരണ യുക്തിയില്‍ സന്ദേഹമില്ലാത്തതുകൊണ്ടാണ്. ആ യുക്തിയുടെ ഭയാനകമായ രൂപാന്തരമാണ് നാസി ജര്‍മ്മനിയില്‍ നടന്നത്.

Photo: Flickr

റഷ്യയില്‍ വ്ലാദിമിർ പുട്ടിന്റെ സമഗ്രാധിപത്യ ഭരണത്തിനെതിരായ സ്ത്രീവിമോചന രാഷ്ട്രീയവും ഭരണകൂടവിരുദ്ധ രാഷ്ട്രീയവും പറയുന്ന സ്ത്രീകളുടെ ഗായകസംഘ പ്രതിഷേധക്കാരുടെ പേര് Pussy riot എന്നായിരുന്നു. ആ പേരുതന്നെ ഒരു പ്രതിഷേധമാണ്. വായ്‌ കൊണ്ട് മാത്രം പറഞ്ഞാല്‍ കേള്‍ക്കാത്തവരെ കേള്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് യോനി കൊണ്ടും പറയാം എന്നതൊരു സാധ്യതയാണ് എന്ന്, വിധേയന്മാരുടെ ഒരു സമൂഹത്തിന്, വളരെ ഉള്‍ഭയത്തോടെ മാത്രമേ കേള്‍ക്കാനാവൂ. അതുകൊണ്ടുതന്നെ Pussy Riot -ലെ മൂന്നുപേരെ പുടിന്‍ സര്‍ക്കാര്‍ തടവിലിട്ടു.

പതിവ് അരങ്ങുകളിലൊരുക്കുന്ന വേഷങ്ങളും നാടകങ്ങളും മാത്രം സ്വീകരിക്കപ്പെടുന്ന ഒരു ചട്ടക്കൂടില്‍ തറഞ്ഞുനില്‍ക്കുന്ന ഭരണകൂടത്തിന്റെയും അതിന്റെ സാമൂഹ്യാധികാര അനുബന്ധ സ്ഥാപനങ്ങളുടെയുമൊക്കെ വലിയ വെപ്രാളമാണ് തൊപ്പിയുടെ വാതില്‍ ചവിട്ടിപ്പൊളിക്കുമ്പോള്‍ നാം കേട്ടത്.

ഏതുതരം സൗന്ദര്യശാസ്ത്രമാണ് പിന്തുടരേണ്ടത് എന്നത് ആചന്ദ്രതാരം നിലനില്‍ക്കുന്നൊരു പ്രമാണമല്ല. നാനാതരത്തിലുള്ള വിധ്വംസകമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഓരോ കാലവും അതിന്റെ സൗന്ദര്യശാസ്ത്രത്തെ ഉണ്ടാക്കിയെടുക്കുന്നത്. അതിന്റെ വഴികളിലെല്ലാം നമുക്ക് ഇഷ്ടപ്പെടുന്നത് മാത്രമേ കാണാവൂ കേള്‍ക്കാവൂ എന്ന് വാശി പിടിക്കാനാകില്ല. മാര്‍സെല്‍ ദുഷാംപ് 1917-ല്‍ ഒരു Urinal കലാസൃഷ്ടിയായി ന്യൂയോര്‍ക്കിലെ കലാപ്രദർശനത്തില്‍ നല്‍കിയപ്പോള്‍ അത് പ്രദര്‍ശിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല. പിന്നീട്​ അത്​ 20-ാം നൂറ്റാണ്ടിലെ വലിയ കലാമുന്നേറ്റത്തിന്റെ തുടക്കമായിപ്പോലും വിശേഷിപ്പിക്കപ്പെട്ടു. അതിസാധാരണത്വത്തില്‍ നിന്ന്​ കലയുണ്ടാകാമെന്ന് മറ്റൊരു വിഷയമാണ്. എന്തായാലും, പതിവ് അരങ്ങുകളിലൊരുക്കുന്ന വേഷങ്ങളും നാടകങ്ങളും മാത്രം സ്വീകരിക്കപ്പെടുന്ന ഒരു ചട്ടക്കൂടില്‍ തറഞ്ഞുനില്‍ക്കുന്ന ഭരണകൂടത്തിന്റെയും അതിന്റെ സാമൂഹ്യാധികാര അനുബന്ധ സ്ഥാപനങ്ങളുടെയുമൊക്കെ വലിയ വെപ്രാളമാണ് തൊപ്പിയുടെ വാതില്‍ ചവിട്ടിപ്പൊളിക്കുമ്പോള്‍ നാം കേട്ടത്. അത് തൊപ്പിയുടെ ഗുണമോ ദോഷമോ കൊണ്ടല്ല. അയാള്‍ പ്രതിനിധാനം ചെയ്യുന്നത് അധികാരരൂപങ്ങളുടെ അച്ചടക്കമുള്ള കേൾവിക്കാരെയല്ല എന്നതുകൊണ്ടാണ്. അതുകൊണ്ടാണ് എല്ലാവരും തൊപ്പിയുടെ പിന്നാലെപ്പോയി എന്ന് വിലപിക്കുന്നൊരു മതപ്രഭാഷകന്റെ ദൃശ്യത്തെ കളിയാക്കി, ‘അയ്യോ നമുക്ക് വരേണ്ട ആളുകളായിരുന്നല്ലോ അല്ലോ’ എന്നയാള്‍ പറയുന്നത്.

എക്കാലത്തുമുള്ള അധികാരത്തിന്റെ ഭയമാണ് നാമിതിലും കാണുന്നത്. പുതിയ കാലത്തോടും ലോകത്തോടുമുള്ള ഭയം. സ്വതന്ത്രരാകാന്‍ ശ്രമിക്കുന്ന മനുഷ്യരോടുള്ള ഭയം.

Comments