ന്യൂയോർക്കിലെ ആർതർ ആഷെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 28,000 കാണികളുടെ ഹർഷാരവങ്ങൾക്കുനടുവിൽ യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനൽ നടക്കുന്നു. ബൊലൂറിസിയൻ ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്ക ഇടതുഭാഗത്തേക്ക് കൊടുത്ത ലൈൻ ക്രോസ് വലതുഭാഗത്ത് നിൽക്കുകയായിരുന്ന ഓപ്പോസിറ്റ് താരം വേഗതയിലോടി തന്റെ ഇരുകയ്യും റാക്കറ്റിൽ സ്വീകരിച്ച് ശക്തിയിലടിക്കുന്നു. സബലേങ്കയുടെ റാക്കറ്റിനെയും മറികടന്ന് ആ പന്ത് ചാമ്പ്യൻ പോയിന്റ് സ്വന്തമാക്കുന്നു. നിലത്ത് കൈയും കാലും നീട്ടികിടന്ന് വിജയമായഘോഷിച്ചപ്പോൾ അതൊരു സെറീന വില്യംസിനെ പോലെ തോന്നിപ്പിച്ചു. എന്നാൽ യു.എസ് ഓപ്പണിൽ യു.എസിൽ നിന്ന് തന്നെ ലോക ടെന്നീസിന് ഒരു പുതിയ അവകാശി പിറക്കുകയായിരുന്നു. സെറീനയുടെ കളി കണ്ട് സെറീനയാവാൻ മാത്രം കൊതിച്ച് റാക്കെറ്റെടുത്ത 19 വയസ്സ് മാത്രം പ്രായമുള്ള കൊകൊ ഗോഫ്.
1999- ൽ, 17-ാം വയസ്സിൽ സെറീന വില്യംസ് യു. എസ് ഓപ്പൺ നേടിയത് കഴിഞ്ഞാൽ യു.എസ് ഓപ്പൺ നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകതാരം.
യു.എസ് ഓപ്പണിലെ ആർതറിലെ ഫൈനൽ തീർത്തും പ്രവചനാതമകമായിരുന്നു. ലോക സിംഗിൾസ് ആൻഡ് ഡബിൾസ് ലോക ഒന്നാം നമ്പർ താരവും മുൻ ചാമ്പ്യനുമായ സബലെൻകെ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു. ഗ്രൂപ്പ് ഘട്ടങ്ങളിലെയും ക്വാർട്ടർ സെമിഫൈനലിലെയും ഏകപക്ഷീയ വിജയങ്ങൾക്കുശേഷമാണ് സബലെൻകെ യു.എസ് ഓപ്പണിന്റെ കലാശപ്പോരിനെത്തുന്നത്.
ബൊലൂറിസിയൻ താരത്തിന്റെ ശരീരഭാഷയും മുഖഭാവവും സൂചിപ്പിക്കുന്നതും അതുതന്നെ. മറു വശത്ത് ആദ്യമായി മാത്രം യു.എസ് ഓപ്പൺ ഫൈനൽ കടക്കുന്ന പുതുമുഖക്കാരി. യു.എസ് ആരാധകരുടെയും പ്രതീക്ഷകൾ അതിനൊത്ത് പരിമിതമായിരുന്നു. ആദ്യ സെറ്റിൽ പ്രതീക്ഷിച്ചത് പോലെ 6-2 പോയിന്റിൽ സബലെൻകെ വിജയിക്കുന്നു. എന്നാൽ ആദ്യ സെറ്റിൽ നിന്ന് വിപരീതമായി പിഴവുകൾ തിരുത്തിയും 200 കിലോമീറ്റർ സപീഡിൽ സെർവ് ഓപ്പൺ ചെയ്തും സബലെൻകെയുടെ ലോ പോയിന്റിലേക്ക് പക്വതയോടെ സെർവുകൾ പായിച്ചും ഞൊടിയിടയിൽ ഓടിയെടുത്ത് എതിർ സെർവുകൾ പൊളിച്ചും 6-3 വ്യത്യാസത്തിൽ രണ്ടാം സെറ്റ് ഗോഫ് സ്വന്തമാക്കി. തുടർന്നുള്ള നിർണായകമായ മൂന്നാം സെറ്റും (6-2) നേടി നിലത്തുവീണ് പൊട്ടിക്കരഞ്ഞ് ഗോഫ് യു.എസ് ഓപ്പണിന്റെയും ആ ദിവസത്തിന്റെയും അപ്രതീക്ഷിത അവകാശിയാവുന്നു.
ഒന്നാം സെറ്റിനുശേഷം ഗോഫിന്റെ അടുത്തേക്കിറങ്ങി വന്ന് അച്ഛൻ കൊറി ഗോഫ് പറഞ്ഞതെന്താവും? മൽസര വിജയശേഷം കിരീടാധരണവേദിയിൽ അച്ഛനെയും അമ്മയെയും ചേർത്തുപിടിച്ച് ഗോഫ് കരയുന്നുണ്ട്. ആ കരച്ചിൽ കണ്ട് ആർതർ ആഷേ വേദി മുഴുവൻ അതേ സന്തോഷത്താൽ ചിരിക്കുന്നു.
ഫ്ലോറിഡയിലെ അറ്റ്ലാൻഡയിലാണ് ജനനം. ആറാം വയസ്സിലാണ് കുഞ്ഞു ഗോഫ് ടെന്നീസ് റാക്കറ്റ് ആദ്യമായി കയ്യിൽ പിടിക്കുന്നത്. അച്ഛൻ ബാസ്ക്കറ്റ് ബോൾ താരവും അമ്മ ട്രാക്ക് ആന്ഡ് ഫീൽഡ് താരവും. പത്താം വയസ്സിൽ ഫ്രാൻസിലേക്ക് കുടിയേറി തന്റെ ഐഡിയലായിരുന്ന സെറീന വില്യംസിന്റെ ദീർഘ കാല കോച്ചായിരുന്ന പാട്രിക്ക് മൊറാറ്റോക്ക് കീഴിൽ പരിശീലനമാരംഭിച്ചു.
2017- ൽ, 13ാം വയസ്സിൽ യു.എസ് ജൂനിയർ ഗ്രാന്റ്സ്ലാം നേടി ശ്രദ്ധ നേടി. 15-ാം വയസ്സിൽ വിംബിൾഡണിന് യോഗ്യത നേടി, ലോക ഗ്രാൻഡ്സ്ലാം ടെന്നീസ് വേദിയിൽ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ റെക്കോർഡ് സ്വന്തമാക്കി. ചരിത്ര റെക്കോർഡുമായി 15 വയസ്സിന്റെ ചെറുപ്പത്തിൽ വിംബിൾഡണിന്റെ ആദ്യ റൗണ്ട് മൽസരത്തിനിറങ്ങിയത് ഏഴ് തവണ ലോക ജേതാവും ദീർഘകാല ഒന്നാം സ്ഥാനക്കാരിയുമായിരുന്ന സാക്ഷാൽ വീനസ് വില്യംസിനെ, വീനസിന് അന്ന് പ്രായം 39.
ലോകത്തെ തന്നെ ഞെട്ടിച്ച് ആ 15 കാരി നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് വീനസിനെ തോൽപ്പിച്ചപ്പോൾ ആ വർഷത്തെ വിംബിൾഡൺ ഫൈനലിനെക്കാൾ മഹത്തായ ടെന്നീസ് മുഹൂർത്തമെന്ന് കളിയെഴുത്തുകാർ അടയാളപ്പെടുത്തി. മൽസര ശേഷം വീനസിനെ കോർട്ടിൽ പോയി കണ്ട്, കൈ കൊടുത്ത ഗോഫ് താൻ ടെന്നീസ് കളിക്കാൻ കാരണം വീനസും സെറീനയുമാണെന്നും സ്പോർട്സിന് വീനസ് നല്കിയ സംഭാവനകൾക്ക് നന്ദി പറയാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നുവെന്നും പറഞ്ഞു. 2020- ലും 2021- ലും നടന്ന WTA ടൂർ സിംഗിൾസ്, ഡബിൾസ് കിരീടങ്ങൾ നേടി.
2022- ലെ ഫ്രഞ്ച് ഓപ്പണിൽ അവിചാരിതമായ കുതിപ്പോടെ ഫൈനലിലെത്തിയെങ്കിലും പോളീഷ് താരം ഇഗക്ക് മുന്നിൽ അടിതെറ്റി.
‘‘ആ ദിവസം ഞാൻ മറക്കാനാഗ്രഹിക്കുന്നില്ല. ക്യാമറക്കണ്ണുകൾ എന്നെ പകർത്തിയില്ലെങ്കിലും ഇഗ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുന്നത് കണ്ണ് മാറിപ്പോകാതെ ഞാൻ നോക്കി നിന്നു. ഇഗയ്ക്ക് പകരം അടുത്ത തവണ കിരീടം ഞാൻ ഉയർത്തുന്നത് എനിക്ക് എന്നെ ഫീൽ ചെയ്യിപ്പിക്കണമായിരുന്നു.’’ ഫ്രഞ്ച് ഓപ്പൺ തോൽവിക്കുശേഷം ഗോഫ് ട്വീറ്റ് ചെയ്തു.
2023- ൽ WTA ടൂർ 500- ലും 1000- ലും കിരീടം നേടി. ‘‘ഇത് നിന്റെ പരമാവധി നേട്ടമാണെന്ന് പറഞ്ഞവർക്ക് ഞാനിത് സമർപ്പിക്കുന്നു. യു.എസ് ഓപ്പൺ കിരീടവുമായിട്ടാണ് ഞാൻ നിങ്ങൾക്കിടയിൽ നിൽക്കുന്നത്. എന്നെ പിന്തുണച്ചവർക്കും തള്ളിപ്പറഞ്ഞവർക്കും സത്യസന്ധമായി ഒരു പോലെ ഞാൻ നന്ദി പറയുന്നു. എനിക്കിതൊരു സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാൻ കുറച്ച് സമയം വേണം.’’- ആർതറിലെ വേദിയിൽ നിന്ന് യു.എസ് ഓപ്പൺ കിരീടമുയർത്തി ഗോഫ് പറഞ്ഞു. 19-ാം വയസ്സിലെ ഈ ലോക നേട്ടത്തോടെ ലോക വനിതാ സിങ്ങിൽസിൽ മൂന്നാം റാങ്കുകാരിയായും ഡബിൾസിൽ ഒന്നാം റാങ്കുകാരിയായും മാറി. അമേരിക്കൻ താരങ്ങളായ ജെസ്സിക പെഗ്ലയുമായി അഞ്ച് തവണയും കാറ്റി മാഗ്നലലിയുമായി മൂന്ന് തവണയും ലോക ഡബിൾസ് കിരീടം നേടിയ താരം കൂടിയാണ് ഗോഫ്.
2022 ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിനുശേഷം കോർട്ടിന് സമീപത്തെ ക്യാമറ സ്ക്രീനിൽ ഗോഫ് ഇങ്ങനെ എഴുതി: ‘‘സ്റ്റോപ്പ് ഗൺ വയലൻസ്, തോക്കുകൾ കൊണ്ടുള്ള ആക്രമങ്ങളവസാനിപ്പിക്കൂ....ഞങ്ങൾക്ക് സ്കൂളിൽ പോകണം’’, യു.എസിലെ ടെക്സസ് ഏലമാന്റി സ്കൂളിൽ 21 പേരുടെ മരണത്തിന് കാരണമായ വെടിവെയ്പിനെതിരെ ഒരു പതിനെട്ടുകാരിയുടെ പ്രതിഷേധം. പിന്നീട് പൊതുജനങ്ങൾക്ക് തോക്ക് നൽകുന്നതിലേർപ്പെടുത്തിയ കർശന നിയന്ത്രണക്ങ്ങളിലേക്ക് ആ പ്രതിഷേധം നയിച്ചു.
നിറത്തിന്റെ പേരിൽ അവർ എപ്പോഴും കളിയാക്കപ്പെട്ടിരുന്നു. എന്നാൽ നിറത്തിലും രൂപത്തിലും സെറീന വില്യംസിനെ പോലെയുണ്ട് എന്നതായിരുന്നു അവരുടെ എന്നത്തേയും ധൈര്യം.
കോർട്ടിലും പുറത്തും കളിയിലും നിലപാടിലും പ്രായത്തിലധികം പക്വത കാണിച്ചവളാണ് ഗോഫ്. റാക്കറ്റിനൊപ്പം രാഷ്ട്രീയവും എടുത്ത് വീശുന്നവൾ.
വില്യംസ് സഹോദരിമാർക്ക് പകരക്കാരിയായി ഒരൊറ്റ ഗോഫ്. ഗോഫ് ഓഫ് ടെന്നീസ്, ഗോഫ് ഓഫ് ഡ്രീംസ്, ഗോഫ് ഓഫ് വിക്ക്റ്ററി.