കായികതാരങ്ങളെ പുറത്താക്കുന്ന കേരളം

12 താരങ്ങളാണ് കേരളത്തിൽ നിന്ന് ഇത്തവണ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയത്. മറ്റു സംസ്ഥാനങ്ങൾ കോടികളും മികച്ച ജോലികളും മെഡൽ നേടുന്ന നിമിഷം തന്നെ പ്രഖ്യാപിക്കുന്ന സമയത്ത്, ഒന്ന് വിളിച്ചു പോലും അഭിനന്ദനം അറിയിക്കുന്നില്ലെന്ന് മലയാളി താരങ്ങൾ പരാതിപ്പെടുന്നു. അടിസ്ഥാന സൗകര്യം പോലും നിഷേധിക്കപ്പെടുന്നതിനെ തുടർന്ന് പലരും കേരളം വിടാനുള്ള തയാറെടുപ്പിലുമാണ്. സംസ്ഥാന സ്കൂൾ കായികമേള ആഘോഷപൂർവം കൊണ്ടാടപ്പെടുന്ന ഈ സമയത്ത്, സർക്കാറും അധികാരികളും കേരളത്തിലെ കായികതാരങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന അന്വേഷണം.

19-ാമത് ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടവുമായി ഇന്ത്യ കൊറിയക്കും ശേഷം നാലാമതെത്തി. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡലുകൾ.

12 താരങ്ങളാണ് കേരളത്തിൽ നിന്ന് ഇത്തവണ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയത്. മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, അമോജ് ജേക്കബ്, തുടങ്ങിയവർ 4x400 മീറ്റർ പുരുഷ റിലേയിൽ ടീം ഇനത്തിൽ സ്വർണം നേടി. ഇതിൽ അജ്മൽ വെള്ളി നേടിയ 4x400 മിക്സഡ് റിലേ ടീമിലും അംഗമായിരുന്നു. ദീപിക പള്ളിക്കൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണവും സ്ക്വാഷ് വനിത ടീം വിഭാഗത്തിൽ വെങ്കലവും നേടി. മിന്നു മണി വനിതാ ക്രിക്കറ്റിലും പി.ആർ. രാജേഷ് പുരുഷ ഹോക്കിയിലും ടീമിന്റെ ഭാഗമായി സ്വർണം നേടി. എം. ശ്രീ ശങ്കർ പുരുഷ ലോങ്ജംപിലും ആൻസി സോജൻ വനിത ലോങ്ജംപിലും വെള്ളി നേടി. മുഹമ്മദ് അഫ്സൽ പുരുഷ വിഭാഗം 800 മീറ്ററിൽ വെള്ളിയും ജിൻസൺ ജോൺസൺ പുരുഷ വിഭാഗം 1500 മീറ്ററിൽ വെങ്കലവും നേടി. എം.ആർ. അർജുനും എച്ച്. എസ്. പ്രണോയിയും പുരുഷ ബാഡ്മിന്റൺ ടീമിനെ പ്രതിനിധീകരിച്ച് വെള്ളി നേടി. പുരുഷ സിംഗിൾസ് വിഭാഗത്തിൽ പ്രണോയ് വെങ്കലം കൂടി നേടി.

ഇത്തവണ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി  മെഡൽ നേടിയ മലയാളി താരങ്ങൾ
ഇത്തവണ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ മലയാളി താരങ്ങൾ

42 താരങ്ങളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് ഏഷ്യൻ ഗെയിംസിന് വണ്ടി കയറിയത്. ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുത്തതും മെഡൽ നേടിയതും ഹരിയാനയിൽ നിന്നാണ്. പങ്കെടുത്ത 89 കായിക താരങ്ങളിൽ 45 പേർ മെഡൽ നേടി. മെഡൽ കോൺട്രിബൂഷനിൽ ഹരിയാനക്കും മഹാരാഷ്ട്രക്കും പഞ്ചാബിനും തമിഴ്നാടിനും ഉത്തർപ്രദേശിനും രാജസ്ഥാനും ശേഷം ഏഴാം സ്ഥാനത്താണ് ഇത്തവണ കേരളം. 37 താരങ്ങൾ പങ്കെടുത്ത മധ്യപ്രദേശിൽ നിന്ന് കേരളത്തെ പോലെ 12 മെഡലുകൾ വന്നിട്ടുണ്ട്.

2018- ൽ ജക്കാർത്തയിലും പാലേംബാങ്കിലും നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയത് 69 മെഡലുകളായിരുന്നു. അഞ്ച് വെള്ളിയും ഏഴ് വെങ്കലവും നേടിയ തമിഴ്നാട് കഴിഞ്ഞാൽ കൂടുതൽ മെഡൽ കോൺട്രിബൂഷൻ കേരളത്തിൽ നിന്നായിരുന്നു. രണ്ട് സ്വർണം, അഞ്ച് വെള്ളി, രണ്ട് വെങ്കലം. സ്വർണക്കണക്കിൽ തമിഴ്നാടിനേക്കാൾ മുന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു അന്ന് കേരളം.

2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് സ്റ്റേറ്റ് വൈസ് മെഡൽ നില
2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് സ്റ്റേറ്റ് വൈസ് മെഡൽ നില

ഇന്ത്യ കായിക രംഗം അസാധാരണമായ കുതിപ്പിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ബിന്ദ്രയുടെ ഗോൾഡൻ സ്റ്റാർട്ടിങ് വെടിയൊച്ച കേട്ട് കായിക ലോകം കുതിച്ചോടുന്ന കാലം. ശേഷം നീരജും ലോക ഒളിമ്പിക്സ് വേദിയിൽ അത്‍ലറ്റിക്സിൽ സ്വർണം എറിഞ്ഞിടുന്നു. രാജ്യവും സംസ്ഥാനങ്ങളും വലിയ പരിഗണന സ്പോർട്സിനും താരങ്ങൾക്കും നല്കുന്നു. ഗ്രാസ് റൂട്ടിലടക്കം മെച്ചപ്പെട്ട പരിശീലനവും ഇൻഫ്രാസ്ട്രക്ചറും ഒരുക്കുന്നു. കായിക രംഗത്ത് സ്വകാര്യ നിക്ഷേപങ്ങളുണ്ടാകുന്നു. അതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരുപാട് താരങ്ങൾ സ്കോളർഷിപ്പും അക്കാദമി പരിശീലനവുമടക്കം അതിന്റെ ഗുണഭോക്താക്കളാവുന്നു.

കേരളം എവിടെയായിരുന്നു?

രാജ്യത്തിന്റെ കായിക മേഖലയുടെ നട്ടെല്ലായിരുന്ന, ‘അത്‍ലറ്റിക്സ് ഫാക്റ്ററി’യെന്ന് കാലങ്ങളോളം വിളിപ്പേരുണ്ടായിരുന്ന കേരളം അപ്പോൾ എന്ത് ചെയ്യുകയായിരുന്നു? പാരമ്പര്യത്തിന്റെയും താരങ്ങളുടെ വൈയക്തിക കഠിനാധ്വാനത്തിന്റെയും കരുത്തിൽ ശരാശരി മെഡലണ്ണെങ്ങൾ തുടർന്നുമുണ്ടായെങ്കിലും കേരളം ആ മുന്നേറ്റത്തിനൊപ്പം ചേർന്നുനിന്നിരുന്നോ?.

ഇന്ന് മധ്യപ്രദേശും രാജസ്ഥാനും ഒഡീഷയും ഉത്തർ പ്രദേശുമൊക്കെ നേടുന്ന മെഡലുകൾ പതിറ്റാണ്ടുകൾക്കുമുമ്പ് നേടിത്തുടങ്ങിയ കേരളം വർഷങ്ങൾക്ക് ശേഷവും നേടുന്നത് അതേ മെഡലുകളാണ്. അന്ന് മെഡലുകൾ നേടാത്ത സംസ്ഥാനങ്ങൾ പോലും മെഡൽവേട്ടയിൽ ഇന്ന് കേരളത്തിനൊപ്പമെത്തി നിൽക്കുന്നു. കേരളത്തിന്റെ കായിക മേഖല ഇപ്പോൾ എത്തി നിൽക്കുന്ന അവസ്ഥയും മലയാളി കായിക മേഖലയെ ഇപ്പോൾ നോക്കി കാണുന്ന രീതിയും പരിശോധിച്ചാൽ നമുക്കതിന്റെ കാരണം കിട്ടും.

2023 ഏഷ്യൻ ഗെയിംസിൽ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത താരങ്ങളുടെ എണ്ണവും അതിലെ മെഡലിസ്റ്റുകളുടെ എണ്ണവും
2023 ഏഷ്യൻ ഗെയിംസിൽ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത താരങ്ങളുടെ എണ്ണവും അതിലെ മെഡലിസ്റ്റുകളുടെ എണ്ണവും

2023- ലെ ഏഷ്യൻ ഗെയിംസ് പൂർത്തിയായപ്പോൾ കേരളത്തിന്റെ കായിക മേഖല വാർത്തയിൽ ഇടം പിടിക്കുന്നത് മൂന്ന് ഇന്റർനാഷണൽ കായിക താരങ്ങൾ സംസ്ഥാനം വിടുന്നുവെന്ന പ്രസ്താവന കേട്ടാണ്. മുൻ ലോക ബാഡ്മിന്റൺ ഒന്നാം നമ്പർ താരം, ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ പരിക്കിന്റെ പിടിയിലും പോരാടി വെള്ളി-വെങ്കലങ്ങൾ നേടിയ എച്ച്. എസ്. പ്രണോയ് കേരളത്തിന്റെ അവഗണനയിൽ അങ്ങേയറ്റം മനം മടുത്തെന്നും ഇനി കേരളത്തെ പ്രതിനിധീകരിച്ച് കളിക്കാൻ വയ്യെന്നും തമിഴ്നാടിനുവേണ്ടി തുടർന്ന് കളിക്കുമെന്നും പ്രതികരിച്ചു.

മറ്റു സംസ്ഥാനങ്ങൾ കോടികളും മികച്ച ജോലികളും മെഡൽ നേടുന്ന നിമിഷം തന്നെ പ്രഖ്യാപിക്കുന്ന സമയത്ത്, ഒന്ന് വിളിച്ചു പോലും അഭിനന്ദനം അറിയിക്കാത്തത് കഷ്ടമാണെന്ന് പ്രണോയ് പറയുന്നു: ‘‘2023 WBF വേൾഡ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയപ്പോയും ഇതായിരുന്നു അവസ്ഥ. നാട്ടിലേക്ക് വരുമ്പോൾ സ്വീകരണമോ അഭിനന്ദന സന്ദേശങ്ങളോ ലഭിച്ചില്ല. 2022- ൽ തോമസ് കപ്പ് ബാഡ്മിന്റണിൽ ചാമ്പ്യനായപ്പോൾ പ്രഖ്യാപിച്ച രണ്ട് ലക്ഷം ഇത് വരെ അസോസിയേഷനിൽ നിന്ന് ലഭിച്ചില്ല. സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കിട്ടിയാലുടൻ ഇനിയങ്ങോട്ട് തമിഴ്നാടിനുവേണ്ടി കളിക്കും. മെച്ചപ്പെട്ട പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒളിമ്പിക്സ് അടക്കമുള്ള വൻ വേദികളിലേക്ക് ലക്ഷ്യം കേന്ദ്രീകരിക്കുമ്പോൾ എനിക്ക് മുമ്പിൽ ഇതല്ലാതെ മറ്റ് വഴികളില്ല.’’

പ്രണോയ്ക്ക് പിന്നാലെ കഴിഞ്ഞ ബെർമിങ്ങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ യഥാക്രമം സ്വർണവും വെള്ളിയും നേടിയ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും സംസ്ഥാനം വിടുന്ന സൂചനകൾ നൽകി.

സംസ്ഥാനത്തിന്റെ കായിക താരങ്ങളോടുള്ള അവഗണനയിൽ സംസ്ഥാനം വിടുകയാണെന്ന് പ്രഖ്യാപ്പിച്ച ലോക മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയ്,കോമൺവെൽത്ത് ട്രിപ്പിൾ ജംപ് ജേതാക്കളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും
സംസ്ഥാനത്തിന്റെ കായിക താരങ്ങളോടുള്ള അവഗണനയിൽ സംസ്ഥാനം വിടുകയാണെന്ന് പ്രഖ്യാപ്പിച്ച ലോക മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയ്,കോമൺവെൽത്ത് ട്രിപ്പിൾ ജംപ് ജേതാക്കളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും

‘‘കഴിഞ്ഞ ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സമയത്ത് എന്നോടൊപ്പം മെഡൽ നേടിയ താരങ്ങൾക്ക് അവരുടെ സംസ്ഥാനങ്ങൾ കോടികൾ നൽകി. കോടികൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും മാന്യമായ പാരിതോഷികവും അഭിനന്ദനവും ഒരു കായിക താരമെന്ന നിലയിലും മനുഷ്യനെന്ന നിലയിലും സ്വന്തം സർക്കാറിൽ നിന്ന് പ്രതീക്ഷിക്കും. അത് കോമൺവെൽത്ത്, ഏഷ്യൻ അത്‍ലറ്റിക് മീറ്റിലെന്ന പോലെ ഇത്തവണയുമുണ്ടായില്ല’’- എൽദോസ് പോൾ ട്രൂകോപ്പിയോട് പറഞ്ഞു.

കേരളം വിടാനൊരുങ്ങുന്ന അബ്ദുള്ള അബൂബക്കർ പറയുന്നു: ‘‘മലയാളിയെന്ന ബാനറിൽ ലോക വേദികളിൽ തുടർന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡലുകൾ വാങ്ങണമെന്നാണ് ആഗ്രഹം. ഇത്രയും കാലം പിടിച്ചുനിന്നതും ആ അഭിമാന ബോധത്തിൽ നിന്നായിരുന്നു. എന്നാൽ ലോക ചാമ്പ്യൻഷിപ്പടക്കുള്ള വമ്പൻ ടൂർണമെന്റുകൾക്ക് തയ്യാറെടുക്കുമ്പോൾ എകക്യൂപ്മെന്റ്, കിറ്റ്, പരിശീലനം തുടങ്ങിയവയ്ക്ക് വരുന്ന ഭാരിച്ച ചെലവ് കേരളത്തിൽ നിന്നാൽ മറി കടക്കാൻ കഴിയില്ല. അതുകൊണ്ട് സർക്കാറിന്റെ ഭാഗത്തുനിന്ന് ഉടൻ ഒരു പരിഹാരം ഉണ്ടായിട്ടില്ലെങ്കിൽ ഗോവ നാഷണൽ ഗെയിംസ് മുതൽ തമിഴ്നാടിനോ ഒഡീഷക്കോ വേണ്ടി കളിക്കേണ്ടി വരും.’’

കരിയർ അനിശ്ചിതത്വത്തിലായ താരങ്ങൾ

കേരളത്തിന്റെ യശസ്സ് രാജ്യത്തിനൊപ്പം വനോളമുയർത്തിയ, കോമൺവെൽത്ത് വേദികളിലടക്കം ത്രിവർണ പതാക പാറിപ്പറപ്പിച്ച എൽദോയും അബൂബക്കറും ലോകത്തിലെ ഏറ്റവും മികച്ച ബാഡ്മിന്റൺ താരമായ പ്രണോയിയും നിരാശയോടെയും സങ്കടത്തോടെയും വേദനയോടെയും ഇതെല്ലാം പറഞ്ഞിട്ടും കേരളത്തിന്റെ കായിക അധികാരികളും ബന്ധപ്പെട്ടവരും മറുപടി പറഞ്ഞിട്ടില്ല.

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ

കേരള താരങ്ങൾ മെച്ചപ്പെട്ട ഇടം തേടി പുറത്തേക്ക് പോകുന്നത് പുതിയ കാര്യമല്ലെന്നും അത് കൂടുതൽ ചർച്ച ചെയ്യേണ്ടതില്ലെന്നുമാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞത്.

മെച്ചപ്പെട്ട അവസരം തേടിയല്ല, മറിച്ച് കേരളത്തിൽ നിലനിൽക്കാനാകാതെയാണ് ഇവർ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്ക് മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിൽ സർക്കാർ രേഖയായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാതെ കാത്തിരിക്കുന്ന ട്രിപ്പിൾ ആന്റ് ലോങ് ജമ്പ് താരങ്ങളായ എൽദോയുടെയും അബൂബക്കറിന്റെയും ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള ബാധ്യതയെങ്കിലും ബന്ധപ്പെട്ടവർക്കില്ലേ?

കേരളത്തിന്റെ കായിക അവഗണനയിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടുമാറുന്ന താരങ്ങൾ നിരവധിയാണ്. കേരളത്തിലെ പ്രധാന രണ്ട് സൈക്കിളുസ്റ്റുകളായ അഭിനവ് കെ. സിയും ശ്രീനാദും ഇപ്പോൾ സൈക്കിളോടിക്കുന്നത് ഹിമാചൽ പ്രദേശിനും തമിഴ്നാടിനുമൊക്കെ വേണ്ടിയാണ്. സൈക്കിൾ പോലുള്ള റൈഡിങ്ങ് ഗെയിമുകൾക്കും ഇക്കസ്ട്രിയൻ കായിക ഇനങ്ങൾക്കും പൊതു സംവിധാനത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ കേരളത്തിലില്ല. മറ്റു കായിക ഇനങ്ങളേക്കാൾ പരിശീലനങ്ങൾക്കും എകക്യൂപ്പ്മെന്റിനും വലിയ ചെലവ് വരുന്ന ഇത്തരം ഐറ്റങ്ങൾക്ക് സ്വന്തം നിലയിലാണ് താരങ്ങൾ പണം കണ്ടെത്തുന്നത്. അങ്ങനെ പണം കണ്ടെത്താൻ കഴിയാത്ത സാമ്പത്തിക പിന്നോക്കമുള്ള താരങ്ങൾ പതിയെ ഇത്തരം ഇനങ്ങളുടെ ചിത്രത്തിൽ നിന്ന് മായുന്നു.

ദേശീയ സൈക്കിൾ റൈഡ് താരങ്ങൾ, തമിഴ്നാടിന് വേണ്ടി മൽസരിക്കുന്ന ശ്രീനാദ്, ഹിമാചൽ പ്രദേശിന് വേണ്ടി മൽസരിക്കുന്ന അഭിനവ് കെ. സി
ദേശീയ സൈക്കിൾ റൈഡ് താരങ്ങൾ, തമിഴ്നാടിന് വേണ്ടി മൽസരിക്കുന്ന ശ്രീനാദ്, ഹിമാചൽ പ്രദേശിന് വേണ്ടി മൽസരിക്കുന്ന അഭിനവ് കെ. സി

12 മലയാളി താരങ്ങൾ മെഡൽ നേടിയ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിലും അവസ്ഥ മറുത്തായിരുന്നില്ല. താരങ്ങളെ സ്വീകരിക്കാനോ അഭിനന്ദനങ്ങൾ അറിയിക്കാനോ അധികാരികളോ അതാത് കായിക ഇനങ്ങളുടെ അസോസിയേഷനുകളോ തുനിഞ്ഞില്ല. എന്നാൽ, മറ്റ് സംസ്ഥാനങ്ങൾ മെഡൽ നേടിയ താരങ്ങൾക്ക് കോടികൾ നൽകി. ജോലിയും ജോലിക്കൊപ്പം തങ്ങളുടെ കായിക ഇനത്തിലെ മികവും മെച്ചപ്പെടുത്താൻ അടിസ്ഥാന സൗകര്യങ്ങൾ പ്രഖ്യാപിച്ചു.

ഏഷ്യൻ ഗെയിംസ് 2023 ലെ മെഡൽ ജേതാക്കൾക്ക് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച പരിതോഷിക തുക

ഹരിയാന സർക്കാർ സ്വർണം, വെള്ളി, വെങ്കലം നേടിയവർക്ക് യഥാക്രമം മൂന്ന് കോടി, ഒന്നര കോടി, 75 ലക്ഷം രൂപ വീതം മെഡൽ നേടിയ ആദ്യ ദിവസം തന്നെ പ്രഖ്യാപിച്ചു. ഒഡീഷയും പഞ്ചാബും ദൽഹിയും ഉത്തർപ്രദേശും യഥാക്രമം ഒരു കോടി, എഴുപത്തഞ്ച് ലക്ഷം, അമ്പത് ലക്ഷം വീതം പ്രഖ്യാപിച്ചു. തമിഴ്നാടും സ്വർണം നേടിയവർക്ക് 50 ലക്ഷവും വെള്ളി നേടിയവർക്ക് 30 ലക്ഷവും വെങ്കലത്തിന് 20 ലക്ഷവും പ്രഖ്യാപിച്ചു. മറ്റു സംസ്ഥാനങ്ങളും തങ്ങളുടെ അഭിമാന താരങ്ങളെ വേണ്ട രീതിയിൽ ആദരിക്കുകയും പാരിതോഷികങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.

ഏഷ്യൻ ഗെയിംസ് 2023 ലെ മെഡൽ ജേതാക്കൾക്ക് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച പരിതോഷിക തുക
ഏഷ്യൻ ഗെയിംസ് 2023 ലെ മെഡൽ ജേതാക്കൾക്ക് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച പരിതോഷിക തുക

എന്നാൽ ഏഷ്യൻ ഗെയിംസ് കഴിഞ്ഞ് ആഴ്ച്ചകൾ പിന്നിട്ടിട്ടും കേരളത്തിൽ അത്തരം പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. ഇക്കാര്യം മന്ത്രി സഭായോഗം കൂടുന്ന മുറയ്ക്ക് തീരുമാനിക്കുമെന്നാണ് കായികമന്ത്രി വി. അബ്ദുറഹ്മാൻ പറയുന്നത്.

മെഡൽ നേടിയ എല്ലാവരെയും വ്യക്തിപരമായി അഭിനന്ദങ്ങളും ആദരവും അറിയിച്ചിരുന്നുവെന്ന സർക്കാറിന്റെയും അസോസിയേഷന്റെയും വാദം പൊളിച്ച് ലോങ് ജമ്പിൽ വെള്ളി നേടിയ ആൻസി സോജൻ പറഞ്ഞത്, ഒരാഴ്ച കഴിഞ്ഞിട്ടും തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചത് ടി.എൻ. പ്രതാപൻ എം പി മാത്രമാണ് എന്നായിരുന്നു.

“ഓരോ വർഷവും കേരളത്തിൽ അതാത് സർക്കാറുകളും അധികാരികളും കായിക മേഖലയോട് കാണിക്കുന്ന അവഗണന വർധിക്കുകയാണ്. ചൈനയിൽ നിന്ന് ഹോക്കി ജേതാക്കളായി വരുമ്പോൾ ഒരു ലോക്കൽ ഓർഗനൈസേഷൻ പോലും അഭിനന്ദനം അറിയിച്ചെത്തിയില്ല. കായിക താരങ്ങളോടും കായിക മേഖലയോടും മികച്ച അനുഭാവമുള്ള സർക്കാറാണ് ഇടത് പക്ഷമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല.”

ഇന്ത്യൻ ഹോക്കി താരം പി.ആർ ശ്രീജേഷ് പ്രതികരിച്ചു.

2018- ൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിസ്മയക്കും നീനക്കും ഇതുവരെ സർക്കാർ വാഗ്ദാനം ചെയ്ത ജോലി നല്കിയിട്ടില്ല. താരങ്ങൾ കേരളം വിടുന്ന പുതിയ വാർത്തകളുടെ സാഹചര്യത്തിൽ നീനയും വിസ്മയയും ട്രൂ കോപ്പിയോട് സംസാരിച്ചു.

2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയപ്പോൾ സർക്കാർ പ്രഖ്യാപിച്ച ജോലി അഞ്ച് വർഷം കഴിഞ്ഞിട്ടും ലഭിക്കാത്ത നീനയും വിസ്മയയും
2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയപ്പോൾ സർക്കാർ പ്രഖ്യാപിച്ച ജോലി അഞ്ച് വർഷം കഴിഞ്ഞിട്ടും ലഭിക്കാത്ത നീനയും വിസ്മയയും

‘‘21-ാം വയസ്സിലാണ് ഞാൻ മെഡൽ നേടുന്നത്. പഠനം കഴിഞ്ഞയുടൻ ഒരു സർക്കാർ ജോലിയെന്നത് എന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. എന്റെ കൂടെ റിലേയിൽ മെഡൽ നേടിയ ഗുജറാത്ത്, ആസാം തുടങ്ങി സംസ്ഥാനങ്ങളിലുള്ളവരെല്ലാം ഇപ്പോൾ ആ സംസ്ഥാനങ്ങളിലെ മികച്ച ഉദ്യോഗങ്ങളിലിരിക്കുന്നു. അഞ്ചുവർഷം ഓഫീസുകൾ കയറിയിറങ്ങിയിട്ടും ജോലി ലഭിച്ചില്ല. ഇപ്പോൾ 26 വയസ്സായി’’, വിസ്മയ പറഞ്ഞു.

അഞ്ചു വർഷം കഴിഞ്ഞിട്ടും ജോലിക്ക് പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് നീന പറഞ്ഞു: ‘‘ബന്ധപ്പെടുമ്പോയെല്ലാം ശരിയാക്കാം എന്ന വാക്കാണ് കേൾക്കുന്നത്. എന്നാൽ എന്ന് ശരിയാവും എന്നതിൽ ഒരുറപ്പ് തരാൻ ആർക്കും കഴിയുന്നില്ല. തീർത്തും അനിശ്ചിതത്തിലാണ് ഇപ്പോൾ ജീവിതവും കരിയറും നിൽക്കുന്നത്.’’

നീനക്കും വിസ്മയക്കും പുറമെ 2018- ൽ ഏഷ്യൻ മെഡൽ നേടി ജോലി വാഗ്ദാനം ചെയ്ത് ലഭിക്കാതെ പോയ താരമാണ് മുഹമ്മദ് അനസ്. അനസ് ഇത്തവണയും 4X400 റിലേയിൽ  സ്വർണം നേടി. ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഉള്ളിലുള്ളവർ തന്നെ തടസ്സം നിൽക്കുന്നുവെന്ന് പറഞ്ഞ പി.യു. ചിത്രക്കും സർക്കാർ പ്രഖ്യാപിച്ച ജോലി ലഭിച്ചില്ല.

കായികാധ്യാപകരിൽനിന്ന്
താരങ്ങളെ ‘റാഞ്ചുന്നു’

മറ്റു സംസ്ഥാനങ്ങളിലെ താരങ്ങൾ അവിടങ്ങളിലെ മെച്ചപ്പെട്ട സൗകര്യങ്ങളിൽ പരിശീലനം നടത്തുമ്പോൾ കേരള താരങ്ങൾ പരിശീലനം നടത്തുന്നത് മറ്റു സംസ്ഥാനങ്ങളിലും അവിടെയുള്ള അക്കാദമി പരിശീലന കേന്ദ്രങ്ങളിലുമാണ്. ഇപ്രാവശ്യവും മെഡൽ നേടിയ ഭൂരിഭാഗം താരങ്ങളും വരുന്നത് ഈ കാറ്റഗറിയിൽ നിന്നാണ്. സ്വന്തം നാട്ടിൽ മെച്ചപ്പെട്ട സഹചര്യമില്ല എന്നത് തന്നെയാണ് ഇതിന് കാരണം. കൂടുതൽ പേരും jsw പോലുള്ള പ്രൈവറ്റ് കമ്പനികളുടെ സ്കോളർഷിപ്പും ഫെലോഷിപ്പും ഉപയോഗിച്ചാണ് വലിയ ചാമ്പ്യൻഷിപ്പുകൾക്കുള്ള ട്രയിനിങ്ങിനും മറ്റ് ആവശ്യങ്ങൾക്കും പണം കണ്ടെത്തുന്നത്. എന്നാൽ ഇന്റർനാഷണൽ താരങ്ങൾക്കപ്പുറം നാഷണൽ ലെവലിലുള്ള ഭാവി താരങ്ങൾക്ക് ഇത്തരം ഒപ്ഷനുകളിലേക്ക് കടക്കാൻ കഴിയില്ല.

കരിയറിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളുടെ അഭാവത്തിൽ ശരാശരിയിലേക്ക് ഒതുങ്ങിയ നിരവധി താരങ്ങൾ കേരളത്തിലുണ്ട്. അത് അവരുടെ പ്രശ്നമല്ല. ഗ്രാസ് റൂട്ടിൽ നിന്ന് തുടങ്ങുന്ന സ്പോർട്സ് ഡെവലപ്പ്മെന്റ് രീതിയാണ് യൂറോപ്പിലും അമേരിക്ക, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലുമുള്ളത്. ഹരിയാനയും പഞ്ചാബും ഒരു പരിധി വരെ അതിൽ നിന്ന് പാഠമുൾക്കൊണ്ട് നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ കേരളം കുറച്ച് കാലങ്ങളായി നിലനിൽക്കുന്നത്, ഇതിന്റെ റിവേഴ്സ് ഓർഡറിലാണ്. സ്വന്തം നിലക്കോ കമ്മിറ്റഡായ ചുരുക്കം ചില കായികാധ്യാപകരുടെ മികവു കൊണ്ടോ നാഷണൽ ലെവലിലെത്തുന്ന താരങ്ങളെ മാത്രം സംസ്ഥാനം ഏറ്റെടുക്കുന്നു. പ്രത്യക്ഷത്തിൽ അതിലൊരു പ്രശ്നം തോന്നില്ലെങ്കിലും വിപരീതഫലമാണതുണ്ടാക്കുന്നത്.


മികച്ച താരങ്ങളെ വാർത്തെടുക്കുന്ന കായികാധ്യാപകർക്ക് പിന്തുണയും പരിശീലനവും നൽകാൻ മികച്ച ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കുകയാണ് വേണ്ടത്. അല്ലാതെ അവർ കഷ്ട്ടപ്പെട്ട് വളർത്തിയെടുത്ത താരങ്ങളെ പിടിച്ചു കൊണ്ടുവന്ന് മികവ് കാണിക്കുകയല്ല എന്നർത്ഥം. മികച്ച കായികാധ്യാപകരെ കണ്ടെത്തി അവരെ കൂടി ചേർത്തുള്ള ബാക്കപ്പ് പ്ലാനാണ് ഈ മേഖലയിൽ വേണ്ടത്.

കേരളത്തിലെ പല കായിക സ്കൂളുകളിലും അവിടുത്തെ കായികാധ്യാപകർ സ്വന്തം നിലയിൽ പണം കണ്ടെത്തിയാണ് താരങ്ങളെ പരിശീലിപ്പിക്കുന്നത്. കൃത്യമായ ഭക്ഷണവും നൂട്രീഷനും വിശ്രമവും ആവശ്യമാണ് കായിക താരങ്ങൾക്ക്. നീണ്ട സമയത്തേക്കുള്ള കായികാധ്വാനമാണ് അവരുടെ ഡ്യൂട്ടി. എന്നാൽ വലിയ മാനേജ്മെന്റ് പിൻബലമുള്ള ചുരുക്കം സ്ഥാപനങ്ങൾ ഒഴിച്ച് സാമ്പത്തിക ക്ലേശമുള്ള മിക്ക സ്ഥാപനങ്ങളിലും ഈ ഭാരം ചുമക്കുക അവിടുത്തെ കായിക പരിശീലകരായിരിക്കും. അങ്ങനെ വളർത്തിക്കൊണ്ടുവരുന്ന താരങ്ങളെ പെട്ടെന്ന് അവരിൽ നിന്ന് അടർത്തിമാറ്റുമ്പോൾ താരങ്ങൾക്കും കോച്ചുമാർക്കും ഉണ്ടാകുന്ന മാനസിക സംഘർഷവും പരിഗണിക്കപ്പെടണം.

കഴിഞ്ഞ കോവിഡ് സമയത്ത് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കേരളത്തിലെ പല അക്കാദമികളും അടച്ചിട്ടു. അങ്ങനെ വീട്ടിലേക്ക് മടങ്ങിയ പല താരങ്ങളും പരിശീലനം അവതാളത്തിലായതോടെ സ്പോർട്സ് ഹോസ്റ്റലുകളിലേക്ക് തിരികെ വന്നു. കായികധ്യാപകർക്ക് വീണ്ടും അവരെ മടക്കി അയക്കുക പ്രയാസകരമായിരുന്നു. അത്രയും വലിയൊരു നീണ്ട ഇടവേള അതുവരെ ഉണ്ടാക്കിയെടുത്ത കായികക്ഷമതയെയും പെർഫോമൻസുകളെയും ബാധിക്കുന്നതായതു കൊണ്ട് പല അഡ്ജസ്റ്റ്മെന്റുകളും ചെയ്ത് കായികാധ്യാപകരും താരങ്ങളും പരിശീലനം തുടർന്നു. പല താരങ്ങൾക്കും കായികാധ്യാപരുടെ വീട്ടിലായിരുന്നു താമസവും ഭക്ഷണവും. അങ്ങനെ രണ്ട് വർഷത്തെ പാൻഡമിക്കിനെയും അതിജീവിച്ച് പിന്നീടുള്ള മീറ്റുകളിലും ടൂർണമെന്റുകളിലും താരങ്ങൾ നേടിയ നേട്ടം പക്ഷെ സംസ്ഥാന അക്കൗണ്ടിലാണ് പെട്ടത്. കോവിഡ് സമയത്തെ സ്പോർട്സ് സെന്ററുകൾക്കുള്ള വിഹിതം നൽകാൻ കഴിയില്ല എന്നായിരുന്നു അന്ന് സർക്കാർ പറഞ്ഞത്. ഇതുമൂലം കടക്കെണിയിലായ ഒരുപാട് കായികാധ്യാപകർ ഇപ്പോഴും താഴെത്തട്ടിൽ പരാതികളില്ലാതെ തുടരുന്നുണ്ട്. അവരുടെ ചുമലിലൂടെ ഓടിക്കയറിയാണ് കേരളം ഈ മെഡലുകൾ നേടുന്നത്. നേട്ടങ്ങൾ ആഘോഷിക്കുകയും അതിന്റെ പാരന്റിങ്ങ് ഏറ്റെടുക്കുകയും ചെയ്യുന്നവർ ആ നേട്ടത്തിനു പിന്നിലെ പരിശ്രമങ്ങളെയും മനുഷ്യരെയും പാടെ അവഗണിക്കുന്നു.

നാഷണൽ ഗെയിംസിനുള്ള കേരള ടീം, റിസർവ് ടിക്കറ്റു പോലുമില്ലാതെ ദൽഹിയിലേക്ക് ട്രയിനിൽ തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന ദൃശ്യം
നാഷണൽ ഗെയിംസിനുള്ള കേരള ടീം, റിസർവ് ടിക്കറ്റു പോലുമില്ലാതെ ദൽഹിയിലേക്ക് ട്രയിനിൽ തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന ദൃശ്യം

നാഷണൽ ഗെയിംസിനുള്ള കേരള ടീം, റിസർവ് ടിക്കറ്റു പോലുമില്ലാതെ ദൽഹിയിലേക്ക് ട്രയിനിൽ തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന ദയനീയ ദൃശ്യം കഴിഞ്ഞ തവണ ഒരു കോച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സംസ്ഥാനം കൊടുക്കേണ്ട ടി എയും ഡി എയും കൃത്യമായി താരങ്ങൾക്ക് കിട്ടിയിട്ട് കാലങ്ങളായി. ഭക്ഷണത്തിലെയോ വിശ്രമത്തിലെയോ ചെറിയ മാറ്റം പോലും അത്‍ലറ്റിക്സ് അടക്കമുള്ള ഇനങ്ങളിൽ താരങ്ങളെ വലിയ രീതിയിൽ ബാധിക്കും എന്ന വസ്തുത നില നിൽക്കെ, ഉത്തരേന്ത്യൻ ഭാഗങ്ങളിലേക്ക് തൂങ്ങിപ്പിടിച്ചല്ലാതെ എത്ര പേർക്ക് സ്വന്തം നിലയിൽ സൗകര്യങ്ങളോടെ യാത്ര ചെയ്യാൻ കഴിയും. എന്നിട്ട് മികവ് പുലർത്താൻ കഴിയാതെ വരികയോ മെഡൽ ലഭിക്കാതെ വരികയോ വന്നാൽ കുറ്റം ഇതേ താരങ്ങൾക്കാവും.

ഒരു താരത്തിന് ജില്ലാ തലത്തിൽ 200 രൂപയും സ്റ്റേറ്റ് മൽസരങ്ങൾക്ക് 400 രൂപ വരെയും നാഷണൽ തലത്തിൽ 1500 രൂപയുമാണ് അതാത് അസോസിയേഷനുകൾ കൊടുക്കേണ്ടത്. അതുപോലും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറല്ല. അത്‍ലറ്റിക്സിലും മറ്റും കൂടുതൽ താരങ്ങൾ ഉയർന്നുവരാറുള്ളത് സാധാരണ ഏറ്റവും മോശം സാമ്പത്തിക- സാമൂഹിക സ്ഥിതിയിൽനിന്നാണ്. സ്റ്റേറ്റ് തലത്തിൽ യോഗ്യതയുണ്ടായിട്ടും നാഷണൽ മൽസരങ്ങൾക്ക് രജിസ്ട്രേഷൻ ഫീ അടക്കാൻ പണമില്ലാത്തതുകൊണ്ടുമാത്രം പോകാൻ കഴിയാത്ത താരങ്ങൾ കേരളത്തിലുണ്ട്. 2015 മുതൽ സ്റ്റേറ്റ്- ദേശീയ തലങ്ങളിൽ മെഡൽ നേടിയവർക്കുള്ള പാരിതോഷിക തുക പലതും പലർക്കും ഇപ്പോഴും നൽകിയിട്ടില്ല. പലപ്പോഴും ഒരു സ്പോർട്സ് ഹോസ്റ്റലിലെ ഒന്നോ രണ്ടോ മികച്ച താരങ്ങൾക്ക് പുറത്തുനിന്ന് കിട്ടുന്ന സ്പോൺസർഷിപ്പിലാണ് ആ ക്യാമ്പിലെ മുഴുവൻ താരങ്ങളും പോഷകാഹാരങ്ങൾ നിലനിർത്തി പോകുന്നത്.

നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് മെഡലുകൾ നേടിയ താരങ്ങൾക്ക് നൽകിയ ജോലി വാഗ്ദാനം സർക്കാർ പാലിക്കാത്തതിൽ താരങ്ങൾ നിലത്തുരുണ്ടും മുട്ടിലിഴഞ്ഞും മുടി മുണ്ഡനം ചെയ്തും സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധിക്കുന്നു.
നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് മെഡലുകൾ നേടിയ താരങ്ങൾക്ക് നൽകിയ ജോലി വാഗ്ദാനം സർക്കാർ പാലിക്കാത്തതിൽ താരങ്ങൾ നിലത്തുരുണ്ടും മുട്ടിലിഴഞ്ഞും മുടി മുണ്ഡനം ചെയ്തും സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധിക്കുന്നു.

ഈ അടുത്താണ് നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് മെഡലുകൾ നേടിയ താരങ്ങൾക്ക് നൽകിയ ജോലി വാഗ്ദാനം സർക്കാർ പാലിക്കാത്തതിൽ താരങ്ങൾ നിലത്തുരുണ്ടും മുടി മുണ്ഡനം ചെയ്തും സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധിച്ചത്. ഇപ്പോഴും ആ വിഷയത്തിൽ തീരുമാനമായിട്ടില്ല.

നാഷണൽ സ്പോർട്സ് അക്കാദമിയിൽ പഠിച്ച് പ്രാവീണ്യം നേടിയ രാജ്യത്തെ പ്രധാന കോച്ചുമാർ പലരും അടിത്തട്ടിലേക്ക് വരുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. അല്ലെങ്കിൽ സർക്കാർ അവർക്ക് അത്തരമൊരു റിസ്ക് എടുക്കുന്നതിനുള്ള പിന്തുണ നൽകുന്നില്ല. താഴെ തട്ടിലെക്കിറങ്ങി കുട്ടികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്താതെ അവർ സ്വന്തം ഇരിപ്പിടങ്ങളിൽ അഭിരമിച്ചിരിക്കുന്നു. സ്കൂൾ കരിക്കുലത്തിൽ ഈയടുത്തുവരെ പി ടി ക്ലാസുകൾക്ക് പകരം കണക്ക്, സയൻസ് ക്ലാസുകളായിരുന്നു. ഈ അടുത്താണ് പി ടി പീരിയഡിൽ മറ്റ് വിഷയങ്ങൾ എടുക്കരുതെന്നും കുട്ടികളുടെ കായിക ക്ഷമതയും കഴിവും കണ്ടെത്താൻ നിർബന്ധമായും ആ സമയം ഉപയോഗിക്കണമെന്നുള്ള സർക്കാർ ഉത്തരവ് വന്നത്. എന്നാൽ എത്രത്തോളം അത് പാലിക്കപ്പെടുന്നുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പാലിക്കപ്പെടുന്നുണ്ടെങ്കിൽ തന്നെ അതിനുപറ്റിയ അടിസ്ഥാന സൗകര്യങ്ങളുള്ള എത്ര സ്കൂളുകളുണ്ട്?

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ

പല സ്കൂളുകളിലും കായികാധ്യാപകർക്ക് പകരം ഭാഷാ അധ്യാപകരാണ് ആ റോൾ വഹിക്കുന്നത്. 500 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്നതാണ് നിലവിലെ സർക്കാർ ചട്ടം. നിലവിൽ യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് പി ടി അധ്യാപകരുള്ളത്. ഹയർ സെക്കന്ററിയും എൽ പി വിഭാഗവും കേരളത്തിന്റെ കായിക കരിക്കുലത്തിന് പുറത്താണ്. ആ കാറ്റഗറിയിൽ നിന്ന് വരുന്ന കുട്ടികളെ കണ്ടെത്താൻ സ്കൂളുകളിൽ കായികാധ്യാപകരുടെ പോസ്റ്റ് തന്നെയില്ല. സർക്കാർ മാനദണ്ഡ പ്രകാരം 500 കുട്ടികൾക്ക് ഒരു കായികാധ്യാപകൻ എന്ന യു പി- ഹൈസ്കൂൾ കാറ്റഗറിയിൽ സംസ്ഥാനത്തിലുടനീളം അറുപത് ശതമാനം വേക്കൻസികളാണ് ഒഴിഞ്ഞു കിടക്കുന്നത്. കേരളത്തിൽ ഓരോ വർഷവും ആയിരക്കണക്കിന് കായികാധ്യാപകരാണ് ബിപി എഡ് തുടങ്ങി കായിക പരിശീലനത്തിനുള്ള സാങ്കേതിക പഠന പരിശീലനം നേടി പുറത്തിറങ്ങുന്നത്. എന്നാൽ നിയമനം നടക്കാത്തത് മൂലം ഇവരും പെരുവഴിയിലാവുന്നു. കായികാധ്യാപകരുടെ നേതൃത്തിൽ സമരങ്ങളുണ്ടാകുന്നതും ആ പശ്ചാത്തലത്തിലാണ്. തമിഴ്നാട്ടിൽ ഓരോ ചെറിയ സ്കൂളുകളിൽ പോലും ഇതിനുവേണ്ടിയുള്ള ഡിപ്പാർട്ട്മെന്റ് തന്നെയുണ്ട്.

കേരളത്തിൽ ഇത്തരം പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ തലത്തിൽ തന്നെ ഒരു മു​ൻ​കൈയുമുണ്ടാകുന്നില്ല. ഉള്ള പദ്ധതികൾ തന്നെ കൃത്യമായി ആവിഷ്കരിക്കപ്പെടുന്നില്ല. സ്പോർട്സ് കൗൺസിലുകൾ പലതും കാര്യക്ഷമമല്ല. എല്ലാ ജില്ലകളിലും സിന്തറ്റിക്ക് ട്രാക്ക്, ഗെയിംസ് മൈതാനങ്ങൾ എന്നിവയില്ല. ഉള്ള ട്രാക്കും മൈതാനങ്ങളും കളിക്കാർക്ക് വിട്ടുകൊടുക്കുന്നില്ല. ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണേണ്ടതുണ്ട്.

ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ അനസ് എടത്തൊടികയും ആഷിക് കുരുണിയനും
ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ അനസ് എടത്തൊടികയും ആഷിക് കുരുണിയനും

സാഫ് ഗെയിംസിലടക്കം ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫൻഡറായ അനസ് എടത്തൊടിക, തനിക്ക് അർഹതപ്പെട്ട സർക്കാർ ജോലിയിൽ നിന്ന് പ്രവേശിക്കുന്നതിൽ തുരങ്കം വെക്കുന്നുവെന്ന ആരോപണവും ഈ വിഷയവുമായി കൂട്ടിവായിക്കാം. മാനദണ്ഡ പ്രശ്നങ്ങളുണ്ടെങ്കിൽ അത് തിരുത്തപ്പെടേണ്ടതുണ്ട്.

താഴിട്ടുപൂട്ടിയ
മൈതാനങ്ങൾ

ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും കൂടുതൽ താരങ്ങളെ സമ്മാനിച്ച മലപ്പുറം ജില്ലയിൽ നിന്നുള്ള ഇന്ത്യയുടെ മുൻനിര താരം ആഷിക് കുരുണിയൻ സാഫ് ജേതാവായി തിരിച്ചുവന്നപ്പോൾ പറഞ്ഞത്, നാട്ടിൽ വരുമ്പോൾ പരിശീലനം നടത്താൻ മൈതാനങ്ങൾ വിട്ടു കിട്ടുന്നില്ലെന്നും പ്രൈവറ്റ് ടർഫുകൾ സ്വന്തം ചെലവിൽ വാടകക്കെടുക്കേണ്ട അവസ്ഥയാണെന്നുമാണ്. ഒരു ഇന്ത്യൻ താരത്തിന്റെ അവസ്ഥയിതാണെങ്കിൽ വളർന്ന് കൊണ്ടിരിക്കുന്ന താരങ്ങൾക്ക് ലഭിക്കുന്ന പരിഗണനയും അടിസ്ഥാന സൗകര്യങ്ങളും എത്ര മാത്രമായിരിക്കും?. താഴിട്ടുപൂട്ടിയ മൈതാനങ്ങളിൽ പുല്ല് വളരുന്ന പോലെ താരങ്ങൾ വളരുമോ?.

കളിക്കാർക്കോ പൊതു ജനങ്ങൾക്കോ കളിക്കാൻ വിട്ട് കൊടുക്കാത്തത് മൂലം കോടികൾ മുടക്കി പണിത കേരളത്തിലെ പല മൈതാനങ്ങളും പുല്ലുകളും മറ്റും വളർന്ന് നശിക്കുകയാണ്
കളിക്കാർക്കോ പൊതു ജനങ്ങൾക്കോ കളിക്കാൻ വിട്ട് കൊടുക്കാത്തത് മൂലം കോടികൾ മുടക്കി പണിത കേരളത്തിലെ പല മൈതാനങ്ങളും പുല്ലുകളും മറ്റും വളർന്ന് നശിക്കുകയാണ്

പൊതു മൈതാനങ്ങളും പരിശീലന കേന്ദ്രങ്ങളും കുറഞ്ഞപ്പോൾ ബദലായി വന്ന പ്രൈവറ്റ് പരിശീലന കേന്ദ്രങ്ങളും അക്കാദമികളും ശരാശരി മലയാളിക്ക് അമിത സാമ്പത്തിക ബാധ്യതയാണ്. വൻ തുക ഡൊണോഷനും ഫീയുമാണ് മിക്ക അക്കാദമികളും ചോദിക്കുന്നത്. മലയാളിയുടെ കായിക താൽപര്യം മുതലെടുക്കുന്ന അക്കാദമികളുമുണ്ട്. പണമുള്ളവർ മാത്രം കളിക്കുകയും കളി പഠിക്കുകയും ചെയ്താൽ മതിയോ എന്ന ചോദ്യം ജനാധിപത്യ സർക്കാറിനോടാണ്. കേരളത്തിന്റ കായിക മനസ്സ് ചോദിക്കുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്. കേരളത്തിന്റെ എക്കാലത്തെയും അഭിമാനമായ പി. ടി. ഉഷ രാജ്യസഭയിലുള്ള കാലമാണിത്. നിലവിൽ കേരളത്തിന്റെ കായികമേഖലയുടെ വികസനത്തിന് കേന്ദ്ര സഹായമുപയോഗിച്ച് സമഗ്രമായ പ്രവർത്തനങ്ങൾ നടത്താൻ ഏറ്റവും കൂടുതൽ കഴിയുക തനിക്കായിട്ടും ഒട്ടും സ്പോർട്സ്മാൻ സ്പിരിറ്റില്ലാതെയാണ് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ഉഷ പെരുമാറുന്നത്. ഗുസ്തി താരങ്ങളുടെ വിഷയങ്ങളിലടക്കമുള്ള ഇടപെടലുകളിൽ നമ്മളത് കണ്ടതുമാണ്.

രാജ്യസഭ എംപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ മലയാളി പി.ടി ഉഷ
രാജ്യസഭ എംപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ മലയാളി പി.ടി ഉഷ

കേരളത്തിന്റെ കായിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഉടൻ ഒരു സമിതിയെ നിയമിക്കുകയാണ് വേണ്ടത്. സമഗ്ര പഠനം നടത്തി പദ്ധതികൾ ആവിഷ്കരിക്കണം. യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിൽ വരുത്തണം. താഴെത്തട്ടിൽ നിന്ന് മുകളിലേക്കെത്തുന്ന ഓർഡറിൽ അത് ക്രമീകരിക്കണം.

സംസ്ഥാന സ്കൂൾ കായികോൽസവം തൃശൂരിൽ നടക്കുന്നു. ഭാവിയിലേക്കുള്ള ഒളിമ്പിക്സ്, കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ്, നാഷണൽ ഗെയിംസ് തുടങ്ങിയവയിൽ കേരളമെന്ന പേര് എഴുതിച്ചേർക്കേണ്ടവരാണവർ. അവർക്കുമുമ്പിൽ ഇതെല്ലാം പ്രതിസന്ധികളാവരുത്. മുമ്പിലെ ഇത്തരം കാഴ്ചകൾ അവരുടെ മനസ്സ് മടുപ്പിക്കരുത്.

Comments