സാലിഹിനുമുന്നില്‍ വഴികളടഞ്ഞു, ലേലത്തിന് വക്കുകയാണ് പാരാ ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍

2018ല്‍ പാരാഎഷ്യന്‍ ഗെയിംസില്‍ ചെസ്സില്‍ വെള്ളി മെഡല്‍ നേടിയ കോഴിക്കോട് സ്വദേശിയായ പി.കെ മുഹമ്മദ് സാലിഹ്, കാഴ്ചപരിമിതരായ കായിക താരങ്ങള്‍ക്കും രാജ്യത്തിനും ഒരുപോലെ പ്രചോദനവും അഭിമാനവുമായിരുന്നു. തനിക്കു കിട്ടിയ വെള്ളി മെഡൽ അദ്ദേഹം ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്​.

മെഡല്‍ നേടി അഞ്ച് വര്‍ഷങ്ങളോളം ജോലിക്കും സാമ്പത്തിക സഹായങ്ങള്‍ക്കുമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങുകയായിരുന്നു സാലിഹ്. പക്ഷേ അവഗണനകളല്ലാതെ ഒരു അനുകൂല പ്രതികരണവും ലഭിച്ചില്ല. സാമ്പത്തിക പരാധീനതകള്‍ വര്‍ധിച്ചതോടെയാണ്​, ജപ്തി ഭീഷണി മറികടക്കാന്‍ തന്റെ വെള്ളി മെഡല്‍ വരെ ലേലത്തിന് വില്‍ക്കാന്‍ തീരുമാനിച്ചത്​.

കാഴ്ചപരിമിതിയുടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് രാജ്യാന്തര നേട്ടം കൊയ്​ത ഒരു കായികതാരം സർക്കാർ അവഗണനയിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്​. കായിക മേഖലക്കായി സംസ്ഥാന സര്‍ക്കാർ നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുന്നുണ്ടെങ്കിലും ബ്ലെന്‍ഡ്സ് സ്‌പോര്‍ട്‌സിന്റെ ഉന്നമനത്തിന്​ ഇതുവരെ എന്തു ചെയ്​തു എന്ന ചോദ്യത്തിന്റെഉത്തരം കൂടിയാണ്​ സാലിഹിന്റെ ജീവിതം. രാജ്യാന്തര കായിക മത്സരങ്ങളില്‍ ജയിച്ചുവരുന്ന ഒരു കായികതാരത്തിന് ലഭിക്കുന്ന അനുമോദനങ്ങളും പരിഗണനകളും പോലും കേരളസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സാലിഹിന് ലഭിച്ചിട്ടില്ല.

Comments