ഇന്ന് ലയണൽ മെസ്സിയുടെ 37-ാം പിറന്നാളാണ്. ഫുട്ബോൾ ഗ്ലോബലൈസേഷനിൽ മെസ്സിയുടെ ഇരട്ട സഹോദരൻ എന്നു വിളിക്കാവുന്ന ക്രിസ്‌റ്റ്യാനോ റൊണാൾഡോയേക്കാൾ രണ്ടു വയസ് കുറവ്. 24 മാസം മാത്രം ബാക്കിയുള്ള 2026- ലെ ലോകകപ്പിന് മെസ്സി അർജൻ്റീൻ ടീമിലുണ്ടെങ്കിൽ വയസ് 39.
2022- ൽ വാൾ സ്ട്രീറ്റ് ജേണലിൽ ജേണലിസ്റ്റുകളായ ജോഷ്വാ റോബിൻസണും ജോനാഥൻ ക്ലെഗ്ഗും ചേർന്നെഴുതിയ പുസ്തകം ഈ രണ്ടുകളിക്കാരും അവരുടെ ഏറ്റവും നല്ല കാലത്ത് സ്പെയിനിലെ ടോപ്പ് ഡിവിഷനായ ലാലീഗയിലും യൂറോപ്പിലെ ചാമ്പ്യൻസ് ലീഗിലും എങ്ങനെ ഒരു പോലെ അജയ്യരായി എന്നു പരിശോധിക്കുന്നുണ്ട്.
അസാധാരണമായ പാസ്സിംഗിലൂടെ ഗോളുകൾ ഉണ്ടാക്കുന്നതിലും ഗോളടിക്കുന്നതിലും ഒരുപോലെ കേമന്മാർ. ഗ്ലോബലൈസേഷൻ്റെയും ആധുനിക സാങ്കേതികവിദ്യയുടെയും സങ്കരനിർമിതി കൂടിയായിരുന്നു ഈ രണ്ടു കളിക്കാരുടെയും താരരൂപന്തരം എന്ന് മെസ്സി വേഴ്സസ് റൊണാൾഡോ എന്ന പുസ്തകം വായിച്ചു കഴിയുമ്പോൾ മനസ്സിലാവും. ആ നല്ല നാളുകളിൽ കളിക്കുന്ന ക്ലബ്ബുകളിലെ മാനേജ്മെൻ്റിനെ മാറ്റാൻ പോലും കെൽപുള്ള കളിക്കാരായിരുന്നു ഇവർ. ഫുട്ബോളിലെ ബില്യൺ ഡോളർ തമ്പുരാക്കന്മാർ എന്ന് മുതലാളിത്തവിരുദ്ധരും എന്നാൽ അതേസമയം ഫുട്ബോൾ
ഫണ്ടമെൻ്റലിസ്റ്റുകളുമായവരൊക്കെ ഇവരെ ലേബൽ ചെയ്തു പോന്നു. ഈ കളിക്കാരുടെ അമിതമായ ക്ലബ് പ്രണയം അർജൻ്റീനയുടെയും പോർച്ചുഗലിൻ്റെയും ലോകകപ്പ് സാധ്യതകളെ കരുതിക്കൂട്ടി അട്ടിമറിക്കുന്നതായിപ്പോലും സിദ്ധാന്തങ്ങൾ വന്നു. മെസ്സിയുടെ കാര്യത്തിൽ ഖത്തർ ലോകകപ്പിനുമുമ്പ്, ചുണയുണ്ടെങ്കിൽ കപ്പടിച്ച് കാണിക്ക് എന്നു വരെ മാധ്യമ വെല്ലുവിളികൾ വന്നു.
2021- ലെ കോപ്പ അമേരിക്ക വിജയം മെസ്സിയുടെ ആത്മവിശ്വാസത്തെ തെല്ലൊന്നുമല്ല ഉയർത്തിയത്. 2022- ൽ ഖത്തറിൽ ലോകകപ്പ് നേടുന്നതുവരെയെത്തി ആ മനഃക്കരുത്ത്. പല തവണ റിട്ടയർമെൻ്റ് പ്രഖ്യാപിച്ച മെസ്സി, (2016- ൽ ചിലിയോട് കോപ്പ അമേരിക്ക ഫൈനലിൽ തോറ്റപ്പോൾ എന്നേക്കുമായി ഫുട്ബോൾ വിടുന്നതായി പ്രഖ്യാപിച്ച് വാർത്താസമ്മേളനം നടത്തിയിട്ടുണ്ട്, മെസ്സി.) പക്ഷേ, ഖത്തറിനുശേഷം റിട്ടയർമെൻ്റിനെക്കുറിച്ച് പറയുന്നില്ല.
ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനുള്ള ബാലൺ ഡി ഓർ വിജയിയായ മെസ്സിയുടെ ഇപ്പോഴത്തെ ക്ലബ്ബായ ഇൻ്റർ മയാമിയിലെ ഈ സീസണിലെ മാത്രം പെർഫോർമൻസ് നോക്കൂ- 12 ഗോളുകൾ, 13 അസിസ്റ്റുകൾ.
ഇപ്പോൾ നടക്കുന്ന കോപ്പ അമേരിക്കയിലെ കളികളിലും തളർന്ന കുതിരയായി, അലങ്കാരമായി നിൽക്കാനല്ല പുറപ്പാടെന്ന് കാനഡയുമായുള്ള കളിയിൽ തന്നെ മെസ്സി പ്രഖ്യാപിച്ചു. കാനഡ ക്കെതിരായ രണ്ടു ഗോളുകളിലും പഴയ പതിനേഴുകാരൻ മെസ്സിയുടെ അതേ അസിസ്റ്റ്, പാസിംഗ് കാണികൾ കണ്ടു. ജൂലിയൻ അൽവാരസിൻ്റെ 49-ാം മിനുട്ട് ഗോളിന്റെയും ലൗട്ടാറോ മാർട്ടിനെസിൻ്റെ 89-ാം മിനുറ്റ് ഗോളിൻ്റെയും ശിൽപി മെസ്സി തന്നെയായിരുന്നു. കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനാവാൻ മെസ്സിക്ക് ഇത്തവണ നാലു ഗോളുകൾ മതി. 17 ഗോളുകളുമായി അർജൻ്റീനയുടെ തന്നെ നോർബെർത്തോ മെൻഡിസും ബ്രസീലിൻ്റെ സിസീഞ്ഞോയും പങ്കിടുന്ന ആ റിക്കോർഡ് ഈ കോപ്പയിൽ മെസ്സി തകർക്കുമോ എന്നതാണ് അടുത്ത ലോകകപ്പിൽ മെസ്സി കളിക്കുമോ എന്നതിനേക്കാൾ പ്രധാനപ്പെട്ട ചോദ്യമെന്നാണ് അർജൻ്റീൻ കോച്ച് ലയണൽ സ്കലോണി ഒരു മാധ്യമപ്രവർത്തകനെ കഴിഞ്ഞ ദിവസം തിരുത്തിയത്.