കുതിരപ്പുറത്തൊരു മലയാളി പെൺകുട്ടി;
നിദ അൻജും രചിച്ച ചരിത്രം

ലോക ദീർഘദൂര കുതിരയോട്ട മൽസരങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്.ഇ.എയുടെ 120 കിലോമീറ്റർ എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ ഇതാദ്യമായി ഒരു ഇന്ത്യക്കാരി വിജയിക്കുന്നു. അവിടെ ത്രിവർണ നിറത്തിലൊരു ചരിത്രം പിറക്കുന്നു.

യൂറോപ്പും അമേരിക്കയുമൊക്കെ കുത്തകയാക്കിയ ഒന്ന്, അല്ലെങ്കിൽ അവരുടെ ആഢ്യതയുടെ അടയാളമായും മേൽക്കോയ്മയായും പല രൂപത്തിൽ പ്രദർശിക്കപ്പെടുന്ന മറ്റെന്തോ ഒന്ന്, ഹോഴ്സ് റേസിംഗ്.

മുകളിൽ കയറിനിൽക്കാനുള്ള കൗതുകത്തിനപ്പുറം മലയാളിയോ ഇന്ത്യയോ ഇനിയും ചിന്തിച്ചു തുടങ്ങാത്ത ആ ദൂരത്തിലേക്കാണ് ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റിൽ തന്റെ എപ്‌സിലോൺ സലോ എന്ന കുതിരയുമായി 21 വയസ്സ് മാത്രം പ്രായമുള്ള മലയാളി പെൺകുട്ടി, മലപ്പുറത്തുകാരി നിദ അൻജും ഇന്ത്യൻ പതാകയുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയത്. ലോക ദീർഘദൂര കുതിരയോട്ട മൽസരങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്.ഇ.എയുടെ 120 കിലോമീറ്റർ എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ ഇതാദ്യമായി ഒരു ഇന്ത്യക്കാരി വിജയിക്കുന്നു. അവിടെ ത്രിവർണ നിറത്തിലൊരു ചരിത്രം പിറക്കുന്നു.

ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റിലെ റൈഡിനിടെ

ഏറേ കായികാധ്വാനവും മെയ് വഴക്കവും ഏകാഗ്രതയും ആവശ്യമായ, ഇന്ത്യൻ പ്രകൃതിയോട് ഒട്ടും ഇണങ്ങാത്ത ഒരു കായിക ഇനം. പൗരാണിക കാലം മുതൽ ലോകത്ത് നിലവിലുണ്ടെങ്കിലും ഇന്നേ വരെ ഇന്ത്യ പേരിനുപോലും കാലെടുത്ത് വെച്ചിട്ടില്ലാത്ത സ്‌പോർട്‌സ് മേഖല. മലഞ്ചരിവുകളും ജലാശയങ്ങളും കാനന പാതകളും കയറ്റിറക്കങ്ങളും.

എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളിൽ ദീർഘകാല ചരിത്രമുള്ള ഇറ്റലിയും ഫ്രാൻസും ജർമ്മനിയും യു എ ഇ യുമൊക്കയാണ് എതിരാളികൾ. ചൈന ലിബിയ തുടങ്ങി ആദ്യമായി പങ്കെടുക്കുന്ന രാജ്യങ്ങളും ഇത്തവണ മത്സര പാതയിലുണ്ടായിരുന്നു.

120 കിലോ മീറ്റർ ദൈർഘ്യമുള്ള മത്സരപാത കുതിരക്ക് യാതൊരു പോറലുമേൽക്കാതെ റൈഡർ മറികടക്കണം. കുതിരയുടെ കായികക്ഷമത നിലനിർത്തി നാല് ഘട്ടങ്ങൾ പൂർത്തിയാക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഓരോ ഘട്ടത്തിനു ശേഷവും വിദ്ഗ്ദ്ധ ടീമിന്റെ പരിശോധനയുണ്ടാകും. കുതിരയുടെ ആരോഗ്യത്തിന് ചെറിയൊരു ക്ഷതമേറ്റാൽ റൈഡറും കുതിരയും മത്സരത്തിൽ നിന്ന് പുറത്താകും. 25 രാജ്യങ്ങളിൽ നിന്നുള്ള 70 മത്സരാർത്ഥികളിൽ 33 പേർ പുറത്തായി. 120 കിലോമീറ്റർ 16.7 കിലോമീറ്റർ വേഗതയിൽ ഏഴ് മണിക്കൂറ് മാത്രം സമയമെടുത്ത് നിദ ചാമ്പ്യൻഷിപ്പ് ഫിനിഷ് ചെയ്തു. ആദ്യ ഘട്ടത്തിൽ 23-ാമതായും രണ്ടാം ഘട്ടത്തിൽ 26-ാമതായും മൂന്നിൽ 24-ാമതായും ഫൈനലിൽ 21-ാമതായുമാണ് നിദ കായിക ചരിത്രത്തിൽ കാലുറപ്പിച്ചത്.

നിദ തന്റെ എപ്സിലോൺ സലോ എന്ന കുതിരയുമായി

ഒരു കുതിരയുമൊത്ത് രണ്ട് വർഷകാലയളവിൽ 120 കിലോമീറ്റർ ദൂരം രണ്ട് വട്ടമെങ്കിലും മറി കടന്നാലാണ് ഈ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനാവുക. നിദയാകട്ടെ രണ്ട് കുതിരകളുമായി നാലു വട്ടം ഈ ദൂരം താണ്ടുകയും ഒന്നിലേറെ തവണ 160 കിലോമീറ്റർ ദൂരത്തിൽ കുതിരയോട്ടം പൂർത്തിയാക്കി മൂന്ന് സ്റ്റാർ റൈഡർ പദവി നേടുകയും ചെയ്ത മിടുക്കിയാണ്.

കുട്ടിക്കാലത്ത് മാതാപിതാക്കളോടപ്പം ദുബായിൽ താമസിക്കുമ്പോൾ കൂടെ കളിക്കാനാരുമില്ലാത്തതിനാൽ അവിടെയുണ്ടായിരുന്ന കുതിരകളുമായി കൂട്ടു കൂടി. ആ കൂട്ടുകൂടലാണ് ലോക നേട്ടത്തിന്റെ നെറുകയിൽനിദയെ എത്തിച്ചത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അബുദാബി എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ മരുഭൂമികളും മലകളും അരുവികളും താണ്ടി സ്വർണവാൾ നേടിയാണ് നിദ ലോക ചാമ്പ്യൻഷിപ്പുകളിലേക്ക് പ്രവേശിക്കുന്നത്. പ്രശസ്ത കുതിരയോട്ട പരിശീലകനും റൈഡറുമായ അലി മുഹൈരിയായിരുന്നു ഗുരു.

ലോകത്തിലെ ഏറ്റവും വലിയ കുതിര സവാരി ഇവന്റുകളിലൊന്നായ എഫ് ഇ എ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കപ്പെട്ടതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച എൻഡ്യൂറൻസ് റൈഡർമാരുടെ നിരയിലേക്ക് നിദയും ഉയർത്തപ്പെട്ടു. മുതിർന്നവരുടെ കുതിരയോട്ടങ്ങളിലും ഇന്ത്യൻ അഭിമാനമായി നിദക്ക് ഇനി കുതിക്കാം. സർവ്വ പിന്തുണയുമായി കേരള അത്‌ലറ്റിക്സ് പ്രസിഡന്റ് കൂടിയായ പിതാവ് അൻവർ അമീൻ ചേലാട്ട് കൂടെയുണ്ട്.

ദീർഘ ദൂര ഓട്ടം ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു. തുടർന്നുള്ള ലോക ചാമ്പ്യൻഷിപ്പുകൾക്കായി തയ്യാറെടുക്കുകയാണ്. രാജ്യത്തിന് വേണ്ടി കൂടുതൽനേട്ടങ്ങൾക്ക് വേണ്ടി ശ്രമിക്കും- ചരിത്രം കുറിച്ച ശേഷം ഫ്രാൻസിലെ മത്സരവേദിയിൽ നിന്ന് നിദ ട്രൂകോപ്പിയോട് പറഞ്ഞു.

മലപ്പുറം തിരൂർ കല്പകഞ്ചേരി സ്വദേശിയായ നിദ യു.കെയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. നിദയിലൂടെ ഇന്ത്യക്ക് തുറന്നത് കായികരംഗത്ത് ഒരു പുതിയ സാധ്യത കൂടിയാണ്. അത്ര തന്നെ ഇന്ത്യ പരീക്ഷിച്ചുനോക്കാത്ത ഇക്വസ്ട്രിയൻ കായിക ഇനങ്ങൾക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു പുതിയ ഉണർവ്. ക്രിക്കറ്റും ഫുട്ബോളും ഹോക്കിയും മറ്റെല്ലാ കായിക ഇനങ്ങളുമെന്ന പോലെ ഇക്വസ്ട്രിയൻ ഐറ്റങ്ങളും ഇന്ത്യക്കും ഇന്ത്യക്കാർക്കും വഴങ്ങുമെന്ന സന്ദേശം.

ഒളിമ്പിക്സ് വേദികളിലും കോമൺ വെൽത്തിലും പീഗ്സസ്സ് വേൾഡ് കപ്പുകളിലും നിദമാരും അവരെ പ്രതിനിധീകരിച്ച് ഇന്ത്യൻ പതാകയും ഇനിയും കുതറി പായട്ടെ.

Comments