പെരിയാര്‍ ഇ.വി. രാമസ്വാമി ഇപ്പോഴും ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ സ്വാധീനശക്തിയായി തുടരുകയാണ്. ദ്രവീഡിയന്‍ നാഷനലിസം പെരിയാറിനെ ഒരു പ്രവാചകനാക്കി മാറ്റുന്നു- പെരിയാറില്‍ തുടങ്ങി പെരിയാറില്‍ അവസാനിക്കുന്ന ഒരു ‘പ്രവാചകത്വ'മായി. എന്നാല്‍, തമിഴ് നാഷനലിസ്റ്റുകളാകട്ടെ, പെരിയാറിനെ വിട്ടുകളയുന്നു. അതേസമയം, യുക്തിവാദത്തോട് വിമുഖരായവർ തന്നെ പെരിയാറിനെ ഉൾക്കൊള്ളുന്നു. ഇത്തരം സുന്ദരമായ വൈരുധ്യങ്ങൾക്കിടയിലാണ് ഇന്ന് തമിഴ്നാട്ടിൽ പെരിയാർ നിലകൊള്ളുന്നത്. ഈ വിരുദ്ധ ധ്രുവങ്ങള്‍ക്കപ്പുറം, ബ്രാഹ്മണിക്കല്‍ വംശീയതയും ദേശീയതയും ആധിപത്യം ചെലുത്തുന്ന സമകാലിക സാഹചര്യത്തില്‍ പെരിയാര്‍ തമിഴ്‌നാടിനെ സംബന്ധിച്ചുമാത്രമല്ല, ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ സാന്നിധ്യമാകേണ്ടതുണ്ടെന്ന് എഴുത്തുകാരനും ആന്റി ന്യൂക്ലിയര്‍ ആക്റ്റിവിസ്റ്റുമായ എസ്.പി. ഉദയകുമാര്‍.
17 Sep 2020, 04:00 PM
സപ്തംബര്‍ 17, പെരിയാറിന്റെ 142ാമത് ജന്മദിനം. 1879ലാണ് അദ്ദേഹം ജനിച്ചത്. ഈറോഡ് വെങ്കടപ്പ രാമസ്വാമിയെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എന്നാല്‍ പെരിയാര്‍ എന്ന നിലയിലാണ് തമിഴ്നാട്ടില്‍ അദ്ദേഹം അറിയപ്പെടുന്നത്. 1919ല്‍, പെരിയാറിന് 40 വയസായിരുന്നപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരുപാട് കോണ്‍ട്രഡിക്ഷന്‍സ് ഉണ്ടായി, പാര്‍ട്ടിയില്‍ ചേര്‍ന്ന് ആറുവര്‍ഷത്തിനകം 1925ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുവന്നു. 1924ലാണ് പെരിയാര്‍ വൈക്കത്തേക്ക് വരുന്നത്. ജാതി അടിച്ചമര്‍ത്തര്‍ ഭീകരമായിരുന്ന കാലഘട്ടമായിരുന്നു അത്. ദളിതര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും വൈക്കം ക്ഷേത്രത്തിലേക്ക് പ്രവേശനം ഇല്ലെന്നുമാത്രമല്ല, അടുത്തേക്കുതന്നെ പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അപ്പോഴാണ്, ടി.കെ. മാധവന്‍, കേളപ്പന്‍, വേലായുധമേനോന്‍, കൃഷ്ണസ്വാമി അയ്യര്‍ എന്നിവരൊക്കെ ചേര്‍ന്ന് വൈക്കം സത്യാഗ്രഹത്തിന് തുടക്കമിട്ടത്. മാധവനെയും കേളപ്പനെയും പോലുള്ളവരൊക്കെ അറസ്റ്റിലായപ്പോള്‍ പെരിയാര്‍ ഇവിടുന്ന് വൈക്കത്തേക്ക് വന്ന് വൈക്കം സമരം നടത്തുകയായിരുന്നു. അദ്ദേഹം പങ്കെടുത്ത വലിയൊരു സമരമായിരുന്നു അത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്തുവന്നശേഷം 1939ല്‍ പെരിയാര്‍ തമിഴ്നാട്ടിലെ ജസ്റ്റിസ് പാര്‍ട്ടി പ്രസിഡന്റായി. 1944ല്‍ ഈ പാര്‍ട്ടിയുടെ പേര് മാറ്റി ദ്രാവിഡ കഴകം എന്നാക്കി. ദ്രാവിഡ കഴകത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് റാഷനലിസം ആയിരുന്നു. എന്നുവെച്ചാല്‍ 'You have to be objective, scientific, rational'.
മറ്റൊന്ന് സെല്‍ഫ് റസ്പെക്ട്. ആ സമയത്ത് ബ്രാഹ്മണ മേധാവിത്വം കാരണം മറ്റുവിഭാഗക്കാര്‍ക്ക് സെല്‍ഫ് റസ്പെക്ട് ഉണ്ടായിരുന്നില്ല. സെല്‍ഫ് റസ്പെക്ട് എന്നതിന്റെ ആവശ്യകതയെക്കുറിച്ച് പെരിയാര്‍ വളരെയേറെ സംസാരിക്കുമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയെന്നതായിരുന്നു മറ്റൊന്ന്. നമുക്കറിയാം, അക്കാലത്തെ സ്ത്രീകളുടെ സ്ഥിതി. ജാതി ഉന്മൂലനമാണ് മറ്റൊന്ന്. നമ്മുടെ സമൂഹത്തിലെ ഗുരുതര പ്രശ്നങ്ങളിലൊന്നാണ് ജാതി.
ബ്രാഹ്മണമേധാവിത്വം, ബ്രാഹ്മണരുടെ ചൂഷണം എന്നിവക്കെതിരെ പെരിയാര്‍ നിരന്തരം ശബ്ദിച്ചു. ബ്രാഹ്മണിക്കല്‍ യാഥാസ്ഥിതികത്വത്തിന്റെ അടിമത്തത്തില്‍ നിന്ന് നമ്മള്‍ പുറത്തുവരണം. ജാതി, മതം, വര്‍ഗീയ മേധാവിത്വം എന്നിങ്ങനെയുള്ള പൗരാണിക അധീശത്വങ്ങള്‍, അതായത് അച്ഛന്റെ കുലത്തൊഴില്‍ മകന്‍ ചെയ്യണം, പഠിക്കാന്‍ പാടില്ല, കാലങ്ങളായി നിലനില്‍ക്കുന്ന ചെറിയ വട്ടത്തിനുള്ളില്‍ തന്നെ ആ കുടുംബം ഒതുങ്ങിക്കൂടണം തുടങ്ങിയവക്കെതിരെ അദ്ദേഹം പൊരുതി.
വളരെ റവല്യൂഷണറിയായ ചിന്തകനായിരുന്നു. 1937ല്‍ രാജഗോപാലാചാരി മദ്രാസ് പ്രസിഡന്‍സിയുടെ മുഖ്യമന്ത്രിയായപ്പോള്‍, ഹിന്ദി ഭാഷ നിര്‍ബന്ധമായും എല്ലാവരും പഠിക്കണമെന്ന നിര്‍ദേശം കൊണ്ടുവന്നു. പെരിയാര്‍ അതിനെ എതിര്‍ത്തു. അന്ന് തുടങ്ങിയ ഹിന്ദി എതിര്‍വാദം ഇന്നും സജീവമായി തമിഴ്നാട്ടില്‍ തുടരുന്നുണ്ട്. ആ വര്‍ഷം തന്നെ പെരിയാര്‍ തമിഴ്നാട് തമിഴര്‍ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി സംസാരിക്കാന്‍ തുടങ്ങി. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ തമിഴരുടെ വികസനത്തെ തടയും, അവരുടെ സംസ്‌കാരത്തെ തകര്‍ക്കുമെന്നൊക്കെ പെരിയാര്‍ വിശ്വസിച്ചു. ജനങ്ങള്‍ക്കുമുമ്പില്‍ അദ്ദേഹം ഇതിനെതിരെ സംസാരിച്ചു. ആളുകള്‍ അത് ഏറ്റെടുത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ ശ്രമങ്ങള്‍ ഇന്നും തുടരുന്നുണ്ട്. തമിഴ്നാട്ടില്‍ ഒരു തമിഴ് ദേശീയവാദ വികാരം ഉണ്ടാവുന്നതിന് പ്രധാന കാരണം തന്തൈ പെരിയാറാണ്.
ആര്യന്‍ മേധാവിത്വം, അവരുടെ മതം, വര്‍ണാശ്രമ ധര്‍മം, അവരുടെ ജാതി വ്യവസ്ഥ എന്നിവയാണ് നമുക്ക് എതിരായി നില്‍ക്കുന്നതെന്നും, അതിനൊരു ദ്രവീഡിയന്‍ പുരോഗമന മുന്നേറ്റം ആവശ്യമാണ്, സെല്‍ഫ് റസ്പെക്ട് മൂവ്മെന്റ് ആവശ്യമാണെന്ന് എന്നും അദ്ദേഹം വളരെ ശക്തമായി വിശ്വസിച്ചു. ഒരുഘട്ടത്തില്‍ ദ്രാവിഡ നാട് എന്നു പറയുന്ന പ്രത്യേക രാജ്യം തന്നെ വേണമെന്നുവാദിച്ചു. 1940ല്‍ കാഞ്ചീപുരത്തില്‍ വെച്ച് അദ്ദേഹം ഒരു മാപ്പുതന്നെ പുറത്തിറക്കി. ഇന്നത്തെ തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്ര വരെ ചേര്‍ന്ന്, അതായത് പഴയ മദ്രാസ് പ്രസിഡന്‍സിയും അടുത്തുള്ള മറ്റു പ്രദേശങ്ങളുമായി ചേര്‍ന്ന് ഒരു ദ്രാവിഡ നാട് വേണം എന്ന് അദ്ദേഹം വാദിച്ചു. പിന്നീട് seperatist movement വിട്ടു. ചൈനീസ് അഗ്രഷന്‍ സമയത്ത്, 1962 കഴിഞ്ഞ് വിഭജനവാദങ്ങളൊക്കെ കൈവിട്ടു. അദ്ദേഹത്തിന്റെ പൊളിറ്റിക്സ് ബ്രാഹ്മണ വിരുദ്ധമല്ല, ബ്രാഹ്മണിസ വിരുദ്ധമാണ്. ഒരു പ്രത്യേക ജാതിക്കെതിരായ രാഷ്ട്രീയമല്ല അദ്ദേഹം പറഞ്ഞത്, ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലിനെതിരായ, ജാതി മേധാവിത്വത്തിനെതിരായ രാഷ്ട്രീയമാണ്. ഇപ്പോഴും തമിഴ്നാട്ടില്‍, ഹിന്ദി വിരുദ്ധ, ബ്രാഹ്മണ വിരുദ്ധ മൂല്യങ്ങള്‍ ഇന്നും നിലനില്‍ക്കാന്‍ കാരണം പെരിയാറിന്റെ സ്വാധീനമാണ്.
തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയം ദ്രവീഡിയന്‍ നാഷണലിസം വേഴ്സസ് തമിഴ് നാഷണലിസം ഡിബേറ്റ് ചെയ്തു നോക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, പെരിയാറിന്റെ സംഭാവന വളരെ സെമിനല്‍ ആണ്. പെരിയാറിനെ നമുക്ക് ഉപേക്ഷിക്കാന്‍ കഴിയില്ല. പക്ഷേ ദ്രവീഡിയന്‍ നാഷണലിസ്റ്റുകള്‍ ചെയ്യുന്ന തെറ്റ് എന്താണെന്നുവെച്ചാല്‍ തമിഴ് രാഷ്ട്രീയം മുഴുവന്‍ പെരിയാറില്‍ നിന്ന് തുടങ്ങി പെരിയാറില്‍ അവസാനിക്കുന്നു, പെരിയാറാണ് തമിഴ്നാട്ടിലെ എല്ലാ വികസനത്തിനും പുരോഗതിക്കും അടിസ്ഥാനം എന്ന് തെറ്റായി പറയുന്നു. തമിഴ് സംസ്‌കാരം, തമിഴ് നാഗരികത, തമിഴ് ചരിത്രം എന്നൊക്കെ പറയുന്നത് വളരെ വളരെ നീണ്ട പാരമ്പര്യമാണ്, ചരിത്രമാണ്, സംസ്‌കാരമാണ്. വളരെ പുരാതനമായ സംസ്‌കാരമാണത്. അതിന്റെ എല്ലാ ക്രഡിറ്റും ഒരു വ്യക്തിക്കു മാത്രം നല്‍കാന്‍ കഴിയില്ല. വ്യക്തിയുടെ സംഭാവന വളരെ പ്രധാനമാണ്. അതില്‍ യാതൊരു തര്‍ക്കവുമില്ല. പെരിയാറിന്റെ സംഭാവന എന്നു പറയുന്നത് വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ആവശ്യം ഇന്നുമുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷേ എല്ലാ ചെറിയ കാര്യവും പെരിയാറിനുമേല്‍ ചാര്‍ത്തി നല്‍കാന്‍ കഴിയില്ല. അതാണ് ദ്രവീഡിയന്‍ ദേശീയവാദികള്‍ ചെയ്യുന്ന തെറ്റ്. പെരിയാറില്‍ തുടങ്ങി പെരിയാറില്‍ അവസാനിക്കുന്നു, അദ്ദേഹമാണ് ഏറ്റവും വലിയ സംഭാവന, അദ്ദേഹത്തിനുശേഷം നേട്ടമൊന്നുമുണ്ടായിട്ടില്ല, എന്നതരത്തിലുള്ള വിവാദമായ നിലപാട് അവര്‍ എടുക്കുന്നു.
മറുവശത്ത് തമിഴ് ദേശീയവാദികള്‍ പെരിയാറിനെ ഉപേക്ഷിക്കുന്നു. അതും തെറ്റായ തന്ത്രമാണ്. കാരണം പെരിയാര്‍ വളരെയേറെ സംഭാവന നല്‍കിയിട്ടുണ്ട്. എവിടെയോ ഇരിക്കുന്ന കാള്‍ മാര്‍ക്സിനെപ്പറ്റിയും ലെനിനെപ്പറ്റിയും ഗാന്ധിയെപ്പറ്റിയും അംബേദ്കറെപ്പറ്റിയുമൊക്ക നമ്മള്‍ സംസാരിക്കുന്നു, അവരെയൊക്കെ ഏറ്റെടുക്കുന്നു. നമ്മുടെ നാട്ടില്‍ ജനിച്ച പെരിയാറിനെ വേണ്ടെന്നു പറയുന്നത് ശരിയല്ല. പെരിയാറിന്റെ നിരീശ്വരവാദം, 'കടവുളില്ലെ, കടവുളില്ലൈ, കടവുള്‍ ഇല്ലവേ ഇല്ലൈ.' ദൈവം എന്ന ഒന്നില്ല, അത് വിഡ്ഢിത്തമാണ് എന്ന് പെരിയാര്‍ ശക്തമായി വാദിച്ചു. അതല്ലാം ഏറെ സ്വീകാര്യമായ കാര്യമാണ്.
ഇപ്പോള്‍ തമിഴ്നാട്ടില്‍, മിക്കയാളുകളും മതവിശ്വാസികളാണ്. അത് ഹിന്ദുവാകട്ടെ, ക്രിസ്ത്യന്‍ ആകട്ടെ, മൂസ്ലിംകളാകട്ടെ എല്ലാവരും ദൈവവിശ്വാസികളാണ്. അതേസമയത്ത് പെരിയാറിനെയും ഏറ്റെടുക്കുന്നു. അത് മനോഹരമായ വൈരുദ്ധ്യമാണ്. വ്യവസ്ഥിതിയുടെ അടിച്ചമര്‍ത്തലും മനുഷ്യവിരുദ്ധമായ പെരുമാറ്റവുമൊക്കെ എല്ലാവര്‍ക്കും മനസിലാവുന്നുണ്ട്, എന്നിരിക്കും തമിഴര്‍ ഒരുതരത്തിലുള്ള അമാനുഷിക ശക്തിയില്‍ വിശ്വസിക്കുന്നു.
പെരിയാറിന്റെ പ്രസക്തിയെക്കുറിച്ച് നമ്മള്‍ ഇന്ന് സംസാരിക്കേണ്ടതുണ്ട്. ഇന്ന് തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യയില്‍ മുഴുവന്‍ ബ്രാഹ്മണിക് ശക്തികള്‍, ദേശീയ ഇന്റഗ്രിറ്റിയുടെയും ദേശീയ യൂണിഫോമിറ്റിയുടെയും പേരില്‍, നമ്മളെയെല്ലാം ചേര്‍ത്തുകെട്ടി വണ്‍ നാഷന്‍, വന്‍ ലാംഗ്വേജ്, വണ്‍ റിലീജിയന്‍ എന്നൊക്കെ ചെയ്യാന്‍ ശ്രമിക്കുന്ന കാലത്ത്, പെരിയാറിന്റെ പ്രസക്തി ഏറെ പ്രധാനമാണ്. നമ്മള്‍ എല്ലാവരും, തമിഴ്നാട്ടിലുള്ളവര്‍ മാത്രമല്ല, ഇന്ത്യക്കാര്‍ മുഴുവന്‍ പെരിയാറിനെ വായിക്കുകയും നമുക്ക് ആവശ്യമുള്ളതെല്ലാം അദ്ദേഹത്തില്‍ നിന്നും സ്വീകരിക്കുകയും ചെയ്യണം. ഒരു നേതാവിനെയും നമുക്ക് 100% ഏറ്റെടുക്കാന്‍ കഴിയില്ല. കാരണം അവരുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും ചില വൈരുദ്ധ്യങ്ങളുണ്ടാവാം, ചില ബുദ്ധിമുട്ടുകളുണ്ടാവാം. കാരണം അവരും മനുഷ്യരല്ലേ. ആരും സമ്പൂര്‍ണരല്ല. നമ്മുടെ അച്ഛനെയും അമ്മയെയും പോലും 100% അംഗീകരിക്കാന്‍ കഴിയില്ല, പിന്നെ ഒരു രാഷ്ട്രീയ നേതാവിനെ 100% അംഗീകരിക്കാന്‍ എങ്ങനെ സാധ്യമാകും. അതുകൊണ്ടുതന്നെ ആന്തരിക വൈരുദ്ധ്യങ്ങളെക്കുറിച്ച് നമ്മള്‍ ഭയപ്പെടേണ്ടതില്ല. പെരിയാര്‍ മുന്നോട്ടുവെച്ച വിശാലമായ കാഴ്ചപ്പാടിനെ, ആ സന്ദേശങ്ങളെ നമുക്ക് സ്വീകരിക്കാം. സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ തമിഴര്‍ക്കുമാത്രമല്ല, യാഥാസ്ഥിതിക ബ്രാഹ്മണിക് മേധാവിത്വത്തെ എതിര്‍ക്കുന്ന, അതിന്റെ മേല്‍ക്കോയ്മാ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചും പെരിയാര്‍ റിലവന്റാണ്.
പ്രഭാഷകന്‍, ആക്ടിവിസ്റ്റ്
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch
മനില സി.മോഹൻ
Oct 22, 2022
4 Minutes Watch
ഷഫീഖ് താമരശ്ശേരി
Oct 20, 2022
10 Minutes Watch
മനില സി.മോഹൻ
Oct 17, 2022
4 Minutes Watch
മനില സി.മോഹൻ
Oct 17, 2022
10 Minutes Watch
ഡോ. തോമസ് ഐസക്
Oct 14, 2022
52 Minutes Watch