2018ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന പാരാ ഏഷ്യൻ ഗെയിംസിൽ ചെസിൽ വെള്ളിമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ, കാഴ്ചപരിമിതനായ കായികതാരം സ്പോർട്സ് ക്വാട്ടയിൽ ജോലിക്ക് സർക്കാർ സ്ഥാപനങ്ങളിൽ കയറിയിറങ്ങുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിക്കുന്ന കായിക താരങ്ങൾക്ക് സർക്കാർ വലിയ പാരിതോഷികങ്ങളും ജോലിയും നൽകുന്ന ഒരു കാലത്തുതന്നെയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശി പി.കെ മുഹമ്മദ് സാലിഹിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്. ബ്ലൈൻഡ് സ്പോർട്സിനും ബ്ലൈൻഡ് സ്പോർട്സിൽ ഉന്നത വിജയം നേടുന്ന താരങ്ങൾക്കും കേരള സർക്കാർ എത്ര പരിഗണന നൽകുന്നുണ്ടെന്ന വസ്തുത സാലിഹിന്റെ അനുഭവം വരച്ചിടുന്നു.
കാഴ്ചപരിമിതിയുടെ എല്ലാം വെല്ലുവിളികളെയും അതിജീവിച്ച് ഉയർന്നുവരുന്ന കായിക താരങ്ങളെ സർക്കാരും സ്‌പോർട്‌സ് കൗൺസിലും ഈ വിധം അവഗണിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. കാഴ്ച പരിമിതികളെന്ന് പൊതുബോധം നിർവചിച്ചുവെച്ചിരിക്കുന്ന പലതരം പരിമിതികളെ ഒരു പരിധി വരെ മറികടക്കാനും സ്വയം പര്യാപ്തതതോടെ സ്വന്തം കാര്യങ്ങൾ ചെയ്യാനുമുള്ള പരിശീലനമായി കായിക മത്സരങ്ങൾ മാറുന്നുണ്ട്. മുഖ്യധാരാ സ്‌പോർട്‌സിനെക്കാൾ കൂടുതൽ പ്രാധാന്യവും പിന്തുണയും ബ്ലൈൻഡ് സ്‌പോർട്‌സിനും നൽകി അവരെ കൂടി ഉൾക്കൊള്ളുന്ന സമീപനമാണ് സർക്കാറും സ്‌പോർട്‌സ് കൗൺസിലും സ്വീകരിക്കേണ്ടത്. ബ്ലൈൻഡ് സ്‌പോർട്‌സിനെ അംഗീകരിക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും പിന്തുടരുന്ന മാത്യകാപരമായ സമീപനങ്ങളും കേരള സർക്കാറിന് പിന്തുടരാവുന്നതാണ്.
കണ്ണുതുറക്കാത്ത സർക്കാർ
യൂണിവേഴ്സിറ്റി വിദ്യാർഥിയായിരിക്കേ, അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് പി.കെ മുഹമ്മദ് സാലിഹ്. കേരള ചെസ് ടീം ക്യാപ്റ്റനായി ഓപ്പൺ കാറ്റഗറിയിൽ വരെ പങ്കെടുത്തിട്ടുണ്ട്. വിശ്വനാഥൻ ആനന്ദിനെയും പ്രഗ്‌നാനന്ദയെയും നിഹാൽ സരിനെയും പോലെ അന്തർദേശീയ തലത്തിൽ നിരവധി നേട്ടങ്ങൾ കൊയ്തു. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുകളെ സമീപിച്ചെങ്കിലും അനുകൂല മറുപടി ആരിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് സാലിഹ് ട്രൂകോപ്പിയോട് പറഞ്ഞു: "" ചെസിൽ ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടും കേരള സർക്കാറിന്റെ ഒരു പിന്തുണയും എനിക്ക് ലഭിച്ചിട്ടില്ല. ഇന്റർനാഷനൽ ടൂർണമെന്റിൽ ജയിച്ചുവരുന്ന താരങ്ങൾക്ക് ജോലിയും ക്യാഷ് അവാർഡും നൽകി ആദരിക്കാറുണ്ട്. ഇത്തരം ഒരു പരിഗണനയും എനിക്കോ മറ്റ് ബ്ലൈൻഡ് സ്പോർട്സ് താരങ്ങൾക്കോ ലഭിച്ചിട്ടില്ല. ഞങ്ങളുടെ ആവശ്യങ്ങൾ ബോധ്യപ്പെടുത്താൻ പല തവണ ഈ സർക്കാറിനെയും മുമ്പത്തെ സർക്കാറിനെയുമെല്ലാം ഞാൻ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും ഓഫീസുകളിലും സ്പോർട്സ് കൗൺസിലിലുമെല്ലാം പോയിട്ടിട്ടുണ്ടെങ്കിലും അനുകൂല നിലപാടുണ്ടായില്ല. സ്പോർട്സ് ക്വാട്ടയിൽ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല''
മുഹമ്മദ് സാലിഹിന് സ്‌പോർട്‌സ് ക്വാട്ടയിൽ സർക്കാർ ജോലി ലഭിക്കുന്നതിന് ഹമീമ് മുഹമ്മദ് എന്ന യുവാവിന്റെ നേതൃത്വത്തിൽ മാസ് സൈൻ കളക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. സാലിഹിന് നേരിടേണ്ടി വന്ന അവഗണന ഒറ്റപ്പെട്ടതല്ല, കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന കാഴ്ചപരിമിതരായ താരങ്ങൾക്കെല്ലാം സമാന അനുഭവങ്ങൾ തന്നെയാണുള്ളത്. മുഖ്യധാരാ കായികമത്സരങ്ങൾക്ക് നൽകുന്ന പിന്തുണയോ, പരിഗണനകളോ സർക്കാർ ബ്ലൈൻഡ് സ്പോർട്സിന് നൽകുന്നില്ല.
പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന സ്പോർട്സ്
കാഴ്ചപരിമിതരെ സംബന്ധിച്ച് കായിക മത്സരങ്ങൾ ഏറെ പ്രാധാന്യമുള്ളതാണ്. . കാഴ്ചയില്ലായ്മയുടെ ജൈവികമായ പരിമിതികളില്ലാതാക്കി ചലനശേഷിയെ കുറച്ചുകൂടി വിശാലമാക്കി മാറ്റുന്നതിൽ കായികമേഖലക്ക് വളരെ പ്രസക്തിയുണ്ടെന്നാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അസോസിയേഷൻ പ്രസിഡന്റായ ഡോ. ഹബീബ് സി. പറയുന്നത്:
‘‘കാഴ്ചയില്ലാത്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ് കായികമേഖല എങ്കിലും പലപ്പോഴും മറ്റ് ഭിന്നശേഷിവിഭാഗങ്ങൾക്ക് ലഭിക്കുന്നതുപോലെ കാഴ്ചയില്ലാത്തവരുടെ കായികമേഖലയെ സർക്കാർ പ്രോത്സാഹിപ്പിക്കുകയോ, ക്രിയാത്മക ഇടപെടൽ നടത്തുകയോ ചെയ്യാറി. ശാരീരിക ഭിന്നതയുള്ളവരുടെ കായികമത്സരങ്ങൾ പാരാ ഒളിമ്പിക്സിലാണ് നടത്താറ്. പക്ഷേ അതിലും കാഴ്ചയില്ലാത്തവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അസോസിയേഷന്റെ കീഴിൽ കാഴ്ചയില്ലാത്തവരുടെ കായികമത്സരങ്ങൾ പ്രോത്സാഹിപ്പിക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഫെഡറേഷൻ രൂപീകരണത്തിന്റെ ആദ്യം ഘട്ടം മുതലേ, സ്‌ക്കൂൾ, കോളേജ് തലങ്ങളിൽ കാഴ്ചയില്ലാത്ത വിദ്യാർഥികൾക്ക് കലാകായിക മത്സരങ്ങൾ നടത്തിയിരുന്നു. അത്ലറ്റിക്സ്, ലോങ്ങ് ജമ്പ്, ത്രോ ബോൾ, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിൻ തുടങ്ങിയ അഡാപ്റ്റീവായ സ്പോർട്സുകളെയെല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു. 1999 മുതൽ കലാമത്സരങ്ങൾ സർക്കാർ ഏറ്റെടുത്ത് സ്പെഷ്യൽ സക്കൂൾ യൂത്ത് ഫെസ്റ്റിവലൊക്കെ നടത്തുന്നുണ്ട്. എന്നാൽ, കാഴ്ചയില്ലാത്തവർക്കോ, ഭിന്നശേഷിക്കാർക്കോ വേണ്ടി കായികമത്സരം നടത്തപ്പെടുന്നില്ല. ചില സ്ഥലങ്ങളിലൊക്കെ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കായികമത്സരം നടത്താറുണ്ടെങ്കിലും കേരളത്തിലത് പൊതുവെ കുറവാണ്. ഇതിനെ മറികടക്കാൻ കേരള ബ്ലൈൻഡ് ഫെഡറേഷന്റെ കീഴിലാണ് ഇപ്പോൾ കായികമത്സരം നടത്താറ്.''
സാധാരണ കായികതാരങ്ങളെ അപേക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയ നേട്ടങ്ങളുണ്ടാക്കിയ, കാഴ്ചപരിമിതരായ കായിക താരങ്ങൾക്ക് വേണ്ടത്ര പരിഗണന കേരള സർക്കാറിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്നും അദ്ദേഹം ട്രൂകോപ്പിയോട് പറഞ്ഞു.
ക്രിക്കറ്റും ഫുട്ബോളും ചെസും ആൺകുട്ടികൾക്ക്!
ദേശീയ മത്സരങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടും സർക്കാറിന്റെ ഒരു പ്രയോരിറ്റി ലിസ്റ്റിലും ഉൾപ്പടാതെ അകറ്റിനിർത്തപ്പെടുന്നതിനെകുറിച്ചാണ് ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരള ടീം അംഗം മാഹീൻ ദിലീപ് പറയുന്നത്: ‘‘ഇതുവരെ കേരള സർക്കാറിന്റെ ഒരു പരിഗണനയും ബ്ലൈൻഡ് ഫുട്ബോളിന് ലഭിച്ചിട്ടില്ല. മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും വലിയ സാമ്പത്തിക ചെലവുണ്ട്. പരിശീലനത്തിന്ടെറഫിൽ 2000 രൂപയോളം ദിവസവും നൽകണം. ഈ ചെലവ് വെട്ടിക്കുറക്കാൻ രാവിലെ മാത്രമാണ് ഞങ്ങൾ പരിശീലനം നടത്താറ്. മറ്റുള്ള സ്പോർട്സിൽ നിന്ന് ബ്ലൈൻഡ് സ്പോർട്സിന് ഒരുപാട് വ്യത്യാസങ്ങളുണ്ട്. മുഖ്യധാരാ കായികമത്സരങ്ങൾക്കുള്ള അത്ര ഗ്രൗണ്ട് സപ്പോർട്ട് ബ്ലൈൻഡ് സ്പോർട്സിന് ലഭിക്കാറില്ല. കാഴ്ചപരിമിതിയുള്ളതിനാൽ വീട്ടുകാരെ സംബന്ധിച്ച്ദൂരസ്ഥലങ്ങളിൽ മത്സരങ്ങൾക്ക് പറഞ്ഞയക്കാൻ ഭയമാണ്. ഇതു മാറണമെങ്കിൽ ഞങ്ങൾ സർക്കാരിനാൽ അംഗീകരിക്കപ്പെടുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ബ്ലൈൻഡ്‌സ് സ്പോർട്സിനും ഫുട്ബോളിനും കേരള സർക്കാരിൽ നിന്ന് പിന്തുണ കിട്ടുന്നത് വളരെ കുറവാണ്’’.
ബ്ലൈൻഡ്സ് സ്പോർട്സിന് പൊതുസമൂഹത്തിന്റെയും സർക്കാറിന്റെയും ഭാഗത്തുനിന്ന് പരിഗണന വളരെ കുറവാണെന്നാണ് കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായ അബ്ദുൾ മുനാസും ആവർത്തിക്കുന്നു:
‘‘ബ്ലൈൻഡ് സ്പോർട്സ് ഇനങ്ങളെ പാർശ്വവത്ക്കരിക്കപ്പെടുന്ന സാഹചര്യമാണ് പൊതുസമൂഹത്തിലുള്ളത്. ആസ്ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളിൽ ബ്ലൈൻഡ് സ്പോർട്സ് താരങ്ങൾക്ക് കൃത്യമായ പേമെൻറും മറ്റും നൽകി അവരെ കൂടി മുഖ്യധാരാ സമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടത്താറുണ്ട്. പക്ഷേ, കേരളത്തിൽ വേണ്ടത്ര പരിഗണനയില്ലാത്തതിനാൽ ആരും സ്‌പോർട്‌സിനെ പ്രൊഫഷനലായി എടുക്കാറില്ല. ഞാൻ ദേശീയതലത്തിൽ വരെ ബ്ലൈൻഡ് ക്രിക്കറ്റിൽ പങ്കെടുത്തയാളാണ്. പക്ഷേ, എനിക്ക് ഇതിൽ നിന്ന് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതു മുതൽ ഞാൻ പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങി. കെ.സി.എ, ബി.സി.സി.ഐ പോലുള്ള ക്രിക്കറ്റ് അസോസിയേഷനുകളൊക്കെ ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്നത് കൊണ്ടു തന്നെ ബ്ലൈൻഡ് സ്പോർട്സിന്റെ ഉന്നമനത്തിന് അവരുടെയും ഇടപെടലുണ്ടാകുന്നില്ല. ബ്ലൈൻഡ് സ്പോർട്സിൽ സ്വർണം നേടിയ ഒരു സുഹൃത്ത് ഇപ്പോഴും സർക്കാർ ജോലി ലഭിക്കാതെ കഷ്ടപ്പെടുകയാണ്.’’
സ്‌കൂളുകൾ ബ്ലൈൻഡ് സ്പോർട്സിന് വേണ്ടത്ര പരിഗണന നൽകാത്തതും ബ്ലൈൻഡ്സിന്റെ പ്രശ്നങ്ങൾ ഗവൺമെന്റിനെ അറിയിക്കുന്നതിന് തടസമാകുന്നതായി കേരള ഗേൾസ് ബ്ലൈൻഡ് ക്രിക്കറ്റ് ടീം അംഗമായ ഹരിശ്രീ പറയുന്നു:
‘‘മിക്ക ബ്ലൈൻഡ് സ്‌കൂളിലും കായിക പരിശീലനം വളരെ കുറവാണ്. ഞാൻ പഠിച്ചിരുന്ന സമയത്ത് പി.ടി പീരിയഡിൽ ചെറിയ കായിക ഇനങ്ങളാണ് ചെയ്യിപ്പിച്ചിരുന്നത്. കർണാടക, ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ ബ്ലൈൻഡ്‌സ് സ്പോർട്സിന് നല്ല പിന്തുണയാണ് നൽകുന്നത്. കലാമേഖലക്ക് നൽകുന്ന പ്രാധാന്യം കായിക മേഖലക്ക് നൽകാത്തതും മറ്റൊരു പ്രശ്നമാണ്. ബ്ലൈൻഡ് സ്പോർട്സിൽ വലിയ രീതിയിൽ ലിംഗ വിവേചനവും പ്രകടമാണ്. ക്രിക്കറ്റും ഫുട്ബോളും ചെസുമൊക്കെ ബോയ്സിനുള്ളതാണെന്ന് പറഞ്ഞ് മാറ്റിനിർത്താൻ ശ്രമിക്കാറുണ്ട്. കാഴ്ചപരിമിതരായ പെൺകുട്ടികളെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്നതിന് സ്‌കൂളുകളും സർക്കാറും ഒരുപോലെ ശ്രമിക്കേണ്ടതുണ്ട്. ബ്ലൈൻഡ്‌സ് ക്രിക്കറ്റിൽ പരിശീലനം നേടിയതിലൂടെ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്. മറ്റു താരങ്ങൾക്കൊപ്പം, സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത് ജയിക്കുന്ന ബ്ലൈൻഡായ എത്രയോ കായിക താരങ്ങൾ ഞങ്ങൾക്കിടയിലുണ്ട്.’’
മത്സരങ്ങൾക്ക് സ്വന്തം ചെലവ്
ഭിന്നശേഷി വിഭാഗത്തിലുള്ള മറ്റ് കാറ്റഗറികളിൽ മത്സരങ്ങൾ നടക്കാറുണ്ടെന്നും പക്ഷേ ബ്ലൈൻഡ്സ് വിഭാഗത്തിൽ മാത്രം സർക്കാർ മുൻകൈയ്യെടുത്ത് ഒരു മത്സരവും നടത്തിയിട്ടില്ലെന്നുമാണ് കോഴിക്കോട് റഹ്‌മാനിയ സ്പെഷ്യൽ സ്‌കൂൾ അദ്ധ്യാപകനായ അബ്ദുല്ല പറയുന്നത്:
‘‘കാഴ്ചപരിമിതരെ സംബന്ധിച്ച്സ്പോർട്സ്, ഓറിയന്റേഷൻ മൊബിലിറ്റി കിട്ടുന്നതിന് ഒരുപാട് സഹായിക്കുന്ന ഘടകമാണ്. അതായത്, സ്വതന്ത്രമായി നടക്കാനും നിർഭയമായി ഇടപെഴകാനും സ്പോർട്സ് പരിശീലനം കാഴ്ചയില്ലാത്തവരെ സഹായിക്കുന്നു. ഇതിന് സഹായകരമായ പിന്തുണ കേരള സർക്കാർ നൽകുന്നില്ല എന്നത് എന്റെ അനുഭവത്തിൽ നിന്നുതന്നെ ഞാൻ അറിഞ്ഞതാണ്. പാരാ ഒളിമ്പിക്സിൽ പങ്കെടുത്ത് റണ്ണറപ്പായ ആളാണ് ഞാൻ. ഹരിയാനയിൽ നടന്ന ഒരു മത്സരത്തിൽ കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളും ബ്ലൈൻഡായ കായികതാരങ്ങൾക്ക് ക്യാഷ് പ്രൈസ് കൊടുത്തിരുന്നു. അന്ന് കേരള ടീമിലും ആദ്യസ്ഥാനം നേടിയ നിരവധി ടീമുകളുണ്ടായിരുന്നു. ഞങ്ങൾ സ്വന്തം ചെലവിൽ മത്സരങ്ങളിൽ പങ്കെടുത്ത് തിരിച്ചുവരികയാണുണ്ടായത് എന്നല്ലാതെ ഒരു അനുമോദനവും ലഭിച്ചില്ല.’’
ബ്ലൈൻഡസ് ഫ്രൻറ്ലി സ്റ്റേഡിയം അനിവാര്യം
സ്പോർട്സ് എന്ന ആക്റ്റിവിറ്റിയിൽ പങ്കെടുത്തതുകൊണ്ടാണ് കാഴ്ച പരിമിതിയുടെ പല പ്രതിബന്ധങ്ങളും മറികടക്കാനായതെന്നും ബ്ലൈൻഡ് സ്പോർട്സ് കാഴ്ചപരിമിതർക്ക് വലിയ സാധ്യത തുറക്കുന്നുവെന്നും ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റും കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീം കോച്ചുമായ രജനീഷ് ട്രൂകോപ്പിയോട് പറഞ്ഞു
‘‘ബ്ലൈൻഡ്സ് ക്രിക്കറ്റിന് താരതമ്യേന സർക്കാർ പിന്തുണ നൽകാറുണ്ട്. 2016 ൽ കൊച്ചിയിൽ നടന്ന ഏഷ്യാ കപ്പിൽ സർക്കാർ ഫണ്ട് നൽകിയിരുന്നു. ഡോ. ടി.എം. തോമസ് ഐസക് മന്ത്രിയായ സമയത്ത് ക്രിക്കറ്റിന് വാർഷിക ഫണ്ട് നൽകിയിരുന്നു. പിന്നീട് പ്രളയവും കോവിഡുമെല്ലാം വന്നപ്പോൾ ഈ ഫണ്ട് മുടങ്ങി. ഫണ്ട് വീണ്ടും അനുവദിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ബ്ലൈൻഡ്സ് വേൾഡ് കപ്പ് ക്രിക്കറ്റിൽ ഉൾപ്പെട്ടിരുന്ന രണ്ട് മലയാളികൾക്ക് സ്പെഷ്യൽ നിയമനത്തിലൂടെ സർക്കാർ ജോലി നൽകിയിരുന്നു. പക്ഷേ നിയമനം ലഭിക്കുന്നതിന് ഒരുപാട് തവണ അധികാരികളെ സമീപിക്കേണ്ടിവന്നു. ബ്ലൈൻഡ്‌സ് ക്രിക്കറ്റിന് കിട്ടുന്നതുപോലെ എല്ലാ ബ്ലൈൻഡ്സ് സ്പോർട്സിനങ്ങൾക്കും ഈ പരിഗണന ലഭിക്കണം. 24 സ്റ്റേറ്റ് യൂണിയൻ, ടെറിട്ടറി, റെയിൽവേ തുടങ്ങി മൂന്നു ടീമുമുൾപ്പടെ 28 ബ്ലൈൻഡസ് ക്രിക്കറ്റ് ടീമുകളാണ് ഇന്ത്യയിലുള്ളത്. മാച്ചുകൾ കൂടി വരുന്നതുകൊണ്ട് നമ്മുടെ കളിക്കാർക്ക് അതിനനുസരിച്ച് ട്രെയിനിങ്ങും നൽകേണ്ടതുണ്ട്. കെ.സി.എ ഗ്രൗണ്ടിലാണ് ട്രെയ്നിങ് നടത്തുന്നത്. ഒരുപാട് മാച്ച് ഷെഡ്യൂൾസ് ഉള്ളതുകൊണ്ടുതന്നെ നിശ്ചിത ദിവസത്തിൽ കൂടുതൽ നമ്മൾക്ക് പരിശീലനം നടത്താൻ കഴിയില്ല. കോളേജ് ഗ്രൗണ്ടുണ്ടെങ്കിലും അവിടെ വലിയ വാടകയാണ്. അതുകൊണ്ടു തന്നെ കേരളത്തിന് സ്വന്തമായി ബ്ലൈൻഡ്സ് ഫ്രൻറ്ലി സ്റ്റേഡിയം അത്യാവശ്യമാണ്. കൂടാതെ, സംസ്ഥാന സർക്കാറിന്റെ കായിക നയത്തിൽ, ബ്ലൈൻഡ്‌സ് ക്രിക്കറ്റിനെ ഉൾപ്പെടുത്തുകയും ടീമിന് പിന്തുണ ഉറപ്പുവരുത്തുകയും വേണം. കായിക മന്ത്രിക്ക് ഈ ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകിയിട്ടുണ്ട്.’’
കായികതാരങ്ങളുടെ നിർദേശങ്ങൾ
സംസ്ഥാനത്ത് ബ്ലൈൻഡ്സ് സ്പോർട്സിനെ ഉയർത്തിക്കൊണ്ടുവരുന്നതിന് സ്വീകരിക്കേണ്ട നിർദ്ദേശങ്ങളും കായിക താരങ്ങൾ പങ്കുവെച്ചു.
ബ്ലൈൻഡ് സ്പോർട്സിനുവേണ്ടി കാര്യമായ പ്രവർത്തനങ്ങളൊന്നും സ്പോർട്സ് കൗൺസിലിനുകീഴിൽ നടത്തിയിട്ടില്ലെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സി കുട്ടൻ ട്രൂകോപ്പിയോട് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട ഭാവിപരിപാടിയെക്കുറിച്ചു ചോദിച്ചപ്പോഴും മേഴ്സി കുട്ടനും കായികമന്ത്രി വി. അബ്ദുറഹ്‌മാനും പ്രതികരിച്ചില്ല.