ഇന്ത്യൻ സമൂഹത്തിൽ വിവേചനം പലപ്പോഴും ഒറ്റ അച്ചുതണ്ടിൽ മാത്രമായി ചർച്ച ചെയ്യപ്പെടുന്നു - സ്ത്രീപ്രശ്നം, ജാതിപ്രശ്നം, ഭിന്നശേഷി പ്രശ്നം എന്നിങ്ങനെ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത്തരമൊരു വിഭജിത യാഥാർത്ഥ്യത്തിലല്ല വിവേചനം നിലനിൽക്കുന്നത്. ഭിന്നശേഷിക്കാരിയായ ഒരു ദലിത് സ്ത്രീ ഒരേസമയം ഘടനാപരവും സാമൂഹികവുമായ നിരവധി അടിച്ചമർത്തലുകൾ നേരിടേണ്ടിവരുമെന്ന യാഥാർത്ഥ്യമാണ് ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്നത്. ഒരൊറ്റ തിരിച്ചറിയലിന്റെ അടിസ്ഥാനത്തിൽ മാത്രം സാമൂഹിക വിവേചനങ്ങളെ വിശകലനം ചെയ്യുമ്പോൾ മനുഷ്യരുടെ യഥാർത്ഥ ജീവിതാനുഭവങ്ങൾ മറഞ്ഞുപോകുന്നു. സ്ത്രീ - ഭിന്നശേഷി - ജാതി എന്നീ ഘടകങ്ങൾ ഒരേ വ്യക്തിയുടെ ജീവിതത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ രൂപപ്പെടുന്ന ഇടകലർന്ന അടിച്ചമർത്തലുകളെയാണ് ഈ ലേഖനം കേന്ദ്രവിഷയമാക്കുന്നത്.
ഇന്റർസെക്ഷനാലിറ്റി (Intersectionality) എന്നത് മനുഷ്യരുടെ സാമൂഹിക അനുഭവങ്ങൾ ഒരൊറ്റ തിരിച്ചറിയലിലൂടെ മാത്രം വിശദീകരിക്കാനാകില്ലെന്ന വാദമാണ്. ഒരാൾ സ്ത്രീയാണെന്നോ, ദലിതാണെന്നോ, ഭിന്നശേഷിയുള്ള ആളാണെന്നോ മാത്രം പറഞ്ഞാൽ അവൾ/അവൻ നേരിടുന്ന വിവേചനത്തിന്റെ പൂർണ്ണരൂപം മനസ്സിലാക്കാൻ സാധിക്കില്ല. ഈ തിരിച്ചറിയലുകൾ ഒരുമിച്ച് ഇടകലർന്ന് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേകതരം അനുഭവങ്ങളെയാണ് ഇന്റർസെക്ഷനാലിറ്റി വ്യക്തമാക്കുന്നത്.
ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ഇന്റർസെക്ഷനാലിറ്റി വളരെ പ്രധാനപ്പെട്ടതാണ്, കാരണം ഇവിടെ ജാതി, ലിംഗം, ഭിന്നശേഷി തുടങ്ങിയ ഘടകങ്ങൾ ഘടനാപരമായി (structurally) അസമത്വം സൃഷ്ടിക്കുന്നു. ഉദാഹരണമായി, ഭിന്നശേഷിയുള്ള ഒരു ദലിത് സ്ത്രീ നേരിടുന്ന വിവേചനം, ഭിന്നശേഷിയുള്ള ഒരു മേൽജാതി സ്ത്രീയുടേയോ, ദലിതായ ഒരു പുരുഷന്റേയോ അനുഭവങ്ങളോട് സമാനമല്ല. ഈ വ്യത്യാസങ്ങൾ തിരിച്ചറിയാതെ രൂപപ്പെടുന്ന നയങ്ങളും പഠനങ്ങളും പലർക്കും നീതി നിഷേധിക്കുന്നതായി മാറുന്നു. Intersectionality എന്ന ആശയം ആദ്യമായി സുസ്പഷ്ടമായി അവതരിപ്പിച്ചത് അമേരിക്കൻ നിയമപണ്ഡിതയായ Kimberlé Crenshaw ആണ്. ലിംഗം, ജാതി, വർഗ്ഗം, ശേഷി, മതം തുടങ്ങിയ സാമൂഹിക ഘടകങ്ങൾ പരസ്പരം കൂട്ടിച്ചേർന്ന് (Intersect) പുതിയ തരത്തിലുള്ള വിവേചനാനുഭവങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം. ഒരു വ്യക്തി അനുഭവിക്കുന്ന വിവേചനം ഈ ഘടകങ്ങളുടെ കൂട്ടിച്ചേർക്കലിലൂടെയാണ് രൂപപ്പെടുന്നത്; അവയെ വേർതിരിച്ച് മനസ്സിലാക്കാനാകില്ല. ഇന്ത്യൻ സാമൂഹ്യഘടനയിൽ Intersectionality അതീവ പ്രസക്തമാണ്. ഇവിടെ ജാതി എന്ന ഘടകം സ്ത്രീയുടേയും ഭിന്നശേഷിയുടേയും അനുഭവങ്ങളെ കൂടുതൽ സങ്കീർണ്ണവും കടുത്തതുമാക്കുന്നു.

Anita Ghai-യുടെ Disability in the Indian Context എന്ന ലേഖനം ഭിന്നശേഷിയെ വെറും മെഡിക്കൽ പ്രശ്നമായി കാണുന്ന സമീപനത്തെ ചോദ്യം ചെയ്യുന്നു. എന്നാൽ ജാതിയും ലിംഗവും ചേർന്ന ഭിന്നശേഷി അനുഭവങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഇടപെടലുകൾ ഇന്ത്യൻ അക്കാദമിക് സാഹിത്യത്തിൽ ഇപ്പോഴും അപൂർവമാണ്. ഭിന്നശേഷി പഠനങ്ങൾ പലപ്പോഴും വെൽഫെയർ –മെഡിക്കൽ ചട്ടക്കൂടിലേക്കും, ഫെമിനിസ്റ്റ് പഠനങ്ങൾ ഭിന്നശേഷിയെ അവഗണിക്കുന്ന രീതിയിലേക്കും, ദലിത് പഠനങ്ങൾ ലിംഗ–ശേഷി ഘടകങ്ങളെ പാർശ്വവൽക്കരിക്കുന്ന രീതിയിലേക്കും ചുരുങ്ങുന്ന പ്രവണതയാണ് കാണുന്നത്.
ദലിത് ആത്മകഥകളും ഫെമിനിസ്റ്റ് രചനകളും ചേർത്ത് വായിക്കുമ്പോൾ, ഭിന്നശേഷിയുള്ള സ്ത്രീകളുടെ അനുഭവങ്ങൾ എത്രത്തോളം അദൃശ്യമാക്കപ്പെട്ടുവെന്ന് വ്യക്തമായി കാണാം. ഈ രചനകൾ ഒരു സമൂഹം ആരെ സംസാരിക്കാൻ അനുവദിക്കുന്നു, ആരുടെ വേദനയാണ് അംഗീകരിക്കപ്പെടാതെ പോകുന്നത് എന്ന അടിസ്ഥാന ചോദ്യം ഉയർത്തുന്നു.
ഇന്ത്യൻ ഭരണഘടന സമത്വം ഉറപ്പുനൽകുന്നുവെങ്കിലും നയരൂപീകരണങ്ങളിൽ Intersectional കാഴ്ചപ്പാട് അപൂർവമാണ്. സ്ത്രീ ശാക്തീകരണ പദ്ധതികൾ ഭിന്നശേഷിയുള്ള സ്ത്രീകളെ പ്രത്യേകമായി പരിഗണിക്കുന്നില്ല; ഭിന്നശേഷി നയങ്ങൾ ജാതി–ലിംഗ യാഥാർത്ഥ്യങ്ങളെ സമഗ്രമായി കാണുന്നുമില്ല. ഇതിന്റെ ഫലമായി, ഒരേസമയം സ്ത്രീ–ഭിന്നശേഷി–ജാതി എന്ന തിരിച്ചറിയലുകൾ വഹിക്കുന്ന വ്യക്തികൾ നയങ്ങളുടെ പരിധിക്ക് പുറത്തായി തുടരുന്നു. വികസനം എന്ന വാക്ക് പലർക്കും ഇന്നും വാഗ്ദാനമായി തുടരുകയാണ്.
സ്ത്രീ–ഭിന്നശേഷി–ജാതി എന്ന ഇടകലർന്ന തിരിച്ചറിയലുകൾ നേരിടുന്ന അടിച്ചമർത്തലുകൾ വ്യക്തിഗത പ്രശ്നങ്ങളായി ചുരുക്കിക്കാണാൻ കഴിയാത്ത, ആഴത്തിലുള്ള സിസ്റ്റമാറ്റിക് തടസ്സങ്ങളാണ്. ഉദാഹരണമായി, സ്ത്രീ ശാക്തീകരണ പദ്ധതികൾ പലപ്പോഴും “ആരോഗ്യവതിയായ” സ്ത്രീകളെയാണ് മുൻനിർത്തുന്നത്; അതേസമയം ഭിന്നശേഷി പദ്ധതികൾ ലിംഗനിരപേക്ഷമാണെന്ന പേരിൽ സ്ത്രീകളുടെ പ്രത്യേക ആവശ്യങ്ങളെ അവഗണിക്കുന്നു. ഇതിന്റെ ഫലമായി, ഭിന്നശേഷിയുള്ള ദലിത് സ്ത്രീകൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകളിലേക്കോ സ്വയംതൊഴിൽ പദ്ധതികളിലേക്കോ പ്രവേശനം പ്രായോഗികമായി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ രൂപപ്പെടുന്നു.

അക്കാദമിക് പഠനങ്ങളിലെ ദൃശ്യതക്കുറവും ഈ ഘടനാപരമായ അടിച്ചമർത്തലുകളുടെ ഭാഗമാണ്. ഭിന്നശേഷി സംബന്ധമായ ഗവേഷണങ്ങൾ പലപ്പോഴും ചികിത്സാ ചെലവുകൾ, റിഹാബിലിറ്റേഷൻ, ഉപകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിക്കുമ്പോൾ, ദലിത് സ്ത്രീകൾ നേരിടുന്ന സാമൂഹിക അപമാനം, ലൈംഗിക അതിക്രമങ്ങൾ, തൊഴിൽ വിവേചനം എന്നിവ പഠനത്തിന്റെ പരിധിക്ക് പുറത്തായി തുടരുന്നു. ഇതുവഴി അവരുടെ ജീവിതാനുഭവങ്ങൾ അക്കാദമിക് അറിവിന്റെ ഭാഗമാകാതെ പോകുന്നു.
കുടുംബത്തിനുള്ളിലെ അദൃശ്യ നിയന്ത്രണങ്ങളും ഈ അടിച്ചമർത്തലുകളുടെ തുടർച്ചയാണ്. ഭിന്നശേഷിയുള്ള ഒരു ദലിത് പെൺകുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസം ആവശ്യമില്ലെന്ന് കുടുംബം തീരുമാനിക്കുമ്പോൾ, അത് സംരക്ഷണത്തിന്റെ പേരിലാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ യാഥാർത്ഥ്യത്തിൽ, വിവാഹ സാധ്യത കുറയുമെന്ന ഭയം, കുടുംബത്തിന്റെ “മാനം”, ജാതി അടിസ്ഥാനത്തിലുള്ള സാമൂഹിക സമ്മർദ്ദങ്ങൾ എന്നിവ ചേർന്നാണ് ഈ തീരുമാനങ്ങൾ ഉണ്ടാകുന്നത്. ഇതുവഴി അവൾക്ക് സ്വതന്ത്ര ജീവിതം നിർമ്മിക്കാൻ അവസരം തന്നെ നിഷേധിക്കപ്പെടുന്നു.
സമൂഹതലത്തിൽ, സാമൂഹിക അപമാനവും സ്റ്റീരിയോടൈപ്പിംഗും ശക്തമായി പ്രവർത്തിക്കുന്നു. ഭിന്നശേഷിയുള്ള സ്ത്രീയെ പൊതുസ്ഥലങ്ങളിൽ “സഹായം വേണ്ട ഒരാൾ” എന്ന നിലയിൽ മാത്രം കാണുകയും, അവളുടെ അഭിപ്രായങ്ങൾ, ലൈംഗികത, രാഷ്ട്രീയ നിലപാടുകൾ എന്നിവ അംഗീകരിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. ജാതി പിന്നാക്കമായാൽ, ഈ സമീപനം അനുകമ്പയിൽ നിന്ന് അപമാനത്തിലേക്ക് മാറുന്നു; അവൾ “ആശ്രിത” മാത്രമല്ല, “അയോഗ്യ” എന്ന നിലയിലേക്കും തള്ളപ്പെടുന്നു.
നിയമപ്രവേശനത്തിലെ തടസ്സങ്ങളും വളരെ വ്യക്തമാണ്. ഗാർഹിക പീഡനം നേരിടുന്ന ഒരു ഭിന്നശേഷിയുള്ള ദലിത് സ്ത്രീ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുമ്പോൾ, കെട്ടിടത്തിന്റെ ഭൗതിക ആക്‌സസിബിലിറ്റി ഇല്ലായ്മ, സംവേദന സഹായങ്ങളുടെ അഭാവം, ഉദ്യോഗസ്ഥരുടെ അവഗണനാപരമായ സമീപനം എന്നിവ ചേർന്ന് അവളെ നീതി തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. പലപ്പോഴും ഇത്തരം കേസുകൾ “കുടുംബ വിഷയം” എന്ന പേരിൽ പരിഹസിക്കപ്പെടുകയോ തള്ളപ്പെടുകയോ ചെയ്യുന്നു.
ഇതോടൊപ്പം, ജാതി–ലിംഗ–ഭിന്നശേഷി സംയുക്ത ഡാറ്റയുടെ അഭാവം ഈ അടിച്ചമർത്തലുകളെ അദൃശ്യമാക്കുന്നു. സെൻസസ് അല്ലെങ്കിൽ NFHS കണക്കുകളിൽ ഭിന്നശേഷിയുള്ള സ്ത്രീകളുടെ എണ്ണം രേഖപ്പെടുത്തിയാലും, അവർ ഏത് ജാതി പശ്ചാത്തലത്തിൽ നിന്നുള്ളവരാണ് എന്ന വിവരങ്ങൾ ഇല്ലാത്തതിനാൽ, ദലിത് ഭിന്നശേഷിയുള്ള സ്ത്രീകളെ ലക്ഷ്യമിട്ട നയങ്ങൾ രൂപപ്പെടുത്താൻ സാധ്യമാകുന്നില്ല. കണക്കുകളിൽ കാണാത്തവർ നയങ്ങളിലും കാണപ്പെടുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന ഫലം.

അവസാനമായി, സാമൂഹിക പ്രസ്ഥാനങ്ങളിലുമുള്ള പാർശ്വവൽക്കരണം ഈ ഘടനാപരമായ വിഷയത്തെ കൂടുതൽ ശക്തമാക്കുന്നു. ഉദാഹരണമായി, സ്ത്രീ പ്രസ്ഥാനങ്ങൾ പലപ്പോഴും ഭിന്നശേഷിയെ പ്രത്യേക വിഷയമായി കാണാതെ പോകുകയും, ഭിന്നശേഷി അവകാശ പ്രസ്ഥാനങ്ങൾ ജാതി–ലിംഗ യാഥാർത്ഥ്യങ്ങളെ ആഴത്തിൽ ഉൾക്കൊള്ളാതിരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി, ഭിന്നശേഷിയുള്ള ദലിത് സ്ത്രീകളുടെ ശബ്ദം ഈ പ്രസ്ഥാനങ്ങളുടെയും അകത്ത് പോലും പാർശ്വവൽക്കരിക്കപ്പെടുന്നു.
വരുത്തേണ്ട മാറ്റങ്ങളും നിയമപരിഷ്കാരങ്ങളും
യഥാർത്ഥ സമത്വം ലക്ഷ്യമിടുന്ന ഒരു സമൂഹത്തിനായി Intersectional സമീപനം നയങ്ങളിലും നിയമങ്ങളിലും നിർബന്ധമാക്കേണ്ടതുണ്ട്. ഓരോ നിയമവും ക്ഷേമപദ്ധതിയും ലിംഗം–ജാതി–ഭിന്നശേഷി ഘടകങ്ങൾ ഒരുമിച്ച് എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടണം. Rights of Persons with Disabilities Act, 2016 പോലുള്ള നിയമങ്ങൾ ഭിന്നശേഷിയുള്ള സ്ത്രീകൾക്കും ദലിതർക്കും പ്രത്യേക സംരക്ഷണ വ്യവസ്ഥകൾ ഉൾപ്പെടുത്തി കൂടുതൽ ശക്തിപ്പെടുത്തണം. ഗാർഹിക പീഡന നിയമങ്ങളുടെ നടപ്പിലാക്കലിൽ ഭിന്നശേഷി–സൗഹൃദ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തുകയും, പോലീസ് സ്റ്റേഷനുകളും കോടതികളും നിയമസഹായ കേന്ദ്രങ്ങളും പൂർണ്ണമായും ആക്‌സസിബിളാക്കുകയും വേണം.
അതോടൊപ്പം, സെൻസസ്, NSSO, NFHS തുടങ്ങിയ ഡാറ്റ ശേഖരണ സംവിധാനങ്ങളിൽ ജാതി–ലിംഗ–ഭിന്നശേഷി സംയുക്ത വിവരശേഖരണം നിയമബാധ്യതയാക്കണം. കണക്കുകളിൽ കാണാത്തവർക്കായി നയങ്ങൾ രൂപപ്പെടുത്താൻ സാധ്യമല്ല. വിദ്യാഭ്യാസ പാഠ്യപദ്ധതികളിലും മാധ്യമങ്ങളിലും സർക്കാർ പരിശീലനങ്ങളിലും Intersectionality ഉൾപ്പെടുത്തുന്ന സാമൂഹിക ബോധവൽക്കരണവും, വിവേചനങ്ങൾക്ക് വ്യക്തമായ ശിക്ഷാനടപടികൾ ഉറപ്പാക്കുന്ന നിയമഭേദഗതികളും അനിവാര്യമാണ്.
നിയമങ്ങൾ മാത്രം മാറ്റിയാൽ മതിയാകില്ല; അവ നടപ്പാക്കുന്ന സാമൂഹിക മനോഭാവവും മാറണം. എന്നാൽ Intersectional നീതിയെ ലക്ഷ്യമിടുന്ന ശക്തമായ നിയമപരിഷ്കാരങ്ങളില്ലാതെ സാമൂഹിക മാറ്റം സാധ്യമല്ല. സ്ത്രീ–ഭിന്നശേഷി–ജാതി എന്ന ഇടകലർന്ന തിരിച്ചറിയലുകളെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു നിയമ–സാമൂഹിക ഘടനയാണ് യഥാർത്ഥ സമത്വത്തിന്റെ അടിത്തറ. ഒറ്റ തിരിച്ചറിയലുകൾക്കപ്പുറം മനുഷ്യരെ സമഗ്രമായി കാണേണ്ട സമയമാണിത്.
