1988ലെ സിയോൾ ഒളിമ്പിക്‌സിലെ ബെൻ ജോൺസന്റെ ഓട്ടം, 2015 ലോകചാമ്പ്യൻഷിപ്പിൽ വിജയം നേടിയ ഉസൈൻ ബോൾട്ടിന്റെ ആഹ്ലാദ പ്രകടനം

ഈ ഒളിമ്പിക്‌സ് കഴിയുമ്പോൾ ഞാൻ
ജോൺസണെ ഓർക്കുന്നു, ബോൾട്ടിനെയും

ബോൾട്ട് യുഗത്തിനുശേഷം 100 മീറ്റർ ആണോട്ടത്തിന്റെ ചാരുത വീണ്ടും തലകുത്തി വീഴുകയാണ്. ഇത്തവണത്തെ ആണോട്ട മത്സരങ്ങൾ പെണ്ണോട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വെറും സൈഡ് ഷോ ആയി മാറി.

ണ്ട് ഓട്ടപ്പന്തയങ്ങൾ. രണ്ടും കിഴക്കൻ ഏഷ്യയിൽ.
ഇതിനിടയിൽ 20 വർഷത്തെ ഗ്യാപ്പുണ്ടെന്ന് മാത്രം.
അന്യഗൃഹത്തിൽ നിന്നെത്തിയ ഒരു സന്ദർശകനോട് നിങ്ങൾക്ക് മോഡേൺ അത്‌ലറ്റിക്‌സിന്റെ കഥ പറയണമെങ്കിൽ രണ്ടു പന്തയങ്ങളിലെയും വിജയത്തിന്റെ സമയം കൂട്ടിയാൽ കിട്ടുന്ന 19.48 (അതായത് 9.79 +9.69 ) സെക്കൻഡുകളെ വിശദീകരിച്ചാൽ മതിയാവും. 1988ലെ സിയോൾ ഒളിമ്പിക്‌സിലെ ബെൻ ജോൺസന്റെ ഓട്ടം, നമ്മിലെ നിഷ്‌കളങ്കനെ കൊന്നുകളഞ്ഞ ആ പന്തയ ഓട്ടം! ഇനി, രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ബെയ്ജിംഗിൽ ഉസൈൻ ബോൾട്ട് ഓടിയ ആ ഓട്ടം. മരുന്നടിച്ചതിയന്മാരും ലബോറട്ടികളും വിളനിലമാക്കിയ ഒരു സ്‌പോർട്ടിനെ ഒറ്റക്ക് പുനരുജ്ജീവിപ്പിച്ച ഒരൊന്നര ഓട്ടം.

ജോൺസണെപ്പോലെയല്ല, ഒരു ഭാവി താരം ആയാണ് ബോൾട്ട് വളർന്നത്.
എപ്പഴും ആഘോഷ പാർട്ടികളിൽ, പോരെങ്കിൽ അലസനും. ഇതു മാത്രമായിരുന്നു ബോൾട്ടിന്റെ ന്യൂനതകൾ

രണ്ടു പേരുടെയും സാഹചര്യങ്ങൾ സിമിലറാണ്, എന്നാൽ വ്യത്യസ്തവുമാണ്. കരീബിയൻ ദ്വീപായ ജമൈക്കയുടെ വടക്കൻ തീരത്ത്, ഫാൾമൗത്തിലാണ് ജോൺസൺ ജനിച്ചത്. 15-ാം വയസ്സിൽ കാനഡയിലേക്കു കുടിയേറുമ്പോൾ ആർക്കുമറിയില്ല ഇയാളെ . ജോൺസണ് 25 വയസ്സുള്ളപ്പോഴാണ് ബോൾട്ട് ജനിച്ചത്. ഫാൾമൗത്തിന് 15 കിലോമീറ്റർ തെക്ക് ഷെർവുഡ് കണ്ടന്റിൽ. ജോൺസണെപ്പോലെയല്ല, ഒരു ഭാവി താരം ആയാണ് ബോൾട്ട് വളർന്നത്.
എപ്പഴും ആഘോഷ പാർട്ടികളിൽ, പോരെങ്കിൽ അലസനും. ഇതു മാത്രമായിരുന്നു ബോൾട്ടിന്റെ ന്യൂനതകൾ. ഇതിനൊക്കെപ്പുറമേ ജമൈക്കക്കാർക്ക് തങ്ങളുടെ ദ്വീപിന് എന്തോ ഒരു ഗ്രഹപ്പിഴയുണ്ടെന്ന ഭയവും കലശലായി ഉണ്ടായിരുന്നു.

മറ്റു സ്വർണമെഡലുകളൊന്നും കൊള്ളില്ലെന്നല്ല, എന്നാലും ട്രാക്ക് ആൻഡ് ഫീൽഡിലെ ഒരു പ്രദർശന വസ്തുതന്നെയാണ് 100 മീറ്റർ ആണോട്ടം, ഒളിമ്പിക്‌സിൽ പ്രത്യേകിച്ചും. ലോകത്തിലെ തന്നെ പല മികച്ച ഓട്ടക്കാരും ഒളിമ്പിക്‌സിൽ ഗോൾഡ് കിട്ടാതെ നിരാശരായിട്ടുണ്ട്.

1988 ൽ സിയോളിൽ നടന്ന ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ബെൻ ജോൺസന്റെ ആഹ്ലാദ പ്രകടനം. / Photo : Ben Johnson FB Page.

ഹെർബ് മാക്ക് കിൻലെ (1952, ഹെൽസിങ്കി), ലെനോക്‌സ് മില്ലർ (1968, മെക്‌സിക്കോ സിറ്റി), ഡോൺ ക്വാറി (1976, മോൺട്രിയാൽ ) എന്നിവർ ഉദാഹരണം.1976 ൽ 200 മീറ്ററിൽ സ്വർണം നേടിയ ക്വാറി ആയിരുന്നു അക്കാലത്തെ മികച്ച ഓട്ടക്കാരനായി കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, 100 മീറ്ററിൽ ട്രിനിഡാഡ് ആൻഡ് ടുബോഗോയുടെ ഹാസ്​ലി ക്രാഫോർഡ് ക്വാറിയെ പിന്തള്ളിക്കളഞ്ഞു.

2007 ൽ ക്രിക്കറ്റ് വേൾഡ് കപ്പ് റിപ്പോർട്ട് ചെയ്യാൻ ഞാൻ ജമൈക്കയിൽ ഉണ്ടായിരുന്നു. കിംഗ്സ്റ്റണിലെ നാഷണൽ സ്റ്റേഡിയം ത്തിനരികിലെ മലിനജല കനാലിനോട് ചേർന്ന് ഒരു മതിൽ നിരയുണ്ട്, നാട്ടുകാരതിനെ ‘വാൾ ഓഫ് ഓണർ’ എന്ന് വിളിക്കും. മതിലുകളിൽ ഈ കൊച്ചു രാഷ്ട്രത്തിലെ മിക്ക കളിക്കാരുടെയും പെയിന്റിംഗുകൾ കാണാം.അതിൽ അത്‌ലറ്റുകൾ ഉണ്ട്, ക്രിക്കറ്റ് കളിക്കാർ ഉണ്ട്. ജമൈക്കയുടെ ഫുട്‌ബോൾ ഇതിഹാസം അലൻ കോൾ ഉണ്ട്. ‘സ്‌കിൽ '' എന്ന ഓമനപ്പേരിലറിയപ്പെട്ട അലൻ ഒരു ഫുട്‌ബോളർ മാത്രമായിരുന്നില്ല ജമൈക്കക്ക്. ജമൈക്കയുടെ സംഗീത - സാംസ്‌കാരിക വികാരമായ ബോബ് മാർലിയുടെയും വെയ്‌ലേഴ്‌സിനെയും ടൂർ മാനേജറുമായിരുന്നു അലൻ കോൾ.

അലൻ കോൾ

ജമൈക്കയിൽ സ്‌പെൻസറായിരുന്നു എന്റെ സാരഥി. മതിലുകളിലെഴുതിയ ഗാഥകളത്രയും ഇയാൾക്ക് സുപരിചതമായിരുന്നു. പക്ഷേ, ആരാവും ഈ മതിൽ ചിത്രങ്ങളിലെ അടുത്ത ഹീറോ എന്ന എന്റെ ചോദ്യത്തിന് സ്‌പെൻസർ നൽകിയ ഉത്തരം ഉസൈൻ ബോൾട്ട് എന്നായിരുന്നില്ല. പകരം അയാൾ പറഞ്ഞു: അസഫാ പവൽ. 2004 ലെ ഏതൻസ് ഒളിമ്പിക്‌സിൽ 100 മീറ്ററിൽ അഞ്ചാം സ്ഥാനം നേടിയ സ്​പ്രിൻറർ. 2004 ലെ ഈ ഇനത്തിലെ ലോക റെക്കോഡും പവലിനായിരുന്നു. ഈ ചുവരുകളിൽ, ജോൺസൺ ഇല്ലായിരുന്നു. കാരണം ജമൈക്കനെങ്കിലും ജമൈക്കയുടെ മഞ്ഞ ജഴ്‌സിക്കു പകരം കാനഡയുടെ ചുവപ്പു ജഴ്‌സിയിലായിരുന്നു ജോൺസൺ ഓടിയതത്രയും.അവിടെയാരും ജോൺസണെപ്പറ്റി സംസാരിച്ചതു പോലുമില്ല. എന്നാൽ നിരാശയോടെ അവർ ഒരു കായിക താരത്തെപ്പറ്റി മാത്രം പറഞ്ഞു. വെസ്റ്റിൻഡീസ് ബാറ്റിംഗ് ഇതിഹാസം ലോറൻസ് റോയെപ്പറ്റി. അപ്പാർത്തീഡ് കാലത്ത് ദക്ഷിണാഫ്രിക്കയിലേക്ക് റിബൽ ടൂർ പോയ ടീമിൽ പെട്ടതോടെ വാൾ ഓഫ് ഹോണറിൽ നിന്ന് മതിലിനു പുറത്തെ ഓടയിലേക്ക് വലിച്ചെറിയപ്പെട്ട ലോറൻസ് റോവിനെപ്പറ്റി. എക്കാലത്തെയും മികച്ച ബാറ്റിംഗ് പ്രതിഭകളിലൊരാളായ ലോറൻസ് ഇന്ന് താമസിക്കുന്നത് പോലും വെസ്റ്റിൻഡീസ് ദ്വീപസമൂഹങ്ങളിലെവിടെയുമല്ല, അമേരിക്കയിൽ മയാമിയിലാണ് ഈ സൂപ്പർ താരത്തിന്റെ റിട്ടയർമെന്റ് ജീവിതം.

‘‘ജോൺസൺ ഒരു പരുക്കൻ. ലൂയിസ് മൃദുലൻ! ജോൺസൺ ഒരു കടുപ്പക്കാരനാണ്, ഒരു ബോക്‌സർ, ഒരു മൂരിക്കുട്ടൻ. മറിച്ച് ലൂയിസോ: ഒരു പൂമ്പാറ്റ, ശാന്തൻ,നിരഹങ്കാരൻ!’’

മറക്കാനാവാത്ത ആ ഒളിമ്പിക്‌സ്

നിങ്ങൾ ഇന്ത്യക്കാരനോ അമേരിക്കക്കാരനോ ആർമീനിയക്കാരനോ ആരെങ്കിലുമാവട്ടെ; 1980കളിൽ ടെലിവിഷൻ കാണാൻ അവസരം ലഭിച്ച 40കാരിൽ പെടുമെങ്കിൽ സിയോൾ ഒളിമ്പിക്‌സിലെ 100 മീറ്റർ ഫൈനൽ നിങ്ങൾക്ക് മറക്കാൻ കഴിയില്ല. 10 സെക്കൻഡിനുള്ളിൽ കഴിഞ്ഞ ഒരു കളിയാണത്, എന്നാൽ വർഷങ്ങൾക്കിപ്പുറവും ആ ഓട്ടം നമ്മെ വേട്ടയാടുന്നു. 1988 സെപ്തംബർ 22നായിരുന്നു ആ ഫൈനൽ. അതിനുമെത്രയോ മുമ്പുതന്നെ ലോകം രണ്ടായി പിളർന്നിരുന്നു. ജോൺസൺ മുന്നേറുമെന്ന ഒരു പക്ഷം, നാലുവർഷം മുമ്പ് ലോസ് ആഞ്ചലസിന്റെ മുഖമായിരുന്ന കാൾ ലൂയിസ് വാഴുമെന്ന മറുപക്ഷം. കോഴിക്കോട്ട് ഞാൻ പഠിച്ച സ്‌കൂളിൽ പോലും നിക്ഷ്പക്ഷമതികൾ ഇല്ലായിരുന്നു. ‘ദ ഡേർട്ടിയസ്റ്റ് റേസ് ഇൻ ഹിസ്റ്ററി’ എഴുതിയ റിച്ചാർഡ് മൂർ പിന്നീടെഴുതി, സ്വഭാവത്തിലെ വൈരുധ്യമാണ് ഇവർ തമ്മിലുള്ള മത്സരത്തെ ഇത്ര കടുപ്പിക്കുന്നതെന്ന്; ‘‘പോരെങ്കിൽ രണ്ടാൾക്കും തമ്മിൽ കണ്ടു കൂടാ. ജോൺസൺ ഒരു പരുക്കൻ. ലൂയിസ് മൃദുലൻ! ജോൺസൺ ഒരു കടുപ്പക്കാരനാണ്, ഒരു ബോക്‌സർ, ഒരു മൂരിക്കുട്ടൻ. മറിച്ച് ലൂയിസോ: ഒരു പൂമ്പാറ്റ, ശാന്തൻ,നിരഹങ്കാരൻ!’’

കാൾ ലൂയിസ്

മൂരിക്കുട്ടൻ ജയിച്ചു. പിന്നീടു നടന്ന കാര്യങ്ങളൊക്കെ മനസ്സിൽ ഉണ്ടെങ്കിലും തികഞ്ഞ അമ്പരപ്പോടെ മാത്രമേ ആ ഓട്ടത്തെപ്പറ്റി ഓർമിക്കാൻ കഴിയൂ. സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന്​ ഒരു പീരങ്കിയുണ്ട കണക്കേ ജോൺസൺ കുതിച്ചു. മറ്റുള്ളവരൊക്കെ ക്ഷണത്തിൽ ഔട്ട് ഓഫ് ഫോക്കസായി. സ്റ്റാനോസോളോൾ പോലുള്ള ആനബോളിക് സ്റ്റിറോയ്ഡുകൾക്ക് 100 മീറ്റർ ഓട്ടത്തിൽ ഒരു മീറ്ററിന്റെയെങ്കിലും ആനുകൂല്യം നൽകാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ജോൺസൺ അതിലുമിരട്ടിയിലേറെ വ്യത്യാസത്തിലാണ് ഓടിയെത്തിയത്.

സിയോളിൽ തുടങ്ങിയ അത്‌ലറ്റിക് അർബുദം ഉസൈൻ ബോൾട്ട് കാലു വെച്ച ബെയ്ജിംഗിലെ ട്രാക്കിലും നിഴലായുണ്ടായിരുന്നു. സിയോളിൽ ജോൺസണ് ഈരിക്കളയേണ്ടി വന്ന മെഡൽ കഴുത്തിലിട്ട കാൾ ലൂയിസ് ബെയ്ജിംഗ് ഒളിമ്പിക്‌സിലേക്കുള്ള യു എസ്. ട്രയൽസിൽ ഉത്തേജക മരുന്ന് ടെസ്റ്റിൽ പരാജയപ്പെട്ട് പുറത്തായിക്കഴിഞ്ഞിരുന്നു.( ഇക്കാര്യം യു.എസ്.അധികൃതർ വിദഗ്ധമായി മറച്ചുവെച്ചു.) 1992 ൽ ലിൻഫോർഡ് ക്രിസ്റ്റിയും 2000 ൽ മോറിസ് ഗ്രീനും 2004ൽ ജസ്റ്റിൻ ഗാറ്റ് ലിനും 100 മീറ്ററിൽ സ്വർണം നേടി. പക്ഷേ, ചരിത്രം അവരെ നോക്കുന്നത് സംശയത്തോടെയാണ്. ഗാറ്റ്‌ലിൻ രണ്ടു തവണയും ക്രിസ്റ്റി ഒരു തവണയും ഡോപ്പിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട് നിരോധനമേറ്റുവാങ്ങി. റിട്ടയർ ചെയ്ത ശേഷം മോറിസ് ഗ്രീനും സംശയ ശരശയ്യയിലായി. 1996ലെ വിജയി കാനഡയുടെ ഡോണോവൻ ബെയ്‌ലി മാത്രമാണ് ഇതിൽ നിന്ന്​ വ്യത്യസ്തനായി നിന്നത്.

ജോൺസണ് 25 വയസ്സുള്ളപ്പോഴാണ് ബോൾട്ട് ജനിച്ചത്. ഫാൾമൗത്തിന് 15 കിലോമീറ്റർ തെക്ക് ഷെർവുഡ് കണ്ടന്റിൽ. ജോൺസണെപ്പോലെയല്ല, ഒരു ഭാവി താരം ആയാണ് ബോൾട്ട് വളർന്നത്

ടെക്‌നിക്കും ഡിസിപ്ലിനും കൊണ്ട് അസാധാരണമായ അത്​ലറ്റിക്‌ സാധ്യതകൾ ബോൾട്ട്‌ മെരുക്കിയെടുക്കുന്ന 2008 ആവുമ്പോഴേക്ക് കാണികൾക്ക് 100 മീറ്റർ എന്ന ഇവന്റിൽ തന്നെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. പല അന്താരാഷ്ട്ര ഫൈനലുകളിലും കാണികളുടെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു. 2007 ൽ ഒസാക്കയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ ടൈസൺ ഗേക്കു പിറകിലായി ബോൾട്ട് ഫിനിഷ് ചെയ്ത മത്സരത്തിലും സ്റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകളുടെ ബാഹുല്യം നമുക്ക് കാണാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ ബോൾട്ട് ഒളിമ്പിക്‌സിനെത്തുമ്പോൾ വിശ്വാസ്യത തീരെയില്ലാത്ത ഒരു കളിയിനമായി അത്​ലറ്റിക്‌സ് മാറിക്കഴിഞ്ഞിരുന്നു.

2008 ൽ ബെയ്ജിംഗിൽ ബോൾട്ട്, സ്റ്റാർട്ടേഴ്‌സ് ഗണ്ണിനോട് പ്രതികരിച്ചത് ഒരനക്കം മെല്ലെയായിരുന്നു. എട്ടിൽ ആറു പേരും നല്ല വേഗത്തിലാണ് തുടങ്ങിയത്. പക്ഷേ, ബോൾട്ടിന്റെ അസാധ്യമായ ഊർജമുള്ള ആറടി അഞ്ചിഞ്ച് ശരീരം, ഒരു സ്​പ്രിംഗ്​പോലെ ചുറ്റഴിക്കുകയും ആ നീളൻ കാലുകൾ ട്രാക്കിൽ ഒരു താളം തീർക്കുകയും ചെയ്തപ്പോൾ മറ്റുള്ളവരെല്ലാം ദൃശ്യത്തിൽ നിന്ന് മങ്ങാൻ തുടങ്ങി. സാധാരണ സ്​പ്രിൻറർമാർ 100 മീറ്റർ റേസ് ഫിനിഷ് ചെയ്യാൻ 46 തവണ കാൽ നീട്ടിവെക്കുമെങ്കിൽ ബോൾട്ടത് 41 തവണ കൊണ്ട് തീർത്തു. 9.69 സെക്കൻഡ്, ക്ലോക്ക് നിന്നു.

ഇത്തവണത്തെ ആണോട്ട മത്സരങ്ങൾ പെണ്ണോട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വെറും സൈഡ് ഷോ ആയി മാറി. എലൈൻ തോംപ്‌സൺ ഹെറാ നേതൃത്വം നൽകിയ മിടുമിടുക്കികളുടെ മൂവർ സംഘം മെഡലുകൾ തൂത്തുവാരി.

റിച്ചാർഡ് മൂർ എഴുതിയതു പോലെ, ബോൾട്ടിന്റെ ഓട്ടവും സിയോളിലെ
ജോൺസൺ ഓട്ടവും തമ്മിൽ ചില സാദൃശ്യങ്ങൾ ഉണ്ടായിരുന്നു. രണ്ടുപേരും പഴയ റിക്കോഡുകൾ പുതുക്കിപ്പണിതു, രണ്ടും ഹൃദയാവർജകമായിരുന്നു. സിയോളിൽ പ്രസ് ബോക്‌സിലെ സംശയാലുക്കൾ പോലും തങ്ങൾ കണ്ട കാഴ്ചയിൽ ആനന്ദ തുന്തിലരായിരുന്നുവെങ്കിൽ, ബെയ്ജിംഗിൽ അനിവാര്യമെന്നോണം എല്ലാവരും പുരികമുയർത്തി. അനവസരത്തിലാകുമെന്ന് പേടിച്ച് പലരും ആഘോഷം നീട്ടിവെച്ചു! ഇതൊന്നും ബോൾട്ടിന്റെ കുഴപ്പമായിരുന്നില്ല. സിയോളിൽ തുടങ്ങിവെച്ച പുതിയൊരു ലെഗസിയായിരുന്നു എല്ലാവരെയും ദോഷൈകദൃക്കുകളാക്കിയത്; അതായത് പന്തയ ഓട്ടത്തിന്റെ റിസൾട്ട് ഫിനിഷിംഗ് ലൈനിലല്ല, ലബോറട്ടറിയിലാണ് നിശ്ചയിക്കപ്പെടുക എന്ന ലെഗസി! അതി കിടിലൻ ഓട്ടമായിരുന്നു അതെങ്കിലും ഇച്ചിരി സംശയത്തോടെ മാത്രമേ ബോൾട്ടിന്റെ ഓട്ടത്തെ അത്​ലറ്റിക്‌സ് പ്രേമികൾ കണ്ടുള്ളൂ എന്നർത്ഥം. പിന്നീടു വന്നവർഷങ്ങളിൽ ബോൾട്ടിന്റെ ഉജ്വല വ്യക്തിത്വം തന്നെ വേണ്ടി വന്നു അതു മാറ്റിയെടുക്കാൻ. മനുഷ്യന്റെ കുതിപ്പിന്റെ പ്രതീക്ഷയും അനന്തതയും പ്രതീകവൽക്കരിക്കാൻ ബോൾട്ടിന് കഴിഞ്ഞു. കളിക്കളത്തിൽ നിന്ന്​ ഒഴിഞ്ഞു നിന്ന കാണികൾ ഈ അതിമാനുഷ പ്രകടനത്തിന്റെ കണികളാവാൻ മെല്ലെ മെല്ലെ തിരിച്ചെത്തിത്തുടങ്ങി. 2009 ൽ ബെർലിനിൽ 0.11 സെക്കൻഡുകൾ കൊണ്ട് സ്വന്തം റെക്കോഡ് തിരുത്തിയപ്പോഴും 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിലും നാലു വർഷത്തിനു ശേഷം റിയോ ഡ ജനീറോവിലും കാണികൾ മതിവരാത്ത കണ്ണുകളിൽ ആവേശക്കണ്ണീരുമായി പിരിഞ്ഞു.

10.61 സെക്കൻഡിൽ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയ ജമൈക്കയുടെ എലെയ്ൻ തോംസൺ - ഹെറായുടെ ആഹ്ലാദ പ്രകടനം.

കുശുകുശുപ്പുകൾ പിന്നെയും തുടർന്നു. ബോൾട്ട് ചിരിച്ചു കൊണ്ട് ഓട്ടം തുടർന്നു. പലതരത്തിലും അസാധാരണ പ്രതിഭാസമായിരുന്നു ബോൾട്ട്. വേഗ ഓട്ടക്കാർ ദൃഢഗാത്രരാണെന്നാണ് പൊതുവെ വെപ്പ്. എന്നാൽ, ഓട്ടം തുടങ്ങുമ്പോൾ കഴുത്ത് നേരെ നിൽക്കാത്ത ഒരു ജിറാഫ് കുഞ്ഞിനെപ്പോലെ തോന്നിക്കുന്ന ബോൾട്ട്, ട്രാക്കിൽ കാലുറപ്പിക്കുന്നതോടെ, പൊടുന്നനെ ഒഴുകുന്ന ഗീതമായി മാറുന്നു. തുടക്കത്തിന്റെ വെടിമുഴങ്ങുന്നതിനു മുമ്പുതന്നെ കൂടെ ലൈൻ അപ് ചെയ്തവർ തോറ്റു പോകുന്ന തരം പ്രഭയായിരുന്നു ബോൾട്ട് പ്രസരിപ്പിച്ചിരുന്നത്.

ബോൾട്ട് യുഗത്തിനു ശേഷം 100 മീറ്റർ ആണോട്ടത്തിന്റെ ചാരുത വീണ്ടും തലകുത്തി വീഴുകയാണ്. 2017 ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ടിനെ ഫൈനലിൽ തോൽപിച്ച ക്രിസ്റ്റ്യൻ കോൾമാൻ ഈ ഒളിമ്പിക്‌സിന് എത്തിയില്ല. ഒരു ഡോപ്പിംഗ് ടെസ്റ്റ് മിസ് ചെയ്തതിന് ബാൻ ചെയ്യപ്പെട്ടിരിക്കുകയാണ് കോൾമാൻ. തുട ഞരമ്പിലെ പരുക്കു കാരണം ഗാറ്റ്‌ലിനും പങ്കെടുത്തില്ല. ഇത്തവണത്തെ ആണോട്ട മത്സരങ്ങൾ പെണ്ണോട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വെറും സൈഡ് ഷോ ആയി മാറി. സ്ത്രീകളുടെ മത്സരങ്ങളിൽ എലൈൻ തോംപ്‌സൺ ഹെറാ നേതൃത്വം നൽകിയ മിടുമിടുക്കികളുടെ മൂവർ സംഘം മെഡലുകൾ തൂത്തുവാരി.

1980 കളിൽ, കിഴക്കൻ യൂറോപ്യൻ നാടുകളിലെ അത്​ലറ്റുകൾ ഉണ്ടാക്കിയ ചളി പുരണ്ട റെക്കോഡുകൾ ജോൺസൺ വരുത്തിവെച്ചതിനേക്കാൾ വൃത്തിഹീനമാണ്. അതൊന്നും ഇന്നും ആരും മറികടന്നിട്ടില്ല

ഇനിയൊരാഴ്ച കൂടി കഴിയുമ്പോൾ ആരെങ്കിലും ഈ ഒളിമ്പിക്‌സിലെ 100 മീറ്റർ വിജയി മാർസെൽ ജേക്കബ്‌സിനെ ഓർക്കുമോ എന്നു പോലും പറയാനാവില്ല. ലോംഗ്ജമ്പർ എന്ന നിലയിൽ തുടങ്ങിയ ഈ താരം കാര്യമെത്തിയപ്പോൾ ഗംഭീരമായി ഓടി എന്നത് നേര്. താരക ശോഭയുള്ള ബോൾട്ട് യുഗത്തിനു ശേഷം ഈ 100 മീറ്റർ ഫൈനൽ കാണുന്നത് മിന്നിക്കത്തുന്ന പത്ത് വാട്ട് ഫിലമെൻറ്​ ബൾബിൽ നോക്കുന്നതുപോലെ ആയിരുന്നു.

തെല്ലകലത്തിരുന്ന് ഒരു മനുഷ്യൻ ബോൾട്ടിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരേ സമയം തൃപ്തിയും അതൃപ്തിയും ചാലിച്ച് മൂറിനോട് ‘ഞാൻ എന്റെ കാലത്തിനും 50 വർഷം മുന്നിലാണ് ഓടിയത് ' എന്നു പറഞ്ഞ പഴയ ജോൺസൺ. ‘ഇപ്പോഴിവർ ഉണ്ടാക്കുന്ന ഈ ഫാസ്റ്റ് ട്രാക്കുകളിലെ ഉസൈൻ ബോൾട്ടിന്റെ ഇപ്പോഴത്തെ ഈ ഓട്ടമുണ്ടല്ലോ, അതെനിക്കും ഓടാനാവുമായിരുന്നു.'

സമാനതകളുള്ള രണ്ടു തുടക്കങ്ങൾ. വളരെ വ്യത്യസ്തമായ രണ്ട് ഒടുക്കങ്ങൾ. വരാനിരിക്കുന്ന തലമുറകൾ ജോൺസണെ കുറച്ചു കൂടെ ദയാവായ്‌പോടെ വിധിക്കുമായിരിക്കും. 1980 കളിൽ, കിഴക്കൻ യൂറോപ്യൻ നാടുകളിലെ അത്​ലറ്റുകൾ ഉണ്ടാക്കിയ ചളി പുരണ്ട റെക്കോഡുകൾ ജോൺസൺ വരുത്തിവെച്ചതിനേക്കാൾ വൃത്തിഹീനമാണ്. അതൊന്നും ഇന്നും ആരും മറികടന്നിട്ടില്ല, ഇനിയൊരിക്കലും മറികടക്കപ്പെടാനുമിടയില്ല.

റിച്ചാർഡ് മൂർ പുസ്തകത്തിന്റെ പേരിനെക്കുറിച്ച് (The Dirtiest Race in History ) പറഞ്ഞതിങ്ങനെയാണ്: ‘ഞാനിത് വളരെ വിശാലമായ അത്ഥത്തിലാണ് പ്രയോഗിക്കുന്നത്. വെറും ഉത്തേജക മരുന്നല്ല ഇവിടെ വിഷയം. പലതരത്തിലുള്ള അഴിമതിയും അതിനീചമായ കളികളും സിയോൾ നൂറു മീറ്റർ ഫൈനലിന്റെ ഇപ്പോഴും മായാത്ത ലെഗസിയുമൊക്കെ ഈ പേരിലേക്ക് എന്നെ എത്തിക്കുന്നു. സംശയാസ്പദവും പരസ്പര വിരുദ്ധവുമായ നിലപാടുകൾ എടുക്കുന്ന പലരും ഉണ്ട്, ചരിത്രത്തിലെ തന്നെ മികച്ച പന്തയ ഓട്ടമായിരുന്നു അത് എന്ന് അവർ പറയുന്നു, ഒരു പക്ഷേ അങ്ങനെ ആയിരിക്കാം.'

അന്ന് ആ ഓട്ടം കണ്ട നമ്മളിൽ ആരും, മരണം വരെ അതു മറക്കില്ല. അന്ന് നമ്മുടെ ശ്വാസം നിന്നുപോയി, കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് നമ്മുടെ ഹൃദയം തകർക്കുകയും ചെയ്തു. ബോൾട്ടിന്റെയും അതു പോലെ ചിലരുടെയും ആത്മശക്തി വേണ്ടിവന്നു നമ്മെ വീണ്ടും അത് ലറ്റിക് അനുരാഗികകളാക്കാൻ. ▮

വിവർത്തനം: കമൽ


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments