ചെ ഗുവാരയെ വീണ്ടെടുത്ത മറഡോണ - അർജന്റീന ആരാധകരുടെ ഇടതുപക്ഷ നൊസ്റ്റാൾജിയ

ആരാധകരുടെ ആൾക്കൂട്ട സംസ്‌കാരത്തിലാണ് ചരിത്രപരമായിത്തന്നെ അർജന്റൈൻ ഫൂട്ബോളിന്റെ നിലനിൽപ്. കളിയോളം തന്നെ പ്രായമുണ്ട് ബ്വീനൊസ് ഐറിസിലേയും റൊസ്സാരിയോവിലേയുമെല്ലാം ആരാധകക്കൂട്ടത്തിനും. എന്നാൽ ഇതിനെയെല്ലാം അതിലംഘിക്കുന്നതാണ് ആകാശനിറമുള്ള വരയൻകുപ്പായക്കാരുടെ ആ സംഘം ലോകമെങ്ങുമുള്ള ഫൂട്ബോൾ കമ്പക്കാരിൽ സൃഷ്ടിക്കുന്ന സ്വപ്നസമാനമായ കാൽപനികത. മാധ്യമ പ്രവർത്തകൻ രാജീവ് രാമചന്ദ്രൻ എഴുതുന്നു

ടുത്ത നിമിഷം മൈതാനമധ്യത്തിലെവിടെയെങ്കിലും വച്ച് പന്ത് അയാളുടെ കാലിലെത്തും. കാലുകളുടെ ചലനവേഗം കൂട്ടിയും കുറച്ചും എതിർ ടീമിലെ ഓരോരുത്തരെയായി ദേഹവടിവിനാൽ ഇടതും വലതുമൊഴിഞ്ഞ്, ഇരുകാലുകൊണ്ടും മാറി മാറി പന്തുതൊട്ടും തൊടാതെയും അയാൾ വലതു പാർശ്വത്തിലൂടെ പെനാൽറ്റി ബോക്‌സിനടുത്തെത്തും. പ്രതിരോധിക്കുന്ന കാലുകളെയെല്ലാം കബളിപ്പിക്കുന്ന ഗംബീത്തയിലൂടെ അയാൾ ബോക്‌സിൻ തുഞ്ചത്തേക്ക് തിരിഞ്ഞു കയറി, ആ ഇടംകാൽ പ്രയോഗത്തിനുള്ള ഇത്തിരിവിടവു കണ്ടെത്തും. അതിശക്തമായ വോളി പ്രതീക്ഷിച്ച് വായുവിൽ വലത്തോട്ട് കുതിക്കുന്ന കീപ്പറുടെ കീഴിലൂടെ പന്ത് ഒരു തിടുക്കവുമില്ലാതെ വലയിലെത്തുമ്പോൾ, ഗോൾവരയുടെ വലതുമൂലയിൽ അയാൾ ആകാശത്തേക്ക് കൈകളുയർത്തി മുട്ടു കുത്തും.

ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട

അർജന്റീന കളിക്കുന്ന ഏത് കളിയിലും ഓരോ നിമിഷവും അവരുടെ ആരാധകർക്കുള്ള പ്രതീക്ഷയാണിത്, ഒട്ടും അസംഭാവ്യമല്ലാത്ത ഈ പ്രതീക്ഷക്കു മുകളിലാണ് അർജന്റീനയുടെ ദേശീയ ടീമിന് ലോകമെങ്ങും ആരാധകരുണ്ടാവുന്നതു തന്നെ. മെസ്സിക്കു മുമ്പ് ഈ മനോദൃശ്യത്തിൽ പക്ഷെ, സ്വന്തം ഹാഫിൽ നിന്ന് കുതിച്ച് എതിർനിരയിലെ പ്രതിരോധക്കാരെയെല്ലാം ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് ഗോൾകീപ്പറേയും മറികടന്ന് പന്തിനെ പോസ്റ്റിലേക്കയച്ച് ഗോൾവരയിലേക്ക് മൂർച്ഛിക്കുന്ന മറ്റൊരു കുറിയ രൂപമായിരുന്നുവെന്ന് മാത്രം- ദ്യേഗോ മറഡോണ. മറഡോണക്കും മെസ്സിക്കുമിടയിലുള്ള കാലത്തുമുണ്ടായിരുന്നു പ്രതീക്ഷയുടെ ആൾരൂപങ്ങളായി ചിലർ, ഗാബി ബാറ്റിസ്റ്റ്യൂട്ട മുതൽ ഹുവാൻ റിക്വിൽമി വരെയുള്ളവർ. അക്കാലം പക്ഷെ ഈ ആരാധകരിൽ ഒരു തരം അക്ഷമ പ്രകടമായിരുന്നു. അവർ മറഡോണക്കു ശേഷമുള്ള മെസ്സിയുടെ വരവ് കാക്കുകയായിരുന്നുവെന്നു വേണം കരുതാൻ. ആരാധകരുടെ പ്രതീക്ഷകളിന്മേൽ മാത്രം നിലനിൽക്കുന്ന ഫൂട്ബോൾ ടീമാണ് അർജന്റീനയെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.

ആരാധകരുടെ ആൾക്കൂട്ട സംസ്‌കാരത്തിലാണ് ചരിത്രപരമായിത്തന്നെ അർജന്റൈൻ ഫൂട്ബോളിന്റെ നിലനിൽപ്. കളിയോളം തന്നെ പ്രായമുണ്ട് ബ്വീനൊസ് ഐറിസിലേയും റൊസ്സാരിയോവിലേയുമെല്ലാം ആരാധകക്കൂട്ടത്തിനും. എന്നാൽ ഇതിനെയെല്ലാം അതിലംഘിക്കുന്നതാണ് ആകാശനിറമുള്ള വരയൻകുപ്പായക്കാരുടെ ആ സംഘം ലോകമെങ്ങുമുള്ള ഫൂട്ബോൾ കമ്പക്കാരിൽ സൃഷ്ടിക്കുന്ന സ്വപ്നസമാനമായ കാൽപനികത. കളിക്കാനിറങ്ങുന്ന അർജന്റൈൻ ടീമിനെ, അവരുടെ കഴിവിനും സാധ്യതകൾക്കുമെല്ലാം അപ്പുറമുള്ള ഒരു അതീതയാഥാർത്ഥ്യത്തിന്റെ പ്രതലത്തിലാണ് ആരാധകർ പ്രതിഷ്ഠിക്കുന്നത്. ആ ടീമിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും ചരിത്രവുമെല്ലാം തന്നെ കൽപനക്കും യാഥാർത്ഥ്യത്തിനുമിടയിലെ ഇടതുപക്ഷ ആദർശവാദത്തിന്റെ ഭ്രമഭൂമിയിലാണ് നിലകൊള്ളുന്നത്. ദ്യേഗോ മറഡോണയിൽ തുടങ്ങി ഏണസ്റ്റോ ചെ ഗുവാരയുടെ സ്മരണയാൽ ആദർശവത്കരിക്കപ്പെട്ട ഈ കൽപിതാഖ്യാനത്തിന്റെ വേരുകൾ ചെന്നെത്തുക ഹുവാൻ ഡൊമിൻഗോ പെറോണിന്റെ ഭരണകാലത്താണ്. ഫാഷിസത്തോടുള്ള ആഭിമുഖ്യം തൊട്ട് തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും മുതലാളിത്തവും വിപ്ലവാത്മക സോഷ്യലിസവും ഇടക്കാലത്ത് ജനകീയ ദേശീയതയുമെല്ലാം താണ്ടിയ പ്രത്യയശാസ്ത്രമാണ് പെറോണിസം. അരനൂറ്റാണ്ടിനിടെ അർജന്റീനയിൽ പെറോണിസത്തിനുണ്ടായ രാഷ്ട്രീയ പരിണാമം വിചിത്രമാണെന്ന് പിയർ ഓസ്റ്റിഗേയെ പോലുള്ള രാഷ്ട്രമീംമാംസകർ നിരീക്ഷിക്കുന്നു. അർജന്റൈൻ രാഷ്ട്രീയത്തിന്റെ ഈ വൈചിത്ര്യവും വൈരുദ്ധ്യങ്ങളും സങ്കീർണ്ണതയുമെല്ലാം അവരുടെ ഫൂട്ബോൾ ടീമിലും ലോകമെങ്ങുമുള്ള ആരാധകവൃന്ദത്തിലും പ്രകടവുമാണ്. ഇരുപതാം നൂറ്റാണ്ടിലെ അർജന്റീനയിലെ രാഷ്ട്രീയ സമൂഹത്തിന്റെ വളർച്ചക്ക് സമാന്തരമായാണ് ഫൂട്ബോൾ ആരാധനയും രൂപപ്പെടുന്നത്.

ഹുവാൻ റോമൻ റിക്വിൽമെ

കളികളിൽ (Games) നിന്ന് കായികവിനോദങ്ങളിലേക്കുള്ള (Sports) പരിണാമം ആധുനിക കായികചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. ഇംഗ്ലണ്ടിലെ ഉപരിവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള സ്‌കൂളുകളിലൂടെയുണ്ടായ ഈ മാറ്റം വർഗ്ഗവിഭജനത്തിന്റെ പ്രത്യക്ഷ ഫലമാണെന്നാണ് ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ പിയെർ ബോർദ്യൂവിനെ പോലുള്ളവർ വിലയിരുത്തുന്നത്. വരേണ്യ-ബൂർഷ്വാ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ജനപ്രിയങ്ങളായ -അതിനാൽ തന്നെ അവർ അമാന്യമെന്നു കരുതിയിരുന്ന- കളികളുടെ ഉള്ളടക്കവും സ്വഭാവവും തങ്ങൾക്കനുകൂലമാംവിധം മാറ്റിയെടുക്കുകയായിരുന്നു. അധസ്ഥിതരെ സംബന്ധിച്ചിടത്തോളം ബോക്സിംഗ്, മോട്ടോർ സൈക്കിളിംഗ് തുടങ്ങിയ കളികൾ അദ്ധ്വാനം, വേദന, കഷ്ടപ്പാട് തുടങ്ങിയ ജീവിതാനുഭവങ്ങളുടെ പ്രതിനിധാനങ്ങളായിരുന്നു. എന്നാൽ വരേണ്യവർഗ്ഗ വിദ്യാർത്ഥികൾ ഈ കളികൾ ഏറ്റെടുത്തതോടെ അവ ജീവിതാനുഭവം എന്ന നില വിട്ട് നേതൃപാടവം അച്ചടക്കം ധീരത, പൗരുഷം തുടങ്ങിയ മൂല്യങ്ങളുടെ പ്രതിനിധാനത്തിലേക്ക് വഴിമാറി. ഫൂട്ബോളിനേയും ഇക്കൂട്ടത്തിൽ കൂട്ടുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കായികവിനോദത്തിന്റെ പ്രത്യയശാസ്ത്രപരമായ വികാസത്തിന് വ്യക്തമായ രാഷ്ട്രീയമാനം കൈവരുന്നത് ഈ ദശയിലാണെന്ന് ബോർദ്യൂ നിരീക്ഷിക്കുന്നുണ്ട്.

എന്നാൽ അർജന്റീനയിലെ ഫൂട്ബോൾ ചരിത്രം പരിശോധിക്കുമ്പോൾ ഈ രാഷ്ട്രീയപരിണാമത്തിന്റെ വ്യുൽക്രമമാണ് (Reciprocation) കാണാനാവുക. ഇംഗ്ലണ്ടിലെ വരേണ്യർ മാന്യത നൽകി വ്യവസ്ഥാപിതമാക്കി അവതരിപ്പിച്ച ഫൂട്ബോൾ എന്ന കായികവിനോദത്തെ തദ്ദേശീയമായ സർഗ്ഗാത്മകതയും "അമാന്യമായ' കൗശലങ്ങളും കൂട്ടിച്ചേർത്ത് വീണ്ടും കളിയായി തെരുവിലേക്കിറക്കുകയാണ് അർജന്റീന ചെയ്തത്. ഇംഗ്ലീഷ് സ്‌കൂളുകളുടേയും ക്ലബ്ബുകളുടേയും മൈതാനങ്ങളിൽ നിന്ന് പൊതുവിടങ്ങളിലേക്കുകടന്നതോടെയാണ് ഫൂട്ബോളിന് കാണികളുണ്ടാവുന്നത്. അതുവരെ കളികാണാനെത്തിയിരുന്നവർ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. പെരുമാറ്റ മര്യാദകൾ പാലിച്ച് നിശ്ശബ്ദരായി കളി കണ്ടിരുന്ന അതിഥികളിൽ നിന്ന് ആവേശത്താൽ ആർപ്പുവിളിക്കുന്ന കാണികളിലേക്കുള്ള ഈ മാറ്റമാണ് അർജന്റൈൻ ഫൂട്ബോളിന്റെ സ്വഭാവ നിർമ്മിതിയിലെ മറ്റൊരു പ്രധാന ഘടകം. ഈ പ്രക്രിയയിലാണ് ഫൂട്ബോൾ മൈതാനത്ത് നിന്ന് സ്ത്രീകൾ പൂർണ്ണമായും ഒഴിവാക്കപ്പെടുന്നതെന്ന് ഫെമിനിസ്റ്റ് ചരിത്രമെഴുത്തുകാർ കരുതുന്നു.

കാണികളിൽ നിന്ന് സ്ത്രീകൾ അപ്രത്യക്ഷമായതിന്റെ പ്രധാന കാരണമായി സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത് അധീശപുരുഷത്വത്തിന്റെ അക്രമാസക്തമായ ഈ വളർച്ചയാണ്.

ക്ഷണിതാക്കളിൽ നിന്ന് ആൾക്കൂട്ടത്തെ വ്യത്യസ്തമാക്കുന്നത് പ്രധാനമായും അതിന്റെ ഭിന്നലക്ഷണത്വമാണ് (Heterogeneity). ക്ഷണിതാക്കൾക്ക് ആതിഥേയരുടെ സാമൂഹ്യനില അനുസരിച്ചുള്ള വംശപരവും വർഗ്ഗപരവുമായ സമലക്ഷണത്വം (Homogeneity) ഉണ്ടാവും. അതേസമയം സ്ത്രീകൾ പിൻവാങ്ങിയപ്പോഴുണ്ടായ ലിംഗപരമായ സമലക്ഷണത്വം മാത്രമേ "കാണികൾ'ക്കുണ്ടായിരുന്നുള്ളൂ. തൊഴിലാളികളുടെ ക്ലബ്ബുകൾ പരസ്പരം കളിക്കാൻ തുടങ്ങിയപ്പോൾ സഹതൊഴിലാളികളും കൂട്ടുകാരുമെല്ലാം ഇരുടീമുകളുടേയും പക്ഷം പിടിച്ച് പ്രോത്സാഹിപ്പിക്കുന്നത് പതിവായി. സംഘടിതരായ ആരാധകക്കൂട്ടങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്. കളത്തിലെ ഓരോ നീക്കവും ആരവങ്ങൾക്ക് വഴിവച്ചു. ഗോളുകൾ ആഘോഷങ്ങളായി. ആവേശം വാശിയായും സംഘർഷങ്ങളായും വൈരാഗ്യമായും പടർന്നു. ആരാധകക്കൂട്ടങ്ങൾ അക്രമാസക്തമാവുന്ന കാലം അധികം വൈകാതെത്തന്നെ എത്തിച്ചേർന്നു. കാണികളിൽ നിന്ന് സ്ത്രീകൾ അപ്രത്യക്ഷമായതിന്റെ പ്രധാന കാരണമായി സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത് അധീശപുരുഷത്വത്തിന്റെ അക്രമാസക്തമായ ഈ വളർച്ചയാണ്. കാണികളായി മൈതാനത്ത് വരാതായെങ്കിലും അപൂർവമായെങ്കിലും സ്ത്രീകൾ മൈതാനത്ത് കളിക്കാനിറങ്ങിയതിനെ പറ്റി സൂചനകളുണ്ട്. 1913 ഒക്ടോബർ 5 ന് റൊസ്സാരിയോവിലാണ് സ്ത്രീകൾ മാത്രം കളിച്ച ആദ്യത്തെ ഫൂട്ബോൾ മത്സരം നടക്കുന്നതെന്ന് ബിയാങ്ക ഒസ്സോല എന്ന ഗവേഷകയെ ഉദ്ധരിച്ച് വെറോനിക്ക മൊറിയേറ, ഗബ്രിയേലാ ഗാർട്ടൻ എന്നിവർ രേഖപ്പെടുത്തിയിട്ടുണ്ട്. (Moreira, Verónica; Garton, Gabriela. Football, nation, and women in Argentina: redefining the field of power. Movimento (Porto Alegre), Jan./Dec. 2021) 1924 ൽ ബോക്കയുടെ തട്ടകമായ ലാ ബൊംബനാരയിലും വനിതാ ഫൂട്ബോൾ മത്സരം നടന്നതായി ഇവർ സമർത്ഥിക്കുന്നുണ്ട്.

കാണികളുടെ ആവേശപ്രകടനങ്ങളിൽ അസഹിഷ്ണുക്കളായ ഇംഗ്ലീഷ് വരേണ്യവർഗ്ഗം 1905 നും 1910 നുമിടയിലുള്ള നാലോ അഞ്ചോ കൊല്ലത്തിനിടെ മൈതാനങ്ങളുപേക്ഷിച്ചിരുന്നതായി എഡ്വാർദോ ആർക്കെറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഫൂട്ബോൾ മത്സരത്തിന്റെ കാണികൾ തദ്ദേശീയ പുരുഷന്മാർക്ക് മൃഗീയഭൂരിപക്ഷമുള്ള ആരാധകക്കൂട്ടങ്ങളായി പരിണമിച്ചു. 1880 കളിൽ റൊസ്സാരിയോവിലും അടുത്ത പതിറ്റാണ്ടിൽ ബ്വീനൊസ് ഐറിസിലുമായി ഫൂട്ബോൾ ക്ലബ്ബുകൾ രൂപീകരിക്കപ്പെട്ടതോടെ തദ്ദേശീയരായ ആരാധകർ വ്യത്യസ്ത ചേരികളായി തിരിയാൻ തുടങ്ങി. റൊസാരിയോവിലെ ന്യുവെൽസ് ഓൾഡ് ബോയ്സ് തുടക്കത്തിൽ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും അധ്യാപകരുമെല്ലാം ചേർന്നതായിരുന്നു. എന്നാൽ റൊസ്സാരിയോ സെൻത്രലാവട്ടെ റെയിൽവേ തൊഴിലാളികളുടെ മുൻകൈയ്യിലുണ്ടായ ക്ലബ്ബും. രണ്ടിന്റേയും വർഗ്ഗസ്വഭാവം അവരുടെ ആരാധകരിലും പ്രകടമായിരുന്നതിനാൽ തന്നെ അവർക്കിടയിലെ സംഘർഷങ്ങളെ രാഷ്ട്രീയമായി വായിക്കുന്ന പ്രവണത അക്കാലത്തുതന്നെ നിലനിന്നിരുന്നതായി ഡച്ച് ഗവേഷകനായ ജോൻ സ്റ്റൈവൻബർഗ് നിരീക്ഷിക്കുന്നുണ്ട്. (Futbol rivalry and fan identification in Rosario, Latin American & Caribbean Studies Utrecht University, 2008). ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി കുഷ്ഠരോഗികൾക്കുള്ള ധനശേഖരണാർത്ഥം ഒരു പ്രദർശന മത്സരം കളിക്കാനുള്ള ന്യുവെൽസിന്റെ ക്ഷണം റൊസ്സാരിയോ സെൻത്രൽ നിരസിച്ചത് ഇരു ടീമുകളും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനുള്ള ഒരു പ്രധാനകാരണമായി എഡ്വാർദോ ആർക്കെറ്റിയും ജോനഥൻ വിൽസനുമടക്കം പല ചരിത്രകാരന്മാരും എടുത്തു പറയുന്നുണ്ട്. കളിയിൽ നിന്നും കിട്ടുന്ന പണം ബൂർഷ്വാസികളായ ഓൾഡ് ബോയ്സ് മാനേജുമെന്റ് വകമാറ്റി ചെലവിടും എന്ന ആരോപണം റൊസ്സാരിയോ സെൻത്രൽ ഉന്നയിക്കുന്നത് അവരുടെ വർഗ്ഗ നിലപാടിൽ നിന്നുകൊണ്ടാണെന്നായിരുന്നു അന്നത്തെ ഒരു വ്യാഖ്യാനം. ഈ സംഭവത്തോടെയാണ് ന്യുവെൽസ് ഓൾഡ് ബോയ്സിന് "കുഷ്ഠന്മാർ' എന്ന കുറ്റപ്പേര് ലഭിക്കുന്നത്. മറുപടിയെന്നവണ്ണം അവരുടെ ആരാധകർ സെൻത്രലുകാരെ "കഴുവേറികളെ'ന്നാണ് ആക്ഷേപിച്ചത്. വർഷങ്ങൾക്കിപ്പുറവും ആരാധകർ തമ്മിലുള്ള എല്ലാ സംഘർഷങ്ങളിലും ആചാരം പോലെ ഈ അധിക്ഷേപങ്ങൾ പരസ്പരം ചൊരിയാറുണ്ട്.

ബാർസലോണ- ഒസാസുന മത്സരത്തിനിടെ ന്യൂവെൽസ് ഓൾഡ് ബോയ്സിലെ മറഡോണയുടെ പത്താം നമ്പർ ജേഴ്സി പ്രദർശിപ്പിച്ച് താരത്തിന് ആദരവർപ്പിക്കുന്ന മെസ്സി / Photo: Leomessi, Ig

പക്ഷെ ആരോപിക്കപ്പെടുന്ന പോലെയുള്ള വർഗ്ഗ സ്വഭാവമോ രാഷ്ട്രീയാഭിമുഖ്യമോ ഇരു ക്ലബ്ബുകളുടേയും ആരാധകരിലോ സംഘാടകരിലോ കാണാനാവില്ലെന്നാണ് സ്റ്റൈവൻബർഗിന്റെ നിരീക്ഷണം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാൽ വിവിധ സാമൂഹ്യ- രാഷ്ട്രീയ പരിസരങ്ങളിലും വർഗ്ഗ നിലകളിലുമുള്ള ആരാധകർ ഇരു ക്ലബ്ബുകൾക്കുമുണ്ട്. തൊഴിലാളികൾ മാത്രമുള്ള ക്ലബ്ബെന്ന നിലയിൽ നിന്ന് സെൻത്രലും ഉപരിമധ്യവർഗ്ഗത്തിന്റെ ക്ലബ്ബെന്ന നിലയിൽ നിന്ന് ഓൾഡ് ബോയ്സും പുറത്തു കടന്നിട്ട് കാലമേറെയായി. വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളായി വിലയിരുത്തുന്നതിനെ ന്യുവെൽസ് ഓൾഡ് ബോയ്സ് പ്രതിരോധിക്കാറുള്ളത് ദ്യേഗോ മറഡോണ തങ്ങൾക്കു വേണ്ടി കളിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ്. യൂറോപ്പിലെ ക്ലബ് ഫൂട്ബോൾ മതിയാക്കി, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് മറഡോണ ഓൾഡ് ബോയ്സിനു വേണ്ടി കളത്തിലിറങ്ങിയത്. വിരലിലെണ്ണാവുന്ന കളികളേ കളിച്ചുള്ളൂവെങ്കിലും ഓൾഡ്ബോയ്സിന്റെ മുഖചിത്രമായി ദ്യേഗോ അതിനകം തന്നെ മാറിക്കഴിഞ്ഞിരുന്നു. മറഡോണയുടെ മരണത്തിന്റെ തൊട്ടടുത്ത ദിവസം ബാഴ്സക്കായി ഗോളടിച്ച ശേഷം മറ്റൊരു റൊസ്സാരിയോക്കാരനായ ലയണൽ മെസ്സി അദ്ദേഹത്തെ സ്മരിച്ചത് ഓൾഡ് ബോയ്സിന്റെ പത്താം നമ്പർ ജേഴ്സി ഉയർത്തിപ്പിടിച്ചുകൊണ്ടാണെന്നത് ശ്രദ്ധേയമാണ്. അതേസമയം ലോകം മുഴുവൻ ആരാധനയോടെ നോക്കുന്ന വിപ്ലവകാരിയുടെ ആദരവ് പിടിച്ചുപറ്റിയവർ എന്ന അവകാശവാദമാണ് റൊസ്സാരിയോ സെൻത്രലിനുണ്ടായിരുന്നത്. തന്റെ ജന്മദേശമായ റൊസ്സാരിയോവിന്റെ പേരുള്ളതിനാൽ ഏണസ്റ്റോ ചെഗുവാര റൊസ്സാരിയോ ക്ലബ്ബിന്റെ പേരിൽ അഭിമാനം കൊണ്ടിരുന്നുവെന്ന കഥക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു. ചെയുടെ സഹോദരൻ ഹുവാൻ മാർട്ടിൻ അത് ശരിവച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ ചെഗുവാരയുടെ സഖാവും ജീവചരിത്രകാരനുമായ ഹ്യൂഗോ ഗാംബീനി ഈ വാദം തള്ളിക്കളയുകയാണ്. നന്നേ ചെറുപ്പത്തിലേ റൊസ്സാരിയോ വിട്ട ചെ ഗുവാരക്ക് ക്ലബ്ബുമായോ ആ നാടുമായോ സവിശേഷമായ ആത്മബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് ഗാംബീനി ഉറപ്പിച്ചു പറയുന്നു. അതിലുപരി ചെയുടെ താൽപര്യം ഫൂട്ബോളിനേക്കാൾ റഗ്ബിയിലായിരുന്നുവെന്നും ഗാംബിനിയെ ഉദ്ധരിച്ച് ബ്രിട്ടീഷ് -സ്പാനിഷ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജിമ്മി ബേൺസ് വിശദീകരിക്കുന്നുണ്ട്. (Cristiano and Leo- The race to become the greatest footballer of all time- Macmillan, London, 2018) എന്തു തന്നെയായാലും ചെ ഗുവാര മുതൽ മലയാളപത്രങ്ങളിലെ ഫൂട്ബോൾ കാൽപനികതയുടെ ഇഷ്ടകഥാപാത്രമായ 'റൊസ്സാരിയോവിലെ മുത്തശ്ശി' വരെ ഉൾക്കൊള്ളുന്നതാണ് അർജന്റൈൻ ഫൂട്ബോളിന്റെ ലോകവ്യാപിയായ ആരാധകക്കൂട്ടം.

ബോക്ക ജൂനിയേഴ്സും റിവർപ്ലേറ്റും തമ്മിലുള്ള വൈരത്തിന് സമാന്തരമായും സമാനമായ രാഷ്ട്രീയ ഉപാഖ്യാനമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്വീനൊസ് ഐറിസിലെ തുറമുഖപ്രദേശത്ത് രൂപം കൊണ്ടവ എന്ന നിലയിലാണ് ഇരു ക്ലബ്ബുകളും തമ്മിലുളള മാത്സര്യത്തിന്റെ തുടക്കം. തുറമുഖ- റെയിൽവേ തൊഴിലാളികളും നഗര ഭൂരിപക്ഷമായ സാധാരണജനങ്ങളും തന്നെയായിരുന്നു ഇരുക്ലബ്ബുകളുടേയും ആരാധകർ. 1924 ൽ റിവർപ്ലേറ്റ് അവരുടെ ആസ്ഥാനം കുറേകൂടി സമ്പന്നമായ ചുറ്റുപാടുകളുള്ള ന്യൂനസ് ജില്ലയിലേക്ക് മാറ്റിയതോടെ ലക്ഷപ്രഭുക്കളെന്ന അവരുടെ വിളിപ്പേര് ഉറപ്പിക്കപ്പെട്ടു. തൊഴിലാളിഭൂരിപക്ഷ പ്രദേശത്തു തുടർന്ന ബോക്കാജൂനിയേഴ്സിന് ഇടതുപക്ഷ രാഷ്ട്രീയ മേൽവിലാസം ചാർത്തിക്കിട്ടുകയും ചെയ്തു. 1946 ൽ ഹുവാൻ ഡൊമിൻഗോ പെറോൺ പ്രസിഡന്റു സ്ഥാനത്തെത്തിയതോടെ ബോക്കയുടെ രാഷ്ട്രീയ ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടു. ബോക്ക-പെറോൺ ഊനാ കോറോഷോൺ (ബോക്കക്കും പെറോണിനും ഒരേ ഹൃദയം) എന്നായിരുന്നു ആരാധകരുടെ മുദ്രാവാക്യം. ബോക്കക്ക് സ്റ്റേഡിയ നിർമ്മാണത്തിനായി വൻതുക അനുവദിച്ചതിലെ രാഷ്ട്രീയ താൽപര്യങ്ങളെ കുറിച്ച് Angels with dirty faces എന്ന പുസ്തകത്തിൽ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ജോനഥൻ വിൽസൻ വിശദീകരിക്കുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റിയോ ദി ലാപ്ലാത്തയിലെ രണ്ടു പ്രബലശക്തികളെന്ന നിലയിൽ അർജന്റീനയും ഉറുഗ്വായുമായിരുന്നു ഫൂട്ബോളിലെ സ്ഥിര വൈരികൾ. ആദ്യ മത്സരങ്ങളിൽ അർജന്റീനക്കായിരുന്നു ജയമെങ്കിലും, 1924 ലെ ഒളിംപിക് ഫൂട്ബോൾ സ്വർണ്ണം ഉറുഗ്വായ് നേടിയതോടെ അവരുടെ സ്ഥാനം ഉയർന്നു. ഒളിംപിക്സിനു തൊട്ടു ശേഷം നടന്ന അർജന്റീന - ഉറുഗ്വായ് മത്സരങ്ങളിലൂടെയാണ് രാജ്യാന്തര ഫൂട്ബോളിലേക്കും അക്രമം പടരുന്നത്. മോൻഡിവിദിയോയിൽ നടന്ന ആദ്യപാദമത്സരം സമനിലയിലായിരുന്നു. ബ്വീനൊസ് ഐറിസിലെ രണ്ടാം പാദമത്സരം ആദ്യപകുതി പൂർത്തിയാകും മുമ്പേ നിർത്തിവക്കേണ്ടി വന്നു. കാണികൾ കൂട്ടത്തോടെ മൈതാനത്തിറങ്ങി ഉറുഗ്വായ് കളിക്കാരെ നേരിടുകയായിരുന്നുവെന്ന് അന്നത്തെ പ്രമുഖ സ്പോർട്സ് പത്രമായ എൽ ഗ്രാഫിക്കോ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു ദിവസത്തിനു ശേഷം മൈതാനത്തിനും ഗ്യാലറിക്കും (ടെറസ്) ഇടയിൽ കമ്പിവേലി കെട്ടിത്തിരിച്ചാണ് മത്സരം വീണ്ടും തുടങ്ങിയത്. ഈ കളിയിലാണ് കോർണർകിക്ക് നേരെ പോസ്റ്റിലെത്തിച്ച് സെസാറോ ഒൻസാരി ഒളിംപിക് ഗോളിന് തുടക്കമിടുന്നത്. 1929 ൽ അർജന്റീന സന്ദർശിച്ച ചെൽസി ടീമിനും സമാനമായ അനുഭവമുണ്ടായി. അവരുടെ ക്യാപ്റ്റൻ ആൻഡ്ര്യൂ വിൽസന് മർദ്ദനത്തിൽ പരുക്കേറ്റു. ദേശീയ നാണക്കേടെന്നാണ് എല്ലാ പത്രങ്ങളും ഒരേ സ്വരത്തിൽ സംഭവത്തെ അപലപിച്ചത്. 1921 ൽ ആഫ്രിക്കൻ വംശജരായ കളിക്കാരുമായി എത്തിയ ബ്രസീലിയൻ ടീമിന് നേരിടേണ്ടിവന്ന വംശീയമായ ആക്ഷേപങ്ങളുടെ തുടർച്ചയായി വേണം വർദ്ധിച്ചുവന്ന ആൾക്കൂട്ട ആക്രമണങ്ങളെ കാണാൻ. ഇതേ കാലഘട്ടത്തിൽ തന്നെയാണ് മറ്റു നഗരങ്ങളിലുണ്ടായ ഫൂട്ബോൾ അക്രമങ്ങളിൽ രണ്ടു പേർ വെടിയേറ്റു മരിക്കുന്നത്. സംഘടിതരായ ആരാധകക്കൂട്ടം അക്രമകാരികളാകുന്നതിന്റേയും നഗരങ്ങളിലെ കളിക്കളങ്ങളേയും സമീപപ്രദേശങ്ങളേയും കൈയടക്കുന്നതിന്റേയും സൂചനകളായിരുന്നു ഇത്.

Gimnasia y Esgrima La Plata-ക്ലബ്ബിനെ പിന്തുണക്കുന്ന സംഘടിത കൂട്ടായ്മയായ La Banda de Fierro ബാർറബ്രാവ സംസ്കാരത്തിന്റെ ഉദാഹരണമാണ്. / Photo: Wikimedia Commons

അക്രമാസക്തരായ ഈ ആരാധകക്കൂട്ടത്തെ ആദ്യം ക്ലബ്ബുമുതലാളിമാരും പിന്നീട് രാഷ്ട്രീയ നേതാക്കളും ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ ഫൂട്ബോളുമായി ബന്ധപ്പെട്ട ശക്തമായ ഒരു അധോലോകം അർജന്റീനയിൽ വളർന്നു തുടങ്ങിയെന്ന് മിക്കവാറും എല്ലാ ചരിത്രഗവേഷകരും ഒരു പോലെ പറയുന്നു. രാജ്യത്തെങ്ങും ഇപ്പോൾ സജീവമായിട്ടുള്ള ബാർറബ്രാവ (Barra brava) എന്ന ഫൂട്ബോൾ ആരാധകക്കൂട്ടം ഇതിനുദാഹരണമാണ്. ഓരോ ക്ലബ്ബുകൾക്കും അവരവരുടെ ബാർറബ്രാവകളുണ്ട് അതിനെല്ലാം തന്നെ നായകരും കൃത്യമായ അധികാര ശ്രേണിയുമുണ്ട്. ടിക്കറ്റുകളുടെ കരിഞ്ചന്തവിൽപനയും സ്റ്റേഡിയത്തിലെ വാഹന പാർക്കിംഗുമെല്ലാം ഇവരുടെ നിയന്ത്രണത്തിലാവും. സ്റ്റേഡിയത്തിനകത്തു കയറിയാൽ പിന്നെ ഇരിപ്പിടവിതരണവും, കച്ചവടങ്ങളും മുതൽ അവിടെ നടക്കുന്ന ഓരോ ചലനവും നിയന്ത്രിക്കുന്നത് ഈ അധോലോക സംഘമാണ്. ഇംഗ്ലണ്ടിലെ ഹൂളിഗൻസിന്റേയും ബ്രസീലിലെ ടോർസീദാസിന്റേയുമെല്ലാം അർജന്റൈൻ പതിപ്പെന്ന് ബാർറബ്രാവയെ പറയാം. എന്നാൽ ബാർറബ്രാവയെ സംഘടിത കുറ്റവാളികളെന്ന് മുദ്രകുത്തുന്നതോടെ പരിഹരിക്കാവുന്ന പ്രശ്നമല്ല, അർജന്റീനയിലെ ഫൂട്ബോൾ കാണികളുടെ അക്രമാസക്തിയെന്ന് ഗവേഷകനായ വില്യം ഹഡ്ൽസ്റ്റൻ പറയുന്നു. അഹ്വാന്തെ എന്ന സ്പാനിഷ് പുരുഷ മൂല്യത്തിലധിഷ്ഠിതമാണ് അർജന്റീനയിലെ ഫൂട്ബോൾ ആരാധന. ഏതു സാഹചര്യത്തേയും നേരിടാനുള്ള കഴിവ്, അല്ലെങ്കിൽ സ്വന്തം ടീമിനുവേണ്ടി എന്തും സഹിക്കാനുള്ള സന്നദ്ധത, ഒരർത്ഥത്തിൽ ചങ്കൂറ്റമെന്ന് മലയാളത്തിൽ തർജ്ജമചെയ്യാവുന്ന ആ ഗുണമാണ് ഓരോ ആരാധകനിൽ നിന്നും അർജന്റൈൻ ഫൂട്ബോൾ ആവശ്യപ്പെടുന്നത്. ബോക്കയുടെ ബൊംബെനാരോ സ്റ്റേഡിയത്തിൽ വന്ന് തങ്ങൾ റിവർപ്ലേറ്റുകാരാണെന്ന് മുദ്രാവാക്യം മുഴക്കുന്ന ആരാധകരുടെ സ്വാഭിമാനം അവരുടെ ചങ്കൂറ്റമാണ് (Aguante). അവരുടെ പാട്ടുകളിലും മുദ്രാവാക്യങ്ങളിലുമെല്ലാം അതാണുള്ളത്. ഇരുപതുകൾ മുതലിങ്ങോട്ടുള്ള അർജന്റൈൻ ഫൂട്ബോൾ ഉശിരുള്ള ചുണക്കുട്ടന്മാരുടെ ചങ്കൂറ്റത്തിന്മേൽ പടുത്തുയർത്തിയതായതിനാലാവണം അഹ്വാന്തെക്ക് സ്ത്രൈണത തീർത്തും ഇല്ലാതായത്. കളിക്കാർക്കും കാണികൾക്കും ഒരു പോലെ വിഭാവനം ചെയ്യാനും പ്രതിനിധീകരിക്കാനും കഴിയും വിധം പൗരുഷത്തെ ആദർശവത്കരിക്കുന്ന അരങ്ങാണ് അർജന്റീനയിലെ ഫൂട്ബോളെന്നാണ് എഡ്വാർദോ ആർക്കെറ്റി സമർത്ഥിക്കുന്നത്. അക്രമാസക്തമായ പൗരുഷത്താലും ആഘോഷിക്കപ്പെടുന്ന ചങ്കൂറ്റത്താലും നിയന്ത്രിക്കപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷത്തിൽ അക്രമം സ്വീകാര്യമാവുന്നത് സ്വാഭാവികം മാത്രം.

ഫൂട്ബോൾ മൈതാനത്തിനു ചുറ്റും രൂപപ്പെട്ട ഈ ചങ്കൂറ്റവും പൗരുഷവും സമർത്ഥമായി ഉപയോഗപ്പെടുത്തിയാണ് പിന്നീട് ഹുവാൻ പെറോൺ അർജന്റൈൻ ദേശീയതയിലൂന്നിയ രാഷ്ട്രീയ കാഴ്ചപ്പാടുമായി രംഗത്തു വരുന്നത്. ആദ്യം തൊട്ടേ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നിട്ടും ഹുവാൻ പെറോണിനാണ് അർജന്റീനയുടെ ഇടതുപക്ഷ മേൽവിലാസത്തിന്റെ നേരവകാശമെന്നത് ആ രാജ്യത്തെ രാഷ്ട്രീയവിരോധാഭാസങ്ങളിലൊന്നു മാത്രമാണ്. മുതലാളിത്ത വിരുദ്ധമായ നിലപാടുകളെല്ലാം ആത്യന്തികമായി ഇടതുപക്ഷമാണെന്ന് വിലയിരുത്തിയ മാധ്യമങ്ങളുടെ ഉദാരതയോ ഉദാസീനതയോ മുതൽ രാജ്യഭ്രഷ്ടനായ കാലത്ത് പെറോൺ കമ്യൂണിസ്റ്റുകളോടു കാണിച്ച അടവുപരമായ ആഭിമുഖ്യം വരെ ഇതിന് കാരണമായിട്ടുണ്ടാവണം. ഫൂട്ബോളിന് അർജന്റൈൻ സമൂഹത്തിലുണ്ടാക്കാവുന്ന ചലനം കൃത്യമായി മനസ്സിലാക്കി അതിനെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാനുള്ള വലിയ പദ്ധതികളുമായാണ് പെറോൺ അധികാരമേറ്റതുതന്നെ. 1943 ൽ പ്രസിഡന്റ് ആർത്യൂറോ റോവ്സനെ പുറത്താക്കി പട്ടാളം സർക്കാർ രൂപീകരിച്ചപ്പോൾ തൊഴിൽ മന്ത്രിയായിരുന്നു പെറോൺ. തൊഴിൽമന്ത്രാലയത്തിന്റെ ചുമതല വഹിച്ച ആ ചെറിയകാലയളവിൽ തൊഴിലാളികളുമായുണ്ടാക്കിയ ബന്ധമാണ് പെറോണിന്റെ രാഷ്ട്രീയ നിലപാടുകളെ വലിയതോതിൽ സ്വാധീനിച്ചത്. സംഘടനാ സ്വാതന്ത്ര്യത്തിനും മിനിമംകൂലി അടക്കമുള്ള മറ്റ് അവകാശപ്പോരാട്ടങ്ങളിലും തൊഴിലാളികൾക്കൊപ്പം നിന്ന പെറോൺ അക്ഷരാർത്ഥത്തിൽ അർജന്റൈൻ തൊഴിലാളി വർഗ്ഗത്തിന്റെ വളർത്തുപുത്രനായി. വർഗ്ഗരാഷ്ട്രീയത്തിലേക്കുള്ള പെറോണിന്റെ ചുവടുവയ്പ് അർജന്റൈൻ കമ്മ്യൂണിസ്റ്റുപാർട്ടിക്ക് അംഗീകരിക്കാവുന്നതല്ലായിരുന്നു.

ഈവാ പെറോൺ സ്ത്രീകളുടെ പൊതുയോഗത്തിൽ സംസാരിക്കുന്നു.

1940 കളുടെ രണ്ടാം പകുതിയിൽ ഹുവാൻ പെറോണിന്റെ ഭാര്യ ഈവാ പെറോണും സാമൂഹ്യരാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവമായതോടെ രാജ്യത്തേറ്റവും ജനപ്രീതിയുള്ള കുടുംബമായി അവർ മാറിയിരുന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി നിലകൊണ്ട ഈവാപെറോൺ രാജ്യത്തെ ആദ്യത്തെ വനിതാ രാഷ്ട്രീയ സംഘടനയും രൂപീകരിച്ചതോടെ പ്രസിഡന്റിനോളം തന്നെ ജനസ്വാധീനമുള്ള നേതാവായി വളർന്നു. തൊഴിൽ ആരോഗ്യ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ച ഈവ പെറോൺ നല്ലൊരു ഭരണാധികാരിയാണെന്നും തെളിയിച്ചിരുന്നു. വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെയാണ് 1952ൽ അവർ കാൻസറിന് കീഴടങ്ങുന്നത്. ആശയപരമായി മുതലാളിത്തവിരുദ്ധനായിരുന്നെങ്കിലും കമ്യൂണിസ്റ്റുകാരെ ബോധപൂർവം എതിർവശത്ത് നിർത്തിയിരുന്ന ഹുവാൻ പെറോൺ കടുത്ത ദേശീയവാദിയും ഇറ്റാലിയൻ ഫാഷിസത്തിന്റെ ആരാധകനുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ തന്നെ രചനകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാജ്യത്തെങ്ങും സ്റ്റേഡിയങ്ങളും കായിക സമുച്ചയങ്ങളും പണികഴിപ്പിച്ച പെറോൺ താനാണ് അധികാരത്തിലേറുന്ന ആദ്യത്തെ കായികതാരമെന്നും അവകാശപ്പെട്ടിരുന്നു. അതിവൈകാരിക ദേശീയതയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള എളുപ്പവഴി ഫൂട്ബോളാണെന്ന് പെറോൺ മനസ്സിലാക്കിയിരുന്നു. ജയിക്കാനാവില്ലെന്നതിനാലാണ് 1950 ലെ ലോകകപ്പിലും 52ലെ ഒളിംപിക് ഫൂട്ബോളിലും അർജന്റീന പങ്കെടുക്കാതിരുന്നതെന്ന് നിരീക്ഷിക്കുന്ന ചരിത്രകാരന്മാർ ഏറെയുണ്ട്. തോൽക്കുന്ന ടീമിനെക്കൊണ്ട് തനിക്ക് രാഷ്ട്രീയ ലാഭമുണ്ടാവില്ലെന്ന സൃഗാലബുദ്ധിയാണ് പെറോണിനെ ഈ രക്ഷാകർതൃഭാവത്തിലേക്ക് നയിച്ചതെന്നാണ് ജോനഥൻ വിൽസന്റെ നിരീക്ഷണം (Angels with dirty faces). വിദേശകാര്യനയം മാറ്റിയതുമൂലം നേരിടേണ്ടിവന്ന അമേരിക്കൻ ഉപരോധവും ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളും കാരണം 1955ൽ പെറോൺ അധികാരഭ്രഷ്ടനാക്കപ്പെട്ടെങ്കിലും ഫൂട്ബോളിനെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കാമെന്ന ആശയം പിന്നീടുവന്ന ജനാധിപത്യവിരുദ്ധ സർക്കാരുകളും പലവിധത്തിൽ പ്രാവർത്തികമാക്കി.

വിഖ്യാത അർജന്റൈൻ എഴുത്തുകാരൻ ഹോർഹെ ലൂയി ബോർഹസ്, അറിയപ്പെടുന്ന ഫൂട്ബോൾവിരുദ്ധനായിരുന്നു. വിഡ്ഢിത്തം ജനകീയമായതുകൊണ്ടാണ് ഫൂട്‌ബോളും ജനകീയമാകുന്നത് എന്ന അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം പ്രശസ്തമാണ്. ഫൂട്‌ബോൾആരാധനയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആൾക്കൂട്ടത്തിന് കൈവരാവുന്ന തീവ്രദേശീയതാഭാവവും അതിന്റെ ഫാഷിസ്റ്റ് പരിണാമവുമെല്ലാമാണ് ബോർഹസിനെ ഫൂട്‌ബോൾവിരുദ്ധനാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചതെന്ന് അദ്ദേഹത്തെ വായിച്ചവരും വ്യാഖ്യാനിച്ചവരുമായ പലരും അഭിപ്രായപ്പെട്ടു കണ്ടിട്ടുണ്ട്. പ്രതിജ്ഞകളിന്മേൽമാത്രം നിലനിൽക്കുന്ന ഒന്നാണ് ദേശീയതയെന്നും പ്രതിഷേധങ്ങളേയും സംശയങ്ങളേയും തള്ളിക്കളയുന്ന ഏത് സംഹിതയും മതഭ്രാന്തിനു തുല്യമാണെന്നുമാണ് ബോർഹസ് വിശ്വസിച്ചിരുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ താരാരാധനയെ അധീശഭരണകൂടങ്ങൾ തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിനെ കടുത്ത ആശങ്കയോടെയാണ് ബോർഹസ് കണ്ടിരുന്നതെന്ന് യാൾ സർവകലാശാലയിലെ ഗവേഷകനായ ഷാജ് മാത്യു നിരീക്ഷിച്ചിട്ടുണ്ട്. 1967 ലാണ് ബോർഹസ് അദോൾഫോ ബ്യോയ് കസാരസുമായി ചേർന്ന് എസ്സെ എസ്റ്റ് പെർസിപ്പിഎന്ന കഥ പ്രസിദ്ധീകരിക്കുന്നത്. ഉണ്മയെന്നത് ഒരു പ്രതീതി മാത്രമാണ് എന്നാണ് ആ സ്പാനിഷ് തലക്കെട്ടിന്റെ ഏകദേശ അർത്ഥം. അതിനകം വ്യവസ്ഥാപിതമായി തീർന്നിരുന്ന അർജന്റൈൻ ഫൂട്‌ബോളിനോടും രാഷ്ട്രീയത്തോടുമുള്ള കണിശമായ വിമർശമായാണ് ആ കഥ പിൽക്കാലത്ത് വായിക്കപ്പെട്ടിട്ടുള്ളത്.

ബ്വീനൊസ് ഐറിസിലെ വിഖ്യാതമായ എൽ മോന്യുമെന്റൽ സ്റ്റേഡിയം നിന്ന നിൽപിൽ അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ കാരണം തേടി ചെറുപ്പകാല സുഹൃത്തും അബാസ്‌തോ ജൂനിയേഴ്‌സ് സോക്കർക്ലബിന്റെ പ്രസിഡന്റുമായ തൂലിയോ സവസ്താനോവിനെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയിരിക്കുന്ന ഒരു ഫുട്‌ബോൾ ആരാധകനാണ് ആഖ്യാതാവ്. സ്റ്റേഡിയം മാത്രമല്ല രാജ്യത്ത് നിന്ന് ഫൂട്‌ബോൾതന്നെ അപ്രത്യക്ഷമായിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു എന്ന് ക്ലബ് പ്രസിഡന്റ് വെളിപ്പെടുത്തുന്നു. 1937 ജൂൺ 24 നു ശേഷം ഇവിടെ നടക്കുന്നതൊന്നും കളിയല്ല, വെറും നാടകം മാത്രമാണ്. റേഡിയോ ബൂത്തിലിരുന്ന് ഒരാൾ ശബ്ദം കൊണ്ട് കളിക്കുന്നതോ അല്ലെങ്കിൽ ടി വി കാമറകൾക്കു മുന്നിൽ ജേഴ്‌സിയണിഞ്ഞ് ഏതാനും നടന്മാർ കളിക്കുന്നതോ ആയ വെറും നാടകങ്ങൾ.

ആൾക്കൂട്ടത്തെ മുന്നിൽ കണ്ടുള്ള പ്രചാരണോപാധികളാണ് പുതിയ കാലത്തിന്റെ വാണിജ്യമുദ്രയെന്ന് പറയുന്നതിലൂടെ തന്റെ കാലത്തെ രാഷ്ട്രീയ മോഹഭംഗത്തെ വരച്ചിടുകയായിരുന്നു ബോർഹസെന്ന് പറയാം. ഈ കഥ പ്രസിദ്ധീകരിച്ച 1967 ലാണ് അർജന്റീന ഒരിക്കൽകൂടി പട്ടാള ഭരണത്തിൻ കീഴിലാവുന്നതെന്നത് യാദൃച്ഛികമല്ല.

1976ൽ നടന്ന സൈനിക അട്ടിമറിയിൽ ഇസബെൽ പെറോൺ സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിന് ശേഷം ഹോർഹെ റാഫേൽ വിദേല സത്യപ്രതിഞ്ജ ചൊല്ലി അധികാരമേൽക്കുന്നു..

1978 ലെ ലോകകപ്പിന്റെ ആതിഥേയത്വം വഹിച്ച പട്ടാള ഭരണകൂടം ഫൂട്ബോളിനെ പ്രചാരണായുധമാക്കാനുള്ള വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരുന്നത്. രാജ്യത്ത് നടന്നിരുന്ന കൂട്ടക്കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളുമടക്കമുള്ള കടുത്ത മനുഷ്യാവകാശലംഘനങ്ങളെ ഫൂട്ബോൾ ലോകകപ്പുകൊണ്ട് മറച്ചുപിടിക്കാനുള്ള ശ്രമമാണ് ജനറൽ ഹോർഹെ റാഫേൽ വിദേല നടത്തിയത്. ജനങ്ങളുടെ ഫൂട്ബോൾ ആരാധനയെ എങ്ങനെ ഫലപ്രദമായി ഇതിനായി ഉപയോഗിക്കാമെന്ന് വിദേല ലോകത്തിന് കാണിച്ചു കൊടുത്തു. ബ്വീനൊസ് ഐറിസിലെ എൽ മോന്യുമെന്റൽ സ്റ്റേഡിയത്തിൽ നിന്ന് പത്ത് മിനിറ്റ് നടപ്പുദൂരമാണ് നാവികസേനയുടെ മെക്കാനിക്കൽ സ്‌കൂൾ കെട്ടിടത്തിലേക്ക്. 1976 മുതൽ 83 വരെയുള്ള ഏഴുവർഷത്തോളം നീണ്ട "അവിശുദ്ധയുദ്ധ'ത്തിന്റെ കാലത്ത് (സൈനിക നടപടിയെന്ന പേരിൽ തീവ്ര ഇടതുപക്ഷ പോരാളികൾക്കെതിരെ നടത്തിയിരുന്ന ബലാത്സംഗമുൾപ്പെടെയുള്ള കൊടിയപീഡനങ്ങളെ പട്ടാളഭരണം വിളിച്ചിരുന്ന പേര് -ഗേർറ സൂസിയ) അയ്യായിരത്തോളം വരുന്ന രാഷ്ട്രീയ തടവുകാരെ പാർപ്പിച്ച് പീഡിപ്പിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. ഇവരിൽ നൂറ്റമ്പതോളം പേർ മാത്രമാണ് ജീവനോടെ അവശേഷിച്ചതെന്ന് ജോനഥൻ വിൽസൻ സാക്ഷ്യപ്പെടുത്തുന്നു. ലോകകപ്പ് മത്സരങ്ങൾക്കായി ആർത്തുവിളിക്കുന്ന കാണികളുടെ ശബ്ദത്തിൽ തടവുകാരുടെ ദീനരോദനം മുങ്ങിപ്പോകുന്നതായി നിരവധി സിനിമകളിലും മറ്റും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഫൈനലിന്റെ റേഡിയോ ദൃക്സാക്ഷിവിവരണം കേൾക്കാൻ തടവുകാരെ അനുവദിച്ചിരുന്നുവെന്ന് എഡ്വാർദോ പി. ആർക്കെറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. വിമതശബ്ദങ്ങളെ അവരുടെ തന്നെ ഫൂട്ബോൾ ആവേശം കൊണ്ട് ശ്വാസം മുട്ടിച്ചില്ലാതാക്കാനുള്ള ശ്രമം. "നമ്മൾ ജയിച്ചു നമ്മൾ ജയിച്ചു'വെന്ന തടവുകാരുടെ ആഹ്ലാദപ്രകടനത്തിനൊപ്പം പട്ടാളക്കാരും ചേർന്നു. നാവികസേനാ കെട്ടിടത്തിൽ തടവിലായിരുന്ന ഒരു യുവതിയുടെ അനുഭവം ആർക്കെറ്റിയുടെ തന്റെ പഠനങ്ങളിൽ പരാമർശിക്കുന്നുണ്ട്. "ലോകകപ്പ് ഫൈനൽ കഴിഞ്ഞയുടനെ കടുവ എന്നറിയപ്പെട്ടിരുന്ന ഹോർഹെ അക്കോസ്റ്റ എന്ന പട്ടാള ഉദ്യോഗസ്ഥൻ അവരിൽ ചിലരെ കാറിൽ കയറ്റി പുറത്തേക്ക് കൊണ്ടു പോയി. അർജന്റീനയുടെ വിജയത്തിൽ ആവേശഭരിതരായ ജനം തെരുവിൽ ആഹ്ലാദപ്രകടനം നടത്തുന്നുണ്ടായിരുന്നു. കാണാതായെന്ന് ലോകം കരുതുന്ന തങ്ങൾ ഇവിടെ തൊട്ടടുത്ത് തടവിലാണെന്ന് ഒരു യുവതി കാറിൽ നിന്ന് തലപുറത്തിട്ട് ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി. പക്ഷെ ഫൂട്ബോൾ ആരാധികയായ ഒരു സ്ത്രീ ഉന്മാദത്താൽ അലറിവിളിക്കുന്നതായി മാത്രമേ പുറത്തുള്ളവർക്ക് തോന്നിയുള്ളൂ. ഉടൻ തന്നെ അത് വൃഥാവിലാണെന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം അവർ നിശ്ശബ്ദയാവുകയും ചെയ്തു. അപ്പോൾ അക്കോസ്റ്റ അവരോട് പറയുന്നുണ്ടായിരുന്നു, നിങ്ങളുടെ രാഷ്ട്രീയമൊന്നും ഇനി ജനം കേൾക്കാൻ പോവുന്നില്ല, കണ്ടോ, അവർക്കുവേണ്ടത് ഫൂട്ബോളും അതിൽ അർജന്റീനയുടെ വിജയവുമാണ്. ലോകകപ്പ് വിജയത്തിനായി വിദേല ഭരണകൂടം പെറൂവിയൻ സർക്കാരുമായി ഒത്തുകളി നടത്തിയെന്നും കളിക്കാർക്കു നേരെ സമ്മർദ്ദതന്ത്രങ്ങൾ പയറ്റിയെന്നും പിൽക്കാലത്ത് ആരോപണമുയർന്നത് ഇതിനോട് ചേർത്തു കാണണം. പ്രശ്നഭരിതമായ രാജ്യങ്ങളിൽ ആഹ്ലാദം ഉത്പാദിപ്പിക്കാനുള്ള ലഘുസമവാക്യം കായികവിനോദങ്ങളാണെന്ന് ഒരു സ്വേച്ഛാധിപതിയേയും പഠിപ്പിക്കേണ്ടതില്ല.

സ്വാതന്ത്ര്യവാദികളേയും ഇടതുപക്ഷമിതവാദികളേയും കൂടി തൃപ്തിപ്പെടുത്താനുള്ള കുറുക്കുവഴിയായും വിദേല ഭരണകൂടം ഫൂട്ബോളിനെ ഉപയോഗിക്കാൻ ശ്രമിച്ചിരുന്നുവെന്ന് കരുതാൻ ന്യായമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിത അനുഭാവിയായിരുന്ന സെസാർ ലൂയി മെനോട്ടിയെ മാനേജരായി നിയമിച്ചത് ഇതിന്റെ ഭാഗമായിരുന്നുവെന്ന് കാണാവുന്നതാണ്. തന്റെ നിലപാടുകളുമായി ഒരുതരത്തിലും യോജിച്ചു പോകാത്ത ഭരണകൂടത്തിനു വേണ്ടി ടീമിനെ ഒരുക്കേണ്ടി വന്നത് സെസാർ മെനോട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് ജോനഥൻ വിൽസൻ പറയുന്നുണ്ട്. "അർജന്റൈൻ ഫൂട്ബോളിന്റെ ഗതകാല പ്രൗഡിക്കുള്ള പ്രണാമമായിരുന്നു ഞങ്ങളുടെ ടീമിന്റെ നേട്ടം' എന്നാണ് ലോകകപ്പ് വിജയത്തെക്കുറിച്ച് മൊനോട്ടി തന്റെ ആത്മകഥയായ ഫുട്ബോൾ സിൻ ത്രാംപയിൽ(Football without tricks) പറയുന്നത്. പട്ടാളഭരണകൂടത്തിനെതിരെ പരസ്യ നിലപാടെടുക്കാൻ മെനോട്ടിയെ പോലൊരാൾക്ക് എളുപ്പവുമല്ലായിരുന്നു.

1986 ൽ ലോകകപ്പ് നേടിയ മറഡോണയുടെ ആഹ്ലാദപ്രകടനം. പശ്ചിമ ജർമ്മനിയെ 3-2നു പരാജയപ്പെടുത്തിയാണ് അർജന്റീന ഒരിക്കൽക്കൂടി കിരീടം നേടിയത്.

1986ലെ ലോകകപ്പ് വിജയത്തോടെയാണ് അർജന്റീന എന്ന ടീമിന് തെക്കനമേരിക്കക്കും യൂറോപ്പിനും പുറത്ത് ആരാധകരുണ്ടാവുന്നത്. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ തന്നെ തെക്കനമേരിക്കൻ ടീമുകൾ യൂറോപ്പിലെ ഫൂട്ബോൾ മൈതാനങ്ങൾക്ക് പരിചിതമാണ്. ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും കുടിയേറിയവരുടെ രാജ്യമെന്ന നിലയിൽ അർജന്റീനക്ക് ആ മേഖലയിൽ അൽപം കൂടി സ്വീകാര്യതയും ലഭിച്ചിരുന്നു. എന്നാൽ എണ്ണം പറഞ്ഞ അരാജകവാദിയുടേയും അതികാൽപനികനായ വിപ്ലവകാരിയുടേയും രൂപത്തിൽ കളിക്കളത്തിനകത്തും പുറത്തുമുള്ള ദ്യേഗോ മറഡോണയുടെ അവതാരത്തോടെ 1986 നു ശേഷം അർജന്റീന ഫൂട്ബോളിലെ ലോക ശക്തിയായിത്തീർന്നു. മാർക്സിയൻ വിപ്ലവകാരിയെന്ന നിലയിലും ഒളിപ്പോരാളിയെന്ന നിലയിലും ഇടതുപക്ഷ ലോകക്രമത്തിൽ ഏണസ്റ്റോ ചെ ഗുവാരക്കുണ്ടായിരുന്ന കാൽപനിക പരിവേഷവും ജനപ്രീതിയുമാണ് മറ്റൊന്ന്. ഇംഗ്ലണ്ടിനേയും ജർമ്മനിയേയും തോൽപ്പിച്ച് അർജന്റീന ലോകകപ്പ് നേടിയതോടെ ഈ രണ്ട് നായകന്മാരുടേയും ജനപ്രീതി അർജന്റീനയുടെ ഫൂട്ബോൾ ടീമിനുമേൽ കേന്ദ്രീകരിച്ചു. അതുവരെ അർജന്റൈൻ പൊതുബോധം അവരുടെ രാഷ്ട്രീയഭാവനക്ക് പുറത്തു നിർത്തിയിരുന്ന ഇടതുപക്ഷ തീവ്രവാദിയായിരുന്ന ചെ ഗുവാരയെ കയ്യിൽ പച്ചകുത്തുക വഴി തന്നിലേക്ക് സ്വാംശീകരിക്കുകയായിരുന്നു മറഡോണ. തന്റെ ആത്മകഥയായ എൽ ദ്യേഗോയിൽ മറഡോണ ഇങ്ങനെ പറയുന്നു..

തീർച്ചയായും എനിക്ക് ചെ ഗുവാരയെ കാണണമെന്നുണ്ടായിരുന്നു. പ്രിയപ്പെട്ട ഏണസ്റ്റോ ചെഗുവാര ലാ സെർനോ നിങ്ങൾക്ക് നിങ്ങളുടെ മുഴുവൻ പേരും തിരിച്ചു നൽകാൻ. ഞാനദ്ദേഹത്തെ കൈയ്യിലണിഞ്ഞിട്ടുണ്ട്, ഒരു കലാസൃഷ്ടിയായിട്ട്. പക്ഷെ സത്യത്തിൽ അദ്ദേഹം എന്റെ നെഞ്ചിലാണുള്ളത്. ഇവിടെ ഇറ്റലിയിൽ വച്ചാണ് ഞാനദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയത്. അത് അർജന്റീനയിൽ വച്ചല്ല എന്നത് ശ്രദ്ധേയമാണ്. കാരണം അവിടെയായിരുന്നപ്പോൾ ചെ യെകുറിച്ച് നാട്ടുകാർ പറയും പോലെത്തന്നെയാണ് ഞാനും മനസ്സിലാക്കിയിരുന്നത്. ഭീകരൻ, കൊള്ളരുതാത്തവൻ, കൊലപാതകി, സ്‌കൂളുകളിൽ ബോംബു വക്കുന്ന കലാപകാരി - അതായിരുന്നു ഞങ്ങളെ പഠിപ്പിച്ച ചരിത്രം. എന്നാൽ ലോകത്തിന്റെ സമരഭൂമിയായ, തൊഴിലാളി വർഗ്ഗത്തിന്റെ നെടുനായകത്വം വഹിക്കുന്ന ഇറ്റലിയിൽ വന്നപ്പോഴാണ് ഞാനയാളെ തിരിച്ചറിഞ്ഞത്. ഇവിടുത്തെ ഓരോ കൂടിച്ചേരലുകളിലും ജനം അയാളെ നെഞ്ചിലേറ്റുന്നു. എല്ലായിടവും ചെങ്കൊടികളിൽ കറുത്ത നിറത്തിലുള്ള അയാളുടെ രൂപം. ഞാനയാളെ കുറിച്ച് വായിക്കാൻ തുടങ്ങി. വായിക്കും തോറും ഞാൻ എന്നോടുതന്നെ ചോദിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് ഈ മനുഷ്യനെ പറ്റിയുള്ള സത്യം അർജന്റീന മൂടി വക്കുന്നത്? എന്തുകൊണ്ടാണ് അയാളുടെ സ്മരണകളെ നമ്മൾ വീണ്ടെടുക്കാത്തത്? എനിക്കതിനൊന്നും ഉത്തരം കിട്ടിയില്ല. ഞാൻ എന്റെ നിലയിൽ അതിനുള്ള ശ്രമം തുടങ്ങി. അതാണ് ഈ പച്ചകുത്തിയിരിക്കുന്നത്. ഇനി അയാൾ എന്നും എന്നോടൊപ്പമുണ്ടാവും..ഇതു വരെ പഠിക്കാത്ത അർജന്റീനയുടെ ചരിത്രവും. അടുത്ത തലമുറയെയെങ്കിലും ആ ചരിത്രം പഠിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ ചെ ഗുവാരാ എന്നു കേൾക്കുന്നത് തന്നെ തെറിയായി കരുതാത്ത കാലം വന്നാൽ പോലും ഞാൻ സന്തുഷ്ടനാണ്.

മറഡോണ തന്റെ ശരീരത്തിലൂടെ തിരിച്ചെടുക്കും വരെ ഏണസ്റ്റോ ചെ ഗുവാര അർജന്റീനയിൽ ജനങ്ങൾക്ക് അനഭിമതനായ ഒരു രാഷ്ട്രീയ വ്യക്തിത്വമായിരുന്നു.

1987 കാലത്ത് ഇറ്റലിയിലെ നപ്പോളിയിൽ വച്ചാണ് മറഡോണ ചെ യെ കയ്യിലണിയുന്നത്. ബാഴ്സലോണയിൽ നിന്ന് പിരിഞ്ഞ് ഇറ്റലിയിലെ പിന്നോക്ക പ്രദേശമായ നപ്പോളിയിലെത്തി അവിടുത്തെ ഫൂട്ബോൾ ക്ലബ്ബിനെ ലീഗ് ചാംപ്യൻമാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ദ്യേഗോ നെപ്പോളിക്കാരുടെ സാന്താ മറഡോണയാകുന്ന കാലം. മയക്കുമരുന്നുപയോഗവും മാഫിയാ ബന്ധവുമടക്കമുള്ള ആരോപണങ്ങളുടെ കുരിശിലേറുമ്പോഴും നപ്പോളിയിലെ ജനങ്ങൾ അതും സാധാരണക്കാർ മറഡോണക്കൊപ്പമായിരുന്നുവെന്നത് അയാൾ കാഴ്ചവച്ചിരുന്ന കളിക്കും ജീവിതത്തിനും അടിസ്ഥാന വർഗ്ഗത്തിനിടയിൽ ലഭിച്ച സ്വീകാര്യതയുടെ അടയാളമായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറഡോണ തന്റെ ശരീരത്തിലൂടെ തിരിച്ചെടുക്കും വരെ ഏണസ്റ്റോ ചെ ഗുവാര അർജന്റീനയിൽ ജനങ്ങൾക്ക് അനഭിമതനായ ഒരു രാഷ്ട്രീയ വ്യക്തിത്വമായിരുന്നു. ഒരു തരത്തിലും ഐക്യപ്പെടാനാവാത്ത തീവ്രവാദികളുടെ ഗണത്തിലാണ് അർജന്റൈൻ ഭരണകൂടവും മധ്യവർഗ്ഗവും ചെ ഗുവാരയെ പെടുത്തിയിരുന്നത്. ലോകമെങ്ങുമുള്ള ഇടതുപക്ഷ വിശ്വാസികളും ചെ ഗുവാരയെ ക്യൂബൻ വിപ്ലവവുമായും ബോളീവിയൻ ഒളിപ്പോരുമായും ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കിയിരുന്നത്.

ചെ ഗുവാരയും അർജന്റൈൻ ഫൂട്ബോളും തമ്മിലുള്ള ബന്ധവും പിൽക്കാലത്ത് തർക്കവിഷയമാണ്. റൊസാരിയോ സെൻത്രലിന്റെ ആരാധകനായിരുന്നു ചെ എന്ന അവരുടെ അവകാശവാദം നേരത്തെ പരിശോധിച്ചതാണ്. ഫൂട്ബോളിനേക്കാൾ റഗ്ബിയാണ് ചെ കളിച്ചിട്ടുള്ളതെന്ന് സഖാവും ജീവചരിത്രകാരനുമായ യൂഗോ ഗാംബീനി വ്യക്തമാക്കുന്നുണ്ട് (El Che Guevara- La Biografia, as quoted by Jimmy Burns). അൽബെർതോ ഗ്രനാദോയുമൊത്തുള്ള മോട്ടോർ സൈക്കിൾ പര്യടനത്തിനിടെ കൊളംബിയയിലെത്തിയ ചെ ഗുവാരയ്ക്ക് അന്നത്തെ അർജന്റൈൻ സൂപ്പർതാരമായ ആൽഫ്രെദോ ദി എസ്തഫാനോ ഒരു ഫൂട്ബോൾ മത്സരത്തിന്റെ ടിക്കറ്റെടുത്തു കൊടുത്തതായി ഗാംബീനോ ജീവചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. തന്റെ നാട്ടിൽ നിന്നും കഷ്ടപ്പെട്ട് വണ്ടിയോടിച്ചു വന്ന് രണ്ടു യുവ ആരാധകർക്ക് നൽകുന്ന സമ്മാനമെന്ന നിലയിലായിരുന്നു അതെന്നാണ് എഡ്വാർദോ ഗലെയാനോ വിലയിരുത്തുന്നത്. അക്കാലത്ത് ഏണസ്റ്റോ ഗുവാര ഡി ലാസെർന ജീവിതാനുഭവം തേടിയിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയായ ഒരു സാഹസിക കാമുകൻ മാത്രമായിരുന്നു താനും.

അർജന്റൈൻ പൊതുബോധം അവരുടെ രാഷ്ട്രീയഭാവനക്ക് പുറത്തു നിർത്തിയിരുന്ന ഇടതുപക്ഷ തീവ്രവാദിയായിരുന്ന ചെ ഗുവാരയെ കയ്യിൽ പച്ചകുത്തുക വഴി തന്നിലേക്ക് സ്വാംശീകരിക്കുകയായിരുന്നു മറഡോണ.

ഇടതുപക്ഷക്കാരെന്ന നിലയിൽ പെറോണിസ്റ്റ് വിരുദ്ധരായിരുന്നു ഗുവാരാ കുടുംബം എന്നതുമൊഴിച്ചാൽ പ്രസിഡന്റ് ഹുവാൻ പെറോണും ചെഗുവാരയും തമ്മിലും എടുത്തു പറയത്തക്കതായ ബന്ധമൊന്നും കാണാനാവില്ല. പെറോണിന്റെ ഭരണകാലത്താണ് ചെ മോട്ടോർ സൈക്കിൾ സഞ്ചാരത്തിനിറങ്ങുന്നത്. ചെഗുവാര മെക്സിക്കോയിൽ കാസ്ത്രോക്കൊപ്പം ക്യൂബൻ മുന്നേറ്റത്തിന് കോപ്പുകൂട്ടുന്ന കാലത്താണ് പെറോൺ രാജ്യഭ്രഷ്ടനാകുന്നത്. പിന്നീട് അറുപതുകളിൽ ക്യൂബൻ സർക്കാരിന്റെ ഭാഗമായിരുന്ന കാലത്ത് ചെ ഗുവാര സ്പെയിനിൽ പെറോണുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി അർജന്റൈൻ എഴുത്തുകാരനും പെറോണിസ്റ്റ് നേതാവുമായ പാച്ചോ(മരിയോ) ഒഡോണലിന്റെ ലേഖനങ്ങളിൽ പറയുന്നുണ്ടെങ്കിലും അതിന്റെ ആധികാരത ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. പെറോണിന്റെ ജീവചരിത്രകാരനായ എൻ റീക് പാവ്യോൺ പെരേരയെ ഉദ്ധരിച്ചുള്ള ഒഡോണലിന്റെ അവകാശവാദങ്ങളെ പെറോണിസ്റ്റുകൾക്കു വേണ്ടിയുള്ള പ്രചാരവേലയായി തള്ളിക്കളയുകയാണ് ഇടതുപക്ഷ ചരിത്രകാരന്മാരിലേറെയും. ചെ ഗുവാരക്ക് പെറോണിനോടുണ്ടായിരുന്നത് എന്ത് നിലപാടാണെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പെറോമിന്റെ രാഷ്ട്രീയം ചെ അംഗീകരിച്ചിരുന്നില്ല, എന്നാൽ അതിനു ശേഷം അധികാരം പിടിച്ചവരെ (പട്ടാളഭരണത്തെ) അദ്ദേഹം അതിലുമേറെ എതിർത്തിരുന്നു എന്ന ചെയുടെ സുഹൃത്തും അഭിഭാഷകനുമായിരുന്ന റോഹോ റിക്കോർദോയുടെ പരാമർശം മാത്രമാണ് ഈ വിഷയത്തിൽ ലഭ്യമായ ഏക സൂചന.

ചെ ഗുവാരയും ഹുവാൻ പെറോണുമായുള്ള കൊടുക്കൽവാങ്ങലുകൾ ചരിത്രപരമായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ജനകീയ സംസ്‌കൃതിയുടെ ഭാഗമായി അവ ചർച്ചക്കു വന്നിട്ടുണ്ട്. ഈവാ പെറോണിന്റെ ജീവിതത്തെ അധികരിച്ച് ആൻഡ്ര്യൂ വെബ്ബറും, ടിം റൈസും അവതരിപ്പിച്ച ഈവിതഎന്ന സംഗീതശിൽപത്തിൽ (Original Production at the Prince Edward Theatre,West End, London - 1978) ഈവ പെറോണിനും പെറോണിസ്റ്റ് ഭരണത്തിനുമെതിരായ അർജന്റൈൻ ജനതയുടെ പ്രതിഷേധത്തിന്റേയും വിമർശത്തിന്റേയും പ്രതീകമായത് ചെ എന്ന കഥാപാത്രമാണ്. ചെയും ഈവയും തമ്മിൽ നടക്കുന്ന ചരിത്രപരമായി നിലനിൽപ്പില്ലാത്ത സാങ്കൽപിക സംഭാഷണത്തിലാണ് ഈ വിമർശം മുഴുവൻ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അർജന്റൈൻ തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധികളെന്നവകാശപ്പെട്ട പെറോണിസത്തോടുള്ള യാഥാർത്ഥ അടിസ്ഥാനവർഗ്ഗത്തിന്റെ ചോദ്യങ്ങളായി ചെ എന്ന കഥാപാത്രം വായിക്കപ്പെട്ടു.

ഏണസ്റ്റോ ചെഗുവാര

ചെ ഗുവാരയുടെ രക്തസാക്ഷിത്വത്തെ തുടർന്ന് പെറോൺ എഴുതിയതായി കരുതുന്ന കത്തിന്റെ (24 ഒക്ടോബർ, 1967) ആധികാരികതയേയും വിശ്വാസ്യതയേയും കുറിച്ചും സംശയങ്ങൾ ഉയർന്നിരുന്നു. ചെ ഗുവാരയെ കമാൻഡറായി വിശേഷിപ്പിക്കുന്ന പെറോൺ കത്തിൽ അർജന്റൈൻ കമ്യൂണിസ്റ്റുകളെ നിശിതമായി വിമർശിക്കുന്നുമുണ്ട്. രാജ്യത്തേക്കു തിരിച്ചു വരാനായി പെറോൺ ഇടതുപക്ഷ ഗറില്ലകളുടെ വരെ സഹായം തേടിയിരുന്ന കാലത്താണ് ചെ ഗുവാര രക്തസാക്ഷിത്വം വരിക്കുന്നതെന്നതും ഇതിനൊപ്പം വായിക്കണം. എഴുപതുകളിൽ അർജന്റീനയിൽ തിരിച്ചെത്തിയ പെറോൺ അധികാരമേറി അധികം വൈകാതെ ഇടതുപോരാളികളെ തള്ളിപ്പറഞ്ഞതാണ് ചരിത്രം. എഴുപതുകളുടെ രണ്ടാം പാദത്തിൽ ഇസബെൽ പെറോണിനെ അട്ടിമറിച്ച് അധികാരം പിടിച്ച പട്ടാള ഭരണകൂടമാണ് പിന്നീട് ഇടതുപക്ഷക്കാരെ പിന്തുടർന്ന് വേട്ടയാടിയത്.

ഈ ചരിത്രകാലഘട്ടത്തിനു ശേഷം ജനാധിപത്യം പുനസ്ഥാപിക്കപ്പട്ട ഉടനെയാണ് അർജന്റീനയുടെ ലോകകപ്പ് നേട്ടവും മറഡോണ എന്ന താരോദയവും ഉണ്ടാവുന്നത്. മാൽവിനാസ് ദ്വീപുസമൂഹത്തിനായി ഇംഗ്ലണ്ടുമായി നടത്തിയ യുദ്ധം (War of Falklands-1982) സൃഷ്ടിച്ച ദേശീയവികാരം അതിന്റെ മൂർദ്ധന്യത്തിൽ നിന്നിരുന്ന അക്കാലത്ത് ഫൂട്ബോൾ വീണ്ടും രാജ്യത്തെ മുഖ്യരാഷ്ട്രീയാഖ്യാനത്തിന്റെ ഭാഗമായി. പെറോണിസ്റ്റുകളിലെ ഇടതുപക്ഷ ചേരി ഈ സാഹചര്യത്തെ ബുദ്ധിപൂർവ്വം ഉപയോഗപ്പെടുത്തിയതായി കാണാം. ഒത്തുകളി ആരോപണത്താൽ കളങ്കിതമായ 1978 ലെ വിജയത്തേക്കാൾ തിളക്കമുള്ളതായി മറഡോണയുടേയും കൂട്ടരുടേയും നേട്ടം. ഫാക് ലാൻഡ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മറഡോണയുടെ ദൈവത്തിന്റെ കൈയിന് വീരപരിവേഷം ലഭിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ തുടർച്ചയെന്ന വണ്ണമാണ് മറഡോണ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ നേതാക്കളുമായി സൗഹൃദത്തിലാവുന്നത്. ചെ ഗുവാരയെ കൈയ്യിൽ പച്ചകുത്തിയ മറഡോണ ഫിദൽ കാസ്ട്രോയെ ഹവാനയിൽ സന്ദർശിച്ചു. ബൊളീവിയയിലേയും വെനിസ്വേലയിലേയും ഇടതുപക്ഷ പാർട്ടികൾ മറഡോണക്കുവേണ്ടി സ്വീകരണങ്ങളൊരുക്കി. ലത്തീനമേരിക്കയിൽ രൂപം കൊണ്ടു വരികയായിരുന്ന നവ ഇടതുപക്ഷ ബദലുകളുടെ ജനപ്രിയ സംസ്‌കാരികബിംബമായി ദ്യേഗോ അർമാൻഡോ മറഡോണ മാറിയത് വളരെ പെട്ടെന്നാണ്.

മറഡോണ, ഫിദൽ കാസ്‌ട്രോ, ഹ്യൂഗോ ചാവെസ്

1986 ലെ ലോകകപ്പോടെത്തന്നെയാണ് അർജന്റൈൻ ഫൂട്ബോൾ ടീമിന് ഇന്ത്യയടക്കം പല ഏഷ്യൻ രാജ്യങ്ങളിലും ആരാധകരുണ്ടാവുന്നത്. ഇന്ത്യയിലെ അർജന്റീനയുടെ ആരാധകരിലേറെയും ബംഗാളിലും കേരളത്തിലുമാണെന്നതും യാദൃച്ഛികമാകാനിടയില്ല. ഇടതുപക്ഷ വിപ്ലവ കാൽപനികതയുടെ പ്രതീകമായി ചെ ഗുവാര ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടികളിലെ അടിസ്ഥാന ഘടകങ്ങളിലേക്കു വരെ എത്തുന്നത് ഏതാണ്ട് ഈ കാലഘട്ടത്തിലാണ്. അതുവരെ മാർക്സിസ്റ്റ് സൈദ്ധാന്തികരുടെ ലേഖനങ്ങളിലും മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും മാത്രം ഇടം നേടിയിരുന്ന ചെ ഗുവാരയുടെ ഡയറികളും ലേഖനങ്ങളും മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എഴുപതുകളോടെ തന്നെ ചില സമാന്തര ഇടതുപക്ഷ പ്രസിദ്ധീകരണശാലകൾ ബൊളീവിയൻ ഡയറി ബാംഗ്ലയിലും മലയാളത്തിലും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും അവ മുഖ്യധാരാ പ്രസിദ്ധീകരണശാലകൾ ഏറ്റെടുക്കുന്നത് എൺപതുകളുടെ രണ്ടാം പകുതിയിലാണ്. കേരളം ഇ.കെ. നായനാരും പശ്ചിമബംഗാൾ ജ്യോതിബസുവും ഭരിച്ചിരുന്ന ഈ കാലത്താണ് ഇന്ത്യയിൽ ഡി.വൈ.എഫ്.ഐക്ക് ഏറ്റവുമധികം വളർച്ചയുണ്ടാവുന്നത്. രാജ്യാന്തര ഇടതുപക്ഷ വിദ്യാർത്ഥി-യുവജനക്കൂട്ടായ്മകൾ സജീവമായിരുന്ന ഈ കാലയളവിൽ വിയറ്റ്നാം ക്യൂബ ബൊളീവിയ തുടങ്ങിയ രാജ്യങ്ങളുടെ വിപ്ലവാവേശങ്ങളായി ഹോചി മിനും കാസ്ത്രോയും ചെ ഗുവാരയും ഇടതുപക്ഷയുവജനങ്ങളുടെ മുദ്രാവാക്യങ്ങളിൽ നിറഞ്ഞു നിന്നു. ആൽബർതോ കോർദയുടെ വിഖ്യാതമായ ഗറിയ്യേറോ ഹിറോയികോ (നായകനായ ഒളിപ്പോരാളി) ഫോട്ടോഗ്രാഫിന്റെ കോപ്പികൾ യുവജന സംഘടനാസമ്മേളനങ്ങളിൽ പുനസൃഷ്ടിക്കപ്പെട്ടു തുടങ്ങി.

ഇന്ത്യയിൽ ടെലിവിഷന്റെ ചരിത്രത്തിന് സമാന്തരമായാണ് അർജന്റൈൻ ഫൂട്ബോൾ ടീമിന്റെ ജനപ്രീതിയും വളരുന്നതെന്ന് കാണാം. അർജന്റീന ഒരു ലോകചാംപ്യൻഷിപ്പ് ജയിക്കുന്നത് കളർ ടെലിവിഷനിൽ കണ്ടിട്ടില്ലാത്തവരാണ് അവരുടെ ഇന്ത്യൻ ആരാധകരിലേറെയും എന്ന പരിഹാസത്തിന് ചരിത്ര പ്രസക്തിയുണ്ട്. 1984 മുതലുള്ള ടെലിവിഷന്റെ പ്രചാരവും തൊണ്ണൂറുകളുടെ തുടക്കം മുതൽ സ്വീകരിക്കപ്പെട്ട ആഗോളവത്കരണനയങ്ങളും ലോക രാജ്യങ്ങൾക്കിടയിലെ മനോദൂരവും ദൃശ്യദൂരവും കുറച്ചതോടെ മറഡോണയും അർജന്റീനയും നമുക്ക് അയൽപക്കത്തായിത്തുടങ്ങി. ഇടതുപക്ഷ വ്യവഹാരങ്ങളിൽ അതിനകം തന്നെ സ്ഥാനമുണ്ടായിരുന്ന ചെ ഗുവാരയിലേക്കുള്ള മേൽപ്പാലമായി മറഡോണയുടെ മൈതാനബാഹ്യ നിലപാടുകൾ മാറുകയും ചെയ്തു. 1986 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചതോടെയാണ് അർജന്റീനയും മറഡോണയും ഇന്ത്യൻ ആരാധകരുടെ മനസ്സ് കീഴടക്കുന്നത്. കൊളോണിയൽ ഭരണത്തിനെതിരായ പൊതുബോധത്തിൽ നിന്നുണ്ടായ വൈകാരികമായ ഐക്യപ്പെടലാണിതെന്ന് വിലയിരുത്തുന്നവരുണ്ട്. കേരളം, ബംഗാൾ, മണിപ്പൂർ തുടങ്ങിയ ഹിന്ദിയേതര സംസ്ഥാനങ്ങളിലാണ് ഇത് പ്രകടമായതെന്നും പീതാംബർ കൗശിക് എന്ന ഗവേഷകൻ നിരീക്ഷിക്കുന്നുണ്ട്. (How political ideology shaped soccer fandom in India, Pitambar Kaushik, Asia Times). അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു ചെറുകഥയിൽ കൊളംബിയൻ ഗോൾകീപ്പർ റെനെ ഹിഗ്വിറ്റ ടൈറ്റിൽ കഥാപാത്രമാകുന്നത് വരെയെത്തി ഈ അടുപ്പം.

ഇന്ത്യയിലെ ഫൂട്ബോൾ കളിക്കും അതിനോടുള്ള കാണികളുടെ ആരാധനക്കും അതിനകം തന്നെ പല പതിറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. ബംഗാളിലെ- പ്രത്യേകിച്ചും കൊൽക്കത്തയിലെ ക്ലബ്ബുകളിലെ കളിക്കാരിൽ ലോക നിലവാരത്തിനൊത്ത് വളരാവുന്നവരുണ്ടായിരുന്നു. ഈസ്റ്റ് ബംഗാളും മൊഹമ്മദൻസും മോഹൻബഗാനും പണ്ടുമുതലേ വലിയ ആരാധകക്കൂട്ടത്തെ ആകർഷിച്ചിരുന്നു. കേരളത്തിലും കോഴിക്കോട്ടും തൃശ്ശൂരും കൊല്ലത്തും തിരുവനന്തപുരത്തുമെല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്ന കാണികളുടെ പങ്കാളിത്തത്തോടെ ദേശീയ ടൂർണമെന്റുകൾ നടന്നിരുന്നു. ലോക ഫൂട്ബോളെന്നാൽ അന്നുവരെ അവരിലേറെപ്പേർക്കും, യൂറോപ്പിൽ ഹംഗറിയും തെക്കനമേരിക്കയിൽ ബ്രസീലുമായിരുന്നുവെന്ന് കരുതണം. പിൽക്കാലത്ത് ലോകപ്രശസ്തരായ കമറൂണിന്റെ റോജർ മില്ലയും, സോവിയറ്റ് താരങ്ങളായ റിനാറ്റ് ദസ്സായേവും, ഇഗോർ ബലനോവുമെല്ലാം ഇന്ത്യയിൽ നെഹ്രു ട്രോഫി ഫൂട്ബോൾ കളിക്കാനെത്തിയിട്ടുണ്ട്. ബ്രസീലിയൻ ഫൂട്ബോളും പെലേ എന്ന കളിക്കാരനും അതിനകം തന്നെ മലയാളത്തിലെ പാഠപുസ്തകങ്ങളിലിടം നേടിയിരുന്നു. പീലേ എന്നായിരുന്നു അന്നത്തെ ഉച്ചാരണം. മലയാളത്തിലെ ജനപ്രിയ വാരികകളിൽ പെലെയുടെ ജീവചരിത്രം എൺപതുകളുടെ തുടക്കത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകിരിച്ചിട്ടുണ്ട്. അതിലായിരിക്കണം കേരളത്തിലെ ജനസാമാന്യം ഉറുഗ്വായ്, അർജന്റീന തുടങ്ങിയ ഫൂട്ബോൾ രാജ്യങ്ങളെ മനസ്സിലാക്കുന്നത്.

86 ലെ ലോകകപ്പുമുതൽ കളി കണ്ടു തുടങ്ങിയ യുവതലമുറ അതുവരെ മുതിർന്നവരുടെ ആരാധനാപാത്രമായി മാത്രം അറിഞ്ഞിരുന്ന പെലെ എന്ന പാഠപുസ്തകനായകന്റെ എതിർവശത്തു നിർത്താവുന്ന ഒന്നാം തരം കുരുത്തം കെട്ടവനെന്ന നിലയിൽ മറഡോണയെ കണ്ടെത്തുകയായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫൂട്ബോളർമാരിലൊരാളായ ഐ എം വിജയൻ ഈ തലമുറയുടെ പ്രതിനിധിയാണ്. മറഡോണയെ പറ്റി വിജയൻ സംസാരിക്കുന്ന ടെലിവിഷൻ ദൃശ്യത്തിൽ കളി, കളിക്കാരൻ, ആരാധകൻ എന്നിങ്ങനെയുള്ള മൂന്ന് നിലകളിൽ ഇന്ത്യൻ ഫൂട്ബോളിനെ കാണാം.

ഫൂട്ബോൾ എന്ന കളിയിൽ അന്തർലീനമായ കലഹവും കലാപത്വരയും അതിന്റെ ഉള്ളടക്കത്തിലും ചരിത്രത്തിലുമുള്ള വർഗ്ഗസ്വഭാവത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് പല സാമൂഹ്യശാസ്ത്ജ്ഞരും വിലയിരുത്തിയിട്ടുണ്ട്. കൊളോണിയൽ ഭരണത്തിന്റെ ഉപോത്പന്നമെന്ന നിലയിൽ ഫൂട്ബോളിനെ നോക്കുമ്പോൾ കോളനി രാജ്യങ്ങളിലെ തദ്ദേശീയർ അതിനോട് നടത്തിയ കലാപത്തിൽ നിന്നാണ് തനത് ഫൂട്ബോൾ ശൈലികൾ ഉരുത്തിരിഞ്ഞിട്ടുള്ളത് എന്ന് കാണാം. ബ്രസീലിലെ ജീംഗയും അർജന്റീനയിലെ ഗാംബീത്തയുമെല്ലാമടങ്ങുന്ന ഈ തനതുവത്കരണമാണ് (Creolization) ഫൂട്ബോളിനെ ഒരു തരത്തിൽ പോരാട്ടങ്ങളുടെ കൂടി പ്രതീകമാക്കുന്നത്. ഫൂട്ബോളിന്, പ്രത്യേകിച്ച് യൂറോപ്പിനു പുറത്ത് തെക്കനമേരിക്കയിലും ആഫ്രിക്കയിലും ചില ഏഷ്യൻ രാജ്യങ്ങളിലുമെല്ലാം രൂപപ്പെട്ട കളിക്ക് അധീശത്വത്തോടുള്ള കലഹം സൂക്ഷ്മാർത്ഥത്തിൽ അതിന്റെ രാഷ്ട്രീയ സ്വഭാവം നിർണ്ണയിക്കുന്നുണ്ട്. സ്ഥൂലമായ അർത്ഥത്തിൽ അത് അനിവാര്യമായും സാമ്രാജ്യത്വ വിരുദ്ധമോ മുതലാളിത്ത വിരുദ്ധമോ ആവുന്നില്ലെങ്കിലും കളി ആന്തരികമായി ഒരു വലതുപക്ഷ വിരുദ്ധരാഷ്ട്രീയത്തെ സ്വാംശീകരിക്കുന്നുണ്ട്.

മറഡോണ

അർജന്റീനയുടെ ചരിത്രവും രാഷ്ട്രീയവും വിപ്ലവകാൽപനികതയുടെ വിഭാവനങ്ങളെ തൃപ്തിപ്പെടുത്തുന്ന ചെ ഗുവാരയും മറഡോണയും പോലുള്ള ബിംബങ്ങളും അവരെ ഇടതുപക്ഷ പൊതുബോധത്തിന്റെ സ്വന്തം ടീമാക്കുന്നുണ്ട്. സി പി ഐ എം നേതാവും മുൻ മന്ത്രിയുമായ എം എം മണിയെ പോലുള്ളവർ മറഡോണയുടെ അർജന്റീന, ചെ ഗുവാരയുടെ അർജന്റീന എന്ന് ആ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനെ ഇതിനൊപ്പം വായിക്കാവുന്നതാണ്. അതേ സമയം ഇടതുപക്ഷ വർണരാജി (Spectrum)ക്കു പുറത്തു നിൽക്കുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ചെ ഗുവാര അവരുടെ പരിഗണനാ പരിധിയിൽ വരുന്നില്ലെന്ന് കാണാം. ഉദാഹരണമായി മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് അനുഭാവികളായ അർജന്റീന ആരാധകർക്ക് അർജന്റീന മറഡോണയിൽ തുടങ്ങി മെസ്സിയിലൂടെ തുടരുന്ന വൈകാരികതയാണ്. അധീശത്വത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമെന്ന നിലയിൽ ചെ ഗുവാരയെ അവർ തള്ളിക്കളയുന്നില്ലെങ്കിലും അയാൾ അവരുടെ ആദർശപുരുഷനല്ല. കളിക്കളത്തിനു പുറത്തുള്ള മറഡോണയുടെ നിയന്ത്രണരഹിതമായ ജീവിതം അവരെ ആകർഷിക്കുന്നില്ല. എന്നാൽ താരതമ്യേന സൗമ്യനും അന്തർമുഖനുമായ മെസ്സി അവരുടെ അരുമയായി മാറുന്നുമുണ്ട്. മെസ്സി ഗോളടിക്കാനായി, ആരേയുമറിയിക്കാതെ മമ്പുറം പള്ളിയിൽ പ്രാർത്ഥനക്കു പോകുന്ന അബ്ദുൽ ലത്തീഫ് അവരുടെ പ്രതിനിധിയാണ്. (അവലംബം: 2018- 21 വർഷങ്ങളിലായി മലപ്പുറം ജില്ലയിലെ ഫൂട്ബോൾ ആരാധകരുമായി നടത്തിയ സംഭാഷണം) കേരളത്തിലെ ഏറ്റവുമധികം ഫൂട്ബോൾ ആരാധകരുള്ള മേഖലയായി മലബാറും വിശിഷ്യ മലപ്പുറവും മാറിയതിന് കാരണം കേബിൾ ടെലിവിഷന്റെ വിതരണസാന്ദ്രതയും പ്രവാസജീവിതം കൊണ്ടുണ്ടായ സാമ്പത്തിക ഉന്നമനവുമാണെന്ന് മുഹമ്മദ് ഷഫീഖ്. കെ നിരീക്ഷിക്കുന്നുണ്ട്. (Football as the Popular Game of Malappuram- Third Front, a journal of Humanities and Social studies, 2013)

സാർവദേശീയ ഇടതുപക്ഷത്തെ കുറിച്ചുള്ള കാൽപനിക സങ്കൽപങ്ങൾ പേറുന്ന അവിശ്വാസികളേയും മതബോധത്തിലധിഷ്ഠിതമായ ധാർമ്മിക ജീവിതത്തെ ആദർശവത്കരിക്കുന്ന വിശ്വാസികളേയും തമ്മിൽ ഇവിടെ ബന്ധിക്കുന്ന ഘടകം ഫൂട്ബോളിൽ അന്തർലീനമായ ചങ്കൂറ്റം എന്ന കൽപിതമൂല്യമാണ്. കളിക്കളത്തിനകത്തുള്ള ഈ ചങ്കൂറ്റം, അധീശത്വ പ്രവണതകളെ ചോദ്യം ചെയ്യുന്നുണ്ടെന്നും തദ്ദേശീയമായ സാഹചര്യങ്ങളിൽ അതിന് കൈവരുന്നത് വലതുപക്ഷ വിരുദ്ധമായ ഒരു പ്രത്യയശാസ്ത്രമുഖമാണെന്നും ഇതിലൂടെ വായിക്കാനാവും.

Comments