ഫോസ്ബറി: ഒരു ഗെയിം ചെയ്ഞ്ചറുടെ ഞെട്ടിപ്പിച്ച നിമിഷങ്ങൾ

വിഭ്രാമകം എന്നു പറയാവുന്ന അത്ഭുതകരമായ ഗെയിം ചെയ്ഞ്ചാണ് ഫോസ്ബറി സ്പോർട്സ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അവതരിപ്പിച്ചത്. ഫോസ്ബറി ഫ്ലോപ് എന്ന് പിന്നീട് വിഖ്യാതമായ ഹൈജംപ് വിപ്ലവത്തിനുപിന്നിൽ പ്രവർത്തിച്ച പ്രതിഭയും അതിന്റെ ശാസ്​ത്രവും രേഖപ്പെടുത്തുകയാണ്​ ഡോ. എം. മുരളീധരൻ.

1968, മെക്സിക്കോ.

ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് മാരത്തോൺ ഓട്ടക്കാരുടെ ആദ്യ ബാച്ച് പ്രവേശിക്കുകയാണ്.
42 കിലോമീറ്റർ ഓടി എത്യോപ്യയുടെ മാമോ വോൾഡോയുടെ നേതൃത്വത്തിൽ കെമി കെൻജിഹാരേയും മൈക്ക് റയാനുമൊക്കെ സ്റ്റേഡിയത്തിലെ അവസാന ലാപ്പിന് ഊർജ്ജത്തിന്റെ അവസാന കണികയും പുറത്തെടുക്കുന്ന നിർണായക നിമിഷങ്ങൾ. ഓരോ ഒളിമ്പിക്സിലേയും ഏറ്റവും ഉജ്ജ്വലമായ വരവേൽപ്പും കാതടപ്പിക്കുന്ന കരഘോഷങ്ങളും ആർപ്പുവിളികളുമാണ് മാരത്തോൺ ഓട്ടക്കാരെ എതിരേൽക്കുക. പക്ഷേ, ഒരു നനഞ്ഞ കൈയടി മാത്രമാണ് ഓട്ടക്കാരെ അത്ഭുതപ്പെടുത്തി സ്റ്റേഡിയത്തിലുയർന്നത്.

സ്റ്റേഡിയത്തിന്റെ ഒരു ചെറുമൂലയിൽ കൈവിരലുകൾ നിവർത്തിയും മടക്കിയും സ്വയം സംസാരിച്ചും തന്റെ നിർണായകമായ മൂന്നാം ചാട്ടത്തിന് തയാറെടുക്കുന്ന നീണ്ടു മെലിഞ്ഞ ആ അത്​ലറ്റിൽ തറഞ്ഞിരിക്കുകയായിരുന്നു കാണികളുടെ കണ്ണുകളത്രയും. ശരീരം മുന്നോട്ടും പിന്നോട്ടും ഉലച്ച്, കൈവിരലുകൾ മടക്കി നിവത്തി തന്റെ അവസാന ചാട്ടത്തിന്റെ ശ്രമത്തിലായിരുന്നു അയാൾ. ഒരു പ്രത്യേക താളത്തിൽ ഓടിവന്ന് വളഞ്ഞോടിയ അവസാന പദചലനങ്ങൾക്കു ശേഷം അയാൾ ഒരു കുതിപ്പിൽ വായുവിലേക്കുയർന്നു. ഒരു മത്സ്യം വെള്ളത്തിൽ ഉയർന്നു ചാടുന്ന ട്രാജക്റ്ററി ഓർമ്മിപ്പിച്ച് വായുവിൽ മലർന്നുകിടന്ന് തല ബാറിനു മുകളിലൂടെ ആദ്യം കടത്തി അവസാന സെക്കന്റിൽ കാലുകൾ കുടഞ്ഞ് ബാറിനപ്പുറത്തേക്ക്​ അയാൾ ജമ്പിങ് പിറ്റിൽ സ്വന്തം തോളിൽ പതുക്കെ ലാൻഡ് ചെയ്തു.  ആ മുഹൂർത്തത്തിനായി മാത്രം കാത്തുവച്ചതെന്ന് തോന്നിക്കുന്ന ചെവിക്കല്ലു തകർക്കുന്ന കൈയടികളും ആർപ്പുവിളികളും ഒളിമ്പിക് സ്റ്റേഡിയത്തിൽ പൊട്ടിത്തെറിച്ചു. അതേ നിമിഷത്തിൽ പതിനാലാമനായി സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ച അമേരിക്കൻ മാരത്തോൺ റണ്ണർ കെന്നി മൂർ എന്തിനാണ് തനിക്ക് ഈ അഭൂതപൂർവമായ സ്വീകരണം എന്നറിയാതെ അമ്പരന്നു.

Photo: Olympics / Youtube

സ്പോർട്സ് ചരിത്രത്തിലെ ഇതഃപര്യന്തമുള്ള ഏറ്റവും മഹത്തായ മുഹൂർത്തങ്ങളിലൊന്നിലാണ് താൻ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചതെന്ന് പിന്നീടാണയാൾ  ഒട്ടൊരു അവിശ്വസനീയതയുടെ  തിരിച്ചറിഞ്ഞത്.

അത്‌ലറ്റിക്​സിന്റെ ചരിത്രത്തിൽ ഒരു സ്പോർട്സ് ഐറ്റത്തെ സമ്പൂർണമായി തിരുത്തിക്കുറിച്ച സംഭവങ്ങൾ മിക്കവാറും ഇല്ല എന്നു തന്നെ പറയാം. പോൾ വാൾട്ടിൽ ഫൈബർ പോൾ വന്നതു പോലും, ഒരു എക്വിപ്മെന്റ് ചെയ്ഞ്ച് മാത്രമായിരുന്നു. താനൊരു ആവറേജ് അത്​ലറ്റ് മാത്രമാണെന്നും പുതിയ ടെക്നിക്ക്​ കണ്ടുപിടിച്ചത് തികച്ചും ആകസ്മികമായിരുന്നു എന്നും വിനയപൂർവം പറഞ്ഞ ആ ലജ്ജാലുവായ അമേരിക്കാരൻ എഞ്ചിനീയർ സംജാതമാക്കിയ അമ്പരപ്പിക്കുന്ന വിപ്ലവം ഒരു അത്​ലറ്റിക്ക് ഐറ്റത്തിലും ആർക്കും ഇന്നുവരെ സാക്ഷാൽക്കരിക്കാനായിട്ടില്ല. നമുക്കൊരിക്കലും സങ്കല്പിക്കാനാവാത്ത, തികച്ചും വിഭ്രാമകം എന്നു മാത്രം പറയാവുന്ന അത്ഭുതകരമായ ഗെയിം ചെയ്ഞ്ചാണ് അദ്ദേഹം സ്പോർട്സ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അവതരിപ്പിച്ചത്. ഫോസ്ബറി ഫ്ലോപ് എന്ന് പിന്നീട് വിഖ്യാതമായ ഹൈജംപ് വിപ്ലവമാണ് അദ്ദേഹത്തിന്റെ കാലാതിവർത്തിയായ സംഭാവന.

1968 മെക്‌സിക്കോ ഒളിംപിക്‌സിലെ ഡിക്ക് ഫോസ്ബറിയുടെ വിഖ്യാതമായ 'ഫോസ്ബറി ഫ്‌ലോപ്' Photo: Olympics / Youtube

റിച്ചാർഡ് ഡഗ്ലസ് ഫോസ്ബറി എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ  പേര്. സ്പോർട്സ് ലോകത്തിന് പ്രിയപ്പെട്ട ഡിക്ക് ഫോസ്ബറിയും.

1963- ലായിരുന്നു അത് നടന്നത്. ഫോസ്ബറിയുടേയും ഹൈജമ്പിന്റെയും ഭാവി പാടേ തിരുത്തിക്കുറിച്ച ഒരു ബസ് യാത്ര.

റോട്ടറി സ്പോർട്സ് മീറ്റിൽ പങ്കെടുക്കുവാൻ ഒറിഗോണിൽ നിന്ന് ഗ്രാന്റ് പാസിലേക്കുള്ള ബസ്​ യാത്രയിലായിരുന്നു ഫോസ്ബറി. ഒന്നും ശരിയാവുന്നില്ലല്ലോ, അയാൾ പിറുപിറുത്തു കൊണ്ടിരുന്നു. സ്പോർട്സിൽ ഒരു മേൽ വിലാസമുണ്ടാക്കാനായിരുന്നു എന്നും ആ കുട്ടിയുടെ മോഹം. ബാസ്ക്കറ്റ് ബോളിലും ഫുട്ബോളിലും ഒരു കൈ നോക്കാതിരുന്നില്ല കുഞ്ഞു ഡിക്ക്. സ്ക്കൂളിൽ മികച്ച കളിക്കാർ ധാരാളമുണ്ടായിരുന്നതിനാൽ സ്ഥിരം റിസർവ് ബെഞ്ചിലായിരുന്നു സ്ഥാനം എന്നു മാത്രം. അത്​ലറ്റിക്സിൽ ആദ്യം ശ്രമിച്ച ഓട്ടമത്സരങ്ങളിൽ തന്റെ നീണ്ട് അല്പം വളഞ്ഞ രൂപം ആ രംഗത്തും ഒട്ടും ആശാവഹമായ സന്ദേശങ്ങളല്ല നൽകിയത്. ഒടുവിലാണ് ഹൈജംപ് പിറ്റിൽ തന്റെ ഭാവി അന്വേഷിക്കാൻ ഡിക്ക് തീർച്ചയാക്കിയത്. ജൂനിയർ ക്ലാസുകളിൽ  സിസർ കട്ട് ചാട്ടങ്ങൾ വഴി ചെറിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കൊച്ചു ഡിക്കിനായി. അഞ്ചടി നാലിഞ്ച് ചാടിക്കടന്ന ഡിക്ക് ഒന്നുരണ്ടു മീറ്റുകളിൽ ഹൈജംപ് ജേതാവു പോലുമായി.

പക്ഷേ, മെഡ് ഫോർഡ് സ്ക്കൂളിന്റെ ഹൈസ്കൂൾ ക്ലാസുകളിലേക്കെത്തിയപ്പോൾ വലിയ വെല്ലുവിളികളാണ് ഡിക്കിനെ കാത്തിരുന്നത്. സിസർ കട്ടിനേക്കാൾ ആധുനികമായ വെസ്റേറൺ റോളിലേക്ക് മാറാൻ കോച്ച് നിർബന്ധിച്ചു കൊണ്ടിരുന്നു. ഡിക്കിനാവട്ടെ അതിന്റെ മൂന്നു സ്റ്റെപ്പുകൾ  കൃത്യമായും സമയബന്ധിതമായും സന്നിവേശിപ്പിക്കുന്നത് വലിയ ബുദ്ധിമുട്ടായി മാറി.

വെസ്റ്റേണ്‍ റോള്‍ ജംപ്‌

ഹൈജംപ് ബാറിനടുത്തുള്ള കാലിൽ കിക്ക് ഓഫ് ചെയ്ത് ഉയർന്നുചാടുന്നതിനിടക്ക് വായുവിൽ 360 ഡിഗ്രി തിരിഞ്ഞ് മറുകാലിൽ പിറ്റിൽ ലാൻഡ് ചെയ്യുന്നതിന്റെ സങ്കീർണ്ണത ഡിക്കിന് എന്തുകൊണ്ടോ സ്വാംശീകരിക്കാൻ കഴിഞ്ഞതേയില്ല. 60 കുട്ടികൾ പങ്കെടുത്ത ഒരു ഇൻവിറ്റേഷനൽ സ്പോർട്ട്സ് മീറ്ററിൽ ആദ്യത്തെ ഉയരമായ അഞ്ച് അടി മൂന്നിഞ്ചുപോലും ചാടിക്കടക്കാൻ മൂന്നു ശ്രമങ്ങളിലും പരാജയപ്പെട്ടപ്പോൾ ഡിക്ക് ആകെ തകർന്നു പോയി. ആ ഞെട്ടലിലാണ് അയാൾ തന്റെ പഴയ സിസർ കട്ടിലേക്ക് മാറാൻ അനുവദിക്കണമെന്ന് കോച്ച് ഡീൻ ബെൻസനോട് ആഭ്യർത്ഥിച്ചത്. ഡിക്ക് മുൻ വർഷത്തേക്കാൾ താഴോട്ടുപോവുന്നു എന്നതു കൊണ്ടു മാത്രം ഒട്ടും ഇഷ്ടപ്പെടാതെയാണ് അയാൾ സമ്മതം നൽകിയതും. ബസിലിരുന്ന് ഫോസ്ബറി അതൊക്കെ ഒരിക്കൽ കൂടി ഓർത്തു. ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തങ്ങളിലൊന്നിലൂടെയാണ് താൻ കടന്നുപോവുന്നതെന്ന് അപ്പോൾ അയാൾ തിരിച്ചറിഞ്ഞതേയില്ല.

ആ നിമിഷത്തിൽ ഫോസ്ബറിയുടെ പുതിയ ചാട്ടം ബീജാവാപം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഡിക്കിന്റെ കോച്ച് ഡീൻ ബെൻസൺ യഥാർഥത്തിൽ സ്തബ്ധനായി പോയി.

ആ 25 കിലോമീറ്റർ ബസ് യാത്ര അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിയുളളപ്പോൾ ഡിക്ക് നിർണ്ണായകമായ ഒരു തീരുമാനമെടുത്തു: കഴിഞ്ഞ വർഷം ചാടിയ ഉയരമായ 5 അടി 4 ഇഞ്ച് കടക്കാനായില്ലെങ്കിൽ ഹൈജംപിൽ നിന്ന് എന്നെന്നേക്കുമായി വിടവാങ്ങും. ബസിന്റെ ടയറുകൾ വലിയ ശബ്ദത്തോടെ ഉരഞ്ഞുനിന്നു. സ്റ്റേഡിയമാണ് തൊട്ടു മുന്നിൽ. പന്ത്രണ്ടാമനായിട്ടായിരുന്നു ഡിക്കിന്റെ ഊഴം. അഞ്ചടി നാലിഞ്ച് താരതമ്യേനെ എളുപ്പത്തിലാണ് ഡിക്ക് ചാടിക്കടന്നത്.
പക്ഷേ ആ ചാട്ടത്തിൽ അസാധാരണമായതെന്തോ നടന്നതായി ഡിക്കിന് തോന്നി. സിസറിംഗിന്റെ മൂർദ്ധന്യത്തിൽ രണ്ടാമത്തെ കാൽ, ബാറിനെ ക്രോസ് ചെയ്യുന്ന മുഹൂർത്തത്തിൽ  പുറം വളയുകയും ഊര (hip) സാധാരണയിൽ നിന്ന് വ്യത്യസ്തമായി ബാറിന് സമാന്തരമായി ഉയരുകയും, തോളുകൾ ആ സമയത്ത് താഴോട്ടുപോവുകയും ചെയ്തു. പക്ഷേ ആരും അത് ശ്രദ്ധിച്ചതായി തോന്നിയില്ല. ഡിക്കിനും താനെന്താണ് ചെയ്യുന്നത് എന്ന് കൃത്യമായി പിടികിട്ടിയതുമില്ല. വളരെ എളുപ്പം അയാൾ 5 അടി 6 ഇഞ്ചും ചാടിക്കടന്നു.

സ്ട്രാഡിൽ ടെക്നിക്

നിരാശയുടെ അടിത്തട്ടിലെത്തിയപ്പോൾ ശരീരം അസാധാരണമായി പ്രതികരിച്ചതാവാം, അയാൾ അത്ഭുതത്തോടെ വിചാരിച്ചു. അത്തവണ ശരീരം കൂടുതൽ വളയുകയും ഊര, ബാറിന് കുറച്ചു കൂടി സമാന്തരമാവുകയും ചെയ്തു.

അഞ്ച് അടി എട്ടിഞ്ച് ചാടിക്കടക്കുമ്പോൾ കോച്ച് ഡീൻ ബെൻസനും മറ്റു സ്കൂളുകളിൽ നിന്നു വന്ന കോച്ചുകളും ഒട്ടൊരു ആശ്ചര്യത്തോടെ ഫോസ്ബറിയുടെ ചാട്ടം ശ്രദ്ധിച്ചു. ബെൻസനായിരുന്നു കൂടുതൽ അത്ഭുതം. മുമ്പൊരിക്കലും ആ ഉയരം ഫോസ്ബറി ചാടി കടന്നിട്ടില്ലെന്ന് അമ്പരപ്പോടെ അയാൾ ഓർത്തു.  മറ്റുള്ള കുട്ടികൾ തന്നെ നോക്കി പിറുപിറുക്കുന്നതു കണ്ടപ്പോഴും തികഞ്ഞ നിസ്സംഗനായിരുന്നു ഡിക്ക്. ബാർ അഞ്ച് അടി പത്തിഞ്ചിലേക്ക് ഉയർത്തി കഴിഞ്ഞിരുന്നു അപ്പോൾ.

സ്ട്രാഡിൽ ടെക്നിക് (straddle technique ) അവലംബിക്കുന്ന സ്റ്റീവ് ഡേവിസ് എന്ന മെഡ് ഫോർഡ് സ്കൂളിന്റെ ഹൈംജംപ്​ ചാമ്പ്യൻ അനായാസം ആ ഉയരം മറികടന്നു. അന്നത്തെ ലോകോത്തര ഹൈം ജംപ് ചാമ്പ്യന്മാരുടെ ഏറ്റവും ഇഷ്ടപ്പെട്ട രീതിയായിരുന്നു സ്ട്രാഡിൽ.

ഫോസ്ബറി തന്റെ പുതിയ രീതി നിരന്തരം പരിഷ്കരിച്ചുകൊണ്ടിരുന്നു. ബാറിനടുത്തെത്തുമ്പോൾ തോളുകൾ 45 ഡിഗ്രിയോളം പിന്നോട്ട് ചെരിച്ച് അയാൾ ചാടാൻ തുടങ്ങി. അങ്ങിനെ ഹൈജംപ് ചാട്ടം ചരിത്രത്തിൽ ആദ്യമായി പിന്നോട്ടായി രൂപാന്തരപ്പെട്ടു.

നല്ല വേഗതയിൽ ഓടി വന്ന് ബാറിനടുത്തുള്ള കാലിൽ കുത്തിയുയർന്ന് ലീഡ് ലഗ് (lead leg) ആയ മറ്റേ കാൽ ബാറിന് മുകളിലേക്കുയർത്തി, അതിന് സമാന്തരമാക്കി, തല ആദ്യം ബാറിനപ്പുറത്തേക്ക് കടത്തി, കുത്തിയുയർന്ന കാൽ മടക്കി ബാറിന് മുകളിലൂടെ കടത്തി, മുഖം താഴേക്കാക്കി (face down ) ചാടുന്ന ആ ശൈലിയായിരുന്നു റഷ്യക്കാരനായ ഒളിമ്പിക് ചാമ്പ്യൻ വലേറി ബ്രൂമൽ അടക്കമുള്ള അന്നത്തെ പ്രശസ്തരായ ചാട്ടക്കാർ അവലംബിച്ചിരുന്ന ഏറ്റവും പോപ്പുലറായ സ്ട്രാ ഡിൽ ടെക്നിക്ക്. രണ്ടു മൂന്നുപേർ കൂടി സ്ട്രാഡിൽ ടെക്നിക് ഉപയോഗിച്ച് ആ ഉയരം മറികടന്നു. ഫോസ്ബറിയുടെ ഊഴത്തിനാണ് എല്ലാവരും അപ്പോൾ  കാത്തിരുന്നത്. ചെസ്റ്റ് നമ്പർ വിളിച്ചപ്പോൾ ഒരു ധ്യാനത്തിലെന്നപോലെ നിന്ന് ഒരു ഞൊടിയിടയിൽ ഫോസ് ബറി എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആ ഉയരവും മറികടന്നു. ഇത്തവണ അയാൾ ബാറിന് മുകളിൽ ശരീരം വല്ലാതെ വളയ്ക്കുകയും ഊര നന്നായി ഉയർത്തുകയും ചെയ്തു. മിക്കവാറും മലർന്നാണ് ആ ഉയരം ഡിക്ക് മറികടന്നത്. ആ ചാട്ടം നിയമാനുസൃതമല്ല എന്നാണ് അമ്പരന്നുപോയ മിക്കവാറും കോച്ചുകളും അഭിപ്രായപ്പെട്ടത്.  അമേരിക്കൻ ട്രാക് ആൻറ്​ ഫീൽഡിന്റെ 182-ാമത്തെ ചട്ടമായിരുന്നു ഹൈജംപ് ലീഗാലിറ്റിയുടെ അവസാനവാക്ക്. അതിൽ ഫോസ്ബറിയുടെ ചാട്ടത്തെ അസാധുവാക്കുന്നതൊന്നും അവർക്ക് എത്ര ശ്രമിച്ചിട്ടും പക്ഷേ കണ്ടെത്താനായതുമില്ല.

വലേറി ബ്രൂമൽ

ആ നിമിഷത്തിൽ ഫോസ്ബറിയുടെ പുതിയ ചാട്ടം ബീജാവാപം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഡിക്കിന്റെ കോച്ച് ഡീൻ ബെൻസൺ യഥാർഥത്തിൽ സ്തബ്ധനായി പോയി. വെസ്റ്റേൺ റോളിലേക്കോ സ്ട്രാഡിലിലേക്കോ മാറാൻ പിന്നീടൊരിക്കലും അയാൾ ഡിക്കിനെ നിർബന്ധിച്ചില്ല, ഹൈജംപിന്റെ ചരിത്രം മുഴുവൻ അരിച്ചുപെറുക്കിയിട്ടും, കനഡക്കാരനായ ഡെബ്ബി ബ്രില്ലിന്റെ ഒരിക്കലും സ്ഥിരീകരിക്കപ്പെടാതെ പോയ അവകാശവാദത്തിനപ്പുറം, ഫോസ്​ബറിയുടെ ചാട്ടത്തിന്റെ ഒരു മുൻ മാതൃക അയാൾക്ക് ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കൂടി.

അടുത്ത വർഷത്തിലുടനീളം ഫോസ്ബറി തന്റെ പുതിയ രീതി നിരന്തരം പരിഷ്കരിച്ചുകൊണ്ടിരുന്നു. ബാറിനടുത്തെത്തുമ്പോൾ തോളുകൾ 45 ഡിഗ്രിയോളം പിന്നോട്ട് ചെരിച്ച് അയാൾ ചാടാൻ തുടങ്ങി. അങ്ങിനെ ഹൈജംപ് ചാട്ടം ചരിത്രത്തിൽ ആദ്യമായി പിന്നോട്ടായി രൂപാന്തരപ്പെട്ടു. ചരിത്രാതീത കാലം മുതൽ മനുഷ്യൻ ഉയരങ്ങൾ ചാടിക്കടന്നത് മുന്നോട്ട് മാത്രമായിരുന്നു. ഉയരം ചാടിക്കടക്കുവാൻ പിന്നോട്ട് ചാടാമെന്ന് ചരിത്രം അടിമുടി തിരുത്തി സ്വയം പ്രദർശിപ്പിച്ച് ഫോസ് ബറി ലോകത്തെ ഞെട്ടിച്ചു. മെഡ് ഫോഡ് സ്ക്കൂളിൽ 6 അടി 3 ഇഞ്ചിന്റെ പുതിയ റിക്കോർഡ് ആ വർഷം അയാളുടെ പേരിലായി. ബാറിനടുത്തേക്കുള്ള ഓട്ടവും ഫേസ്ബറി അപ്പാടെ പരിഷ്കരിച്ചു. ടെയ്ക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുൻപ്  നേരെ തിരിഞ്ഞ് തന്റെ പുറം ബാറിനുനേരെ കൊണ്ടുവന്നു. അങ്ങനെ ശരീരം നേരെ തിരിക്കുകയും (rotate) ചാടിയതിനു ശേഷം വളയ്ക്കുകയും (Arching ) ഊര ഉയർത്തുകയും, അവസാനമായി കാലുകൾ വായുവിൽ ശക്തമായി തുഴയുകയും ചെയ്ത് ചാട്ടത്തിന്റെ ഓരോ വിശദാംശത്തിലുംമാറ്റങ്ങൾ സൃഷ്ടിച്ചു. 1964 അവസാനത്തോടെ ആറടി അഞ്ചേകാൽ ഇഞ്ച് ചാടി സ്റ്റേറ്റ് മത്സരത്തിൽ അഭിമാനകരമായ രണ്ടാം സ്ഥാനത്തേക്ക് ഡിക്ക് കുതിച്ചെത്തി. കഷ്ടിച്ച് ഒരു വർഷം മുമ്പ് ഒരിക്കലും എത്തിപ്പിടിക്കാനാവില്ലെന്ന് അയാൾ ഉറപ്പിച്ചിരുന്ന സ്റ്റീവ് ഡേവിസിന് എത്രയോ മുന്നിലെത്തിയിരുന്നു അപ്പോൾ അയാൾ.

ഫ്രെസ്നോവിൽ നടന്ന, മൂന്നു യൂണിവേഴ്സിറ്റികൾ പങ്കെടുത്ത ഒരു സ്പോർട്​സ്​ മീറ്റിൽ ഫ്ലോപ് ടെക്നിക് അവലംബിച്ച് ആറടി പത്തിഞ്ച് അനായാസം ചാടി ഫോസ്ബറി ചാമ്പ്യനായത് വാഗ്​നറെ ശരിക്കും ഞെട്ടിച്ചു.

ആ വർഷം തന്നെയാണ് സ്പോർട്സ് ചരിത്രത്തിൽ എന്നെന്നേക്കുമായി രേഖപ്പെടുത്തപ്പെട്ട പ്രശസ്തമായ ആ നാമം ഡിക്കിന്റെ മലർന്ന് പുറകോട്ടുള്ള ചാട്ടത്തിന് ലഭിച്ചതും. സ്വന്തം നാടായ പോർട്ട് ലാൻഡിലെ മെഡ് ഫോർഡ് മെയ്ൽ ട്രിബ്യൂൺ എന്ന തദ്ദേശീയ പത്രത്തിന്റെ സ്റ്റാഫ് ഫോട്ടോഗ്രാഫർ ഡിക്കിന്റെ അത്ഭുതകരമായ ആ ചാട്ടത്തിന്റെ ഫോട്ടോ പത്രത്തിലിടുകയും അതിന് ഒരു അടിക്കുറിപ്പ് നൽകുകയും ചെയ്തു: Fosbury flops over the bar. ഫോസ്ബറിയുടെ ചാട്ടത്തിന്റെ വിശദാശംങ്ങളോടൊപ്പം ഒരു മത്സ്യം തോണിയിലേക്ക് ഉലഞ്ഞുവീഴുന്നതുപോലെയാണ് ആ ചാട്ടം എന്നു കൂടി ആ റിപ്പോർട്ടർ എഴുതി. ‘ഫോസ്ബറി ഫ്ലോപ്’ എന്ന നാമം ചരിത്രത്തിന്റെ ഭാഗമാകുന്നത് അങ്ങനെയാണ്.

ബെർനി വാഗ്നർ

1965-ൽ ഫോസ്ബറി ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്കെത്തിയപ്പോൾ പ്രഗത്ഭ ട്രെയിനറും ഹൈജമ്പറുമായിരുന്ന ബെർനി വാഗ് നർ ആയിരുന്നു അവിടുത്തെ കോച്ച്. ഡീൻ ബെൻസനെ പോലെ തന്നെ, അപകടകരവും മുൻ മാതൃകകളില്ലാത്തതുമായ ഫ്ലോപ് ടെക്നിക് ഒഴിവാക്കി ലോകത്തിലെ മികച്ച ചാട്ടക്കാർ പരിശീലിച്ച് വൻ നേട്ടങ്ങൾ കൈയെത്തി പിടിക്കുന്ന സ്ട്രാഡിൽ ടെക്നിക്കിലേക്കു മാറാൻ വാഗ് നർ ഫോസ്ബറിയെ ഉപദേശിച്ചു. ഇത്തവണ വളരെ പ്രശസ്തനായ ആ കോച്ചിന്റെ ഉപദേശം ഫോസ്ബറി അക്ഷരം പ്രതി സ്വീകരിക്കുകയും ആത്മാർത്ഥമായി സ്ട്രാഡിൽ പരിശീലിക്കുകയും ചെയ്തു. പക്ഷേ അന്ന് ആറടി ഏഴിഞ്ച് ചാടിക്കൊണ്ടിരുന്ന അത് ലറ്റിനെ അഞ്ചടി ആറിഞ്ചിലേക്കെത്തിക്കുക മാത്രമായിരുന്നു ആ സംരംഭത്തിന്റെ ആകെയുണ്ടായ ശേഷപത്രം. ഫേസ്ബറിയെ സ്ട്രാഡിൽ ജംപറാക്കാനുള്ള ശ്രമത്തിൽനിന്ന് വാഗ്​നർ പിറകോട്ടുപോയത് രസകരമായ ഒരു സംഭവത്തിനുശേഷമാണ്. 

ഫ്രെസ്നോവിൽ (Fresno) നടന്ന, മൂന്നു യൂണിവേഴ്സിറ്റികൾ പങ്കെടുത്ത ഒരു സ്പോർട്​സ്​ മീറ്റിൽ ഫ്ലോപ് ടെക്നിക് അവലംബിച്ച് ആറടി പത്തിഞ്ച് അനായാസം ചാടി ഫോസ്ബറി ചാമ്പ്യനായത് വാഗ്​നറെ ശരിക്കും ഞെട്ടിച്ചു. I am not sure what you are doing. But its working for you. So stick with it. This experimentation is over... ജംപിങ് പിറ്റിൽ നിന്ന് പുറത്തേക്കുവന്ന ഫോസ്ബറിയോട് അങ്ങിനെ പറയാതിരിക്കാൻ അയാൾക്കായില്ല.

1968 തുടക്കമാവുമ്പോഴേക്കും രാജ്യത്തെ ഏറ്റവും സ്ഥിരതയുളള മികച്ച ജംപറായി ഫോസ്ബറി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഏഴടിയിലേറെ അനായാസമായി ചാടി എല്ലാ മീറ്റുകളിലും ഫോസ്ബറി ശ്രദ്ധേയനായി. 

നിരന്തര പരിശീലനവും അർപ്പണബോധവും ഫോസ്ബറിയെ ഓരോ സീസണിലും വലിയ നേട്ടങ്ങളുണ്ടാക്കാൾ സഹായിച്ചു. പിറകോട്ടു ചാടി കഴുത്തും തോളും കുത്തി വീഴുന്ന ഫ്ലോപ് ടെക്നിക് അത്യന്തം അപകടകരമാണെന്നും പുതിയ തലമുറ നിങ്ങളെ അനുകരിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നും ലോസ് ആഞ്ചലസിലെ മെഡിക്കൽ ഡയറക്ടർ കത്തെഴുതിയെങ്കിലും അതൊന്നും ഫോസ്ബറിയുടെ നിശ്ചയദാർഢ്യത്തെ തെല്ലും ഉലച്ചില്ല. അക്കാലത്ത് ഹൈജംപ്​ പിറ്റുകളിൽ സ്പോഞ്ച് ഉപയോഗിക്കാൻ തുടങ്ങിയത് ഡിക്കിന് അപ്രതീക്ഷിത അനുഗ്രഹമായി മാറുകയും ചെയ്തു. 1968 തുടക്കമാവുമ്പോഴേക്കും രാജ്യത്തെ ഏറ്റവും സ്ഥിരതയുളള മികച്ച ജംപറായി ഫോസ്ബറി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഏഴടിയിലേറെ അനായാസമായി ചാടി എല്ലാ മീറ്റുകളിലും ഫോസ്ബറി ശ്രദ്ധേയനായി.  ദേശീയാടിസ്ഥാനത്തിലെ ഏറ്റവും പ്രധാന സ്പോർട്സ് മത്സരങ്ങളിലൊന്നായ നാഷനൽ കോളേജിയറ്റ് അത്​ലറ്റിക് അസോസിയേഷൻ മീറ്റിൽ ഏഴടി രണ്ടേകാൽ ഇഞ്ച്​ ചാടി ആ വർഷം ഫോസ്ബറി ചരിത്രം സൃഷ്ടിച്ചു.

സിസര്‍ കട്ട് ജംപ്‌

ഒളിമ്പിക് സ്വപ്നങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങൾ ആരായാൻ തുടങ്ങിയപ്പോഴാണ് ഫോസ്ബറി അത്തരമൊരു സാദ്ധ്യതയെക്കുറിച്ച് ഓർക്കുന്നത്.

1968 ജൂണിലായിരുന്നു അമേരിക്കൻ ഒളിമ്പിക് ട്രയലിലേക്കുള്ള അത്​ലറ്റുകളുടെ തെരഞ്ഞെടുപ്പ്. അതിനുമുമ്പായി തന്റെ ടെക്നിക്കിൽ കുറച്ചു കൂടി മികവുറ്റ മാററങ്ങൾ  കൊണ്ടു വരാൻ ഡിക്കിന് കഴിഞ്ഞു. J എന്നെഴുതിയ പോലുള്ള ഒരു വളഞ്ഞ ഓട്ടമാണ് ടെയ്​ക്കോഫിനു തൊട്ടു മുമ്പായി ഫോസ്ബറി സ്വീകരിച്ചത്. അവസാന പാദത്തിലെ ഓട്ടത്തിന്റെ വേഗത പതിന്മടങ് വർദ്ധിപ്പിക്കുവാനും ടെയ്ക്ക് ഓഫിനുമുമ്പായി തന്റെ ഊര കൃത്യമായി വളയ്ക്കുന്നതിനും (Hip rotation) ഈ രീതി അദ്ദേഹത്തെ സഹായിച്ചു. ഹൈംജംപ്​ ചരിത്രം തന്നെ മാറ്റിയെഴുതിയ മറ്റൊരു പുതുമ കൂടി ഫോസ് ബറി കൊണ്ടുവന്നു.

ബാറിന് ഒരടി ദൂരത്തിനുള്ളിൽ വെച്ചാണ് ഹൈജംപർമാർ എല്ലാവരും ടെയ് ക്ക് ഓഫ് ചെയ്യാറ്. മാത്രമല്ല, ഏത് ഉയരത്തിൽ ചാടുന്നതും സ്ഥിരമായി ബാറിനടുത്തെ ഒരു പ്രത്യേക പോയിൻറിൽ നിന്നായിരിക്കുകയും ചെയ്യും, അന്നുവരെ നിലനിന്നുപോന്ന ഈ രണ്ട് രീതികളും തിരസ്കരിച്ച് ഉയരം കുടുന്തോറും ബാറിൽ നിന്ന് കൂടുതൽ പിന്നാക്കം നിന്നുചാടുന്ന രീതി ഫോസ്ബറി അവതരിപ്പിച്ചു. വായുവിൽ മലർന്നുകിടന്ന് പുറംവളച്ച് തലയാദ്യം ബാറിനപ്പുറത്തേക്ക്​ കടത്തി ചാടുമ്പോൾ ഒരു പാരബോള (Para bola) യാണ് അന്തരീക്ഷത്തിൽ സൃഷ്ടിക്കപ്പെടുന്നത്. കൂടുതൽ ഉയരത്തിലേക്ക് ചാടുമ്പോൾ കൂടുതൽ വലിയ പാരബോള ആവശ്യമായി വരുന്നുണ്ട്. അതിന് കൂടുതൽ flight time -ഉം ആവശ്യമായി വരും. ഈ രണ്ട് കാര്യങ്ങൾ പരിഹരിക്കാനാണ് ഉയരം കൂടുന്തോറും ബാറിൽ നിന്ന് കൂടുതൽ കൂടുതൽ പിറകിൽ നിന്ന് ഡിക്ക് ചാടാൻ തുടങ്ങിയത്. ഏഴടിക്കുമുകളിൽ പോവുമ്പോഴൊക്കെ നാലടിയോളം പിറകിൽ നിന്നായിരുന്ന ഡിക്കിന്റെ ടെയ്ക്ക് ഓഫ്.

ഫോസ്ബറി ചാടാനൊരുങ്ങിയപ്പോൾ സ്റ്റേഡിയം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. അല്പം ടെൻഷനുണ്ടെന്ന് തോന്നിച്ചെങ്കിലും ഫോസ്ബറി ആദ്യ ചാട്ടത്തിൽ തന്നെ ആ ഉയരം അനായാസം മറികടന്നു.

1968 ജൂൺ അവസാന വാരത്തിൽ ലോസ് ആഞ്ചലസിൽ നടന്ന ഒളിമ്പിക് ട്രയലിൽ ഏഴ് അടി ഒരു ഇഞ്ച് ചാടി ഫോസ്ബറി ഒന്നാം സ്ഥാനം നേടി. ലേക്ക് ടാബോവിലെ എക്കോ സമ്മർ ക്യാമ്പിൽ പങ്കെടുക്കാതെ തന്നെ ഒന്നാം സ്ഥാനക്കാരൻ നേരിട്ട് ഒളിമ്പിക് ടീമിൽ  ഉൾപ്പെടും എന്നാണ് സംഘാടകർ തുടക്കത്തിൽ  പറഞ്ഞിരുന്നത്. പക്ഷെ ഒളിമ്പിക്സ് നടക്കാൻ പോവുന്ന, സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിലുള്ള മെക്സിക്കോയിലെ പ്രകടനം സമുദ്രനിരപ്പിലുള്ള ലോസ് ആഞ്ചലസിലെ പ്രകടനം കൊണ്ട് വിലയിരുത്താനാവില്ലെന്ന് അമേരിക്കൻ ഒളിമ്പിക് കമ്മിറ്റി നിലപാടെടുത്തു. എക്കോ സമ്മറിൽ നടന്ന ട്രയലിൽ അല്പം നിരാശാഭരിതനായിരുന്ന ഫോസ്ബറി 2 മീറ്റർ 18 സെമി വരെ നാലാം സ്ഥാനത്തായിരുന്നു. ഒടുവിൽ 2 മീറ്റർ 20 സെ.മീ ചാടി ഫോസ്ബറി, എഡ് കാരുത്തേഴ്സ്, റെയ്നാൾഡോ ബ്രൗൺ എന്നിവർ ഒളിമ്പിക് ടീമിലേക്ക് യോഗ്യത നേടി.

സമുദ്രനിരപ്പിൽ നിന്ന് 3645 അടി ഉയരമുള്ള മെക്സിക്കോ സിറ്റിയിൽ 1968 ഒക്ടോബർ 12ന്​ ആതിഥേയ ടീമംഗം എൻറിക്കറ്റാ ബാസിലിയോ ഒളിമ്പിക് ദീപം തെളിയിച്ച്​ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ഒളിമ്പിക്സിന്റെ ദീർഘകാല ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഒളിമ്പിക് ദീപം തെളിയിക്കുന്നത്. ഒക്ടോബർ 19-ന്​ വാശിയോടെ നടന്ന ഹൈംജംപ് ക്വാളിഫൈയിങ് റൗണ്ടിൽ നിന്ന് തന്റെ അമേരിക്കൻ സുഹൃത്തുക്കളോടൊപ്പം ഫോസ്ബറിക്കും ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം ലഭിച്ചു. ഒക്ടോബർ 20ന്​ ഉച്ചക്ക് രണ്ടരക്കായിരുന്നു ഫൈനൽ.

വലേറി സ്‌കോര്‍സോവ്

കൃത്യസമയത്ത് ഹൈജംപ് മത്സരം ആരംഭിച്ചു. ബാർ 6 അടി 11.5 ഇഞ്ചിലെത്തിയപ്പോൾ  മത്സരാർത്ഥികളുടെ എണ്ണം പെട്ടെന്ന് കുറയാൻ തുടങ്ങി. ഫോസ്ബറിയുടെ പുതുമയേറിയ ചാട്ടം കാണികളെ ആദ്യം അമ്പരപ്പിച്ചെങ്കിലും വളരെ വേഗം ഫോസ്ബറി കാണികളുടെ ഓമനയായി. ഓരോ ചാട്ടത്തിനും സ്റ്റേഡിയം കൗതുകത്തോടെ എഴുന്നേറ്റുനിന്നു കൈയടിച്ചു, ചിരിച്ചു മറിഞ്ഞു.  ഏഴടി ഒരിഞ്ച് കടന്നപ്പോൾ മത്സരാർത്ഥികൾ മൂന്ന്  അമേരിക്കൻ അത് ലറ്റ്കളും റഷ്യയുടെ വലേറി സ്കോർസോവും വലേറി ഗാവ്റിലോവും മാത്രമായി ചുരുങ്ങി. മെക്സിക്കൻ അന്തരീക്ഷത്തിൽ സൂര്യൻ പതുക്കെ താഴാൻ തുടങ്ങി.  ബാർ ഏഴടി രണ്ടിഞ്ചിലേക്കുയർന്നു. കാണികൾ ഉ​ദ്വേഗത്തിലാണ്ടു.

ഫോസ്ബറി ചാടാനൊരുങ്ങിയപ്പോൾ സ്റ്റേഡിയം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. അല്പം ടെൻഷനുണ്ടെന്ന് തോന്നിച്ചെങ്കിലും ഫോസ്ബറി ആദ്യ ചാട്ടത്തിൽ തന്നെ ആ ഉയരം അനായാസം മറികടന്നു. കാരുത്തേഴ്സിന്റെ ആദ്യത്തെ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും മൂന്നാമത്തെ ചാട്ടത്തിൽ ബാറിനും വളരെ ഉയരത്തിൽ ഏഴടി രണ്ടിഞ്ച് അയാൾ കൃത്യമായി ചാടിക്കടന്നു. റഷ്യയുടെ സ്കോർസോവിനും അമേരിക്കൻ ജംപർ റെയ്നാൾ ഡോ ബ്രൗണിനും ആ ഉയരം മറികടക്കാനായില്ല. ഗാവ് രിലോവും ആദ്യ ചാട്ടത്തിൽ തന്നെ അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടി.

ഒടുവിൽ, അങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു ചാട്ടക്കാർ മാത്രമായി മത്സരത്തിൽ.
എഴടി മൂന്നേകാൽ ഇഞ്ച് ആയി ഉയർന്നു, അവർ ചാടിക്കടക്കേണ്ട ഉയരം. മൂന്നവസരങ്ങളിലും  ഗാവ് രിലോവിന് ആ ഉയരം എത്തിപ്പിടിക്കാനായില്ല. വെങ്കല മെഡലിന് അവകാശിയായി ഗാവ്റി ലോവ് കളം വിട്ടു. കാരുത്തേഴ്സ് രണ്ടാമത്തെ ചാൻസിൽ ബാർ ക്ലിയർ ചെയ്തു. മുന്നോട്ടും പിന്നോട്ടും ആഞ്ഞ് ഓടി വന്ന ഫോസ്ബറി ആദ്യത്തെ ചാട്ടത്തിൽ തന്നെ ആ ഉയരം മറികടന്നു. കാണികളുടെ കൈയടിയും ആരവവും ഉച്ചസ്ഥായിയിലെത്തി.

വലേറിഗാവ്‌റിലോവ്

ആരായിരിക്കും ചാമ്പ്യൻ?
കാണികൾക്ക് സീറ്റുകളിൽ ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. ബാർ 2 മീറ്റർ 24 സെ.മീ (7 അടി നാലേ കാൽ ഇഞ്ച്)  ഉയരത്തിലാണിപ്പോൾ. പുതിയ ഒളിമ്പിക് റിക്കോഡിന്റെ ഉയരം. ഫോസ്ബറിയോ കാരുത്തേഴ്സോ ഇതുവരെ ചാടിക്കടക്കാത്ത ഉയരം.

ഫോസ്ബറിയുടേതായിരുന്നു ആദ്യ ഊഴം. അവസാന സെക്കന്റിൽ കാൽവിരൽ  തൊട്ട് ബാർ നിലത്തേക്ക്. കാരുത്തേഴ്സിനും ആദ്യ ശ്രമം പിഴച്ചു. രണ്ടാം ശ്രമത്തിലും ഫോസ് ബറിക്ക് ആ ഉയരം മറികടക്കാനായില്ല. കാരുത്തേഴ്സിന്റെ രണ്ടാം  ശ്രമവും പരാജയപ്പെട്ടു. ഇനി ഇരുവരുടേയും അവസാന ഊഴമാണ്. മൂന്നാമത്തെയും അവസാനത്തേയും അവസരം.

മൈതാനത്തിന്റെ ആ മൂലയിലേക്ക് എൺപതിനായിരം കാണികളുടെ മനസ്സുകളും കണ്ണകളും കേന്ദ്രീകരിച്ചു. കൈവിരലുകൾ നിവർത്തിയും മടക്കിയും സ്വയം സംസാരിച്ചും നിന്ന ആ അത് ലറ്റ് ജമ്പിങ്ങ് പിറ്റിനടുത്തേക്ക് ഓടാൻ തുടങ്ങി. മാരത്തോൺ ഓട്ടക്കാരുടെ ആദ്യത്തെ ഗ്രൂപ്പ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു ആ നിമിഷത്തിൽ.

ഫോസ്ബറി ഒളിമ്പിക്ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞിരുന്നു അപ്പോൾ, വലേറി ബ്രൂമലിന്റെ ലോക റിക്കാർഡ് 2.28 മീറ്റർ മറികടക്കാനായില്ലെങ്കിൽ കൂടി. കാരുത്തേഴ്സിന് മൂന്നവസരങ്ങളിലും ആ ഉയരം മറികടക്കാനായില്ല. സ്റ്റേഡിയം ആ ഒളിമ്പിക്സിൽ അതുവരെ കാണാത്ത രീതിയിൽ പൊട്ടിത്തെറിക്കുകയായിരുന്നു പിന്നീട്.

ഫോസ്ബറിയുടെ മരണത്തെ തുടര്‍ന്ന് പ്രിയ സുഹൃത്തായ റേ ഷുള്‍ട്ട് ഇന്‍സ്റ്റഗ്രാമിലെഴുതിയ കുറിപ്പ്

മെക്സിക്കോയിൽ പുതിയ ഒളിമ്പിക് ചരിത്രം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷേ, ജീവിതത്തിലൊരിക്കലും പിന്നീട് ആ ഉയരം, 2.24 മീറ്റർ, മറികടക്കാൻ ഫോസ്ബറിക്കായില്ല. ഒരു അത്​ലറ്റ് എന്ന നിലയിൽ  അദ്ദേഹത്തിന്റെ ഹംസഗാനം കൂടിയായിരുന്നു മെക്സിക്കോ ഒളിമ്പിക്സ്.

ഒളിമ്പിക് കായിക മത്സരങ്ങൾ ആരംഭിച്ചശേഷം ഫോസ്ബറി ഫ്ലോപ് പോലെ സ്പോർട്സ് രംഗത്തെ അടിമുടി മാറ്റിപ്പണിയുകയും തികച്ചും അചിന്ത്യവും അത്ഭുതകരവുമായ മാറ്റം ഒരു കായിക മത്സരത്തിൽ സൃഷ്ടിക്കുകയും പുതിയ അത്​ലറ്റുകളെ ഒന്നടങ്കം ആകർഷിക്കുകയും ചെയ്ത മറ്റൊരു കായിക വിപ്ലവവും നടന്നിട്ടില്ല. കഷ്ടിച്ച് നാലുവർഷത്തിനു ശേഷം മാത്രം നടന്ന 1972-ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ ഹൈജംപ് മത്സരത്തിൽ പങ്കെടുത്ത നാല്പതിൽ ഇരുപത്തെട്ടുപേരും ഫോസ്ബറി ഫ്ലോപ് ആണ് അവലംബിച്ചത്. 1988 സിയോൾ ഒളിമ്പിക്സിനുശേഷം ഒരു കായികതാരവും ഫോസ്ബറി ഫ്ലോപ്പല്ലാതെ  മറ്റൊരു രീതി ഉപയോഗിച്ച്​ ഹൈജംപിൽ പങ്കെടുത്തിട്ടുമില്ല. അത്രമാത്രം അത് ലറ്റ് ഫ്രൻഡ്ലിയും മികച്ചതുമായ ടെക്നിക് ആണ് ഫോസ്ബറി ഫ്ലോപ് എന്ന സാക്ഷ്യമാണ് ആ അമ്പരപ്പിക്കുന്ന സ്വീകാര്യത വെളിവാക്കുന്നത്.

പിയറി കുബേർട്ടിൻ 1896-ൽ ആതൻസിൽ നടത്തിയ ഒന്നാം ആധുനിക ഒളിമ്പിക്സ് മുതൽ നിലവിലുണ്ടായിരുന്ന എല്ലാ ഹൈജംപ്​ ടെക്നിക്കുകളേയും ഫോസ്ബറിക്കുശേഷം അത് ലറ്റുകൾ ഒന്നടങ്കം തിരസ്കരിച്ചത് എന്നത്തേയും സ്പോർട്സ് അൽഭുതമായി നിലനിൽക്കും.

എന്താണ് ഈ ഫോസ്ബറിയൻ അത്ഭുതത്തിന്റെ ശാസ്ത്രീയ അടിസ്ഥാനം?
ആ അത്ഭുതം വസ്തുക്കളുടെ സെന്റർ ഓഫ് ഗ്രാവിറ്റി (മാസ്​) യുമായി ബന്ധപ്പെട്ടു കിടക്കുന്നു. സാധാരണഗതിയിൽ  മനുഷ്യന്റെ സെന്റർ ഓഫ് മാസ് എകദേശം പൊക്കിൾക്കുഴിയുടെ അടുത്തായിട്ടാണ് വരിക. കൈകൾ ഉയർത്തുമ്പോൾ അത് ഉയർന്ന് നെഞ്ചിൻകുഴിയുടെ അടുത്തെത്തും. നന്നായി കുനിയുമ്പോഴാവട്ടെ അത് ശരീരത്തിനു പുറത്ത്, തൊട്ടുതാഴെ പൊക്കിളിന്റെ മുന്നിലായിട്ടാണ് വരിക. ഈ ശാസ്ത്രീയ വിജ്ഞാനമാണ് ഫോസ്ബറി ഫ്ലോപ്പിന്റെ അടിത്തറ. ഒരു സിസർ കട്ട് - സ്ട്രാഡിൽ - വെസ്​റ്റേൺ റോൾ ചാട്ടക്കാരന്റെ സെന്റർ ഓഫ് മാസ് ബാറിനു മുകളിൽ ജംപറുടെ വയറിന്റെ പരിസരത്തായിരിക്കും. എന്നാൽ ഫോസ്ബറി ഫ്ലോപ്പിൽ ബാറിനു കുറുകെ ശരീരം വില്ലുപോലെ വളച്ചെടുക്കുമ്പോൾ സെന്റർ ഓഫ് മാസ് ശരീരത്തിനുപുറത്ത് ബാറിനു താഴെയായിരിക്കും. അതുകൊണ്ടുതന്നെ മറ്റു രീതികളിൽ ചാടുന്നതിന്റെ ഊർജ്ജമുപയോഗിച്ച് അവയെക്കാൾ ഉയരത്തിൽ ചാടാൻ ഫോസ്​ബറി ഫ്ലോപ്പുകാരന് വളരെ എളുപ്പത്തിൽ  സാധിക്കും.

കഴിഞ്ഞ മാർച്ച് 12ന്​, 76-ാമത്തെ വയസ്സിൽ മഹാനായ ആ അത്​ലറ്റ് ഈ ലോകത്തുനിന്ന്​ വിട വാങ്ങി. 2008 മുതൽ അദ്ദേഹത്തിന്റെ ശരീരത്തിൽ കയറി കൂടിയ ലിംഫോമയായിരുന്നു മരണകാരണം. ഫോസ്ബറിയുടെ പ്രിയ സുഹൃത്ത് റേ ഷുൾട്ട് ഇൻസ്റ്റാഗ്രാമിലൂടെ 13-ാം തിയ്യതിയാണ് മരണം ലോകത്തെ അറിയിച്ചത്: Dick will be greatly missed by friends and fans from around the world. A true legend and friend of all.
ആ പോസ്റ്റിന്റെ  അവസാനം ഇങ്ങനെയായിരുന്നു; Au Revoir Amigo… (good bye)

Comments