പുതിയൊരു കായികനയത്തിനും കായികബില്ലിനും വഴിയൊരുങ്ങുന്നു എന്നത് വളരെ പ്രത്യാശയോടെയാണ് കേരളം നോക്കിക്കാണുന്നത്. സ്പോർട്സിനെ എന്നും ഹൃദയത്തിലേറ്റിയ ജനതയാണ് കേരളത്തിലേത്. പി.ടി. ഉഷ, അഞ്ജു ബോബി ജോർജ്, ജിമ്മി ജോർജ്, പി.ആർ. ശ്രീജേഷ്, ശ്രീശാന്ത്, സഞ്ജു സാംസൺ, ഐ.എം. വിജയൻ തുടങ്ങി നിരവധി പ്രതിഭകളെയും ദേശീയ, അന്തർദേശീയ താരങ്ങളെയും സൃഷ്ടിക്കാൻ നമ്മുടെ നാടിന് കഴിഞ്ഞിട്ടുണ്ട്. ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങളിലെ കായിക -സാംസ്കാരിക പ്രവർത്തനങ്ങളുടെ വേദിയായിരുന്ന സ്പോർട്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നിരുന്ന പരിശീലനങ്ങൾ, കായികോത്സവങ്ങൾ, ടൂർണമെന്റുകൾ എന്നിവയിലൂടെ കളിച്ചു വളർന്ന് ഉയർന്ന ജോലികളിലും മികച്ച ടീമുകളിലും എത്തിപ്പെട്ട നിരവധി യുവാക്കളുണ്ട്. നമ്മുടെ സ്കൂളുകളുടെയും കോളേജുകളുടെയും മൈതാനങ്ങളിൽ കളിച്ചു വളർന്ന് അവിടെ നിന്ന് ലഭിച്ച പരിശീലനത്തിലൂടെയും പ്രോത്സാഹനത്തിലൂടെയും ഉയർന്നു വന്നവരാണ് നമ്മുടെ മികച്ച താരങ്ങളൊക്കെയും. അന്ന് പഠനത്തോടൊപ്പം സ്പോർട്സിനും നാം അർഹമായ പ്രാധാന്യം കൊടുത്തിരുന്നു. ഒഴിവു സമയങ്ങളിൽ മണ്ണു നിറഞ്ഞ മൈതാനത്ത് നഗ്നപാദരായി കളികളിൽ മുഴുകുന്ന കുട്ടികൾ, പെരുമഴയത്തും വർദ്ധിത വീര്യത്തോടെ പന്തിനു പിറകെ ഓടുന്നവർ, ക്ലാസ് കഴിഞ്ഞ് ബെല്ലു മുഴങ്ങിയാൽ ബാഗ് വലിച്ചെറിഞ്ഞ് മൈതാനത്തേക്ക് ഓടിയിരുന്ന വിദ്യാർത്ഥികൾ. ഈ കാഴ്ചകളൊക്കെ ഇന്ന് വെറും ഓർമ്മയായി മാറിപ്പോയിരിക്കുന്നു എന്ന വേദനിപ്പിക്കുന്ന യാഥാർത്ഥ്യത്തിനു മേലെയാണ് ഈ സ്പോർട്സ് നയം ഒരു രജതരേഖയായി തെളിയുന്നത്.
കേരളം എന്നും സ്പോർട്സിനെ ഹൃദയത്തോട് ചേർത്തിരുന്നു. ഫുട്ബോളിനോടുള്ള തീവ്രമായ ആവേശം ക്രിക്കറ്റിനോടും നമ്മുടെ യുവതലമുറയ്ക്ക് ഉണ്ടായിരുന്നു. നിരവധി തദ്ദേശീയമായ കളികളും കായിക വിനോദങ്ങളും നമ്മുടെ നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്നു. തലപ്പന്തുകളി, കബഡി, വടംവലി, ഓണത്തല്ല്, ഉറിയടി, കുട്ടിയും കോലും തുടങ്ങിയ നാടൻകളികൾ കേരളത്തിൻറെ ഗ്രാമീണ ജീവിതത്തിൻറെ ഭാഗമായിരുന്നു. ഒരേ താളത്തിൽ തുഴയെറിഞ്ഞ് നൂറുകണക്കിന് തുഴച്ചിലുകാർ എണ്ണയിട്ട യന്ത്രം പോലെ ഒന്നിച്ച് മുന്നോട്ട് കുതിക്കുന്ന വള്ളംകളി ഒരുമയുടെ ശക്തി സൗന്ദര്യങ്ങളുടെ സമന്വയനമാണ്. കളരിപ്പയറ്റ് പോലെയുള്ള ആയോധനകലകളും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ്. എന്നാൽ ഈ പാരമ്പര്യങ്ങളെയൊക്കെ പുതിയ കാലവുമായി ബന്ധിപ്പിക്കാനുള്ള സാമൂഹിക ഇച്ഛാശക്തി നമുക്ക് എങ്ങനെയോ നഷ്ടമായി. സ്പോർട്സ് സ്പോർട്സിനു വേണ്ടി മാത്രമുള്ളതല്ലെന്നും സമഗ്രവും ആരോഗ്യകരവുമായ ഒരു ജീവിതത്തിനു വേണ്ടിയുള്ള പരിശീലനവും മാർഗ്ഗവും ആണെന്നുമുള്ള ബോധ്യം പുതുതലമുറയ്ക്ക് നൽകുന്നതിൽ നാം പരാജയപ്പെട്ടു.
ആരോഗ്യമുള്ള മനസ്സും ശരീരവും ഒരു വ്യക്തിയുടെ ജീവിതവിജയത്തിനും സാക്ഷാത്കാരത്തിനും ഏറെ ആവശ്യമാണ്. ശരീരക്ഷമത, സഹനശക്തി, ഏകാഗ്രത, ആത്മവിശ്വാസം, ആത്മനിയന്ത്രണം, സമയബോധം, സംയമനം, സഹകരണം എന്നിങ്ങനെ സന്തുലിതമായ ഒരു ജീവിതത്തിന് ആവശ്യമുള്ള ഗുണങ്ങളൊക്കെ കായിക വിനോദങ്ങളിലും മത്സരങ്ങളിലും ഏർപ്പെടുന്നതിലൂടെ നമുക്ക് ആർജിച്ചെടുക്കാൻ കഴിയും. ഓരോ കളിക്കളങ്ങളും ജീവിതത്തിൻറെ തന്നെ ഒരു പരിച്ഛേദമാണ്. അവിടെ നിയമങ്ങളുണ്ട്, എതിരാളികളുണ്ട്, പരാജയമുണ്ട്, വിജയമുണ്ട്, അനിശ്ചിതത്വമുണ്ട്, പ്രതീക്ഷയുണ്ട്, പരിശ്രമമുണ്ട്, സഹവർത്തിത്വമുണ്ട്. അവിടെ നാം മറ്റുള്ളവരുടെ കഴിവിനെയും പങ്കാളിത്തത്തെയും അംഗീകരിക്കാൻ പഠിക്കുന്നു. സ്വന്തം തെറ്റ് അംഗീകരിക്കാനും തിരുത്താനും പഠിക്കുന്നു. കൂട്ടായ ലക്ഷ്യത്തിനുവേണ്ടി അഹംബോധം മാറ്റിവയ്ക്കാൻ പഠിക്കുന്നു. അവിടെ നിന്നാണ് ഒരു കുട്ടി നല്ല നേതാവാകുന്നത്, നല്ല സുഹൃത്തും സഹപ്രവർത്തകനുമാകുന്നത്. നല്ല മനുഷ്യരും നല്ല പൗരരും ആകുന്നത്. പരാജയത്തിൽ തളർന്നു പോകാതെ പുതിയ ലക്ഷ്യങ്ങളും അവസരങ്ങളും തേടി മുന്നോട്ടു കുതിക്കുന്ന ഒരു തലമുറ അവിടെ സൃഷ്ടിക്കപ്പെടുന്നു. വിജയത്തിലൂടെ ആനന്ദവും ആത്മവിശ്വാസവും ലഭിക്കുന്നതുപോലെ തോൽക്കുമ്പോൾ അത് സമചിത്തതയോടെ സ്വീകരിക്കാൻ അവർ പഠിക്കുന്നു. അങ്ങനെ തങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാനുള്ള മാനസിക പക്വതയും അവർ നേടുന്നു. സമഗ്രമായ വ്യക്തിത്വവികസനത്തിന് വ്യക്തികളെ സഹായിക്കുന്ന കായിക വിനോദങ്ങളും മത്സരങ്ങളും അതുകൊണ്ടുതന്നെ നമ്മുടെ സ്കൂൾ, കോളേജ് തലങ്ങളിൽ വേണ്ട പ്രാധാന്യത്തോടെയും ഗൗരവത്തോടെയും നിലനിർത്തുകയും അവയിൽ പങ്കുചേരാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിൽ ഏറെ അത്യന്താപേക്ഷിതമാണ്.

കളിക്കളങ്ങൾ മരിക്കുമ്പോൾ സമൂഹം തോൽക്കും, ഒടുവിൽ നശിക്കും. ശൂന്യമായിപ്പോയ സ്കൂൾ ഗ്രൗണ്ടുകളും നാട്ടുക്ലബ്ബുകളും നഷ്ടമായിപ്പോയ സർക്കാർ പിന്തുണയും എല്ലാം നമ്മുടെ സമൂഹത്തെ നയിച്ചത് വലിയ അപകടങ്ങളിലേക്കായിരുന്നു. ഒരിക്കൽ നമ്മുടെ കുട്ടികളുടെ ഭാവി മൈതാനങ്ങളിലാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. ഇന്ന് അവരുടെ ജീവിതങ്ങൾ സൈബറിടങ്ങളിലും സ്ക്രീനുകളിലും ലഹരി മാഫിയയുടെ നെറ്റ് വർക്കിലും കുരുങ്ങി നശിച്ചു പോകുന്നു. കളിക്കളത്തിൽ നാം സൃഷ്ടിച്ചിരുന്നത് കായികതാരങ്ങളെ മാത്രമായിരുന്നില്ല. ആരോഗ്യമുള്ള ശരീരവും കരുത്തുറ്റ മനസ്സുമുള്ള, പാരസ്പര്യത്തിന്റെയും കൂട്ടത്തരവാദിത്വത്തിന്റെയും വിജയഗാഥകൾ രചിക്കുവാൻ പ്രാപ്തരായ പൗരരെയും പരാജയങ്ങളെ നേരിടാൻ കഴിയുന്ന കരുത്തുറ്റ വ്യക്തികളെയുമാണ്. ഈ അവസരങ്ങളും സാധ്യതകളും ഇല്ലാതാക്കിയതിന് മാറിമാറി വന്ന സർക്കാരുകളും കായിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല, നാമോരോരുത്തരും ഉത്തരവാദികളാണ്. ഇത് കായിക രംഗത്തെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായി കാണാനാവില്ല. ഒരു സമൂഹത്തിൻറെ ആരോഗ്യത്തെയും സ്വഭാവത്തെയും മികവിനെയും ഭാവിയെയും ദോഷകരമായി ബാധിക്കുന്ന വലിയൊരു വിപത്താണ്. സർക്കാരിൻറെ ഭാഗത്തുനിന്നുള്ള നയങ്ങളും നിയമനിർമ്മാണവും മറ്റു സംവിധാനങ്ങളും നിലവിൽ വരുന്നതോടൊപ്പം, ഒരു സ്പോർട്സ് സംസ്കാരം വളർത്തിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമം സമൂഹത്തിൽ നിന്നുണ്ടാകണം.
സ്പോർട്സിനെ കുറെക്കൂടി പ്രൊഫഷണൽ ആയി കാണുന്ന ഒരു സമീപനം വളർത്തിയെടുക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ സർക്കാർ സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നും ഉണ്ടാവേണ്ടത് ആവശ്യമാണ്. ഒരു കായിക സംസ്കാരം വളർത്തിക്കൊണ്ടു വരുന്നതിലൂടെ മാത്രമേ മികച്ച സ്പോൺസർമാരെ ലഭിക്കാനുള്ള അവസരമുണ്ടാകൂ. നമുക്ക് കഴിവുള്ള കായികതാരങ്ങളുണ്ട്. അവർക്ക് മികച്ച പരിശീലനം കൊടുത്ത് അവരുടെ കഴിവുകളെ പരിപാകപ്പെടുത്തി അന്തർദേശീയ നിലവാരത്തിലേക്ക് വളർത്തിക്കൊണ്ടുവന്നെങ്കിൽ മാത്രമേ ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്സ് പോലെയുള്ള വേദികളിൽ നമ്മുടെ രാജ്യത്തിൻറെ അഭിമാനം ഉയർത്തിപ്പിടിക്കാൻ കഴിയൂ. അതിനു സാമ്പത്തികമായി വലിയ ചിലവുണ്ട്. നല്ല പരിശീലകരെ കണ്ടെത്തി, മികച്ച പരിശീലനം കൊടുക്കുന്നതും മറ്റു സൗകര്യങ്ങളെല്ലാം ഒരുക്കുന്നതും സാമ്പത്തികമായി വലിയ ഒരു ഉത്തരവാദിത്തമാണ്. അതോടൊപ്പം കായികതാരങ്ങളുടെ ആരോഗ്യ സംരക്ഷണം, പോഷകസമൃദ്ധമായ ഭക്ഷണം, അങ്ങനെ നിരവധി കാര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. സർക്കാർ ഫണ്ടുകളെ മാത്രം ആശ്രയിച്ച് ഇക്കാര്യങ്ങളൊക്കെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക ബുദ്ധിമുട്ടാണ്. ഇവിടെയാണ് പ്രൊഫഷണലായി സ്പോർട്സിനെ സമീപിക്കുന്ന ഒരു കായിക സംസ്കാരത്തിൻറെ പ്രാധാന്യം.

സ്കൂൾതലത്തിൽ തന്നെ ഈ കായിക സംസ്കാരം നാം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയുമൊക്കെ സ്വാധീനം, സൈബർ അടിമത്തം, വൈകാരിക പ്രക്ഷുബ്ധത, മാനസിക പിരിമുറുക്കങ്ങൾ, ആത്മഹത്യാപ്രവണത കുറ്റവാസന എന്നിവയിൽ നിന്നുമൊക്കെ നമ്മുടെ കുട്ടികളെ രക്ഷിക്കാൻ നാം അവരെ മൈതാനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ദൗർഭാഗ്യവശാൽ ഇന്ന് സ്കൂളുകളിലും കോളേജുകളിലും സ്പോർട്സിന് പണ്ട് നൽകപ്പെട്ടിരുന്ന പ്രാധാന്യം ലഭിക്കുന്നില്ല. കായികാധ്യാപകരുടെയും പരിശീലനം ലഭിച്ച കോച്ചുകളുടെയും അഭാവവും കാലാനുസൃതമായ ഭൗതിക സൗകര്യങ്ങളുടെ കുറവും കായിക പ്രവർത്തനങ്ങൾക്കും പരിശീലനങ്ങൾക്കും വേണ്ടിയുള്ള ഫണ്ടുകളുടെ ദൗർലഭ്യവുമൊക്കെ നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ സ്പോർട്സിനുള്ള പ്രധാന്യവും അതിനോടുള്ള താല്പര്യവും കുറയാൻ കാരണമായിട്ടുണ്ട്. മഴയത്തും വെയിലത്തുമൊക്കെ ബുദ്ധിമുട്ടിയും വിയർത്തുമുള്ള കഠിനമായ പരിശീലനത്തിന് കുട്ടികൾക്കും താൽപര്യമില്ല. ഒരു പരിധിവരെ നമുക്ക് അവരെ കുറ്റപ്പെടുത്താനാകില്ല. എപ്പോൾ മഴപെയ്യും, എപ്പോൾ വെയിൽ വരും എന്ന് പ്രവചിക്കാനാവാത്ത സാഹചര്യം. മഴ പെയ്തു തുടങ്ങിയാൽ ദിവസങ്ങളോളം തുടരുന്ന ദുരിതപ്പെയ്ത്ത്. വെയിൽ തുടങ്ങിയാൽ സൂര്യതാപം ഏൽക്കുന്ന വിധത്തിലുള്ള കനൽചൂട്. മാറിയ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്. മെച്ചപ്പെട്ട സൗകര്യങ്ങളെകുറിച്ച് പറയുന്നതിന് മുൻപ് ബേസിക് ആയ പല സൗകര്യങ്ങളും ഉറപ്പാക്കേണ്ടതാണ് ആവശ്യമെന്ന് പറയേണ്ടിവരും. എത്ര പരിതാപകരമായ അവസ്ഥയിലാണ് നമ്മുടെ സ്കൂൾ കായികമേളകൾ സംഘടിപ്പിക്കപ്പെടുന്നത് എന്ന് മാധ്യമ റിപ്പോർട്ടുകളിലൂടെ നാം കണ്ടറിഞ്ഞതാണ്. ഒരു ജില്ലയിൽ, ലോങ്ങ് ജംപ് മത്സരം നടത്താൻ പറ്റിയ മൈതാനം ഇല്ലാത്തതുകൊണ്ട് ഒരു കായികാധ്യാപകന്റെ വീടിനു സമീപത്തെ പറമ്പിൽ നടത്തേണ്ടി വന്നതിൻ്റെയും പോൾ വാൾട്ടിൽ ഒന്നാം സ്ഥാനക്കാരനായ വിദ്യാർത്ഥി വീടിന് സമീപത്തെ കാട്ടിൽ നിന്ന് മുളങ്കമ്പ് വെട്ടിയുണക്കി മത്സരത്തിനു വേണ്ടി കൊണ്ടുപോകുന്നതിൻ്റെയും ചിത്രങ്ങൾ പത്രങ്ങളിൽ കണ്ടിരുന്നു. നമ്മുടെ വിദ്യാലയങ്ങളിലെ കായികരംഗത്തെ ശോചനീയ അവസ്ഥയുടെ നേർചിത്രങ്ങളാണ് ഇവ രണ്ടും.

കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ സർക്കാർ സംവിധാനങ്ങൾ നിലവിലുണ്ട്. കേരള സ്പോർട്സ് കൗൺസിൽ, ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ്, സ്പോർട്സ് അക്കാദമികൾ, അസോസിയേഷനുകൾ, സ്പോർട്സ് ഹോസ്റ്റലുകൾ, ഫിസിക്കൽ ഫിറ്റ്നസ് പദ്ധതികൾ, പരിശീലന പരിപാടികൾ എന്നിവയൊക്കെ നിലവിലുണ്ട്. പക്ഷേ അധാർമികമായ രാഷ്ട്രീയമായ ഇടപെടലുകളും ക്രമക്കേടുകളും കെടുകാര്യസ്ഥതയും ഒക്കെയായി ഈ സംവിധാനങ്ങളൊക്കെ കുത്തഴിഞ്ഞു കിടക്കുകയാണ്. പുതിയൊരു സ്പോർട്സ് അതോറിറ്റി സ്ഥാപിക്കുന്നതിലൂടെ ഇവയെല്ലാം കൂടുതൽ സജീവവും സുതാര്യവും ഉത്തരവാദിത്വവുമുള്ള സംവിധാനങ്ങൾ ആയി മാറും എന്ന് പ്രത്യാശിക്കാം. നമ്മുടെ വിദ്യാലയങ്ങളിൽ ഉപയോഗയോഗ്യമായ കളിസ്ഥലങ്ങളുടെയും യോഗ്യതയുള്ള അധ്യാപകരുടെയും പരിശീലകരുടെയും സ്പോർട്സ് ക്ലബ്ബുകളുടെയും കൃത്യമായ ഡാറ്റ സ്വരൂപിച്ച് വിവിധ സ്പോർട്സ് ഇനങ്ങളിൽ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി പ്രൊഫഷണലായി അവർക്ക് പരിശീലനം നൽകാനുള്ള ശ്രമങ്ങളുണ്ടാവണം. നിയമനിർമാണവും പുതിയ ഓഫീസുകളും വരുന്നതല്ല പ്രധാനം. മൈതാനങ്ങൾ ഉണരണം. സംവിധാനങ്ങൾ സജീവമാകണം. കുട്ടികൾ സ്പോർട്സിലേക്ക് വരണം. തദ്ദേശീയ പാരമ്പര്യ കായിക വിനോദങ്ങളും കളികളും സ്കൂളുകളിലെയും കോളേജുകളിലെയും ആഘോഷങ്ങളുടെയും പ്രാദേശിക കായികമേളകളുടെയും ഭാഗമാക്കണം. ഓപ്പറേഷൻ തൂഫാനോടൊപ്പം ഇങ്ങനെയൊരു സ്പോർട്സ് റെവല്യൂഷൻ കൂടി ചേർന്നാൽ നമ്മുടെ കൗമാര യൗവനങ്ങളെ പുതിയൊരു സംസ്കാരത്തിലേയ്ക്കും ജീവിതശൈലിയിലേയ്ക്കും നയിക്കാൻ നമുക്ക് കഴിയും. എല്ലാവരും താരങ്ങൾ ആകണമെന്നില്ല. പക്ഷേ എല്ലാവരും കളിക്കാരാകണം. സ്പോർട്സ് ഓരോ പൗരരുടെയും ജീവിതശൈലിയുടെയും സംസ്കാരത്തിന്റെയും ഭാഗമാകണം. ഡിജിറ്റൽ സ്ക്രീനുകളിൽ നിന്നും മൈതാനങ്ങളിലേക്ക് നമ്മുടെ യുവതലമുറ തിരിച്ചെത്തണം. മൈതാനങ്ങൾ നിറയുമ്പോൾ ശരീരവും മനസ്സും ഉണരും. സമൂഹത്തിൽ നന്മ പുലരും. ആരോഗ്യമുള്ള തലമുറ വളർന്നുവരും. കായികരംഗത്ത് രാജ്യത്തിന് പുതിയ മേൽവിലാസമുണ്ടാകും. പുതിയൊരു കായികസംസ്കാരത്തിലൂടെ നഷ്ടമായ നന്മകളെ തിരിച്ചുപിടിക്കാനും പ്രകാശം നിറഞ്ഞ ഒരു ഭാവിയെ സൃഷ്ടിക്കാനും നമുക്കു കഴിയട്ടെ.

