“ആദ്യമായി ചെസ് കളിച്ച് തുടങ്ങുമ്പോൾ എനിക്ക് ഏഴ് വയസ്സായിരുന്നു. ചെസ് വളരെ സങ്കീർണമാണ്. അതുകൊണ്ടാണ് എനിക്ക് വല്ലാതെ ഇഷ്ടമായത്. ആസ്വദിച്ച് കളിക്കുക, എപ്പോഴും ആത്മവിശ്വാസത്തോടെ ഇരിക്കുക, ഒരിക്കലും വിട്ടുകൊടുക്കാതിരിക്കുക… കളിക്കുമ്പോൾ ഞാൻ പിന്തുടരുന്ന രീതിയാണിത്. എനിക്ക് ലോക ചാമ്പ്യനാവണം” ഒട്ടും പതർച്ചയില്ലാത്ത ശബ്ദത്തിൽ, തികഞ്ഞ ആത്മവിശ്വാസത്തോടെ ദൊമ്മരാജു ഗുകേഷ് എന്ന 13 വയസ്സുകാരൻ ഇങ്ങനെ പറയുമ്പോൾ അത് അഞ്ച് വർഷങ്ങൾക്കിപ്പുറം സത്യമാവാൻ പോവുമെന്ന് ആരും കരുതിക്കാണില്ല. എന്നാൽ, ആ കൗമാരക്കാരൻ തൻെറ സ്വപ്നം യാഥാർഥ്യമാക്കാൻ കഠിനാധ്വാനം നടത്തുകയായിരുന്നു. ആ അധ്വാനം ഇതാ പരിസമാപ്തിയിലെത്തിയിരിക്കുന്നു. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായി ചെന്നൈക്കാരനായ ഡി.ഗുകേഷ്. വിശ്വനാഥൻ ആനന്ദ് എന്ന ഇതിഹാസത്തിന് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ലോക ചെസ് ചാമ്പ്യൻ.
ലോക ചെസിൽ വീണ്ടും ഇന്ത്യ ആധിപത്യം സ്ഥാപിച്ച് തുടങ്ങുകയാണ്. 2012ലാണ് വിശ്വനാഥൻ ആനന്ദിലൂടെ ഇന്ത്യ അവസാനമായി ലോക ചെസ് കിരീടം നേടിയത്. എന്നാൽ, തൊട്ടടുത്ത വർഷം 2013-ൽ ആനന്ദ് ഫൈനലിൽ തോറ്റു. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചെന്നൈയിൽ വെച്ച് നടന്ന വാശിയേറിയ പോരാട്ടത്തിൽ മാഗ്നസ് കാൾസണോടായിരുന്നു തോൽവി. അതോടെ ചെസിൽ ഇന്ത്യൻ യുഗത്തിന് ചെറിയൊരു ഇടവേള വന്നു. നോർവേക്കാരൻ മാഗ്നസ് കാൾസണും ചൈനയുടെ ഡിങ് ലിറനുമാണ് പിന്നീട് ചെസ് ലോകം വാണത്. ലോക ചാമ്പ്യനായ ഗുകേഷിനൊപ്പം പ്രഗ്നാനന്ദയും വളർന്ന് വരുന്നുണ്ട്. 19-കാരനായ പ്രഗ്നാനന്ദ ഇതിനോടകം തന്നെ ഡിങ് ലിറനെയും കാൾസണെയും പരാജയപ്പെടുത്തി ചതുരംഗപ്പലകയിലെ തൻെറ ആധിപത്യം തെളിയിച്ചിട്ടുണ്ട്. ലോക ചെസ്സിൽ വരും കാലം ഇന്ത്യയുടേതായിരിക്കും. പ്രഗ്നാനന്ദയും ഗുകേഷും അതാണ് തെളിയിക്കുന്നത്.
1961-ൽ തമിഴ്നാട്ടുകാരനായ മാനുവൽ ആരോണാണ് ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മാസ്റ്ററാവുന്നത്. അക്കാലത്ത് ചെസിന് ഇന്ത്യയിൽ വലിയ പ്രചാരമൊന്നുമുണ്ടായിരുന്നില്ല. 1979-ൽ മഹാരാഷ്ട്രക്കാരി ജയശ്രീ ഖാദിൽക്കർ വനിതാ അന്താരാഷ്ട്ര മാസ്റ്ററായതും 1985-ൽ പ്രവീൺ തിപ്സെ ആദ്യമായി കോമൺവെൽത്ത് കിരീടം നേടുന്നതും ഇന്ത്യൻ ചെസിലെ ചരിത്രനിമിഷങ്ങളാണ്. 1987-ലാണ് ചെസിൻെറ ലോകഭൂപടത്തിൽ ചെന്നൈക്കാരനായ വിശ്വനാഥൻ ആനന്ദ് കുതിച്ചുയരുന്നത്. ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ആദ്യകിരീടം നേടിയത് ആനന്ദാണ്. തൻെറ 18ാം വയസ്സിൽ ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മാസ്റ്ററായ ആനന്ദ് 30ാം വയസ്സിൽ ആദ്യ ലോകകിരീടം രാജ്യത്തിന് വേണ്ടി സ്വന്തമാക്കി.
2000-ൽ ആനന്ദ് തുടങ്ങിയ ജൈത്രയാത്ര അവസാനിക്കുന്നത് 2012ലാണ്. 2007, 2008, 2010, 2012 വർഷങ്ങളിലാണ് ആനന്ദ് ഇന്ത്യക്കായി ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നത്. ചെസിലെ ആദ്യ ലോകകിരീടവും ഇന്ത്യക്ക് സമ്മാനിക്കുന്നതും ആനന്ദാണ്. 2000-ലും 2002-ലും ആനന്ദ് ലോകകിരീടം നേടി. ആനന്ദ് ജ്വലിച്ച് നിന്ന കാലമായിരുന്നു ലോക ചെസ്സിൽ ഇന്ത്യയുടെ സുവർണകാലം. പിന്നീട് അദ്ദേഹത്തിൻെറ പാത പിന്തുടന്ന് നിരവധി പ്രതിഭകൾ ഇന്ത്യൻ ചെസിൽ ഉയർന്നുവന്നു. അതിൻെറ ഇപ്പോഴത്തെ കണ്ണികളാണ് പ്രഗ്നാനന്ദയും ഗുകേഷും. 14ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്ററായ മലയാളി നിഹാൽ സരിനും ഇക്കൂട്ടത്തിലുണ്ട്. ഇതിനിടയിൽ വനിതാ ചെസ്സിൽ ആദ്യ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററായി തമിഴ്നാട്ടുകാരി എസ്.വിജയലക്ഷ്മിയും ലോക ജൂനിയർ ചെസിലും വനിതാ റാപിഡ് ചാമ്പ്യൻഷിപ്പിലും ജേതാവായി ആന്ധ്ര സ്വദേശി കൊനേരു ഹംപിയും ഗ്രാൻഡ് മാസ്റ്ററായി ആർ.വൈശാലിയും വനിതാ ചെസിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു.
ഗുകേഷിൻെറ വിജയം ഇന്ത്യൻ ചെസ്സിന് പുതിയ ഉണർവാണ് സമ്മാനിക്കാൻ പോവുന്നത്. അത് ഇന്ത്യൻ കായികലോകത്ത് തന്നെ വലിയൊരു വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്രിക്കറ്റിന് വലിയ പ്രാധാന്യം ലഭിക്കുന്ന ഇന്ത്യയിൽ വ്യക്തിഗത കായിക ഇനങ്ങളിൽ പ്രതിഭ തെളിയിച്ചെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. അവിടെയാണ് ലോക ചെസ്സിൽ ഇന്ന് ലോകത്ത് തന്നെ ഏറ്റവും നന്നായി കളിക്കുന്ന മൂന്നോ നാലോ യുവാക്കൾ ഇന്ത്യയിലുണ്ടെന്നത് പ്രതീക്ഷയാവുന്നത്. ടെന്നീസിൽ ലിയാണ്ടർ പെയ്സിനും മഹേഷ് ഭൂപതിക്കും ശേഷം അവരോളം പ്രതിഭാശാലികളായ കളിക്കാർ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ബാഡ്മിൻറണിൽ സൈന നെഹ്വാളിനും പി.വി സിന്ധുവിനും ശേഷം ഇനിയാരെന്ന ചോദ്യം ബാക്കിനിൽക്കുന്നുണ്ട്. അവിടെയാണ് ചെസ്സ് വീണ്ടും ഇന്ത്യയെ ലോക കായിക ഭൂപടത്തിൽ തല ഉയർത്തി നിർത്തുന്നത്.
ആനന്ദ് വെട്ടിയ വഴിയാണ് ചെസ്സിൽ ഇന്ത്യയിൽ വളർന്നുവരുന്നവർക്കുള്ള പ്രചോദനം. യുവ കളിക്കാർക്ക് നിർദ്ദേശങ്ങളും ഉപദേശങ്ങളുമായി ആനന്ദ് അവർക്കൊപ്പമുണ്ട്. ഗുകേഷിൻെറ വിജയത്തിലും ആനന്ദിന് ചെറുതല്ലാത്ത പങ്കുണ്ട്. വലിയ പരിശീലനത്തിൻെറയോ അക്കാദമിയുടെയോ ഒന്നും പിന്തുണ ആനന്ദിന് ഉണ്ടായിരുന്നില്ല. സ്വന്തം പ്രയത്നം തന്നെയായിരുന്നു കൈമുതൽ. ഇന്ന് കാര്യങ്ങൾ മാറി. ഏഴാം വയസ്സ് മുതൽ ചെസ് കളിക്കുന്ന ഗുകേഷിന് അക്കാലം മുതലേ തൻെറ രക്ഷിതാക്കൾ പിന്തുണ നൽകുന്നുണ്ട്. ലോകത്ത് എവിടെ ചെസ് മത്സരം നടക്കുമ്പോഴും പ്രഗ്നാനന്ദയ്ക്കൊപ്പം അവൻെറ അമ്മയും സഞ്ചരിക്കുന്നു. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിക്കും രക്ഷിതാക്കൾ അതേ പിന്തുണ നൽകുന്നു. നിഹാൽ സരിനും വീട്ടുകാർ നൽകുന്ന
പിന്തുണ ചെറുതല്ല. ഇവർക്ക് പരിശീലനം നൽകാൻ പറ്റിയ മികച്ച അക്കാദമികളും ഇന്ന് രാജ്യത്തുണ്ട്. വിശ്വനാഥൻ ആനന്ദ് തന്നെ നേതൃത്വം നൽകുന്ന വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് അക്കാദമിയാണ് മുകളിൽ പറഞ്ഞ നാല് പ്രതിഭകളെയും ലോക നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചത്. മികച്ച പരിശീലകരെ എത്തിക്കുവാനും സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും കൂടുതൽ സാമ്പത്തിക സഹായം നൽകിയാൽ ഈ അക്കാദമിയെ ലോകത്തെ ഒന്നാം നമ്പർ ചെസ് അക്കാദമിയായി വളർത്തിയെടുക്കാൻ സാധിക്കും. ഇന്ത്യയിൽ നിന്ന് ഇനിയും ലോക ചെസ് ചാമ്പ്യൻമാർ ഉണ്ടാവുന്നതിനോടൊപ്പം ഇത്തരം കായിക അക്കാദമികൾ കൂടി വളരേണ്ടതുണ്ട്.