ജൂനിയര്‍ താരങ്ങളെ മുന്നില്‍ നിര്‍ത്തി
ബ്രിജ് ഭൂഷന്റെ പുതിയ ഗുസ്തി

ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തതിനാല്‍ രാജ്യത്ത് ഗുസ്തി മത്സരങ്ങളൊന്നും നടക്കുന്നില്ലെന്നും ഇത് തങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞ് ജൂനിയര്‍ താരങ്ങള്‍ നടത്തിയ പ്രതിഷേധം, മുതിർന്ന താരങ്ങളുടെ പ്രതിഷേധത്തെ തകർക്കാൻ നടത്തിയ നീക്കങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കണം

ഗുസ്തി ഫെഡറേഷനിലെ സ്വേഛാധിപത്യത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെയുള്ള മുന്‍നിര ഗുസ്തി താരങ്ങളുടെ പ്രതിഷേധം തകര്‍ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഗുസ്തി സമരത്തിന്റെ മുന്‍നിര പോരാളികളായ സാക്ഷി മാലിക്ക്, ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കെതിരെ ജൂനിയര്‍ ഗുസ്തി താരങ്ങളെ രംഗത്തിറക്കി, ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിഭജിച്ച് ഭരിക്കുക എന്ന സ്വന്തം പാർട്ടിയുടെ നയം തന്നെയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം നിർവീര്യമാക്കാൻ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തതിനാല്‍ രാജ്യത്ത് ഗുസ്തി മത്സരങ്ങളൊന്നും നടക്കുന്നില്ലെന്നും ഇത് തങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞാണ് ജൂനിയര്‍ താരങ്ങള്‍ പ്രതിഷേധം നടത്തിയത്. എന്നാല്‍ പുതിയ അഡ്‌ഹോക്ക് കമ്മിറ്റിയെ വെല്ലുവിളിച്ച്, ബദല്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് നടത്തുമെന്ന് മുന്‍ പ്രസിഡന്റ് സഞ്ജയ് സിങ് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ഈ പ്രതിഷേധം അത്ര സ്വാഭാവികമല്ല. കായികമന്ത്രാലയം പ്രഖ്യാപിച്ച ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിന് മുമ്പ് തങ്ങള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുമെന്നാണ് സഞ്ജയ് സിങ്ങ് വെല്ലുവിളിച്ചിരുന്നത്. ഇതിനെ സാധൂകരിക്കുന്ന മുദ്രാവാക്യങ്ങളുമായാണ് ജൂനിയര്‍ താരങ്ങളുടെ അപ്രതീക്ഷിത പ്രതിഷേധത്തിലുയർന്നത്.

ജൂനിയര്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തിയ സമരത്തില്‍ നിന്ന്

ഗുസ്തി ഫെഡറേഷനെതിരെ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും നടത്തിയ സമരത്തിലൂടെ കരിയറിലെ ഒരു വര്‍ഷം നഷ്ടമായെന്നും പിരിച്ചുവിടപ്പെട്ട ഫെഡറേഷനെ ഉടൻ പുനഃസ്ഥാപിച്ച്, ഗുസ്തി മേഖലയെ വീണ്ടെടുക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. 'ഇന്ത്യയിലെ ഗുസ്തിമേഖലയിലെ പുരോഗതി തടസ്സപ്പെടുത്തിയതിന്' മൂവര്‍ക്കും എതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ഫെഡറേഷന്റെ സസ്‌പെന്‍ഷന്‍ പത്ത് ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങളെല്ലാം തിരികെ നല്‍കുമെന്നും ജൂനിയര്‍ താരങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്.

എന്നാല്‍ കാലങ്ങളായി ഗുസ്തി മേഖലയില്‍ നിലനിന്നിരുന്ന ബ്രിജ് ഭൂഷണിന്റെ അപ്രമാദിത്വത്തെയോ, ലൈംഗിക അതിക്രമങ്ങളെക്കുറിച്ചോ പ്രതിപാദിക്കുന്ന ഒരു മുദ്രാവാക്യങ്ങളും ഇവരുടെ പ്രതിഷേധത്തിലുണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം സഹപ്രവര്‍ത്തകാരായ ഏഴു വനിതാ താരങ്ങള്‍ നല്‍കിയ പരാതിയെയോ, കേസിനെയോക്കുറിച്ച് ചോദ്യങ്ങളുണ്ടായിരുന്നില്ല. നഷ്ടപ്പെട്ടെന്ന് ഇവര്‍ അവകാശപ്പെടുന്ന ഒരു വര്‍ഷം ഈ മൂന്ന് ഗുസ്തി താരങ്ങള്‍ നേരിട്ട അവഗണനകളില്‍ ഒന്നും പ്രതികരിക്കാതെ, സസ്‌പെന്‍ഷനിലായ ഭരണ സമിതിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിഷേധത്തിന്റെ കരുനീക്കങ്ങള്‍ വ്യക്തമാണ്. ഒരു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജന്തര്‍ മന്തറില്‍ സമാധാനമായി സമരം നടത്തിയിരുന്ന ഗുസ്തി താരങ്ങളെ ഡല്‍ഹി പോലീസ് ഏതു വിധത്തിലായിരുന്നു അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നതെന്ന് കണ്ടതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രകോപനങ്ങള്‍ക്കും നില്‍ക്കാതെയുള്ള പോലീസിന്റെ പരോക്ഷ പിന്തുണയും സംശയത്തിന്റെ ആഴം കൂട്ടുന്നുണ്ട്.

ജൂനിയര്‍ താരങ്ങളുടെ പ്രതിഷേധത്തിന് ശേഷം പ്രതികരണങ്ങളുമായി സാക്ഷി മാലിക് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സാക്ഷി മാലിക്ക് വെളിപ്പെടുത്തുന്നത്. ബ്രിജ് ഭൂഷണിനെതിരെ സമരം തുടങ്ങിയ അന്നുമുതല്‍ നിരവധി സംഘര്‍ഷങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്ന് ഗുസ്തിതാരങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സമരം തുടങ്ങിയതുമുതല്‍ ഈ താരങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പലരും ഭീഷണികള്‍ കാരണം പിന്തിരിഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങളെ കേസിനകത്താകുമെന്നും മറ്റും പറഞ്ഞ് അമ്മയെ ഫോണില്‍ വിളിച്ച് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്ന ഇപ്പോഴും തുടരുന്നതായാണ് സാക്ഷി പറയുന്നത്.

സാക്ഷി മാലിക്ക് വാര്‍ത്താസമ്മേളനത്തിനിടെ

എത്രയും പെട്ടെന്ന് തന്നെ പുതിയ തിരഞ്ഞെടുപ്പ് നടത്തി ഗുസ്തി ഫെഡറേഷനെ തിരഞ്ഞെടുക്കണമെന്ന് തന്നെയാണ് സാക്ഷിമാലിക് അടക്കമുള്ള ഗുസ്തിതാരങ്ങളും ആവശ്യപ്പെടുന്നത്. ഗുസ്തി ഫെഡറേഷനില്‍ നിന്ന് ബ്രിജ് ഭൂഷണിനെയും അനുയായികളെയും വീണ്ടും തിരഞ്ഞെടുക്കുന്നതിനെയാണ് ഇവര്‍ എതിര്‍ക്കുന്നത്. ഗുസ്തി ഫെഡറേഷനില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കായികമന്ത്രാലയം ഉറപ്പ് നല്‍കിയതിന് ശേഷവും ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് അധ്യക്ഷനായതില്‍ പ്രതിഷേധിച്ചാണ് കരിയര്‍ അവസാനിപ്പിക്കുന്നതായി സാക്ഷിമാലിക്ക് പ്രഖ്യാപിച്ചത്. സാക്ഷിയോട് പിന്തുണ പ്രഖ്യാപിച്ച് ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും തങ്ങള്‍ക്ക് ലഭിച്ച് ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചിരുന്നു.

ഒളിമ്പിക്സ് ഉള്‍പ്പടെയുള്ള രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഗുസ്തി താരങ്ങള്‍ തങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നത്തില്‍ സമഗ്രമായ അന്വേഷണവും അറസ്റ്റും ആവശ്യപ്പെട്ട്, ഒരു വര്‍ഷത്തോളമായി നടത്തിയ സമരത്തെ ഭരണകൂടം യാതൊരു പരിഗണനകളും നല്‍കാതെ അവഗണിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് സ്ത്രീശാക്തീകരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിലൊന്നും തന്നെ ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നില്ല. ബ്രിജ് ഭൂഷണിനെതിരെ ഏഴു വനിതാതാരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെയോ, ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ വനിതാ താരം കരിയര്‍ അവസാനിപ്പിച്ചതിനെക്കുറിച്ചോ പറയാനുണ്ടായിരുന്നില്ല.

ഈ വിഷയത്തെ ബോധപൂര്‍വം നിരസിക്കുന്നതിന് പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ട്. അടിസ്ഥാന വര്‍ഗ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന സമരങ്ങളെ സര്‍ക്കാര്‍ എങ്ങനെയാണ് നേരിടുക എന്നത്, ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിലൂടെ തെളിഞ്ഞതാണ്. അത് തന്നെയാണ് ഗുസ്തിക്കാരുടെ സമരത്തിലും ആവര്‍ത്തിക്കുന്നത്. കായികതാരങ്ങള്‍ എന്ന പരിഗണനയേക്കാളുപരി സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമെന്ന നിലയ്ക്കുപോലും സര്‍ക്കാര്‍ ഇതിനെ പരിഗണിക്കുന്നില്ല.

ഒരു ബാഹ്യ സമര്‍ദ്ധങ്ങളിലും തളരാതെ ഒരു വര്‍ഷമായി നീളുന്ന ഗുസ്തി താരങ്ങളുടെ സമരത്തെ, ജൂനിയര്‍ ഗുസ്തിതാരങ്ങളെ മുന്നിട്ടിറക്കി തകര്‍ക്കാനും ചരിത്രത്തില്‍ നിന്ന് മായ്ക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കും. കാരണം, ഈ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ലെന്ന തിരിച്ചറിവ് ബ്രിജ് ഭൂഷണിനും കേന്ദ്രസര്‍ക്കാരിനുമുണ്ട്.

Comments