ബ്രിജ്​ ഭൂഷൺ: അട്ടിമറിയോ ഒത്തുതീർപ്പോ? ഗുസ്​തി താരങ്ങൾ കാത്തിരിക്കുന്നു

ഗുസ്​തി താരങ്ങൾക്ക്​ കേന്ദ്ര സർക്കാറിൽനിന്ന്​ ഇന്ന്​ ഒരു മറുപടി കിട്ടുമോ? കേസന്വേഷണത്തിലും പ്രതിസ്​ഥാനത്തുള്ള ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലും ജൂൺ 15ന്​ തീരുമാനം പറയാം എന്നാണ്​ കായികവകുപ്പുമന്ത്രി സമരക്കാർക്ക്​ നൽകിയ ഉറപ്പ്​. അതിശക്തനാണ്​ ​പ്രതി, അയാളെ ബി.ജെ.പി ഭരണകൂടത്തിന്​ ആവശ്യവുമുണ്ട്​. ഇന്ന്​ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമായി തുടരാനാണ്​ തീരുമാനം.

മരം ചെയ്യുന്ന ഇന്ത്യൻ ഗുസ്​തി താരങ്ങൾക്ക്​ കേന്ദ്ര സർക്കാറിൽനിന്ന്​ ഇന്ന്​ ഒരു മറുപടി കിട്ടുമോ? കേസന്വേഷണത്തിലും പ്രതിസ്​ഥാനത്തുള്ള ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലും ജൂൺ 15ന്​ തീരുമാനം പറയാം എന്നാണ്​ കായികവകുപ്പുമന്ത്രി സമരക്കാർക്ക്​ നൽകിയ ഉറപ്പ്​. അതിശക്തനാണ്​ ​പ്രതി, അയാളെ ബി.ജെ.പി ഭരണകൂടത്തിന്​ ആവശ്യവുമുണ്ട്​. അതുകൊണ്ടുതന്നെ എന്ത്​ നടപടിയാണ്​ ബ്രിജ്​ ഭൂഷണെതിരെയുണ്ടാകുക എന്നതിൽ ഗുസ്​തി താരങ്ങൾക്ക്​ ഉറപ്പില്ല. എങ്കിലും അവർ ഒത്തുതീർപ്പിനില്ല. ഇന്ന്​ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമായി തുടരാനാണ്​ തീരുമാനം.

ഗുസ്തിതാരങ്ങളുടെ സമരത്തിന് രാജ്യവ്യാപകമായി വലിയ പിന്തുണയാണ് ലഭിച്ചത്. കര്‍ഷക- സ്ത്രീ- പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളെല്ലാം പിന്തുണ പ്രഖ്യാപിച്ചും ബ്രിജ്ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും പ്രതിഷേധത്തിനിറങ്ങിയിരുന്നു. ജനകീയസമരമായി ഉയര്‍ന്നുവന്നെങ്കിലും ജൂണ്‍ ആദ്യവാരത്തോടെ പല വ്യതിയാനങ്ങളുമുണ്ടായി.

സമരക്കാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രഹസ്യചര്‍ച്ച നടത്തിയതിനുപിന്നാലെ കായികമന്ത്രി അനുരാഗ് ഠാക്കൂറും താരങ്ങളുമായി അനുരഞ്ജന ചര്‍ച്ച നടത്തി. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ജൂണ്‍ പതിനഞ്ചിനുള്ളില്‍ സമര്‍പ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് കേസിലെ പരാതിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പിതാവും മൊഴിമാറ്റുന്നത്.

സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ തുടങ്ങിയവർ ജന്തർമന്തറിലെ സമരവേദിയിൽ
സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ തുടങ്ങിയവർ ജന്തർമന്തറിലെ സമരവേദിയിൽ

കർഷക സമരം ​പോലെ, കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നുവെന്ന ആശങ്കയെ തുടർന്നാണ്​ അമിത്​ ഷാ രഹസ്യചർച്ചക്കിറങ്ങിയത്​. മാത്രമല്ല, വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സാമുദായിക വോട്ടുബാങ്കിനെ സ്വാധീനിക്കുംവിധം ഈ സമരം വിപുലപ്പെടുന്നതായും സംസ്​ഥാന ബി.ജെ.പി ഘടകങ്ങൾ റിപ്പോർട്ടു ചെയ്​തിരുന്നു. കർഷക പ്രക്ഷോഭം സൃഷ്​ടിച്ച വിപരീതാന്തരീക്ഷം ആവർത്തിക്കുന്നുവെന്ന്​ ഭീതിയിലാണ്​, ഇതുവരെ തിരിഞ്ഞുനോക്കാതിരുന്ന കേന്ദ്രം, അമിത്​ ഷായെ തന്നെ രംഗത്തിറക്കിയത്​.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുമായി ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയ ശേഷം സമരഗതിയിൽ പ്രകടമായ മാറ്റമുണ്ടായി. ജൂണ്‍ മൂന്നിന് രാത്രി 11ന്​ അതീവ രഹസ്യമായാണ് അമിത്ഷാ ഗുസ്തിതാരങ്ങളുമായി ചര്‍ച്ച നടത്തിയത്.

ഒരു ജനകീയ സമരം തീർക്കാൻ, സർക്കാറിന്​ രഹസ്യമായി കൂടിക്കാഴ്​ച നടത്തേണ്ടതില്ല. അമിത്​ ഷാ നടത്തിയത്​, സമരത്തെ അട്ടിമറിക്കാനും സമരക്കാരിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീക്കമായിരുന്നുവെന്ന്​ പിന്നീടുണ്ടായ നാടകീയ സംഭവവികാസങ്ങൾ തെളിയിച്ചു.

തുടക്കം മുതൽ സമരത്തെ അവഗണിക്കാനും മുഖ്യധാരയില്‍ നിന്ന് ഇല്ലാതാക്കാനുമുള്ള ബോധപൂര്‍വ ഇടപെടലുണ്ടായിട്ടുണ്ട്. കര്‍ഷക സമരം, പൗരത്വ സമരം തുടങ്ങി സംഘപരിവാര്‍ ഭരണൂടത്തിനെതിരെ ഉയർന്നുവന്ന ജനകീയ സമരങ്ങളെയെല്ലാം കേന്ദ്രം അടിച്ചമർത്താനാണ്​ ശ്രമിച്ചത്​. കര്‍ഷക സമരവുമായി ബന്ധപ്പെട്ടവരുടെയും സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ പൂട്ടണമെന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് മുന്‍ ട്വീറ്റര്‍ സി.ഇ.ഒ ജാക്ക് ഡോഴ്‌സി വെളിപ്പെടുത്തിയതിനെയും ഇതിനോട് ചേർത്ത് വായിക്കാം. കേന്ദ്രസര്‍ക്കാരിനെ അടിമുടി വിറപ്പിക്കുന്ന തരത്തില്‍ തുടങ്ങിയ കരുത്തുറ്റ ഒരു സമരം തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും ആസൂത്രിത ശ്രമങ്ങളും ഇപ്പോഴും തുടരുകയാണ്​.

ജാക്ക് ഡോഴ്‌സി
ജാക്ക് ഡോഴ്‌സി

രഹസ്യകൂടിക്കാഴ്​ചകൾ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുമായി ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയ ശേഷം സമരഗതിയിൽ പ്രകടമായ മാറ്റമുണ്ടായി. ജൂണ്‍ മൂന്നിന് രാത്രി 11ന്​ അതീവ രഹസ്യമായാണ് അമിത്ഷാ ഗുസ്തിതാരങ്ങളുമായി ചര്‍ച്ച നടത്തിയത്. രണ്ട് മണിക്കൂർ നീണ്ട ചര്‍ച്ചയില്‍ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്‌റംഗ് പുനിയ സംഗീത ഫോഗട്ട്, സത്യവര്‍ഥ് കഠിയാന്‍ തുടങ്ങിയവർ പങ്കെടുത്തു. ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്ന്​ താരങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം കിട്ടിയിരുന്നു. ചര്‍ച്ചക്കുശേഷം സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന സാക്ഷിമാലിക്കും ബജ്റംഗ് പൂനിയയും വിനേഷ് ഫോഗട്ടും ജോലിയില്‍ പ്രവേശിച്ചതോടെ സമരം ഒത്തുതീര്‍പ്പായെന്ന്​ വാര്‍ത്ത പ്രചരിച്ചു. ഈ പ്രചാരണത്തിനെതിരെ താരങ്ങള്‍ തന്നെ രംഗത്ത് വന്നു. ചര്‍ച്ച അതീവ രഹസ്യമാക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്ന് ബജറംഗ് പുനിയ ആരോപിച്ചു. അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നീതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടില്ല. പ്രതിഷേധ സമരം അവസാനിച്ചിട്ടില്ലെന്നും ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചുതന്നെ തുടര്‍ സമരരീതികളെക്കുറിച്ച് ആലോചിക്കുകയാണെന്നും ബജ്റംഗ് പൂനിയ വ്യക്തമാക്കിയിരുന്നു.

എന്തിനായിരുന്നു ഈ അതീവ രഹസ്യ ചര്‍ച്ച എന്നും എന്തുകൊണ്ടാണ്​ ചര്‍ച്ച ചെയ്​ത കാര്യങ്ങൾ രഹസ്യമാക്കി വക്കുന്നതെന്നും അവ്യക്തമായി തുടരുകയാണ്. സമരനേതൃത്വത്തിലുള്ളവർ ജാട്ട് സമുദായക്കാരായതിനാൽ, ജാട്ട്​ സമുദായം കേന്ദ്ര സർക്കാറിനെതിരെ തിരിയുമെന്നും അത്​ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കുമെന്നും അതുകൊണ്ടാണ്​ ഒത്തുതീർപ്പുനീക്കമുണ്ടായതെന്നും വിശകലനങ്ങളുണ്ടായിട്ടുണ്ട്. ഹരിയാന, യു.പി, രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങളിലെ നാല്‍പ്പതോളം ലോകസഭാസീറ്റുകളില്‍ ജാട്ട് വോട്ട്​ നിര്‍ണായകമാണ്.

 അമിത് ഷാ
അമിത് ഷാ

ഗുസ്തിതാരങ്ങളുമായി അമിത് ഷാ ചര്‍ച്ച നടത്തുന്നതിനെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകനായ കെ. അനൂപ് ദാസ് ട്രൂകോപി തിങ്കിനോട് പറഞ്ഞത്. ചര്‍ച്ച കഴിഞ്ഞശേഷമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കിട്ടുന്നത്. അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഗുസ്തിതാരങ്ങളോ, അമിത്ഷായുമായി ബന്ധപ്പെട്ട അധികാരവൃത്തങ്ങളോ അറിയിച്ചിരുന്നില്ല. കൂടിക്കാഴ്​ചക്കുശേഷവും മന്ത്രാലയത്തില്‍ നിന്ന് ഔദ്യോഗിക വാര്‍ത്താകുറിപ്പ്​ ഇറങ്ങിയിട്ടില്ലെന്നും അനൂപ് ദാസ് പറഞ്ഞു.

അമിത്ഷായുടെ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നത്. ജൂണ്‍ ഏഴിന് അനുരാഗ് ഠാക്കൂറുമായുള്ള ചര്‍ച്ചയില്‍ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഗുസ്തി താരങ്ങള്‍ മുന്നോട്ടുവെച്ചത്.
- ആരോപണ വിധേയനായ ബ്രിജ്ഭൂഷണിനെ അറസ്റ്റ് ചെയ്യണം.
- ഇന്ത്യന്‍ റെസ്ലിങ്ങ് അസോസിയേഷന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാക്കണം.
- പാര്‍ലമെൻറ്​ ഉദ്ഘാടന ദിവസം ഗുസ്തി താരങ്ങള്‍ക്കെതിരെ ചുമത്തിയ കലാപക്കുറ്റം അടക്കമുള്ള കേസുകള്‍ തള്ളിക്കളയണം.

2022-ലെ അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ട്രയല്‍ മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ വിദേഷ്വത്തിലാണ് ബ്രിജ്ഭൂഷണിനെതിരെ വ്യാജ പരാതി നല്‍കിയതെന്ന് വെളിപ്പെടുത്തി പരാതിക്കാരായ പ്രായൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പിതാവും മജി്‌സ്‌ട്രേറ്റിന് മുന്നില്‍ മൊഴിമാറ്റി.

ഗുസ്തി സമരത്തിന് നേതൃത്വം നല്‍കുന്ന സാക്ഷി മാലിക്ക്, ബജ്റംഗ് പുനിയയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷം, ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതക്രമ പരാതിയില്‍ ജൂണ്‍ പതിനഞ്ചിനകം കുറ്റപത്രം നല്‍കുമെന്ന് അനുരാഗ് ഠാക്കൂര്‍ ഉറപ്പ് നല്‍കി. കൂടാതെ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ജൂണ്‍ 30 നുള്ളില്‍ നടത്തുമെന്നും താരങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായതോടെ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു്. ജൂണ്‍ 15നു ശേഷവും അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും താരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പരാതിക്കാരിയുടെ മൊഴിമാറ്റൽ

ജൂണ്‍ ഒമ്പതിനുള്ളില്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നാണ് ഹരിയാനയില്‍ ഗുസ്തി താരങ്ങളുടെ നേതൃത്വത്തില്‍ നടന്ന മഹാപഞ്ചായത്തില്‍ തീരുമാനിച്ചത്. എന്നാല്‍ ജൂണ്‍ പതിനഞ്ചിനുള്ളില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉറപ്പുകിട്ടിയതോടെ കാത്തിരിക്കാന്‍ താരങ്ങള്‍ തീരുമാനിച്ചു.

പക്ഷേ, ജൂണ്‍ ആദ്യവാരത്തില്‍ തന്നെ കേസിന്റെ ദിശ പോലും തിരിച്ചുവിടുന്ന നാടകീയ സംഭവങ്ങളാണുണ്ടായത്. 2022-ലെ അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ട്രയല്‍ മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ വിദേഷ്വത്തിലാണ് ബ്രിജ്ഭൂഷണിനെതിരെ വ്യാജ പരാതി നല്‍കിയതെന്ന് വെളിപ്പെടുത്തി പരാതിക്കാരായ പ്രായൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പിതാവും മജി്‌സ്‌ട്രേറ്റിന് മുന്നില്‍ മൊഴിമാറ്റി. ഫോട്ടോ എടുക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ ബ്രിജ്ഭൂഷണ്‍ സ്പര്‍ശിച്ചെന്നും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടി മെയ് പത്തിന് പോലീസിനും മജിസ്‌ട്രേറ്റിനും മുമ്പാകെ ആദ്യം മൊഴി നല്‍കിയത്. ഇതാണ് തിരുത്തുന്നത്. ഞെട്ടലോടെയാണ് ഈ മൊഴിമാറ്റത്തെ പൊതുസമൂഹം കേട്ടത്. എന്നാല്‍ ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തിതാരങ്ങളുടെ സ്വാകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയായിട്ടുണ്ടെന്ന് അന്തര്‍ദേശീയ ഗുസ്തി റഫറിയായ ജാബിര്‍ സിങ് മൊഴി നല്‍കിയിട്ടുണ്ട്. ടൂര്‍ണമെന്റിനിടെ ബ്രിജ് ഭൂഷണ്‍ മോശമായി പെരുമാറിയെന്ന് വനിതാ ഗുസ്തി താരം തന്നോട് പറഞ്ഞിരുന്നതായി കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് അനിതയും വെളിപ്പെടുത്തിയിട്ടുണ്ട്.

125- ഓളം പേര്‍ ബ്രിജ്ഭൂഷണിനെതിരെ ഇതുവരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്​. ബ്രിജ് ഭൂഷണിന്റെ യു.പിയിലെയും ലഖ്നോവിലെയും ഗോണ്ടയിലെും വീടുകളിൽ ഡല്‍ഹി പോലീസ് പരിശോധന നടത്തിയിരുന്നു. വീട്ടിലെ പതിനഞ്ചോളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ, ഡല്‍ഹി പോലീസിന്റെ അന്വേഷണ രീതിയെക്കുറിച്ച് വലിയ വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. ബ്രിജ് ഭൂഷണിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് പരാതിക്കാരിയായ സംഗീത ഫോഗട്ടുമായി തെളിവെടുപ്പ് നടത്തിയത് അത്തരത്തിലൊന്നായിരുന്നു. സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അതിക്രമം നടന്ന സ്ഥലങ്ങളും സംഭവങ്ങളും ഓര്‍ത്തെടുക്കാന്‍ വസതിയില്‍വെച്ച് പോലീസ്​ ആവശ്യപ്പെട്ടതായി സംഗീത പിന്നീട് വെളിപ്പെടുത്തി. ബ്രിജ് ഭൂഷണിന്റെ സാന്നിധ്യത്തില്‍ നടന്ന ഭീതിദമായ തെളിവെടുപ്പിന്റെ അനുഭവങ്ങളെക്കുറിച്ചും സംഗീത പങ്കുവെച്ചിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി തെളിവു ശേഖരിക്കാനാണ് ബ്രിജ് ഭൂഷണിന്റെ വീട്ടിലെത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നുമാണ് ഡല്‍ഹി പോലീസ് പറയുന്നത്. പരാതിക്ക് ആധാരമാകുന്ന തരത്തില്‍ ബ്രിജ് ഭൂഷണ്‍ സിങ് നടത്തിയ ലൈംഗിക പീഡനത്തിന്റെ തെളിവായി ഫോട്ടോയും വീഡിയോയും ഹാജരാക്കണമെന്ന ഡല്‍ഹി പോലീസിന്റെ നിര്‍ദ്ദേശവും വിമര്‍ശിക്കപ്പെട്ടിരുന്നു. പോലീസ് അന്വേഷണത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്ന ബ്രിജ് ഭൂഷണിന്റെ തുറന്ന പ്രസ്താവനയും അന്വേഷണത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്.

സമരം തുടങ്ങി ഇത്ര ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരോപണവിധേയനായ ബ്രിജ് ഭൂഷണിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? കേന്ദ്ര ഭരണകൂടത്തിൽ ഇയാൾക്ക്​ ചെലുത്താൻ കഴിയുന്ന സ്വാധീനം ഇതിൽ പ്രകടമാണ്​.

ബ്രിജ് ഭൂഷണിനെതിരെ സമരം തുടങ്ങിയ അന്നുമുതല്‍ നിരവധി സംഘര്‍ഷങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്ന് ഗുസ്തിതാരങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്​. സമരത്തില്‍ നിന്ന് പിന്തിരിയാനും ഒത്തുതീർപ്പിനും നിരവധി സമര്‍ർദ്ദങ്ങള്‍ ഇവര്‍ നേരിട്ടു. പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട് ബ്രിജ് ഭൂഷണ്‍ വധഭീഷണി മുഴക്കുന്നുണ്ടെന്ന്​ താരങ്ങള്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, പരാതിക്കാര്‍ മൊഴിമാറ്റാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയെ സ്വഭാവികമായി കാണാനാകില്ല.

അടിച്ചമർത്തൽ നീക്കങ്ങൾ

അധികാര സ്​ഥാനത്തുള്ളയാളാണെന്നു മാത്രമല്ല, ഭരണകൂടത്തിൽ വലിയ സ്വാധീനം ചെലുത്താനും കഴിവുള്ളയാളാണ്​ പ്രതി. ഇയാൾക്കെതിരെയാണ് ഗുസ്തിതാരങ്ങളുടെ സമരം. ജനപിന്തുണയേറിവരുന്ന സമരത്തെ ഏതു വിധേയനെയും തകര്‍ക്കുകയെന്നത് ഭരണകൂടത്തിന്റെ പ്രധാന ആവശ്യമായിരുന്നു. അത്തരം ഇടപെടലുകളാണ് വ്യാജ വാര്‍ത്തകളായും പ്രചാരണങ്ങളായും സമരത്തിനെതിരെ പ്രയോഗിക്കപ്പെട്ടത്. കായിക താരങ്ങളുടെ സമരം അവസാനിച്ചുവെന്ന പ്രചാരണം ശരിയല്ലെന്നും ജൂണ്‍ 15 വരെ താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയാണുണ്ടായതെന്നുമാണ് സോഷ്യല്‍ ആക്ടിവിസ്റ്റായ കെ.സഹദേവന്‍ പറയുന്നത്:

കെ.സഹദേവന്‍
കെ.സഹദേവന്‍

‘‘ഗവണ്‍മെന്റുമായുള്ള ചര്‍ച്ചയില്‍ ജൂണ്‍ 15 വരെ പ്രക്ഷോഭം നിര്‍ത്തിവെക്കാം എന്ന് ഗുസ്തി താരങ്ങള്‍ സമ്മതിച്ചിട്ടുള്ളതാണ്. പ്രക്ഷോഭ പാതയില്‍ ഇത്​ സാധാരണവുമാണ്. കായിക താരങ്ങളും അവരെ പിന്തുണയ്ക്കുന്നവരും വെറുതെ ഇരിക്കുകയാണെന്ന് ധരിക്കരുത്. ഈ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ അവര്‍ ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കര്‍ഷക സമരങ്ങള്‍ അടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങളെ തകര്‍ക്കുന്നതിന്​ പല തരം ഇടപെടലുകള്‍ സംഘപരിവാരങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനെയൊക്കെ മറികടക്കാന്‍ പ്രക്ഷോഭകര്‍ക്ക് സാധിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ ഏറ്റവും ഒടുവില്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നത് തന്നെ ഉദാഹരണം.''
അതിദീര്‍ഘ കാലത്തെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് ഇത്തരം ജനകീയ സമരങ്ങളെല്ലാം വിജയിച്ചിട്ടുള്ളതെന്നും കെ.സഹദേവന്‍ ട്രൂകോപി തിങ്കിനോട് പറഞ്ഞു.

ബ്രിജ് ഭൂഷണിന്റെ ശക്തിപ്രകടനം

സമരം തുടങ്ങി ഇത്ര ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരോപണവിധേയനായ ബ്രിജ് ഭൂഷണിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? കേന്ദ്ര ഭരണകൂടത്തിൽ ഇയാൾക്ക്​ ചെലുത്താൻ കഴിയുന്ന സ്വാധീനം ഇതിൽ പ്രകടമാണ്​. ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ നിലനിന്നിട്ടും ബ്രിജ് ഭൂഷണിന് പൊതുസമൂഹത്തല്‍ നിന്ന് ലഭിച്ച സ്വീകാര്യതയും ഭീതിപ്പെടുത്തുന്നതായിരുന്നു. ഗുസ്തിക്കാരുടെ സമരം കത്തിനിന്ന സമയത്താണ് പോക്സോ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഭേദഗതി വേണമെന്നും ആവശ്യപ്പെട്ട് അയോധ്യയിലെ രാമകഥാ പാര്‍ക്കില്‍ ജൂണ്‍ അഞ്ചിന് സന്യാസിമാരുമായി ചേര്‍ന്ന് റാലി നടത്തുമെന്ന്​ ബ്രിജ് ഭൂഷണ്‍ പരസ്യ പ്രസ്താവന നടത്തിയത്. ഉന്നത രാഷ്ട്രീയവൃത്തങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ കൊണ്ട് റാലി മാറ്റിവെക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ റാലിക്കിടെ  ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
ഉത്തർപ്രദേശിലെ റാലിക്കിടെ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്

എന്നാല്‍, ഗുസ്തിക്കാരുടെ സമരത്തില്‍ ആശയക്കുഴപ്പം സൃഷ്​ടിക്കപ്പെട്ട സമയത്തുതന്നെ, ജൂണ്‍ 11ന്​ ഉത്തര്‍ പ്രദേശില്‍ റാലി നടത്തി ബ്രിജ്ഭൂഷണ്‍ കരുത്ത്​ പ്രകടിപ്പിച്ചു. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കൈസര്‍ ഗഞ്ച് സീറ്റില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന് റാലിക്ക് ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. എത്ര കുറ്റകൃത്യങ്ങള്‍ ചെയ്താലും തങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടം പിന്നിലുണ്ടെന്ന വിശ്വാസം ഇത്തരം ക്രിമിനലുകള്‍ക്ക് നല്‍കുന്ന ധൈര്യം ചെറുതല്ല.

മാധ്യമങ്ങളുടെ വ്യാജങ്ങൾ

ഗുസ്തിക്കാരുടെ സമരത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ സമീപിച്ച രീതിയും അപഹാസ്യകരമായിരുന്നു. സമരത്തെ തകര്‍ക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം കിട്ടിയ രീതിയിലായിരുന്നു മിക്ക മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടിങ്ങ്. സമരവുമായി ബന്ധപ്പെട്ട മിക്ക വ്യാജ പ്രചാരണങ്ങള്‍ക്കും വലിയ കവറേജാണ് ഇവര്‍ നല്‍കിയത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസം ഗുസ്തി താരങ്ങളെ ഡല്‍ഹി പോലീസ് നിഷ്ഠൂരമായി നേരിട്ടപ്പോഴും അവ തമസ്​കരിക്കപ്പെട്ടു. മോദിയുടെ വ്യക്തിപ്രഭാവത്തിന്​ സ്തു​തിഗീതം പാടിയിരുന്ന സീ ന്യൂസിലെയും ആജ്​ തക്കിലെയും എ.ബി.പി ന്യൂസിലെയും അവതാരകരുടെ ലൈവ് റിപ്പോര്‍ട്ടിങ്ങ് ഇതിന് തെളിവാണ്. ന്യൂസ് ലോന്ററിയുടെ tv newsance പ്രോഗ്രാമില്‍ മനീഷ പാണ്ഡേ, ഗോദി മാധ്യമങ്ങളുടെ പക്ഷപാതിത്വം വ്യക്തമായി കാണിച്ചുതരുന്നുണ്ട്.

സമരം പൊളിഞ്ഞെന്ന്​ വരുത്തിത്തീര്‍ക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഇത്തരം ‘ഗോദി മാധ്യമ’ങ്ങളില്‍ നിന്ന് അടിക്കടി ഉയര്‍ന്നുവന്നിരുന്നു. സാക്ഷി മാലിക്ക് ജോലിയില്‍ തിരികെ പ്രവേശിച്ചത് ചൂണ്ടിക്കാട്ടി അവര്‍ സമരത്തില്‍ നിന്ന് പിന്മാറിയെന്ന്​ ഈ മാധ്യമങ്ങൾ ഘാടാഘടിയന്‍ ബ്രേക്കിംഗുകൾ നൽകി. ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നതകയുണ്ടെന്നും അതിന്റെ ഭാഗമായാണ് സാക്ഷി മാലിക്കിന്റെ പിന്മാറ്റമെന്നെല്ലാം വാര്‍ത്ത നല്‍കി. പിന്നീട് സാക്ഷിമാലിക്ക് തന്നെ ഇത് വ്യാജവാര്‍ത്തയാണെന്ന് വെളിപ്പെടുത്തി. സമരത്തിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ഈ മാധ്യമങ്ങൾ വ്യാജങ്ങളുണ്ടാക്കി.
അമിത്ഷായമായുള്ള ചര്‍ച്ചയില്‍ താരങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന കാമ്പയിനും മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്​തു. തങ്ങളെ ദ്രോഹിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഗുസ്തി താരങ്ങള്‍ക്ക്​ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കേണ്ട സ്​ഥിതിയാണ്​.

ഇതിനുപു​റമേ, ബ്രിജ് ഭൂഷണിന്റെയും സംഘപരിവാർ ഹാന്‍ഡിലുകളുടെയും നേതൃത്വത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇത്തരം സംഘടിതവും ആസൂത്രിതവുമായ അടിച്ചമര്‍ത്തലുകളെ അതീജിവിച്ചാണ്​ സമരം മുന്നോട്ട്‌പോകുന്നത്. ഇതുവരെയുള്ള കേന്ദസര്‍ക്കാര്‍ നിലപാടും കേസിന്റെ ഗതിമാറ്റങ്ങളുമനുസരിച്ച് ബ്രിജ് ഭൂഷണിനെതിരെ കടുത്ത നടപടിക്ക്​ സാധ്യത കാണുന്നില്ല. പക്ഷേ, ന്യായമായ ആവശ്യമുയര്‍ത്തി രാജ്യത്തെ മുന്‍നിര കായികതാരങ്ങള്‍ നടത്തുന്ന ജനകീയ സമരത്തെ സ്വേച്​ഛാധികാരമുപയോഗിച്ച് അടിച്ചമർത്തുന്ന കേന്ദ്ര സര്‍ക്കാറിനെ തുറന്നുകാട്ടാൻ ഈ സമരത്തിലൂടെ സാധിച്ചിട്ടുണ്ട്.

Comments