Tucibi, Kush, Monkeytail; ലഹരിമരുന്ന് ലോകത്തെ ഭയപ്പെടുത്തുന്ന പുതിയ ആശങ്കകൾ

അന്താരാഷ്ട്രതലത്തിൽ നിരോധിത ലഹരിമരുന്ന് ഉപയോഗത്തിൽ കാണുന്ന പുതിയ പ്രവണതകൾ എങ്ങനെയാണ് വലിയ അപകടമായി മാറുന്നത്? യു.എൻ World Drug Report 2026-നെ വിശകലനം ചെയ്തുകൊണ്ട് ടി. ശ്രീജിത്ത് തയ്യാറാക്കിയ റിപ്പോർട്ട്.

ലോകമെമ്പാടും ലഹരിമരുന്നുകളുടെ ഉപയോഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻറ് ക്രൈം പുറത്തുവിട്ട World Drug Report 2026 റിപ്പോർട്ട് പ്രകാരം, 2024-ൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ലഹരിമരുന്നുകൾ ഉപയോഗിച്ചവരുടെ എണ്ണം 33.1 കോടിയാണെന്നാണ് കണക്കാക്കുന്നത്. 15-നും 64-നും ഇടയിൽ പ്രായമുള്ള ആഗോള ജനസംഖ്യയുടെ ഏകദേശം 6.2 ശതമാനമാണിത്. ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ 34 ശതമാനം കൂടുതലാണിത്. ജനസംഖ്യയിൽ ഉണ്ടായ ഏകദേശം 10 ശതമാനം വളർച്ച ഈ വർധനവിന് ഭാഗികമായി കാരണമായിട്ടുണ്ട്.

ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് അമേരിക്കൻ ഭൂഖണ്ഡങ്ങളും (തെക്കേ അമേരിക്ക, വടക്കേ അമേരിക്ക) ഏഷ്യയുമാണ്. ഇരു മേഖലകളിലും ഏകദേശം 10.5 കോടി പേർ ലഹരി ഉപയോഗിക്കുന്നതായാണ് കണക്ക്. 7.4 കോടി പേർ ലഹരി ഉപയോഗിക്കുന്ന ആഫ്രിക്കയാണ് തൊട്ടുപിന്നിൽ. എന്നാൽ, ലഹരിമരുന്ന് ഉപയോഗത്തിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതലുള്ളത് ഓഷ്യാനിയയിലാണ് (15.5 ശതമാനം). അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഇത് 15 ശതമാനവും ആഫ്രിക്കയിൽ 8.6 ശതമാനവുമാണ്.

ഓരോ ഭൂഖണ്ഡത്തിലും ലഹരിമരുന്ന് ഉപയോഗത്തിന്റെ രീതികളിൽ വലിയ വ്യത്യാസങ്ങളുണ്ട്. പൊതുവിൽ ആളുകളിലെ ലഹരി ഉപയോഗം വല്ലപ്പോഴുമുള്ളതോ പരിമിതമായ കാലയളവിൽ മാത്രം തുടരുന്നതോ ആണെന്ന് റിപ്പോർട്ട് പറയുന്നു. ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരിൽ ചെറിയൊരു വിഭാഗം മാത്രമാണ് ഉയർന്ന അപകടസാധ്യതയുള്ള ഉപയോഗത്തിലേക്കോ അഡിക്ഷനിലേക്കോ നീങ്ങുന്നത്. താരതമ്യേന ചെറിയൊരു വിഭാഗത്തിലാണ് ഇത് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും തീവ്രമായ ലഹരിമരുന്ന് ഉപയോഗം വ്യക്തികൾക്കും സമൂഹത്തിനും ഗുരുതരമായ ദോഷങ്ങൾ ഉണ്ടാക്കുന്നുവെന്ന കാര്യത്തിലും സംശയമൊന്നുമില്ല.

ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് അമേരിക്കൻ ഭൂഖണ്ഡങ്ങളും (തെക്കേ അമേരിക്ക, വടക്കേ അമേരിക്ക) ഏഷ്യയുമാണ്.

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ലഹരി കഞ്ചാവാണ് (Cannabis). ഇതിന്റെ ഉപയോഗം വർധിച്ചുവരികയുമാണ്. ആഗോളതലത്തിൽ ഏകദേശം 25.6 കോടി പേർ ഇപ്പോൾ കഞ്ചാവ് ഉപയോഗിക്കുന്നതായാണ് കണക്ക്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 40 ശതമാനം വർധനവുണ്ടായി. ഇതേ കാലയളവിൽ, കഞ്ചാവ് ഉപയോഗത്തിന്റെ വ്യാപനനിരക്ക് 2014-ലെ 3.8 ശതമാനത്തിൽനിന്ന് 2024-ൽ 4.8 ശതമാനമായി ഉയർന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് വടക്കേ അമേരിക്കയിലാണ്. അവിടെ ലഹരിമരുന്നിന്റെ ഉപയോഗനിരക്കും താരതമ്യേന ഉയർന്നതാണ്. 15 മുതൽ 64 വയസ്സുവരെയുള്ളവരിൽ 20.5 ശതമാനം പേരും കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് കണക്ക്.

ലോകത്തിന്റെ ചില ഭാഗങ്ങളിൽ ലഹരിമരുന്നുകളുടെ വിതരണത്തിൽ സമീപകാലത്ത് വലിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ആഗോളതലത്തിൽ ഒപിയോയിഡുകളുടെ (Opioid) ഉപയോഗം ഏറെക്കുറെ സ്ഥിരമായി തുടരുന്നതായാണ് കാണുന്നത്. 2024-ൽ ഏകദേശം 6.3 കോടി പേർ ഒപിയോയിഡുകൾ ഉപയോഗിച്ചതായാണ് കണക്ക്. ഇവരിൽ പകുതിയോളം പേർ ഒപിയേറ്റുകൾ (Opiate) ഉപയോഗിച്ചവരാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒപിയോയിഡുകൾ ഉപയോഗിച്ചവരുടെ നിരക്ക് താരതമ്യേന ഉയർന്ന മേഖലകളിൽ മിഡിൽ ഈസ്റ്റും തെക്കുപടിഞ്ഞാറൻ ഏഷ്യയും ഉൾപ്പെടുന്നു. വടക്കേ അമേരിക്ക, പശ്ചിമ-മധ്യ ആഫ്രിക്ക എന്നീ മേഖലകളിലും ഒപിയോയിഡ് ഉപയോഗത്തിന്റെ വ്യാപനനിരക്ക് ഉയർന്നിട്ടുണ്ട്.

ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് അമേരിക്കൻ ഭൂഖണ്ഡങ്ങളും (തെക്കേ അമേരിക്ക, വടക്കേ അമേരിക്ക) ഏഷ്യയുമാണ്. PC: UN World Drug Report 2026.
ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് അമേരിക്കൻ ഭൂഖണ്ഡങ്ങളും (തെക്കേ അമേരിക്ക, വടക്കേ അമേരിക്ക) ഏഷ്യയുമാണ്. PC: UN World Drug Report 2026.

എന്നാൽ, ഒപിയോയിഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് ദക്ഷിണേഷ്യയാണ്. ഇവിടുത്തെ ജനസംഖ്യ കാരണം തന്നെയാണ് ലഹരി ഉപയോഗത്തിൻെറ കാര്യത്തിൽ എണ്ണം കൂടുതലാവുന്നത്. ഇതിനുപുറമെ, ഉയർന്ന വീര്യമുള്ള പുതിയതരം ഒപിയോയിഡുകൾ വിവിധ ഉപമേഖലകളിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, നിറ്റസീനുകൾ (Nitazenes), ഓർഫിനുകൾ (Orphines) തുടങ്ങിയവ മറ്റ് ലഹരിവസ്തുക്കളുടെ പേരിൽ വിൽക്കുകയോ മറ്റ് ലഹരിമരുന്നുകളുമായി കലർത്തുകയോ ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറൻ-മധ്യ യൂറോപ്പിലും പശ്ചിമ-മധ്യ ആഫ്രിക്കയിലും ഈ പ്രവണത വർധിക്കുകയാണ്.

2024-ൽ ഏകദേശം 3.2 കോടി പേർ ആംഫെറ്റാമിനുകൾ (Amphetamines) ഉപയോഗിച്ചതായാണ് കണക്ക്. ആഗോളതലത്തിൽ ആംഫെറ്റാമിനേക്കാൾ കൂടുതൽ ഉപയോഗിക്കപ്പെടുന്നത് മെത്താംഫെറ്റാമിനാണ് (Methamphetamine). കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യയിലും വടക്കേ അമേരിക്കയിലുമാണ് മെത്താംഫെറ്റാമിന്റെ ഏറ്റവും വലിയ വിപണികൾ നിലനിൽക്കുന്നത്. അതേസമയം, ആംഫെറ്റാമിന്റെ ഉപയോഗം ഏറ്റവും കൂടുതലുള്ളത് മിഡിൽ ഈസ്റ്റിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലുമാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കൊക്കെയ്ൻ വിതരണത്തിലുണ്ടായ വൻ വർധന ആഗോളതലത്തിൽ മൊത്തത്തിൽ ലഹരി ഉപയോഗത്തിലുണ്ടായ വർധനവിലും പ്രതിഫലിച്ചിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ കാലത്ത് ഉപയോഗത്തിൽ നേരിയ ഇടിവുണ്ടായതൊഴിച്ചാൽ ഈ പ്രവണത തുടർന്നു. 2024-ൽ ലോകമെമ്പാടും ഏകദേശം 2.5 കോടി പേർ കൊക്കെയ്ൻ ഉപയോഗിച്ചതായാണ് കണക്ക്. ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ 38 ശതമാനം കൂടുതലാണിത്. വടക്കേ അമേരിക്ക, പടിഞ്ഞാറൻ-മധ്യ യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളാണ് കൊക്കെയ്‌നിന്റെ പ്രധാന വിപണികളായി തുടരുന്നത്. പടിഞ്ഞാറൻ-മധ്യ യൂറോപ്പിൽ സമീപ വർഷങ്ങളിൽ ‘ക്രാക്ക്’ കൊക്കെയ്നിന്റെ ഉപയോഗം വർധിച്ചതായും കണക്കാക്കപ്പെടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ഉത്തേജക ലഹരിമരുന്നുകളും ഉപയോഗിക്കപ്പെടുന്നുണ്ട്. കൊക്കെയ്ൻ, മെത്താംഫെറ്റാമിൻ എന്നിവയെപ്പോലെ ഏതെങ്കിലും ഒരു പ്രാദേശിക ഉത്തേജക ലഹരിമരുന്ന് വിപണിയിൽ ആധിപത്യം പുലർത്തുന്നില്ലെങ്കിലും, പല രാജ്യങ്ങളിലും ഉപയോഗിക്കപ്പെടുന്ന ഒരു ഉത്തേജക ലഹരിമരുന്നാണ് ‘എക്സ്റ്റസി’ (Ecstasy). കിഴക്കൻ-തെക്കുകിഴക്കൻ ഏഷ്യ, പടിഞ്ഞാറൻ-മധ്യ യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് ഈ ലഹരിമരുന്നിന്റെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികൾ ഉള്ളത്. 2024-ൽ ആഗോളതലത്തിൽ ഏകദേശം 2.1 കോടി പേർ എക്സ്റ്റസി ഉപയോഗിച്ചതായാണ് കണക്ക്.

ലോകത്തെ ലഹരി ഉപയോഗത്തിൻെറ നിലവിലെ പ്രവണതകൾ, ഓരോ ഭൂഖണ്ഡത്തിലും. PC: UN World Drug Report 2026.
ലോകത്തെ ലഹരി ഉപയോഗത്തിൻെറ നിലവിലെ പ്രവണതകൾ, ഓരോ ഭൂഖണ്ഡത്തിലും. PC: UN World Drug Report 2026.

കഞ്ചാവ്, ഒപിയോയിഡുകൾ, ആംഫെറ്റാമിനുകൾ, കൊക്കെയ്ൻ, ‘എക്സ്റ്റസി’ എന്നീ പ്രധാന ലഹരിവസ്തുക്കൾക്ക് പുറമെ, ലോകത്തിന്റെ വിവിധ മേഖലകളിൽ മറ്റു പലതരം ലഹരിവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ആവശ്യമായ വിവരങ്ങളുടെ അഭാവം മൂലം ഇവയുടെ ആഗോള, പ്രാദേശിക ഉപയോഗത്തെക്കുറിച്ചുള്ള കണക്കുകൾ ലഭ്യമല്ലെന്ന് യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഹാല്യൂസിനോജനുകൾ, സൈക്കഡെലിക്കുകൾ തുടങ്ങിയ താരതമ്യേന കുറഞ്ഞ തോതിൽ ഉപയോഗിക്കപ്പെടുന്ന ലഹരിവസ്തുക്കൾ, അടുത്തിടെ നിയന്ത്രണവിധേയമാക്കിയ ലഹരിവസ്തുക്കൾ, എൻപിഎസ് (NPS - പുതിയതരം സൈക്കോആക്ടീവ് ലഹരിവസ്തുക്കൾ), കെറ്റാമിന്റെ ചികിത്സേതര ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒപിയോയിഡുകളും ആംഫെറ്റാമിനുകളും ഒഴികെയുള്ള മരുന്നുകളുടെ ചികിത്സേതര ഉപയോഗവും വിവിധതരം ലഹരിമരുന്നുകൾ കൂട്ടിക്കലർത്തി ഉപയോഗിക്കുന്നതും ഈ വിഭാഗത്തിൽ പെടുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ലഹരി കഞ്ചാവാണ് (Cannabis). ഇതിന്റെ ഉപയോഗം വർധിച്ചുവരികയുമാണ്. ആഗോളതലത്തിൽ ഏകദേശം 25.6 കോടി പേർ ഇപ്പോൾ കഞ്ചാവ് ഉപയോഗിക്കുന്നതായാണ് കണക്ക്.

ലോകത്തിൻെറ വ്യത്യസ്ത മേഖലകളിലുള്ള ജനങ്ങളുടെ ജീവിതസാഹചര്യത്തിൻെറയും മറ്റും അടിസ്ഥാനത്തിൽ ലഹരി ഉപയോഗത്തിൽ വലിയ അന്തരം കാണാം. സമൂഹത്തിലെ വർഗ്ഗ-സാമൂഹ്യ-ജെൻഡർ വ്യത്യാസങ്ങളും ലഹരി ഉപയോഗത്തിൽ പ്രതിഫലിക്കുന്നുണ്ട്. ലോകത്ത് ലഹരി ഉപയോഗിക്കുന്നവരിൽ ഏകദേശം 75 ശതമാനവും പുരുഷന്മാരാണ്. 15 മുതൽ 34 വയസ്സുവരെയുള്ള യുവജനവിഭാഗങ്ങളിലാണ് ലഹരി ഉപയോഗം ഏറ്റവും കൂടുതലുള്ളത്. എന്നാൽ പ്രായമായവരിലും ലഹരി ഉപയോഗം വർധിക്കുന്നുണ്ടെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസൃതമായ പ്രത്യേക ചികിത്സയും പരിചരണവും ഇവർക്ക് ആവശ്യമായി വരുന്നുണ്ട്.

സ്ത്രീകളിലെയും പുരുഷൻമാരിലെയും ലഹരി ഉപയോഗം, ചില കണക്കുകൾ

2024-ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടും കഴിഞ്ഞ ഒരു വർഷത്തിനിടെ ഏതെങ്കിലും ലഹരി ഉപയോഗിച്ചവരിൽ നാലിൽ ഒന്ന് മാത്രമാണ് സ്ത്രീകളുള്ളത്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ലഹരിമരുന്ന് ഉപയോഗത്തിന്റെ തോതിലുള്ള വ്യത്യാസം ലഹരി, പ്രദേശം, ഉപമേഖല എന്നിവയ്ക്കനുസരിച്ച് മാറുന്നു. ഈ ലിംഗവ്യത്യാസം ഏറ്റവും കൂടുതലുള്ളത് ഏഷ്യയിലാണ്. ഇവിടെ കഞ്ചാവ് ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിന്റെ 11 മടങ്ങാണ്. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ഓഷ്യാനിയയിലുമാണ് ഈ വ്യത്യാസം ഏറ്റവും കുറവ്. അവിടെ കഞ്ചാവ് ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിന്റെ 1.4 മടങ്ങാണ്.

ലോകത്തെ കഞ്ചാവ് ഉപയോഗത്തിൻെറ കണക്കുകളിലെ സ്ത്രി - പുരുഷ അനുപാതം. PC: UN World Drug Report 2026.
ലോകത്തെ കഞ്ചാവ് ഉപയോഗത്തിൻെറ കണക്കുകളിലെ സ്ത്രി - പുരുഷ അനുപാതം. PC: UN World Drug Report 2026.

ഒപിയേറ്റുകൾ ഉപയോഗിക്കുന്നവരിലാണ് പുരുഷന്മാരുടെ അനുപാതം ഏറ്റവും കൂടുതലുള്ളത്. ഈ വിഭാഗത്തിൽ ആറ് പുരുഷൻമാർ - ഒരു സ്ത്രീ എന്നതാണ് അനുപാതം. അതേസമയം, മരുന്നുകളുടെ ചികിത്സേതര ഉപയോഗത്തിൽ ഏർപ്പെടുന്നവർക്കിടയിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം മറ്റു ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് പൊതുവെ കുറവാണ്. ചില രാജ്യങ്ങളിലും പ്രായവിഭാഗങ്ങളിലും പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ ഔഷധരൂപത്തിലുള്ള ഒപിയോയിഡുകൾ ഉപയോഗിക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.

അനധികൃത ലഹരിമാർക്കറ്റുകളിലെ ആഗോള പ്രവണതകൾ

ലഹരിമരുന്നുകളുടെ വിപണികൾ കൂടുതൽ സങ്കീർണവും അതിവേഗം മാറിക്കൊണ്ടിരിക്കുകയുമാണ്. വിവിധ ലഹരിവസ്തുക്കളും അവയുടെ മിശ്രിതങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും കൂടുതൽ വ്യാപകമായി ഉപഭോക്താക്കളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ലോകത്താകമാനം മയക്കുമരുന്ന് പിടിക്കുന്ന കണക്കിലും ഗണ്യമായ വർധവനുണ്ട്. അതായത് 2000-ന് മുമ്പുള്ളതിനേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുക്കലുകൾ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 20 വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം മൂന്ന് മടങ്ങ് കൂടുതൽ വ്യത്യസ്ത തരം ലഹരിമരുന്നുകൾ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. ലഹരിമരുന്നുകളുടെ ഘടനയും കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. ഹെറോയിൻ, കൊക്കെയ്ൻ, എംഡിഎംഎ (MDMA) തുടങ്ങിയ ലഹരിമരുന്നുകളിൽ അതിശക്തമായ ഒപിയോയിഡുകളായ ഫെന്റനൈലുകളും (Fentanyls) നിറ്റസീനുകളും (Nitazenes) കലർത്തുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയുടെ ഉപയോഗം മരണത്തിലേക്ക് നയിച്ച സംഭവങ്ങളുമുണ്ട്. ഫെന്റനൈലുമായി ബന്ധപ്പെട്ട മരണങ്ങൾ പ്രധാനമായും വടക്കേ അമേരിക്കയിലും നിറ്റസീനുമായി ബന്ധപ്പെട്ട മരണങ്ങൾ പ്രധാനമായും യൂറോപ്പിലുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സൈലസിൻ (Xylazine), മെഡിറ്റോമിഡിൻ (Medetomidine) തുടങ്ങിയ മാരകമായേക്കാവുന്ന മറ്റ് പദാർഥങ്ങളും ഗുരുതരമായ ആശങ്ക ഉയർത്തുന്നുണ്ട്.

2024-ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടും കഴിഞ്ഞ ഒരു വർഷത്തിനിടെ ഏതെങ്കിലും ലഹരി ഉപയോഗിച്ചവരിൽ നാലിൽ ഒന്ന് മാത്രമാണ് സ്ത്രീകളുള്ളത്.

പുതിയ തരത്തിലുള്ള, വ്യത്യസ്ത മയക്കുമരുന്ന് മിശ്രിതങ്ങളും ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് യു.എൻ റിപ്പോർട്ട് പറയുന്നു. ‘ടുസിബി’ (Tucibi) അഥവാ ‘പിങ്ക് കൊക്കെയ്ൻ’ (Pink Cocaine), ‘കുഷ്’ (Kush), ‘ഹാപ്പി വാട്ടർ’ (Happy Water), ‘കെ-പോഡ്സ്’ (K-pods) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ലഹരിവസ്തുക്കൾ വ്യത്യസ്ത രൂപങ്ങളിൽ ലഭ്യമാണ്. അവ ശരീരത്തിലെത്തിക്കുന്ന രീതികളും വ്യത്യസ്തമാണ്. ഈ മിശ്രിതങ്ങളിൽ അടങ്ങിയിരിക്കുന്ന പദാർഥങ്ങളുടെ ഘടന ഓരോന്നിലും വ്യത്യസ്തമാണ്. പലപ്പോഴും അതിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന് ഉപയോഗിക്കുന്നവർക്ക് കൃത്യമായി മനസ്സിലാക്കാൻ പോലും സാധിക്കില്ല. ‘കുഷ്’ (Kush) എന്ന ലഹരിവസ്തു 2016 മുതൽ പശ്ചിമാഫ്രിക്കയിൽ വ്യാപിച്ചുവരികയാണ്. ഈ മിശ്രിതത്തിന്റെ ഉപയോഗം പലപ്പോഴും മരണത്തിന് കാരണമാകുന്നതിനാൽ, 2024-ൽ ലൈബീരിയയും സിയറ ലിയോണും രാജ്യത്ത് മൊത്തത്തിൽ അതീവജാഗ്രത പ്രഖ്യാപിക്കുന്നതിന് വരെ കാരണമായി. പശ്ചിമ-മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഐവറി കോസ്റ്റ്, ഘാന, നൈജീരിയ, സെനഗൽ എന്നിവിടങ്ങളിൽ, പ്രാദേശികമായി തയ്യാറാക്കുന്ന മറ്റ് പല ലഹരിമിശ്രിതങ്ങളും വലിയ ആശങ്ക ഉയർത്തുന്നുണ്ട്.

ലോകത്ത് കഴിഞ്ഞ ഒരു വർഷം ലഹരി ഉപയോഗിച്ചവരുടെ എണ്ണം. PC: UN World Drug Report 2026.
ലോകത്ത് കഴിഞ്ഞ ഒരു വർഷം ലഹരി ഉപയോഗിച്ചവരുടെ എണ്ണം. PC: UN World Drug Report 2026.

ഇവയിൽ ചിലത് താഴെ പറയുന്നവയാണ്:

‘സ്കുഷി’ (Skushi): കഞ്ചാവിനൊപ്പം ട്രമഡോൾ അല്ലെങ്കിൽ കോഡീൻ പോലുള്ള ഒപിയോയിഡുകളും സുഗന്ധത്തിനായി ചേർക്കുന്ന പദാർഥങ്ങളും കലർത്തിയ മിശ്രിതം.

‘ലീൻ’ (Lean) അഥവാ ‘പർപ്പിൾ ഡ്രാങ്ക്’ (Purple Drank): ലഹരി ഉപയോഗിക്കുന്നവർ തന്നെ പ്രധാനമായും തയ്യാറാക്കുന്ന ഈ മിശ്രിതത്തിൽ കോഡീൻ അടങ്ങിയ സിറപ്പും ചിലപ്പോൾ പ്രോമെത്തസിൻ (Promethazine) അടങ്ങിയ സിറപ്പും സോഡ പാനീയങ്ങളും ചേർക്കുന്നു. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ഇത് ഉപയോഗിച്ചുവരുന്നു.

‘മങ്കിടെയിൽ’ (Monkeytail): പ്രാദേശികമായി ഉപയോഗിക്കുന്ന മറ്റൊരു ലഹരിമിശ്രിതം.

‘കധാഫി’ (Kadhafi): അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഈ മിശ്രിതത്തിൽ ട്രമഡോൾ, എനർജി ഡ്രിങ്കുകൾ, മദ്യം എന്നിവ ഉൾപ്പെടുന്നു.

നിരോധിത ലഹരിമരുന്നിൻെറ ഉപയോഗത്തിൽ ആഗോളതലത്തിലുള്ള പ്രവണതകൾ പൊതുവിൽ ആശങ്ക കൂട്ടുകയാണ് ചെയ്യുന്നത്. സാമ്പത്തികമായി ഏറ്റവും ലാഭം കൊയ്യുന്ന അനധികൃത കച്ചവടമായി ഇത് മാറുന്നുണ്ടെന്നത് ഒരു ഭാഗം. അതിനൊപ്പം വളർന്നുവരുന്ന യുവതലമുറയിൽ വലിയ വിഭാഗമാണ് ചൂഷണം ചെയ്യപ്പെടുന്നത്. അവരുടെ ഭാവിയാണ്, ഒപ്പം ലോകത്തിൻെറ കൂടി ഭാവിയാണ് അപകടത്തിലാവുന്നത്.

Comments