1928ലും 1932ലും 1936ലും ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇതിഹാസ ഹോക്കി താരമാണ് മേജർ ധ്യാൻചന്ദ്. ഇന്ത്യയുടെ അഭിമാനമായ ധ്യാൻചന്ദിന്റെ സ്മരണയിലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് (ആഗസ്റ്റ് 29) ദേശീയ കായികദിനമായി ആചരിക്കുന്നത്.
ഫാസിസ്റ്റ് ഭീഷണിയുടെ ഇന്ത്യൻ വർത്തമാനത്തിൽ ധ്യാൻചന്ദിനെ സ്മരിക്കുന്നതിന്റെ പ്രസക്തി രാവിലെ ഓർമ്മപ്പെടുത്തിയത് ഡോ. പി. പ്രിയയായിരുന്നു. ആര്യവംശാഭിമാനത്തിന്റെ പുനരാനയത്തിനുള്ള അവസരമാക്കി ബെർലിൻ ഒളിമ്പിക്സിനെ സംവിധാനം ചെയ്ത ഹിറ്റ്‌ലർക്ക് മുമ്പിൽ ഉദ്ധതമായ ശിരസ്സുമായി പ്രതിഷേധം പ്രകടിപ്പിച്ച ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു മേജർ ധ്യാൻചന്ദ്. ഇന്നിപ്പോൾ നാം ദേശീയ കായികദിനം ആചരിക്കുന്നത് പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഹോക്കി താരം ശ്രീജേഷിന്റെയും ഷൂട്ടിംഗിൽ ഇരട്ട വെങ്കലം നേടിയ മനുഭാക്കറിന്റെയും ജാവ്ലിൻത്രോയിൽ ലോക ചാമ്പ്യൻഷിപ്പ് ജേതാവായ നീരജ്ചോപ്രയുടെയുമൊക്കെ അഭിമാനകരമായ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ്.
ലോക കായികചരിത്രത്തിൽ മേജർ ധ്യാൻചന്ദ് സവിശേഷമായ ചരിത്രം സൃഷ്ടിച്ചത് അഡോൾഫ് ഹിറ്റ്‌ലർക്കുമുമ്പിൽ തന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ്. തീർച്ചയായും മേജർ ധ്യാൻചന്ദിന്റെ ബെർലിൻ ഒളിമ്പിക്സിലെ പ്രകടനം ഇന്ത്യയുടെ ജനാധിപത്യ സംസ്കാരത്തിന്റെ ഉജ്ജ്വലമായ പ്രകാശനമായിരുന്നുവെന്ന് എന്നും നമുക്ക് അഭിമാനിക്കാം. വംശവർണ ഭേദങ്ങൾക്കപ്പുറം സ്പോർട്സിന്റെ സാർവദേശീയസാഹോദര്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ധ്യാൻചന്ദ് ഹിറ്റ്‌ലർക്ക് മുമ്പിൽ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.
ലോക കായികചരിത്രത്തിൽ മേജർ ധ്യാൻചന്ദ് സവിശേഷമായ ചരിത്രം സൃഷ്ടിച്ചത് അഡോൾഫ് ഹിറ്റ്‌ലർക്കുമുമ്പിൽ തന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ്.
1936-ലെ ബെർലിൻ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്യാനെത്തിയ ഹിറ്റ്‌ലറെ സെല്യൂട്ട് ചെയ്യാൻ വിസമ്മതിച്ച ഇന്ത്യയുടെ കായികാഭിമാനമായ മേജർ ധ്യാൻചന്ദിന്റെ സ്മരണ എന്തുകൊണ്ടോ നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ ചർച്ചചെയ്യാൻ മടിച്ചുനിൽക്കുകയാണ്. ഹിറ്റ്‌ലറുടെ ആരാധകരായ ഹിന്ദുത്വവാദികളുടെ കാലത്ത് കുപ്രസിദ്ധമായ നാസി ഒളിമ്പിക്സിൽ, ഹിറ്റ്‌ലറുടെ വംശവെറിയൻ നിലപാടുകളോട് തന്റെ പ്രതിഷേധം പ്രകടിപ്പിച്ച ധ്യാൻചന്ദിന്റെ ധീരോജ്ജ്വലമായ സ്മരണ ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനവും ആവേശകരവുമാണ്. അതങ്ങനെതന്നെ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ഫാസിസ്റ്റ് പ്രതിരോധത്തിന്റെ വർത്തമാനം ജീവിച്ചിരിക്കുന്നവരെ മാത്രമല്ല മരിച്ചവരെക്കൂടി ആ സമരമുന്നണിയിൽ കൊണ്ടുവരാനുള്ള മുൻകൈയാണ് ജനാധിപത്യവാദികളിൽ നിന്ന് ആവശ്യപ്പെടുന്നത്.
1936 ആഗസ്റ്റ് ഒന്ന് മുതൽ 16 വരെയാണ് സമ്മർ ഒളിമ്പിക്സ് ഗെയിംസിനായി ബെർലിനിലെ റീച്ച് സ്പോർട്സ് ഫീൽഡിന്റെ കേന്ദ്രമായ ഒളിമ്പിക്സ് സ്റ്റേഡിയം തയ്യാറാക്കപ്പെട്ടത്. ലോകത്തെ ഭരിക്കാൻ അർഹതയും അധികാരവുമുള്ള ശ്രേഷ്ഠവംശത്തിന്റെ സന്നാഹസംവിധാനങ്ങൾ ആഗോള സമൂഹത്തെ അറിയിക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് നാസി ഭരണകൂടം നടത്തിയത്. അത്ലറ്റുകൾക്ക് താമസിക്കാനായി പുതിയ പാർപ്പിടസമുച്ചയവും അത്യാധുനിക ഒളിമ്പിക് ഗ്രാമവുമുൾപ്പെടെ ബൃഹത്തായൊരു കായികസമുച്ചയമാണ് നാസികൾ നിർമ്മിച്ചത്. ബെർലിൻ നഗരമാകെയും വീടുകളിലും ഒളിമ്പിക് പതാകകൾക്കൊപ്പം സ്വസ്തികകളും കൊണ്ട് അലങ്കരിച്ചു.
തീവ്രമായ ജൂതവിരോധത്തിന്റെയും കമ്യൂണിസ്റ്റ് വിരോധത്തിന്റെയും നാസി ആക്രമണങ്ങളിൽ തകർക്കപ്പെട്ട സ്മാരകങ്ങളും ലൈബ്രറികളും മറയ്ക്കപ്പെട്ടു. നാസി ഭരണകൂടത്തിന്റെ ജൂത വിരുദ്ധ അടയാളങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനായി താൽക്കാലികമായി നീക്കം ചെയ്തു. നാസി ജർമ്മനിയുടെ വംശീയവും സൈനിക ഭീകരതയിലധിഷ്ഠിതവുമായ യാഥാർത്ഥ്യത്തെ ലോകത്തിനു മുമ്പിൽ മറച്ചുവെച്ചു കൊണ്ടാണ് ഹിറ്റ്‌ലർ ഒളിമ്പിക്സ് സജ്ജീകരണങ്ങൾ സംവിധാനം ചെയ്തത്. ആന്റിസെമറ്റിക് ഗൂഢാലോചനകളുടെയും വംശഹത്യകളുടെയും ജർമ്മൻ യാഥാർത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ട് വിദേശകാണികളിലും പത്രപ്രവർത്തകരിലും ജർമ്മനി എന്നാൽ സഹിഷ്ണുതയും സമാധാനവും പുലരുന്ന രാജ്യമാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ഒളിമ്പിക്സ് വേദിയെ ഹിറ്റ്‌ലർ ഉപയോഗിച്ചത്.
പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളെല്ലാം നാസി വംശീയതയിൽ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ഒളിമ്പിക്സ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപനം നടത്തിക്കഴിഞ്ഞിരുന്നു. ഒളിമ്പിക്സിന്റെ സമാപനത്തോടെ ജർമ്മനിയുടെ വിപുലീകരണ നയങ്ങളും ആര്യവംശ രാഷ്ട്രനിർമ്മിതിയും തീവ്രമാക്കാനാണ് ഹിറ്റ്‌ലർ ആഗ്രഹിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കുണ്ടായ നഷ്ടങ്ങളെയും അപമാനങ്ങളെയും മറികടക്കാനുള്ള അവസരമാക്കി ബെർലിൻ ഒളിമ്പിക്സിനെ മാറ്റുകയായിരുന്നു ഹിറ്റ്‌ലർ.
1931-ൽ ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മറ്റി 1936-ലെ സമ്മർ ഒളിമ്പിക്സ് ബെർലിന് നൽകിയ നാൾ തൊട്ട് ഹിറ്റ്‌ലർ ജർമ്മനിയുടെ ഒറ്റപ്പെടൽ പരിഹരിക്കാനും ലോകസമൂഹത്തിലേക്കുള്ള തിരിച്ചുവരവിനുള്ള അവസരമാക്കാനുമുള്ള നീക്കങ്ങളാണ് കൗശലപൂർവ്വം ആരംഭിച്ചത്. കടുത്ത ജൂത വിരോധത്തിലധിഷ്ഠിതമായ ആര്യവംശാഭിമാനത്തെ ജർമ്മൻ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലേക്കും വ്യാപിപ്പിച്ച ഹിറ്റ്‌ലർ സ്പോർട്സിനെയും അതിനായി ഉപയോഗിച്ചു. ആര്യവംശീയാധിപത്യത്തിന്റെയും ശാരീരിക വൈദഗ്ധ്യത്തിന്റെയും മിഥ്യാവബോധം സൃഷ്ടിക്കാനുള്ള പ്രചാരണതന്ത്രങ്ങളാണ് രൂപപ്പെടുത്തിയത്.
നാസി വംശവെറിയൻ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടന്ന ഒളിമ്പിക്സ് വേദിയിലാണ് ഇന്ത്യയുടെ അഭിമാനതാരമായ ധ്യാൻചന്ദ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ ഹിറ്റ്‌ലറെ സെല്യൂട്ട് ചെയ്യാൻ അദ്ദേഹം തയ്യാറായില്ല.
ആര്യന്മാർ ലോകത്തിലെ മറ്റേത് വംശത്തെക്കാളും ശ്രേഷ്ഠരും ശക്തിയുള്ളവരുമാണെന്ന പ്രതീതി നിർമ്മാണമാണ് നടന്നത്. കലാരൂപങ്ങളിലാകെ, വിശിഷ്യാ ശിൽപങ്ങളിലും ചിത്രങ്ങളിലും അത്ലറ്റുകളുടെ വികസിപ്പിച്ച പേശികളും ശക്തിയും ഉദാത്തവത്കരിച്ച് ചിത്രീകരിക്കപ്പെട്ടു. ജനങ്ങളുടെയാകെ സൈനികവൽക്കരണവും പേശീബലത്തിലുള്ള ഭ്രാന്തമായ ആവേശവും വളർത്തുകയായിരുന്നു നാസി പ്രചാരകന്മാർ ചെയ്തത്. ജർമ്മനിയിലെ അത്ലറ്റിക് സംഘടനകളിൽ ആര്യന്മാർക്ക് മാത്രം പ്രവേശനവും അംഗത്വവും നൽകുന്ന അവസ്ഥയുണ്ടായി.
ആര്യന്മാരല്ലാത്തവർ ജർമ്മനിയുടെ കായിക അവസരങ്ങളിൽ നിന്നും അസോസിയേഷനുകളിൽ നിന്നും പുറത്താക്കപ്പെട്ടു. ജൂതരും മാതാപിതാക്കളിൽ ആരെങ്കിലുമൊരാൾ ജൂതരായിട്ടുള്ളവരും കായിക അസോസിയേഷനുകളിൽനിന്ന് വ്യവസ്ഥാപിതമായി തന്നെ മാറ്റിനിർത്തപ്പെട്ടു. റോമ(ജിപ്സികൾ)കളെയും കായികസംഘങ്ങളിൽ നിന്ന് നിയമപരമായി തന്നെ ഒഴിവാക്കി. 1933 ഏപ്രിലിലാണ് ജർമ്മൻ ബോക്സിംഗ് അസോസിയേഷനിൽ നിന്ന് ഹെവിവെയ്റ്റ് ചാമ്പ്യനായ ഹെറിക് സീലിഗിനെ പുറത്താക്കുന്നത്. അദ്ദേഹം ജൂതനായിരുന്നു. ജർമ്മനി പുറന്തള്ളിയ സീലിഗ് പിന്നീട് അമേരിക്കയിൽ തന്റെ കായികജീവിതം പുനരാരംഭിച്ചു. ജർമ്മനിയുടെ ടെന്നീസ് കളിക്കാരനായ ഡാനിയൽ പ്രെനിനെ ഡേവിസ് കപ്പ് ടീമിൽ നിന്നും നീക്കം ചെയ്തു.
ലോകോത്തര വനിത ഹൈജംപറായ ഗ്രെറ്റൽ ബെർഗ്മാനെ ജർമ്മൻ ക്ലബിൽ നിന്ന് പുറത്താക്കി. പിന്നീട് 1936-ൽ ജർമ്മൻ ഒളിമ്പിക് ടീമിൽ നിന്നും അവരെ ഒഴിവാക്കി. കാരണം ഈ കായികതാരങ്ങളെല്ലാം ജൂതരായിരുന്നുവെന്നതാണ്. ഈ ഭീകരമായ ജൂത വിരോധത്തിന്റേതായ വംശീയ ഭ്രാന്തിനെ ലോകത്തിനു മുമ്പിൽ മറച്ചുവെക്കാനുള്ള അവസരമാക്കിയാണ് ഹിറ്റ്‌ലർ ബെർലിൻ ഒളിമ്പിക്സിനെ സംവിധാനം ചെയ്തത്. സമാധാനവും സഹിഷ്ണുതയുമുള്ള ഒരു രാജ്യമാക്കി ജർമ്മനിയെ ലോകത്തിനുമുമ്പിൽ കാണിക്കുകയായിരുന്നു നാസികളുടെ ഉദ്ദേശം.
ഈ നാസി വംശവെറിയൻ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടന്ന ഒളിമ്പിക്സ് വേദിയിലാണ് ഇന്ത്യയുടെ അഭിമാനതാരമായ ധ്യാൻചന്ദ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ ഹിറ്റ്‌ലറെ സെല്യൂട്ട് ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. ഇന്ത്യൻ താരത്തിന്റെ ധിക്കാരപൂർവ്വമായ ഈ സമീപനത്തിൽ ഫൈനലിൽ മറുപടി നൽകാമെന്ന പ്രതിജ്ഞയുമായാണ് ഹിറ്റ്‌ലർ കളികാണാനെത്തിയത്.
ഹിറ്റ്ലർ നൽകിയ അത്താഴവിരുന്നിൽ ധ്യാൻചന്ദിന് ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. ജർമ്മനിയിൽ താമസിക്കണമെന്ന ഉപാധിയോടെ. എന്നാൽ ധ്യാൻചന്ദ് നാസി ജർമ്മനിയുടെ പ്രലോഭനീയമായ വാഗ്ദാനങ്ങൾ നിരസിക്കുകയാണുണ്ടായത്.
ജൂലായ് 17-ന് ജർമ്മനിക്കെതിരായ പരിശീലനമത്സരത്തിൽ ഇന്ത്യ 4-1 ന് പരാജയപ്പെടുകയായിരുന്നു. ആഗസ്റ്റ് 5-ന് നടന്ന ആദ്യ മത്സരത്തിൽ ഹംഗറിയെ 4-0 നും അമേരിക്കയെ 7-0 നും ജപ്പാനെ 9-0 നും സെമിഫൈനലിൽ ഫ്രാൻസിനെ 10-0 നും തോൽപ്പിച്ച ഇന്ത്യ ആഗസ്റ്റ് 19-ന് ഫൈനൽ മത്സരത്തിലേക്ക് പ്രവേശിച്ചു. ജർമ്മനിക്കെതിരായിട്ടുള്ള ആ ഫൈനൽ മത്സരത്തിൽ ധ്യാൻചന്ദിന്റെ ധിക്കാരത്തിന് പകരം ചോദിക്കാനാവുമെന്ന വ്യാമോഹത്തിലായിരുന്നു നാസികൾ. 40000-ഓളം കാണികൾ തിങ്ങിനിറഞ്ഞ ബെർലിൻ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ എട്ട് ഗോളുകൾ അടിച്ചാണ് ഇന്ത്യ ഹാട്രിക് പൂർത്തിയാക്കിയത്. മത്സരത്തിനിടയിൽ ജർമ്മൻ ഗോൾകീപ്പർ ടിറ്റോവാൺഹോൾസുമായുണ്ടായ കൂട്ടിയടിയിൽ ധ്യാൻചന്ദിന്റെ പല്ലിന് പരിക്കേറ്റിരുന്നു.
അവസാന മത്സരത്തിൽ നേടിയ മൂന്ന് ഗോളുകളടക്കം ആ പരമ്പരയിൽ ധ്യാൻചന്ദിന്റെ സ്റ്റിക്കിൽ നിന്നും ലക്ഷ്യം കണ്ടത് 13 ഗോളുകളായിരുന്നു. സ്വന്തം ടീമിന്റെ ദയനീയമായ പരാജയം ഗാലറിയിലിരുന്ന് കണ്ട ഹിറ്റ്‌ലർ, ജർമ്മൻ ഹോക്കി ടീമിനെ കൊണ്ട് തന്നെ സല്യൂട്ട് ചെയ്യാൻ വിസമ്മതിച്ച ഇന്ത്യക്കാരന് മറുപടി നൽകാമെന്ന വ്യാമോഹമുപേക്ഷിച്ച് ധ്യാൻചന്ദിന് സെല്യൂട്ട് ചെയ്യേണ്ട അവസ്ഥയാണുണ്ടായത്. ഹിറ്റ്ലർ നൽകിയ അത്താഴവിരുന്നിൽ ധ്യാൻചന്ദിന് ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. ജർമ്മനിയിൽ താമസിക്കണമെന്ന ഉപാധിയോടെ. എന്നാൽ ധ്യാൻചന്ദ് നാസി ജർമ്മനിയുടെ പ്രലോഭനീയമായ വാഗ്ദാനങ്ങൾ നിരസിക്കുകയാണുണ്ടായത്.