2008-ലെ ഇന്ത്യക്കാരുടെ സാധാരണ ഒരു ദിവസം. അയൽരാജ്യമായ ചൈനയിൽ സമ്മർ ഒളിമ്പിക്സ് നടക്കുകയാണ്. ബെയ്ജിങ് നഗരമാണ് വേദി. 1964-ൽ ടോക്കിയോ ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് ഏഷ്യയിൽ ഒളിമ്പിക്സെത്തുന്നത്. അതിന്റെ സർവ്വ ആവേശത്തിലും പിന്തുണയിലും സ്വന്തം നാട്ടിലെ ലോക കായികോൽസവത്തിൽ ചൈന മെഡലുകൾ വാരി കൂട്ടുകയാണ്. അമേരിക്കയും ജപ്പാനും ബ്രിട്ടണുമൊക്കെയാണ് തൊട്ട് പിറകിലുള്ളത്. സ്വാതന്ത്രാനന്തര കാലങ്ങൾക്ക് മുന്നും കുറച്ച് കാലങ്ങൾ പിന്നും ഹോക്കിയിൽ സുവർണ്ണ മെഡലുകടക്കം നേടിയ പഴയ ചരിത്രത്തിനപ്പുറം ഇന്ത്യക്ക് ഉറ്റുനോക്കാൻ ആ ഒളിമ്പിക്സിലും ഒന്നുമില്ലായിരുന്നു.
ഹോക്കി തന്നെ അതിന്റെ ജന്മ നാടിനെ കൈ വിട്ടിട്ട് വർഷങ്ങളായി. ധ്യാൻ ചന്ദും ജയ്പാൽ സിങ്ങുമൊക്കെ കാലം കടന്നു. അതിനിടയിൽ മിൽഖാ സിങ് പറന്ന് ത്രസിപ്പിച്ചതല്ലാതെ ഉഷ മില്ലി സെക്കൻഡിൽ ഓടി കൊതിപ്പിച്ചതല്ലാതെ ഇന്ത്യൻ കായികത്തിന് പറയാനൊന്നുമില്ല. ഇന്ത്യയിലെ വളരെ കുറഞ്ഞ കായികാസ്വാദകർ വേഗ ട്രാക്കിലെ ജമൈക്കൻ സ്പ്രിംഗ് മനുഷ്യരിലേക്കും ആർടിസ്റ്റിക്ക് ജിംനാസ്റ്റിക്കിലെ നൃത്തച്ചുവടും മെയ്‌വഴക്കവും സൗന്ദര്യവും നൽകുന്ന കൗമാരരിലേക്കും ഇടവേളകളിൽ അക്വാറ്റിക്ക് കുളത്തിലെ അമേരിക്കയുടെയോ ആസ്ത്രേലിയയുടെ മനുഷ്യ മീനുകളിലേക്കും വായ് പൊളിച്ച് നിൽക്കുന്ന കാലം.
അമ്പത്തി ഏഴ് കായിക താരങ്ങൾ ആ വർഷവും ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോയെന്നല്ലാതെ ബെയ്ജിങ് ഒളിമ്പിക്സിനോ അതിന്റെ മെഡൽ റിസൾട്ടുകൾക്കോ ഒരു ചെറിയ പ്രാധാന്യം പോലും ഒരു ഇന്ത്യക്കാരന്റെ മനസ്സിലും കണ്ണിലും ഇല്ലാത്ത സമയത്താണ്, ബെയ്ജിങ്ങിൽ ആ വെടി പൊട്ടുന്നത്. ഷൂട്ടിങ് പിറ്റിൽ ത്രിവർണ്ണ നിറത്തിൽ കോറിയിട്ട ജെയ്സിക്കാരന്റെ പത്ത് മീറ്റർ എയർ റൈഫിളിൽ നിന്ന് പൊട്ടിയ വെടി ടാർഗറ്റ് സർക്കിളിന്റെ ഒത്ത നടുക്ക് ദശമില്ലി വ്യത്യാസമില്ലാതെ വന്ന് പതിക്കുന്നു. ഫൈനൽ റൌണ്ടിലെ അവസാന അറ്റെപ്റ്റ് സ്നാപ്പിൽ ഫിൻലാന്ഡിന്റെ ഹക്കെന്നെനെ പിൻ തള്ളി അഭിനവ് ബിന്ദ്രയെന്ന ഉത്തരാഖണ്ഡ്കാരൻ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് വ്യക്തിഗത മെഡൽ നേടി തരുന്നു. പോഡിയത്തിലേക്ക് തന്റെ പേര് വിളിക്കും മുന്നേ അഭിനവ് ബിന്ദ്ര സ്വയമാലോ രാജ്യത്താലോ ആനയിക്കപ്പെടുന്നു. കുറച്ച് നേരം രാജ്യവും നിശ്ചലമാകുന്നു. രാജ്യത്തിന്റെ കായിക ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഒരു നിമിഷം.
ഡി ഡി സ്പോർട്സിലെ സർക്കാർ ലൈവ് ടെലികാസ്റ്റിൽ വളരെ കുറച്ച് ഇന്ത്യക്കാർ മാത്രം ഇന്ത്യൻ പതാക ഇരു പതാകക്കുമുകളിലായി ഉയർന്നുപൊങ്ങുന്നതും ജനഗണമന ആ പശ്ചാത്തലത്തിൽ ആലപിക്കപ്പെടുന്നതും സുവർണ മെഡൽ കഴുത്തിലണിയപ്പെടുന്നതും ലൈവായി കണ്ടു. രാജ്യത്തെ സ്പോർട്സ് വിദഗ്ധർ പോലും അങ്ങനെയൊരു നിമിഷത്തെ മുൻകൂട്ടി കണ്ടിരുന്നില്ല. അൽഭുതവാർത്ത പോലെ പിന്നീടത് രാജ്യം മുഴുവൻ പടർന്നു. ടെലിവിഷനുകളിലും റേഡിയോകളിലും പിറ്റേന്നിറങ്ങിയ പത്രങ്ങളിലും കണ്ണട വെച്ച ഉത്തരാഖണ്ഡകാരനൊപ്പം ഇന്ത്യയെന്ന ഒരൊറ്റ വികാരം ഉയർന്നുപൊങ്ങി.
പിന്നീടുള്ള കാലങ്ങളിൽ സ്കൂളുകളിലും മറ്റും ക്വിസ് മൽസരങ്ങളിലും എല്ലാവരും ഉത്തരമെഴുതുന്ന ഷുവർ ചോദ്യമായി അത് മാറി. സത്യത്തിൽ ഇന്ത്യൻ കായികരംഗത്തിന് എണീറ്റോടാനുള്ള സ്റ്റാർട്ടിങ് വെടിയായിരുന്നു ബെയ്ജിങ്ങിലെ ഒളിമ്പിക്സ് വേദിയിൽ നിന്ന് ബിന്ദ്ര പൊട്ടിച്ചത്. ആ വിസിൽ കേട്ട് ഇന്ത്യൻ കായിക ലോകം ഒരുപാടോടി, നടന്നു, ചാടി, എറിഞ്ഞു, ഇടിച്ചു. മെഡലുകളും നേട്ടവും സ്വന്തമാക്കി. ഏഷ്യൻ മീറ്റിലും ഗെയിംസിലും സാഫിലും കോമൺവെൽത്തിലും ലോക ചാമ്പ്യൻഷിപ്പുകളിലും ഒളിമ്പിക്സിലും ഇന്ത്യയും പട്ടികക്ക് മുകളിൽ വന്നു. അല്ലെങ്കിൽ അങ്ങനെ മുകളിൽ വരാൻ പ്രതീക്ഷിക്കാവുന്ന ഒരു ടീമായി നമ്മുടെ രാജ്യം മാറി.
2004 ആതെൻസ് ഒളിമ്പിക്സ്, പരമാവധി നേടാനാവുന്ന 600 പോയിന്റിൽ 597 യും സ്വന്തമാക്കി ബിന്ദ്ര പത്ത് മീറ്റർ റൈഫിൾ പിസ്റ്റൽ വിഭാഗത്തിൽ മൂന്നാമനായി ഫൈനലിലേക്ക് മാർച്ച് ചെയ്യുന്നു. എന്നാൽ ഫൈനലിലെ പിന്നീടുള്ള പത്ത് ഷോട്ടും ഫൈനൽ റൗണ്ട് എന്ന അധിക സമ്മർദ്ദത്തിൽ ബിന്ദ്രയിൽ നിന്നും പാളിപ്പോയി. പോയിന്റ് ബ്ലാങ്കിന്റെ ലീസ്റ്റ് സെവൻ പോയിന്റിലേക്ക് പോലും ബിന്ദ്രയുടെ ഷോട്ട് വഴുതി.
തന്റെ കരിയറിലെ ഏറ്റവും മോശമായ പത്ത് ഷോട്ടുകളെന്നാണ് ആത്മകഥയിൽ ബിന്ദ്ര അതിനെ കുറിച്ചെഴുതിയത്. വർഷങ്ങളുടെ സ്വപ്നവും അതിന് വേണ്ടിയുള്ള സമർപ്പണവും കുറഞ്ഞ മിനുറ്റിലെ മാനസിക സമ്മർദം മൂലം തകർന്നത് ബിന്ദ്രയെ തുടർന്ന് കടുത്ത ഒബ്സെഷനും ഡിപ്രഷനും കാരണമാക്കി. ഉറങ്ങാൻ പറ്റാത്ത പിന്നീടുള്ള രാത്രികളെ കുറിച്ചും പിന്നീട് അതിനെ അതിജീവിച്ച മനശാസ്ത്ര ടെക്നിക്കുകളെയും മെഡിറ്റേഷനുകളെയും കുറിച്ചും ബിന്ദ്ര പിന്നീട് പറയുന്നുണ്ട്. മനസ്സിനെയും ശരീരത്തെയും ഏറ്റവും നന്നായി ബാലൻസ് ചെയ്യുക. കുറച്ച് നേരം അതിനെ പുറത്ത് നിന്നൊരാളെന്ന പോലെ വീക്ഷിക്കുക. ആ ബാലൻസ്ഡ് നൽകുന്ന ആയാസത്തിൽ ലക്ഷ്യത്തിൽ മാത്രം കേന്ദ്രീകരിച്ച് ഉന്നം വെക്കുക. ഇതാണ് തിയറി ഓഫ് ബിന്ദ്ര ഇൻ ഷൂട്ടിംഗ്. തിയറി ഓഫ് ദാറ്റ് ബെയിജിങ് വിക്റ്ററി.
2021 ലെ ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ചോപ്ര അത്‍ലറ്റിക്സിൽ ജാവലിനെറിഞ്ഞ് ഗോൾഡ് മെഡൽ നേടിയപ്പോൾ വീണ്ടുമൊരു സ്റ്റാർട്ടിങ് വിസിൽ കേട്ട പോലെ ഇന്ത്യയുടെ ട്രാക്ക് ആന്റ് ഫീൽഡ് രംഗം കുതിച്ചോടി. ജെനയും മനുവും മറ്റ് ഇനങ്ങളിലെ നിരവധി താരങ്ങളും നീരജ് ഇഫക്റ്റായി കായികരംഗത്ത് പുതിയ നേട്ടങ്ങളും റെകോർഡുകളും മെഡലുകളും നേടി. എന്നാൽ നീരജിൽ തുടങ്ങി ഡിസൻഡിങ് ഓർഡറിൽ വിജയ് കുമാറും മേരി കോമും പിവി സിന്ധുവും സൈന നെഹ്വാളും മീര ഭായ് ചാനുവും ഗഗൻ നരംഗും സാക്ഷി മാലിക്കുമൊക്കെ ഒളിമ്പിക്സ് മെഡൽ നേടിയത് ഒരു ഇന്ത്യക്കാരനും ഒളിമ്പിക്സ് പോലെയുള്ള ലോക വേദിയിൽ ഒറ്റയ്ക്ക് മെഡൽ നേടാൻ പറ്റുമെന്ന് കാണിച്ചു കൊടുത്ത ബിന്ദ്രയുടെ ഇൻസിപിറേഷൻ എഫെക്റ്റാണ്.
2008- നുശേഷം ഒളിമ്പിക്സുകളും ലോക ചാമ്പ്യൻഷിപ്പുകളും ഏഷ്യൻ മീറ്റും ഗെയിംസുകളും കോമൺവെൽത്തുകളും നടന്നു. ഇന്ത്യ തങ്ങളുടെ കായികലോകത്തെ കുറച്ചുകൂടി കാര്യക്ഷമമായി ഉടച്ചുവാർത്തു. ഷൂട്ടിങ്ങിലടക്കം എല്ലാ മേഖലയിലും പരിശീലനത്തിനും മറ്റും നൂതന ടെക്ക്നിക്കുകൾ ഉപയോഗിച്ചുതുടങ്ങി.
ചൈനയിലെ ഹാങ്ചൊവിൽ ഏഷ്യൻ ഗെയിംസിന്റെ പത്തൊമ്പതാം എഡിഷന് കഴിഞ്ഞ ദിവസങ്ങളിൽ വെടിപൊട്ടുമ്പോൾ ഇന്ത്യ റൈഫിളിൽ വിരലമർത്തി പ്രതീക്ഷയോടെ കാത്തിരുന്നു. ഏഷ്യൻ ഗെയിംസിലെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടവുമായി ഇന്ത്യ നാലാമതായി കുതിക്കുന്നു. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യൻ ഷൂട്ടേഴ്സിന്റെ ഗോൾഡ് ജെനറേഷൻ വെടി വെച്ചിട്ടത്. അഥവാ ആകെ നേടിയ മെഡലുകളുടെ എഴുപത് ശതമാനവും ഷൂട്ടിങ് സൈറ്റിൽ നിന്നുള്ള സംഭാവനയാണെന്നർത്ഥം.
പത്ത് മീറ്റർ വുമൺസ് റൈഫിൾ പിസ്റ്റളിൽ ഗോൾഡ് നേടിയ പാലക് ഗുലിയാ,അമ്പത് മീറ്റർ ത്രീ പൊസിഷനിൽ ഗോൾഡ് നേടിയ സിഫ്റ്റ് കൌർ,പുരുഷ സ്കീറ്റ് വിഭാഗത്തിൽ വെള്ളി നേടിയ അനന്ത് ജീത് സിങ്, വനിതാ വിഭാഗം ഇരുപത്തി അഞ്ച് മീറ്റർ പിസറ്റലിലും പത്ത് മീറ്ററിലും വെള്ളി നേടിയ ഇഷ സിങ്,
പത്ത് മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടിയ പ്രതാപ് സിങ്,ട്രാപ്പിൽ വെങ്കലം നേടിയ ക്യനാന് ചെന ,വനിതാ വിഭാഗത്തിൽ പത്ത് മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടിയ രമിത ജിൻഡാൽ, അമ്പത് മീറ്റർ റൈഫിൾ ത്രീ പൊസിഷൻ വുമെൺ വിഭാഗത്തിൽ വെങ്കലം ആഷി ചൌക്സെ എന്നിവരാണ് ഏഷ്യൻ ഗെയിംസ് 2023 ലെ ഷൂട്ടിങ്ങിലെ വ്യക്തിഗത മെഡൽ നേട്ടക്കാർ.
ടീം ഇനത്തിൽ എയർ പിസ്റ്റൽ 10 മീറ്റർ, എയർ റൈഫിൾ 10 മീറ്റർ, 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ, ട്രാപ് ടീം വിഭാഗങ്ങളിൽ പുരുഷ ടീം ഗോൾഡ് നേടി. അർജുൻ സിങ്, ശിവ നർവാൾ, സാറാബ്ജോറ്റ് സിങ്, പ്രതാപ് സിങ്, ദിവ്യാനാശ് സിങ്, രുദ്രൻകേഷ് പാട്ടിൽ, സ്വപ്പനിൽ, അഖിൽ, സൊറോവർ സിങ്, പൃഥിരാജ്, ദാറിയസ് ചെനായി, ബജ്വ സിങ്, ആദർശ് സിങ്, അനന്ത് ജീത് തുടങ്ങി ഷൂട്ടർമാർ വിവധ ടീമുകളുടെ ഭാഗമായി. ഇതേ ടീം സകീറ്റ് മെന്നിലും വെങ്കലം നേടി. ടീം വിഭാഗത്തിൽ 25 മീറ്റർ പിസ്റ്റൽ വിഭാഗത്തിൽ മനു ഭാസ്ക്കർ, റിഥം സാങ്, ഇഷ സിങ് തുടങ്ങിയവരുടെ വനിതാ ടീം ഗോൾഡ് നേടി. 10 മീറ്റർ എയർ റൈഫിളിലും 10 മീറ്റർ പിസ്റ്റളിലും 50 മീറ്റർ റൈഫിളിലും ട്രാപ് ടീമിലും ഇതേ താരങ്ങളടങ്ങിയ വനിതാ ടീം വെള്ളി നേടി.
അഭിനവ് ബിന്ദ്ര 2008 ൽ ഒളിമ്പിക്സ് മെഡൽ വാങ്ങുമ്പോൾ വളരെ കുഞ്ഞ് കുട്ടികളായിരുന്നു ഈ പറഞ്ഞ മുഴുവനാളുകളും. കൂട്ടത്തിൽ നാല് മെഡലുകൾ വീതം നേടിയ ഇഷാ സിങിന്റെയും പ്രതാപ് സിങിന്റെയും പ്രായം അന്ന് വെറും മൂന്നും ആറും വയസ്സ്. അഭിനവ് ബിന്ദ്രയാണ് ഷൂട്ടിങ്ങിലേക്ക് തങ്ങളുടെ മനസ്സിനെ വലിച്ചടുപ്പിച്ചതെന്ന് ഇരുവരും പറയുന്നു. ഒരൊറ്റ വെടിയിൽ നിന്നും അത് വീഴ്ത്തിയ ചരിത്ര മെഡലിൽ നിന്ന് ഒരുപാട് താരങ്ങളും അവരുടെ ഡസൻ കണക്കിന് മെഡലുകളും. ഷൂട്ടിങിന് പുറമെ ഈ ഏഷ്യൻ ഗെയിംസിൽ അത്ലിറ്റിക്സ്, വുഷു, സ്ക്വാഷ്, ഇക്കസ്റ്ററിയൻ തുടങ്ങിയ ഇനങ്ങളിലെ മെഡലുകളിലും ആ പങ്കുണ്ട്.
അടുത്ത ലക്ഷ്യം പാരീസാണ്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ഒളിമ്പിക്സിന്റെ മുപ്പത്തി മൂന്നാം പതിപ്പിന് തയ്യാറെടുക്കുന്നത്. ഒളിമ്പിക്സ് യോഗ്യത കടന്നുവെന്ന പഴയ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ട കടമ്പക്കപ്പുറം ഓരോ ഇനങ്ങളിലും മെഡൽ സാധ്യതകളുള്ള ലോകോത്തര താരങ്ങളുണ്ട്. അഭിനവ് ബിന്ദ്ര പൊട്ടിച്ച പോലെയൊരു വെടി പൊട്ടിക്കാൻ ലോഡാക്കി നിർത്തിയ ഇന്ത്യയുടെ ഗോൾഡൻ ഷൂട്ടിംഗ് ജനറേഷൻ സംഘവും. ഈ നിമിഷത്തിൽ ആ ഇന്ത്യ ഉത്തരാഖണ്ഡ്കാരനെ സ്മരിക്കുന്നു. അയാൾ വെടി വെച്ചോടിപ്പിച്ച ഇന്ത്യൻ കായിക രംഗത്തിന്റെ പുതിയ നേട്ടങ്ങളിൽ സന്തോഷിക്കുന്നു. ഏഷ്യൻ ഗെയിംസിലെ ഏറ്റവും മികച്ച നേട്ടം 2006 ലെ ദോഹ കഴിഞ്ഞ് ജക്കാർത്തയും കഴിഞ്ഞ് ഹാങ്ചൊവിലെത്തിയ പോലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിമ്പിക്സ് നേട്ടം 2008- ലെ ബെയ്ജിങും കഴിഞ്ഞ് ടോക്കിയോയും കടന്ന് പാരീസിലെത്തട്ടെ.