വിഭജനകാലത്ത് തടിക്കച്ചവടക്കാരനായ രാംലാൽ നികഞ്ജിന്റെ കുടുംബത്തിന് റാവൽപിണ്ടിയിൽ നിന്ന് ലാഹോർ വഴി അമൃത്സറിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ കപിൽദേവ് എന്ന ഇതിഹാസത്തെ പാക്കിസ്ഥാൻ ബൗളിങ് നിരയിൽ നാം കാണുമായിരുന്നില്ലേ? അതൊരു വിദൂര സാധ്യതയെന്നുകരുതി നമുക്ക് ചിരിച്ചുതള്ളാം. പക്ഷെ, ലാഹോറിൽനിന്ന് അമൃത്സറിലേക്ക് വന്നവരും ലാഹോറിലേക്ക് പോയവരും ഒരേ ദുഃഖമാണ് അനുഭവിച്ചത്. എല്ലാം നഷ്ടപ്പെട്ടതിന്റെ തീവ്രമായ വേദന തലച്ചുമടായി വന്നവരും പോയവരും ആരോ ഒരാൾ എറിഞ്ഞ തീപ്പൊരിയുടെ പേരിൽ ചോര ചീന്തിയപ്പോൾ പത്തുലക്ഷം ജീവനുകളാണ് പൊലിഞ്ഞത്.
തേക്കുകച്ചവടക്കാരൻ രാംലാൽ ഈ വിഭജനത്തിന്റെ ഓർമകളുമായാണ് ജീവിച്ചത്. ഭാര്യ രാജകുമാരി പാക്കിസ്ഥാനിലെ ഒക്കാറക്കാരിയായിരുന്നു. ഇരുവരും ഫസിൽക്കയിൽഎത്തിയശേഷമാണ് ചണ്ഡീഗഢിലേക്ക് താമസം മാറ്റിയത്. അവരുടെ ഏഴു മക്കളിൽ ആറാമത്തെ കുട്ടി, നല്ല വികൃതിയായിരുന്നു. കപിൽദേവ് നികഞ്ജ് എന്ന വികൃതിക്കാരന്റെ ‘കയ്യിലിരിപ്പ്’ സഹിക്കാതെ അവനെ കളിക്കാൻ വിട്ടതാണ് ആ അമ്മ ഇന്ത്യക്കുവേണ്ടി ചെയ്ത വലിയ സുകൃതം. ആ ജാട്ട് പയ്യനാണ് പിന്നീട് ഇന്ത്യയുടെ ക്രിക്കറ്റ് ശീലങ്ങളിലേക്ക് പോരാട്ടത്തിന്റെ ഡി.എൻ.എ കൊണ്ടുവന്നത്. അയാൾ ക്രിക്കറ്റിന്റെ വരേണ്യതയിലേക്ക് ഉറച്ച സ്‌ട്രൈഡുകളോടെ കടന്നുവന്നതുതന്നെ ഇന്ത്യൻ ക്രിക്കറ്റിന്റെ ‘വിധി’ മാറ്റിയെഴുതുന്നതിനുവേണ്ടിയായിരുന്നു.
ബ്രിട്ടീഷുകാർ കളിച്ച ക്രിക്കറ്റ്, ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്തുതന്നെ, അവരുടെ ഇടവേളകളെ ഉന്മേഷകരമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം, അമ്പതുകളിലും അറുപതുകളിലും മുഹമ്മദ് നിസാർ, അമർ സിങ്, രമാകാന്ത് ദേശായ് എന്നീ ഫാസ്റ്റ് ബൗളർമാർ വലിയ ചലനമൊന്നും സൃഷ്ടിച്ചിരുന്നില്ല. അതിനുശേഷം വേഗമേറിയ സ്പെല്ലുകൾ എറിയുന്നവരുടെ വംശനാശം വന്നു.
എഴുപതുകളിൽ പാക്കിസ്ഥാനിൽ ആദ്യം സർ ഫ്രാൻസ് നവാസും പിന്നീട് ഇമ്രാൻഖാനും തീപ്പാറുന്ന പന്തുകൾ കൊണ്ടും തീപിടിപ്പിക്കുന്ന വാക്കുകൾ കൊണ്ടും ക്രിക്കറ്റിൽ വേറിട്ട ശൈലി കൊണ്ടുവന്നു. പിന്നാലെ, അബ്ദുൽ ഖാദിർ എന്നൊരു ഡാൻസിങ് ലെഗ് സ്പിന്നർ കൂടി വന്നതോടെ ആ ബൗളിങ് ബാറ്ററി ലോകടീമുകളെ മുഴുവൻ വെല്ലുവിളിച്ചു. പതിനഞ്ചുകാരൻ കപിൽദേവ് ആ അങ്കം മുഴൂവൻ കാണുന്നുണ്ടായിരുന്നു. കോളേജിലെത്തിയപ്പോൾ ആ കൗമാരക്കാരനിൽ ദൃഢമായൊരു വിശ്വാസം ജനിച്ചു. ഒരു ഫാസ്റ്റ് ബൗളറാകാൻ ജനിച്ചവനാണ് താൻ എന്ന വിശ്വാസം അയാളെ കൂടുതൽ വലിയ ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ജീവിതത്തിലെ വിധിനിർണായകമായ ഒരു തീരുമാനമാണിത്.
കപിൽ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത് മറ്റൊരു പ്രത്യേകത കൊണ്ടാണ്. 16 വർഷം ഇന്ത്യക്കുവേണ്ടി കളിച്ച ഈ ഓൾറൗണ്ടർ പരിക്കിന്റെ പേരിൽ ഒരിക്കൽ പോലും മാറിനിന്നിട്ടില്ല.
ഏതാണ്ട് അതേസമയത്ത്, 1959-ൽ ജനിച്ചൊരു ജാട്ട് പയ്യൻ അടുത്ത വീട്ടിലെ മാവിന് കല്ലെറിഞ്ഞും അവിടെയുള്ള പഴങ്ങൾ പറിച്ചും അയൽക്കാരിയുടെ സ്വൈര്യം കെടുത്തിയിരുന്നു, ആ കറുത്ത പയ്യൻ. സ്‌കൂളിലെത്തിയപ്പോൾ ക്രിക്കറ്റിലായി കമ്പം. ക്ലാസ് കട്ട് ചെയ്ത് സിനിമാതിയറ്ററിൽ കയറി സിനിമ കണ്ടും ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്തും കഴിയവേ, പരിശീലകൻ ഡി.പി. യാദവിനോട് ഒരു ക്രിക്കറ്റ് ഭാരവാഹി, അവനെ പരിശീലിപ്പിക്കണമെന്നാവശ്യപ്പെട്ട് ആ മെലിഞ്ഞ പയ്യനെ ട്രയലിന് വിളിച്ചപ്പോൾ അവൻ പന്തെറിഞ്ഞത് കൊടുങ്കാറ്റിന്റെ വേഗതയിലാണ്. യാദവ് ചിന്തിച്ചത്, മറ്റൊന്നാണ്. ഒരു ഫാസ്റ്റ് ബൗളർ ഇന്ത്യയുടെ വലിയ സ്വപ്നമാണ്. കുഴച്ചെടുത്ത കളിമണ്ണിൽ നിന്ന് ഒരു ശിൽപം സൃഷ്ടിക്കുന്നതുപോലെ ഇവനെ രൂപപ്പെടുത്തിയെടുക്കണം.
ക്യാമ്പുകളിൽ കപിൽദേവ് ഒരു റബലായിരുന്നു. താനൊരു ഫാസ്റ്റ് ബൗളറാകാൻ വിധിക്കപ്പെട്ടവനാണെന്ന് കപിലിന് അറിയാം. പക്ഷെ അതിന് പേശികൾ വികസിപ്പിക്കണം. ക്രിക്കറ്റ് കിച്ചണിലെ വെജിറ്റബിൾ സൂപ്പുകൊണ്ടൊന്നും അതുസാധിക്കുകയില്ല. അമ്മ തന്നെയായിരുന്നു അതിന് പരിഹാരം കണ്ടത്. അവരുടെ മനസിൽ വിധിയുടെ ഒരു പൂർവചിത്രം രൂപപ്പെട്ടുവന്നു. ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞാൽ മാർഗം ഭദ്രമാക്കുന്നത് ഒരു ജാട്ട് വിശ്വാസമാണ്.
ഇന്ത്യൻ പിച്ചുകളെ ചത്ത പിച്ചുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലത്താണ് കപിൽ ഇന്ത്യൻ പിച്ചുകളിൽ ഔട്ട് സ്വിംഗറുകൾ കൊണ്ട് ജീവൻ നൽകിയത്.
കപിൽ കഠിനമായ ഒരു ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കേ, ഇന്ത്യ, നിരന്തരം, ടെസ്റ്റുകളിൽ തോൽവി ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. ഓപ്പണിങ് സ്പെൽ പലപ്പോഴും എറിഞ്ഞത് ബാറ്റ്സ്മാന്മാരാണ്. സുനിൽ ഗവാസ്‌കർവരെ ഇങ്ങനെ ഓപണിങ് സ്പെൽ എറിഞ്ഞു. പിന്നെ വെങ്കിട്ടരാഘവനും പ്രസന്നയും ബേഡിയും ചന്ദ്രശേഖറുമൊക്കെ ശരിയാക്കിക്കൊള്ളുമെന്ന 'വിധിവിശ്വാസം' അവർക്കുണ്ടായിരുന്നു.
ക്രിക്കറ്റിന്റെ നിർമാണ ഫാക്ടറിൽ ഒന്നുംതന്നെ ഹരിയാനയിൽ ഇല്ലായിരുന്നു. അതുകൊണ്ട് ഒരു ഹരിയാൻവി, എങ്ങനെ പൊരുതിക്കയറുമെന്നത് ആശങ്കയായിരുന്നു. വൻനഗരങ്ങളുടെ ക്വാട്ടാസിസ്റ്റം എല്ലാ സാധ്യതയും അടച്ചുകഴിഞ്ഞു.
ആ വാതിൽ എറിഞ്ഞുതകർത്തത് കപിൽദേവിന്റെ ഡെലിവറികളാണ്.
കപിൽദേവിന്റെ പ്രതിവിപ്ലവം ആരംഭിക്കുന്നത്, ഹരിയാനക്കുവേണ്ടി ആദ്യ മത്സരത്തിൽ ആറു വിക്കറ്റുകൾ എടുത്തുകൊണ്ടാണ്. പിന്നീട് തുടരെത്തുടരെ അഞ്ചു വിക്കറ്റുകളുടെ വേട്ട തുടങ്ങിയപ്പോൾ അയാളെ അവഗണിക്കാൻ പറ്റാതായി. ദേശീയ ക്യാമ്പിലെത്തിയശേഷം, കപിൽ സ്വയം യുദ്ധസജ്ജനായി. നെറ്റ്സിലെ നിരന്തര പരീശീലനം, അയാളുടെ ശരീരത്തെ മെരുക്കി, റണ്ണപ്പിലും ഡെലിവറിയിലും അയാൾ അയാളെത്തന്നെ മാറ്റിമറിച്ചു. മറ്റാരിലും കാണാത്ത ഇച്ഛാശക്തിയായിരുന്നു അയാളുടെ വജ്രായുധം. മനോബലം, പേശീബലം, ഇച്ഛാശക്തി, ലക്ഷ്യബോധം എന്നിവ അയാളുടെ ഒപ്പം നിന്നു.
1978-ൽ പാക്കിസ്ഥാനെതിരെ കളിച്ചുകൊണ്ടാണ് കപിലിന്റെ അരങ്ങേറ്റം. അപ്പോൾ ഈ കളിക്കാരന് 19 വയസ്. നിലവിലുണ്ടായിരുന്ന ക്രിക്കറ്റ് ചരിത്രം ആദ്യ ടെസ്റ്റിൽ തന്നെ തിരുത്തിയെഴുതി. ആ പന്തുകൾ നേരിടാനാകാതെ പാക്കിസ്ഥാൻ ബാറ്റിങ് ലെജന്റുകൾ കുഴങ്ങി.
പിന്നീട് ഇന്ത്യ മുഴുവനും കണക്കുകളും പ്രകടനങ്ങളും ഏറ്റെടുത്തു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ വിസ്ഫോടനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കപിൽ മുന്നേറി. അത് ഒന്നൊന്നര വരവായിരുന്നു.
1978 മുതൽ 16 വർഷം കപിൽദേവ് പല റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് ക്രീസിൽ നിന്നു. ഏറ്റവും ഉന്നതമായ നാല് റെക്കോർഡുകൾ കപിൽദേവിന്റെ പേരിൽ കുറിക്കപ്പെട്ടു.1983-ൽ പ്രൂഡൻഷ്യൽ ക്രിക്കറ്റ് കിരീടം നേടികൊടുത്ത ക്യാപ്റ്റൻ, ലോകകപ്പിലെ അക്കാലത്തെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറിലൂടെ (175 നോട്ട് ഔട്ട്) ടീമിനെ ഒറ്റക്ക് ചുമലിലേറ്റി വിജയിച്ച ധീരൻ, 131 ടെസ്റ്റിൽ നിന്ന് 434 വിക്കറ്റെന്ന ലോക റെക്കോർഡ്, 2002-ൽ നൂറ്റാണ്ടിലെ ക്രിക്കറ്റർ എന്ന വിസ്ഡൻ ബിരുദം.
കപിൽദേവ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യാൻ തുടങ്ങിയപ്പോഴാണ് എതിരാളികൾ ഹെൽമെറ്റ് വെച്ച് തുടങ്ങിയതെന്ന് ഒരു തമാശയുണ്ട്. പക്ഷ കപിൽദേവ് ഓരോ എതിരാളിയേയും കൃത്യമായി പഠിച്ചുവെച്ചിരുന്നു.
പക്ഷെ ഇതൊന്നുമല്ല കപിൽദേവ് ഇന്ത്യയിൽ സൃഷ്ടിച്ചത്. കപിലാണ് ക്രിക്കറ്റിനെ സാധ്യതയുടെ കായികരൂപമായി അവതരിപ്പിച്ചത്. തകർച്ചയിൽ നിന്ന് എങ്ങനെ കരകയറാനാവുമെന്ന് അദ്ദേഹം സ്വയം ഉദാഹരിച്ചു. ഒരു പ്രതീക്ഷയുമില്ലാതെ ഇന്ത്യ പരുങ്ങിയ നിമിഷം 1983-ലെ ഫൈനലിന്റെ വിവിയൻ റിച്ചാർഡ്സിന്റെ ബാറ്റിൽനിന്ന് ആകാശത്തിലേക്ക് പറന്ന പന്ത് അദ്ദേഹം വാരകളോളം പിന്തിരിഞ്ഞോടി കപ്പിലൊതുക്കിയതാണ് ഇന്ത്യയുടെ വിജയനിമിഷം.
ഇംഗ്ലണ്ടിനെതിരെ നിർണായകമായ ഒരു ഫോളോ ഓൺ ഒഴിവാക്കാൻ അവസാന നാല് പന്തുകളിൽ സിക്‌സറുകൾ പറത്തി, 24 റൺസ് നേടി, ക്രീസിൽ നിന്ന് മടങ്ങിയ കപിൽദേവിനെ ഇംഗ്ലീഷുകാർ എഴുന്നേറ്റുനിന്നാണ് ആദരിച്ചത്. ഫോളോ ഓൺ ഒഴിവാക്കാൻ വേണ്ടത് 24 റൺസായിരുന്നു.
കപിൽദേവിന്റെ ഓൾറൗണ്ട് മികവുകൾ, സമകാലികരായ ഇമ്രാൻ ഖാൻ, റിച്ചാർഡ് ഹാസ്മി എന്നിവർക്കുമുണ്ടെങ്കിലും പ്രാഥമികമായി അവർ ബൗളിങ് ഓൾറൗണ്ടറുമാരാണ്. കപിലാകട്ടെ ബാറ്റ്‌കൊണ്ട് മാസ്റ്റർ ബ്ലാസ്റ്റർ എന്നൊരു പേരുതന്നെ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിലെ ബർബഡോസിൽലോകകപ്പിനുമുമ്പ് 38 പന്തിൽ നിന്ന് 72 റൺസും രണ്ട് വിക്കറ്റും നേടിയശേഷം, ആ ലോകോത്തര ടീമിനെ ഏകദിനത്തിൽ തകർത്ത കപിൽദേവിന് പോരാട്ടത്തിന്റെ ഊർജം ആ മത്സരത്തിൽ നിന്നുമാണ് ലഭിച്ചത്. തന്റെ ഓൾറൗണ്ട് പ്രകടനംകൊണ്ടുമാത്രം മാച്ചിൽ പാക്കിസ്ഥാനെതിരെയും വിൻഡീസിനെതിരെയും ഇന്ത്യക്ക് വിജയം നേടിക്കൊടുത്തിട്ടുണ്ട് കപിൽ. മിക്ക ഇന്നിങ്‌സിലും കപിലിന് ബാറ്റ് ചെയ്യാൻ കഴിയാത്തതുകൊണ്ടുമാത്രം റൺസുകൾ കുറഞ്ഞുപോയിട്ടുണ്ട്. പക്ഷെ കപിൽ, അതിലേറെ അർഹിച്ചിരുന്നു.
ഒരു വാതുവെപ്പ് കേസിൽ ആരോപിതനായപ്പോഴും ഇന്ത്യ വിശ്വസിക്കാതിരുന്നത് ആ വ്യക്തിത്വത്തിന്റെ മികവ് തന്നെ. കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ കപിലിനോടൊപ്പം ഇന്ത്യയും നിശ്വസിച്ചു.
ഇന്ത്യൻ പിച്ചുകളെ ചത്ത പിച്ചുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലത്താണ് കപിൽ ഇന്ത്യൻ പിച്ചുകളിൽ ഔട്ട് സ്വിംഗറുകൾ കൊണ്ട് ജീവൻ നൽകിയത്. ബോതമും യാനും ഹാഡ്‌ലിയുമൊക്കെ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ പിച്ചുകളിലാണ് കളിച്ചതെന്ന് കൂടിയോർക്കുക.
കപിൽദേവ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യാൻ തുടങ്ങിയപ്പോഴാണ് എതിരാളികൾ ഹെൽമെറ്റ് വെച്ച് തുടങ്ങിയതെന്ന് ഒരു തമാശയുണ്ട്. പക്ഷ കപിൽദേവ് ഓരോ എതിരാളിയേയും കൃത്യമായി പഠിച്ചുവെച്ചിരുന്നു. അതുപോലെ തന്റെ ടീമിൽ ഓരോ കളിക്കാരന്റെയും റോളിനെ അദ്ദഹം ആദരിച്ചിരുന്നു. 1983-ലെ ഇന്ത്യൻ ടീമിന്റെ കളിയെ ‘ബിറ്റ്സ് ആൻഡ് പീസസ്’ എന്നൊക്കെ നിരൂപകർ വിശേഷിപ്പിച്ചിരുന്നു എങ്കിലും അവരെ കൃത്യമായി ഉപയോഗപ്പെടുത്തിയത് കപിലിന്റെ നേതൃശേഷിയാണ്. അധികമൊന്നും അറിയപ്പെടാത്ത ബൽവിന്ദർ ബസുവിനുപോലും കപിൽ മികച്ച റോൾ നൽകി. അമർനാഥ്, യശ്പാൽ ശർമ്മ, സന്ദീപ് പാട്ടീൽ, റോജർ ബിന്നി, കിർമാണി എന്നിവർ ഉൾപ്പെട്ട ടീമിലെ ഓരോ കളിക്കാരനും ഓരോ കഥയായി മാറി.
കപിൽ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത് മറ്റൊരു പ്രത്യേകത കൊണ്ടാണ്. 16 വർഷം ഇന്ത്യക്കുവേണ്ടി കളിച്ച ഈ ഓൾറൗണ്ടർ പരിക്കിന്റെ പേരിൽ ഒരിക്കൽ പോലും മാറിനിന്നിട്ടില്ല. തന്റെ ശാരീരിക മികവിനെ എപ്പോഴും അദ്ദേഹം യുദ്ധസജ്ജമാക്കി നിർത്തി. കപിലിന്റെ കാലത്താണ് ലോകം ഇന്ത്യൻ ടീമിനെ ആദരിച്ച് തുടങ്ങിയത്. കപിലിന്റെ ചെകുത്താന്മാർ പിന്നീട് ആദരവുണർത്തുന്ന ഗുണപാഠകഥയായി. കപിൽ ഒരു ഓൾറൗണ്ട് ഐക്കൺ ആയിരുന്നത് കൊണ്ടാണ് ക്രിക്കറ്റിലേക്ക് പുതിയ തലമുറയുടെ പ്രവാഹമുണ്ടായത്.
ഒരു വാതുവെപ്പ് കേസിൽ ആരോപിതനായപ്പോഴും ഇന്ത്യ വിശ്വസിക്കാതിരുന്നത് ആ വ്യക്തിത്വത്തിന്റെ മികവ് തന്നെ. കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ കപിലിനോടൊപ്പം ഇന്ത്യയും നിശ്വസിച്ചു.