ജന്തർമന്തറിൽ വിദ്യാർത്ഥികൾ നടത്തിയ ജനാധിപത്യപരമായ പോരാട്ടം പല കാരണങ്ങൾ കൊണ്ടും വേറിട്ടുനിൽക്കുന്നതായിരുന്നു. അധികാര ബലത്തിന്റെ സർവ്വസന്നാഹങ്ങളും വിദ്യാർത്ഥികൾക്കെതിരെ പ്രയോഗിക്കപ്പെട്ടു. ലാത്തിചാർജ് മുതൽ പെല്ലറ്റ് ഗൺ വരെയുള്ള മാരകായുധങ്ങളോടുകൂടിയായിരുന്നു ദൽഹി പോലീസ് സമാധാനപൂർണ്ണമായ പ്രതിഷേധത്തെ നേരിട്ടത്. കൂടാതെ, തൊഴിലും ശോഭനമായ വിദ്യാഭ്യാസഭാവിയും സ്വപ്നം കാണുന്ന തലമുറയൊന്നാകെ തീവ്രവാദികളെന്ന് മുദ്രകുത്തപ്പെട്ടു. അവർ അമേരിക്കയുടെയും ചൈനയുടെയും ഖത്തറിന്റെയും ചാരന്മാരായി ചിത്രീകരിക്കപ്പെട്ടു. സമരം ചെയ്യുന്ന വിദ്യാർത്ഥിനികൾക്കുനേരെ ലൈംഗികാതിക്രമ സ്വഭാവമുള്ള പെരുമാറ്റം നടത്തിയ ദൽഹി പോലീസിന്റെ അപമാനകരമായ നടപടിക്കും രാജ്യം സാക്ഷിയായി. ഏറ്റവുമൊടുവിൽ സമരമുഖത്തെ വിദ്യാർത്ഥിനികളെ സംസ്കാരശൂന്യരായി അവതരിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ഉള്ളുപൊള്ളുന്ന അനേകം ചിത്രങ്ങളാണ് ജന്തർ മന്തർ ബാക്കിയാക്കിയത്.
ആണി ഘടിപ്പിച്ച ലാത്തിയുമായി ദൽഹി പോലീസ് വിദ്യാർഥികളെ ശക്തമായി അടിക്കുമ്പോൾ ‘മാരോ സർ’ എന്നാർത്തലച്ച് ആത്മധൈര്യത്തോടെ നേരിടുന്ന വിദ്യാർത്ഥി വൃന്ദം, പെല്ലറ്റ് ഗൺ ആക്രമണത്തിലൂടെ ദേഹമാസകലം മുറിവേറ്റ ഗവേഷണ വിദ്യാർത്ഥികൾ, നെയിം പ്ലെയ്റ്റോ യൂണിഫോമോ ഇല്ലാതെ അഡോൾഫ് ഹിറ്റ്ലരുടെ സ്ട്രോംസ്ട്രൂ പേഴ്സിനെ (Stormtroopers) പോലെ വിദ്യാർഥികളെ അടിച്ചൊതുക്കുന്ന സംഘഗുണ്ടകൾ, സൈനിക നടപടികളിൽ ഉപയോഗിക്കുന്ന AK-47 റൈഫിൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്കുനേരെ വെടിവെക്കുന്ന ദയനീയ ചിത്രം.

ഈ അതിക്രൂരതകൾക്കിടയിലും വിദ്യാർഥികൾ ഫെയ്സ് അഹമ്മദ് ഫൈസിന്റെ ‘ഹം ദേഖേങ്കേ…’ ആലപിക്കുന്നുണ്ടായിരുന്നു. രക്തം പൊടിഞ്ഞ അവരുടെ കൈകളിലുണ്ടായിരുന്നത് ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രമായിരുന്നു. ഇന്ത്യയുടെ മതാത്മകഭരണത്തോട് അവർ ഉച്ചത്തിൽ പറയുഞ്ഞു; “Jab jab Modi darta hai, Hindu-Muslim karta hai" (‘മോദി ഭയപ്പെടുമ്പോഴെല്ലാം ഹിന്ദു- മുസ്ലിം വിഭജനം ഉയർത്തിക്കാട്ടുന്നു’).
‘ഹിന്ദു, മുസ്ലിം, സിഖ്, ക്രൈസ്തവർ- എല്ലാവരും ഇന്ത്യയിൽ സഹോദരങ്ങളാണ്’. അഹിംസാത്മക മാർഗ്ഗങ്ങളിലൂടെ ഭരണകൂടത്തെ ചോദ്യം ചെയ്‌ത് സമരത്തെ ക്രിയാത്മകമാക്കി മാറ്റിയപ്പോൾ യഥാർത്ഥത്തിൽ ജനാധിപത്യം ഒരു പുതിയ തലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
CJP സമരവുമായി ബന്ധപ്പെട്ട് ANI നൽകിയ റിപ്പോർട്ടുകളിൽ ഗവൺമെന്റ് താല്പര്യങ്ങളെ സംരക്ഷിക്കാൻ പ്രത്യേകമായ ഫോക്കസ് ഉണ്ടായിരുന്നുവെന്ന് ആൾട് ന്യൂസ് റിപ്പോർട്ട് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.
സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും മനോഹരമായ സമരാഖ്യാനങ്ങളിലൊന്നിനെ പൊതുമധ്യത്തിലേക്ക് എത്തിച്ചതും ദൽഹി പോലീസിന്റെ ക്രൂരമായ ആക്രമണങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവന്നതും ആരായിരുന്നു? മുഖ്യധാരാ മാധ്യമങ്ങൾ അക്ഷരാർത്ഥത്തിൽ മൗനമവലംബിച്ചപ്പോൾ ജന്തർ മന്തറിൽ വിദ്യാർഥികൾ തന്നെ മാധ്യമപ്രവർത്തകരായി മാറി. സിറ്റിസൺ ജേണലിസം എന്ന സാധ്യതയെ അവർ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി. ദൽഹി പോലീസിന്റെ ക്രൂരവേട്ടയെ അവർ ഫോണുകളിൽ പകർത്തി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിച്ചു. പോലീസിന്റെ ചെറുത്തുനിൽപ്പ് മാത്രമാണ് ദൽഹിയിലുണ്ടായതെന്ന നരേറ്റീവ് സൃഷ്ടിക്കാൻ ശ്രമിച്ച ‘ഗോദി മീഡിയ’യുടെ ആസൂത്രിത അജണ്ട സിറ്റിസൺ ജേണലിസത്തിലൂടെ വിദ്യാർത്ഥികൾ തുറന്നുകാട്ടി.
സമാനമായി ജന്തർ മന്തറിലെ സമരത്തെ പൊതു മധ്യത്തിലേക്കെത്തിക്കുന്നതിൽ ശ്രദ്ധയൂന്നിയ സ്വതന്ത്ര്യ മാധ്യമ പ്രവർത്തകരായ സംദീഷ് ഭാട്ടിയ, സർദക് ഗോസ്വാമി, അജിത് അഞ്ജും, ബബ്ലു സൈനി, ഷാരദ് ഷർമ, ഹർഷ് യാദവ് തുടങ്ങിയവരുടെ ഇടപെടലുകളും പ്രധാനമായിരുന്നു.

എന്നാൽ, ഇന്ത്യയിലെ ടെലിവിഷൻ വാർത്താ രംഗത്തെ പ്രധാന ചാനലായ Asian News International (ANI) പക്ഷപാതപരമായാണ് ഈ സമരം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ വാർത്താ മാധ്യമങ്ങളിൽ കുത്തകയെന്നപോലെ സ്വാധീനമുള്ള ANI നൽകുന്ന ദൃശ്യങ്ങളും (footage) ശബ്ദഭാഗങ്ങളുമാണ് (sound bites) രാജ്യത്തുടനീളവും വിദേശത്തുമുള്ള നിരവധി വാർത്താചാനലുകൾ പ്രധാന സ്രോതസ്സായി പലപ്പോഴും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ANI നൽകുന്ന വാർത്തകൾക്ക് പ്രാധാന്യമേറെയാണ്.
ജൂലൈ 20-ന് ദൽഹിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെ ദൽഹി പോലീസ് ശക്തമായി അടിച്ചമർത്തിയപ്പോൾ, ANI അതിനെക്കുറിച്ച് ഒന്നും റിപ്പോർട്ട് ചെയ്തില്ല. അന്നേദിവസം ANI X (Twitter)- ൽ പങ്കുവെച്ച 404 പോസ്റ്റുകൾ പരിശോധിച്ച Alt News റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്, ജന്തർ മന്തറിലെ സമരത്തിൽ പോലീസ് മർദ്ദനത്തിൽ പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി ഒരു പോസ്റ്റിൽ പോലും ANI പരാമർശിച്ചില്ല എന്നാണ്.
വിദ്യാർത്ഥികൾക്കെതിരെ നടന്ന ടിയർ ഗ്യാസ്, പെല്ലറ്റ് ഗൺ പ്രയോഗങ്ങളെക്കുറിച്ചും ANI പരാമർശിച്ചതേയില്ല. ഗുരുതര പരിക്കേറ്റ് കാഴ്ച പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയ വിദ്യാർത്ഥികളനുഭവിച്ച ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുപകരം ANI താല്പര്യം കാണിച്ചത് പരിക്കേറ്റ പോലീസുകാരുടെ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലായിരുന്നു. 118 ലധികം പരിക്കേറ്റ പോലീസുകാരുടെ റാങ്ക് തിരിച്ചുള്ള റിപ്പോർട്ട് ANI പ്രസിദ്ധീകരിച്ചിരുന്നു. സമരവുമായി ബന്ധപ്പെട്ട് ANI നൽകിയ റിപ്പോർട്ടുകളിൽ ഗവൺമെന്റ് താല്പര്യങ്ങളെ സംരക്ഷിക്കാൻ പ്രത്യേകമായ ഫോക്കസ് ഉണ്ടായിരുന്നുവെന്ന് ആൾട് ന്യൂസ് റിപ്പോർട്ട് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.
പോലീസിന്റെ ചെറുത്തുനിൽപ്പ് മാത്രമാണ് ദൽഹിയിലുണ്ടായതെന്ന നരേറ്റീവ് സൃഷ്ടിക്കാൻ ശ്രമിച്ച ‘ഗോദി മീഡിയ’യുടെ ആസൂത്രിത അജണ്ട സിറ്റിസൺ ജേണലിസത്തിലൂടെ വിദ്യാർത്ഥികൾ തുറന്നുകാട്ടി.
അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി സമരത്തിന്റെ പ്രതിച്ഛായയെ വികലമാക്കുന്ന വാർത്തകളായിരുന്നു നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നത്. അസത്യങ്ങളുടെ നിരന്തര സംപ്രേഷണത്തിലൂടെ ജനാധിപത്യ സമരത്തിന്റെ ആന്തരിക സത്ത തകർക്കുകയായിരുന്നു ലക്ഷ്യം. ന്യൂസിലൻഡിലെ Center for Culture-Centered Approach to Research and Evaluation (CARE), Massey University പ്രസിദ്ധീകരിച്ച "Manufacturing the Foreign Hand: How Republic TV turned a student protest into a foreign conspiracy in seven days" എന്ന റിപ്പോർട്ടിൽ റിപ്പബ്ലിക് ടിവി സമരത്തെ വിദേശനിർമിതമെന്ന് മുദ്രകുത്താൻ തീവ്രശ്രമം നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്നു. ജൂലൈ 20 മുതൽ 26 വരെ റിപ്പബ്ലിക് ടി.വിയുടെ 25 സംപ്രേഷണങ്ങൾ വിശകലനം ചെയ്ത റിപ്പോർട്ട് സൂചിപ്പിക്കുന്നത്, വിദ്യാർത്ഥി പ്രതിഷേധത്തെക്കുറിച്ചുള്ള 58,941 വാക്കുകളുടെ തനതായ സംപ്രേഷണത്തിൽ വിദ്യാർത്ഥികളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെ ബോധപൂർവ്വം മായ്ച്ചുകളയാൻ ശ്രമിച്ചുവെന്നാണ്. ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിന് കാലാവസ്ഥാ പ്രവർത്തകയായ ഗ്രേറ്റ തുമ്പെർഗ് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ സമരം പാക്കിസ്ഥാനി നിയന്ത്രിതമാണെന്ന വിശകലനമായിരുന്നു റിപ്പബ്ലിക് ടി.വി നടത്തിയത്. വിദേശ ധനസഹായ ക്ലസ്റ്റർ, മിഷനറിമാരുടെ മതപരിവർത്തന ഹബ്ബ് തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആയിരുന്നു സമരത്തിനെതിരെ റിപ്പബ്ലിക് ടി.വി ഉന്നയിച്ചിരുന്നത്.

21 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യാനിടയായ ചോദ്യപേപ്പർ ചോർച്ചയുടെ യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുപകരം ഗവൺമെന്റ് പക്ഷ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സമരമുഖത്തെത്തിയ റിപ്പബ്ലിക് ടി.വി (Republic TV), ടൈംസ് നൗ (Times Now), സീ ന്യൂസ് (Zee News), എ ബി പി ന്യൂസ് (ABP News), എൻ ഡി ടി.വി (NDTV) തുടങ്ങിയ ചാനലുകളുടെ അവതാരകരെ ‘ഗോഡി മീഡിയ' (Godi Media) എന്നാക്രോശിച്ചും കൂക്കിവിളിച്ചുമാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
ഭൂരിഭാഗം മുഖ്യധാരാ മാധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയോ ബിസിനസ് ഗ്രൂപ്പുകളുടെയോ നിയന്ത്രണത്തിലാണിന്ന്. സി.എൻ.എൻ, സി.എൻ.ബി.സി, ന്യൂസ് 18 എന്നിവ അംബാനിക്ക് കീഴിലും, എൻ.ഡി.ടി.വി അദാനിയുടെയും, ഇന്ത്യൻ എക്സ്പ്രസ്, സീ ന്യൂസ് എന്നിവ ഗോയങ്ക ഫാമിലിയുടേതുമാണ്. അതുകൊണ്ടുതന്നെ സമരമുഖത്തെ വിദ്യാർഥികൾ ഇത്തരം മീഡിയയെ പൂർണ്ണാർത്ഥത്തിൽ ബഹിഷ്കരിക്കുകയും സ്വയം മീഡിയ ഹൗസായി മാറുകയുമായിരുന്നു.

സിറ്റിസൺ ജേണലിസം അനീതികൾക്കെതിരായ പോരാട്ടമായി സ്വയം ഉയർന്നുവന്ന സന്ദർഭങ്ങൾ ചരിത്രത്തിലുണ്ട്. ഗവൺമെന്റ് താല്പര്യങ്ങൾക്കനുസൃതമായി മീഡിയാ റൂമുകൾ ചലിച്ചുതുടങ്ങുമ്പോഴാണ് സിറ്റിസൺ ജേണലിസത്തിലൂടെ പൗരസമൂഹം അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നത്.
ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവവും പിന്നീട് അറബ് വസന്തവും സിറ്റിസൺ ജേണലിസത്തിന്റെ ശക്തി ലോകത്തിന് തെളിയിച്ചുകൊടുത്ത സുപ്രധാന ഉദാഹരണങ്ങളാണ്. പ്രതിഷേധക്കാരുടെ മൊബൈൽ വീഡിയോകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും വാർത്തകൾ ആഗോള രാഷ്ട്രീയത്തിലിടം പിടിക്കുകയും പ്രക്ഷോഭങ്ങളുടെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നു. സമാനമായ പ്രതിഫലനങ്ങളായിരുന്നു നേപ്പാളിലും ബംഗ്ലാദേശിലുമുണ്ടായത്. ജനാധിപത്യത്തിന്റെ നാലാം തൂണായി വർത്തിക്കേണ്ട മാധ്യമങ്ങൾ ഗവണ്മന്റ് ദാസ്യപ്പണിയിലേർപ്പെടുമ്പോൾ രൂപപ്പെടുന്ന ജനകീയ സമരമുഖമായി സിറ്റിസൺ ജേണലിസം ഇടം പിടിക്കുന്നു.
