ബോക്‌സിങ്ങ് റിങ്ങിലെ ഷഹൻഷ

അവിശ്വസനീയം, ആ റേഡിയോ കമന്റേറ്റർ ലോകത്തോട് അലറുകയായിരുന്നു; ദൈവമേ ഈ പയ്യൻ ജയിക്കാൻ പോവുകയാണ്... കൈകളുടെ ചലനത്തിന്റെ വന്യമായ വേഗത, പാദചലനങ്ങളുടെ വിസ്മയിപ്പിക്കുന്ന ചടുലത, തല പിന്നോട്ടെടുത്ത് ഇടികളിൽ നിന്നൊഴിഞ്ഞുമാറാനുള്ള അപാരവൈദഗ്ദ്യം, ബോക്‌സിങ് ചരിത്രത്തിലെ ഏറ്റവും മാരകമായ ഇടികളുതിർത്ത ബോക്‌സറെ നേരിടുമ്പോൾ പോലും കൈകൾ വശങ്ങളിൽ തൂക്കിയിടാൻ കാണിക്കുന്ന അസാധാരണ ധൈര്യം... ചരിത്രം, ചാലഞ്ചർ പയ്യൻ മാറ്റിയെഴുതുകയായിരുന്നു ആ ദിവസം. ലോകം കണ്ട മികച്ച ബോക്‌സർമാരിൽ ഒരാളായ മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേയുടെ ജീവിതം മഹത്തായ ഒരു പാഠപുസ്തകമാണ്, ഒരു മനുഷ്യൻ എന്ന നിലയിലും ബോക്‌സർ എന്ന നിലയിലും... ആ അപൂർവജീവിതത്തിലൂടെ

മൂന്നാംറൗണ്ട് കഴിഞ്ഞ് 22ാം സെക്കന്റിലാണ് ശരിയായ അത്ഭുതം തുടങ്ങുന്നത്. ഫ്‌ളോയ്ഡ് പാറ്റേഴ്‌സൺ എന്ന എക്കാലത്തേയും ബോക്‌സിങ് ചാമ്പ്യൻമാരിലൊരാളെ രണ്ടു മത്സരങ്ങളിലും ഒന്നാം റൗണ്ടിൽ തന്നെ ഇടിച്ചിട്ട, ചരിത്രത്തിലെ ഏറ്റവും മാരകമായ ലെഫ്റ്റ് ജാബിന്റെ (Left jab) ഉടമയായ ചാമ്പ്യൻ ബോക്‌സറാണ് ഒരുവശത്ത്. കേവലം 22 വയസ്സായ, ലോകപ്രശസ്ത സ്‌പോട്‌സ് ലേഖകരിൽ 95 ശതമാനം പേരും ഒരു സാദ്ധ്യതയും കൽപിക്കാത്ത ‘വായാടിയായ അമേച്വർ' എന്ന് മിക്കവാറും വിളിക്കാവുന്ന ചാലഞ്ചർ പയ്യനാണ് മറുവശത്ത്.

1964 ഫെബ്രുവരി 25. ഫ്‌ളോറിഡയിലെ മിയാമി ബീച്ച് ബോക്‌സിങ്ങ് റിങ്. പ്രൊഫഷനൽ ലോക ബോക്‌സിങ്ങ് ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പ് മത്സരത്തിൽ, ചാമ്പ്യൻ ചാലഞ്ചറെ നേരിടുകയാണ്.

ഒന്നാം റൗണ്ടിന്റെ അവസാന 30 സെക്കന്റുകളിൽ കാണികൾ ശ്വാസംപിടിച്ചിരുന്നുപോയതാണ്. റൗണ്ടിന്റെ തുടക്കത്തിൽ തന്നെ ചാലഞ്ചർ പയ്യന്റെ കഥ മിക്കവാറും കഴിയും എന്നുറപ്പിച്ച കാണികളുടെ മനസ്സറിഞ്ഞിട്ടെന്ന പോലെ ചാമ്പ്യൻ ചാലഞ്ചറെ റിങ്ങിൽ ഓടിച്ചിട്ടു. പക്ഷേ, അത്ഭുതം, സാധാരണ പോലെ ഒരൊറ്റ ഇടി പോലും പയ്യന്റെ ശരീരത്തിൽ ഏൽക്കുന്നില്ല. മികച്ച പാദവിന്യാസങ്ങളും ശരീരചലനങ്ങളുടെ അപ്രതീക്ഷിതത്വവും തല പിന്നോട്ടെടുത്തുകൊണ്ടുള്ള, ആപൽക്കരം എന്നു വിശേഷിപ്പിക്കപ്പെട്ട പ്രതിരോധ രീതിയും സമന്വയിപ്പിച്ച് ചാലഞ്ചർ ചാമ്പ്യന്റെ കണക്കുകൾ തെറ്റിച്ചുകൊണ്ടേയിരുന്നു. ആ റൗണ്ടിന്റെ അവസാന 30 സെക്കന്റിൽ പയ്യന്റെ ലെഫ്റ്റ് -റൈറ്റ് കോമ്പിനേഷനിൽ ചാമ്പ്യൻ നടുങ്ങുന്നത് സ്റ്റേഡിയം തരിച്ചിരുന്നാണ് കണ്ടത്. പക്ഷേ മൂന്നാം റൗണ്ടിലായിരുന്നു ശരിയായ അത്ഭുതം. 22ാം സെക്കന്റു മുതൽ 36ാം സെക്കന്റു വരെ ചാലഞ്ചർ അഴിച്ചുവിട്ട അപ്രതിരോധ്യ ആക്രമണത്തിൽ അധൃഷ്യൻ എന്ന് ബോക്‌സിങ്ങ് ലോകം ഒന്നടങ്കം ഭീതിയോടെ വിലയിരുത്തിയിരുന്ന ചാമ്പ്യൻ കിടുങ്ങി. സ്വന്തം തോൽവി അസംഭവ്യം എന്നുറച്ചു വിശ്വസിച്ചിരുന്ന ജേതാവിന്റെ മനസ്സിലൂടെ ആദ്യമായി അത്തരമൊരു സാദ്ധ്യത പൊള്ളിച്ചുകൊണ്ട് കടന്നുപോയി.
14 സെക്കന്റിലധികം നീണ്ടുനിന്ന ആ ക്ലിനിക്കൽ ആക്രമണത്തിൽ ചാമ്പ്യന്റെ കാലുകളിടറി. അയാൾ റോപ്പിലേക്ക് വീണു. സെക്കന്റുകൾക്കുള്ളിൽ മുറിവേറ്റ പുലിയെ പോലെ അയാൾ ചാലഞ്ചർക്കുനേരെ തിരിഞ്ഞു. തന്റെ പുകഴ്‌പെറ്റ ഭീഷണമായ ഹുക്കുകളും ജാബുകളും പാഴാവുന്നത് ചാമ്പ്യന് താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു. പയ്യനാകട്ടെ, ചിത്രശലഭത്തെ പോലെ ചാഞ്ഞും ചെരിഞ്ഞും തെന്നിയും കുനിഞ്ഞും ചാമ്പ്യനെ പരിഹാസ്യനാക്കുകയായിരുന്നു. കുറച്ചു മാസങ്ങൾക്കു മുമ്പ് ഡഗ്ലസ് ജോൺസ് എന്ന താരതമ്യേന അപ്രശസ്തനായ ബോക്‌സർ പയ്യനെ ഇടിച്ചു പരത്തിയപ്പോൾ, കളി കണ്ടുകൊണ്ടിരുന്ന ചാമ്പ്യൻ പറഞ്ഞിരുന്നു, ഞാനാണ് റിങ്ങിലെങ്കിൽ കൊലപാതകത്തിന് ഉത്തരം പറയേണ്ടി വന്നേനെ. ആ പയ്യനാണിപ്പോൾ...

സെക്കന്റുകൾക്കുശേഷം ചാലഞ്ചർ പയ്യൻ വീണ്ടും ചാമ്പ്യനെ കടന്നാക്രമിച്ചു. ലെഫ്റ്റ് -റൈറ്റ് കോമ്പിനേഷൻ, അപ്പർകട്ട്, റൈറ്റ് ഹുക്ക്, ലെഫ്റ്റ് ജാബ്... തുടരെ കണ്ണിമവെട്ടാനിടയില്ലാതെ ഇടിയുടെ പൂരം . ചാമ്പ്യന്റെ ഇടതുകണ്ണിനു താഴെ പിന്നീട് എട്ടു സ്റ്റിച്ചിടേണ്ടി വന്ന മുറിവിൽനിന്ന് രക്തം കുടുകുടാ ചാടി. വലതുകണ്ണിനു താഴെ രക്തം കട്ടപിടിച്ചു വീർത്തു. തികച്ചും അവിശ്വസനീയമായിരുന്നു അതെല്ലാം. ലോക ചാമ്പ്യൻ ഫ്‌ളോയ്ഡ് പാറ്റേഴ്‌സണെ പോലും കൃത്യം 126 സെക്കന്റുകൾക്കുള്ളിൽ രണ്ടുതവണ അക്ഷ രാർത്ഥത്തിൽ നശിപ്പിച്ച ചാമ്പ്യൻ ബോക്‌സർക്ക് മുറിവേൽക്കുക! റേഡിയോ കമന്റേറ്റർ മോർട്ട് ഷാർനിങ്ങിന് ആ അത്ഭുതം താങ്ങാനായില്ല. അവിശ്വസനീയം, അയാൾ ലോകത്തോട് അലറുകയായിരുന്നു, ഇത് പടക്കപ്പലിന്റെ തകർക്കാനാവാത്ത ചട്ട ഭേദിച്ച പോലെ, ദൈവമേ ഈ പയ്യൻ ജയിക്കാൻ പോവുകയാണ് ...

നാലും അഞ്ചും റൗണ്ടുകൾ കഴിഞ്ഞു. അഞ്ചാം റൗണ്ടിൽ പയ്യൻ വീണ്ടും കടുത്ത ആക്രമണത്തിലക്ക് തിരിഞ്ഞു. എങ്ങിനെയെല്ലാമോ ചാമ്പ്യൻ പിടിച്ചു നിൽക്കുകയായിരുന്നു. തിരിച്ചാക്രമിക്കാൻ തുനിഞ്ഞപ്പോഴാവട്ടെ ചാലഞ്ചറുടെ ചടുലനീക്കങ്ങളും അത്ഭുതകരമായ റിഫ്‌ളക്‌സുകളും പ്രതിരോധത്തിന്റെ കനത്ത മതിൽ തീർത്തു. കൈകളുടെ ചലനത്തിന്റെ വന്യമായ വേഗത, പാദചലനങ്ങളുടെ വിസ്മയിപ്പിക്കുന്ന ചടുലത, തല പിന്നോട്ടെടുത്ത് ഇടികളിൽ നിന്നൊഴിഞ്ഞുമാറാനുള്ള അപാരവൈദഗ്ദ്യം, ബോക്‌സിങ് ചരിത്രത്തിലെ ഏറ്റവും മാരകമായ ഇടികളുതിർത്ത ബോക്‌സറെ നേരിടുമ്പോൾ പോലും കൈകൾ വശങ്ങളിൽ തൂക്കിയിടാൻ കാണിക്കുന്ന അസാധാരണ ധൈര്യം ...

ഫ്‌ളോയ്ഡ് പാറ്റേഴ്‌സൺ
ഫ്‌ളോയ്ഡ് പാറ്റേഴ്‌സൺ

ചരിത്രം, ചാലഞ്ചർ പയ്യൻ മാറ്റിയെഴുതുകയായിരുന്നു ആ ദിവസം.

ആറാം റൗണ്ടിനുശേഷം സ്റ്റൂളിലിരുന്ന ചാമ്പ്യന്റെ ഇടതുതോൾ ഭാഗത്ത് സഹായികൾ എന്തെല്ലാമോ ചെയ്തുകൊണ്ടിരുന്നു. അയാളുടെ മുഖം വലിഞ്ഞു മുറുകി. ബെൽ മുഴങ്ങുന്നതിനു തൊട്ടുമുമ്പ് ചാമ്പ്യൻ മൗത്ത് ഗാർഡ് തുപ്പിക്കളയുന്നത് സൂക്ഷ്മദൃക്കായ ചാലഞ്ചർ കണ്ടു. ഒരു സെക്കന്റ്! ബെൽ മുഴങ്ങിയപ്പോൾ ചാലഞ്ചർ റിങ്ങിന്റെ നടുവിലേക്ക് ഓടിക്കയറി. ചാമ്പ്യൻ എഴുന്നേൽക്കുന്നില്ല. ബോക്‌സിങ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിക്കുകയാണെന്ന് ആ നിമിഷത്തിൽ കാണികൾ തിരിച്ചറിഞ്ഞതേയില്ല.....അതേ, ബോക്‌സിങ്ങ് ചരിത്രത്തിലെ എക്കാലത്തേയും മഹാനായ ഷഹൻഷ പിറവിയെടുത്തുകഴിഞ്ഞിരുന്നു. കാഷ്യസ് മാർസെല്ലസ് ക്ലേ ....

സണ്ണി ലിസ്റ്റൻ എന്ന ബോക്‌സിങ്ങ് ചരിത്രത്തിലെ ഏറ്റവും മാരകമായ ലെഫ്റ്റ് ജാബിന്റെ ഉടമയായ ബോഡി ലാംഗ്വേജിൽ പോലും രക്തം മരവിപ്പിക്കുന്ന ഭീഷണി മുറ്റി നിന്നിരുന്ന ഹാർഡ് ഹിറ്റർ മാരിലൊരാളെയാണ് അന്ന് കാഷ്യസ് ക്ലേ പൊളിച്ചടുക്കിയത്. പതിനഞ്ചു മാസങ്ങൾക്കു ശേഷം റീ- മാച്ചിനു തയാറെടുക്കുമ്പോഴാവട്ടെ, ആദ്യ മത്സരം ഒരു വെറും ‘ഫ്‌ളാഷ് ഇൻ ദി പാൻ' ആണെന്ന നിലപാടിലായിരുന്നു ലിസ്റ്റൻ. അപ്പോഴേക്കും കാഷ്യസ് ക്ലേ, മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ചു കഴിഞ്ഞിരുന്നു....

ഒരു ഇതിഹാസത്തിന്റെ ചരമഗീതം

അക്ഷരാർത്ഥത്തിൽ ഒരു ത്രില്ലറായിരുന്നു, 1965 മെയിലെ മിന്നൽപിണർ പോലെ തീർന്നുപോയ രണ്ടാം അലി - ലിസ്റ്റൺ പോരാട്ടം. അലിയെ കശാപ്പ് ചെയ്ത് ലോക ചാമ്പ്യൻ പട്ടം തിരിച്ചു പിടിക്കും എന്നുറപ്പിച്ചുകൊണ്ടാണ് ലിസ്റ്റൺ ഇടിക്കൂട്ടിലേക്ക് കയറുന്നത്. കാണികൾ കസേരകളിലും ഗാലറിയിലും ഇരുന്നു തുടങ്ങിയതേയുള്ളൂ. ആദ്യ മത്സരം പോലെ തന്നെ ലിസ്റ്റൺ അലിയുടെ പിന്നാലെയോടി ഇടി ഉതിർത്ത് തുടങ്ങുകയായിരുന്നു ആദ്യ റൗണ്ടിൽ തന്നെ. വട്ടം കറങ്ങി വന്ന ലിസ്‌ററൺ, 104ാം സെക്കന്റിൽ അലിയുടെ തലക്കുനേരെ കനത്ത ഒരു ലെഫ്റ്റ് ജാബ് തൊടുക്കുകയാണ്. ഞൊടിയിടയിൽ പിന്നോട്ടാഞ്ഞ് ലിസ്റ്റന്റെ ലക്ഷ്യം തെറ്റിച്ച ക്ലേയുടെ വലതുമുഷ്ടി അയാളുടെ കീഴ്ത്താടിയിൽ ആഞ്ഞിടിച്ചു. ഒരു നിമിഷം ... വലിയൊരു പർവതം വീഴുന്നതു പോലെയായിരുന്നു ലിസ്റ്റൺ കാൻവാസിലേക്ക് പതിച്ചത്. നോക്ക് ഔട്ട്! ലിസ്റ്റൺ അസ്തമിക്കുകയായിരുന്നു. മാസങ്ങൾക്കുശേഷം അപ്രശസ്തനായ മറ്റൊരു ബോക്‌സർ, ലിയോട്ടിസ് മാർട്ടിൻ, 1969 ഡിസംബറിലെ അഭിശപ്തമായൊരു ശനിയാഴ്ച ഉച്ചക്ക് ഒൻപതാം റൗണ്ടിൽ ലിസ്റ്റനെ ഇടിച്ചിട്ടപ്പോൾ ബോക്‌സിങ് റിങ്ങിലെ എക്കാലത്തേയും ഒരു ഇതിഹാസത്തിന്റെ ചരമഗീതം ആലപിക്കുകയായിരുന്നു, സത്യത്തിൽ അയാൾ. പിന്നീടൊരിക്കലും ലിസ്റ്റണ് ചാമ്പ്യൻ പട്ടത്തിന്റെ അരികിലെത്താൻ പോലും കഴിയുകയുണ്ടായില്ല ....
അലിയുടെ ജീവിതം മഹത്തായ ഒരു പാഠപുസ്തകമാണ്, ഒരു മനുഷ്യൻ എന്ന നിലയിലും ബോക്‌സർ എന്ന നിലയിലും. വായാടിയായ, പലരാലും അങ്ങേയറ്റം വെറുക്കപ്പെട്ട, ഭ്രാന്തനെന്നു പോലും കരിതേച്ചു കാണിക്കപ്പെട്ടിരുന്ന ഒരാളുടെ, ലോകത്തിന്റെ മുഴുവൻ സ്‌നേഹമാർജ്ജിച്ച് കണ്ണഞ്ചിക്കുന്ന താരപദവി യിലേക്കുള്ള അമ്പരപ്പിക്കുന്ന രൂപാന്തരം! സണ്ണി ബാങ്ക്‌സും ഹെന്റി കൂപ്പറുമൊക്കെ ഇടിച്ചു പരത്തിയ അപ്രഗത്ഭനായ ബോക്‌സറിൽ നിന്ന് ചരിത്രം രേഖപ്പെടുത്തിയ എക്കാലത്തേയും ഒന്നാം നമ്പർ ബോക്‌സറായി ഉയർന്ന ത്രസിപ്പിക്കുന്ന കഥ.

മുഹമ്മദ് അലി
മുഹമ്മദ് അലി

1942 ജനുവരി 17 ന് അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലയിൽ ഒരു സാധാരണ പരസ്യപ്പലകയെഴുത്തുകാരന്റെ ആറു മക്കളിൽ ഒരാളായി കാഷ്യസ് മാർസെല്ലസ് ക്ലേ ജനിച്ചുവീണു. കെന്റക്കിയിലെ ഉൾപ്രദേശങ്ങളിലൊന്നിൽ സാധാരണ പോലെ മറ്റു കുട്ടികളോടൊത്ത് തെരുവിലും കളിസ്ഥലങ്ങളിലും കളിച്ചും ചിരിച്ചും വളർന്ന ക്ലേയുടെ ജീവിതം 12ാം വയസ്സിലാണ് മാറിമറിയുന്നത്. കൂട്ടുകാരോടൊപ്പം സൈക്കിളിൽ കെന്റക്കിയിലെ ഓഡിറേറാറിയത്തിലെ ഷോ കാണാനെത്തി പോപ്‌കോണും കാൻഡിയും കഴിച്ച് പുറത്തിറങ്ങിയപ്പോൾ ക്രിസ്മസിന് സ്‌നേഹപൂർവം അച്ഛൻ സമ്മാനിച്ച പ്രിയപ്പെട്ട ചുവന്ന ഷിൻ സൈക്കിൾ കാണാനില്ല. ഓഡിറ്റോറിയത്തിന്റെ പടികളിലിരുന്ന് പൊട്ടിക്കരഞ്ഞ ക്ലേ ആരോ പറഞ്ഞതനുസരിച്ച് പരാതി പറയാൻ ജോ മാർട്ടിൻ എന്ന പൊലീസുകാരനെ കാണുന്നു. കള്ളനെ കിട്ടിയാൽ അവനെ ഇടിച്ച് നിരപ്പാക്കും എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ കുഞ്ഞുക്ലേയോട് നീ ആദ്യം ശരിക്ക് ഇടിക്കാൻ പഠിക്ക്, ഞാൻ നിന്നെ പഠിപ്പിക്കാം എന്ന് ജോ പറയുന്നിടത്തുവെച്ചാണ് ചരിത്രം നിർണായകമായി വഴിതിരിയുന്നത്. അടുത്ത ആഴ്ചമുതൽ ബോക്‌സിങ് പരിശീലകൻ കൂടിയായ ജോ മാർട്ടിന്റെ ബോക്‌സിങ് ട്രെയിനിങ് ക്ലാസിൽ ചേർന്ന ക്ലേക്ക് ജീവിതത്തിലൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടേയില്ല.

1960-ൽ റോം ഒളിമ്പിക്‌സിൽ (മിൽഖാസിംഗ് 400 മീറ്റർ ഓട്ടത്തിൽ ചരിത്രം സൃഷ്ടിച്ച റോം ഒളിമ്പിക്‌സ് തന്നെ ) ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ സ്വർണപ്പതക്കം നേടിയാണ് ക്ലേ റിങ്ങിൽ ചുവടുപ്പിക്കുന്നത്. ആ വർഷം ഒക്ടോബറിൽ ക്ലേ പ്രൊഫഷനൽ ബോക്‌സിങ്ങ് രംഗത്തേക്ക് കടന്നു. ടണ്ണി ഹൻസേക്കറിനെ ആറു റൗണ്ട് പോരാട്ടത്തിൽ തറപറ്റിച്ചാണ് ആദ്യ പ്രൊഫഷണൽ മത്സരം ക്ലേ പൂർത്തിയാക്കുന്നത്. ആദ്യത്തെ 19 മത്സരങ്ങളിൽ പതിനഞ്ചിലും ക്ലേ എതിരാളികളെ നോക്ക് - ഔട്ട് ചെയ്തു. പക്ഷേ സണ്ണി ബാങ്ക്‌സ്, ഡഗ്ലസ് ജോൺസ്, ഹെന്റി കൂപ്പർ എന്നിവരുമായുളള മത്സരങ്ങൾ കടുത്തതായിരുന്നു. കൂപ്പറും ബാക്‌സും ക്ലേയെ റിങ്ങിൽ ഇടിച്ചിടുകയും ചെയ്തു.
1964 ഫെബ്രുവരി 25ന് അക്കാലത്തെ റിങ്ങിലെ ഏറ്റവും ഭീഷണമായ സാന്നിദ്ധ്യമായിരുന്ന സണ്ണി ലിസ്റ്റണെ ഇടിച്ചുപരത്തി ക്ലേ ലോക ഹെവി വെയ്റ്റ് ബോക്‌സിങ്ങ് ലോകചാമ്പ്യനായി. ജോർജ് ഫോർമാനേക്കാളും മൈക്ക് ടൈസനേക്കാളും കനത്ത പവർ ഹിറ്റുകൾ ലിസ്റ്റന്റെ ഇടതുമുഷ്ടിയിൽ നിന്ന് മിന്നൽപ്പിണർ പോലെ പൊട്ടിപുറപ്പെട്ടിരുന്നവെന്ന് ലോക പ്രശസ്ത സ്‌പോർട്‌സ് ലേഖകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തുടർന്ന്, 1965 മെയ് 25 ന് ലെവിസ് ടൗണിൽ നടന്ന റിട്ടേൺ മാച്ചിൽ ഒന്നാം റൗണ്ടിൽ തന്നെ ലിസ്റ്റണെ നോക്ക് ഔട്ട് ചെയ്ത് അലി കിരീടം ഉറപ്പിച്ചു. ആ മത്സരമാവട്ടെ ബോക്‌സിങ്ങ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറുകയും ചെയ്തു. ഒത്തുകളിയാണെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷ അപകടത്തിലാവും എന്ന ഭീഷണിയിൽ ഭയന്ന് ലിസ്റ്റൺ തോൽവി സമ്മതിച്ചതാണെന്നുമൊക്കെയായിരുന്നു ആരോപണങ്ങൾ. ‘ഫാന്റം പഞ്ച്' എന്ന പേരിൽ പിന്നീട് ബോക്‌സിങ്ങ് ഇതിഹാസമായി മാറിയ ഒന്നാം റൗണ്ടിലെ 104ാം സെക്കന്റിലെ ആ വെള്ളിടിയുടെ ആഘാതത്തിൽ ലിസ്റ്റിന്റെ തലകലുങ്ങി വിറയ്ക്കുന്നത്, ശരീരഭാരം മുഴുവൻ താങ്ങിയിരുന്ന ഇടതുകാൽ ഇടറുന്നത് ഒക്കെ വീഡിയോകളിൽ കൃത്യമായി കാണാൻ കഴിയുമായിരുന്നിട്ടും അലിയുടെ മഹത്തായ വിജയം ചെറുതാക്കി കാണിക്കാനുളള ശ്രമമായി മാത്രമേ ആ സംഭവം വിലയിരുത്താനാവൂ.

തുടർന്ന് മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ഫ്‌ളോയ്ഡ് പാറ്റേഴ്‌സനെ 12 റൗണ്ട് മത്സരത്തിൽ ദയനീയമായി പരാജയപ്പെടുത്തിയത്, പ്രശസ്ത ബോക്‌സർമാരായ ജോർജ് ചുവാലോ, ഹെന്റി കൂപ്പർ, ബ്രിയാൻ ലണ്ടൻ, കാൾ മൈൽഡൻ ബർഗർ എന്നിവരെ യൂറോപ്പ് പര്യടനത്തിൽ തുന്നം പാടിച്ചത് ഒക്കെ ബോക്‌സിങ്ങ് ലോകത്തിൽ അലിയുടെ മതിപ്പുയർത്തി. യൂറോപ്പിലെ ഹെവി വെയ്റ്റ് ചാമ്പ്യനായ മൈൽഡൺ ബർഗറുമായുള്ള മത്സരം കടുത്തതായിരുന്നു.
1973 ൽ ഫ്രേസിയറുമായുള്ള മത്സരത്തിനു ശേഷം തന്റെ ഏറ്റവും മികച്ച എതിരാളി ഫ്രേസിയറല്ല മൈൽഡൺ ബർഗറാണെന്ന് അലി സാക്ഷ്യപ്പെടുത്തിയിരുന്നു.
(തുടരും)


Summary: അവിശ്വസനീയം, ആ റേഡിയോ കമന്റേറ്റർ ലോകത്തോട് അലറുകയായിരുന്നു; ദൈവമേ ഈ പയ്യൻ ജയിക്കാൻ പോവുകയാണ്... കൈകളുടെ ചലനത്തിന്റെ വന്യമായ വേഗത, പാദചലനങ്ങളുടെ വിസ്മയിപ്പിക്കുന്ന ചടുലത, തല പിന്നോട്ടെടുത്ത് ഇടികളിൽ നിന്നൊഴിഞ്ഞുമാറാനുള്ള അപാരവൈദഗ്ദ്യം, ബോക്‌സിങ് ചരിത്രത്തിലെ ഏറ്റവും മാരകമായ ഇടികളുതിർത്ത ബോക്‌സറെ നേരിടുമ്പോൾ പോലും കൈകൾ വശങ്ങളിൽ തൂക്കിയിടാൻ കാണിക്കുന്ന അസാധാരണ ധൈര്യം... ചരിത്രം, ചാലഞ്ചർ പയ്യൻ മാറ്റിയെഴുതുകയായിരുന്നു ആ ദിവസം. ലോകം കണ്ട മികച്ച ബോക്‌സർമാരിൽ ഒരാളായ മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേയുടെ ജീവിതം മഹത്തായ ഒരു പാഠപുസ്തകമാണ്, ഒരു മനുഷ്യൻ എന്ന നിലയിലും ബോക്‌സർ എന്ന നിലയിലും... ആ അപൂർവജീവിതത്തിലൂടെ


ഡോ. എം. മുരളീധരൻ

എഴുത്തുകാരൻ, ചെയർമാൻ- പൊതുജനാരോഗ്യ ബോധവത്കരണ സമിതി, ഐ.എം.എ കേരള.

Comments