യൂറോ കപ്പുമായി ഇറ്റലി ടീം കോച്ച് റൊബർട്ടോ മാൻസീനി, കോപ്പ അമേരിക്ക കപ്പുമായി അർജൻറീന ക്യാപ്​റ്റൻ മെസ്സി.

മെസ്സിയും മാൻസീനിയും
​അഥവാ ഫുട്ബാൾ കഥ: 2021

പന്തുകളിക്കാരൻ റിട്ടയർ ചെയ്ത് കോച്ച് ആകുമ്പോൾ അയാളുടെ പ്രതിഭ കുറച്ചു കൂടി തെളിഞ്ഞു വരും. കളിക്കളത്തിൽ മികച്ച അനുഭവജ്ഞാനമുള്ള മെസ്സിയോ റൊണാൾഡോയോ നാളെ കോച്ച് പണി സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ബൂട്ടഴിച്ചു വെച്ച ശേഷം പെലെയുടെയും മറഡോണയുടേയും ഫുട്ബാൾ സംഭാവനകൾ സീറോ ആണ്. എന്നാൽ യൊഹാൻ ക്രൈഫിനെ പോലെ മറ്റൊരാൾ ഈ യൂറോ കപ്പോടെ ആ രംഗത്തേക്ക് വരുന്നു. ഇറ്റലിയുടെ കോച്ച് റൊബർട്ടോ മാൻസിനി. ഇക്കഴിഞ്ഞ കോപ്പ അമേരിക്കയുടേയും യൂറോയുടേയും പശ്ചാത്തലത്തിൽ ഒരു വിശകലനം

ഫുട്‌ബോളിന്റെ പുളിങ്കൊമ്പിൽ ഇടം പിടിക്കണമായിരുന്നെങ്കിൽ മെസ്സി ആർജൻറീനക്ക് ഒരു കിരീടം നേടിക്കൊടുക്കണം എന്ന സങ്കൽപം പോലെ തമാശ വേറെയൊന്നില്ല!
അതിനേക്കാൾ രസകരമായ മറ്റൊരു ആശയവും ഉണ്ട്; നിലവാരം കൊണ്ട് കൂതറയും, ഗെയിംമാൻഷിപ്പും തിയറ്റ്ട്രിക്‌സും കൊണ്ട് കിടിലന്മാരുമായ ആർജന്റൈൻ ടീമിനെക്കൊണ്ട് കോപ്പ അമേരിക്ക വിജയിപ്പിച്ചതോടെ ഫുട്ബാൾ ചരിത്രത്തിലെ ഇതിഹാസമാവാൻ മെസിക്ക് കഴിഞ്ഞുവത്രെ.
ഇനിയുമുണ്ട് ന്യൂനോക്തികൾ: 2016ലെ യൂറോയിൽ ക്രിസ്ത്യാനോ റൊണാൾഡോ പോർച്ചുഗലിന് ഉണ്ടാക്കിക്കൊടുത്ത പ്രായശ്ചിത്തം പോലെയാണ് മെസിയുടെ കോപ്പാവിജയം. എങ്ങനെയുണ്ട്... ചിരിക്കാനേ പറ്റൂ!

യൂറോ മത്സരങ്ങൾ മാരകവും ക്രൂരവുമാണ്; ലോകകപ്പ് ജയിക്കുന്നതിനേക്കാൾ സാഹസം നിറഞ്ഞത്. കഠിനമായ യോഗ്യതാ റൗണ്ടാണ് യൂറോയ്ക്കുള്ളത്. പക്ഷേ, നടത്തിപ്പുകാരുടെ ആർത്തിക്കും പിടിപ്പുകേടിനും നന്ദി പറയണം, കോപ്പ അമേരിക്ക പൊളിഞ്ഞു പാളീസായ ഒരു ടൂർണമെൻറാണ്. യോഗ്യതയൊന്നും നേടണ്ട, സൗത്ത് അമേരിക്കൻ കോൺഫെഡറേഷൻ അഥവാ കോൺമിബോളിന് ഉൾവിളി ഉണ്ടായാൽ കളിയുടെ ഷെഡ്യൂൾ ആയി. യൂറോയ്ക്ക് നാലു കൊല്ലം കൂടുമ്പോൾ, ലോകകപ്പ് പോലെ ആരാധകർ കാത്തിരിക്കുന്ന ഒരു ആവർത്തനം ഉണ്ട്. 1975 മുതൽ 1987 വരെ കോപ്പയും അങ്ങനെ ആയിരുന്നു. പിന്നെ തോന്നിയ പോലെ ആയി. ചിലപ്പോൾ രണ്ടു കൊല്ലത്തെ ഗ്യാപ്, വേറെ ചിലപ്പോൾ മൂന്നു കൊല്ലം. 2007 ൽ വീണ്ടും നാലു കൊല്ലം കൂടുമ്പോൾ എന്ന നിലയിലേക്ക് തിരിച്ചു വന്നു, 2015 വരെ. 2015ൽ കിരീടം നേടിയ ചിലി അടുത്ത വർഷം, കോപ്പയുടെ ശതാഭിഷേകത്തിന് അമേരിക്കയിൽ നടന്ന കളിയിലും കിരീടം നിലനിർത്തി. എത്ര കൊല്ലം കൂടുമ്പോളാണാവോ ഈ കോപ്പ എന്ന ചോദ്യം പരിഹാരമാവാതെ അവിടെ കിടന്നു.

കോപ്പാ ചരിത്രത്തിൽ ബ്രസീലിനും ആർജന്റീനക്കും ഉറൂഗ്വായ് അല്ലാതെ വെല്ലുവിളി ഉയർത്തിയ സ്ഥിര എതിരാളികൾ ഉണ്ടായിട്ടില്ല.

യൂറോയുടെ കാര്യമെടുക്കാം, 1984ലെ കളിയിൽ 1982 ലെ ലോകകപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്ക് കയറിയെത്താനായില്ല. സ്‌പെയിനിൽ മൂന്നാം സ്ഥാനക്കാരായിരുന്ന പോളണ്ടും യൂറോയിൽ യോഗ്യതാ റൗണ്ട് കടന്നില്ല. ക്വാളിഫൈയിംഗ് റൗണ്ടിൽ രണ്ടാളും ജയിച്ചത് രണ്ടു കളിയിൽ മാത്രം. അതിനു മുമ്പ് ഒരു കളിക്കാരനും ചെയ്തിട്ടില്ലാത്ത വിധം മിഷേൽ പ്ലാറ്റിനിയുടെ കയ്യിലായിരുന്നു ആ ടൂർണമെൻറ്​. ഫ്രാൻസിന്റെ 14 ഗോളുകളിൽ 9 ഉം പ്ലാററിനിയുടേത് ! അടുത്ത ക്വാളിഫിക്കേഷൻ സൈക്കിളിൽ ഫ്രാൻസിന് സംഭവിച്ചത് നോക്കൂ. എട്ടു കളികളിൽ ഒരേയൊരു വിജയം. ഇക്കാലമാവുമ്പോഴേക്ക് പ്ലാറ്റിനി ഉൾപ്പെട്ട ‘മാജിക് സ്‌ക്വയർ മിഡ്ഫീൽഡ്’ റിട്ടയർ ചെയ്തു പോയിരുന്നു. ഇത് പറയാൻ കാരണമുണ്ട്, അത്ര പ്രയാസമായിരുന്നു യൂറോ കപ്പിലെ കടമ്പകൾ കടക്കാൻ, 2016ൽ ഇപ്പോഴുള്ള പോലെ 24 ടീമുകൾ എന്ന ഫോർമാറ്റ് വരുന്നതു വരെ.

2021ലെ കോപ്പ അമേരിക്ക കിരീടം നേടിയ ടീം അർജൻറീന ടീം
2021ലെ കോപ്പ അമേരിക്ക കിരീടം നേടിയ ടീം അർജൻറീന ടീം

ടീമുകളുടെ എണ്ണം കൂടിയത് പോകട്ടെ, കഴിഞ്ഞ രണ്ടു യൂറോകളിലും നടന്ന കുരുതികൾ നോക്കൂ! ഐസ് ലാൻഡിനോട് ഇംഗ്ലണ്ട് തോറ്റത്. വെയിൽസിനോട് 3 - 1 ന് ബെൽജിയം തുലഞ്ഞത്. ഫ്രാൻസിനെ സ്വിറ്റ്‌സർലാൻഡ് കപ്പൽ കയറ്റിയത്. ജർമനിക്കും ഫ്രാൻസിനുമെതിരായ ഹംഗറിയുടെ സമനിലകൾ. കുറച്ച് കളികൾ സൂചിപ്പിക്കുന്നുവെന്നു മാത്രം. ഇനി ഇത്തവണത്തെ കോപ്പ നോക്കൂ! പങ്കെടുത്ത ടീമുകളിൽ എട്ടെണ്ണം ക്വാർട്ടറിൽ കടന്നു. ഒരു പ്രഷറുമില്ലാത്ത കളി.

മൂപ്പരുടെ നല്ല ദിവസത്തിൽ അയാൾ നമ്മെ വീർപ്പുമുട്ടിക്കും, നമ്മളെക്കൊണ്ട് അലറി വിളിപ്പിക്കും, അത്രക്ക് അസാധ്യം തന്നെയാണ് മെസ്സിയുടെ കളിയിലെ അപരലോക കഴിവുകൾ.

ചരിത്രം വേറെ ചില കളിക്കഥകൾ കൂടി പറയുന്നുണ്ട്. കോപ്പാ ചരിത്രത്തിൽ ബ്രസീലിനും ആർജന്റീനക്കും ഉറൂഗ്വായ് അല്ലാതെ വെല്ലുവിളി ഉയർത്തിയ സ്ഥിര എതിരാളികൾ ഉണ്ടായിട്ടില്ല. കോപ്പാ ശൈശവത്തിൽ ടെഫില്ലോ ക്വുബിലാസിന്റെ തോളിലേറി പെറു ജയിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ഭയങ്കര കൊളമ്പിയൻ പട ഇവാൻ കോർഡോബയുടെ ഒരൊറ്റ ഗോളിൽ ഞെട്ടിപ്പിച്ചിട്ടുണ്ട്. മാർസലോ ബിയൽസയുടെ ചിലി കഴിഞ്ഞ ദശകത്തിൽ രണ്ടു കപ്പുകൾ തുടർച്ചയായി നേടിയിട്ടുണ്ട്. പക്ഷേ, തെക്കനമേരിക്കയിലെ മറ്റു രാജ്യങ്ങൾക്കൊന്നും ബ്രസീലിന്റെയും ആ ആർജൻറീനയുടെയും അഗാധതയോടും പ്രതിഭയോടും ഇതുവരെ ഒന്നേറ്റു ജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് നേര്.

ഇതൊന്നും ഒരു മെസ്സി വിമർശനമായി വായിക്കരുത്. നമ്മൾ കണ്ടതല്ലേ ഉജ്വലമായ ആ ഇടപെടൽ. മൂപ്പരുടെ നല്ല ദിവസത്തിൽ അയാൾ നമ്മെ വീർപ്പുമുട്ടിക്കും, നമ്മളെക്കൊണ്ട് അലറി വിളിപ്പിക്കും, അത്രക്ക് അസാധ്യം തന്നെയാണ് മെസ്സിയുടെ കളിയിലെ അപരലോക കഴിവുകൾ. എക്‌സ്ട്രാ ടൈമിൽ ഒരു ലോകകപ്പ് കൈവിട്ടു കളഞ്ഞതും കോപ്പ അമേരിക്കയുടെ അവസാനമെത്തുമ്പോൾ ഇടറിവീണതും മെസ്സിചരിതത്തിന് മങ്ങലേൽപ്പിക്കുന്നു എന്നു പറയുന്നത് അവിവേകമാണ്.

ഫുട്ബാൾ ഒരു ടീം സ്‌പോർട്ടാണ്, ജയിക്കണേൽ ലക്കും വേണം എന്നു മാത്രം! ജർമനിയുടെ മാരിയോ ഗോറ്റ്‌സേയുടെ കളി ജീവിതം, ആർജന്റീനക്ക് കപ്പ് നിഷേധിച്ച 2014 ലോകകപ്പിലെ ആ ഒരൊറ്റ ഗോൾ കൊണ്ട് മാറിയ കാര്യം ആലോചിക്കൂ. വേറേതെങ്കിലും ദിവസമാണെങ്കിൽ ആൻദ്രേ ഷൂറലെയുടെ ക്രോസ് നെഞ്ചിൽ താങ്ങി നെറ്റിലേക്ക് വോളി ചെയ്യുന്നത് അങ്ങനെത്തനെ നടക്കണമെന്നുണ്ടോ? വലയിലേക്കുള്ള നിരവധി സൂക്ഷ്മകോണളവുകളിൽ ഒന്നിൽ പിഴച്ചിരുന്നെങ്കിൽ... ഇല്ല അങ്ങനെ സംഭവിച്ചില്ല. പന്ത് ആർജന്റീനയുടെ നെറ്റിൽ തന്നെ ചെന്നെത്തി. 113-ാം മിനറ്റിൽ അത് ജർമനിയുടെ നാലാം ലോകകപ്പ് വിജയമായി മാറുന്നത് നാം കണ്ടു നിന്നു.

പക്ഷേ, ആരെയെങ്കിലും മഹാത്മാവായി തൈലലേപനം ചെയ്ത് ഉഴിഞ്ഞെടുക്കുമ്പോൾ നാം കരുതിയിരുന്നേ മതിയാവൂ. പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്, അവർ മനുഷ്യർ ആവേശപൂർവം ആനന്ദിക്കുന്ന ഈ കളിയെ എങ്ങനെയാണ് സ്വാധീനിച്ചത് എന്നെങ്കിലും. പെലെയും മറഡോണയും റിട്ടയർ ചെയ്ത ശേഷം കളിയുടെ ലോകത്ത് മറ്റെന്തെങ്കിലും സാന്നിധ്യങ്ങളായില്ല. ബെക്കൻ ബോവർ കളിച്ചും പരിശീലിപ്പിച്ചും ജർമനിക്ക്​ ട്രോഫി നേടിക്കൊടുത്തിട്ടുണ്ട്. പക്ഷേ, കളി ശൈലിയിലോ ഫിലോസഫിയിലോ ടീമുകൾക്ക് മേൽ എന്നെങ്കിലും ഭാവിസ്വാധീനമാവാൻ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല.

അങ്ങനെ വിചാരിക്കുമ്പോഴാണ് നമ്മുടെ ആലോചനകൾ യൊഹാൻ ക്രയിഫിന് അപ്പുറത്തേക്ക് പോകാതിരിക്കുക. ക്രയിഫിൽ തട്ടി നിൽക്കുക. മിന്നിത്തിളങ്ങിയ ഡച്ച് ടീമിൽ ഒരു കളിക്കാരനെന്ന നിലയിൽ ഹൃദയതാളം തന്നെയായിരുന്നു ക്രയിഫ്. ശരിക്കും ഹാർട്ട് ബീറ്റ്. ഒരു കോച്ച് എന്ന നിലയിലോ? നമ്മളിതുവരെ കണ്ട മഹത്തായ ഫുട്ബാൾ ക്ലബ്ബായ ‘പെപ്പ് ഗാർഡിയോളയുടെ ബാഴ്‌സലോണ' യുടെ ശൈലിയും പാറ്റേണും നിർമ്മിച്ചത് ക്രയിഫ് ആയിരുന്നു. ക്രയിഫിന്റെ കൗശലം ഇപ്പോഴും പരതി നോക്കാത്ത ഒരൊറ്റ ഇക്കാല കോച്ചിനെയും നമുക്ക് കാണാൻ കഴിയില്ല.

ഫുട്ബാൾ സൗന്ദര്യശാസ്ത്രത്തിന്റെ ചിന്താവളപ്പിൽ ക്രയിഫ് വിരുദ്ധ മൂലയിൽ കൂടംകൂട്ടിയവർ പോലും ക്രയിഫിനെയും ബാഴ്‌സലോണയെയുമാണ് റഫറൻസ് പോയിന്റായി കാണുന്നത്.
ശൂന്യതയിൽ നിന്ന്​ ഭസ്മമെടുക്കുന്ന മായാജാലക്കാരൻ ആയിരുന്നില്ല ക്രയിഫ്. കോച്ചിംഗ് ഇതിഹാസങ്ങളായ റിനസ് മൈക്കേൽസിനും സ്റ്റീഫൻ കൊവാക്‌സിനും കീഴിൽ കളിച്ചിട്ടുണ്ട് ക്രയിഫ്, അയാക്‌സിൽ. കളി പ്ലാനിംഗിലുണ്ടാക്കുന്ന പ്ലയർ പിരമിഡിൽ സ്ഥിരതയുള്ള ഫിലോസഫി അദ്ദേഹം ഉണ്ടാക്കി. ബാഴ്‌സലോണയുടെ വിദ്യാശാലയിൽ പ്രതിഭാ പരമ്പര പൂത്തും ചിലപ്പോളൊക്കെ തളിർത്തുമുലഞ്ഞു. അതിലൊരു പൂവ് മെസ്സിയുമായിരുന്നു.

യൊഹാൻ ക്രൈഫ്
യൊഹാൻ ക്രൈഫ്

ജർമനിക്കെതിരായ രണ്ടേ- പൂജ്യം മത്സരത്തിൽ പകരക്കാരനായിറങ്ങിയ ഗ്രീലിഷിന്റേത് ഒരു കിടിലൻ പെർഫോമൻസ് തന്നെയായിരുന്നു. അഞ്ചു കളികളിൽ 172 മിനുട്ടാണ് ഈ മനുഷ്യന്റെ കളത്തിലെ ആക്ഷൻ

പെലെയ്ക്കും മറഡോണക്കും അവരുടേതായ വഴികളുണ്ടായിരുന്നു. അവർ അതിലൂടെ സഞ്ചരിക്കാൻ ആഗ്രഹിച്ചു. അവരാരും ക്രയിഫ് ആയില്ല. ലയണൽ മെസ്സിയോ ക്രിസ്ത്യാനോ റൊണാൾഡോയോ കോച്ചിംഗിലേക്ക് വഴി മാറുമോ എന്നു നമുക്കറിയില്ല. ഫീൽഡിലെ അനുഭവങ്ങൾ അത്തരമൊരു പരിണാമത്തിന് അവർക്ക് കരുത്തുറ്റ പിന്തുണയാവുമെങ്കിലും. എന്തായാലും നമുക്ക് വമ്പൻ വാഴ്ത്തുകളുടെ മുട്ടുമണി മുഴക്കാൻ സമയമായിട്ടില്ല. എന്നാൽ, ഫുട്ബാളിന്റെ അഞ്ചു ദശകങ്ങളുടെ ചരിത്രത്തിൽ ക്രയിഫ് ചെയ്തതാണ് യഥാർത്ഥ മഹാത്മ്യം, അത് ഫുട്ബാൾ മൈതാനികളെ, കോരിത്തരിപ്പിച്ച് അതിജീവിക്കുകയാണിപ്പോഴും.

യൂറോയിലേക്ക് മാറുമ്പോൾ

രണ്ടായിരത്തി പതിനേഴിലെ നവംബർ 13.
പ്ലേ ഓഫിലെ രണ്ടാം പാദത്തിൽ ഇറ്റലി- സ്വീഡൻ മത്സരം പൂജ്യം- പൂജ്യം എന്ന് സമനിലയായി. 1958 നു ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനില്ലാതെ ഇറ്റലി പുറത്ത്. 2018 മേയിൽ റൊബർട്ടോ മാൻസീനി കോച്ചായി എത്തുന്നു. ഇറ്റലിയെ ഫുട്ബാളിന്റെ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് പറയുന്നു, ഭയങ്കര ആത്മവിശ്വാസത്തോടെ. ഇറ്റലിയെ എത്തും പിടിയുമില്ലാത്ത, ദുഃഖക്കയത്തിലേക്കെറിഞ്ഞ ആ അപമാനത്തിന്റെ 1335-ാം നാൾ മാൻസീനി വാക്കുപാലിച്ചു. വെറുതെയൊരു തിരിച്ചുവരവല്ല, ഒരൊന്നൊന്നര വരവ്. കളിക്കാരൻ എന്ന നിലയിൽ കോച്ച് കാണിച്ചിരുന്ന ശൈലിയിലും ഒഴുക്കിലും പെട്ടൊരു ഉശിരൻ കമിംഗ് ബാക്ക് ഇറ്റലി നടത്തി.

തീരാ സങ്കടക്കടലിലായിരിക്കും ഇംഗ്ലണ്ടും ആരാധകരും. കാരണം, സെമിയിൽ സ്‌പെയിൻ ചെയ്തതുപോലെ ഇറ്റലിയോടൊന്ന് കൊരുക്കാൻ ഇംഗ്ലണ്ട് ശ്രമിച്ചില്ല. ലോറൻസോ പെല്ലെഗ്രിനിയെയും നിക്കോളോ സാനിയോളോയെയും ടൂർണമെൻറ്​ തുടങ്ങുന്നതിനു മുമ്പുതന്നെ ഇറ്റലിക്ക് നഷ്ടപ്പെട്ടിരുന്നു എന്നോർക്കണേ. ക്വാർട്ടർ ഫൈനലിലെ പരുക്ക് മൂലം ഇത്തവണത്തെ കളിയിലെ ഉഗ്രൻ ഫുൾ ബാക്ക് ആയ ലിയനാർഡോ സ്പിനസ്സോളയുമില്ല ഇറ്റാലിയൻ നിരയിൽ. അപ്പുറത്തോ? ഇംഗ്ലണ്ടിന്റെ പക്കാ ടീം. പക്ഷേ, ഗരേത്ത് സൗത്ത്‌ഗേറ്റ് എന്ന മാമൂൽ പ്രിയൻ കോച്ച്, സ്‌പെയിൻ ചെയ്ത പോലെ ഇറ്റലിയുടെ അനുഭവസമ്പന്നരായ പ്രതിരോധ നിരയോട് മറ്റൊരു ടാക്റ്റിക്‌സ് എടുക്കാൻ തയ്യാറായില്ല.

യൂറോപ്പിലെ മറ്റു കളിക്കാർക്കിടയിൽ ഏറ്റവും മികച്ച ഇംഗ്ലീഷ് താരങ്ങൾക്കുണ്ടായിരുന്ന ആ ഒരു ടെക്‌നിക്കൽ ഇൻഫീരിയോറ്റി കോംപ്ലക്‌സ് ഒന്നും ഇന്ന് പ്രസക്തമല്ല.

ഏഴു കളികളിൽ ഇംഗ്ലണ്ട് നേടിയത് 11 ഗോളുകൾ ആണ്. അതിൽ നാലും അവസാന എട്ടിലേക്ക് അമ്പരപ്പിച്ച് കടന്നെത്തിയ ഉക്രൈനോട്. ഒരു ഗോൾ നേടി ആദ്യം ഉണ്ടാക്കിയ മേൽക്കൈ വെച്ച് പിന്നീടൊരിക്കലും ഇറ്റലിയുടെ ഗോളി ജിയാൻലൂയ്ഗി ഡൊണ്ണരുമ്മയെ അലോസരപ്പെടുത്താൻ പോലും ഇംഗ്ലണ്ട് കൂട്ടാക്കിയില്ല. ടൂർണമെന്റിൽ മുഴുവൻ, ഇംഗ്ലണ്ട് ടീമിലെ ഏറ്റവും കൗശലക്കാരനായ ആസ്റ്റൻ വില്ലയുടെ ജാക്ക് ഗ്രീലിഷിനെയാണ് സൗത്ത്‌ഗേറ്റ് ആശ്രയിച്ചത്. അങ്ങനെ വേണ്ട, ആദ്യം സുരക്ഷിതത്വം എന്നിട്ടുമതി ഗോൾ എന്നൊരു മട്ടിൽ.

ജർമനിക്കെതിരായ രണ്ടേ- പൂജ്യം മത്സരത്തിൽ പകരക്കാരനായിറങ്ങിയ ഗ്രീലിഷിന്റേത് ഒരു കിടിലൻ പെർഫോമൻസ് തന്നെയായിരുന്നു. അഞ്ചു കളികളിൽ 172 മിനുട്ടാണ് ഈ മനുഷ്യന്റെ കളത്തിലെ ആക്ഷൻ. ശരിക്കും ഡെക്ലാൻ റൈസും കാൽവിൻ ഫില്ലിപ്‌സുമാണ് സെൻട്രൽ മിഡ്ഫീൽഡേർസ്. രണ്ടു പേരുടേയും ഒന്നാന്തരം ടൂർണമെന്റാണിത്. പക്ഷെ, എന്തു ചെയ്യാം. ഡിഫൻസീവ് മിഡ്ഫീൽഡിൽ കോട്ട കാക്കുന്ന പണിയായിപ്പോയി. ഇതിനു പുറമേ, മൂന്ന് സെന്റർ ബാക്‌സും രണ്ട് വിംഗ്ബാക്‌സും. പ്രതിരോധ ബുദ്ധിയുമായി എപ്പോഴും ഏഴു കളിക്കാർ! ഫൈനലിൽ ഹാരി കേയ്‌നും റഹീം സ്റ്റേർലിംഗും ആരെങ്കിലും സഹായിക്കണേ എന്ന് ന്യായമായും കരഞ്ഞു കാണും. എന്തു ചെയ്യാനാ, ഇപ്പറഞ്ഞ ആറേഴു മിഡ്ഫീൽഡർമാർ ബാൾ കണക്റ്റ് ചെയ്യാൻ പറ്റാതെ അങ്ങ് ദൂരെ ദൂരെ ദൂരെ കോട്ടപ്പണിയുകയായിരുന്നല്ലോ.

യൂറോ കപ്പ് ഫെെനൽ മത്സരത്തിനിടെ റഹീം സ്റ്റർലിംഗും ഹാരി കെയ്നും
യൂറോ കപ്പ് ഫെെനൽ മത്സരത്തിനിടെ റഹീം സ്റ്റർലിംഗും ഹാരി കെയ്നും

പുതിയ ക്ലബ് ഫുട്ബാൾ നോക്കാം. ക്ലബ്ബുകളിലെ യോഗ്യന്മാർ എന്താണ് ചെയ്യുന്നത്? ഫീൽഡിൽ കുതിക്കുമ്പോൾ ഫുൾ ബാക്‌സ് മുഴുവൻ അറ്റാക്കിംഗ് വിംഗേഴ്‌സ് ആവും. പായുന്ന യാഗാശ്വം ഞാൻ എന്ന ഈണത്തിൽ! ഇംഗ്ലീഷ് പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ലിവർപൂൾ നേടിയത് എങ്ങനെയാണ്? ട്രെൻഡ്അലക്‌സാണ്ടർ - ആർണോൾഡ് റൈറ്റ് ബാക്കിലും ആൻഡ്രൂ റോബർട്‌സൺ ലെഫ്റ്റിലും. ബയേൺ മ്യൂണിക്കിന്റെ 2020 വിജയഗാഥ നോക്കു. കാനഡക്കാരൻ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവിസ്, ഒരു പോക്കറ്റടിക്കാരൻ പഴ്‌സും കൊണ്ട് ജനക്കൂട്ടത്തിനിടയിലൂടെ ഓടുന്നതു പോലെ കുതിച്ചതുകൊണ്ടാണ്.

ഇനി എണ്ണം പറഞ്ഞ ഒരു മിഡ്ഫീൽഡർ വേണ്ട എന്നാണെങ്കിൽ ഫുൾ ബാക്‌സിനെ അക്രമകാരികൾ ആക്കിയേ പറ്റൂ. ഉക്രൈനെതിരായല്ലാതെ ഒരു ഇംഗ്ലീഷ് യുദ്ധമുന്നേറ്റം നമുക്ക് ഈ ടൂർണമെന്റിൽ കാണാൻ പറ്റിയില്ല. പ്രതിഭകളില്ലാഞ്ഞിട്ടല്ല ഇതൊക്കെ സംഭവിച്ചത്.ആരെയും നേരിടാൻ കരുത്തുള്ള ഒരു ടീമാണെന്ന് മനസ്സിലാക്കുമ്പോഴാണ് സങ്കടം ഇരട്ടിക്കുന്നത്.

ഇന്ന് ഇംഗ്ലീഷ് ക്ലബ്ബുകളും ജർമൻ ഭീമൻമാരും നല്ല പണിക്കൂലി കൊടുക്കുമ്പോൾ സീരീ എ യും കളിയിലെ കൊടും ബുദ്ധി അന്വേഷിക്കാൻ നിർബന്ധിതമായിട്ടുണ്ട്. മാൻസീനി സവാരി വലവിരിച്ചിട്ടുണ്ട്. ഫെഡറിക്കോ ചീസ അവിടെയെത്തി. മാനുവൽ ലൊക്കാട്ടെല്ലിയും ഡൊമനിക്കോ ബെറാർഡിയും.

യൂറോപ്പിലെ മറ്റു കളിക്കാർക്കിടയിൽ ഏറ്റവും മികച്ച ഇംഗ്ലീഷ് താരങ്ങൾക്കുണ്ടായിരുന്ന ആ ഒരു ടെക്‌നിക്കൽ ഇൻഫീരിയോറ്റി കോംപ്ലക്‌സ് ഒന്നും ഇന്ന് പ്രസക്തമല്ല. ക്ലബ് ഫുട്ബാളിന്റെ ഉയരമരച്ചില്ലകളിൽ സ്റ്റേർലിഗും ഫിൽ ഫോഡനും എവിടെയാണോ നിൽക്കുന്നത് അവിടേക്ക് ഗ്രീലിഷും ഉടന്നെത്തും. ബാല്യത്തിൽ തന്നെ ബറൂഷ്യ ഡോർട്ട്മണ്ടിനു വേണ്ടി ജാഡൺ സാഞ്ചോ തിളങ്ങിയ നക്ഷത്രപഥത്തിൽ ജൂഡ് ബെല്ലിംഗാമിനെ കാണാം. മേൽപ്പറഞ്ഞ താരപഞ്ചകത്തിൽ എത്ര നേരമാണ് ഈ യൂറോയിൽ സ്റ്റേർലിംഗ് മാത്രം മിന്നി നിന്നത് !

സ്‌പെയിനിനും ജർമനിക്കും ഇപ്പോൾ തിരിച്ചറിയാനാവുന്നതു പോലെ അല്ലെങ്കിൽ ബെൽജിയം നാളെയോ മറ്റന്നാളോ മനസ്സിലാക്കാൻ പോവുന്നതു പോലെ വർണതാരങ്ങളുടെ പരമ്പര എക്കാലത്തേക്കുമുണ്ടാവില്ല. ഒരു കാലത്തമില്ലാത്ത പ്രതിഭാ പാക്കറ്റാണ് ഇംഗ്ലണ്ടിന് ഇപ്പോഴുള്ളത്. അതും യൂറോപ്പിലെ മറ്റു ഫുട്ബാൾ ഭീമൻമാർ തലമുറ മാറ്റത്തിന്റെ നടുവിലായിരിക്കുമ്പോൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ് കോമ്പറ്റീഷൻ എന്ന് വീണ്ടും സ്ഥിരപ്പെടുമ്പോൾ കുരുന്നു പ്രതിഭകളാണ് കളി തുടങ്ങാനൊരിടം തേടി വലയുന്നത്.സാഞ്ചോയും ബെല്ലിംഗാമും ജർമനിയിലേക്ക് ചേക്കേറിയതും അതുകൊണ്ടു തന്നെ.

ഇറ്റലിയുടെ കാര്യം മറിച്ചാണ്. ഇപ്പോഴത്തെ കോച്ച് മാൻസീനി കളിക്കുമ്പോൾ ക്ലബ് ഫുട്ബാളിന്റെ സൂര്യകിരീടം സീരീ എ ആയിരുന്നു. എന്തെങ്കിലുമാവാൻ കൊതിക്കുന്ന ഒരു കളിക്കാരന്റെ എല്ലാം. ഇന്ന് ഇംഗ്ലീഷ് ക്ലബ്ബുകളും ജർമൻ ഭീമൻമാരും നല്ല പണിക്കൂലി കൊടുക്കുമ്പോൾ സീരീ എ യും കളിയിലെ കൊടും ബുദ്ധി അന്വേഷിക്കാൻ നിർബന്ധിതമായിട്ടുണ്ട്. മാൻസീനി വിശാലമായി വലവിരിച്ചിട്ടുണ്ട്. ഫെഡറിക്കോ ചീസ അവിടെയെത്തി. മാനുവൽ ലൊക്കാട്ടെല്ലിയും ഡൊമനിക്കോ ബെറാർഡിയും.

ഇംഗ്ലണ്ടിനെ തോൽപിച്ച് യൂറോ കപ്പ്​ നേടിയ ഇറ്റാലിയൻ ടീം അംഗങ്ങൾക്ക് ജന്മനാട്ടിൽ നൽകിയ സ്വീകരണം.
ഇംഗ്ലണ്ടിനെ തോൽപിച്ച് യൂറോ കപ്പ്​ നേടിയ ഇറ്റാലിയൻ ടീം അംഗങ്ങൾക്ക് ജന്മനാട്ടിൽ നൽകിയ സ്വീകരണം.

നാലാളറിയണമെങ്കിൽ യൂവന്തസിനും എ.സി.മിലാന്നും വേണ്ടി കളിക്കണമെന്ന കാലം പോയി. അത്രയൊന്നും ചന്തമില്ലാത്ത സസ്സുവാളോയിൽ നിന്നാണ് ലൊക്കാട്ടെല്ലിയും ബെറാർഡിയും വന്നത്. ചീസ ഫയറന്റിനയിൽ നിന്നും. സേനയിലെ 26 ൽ നാലുപേർ മാത്രമാണ് ഇറ്റലിക്ക് വെളിയിൽ കളിക്കുന്നത്. ജോർജിയോ ചെല്ലിനിയും ലയനാർഡോ ബൊണൂച്ചിയും കൂടി നേടിയ 221 ക്യാപ്പുകൾ നോക്കുമ്പോൾ ലാസിയോയുടെ സിറോ ഇമൊബൈൽ മാത്രമാണ് 50 നു മുകളിൽ നേടിയത്.വയസ് കൊണ്ട് 26 ൽ ഒമ്പതു പേർ മാത്രമായിരുന്നു 25 ൽ താഴെ. പരിചയ തഴമ്പിനും യൗവ്വന കുതിപ്പിനുമിടയിൽ മാൻസീനി പക്ഷേ, ഒരു മിഠായിത്തെരു കണ്ടെത്തി.

കഴിയുമീ രാത്രിയിൽ ഏറ്റവും സന്തോഷഭരിതമായി എന്ന നിലയിലായിരുന്നു കളിക്കാരുടെയും കാണികളുടെയും വിജയാരവങ്ങൾ. കമന്റേറ്റർമാർ ദ ഇറ്റാലിയൻ ജോബ് എന്ന സിനിമയെക്കുറിച്ച് പരാമർശിച്ചുകൊണ്ടിരുന്നു. 1969 ലെ പീറ്റർ കോളിൻസൺ പടം. ഇറ്റലിയിലെ ടൂറിനിൽ നിന്നും ബ്രിട്ടനിലേക്കുള്ള ഒരു സ്വർണക്കടത്തിന്റെ കഥയിൽ എടുത്ത മൂവി. 1968ൽ ഇറ്റലി ചരിത്രത്തിൽ ആദ്യമായി യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ ഈ പടം ഇറങ്ങിയിട്ടില്ല.സത്യം പറഞ്ഞാൽ, പടം റിലീസ് ആവുന്നത് ജൂൺ അഞ്ചിനാണ്, 1969ൽ. സോവിയറ്റ് യൂണിയനെതിരെ ഇറ്റലി നേടിയ അസാധാരണമായ സെമിഫൈനൽ വിജയത്തിന്റെ ഒന്നാം വാർഷികത്തിനാണ് മൈക്കൽ കെയിൻ നായകനായ ഇംഗ്ലീഷ് പടം പുറത്തിറങ്ങുന്നത്. കാലങ്ങൾക്കിപ്പുറം
പഴയ റഫറി പോരാ ഇപ്പോൾ കളിക്കളത്തിൽ നിയന്ത്രണത്തിന്. വീഡിയോ അസിസ്റ്റൻറ്​ റഫറി ഉണ്ട്. വോയ്‌സ് റക്കഗ്‌നിഷൻ സോഫ്‌റ്റ്​വെയറുണ്ട്. വിരലടയാളം പോലും നോക്കും. അച്ചും പുള്ളിയും നോക്കി കളി നിശ്ചയിക്കുന്നതായിരുന്നു പഴയ കാലം. പരിഹാസ്യം! അതെ, നേപ്പിൾസിലെ ഗോൾരഹിത സമനിലയ്ക്കു ശേഷം അങ്ങനെയൊക്കെയാണ് ഇറ്റലി അന്ന് ഫൈനലിലേക്ക് എത്തിയതും.
‘റഫറി നാണയമെറിഞ്ഞു.
ഞാൻ പറഞ്ഞു: പുളളി. '
അന്നത്തെ ഇറ്റാലിയൻ ക്യാപ്റ്റൻ ജചീന്തോ ഫക്കേററി പിന്നീട് പറഞ്ഞു. 70000 വരുന്ന കാണികൾ ഫക്കേറ്റിയുടെ തുള്ളിച്ചാട്ടം കണ്ടങ്ങ് തീരുമാനിച്ചു. ഇറ്റലി ജയിച്ചു. മാൻസീനിക്ക് അന്ന് മൂന്നു വയസായിരുന്നു. പാൻക്രിയാറ്റിക് കാൻസറിന് ഫച്ചേത്തി കീഴടങ്ങിയിട്ട് കാൽ നൂറ്റാണ്ടാവുന്നു. സോവിയറ്റ് യൂണിയനെ അന്നു നയിച്ച ആൽബർട്ട് ഷെർസ്റ്റർനേവ് സീറോസിസ് ബാധിച്ച് മരിച്ചിട്ട് 25 വർഷം കഴിഞ്ഞു. അതൊരു കാലം.

ടൂർണമെൻറിലുടനീളം ഇറ്റാലിയൻ ഫുട്ബാളിന്റെ പരമ്പരാഗത അച്ചുമൂശകളെ മാൻസീനിയും ടീമും പുനർ വാർത്തു. മാറ്റിയതിലൊന്ന്, അതിജാഗ്രതയെന്ന പേരുദോഷമായിരുന്നു.

കളിക്കു മുമ്പുള്ള കഥാകഥനങ്ങളിൽ മുഴുവൻ ഇംഗ്ലണ്ട് കോച്ച് സൗത്ത് ഗേറ്റിനെക്കുറിച്ചുള്ള വാഴ്ത്തുകളായിരുന്നു. 1996 ലെ യൂറോ ഫൈനലിലേക്ക് ജർമനിയെ കടത്തിവിട്ട ആ പെനാൽറ്റി മിസ്സിന് കാൽനൂറ്റാണ്ടിനിപ്പുറം ഒരു പ്രായശ്ചിത്തം ഒരുങ്ങുമെന്ന് മഹാഭൂരിപക്ഷവും എഴുതി. എന്നാൽ മാൻസീനി അയാളുടെ പഴയ വെംബ്ലി ചരിതം മാറ്റിയെഴുതാൻ അതിലേറെക്കാലം വെയിറ്റിംഗിലായിരുന്നു. 1992 മേയിൽ റൊണാൾഡ് ഫ്രീമാന്റെ എക്‌സ്ട്രാ ടൈം ഫ്രീ കിക്ക് സാമ്പ്‌ദോറിയ ഹൃദയങ്ങൾ തകർത്ത് തരിപ്പണമാക്കി ബാഴ്‌സലോണക്ക് അവരുടെ ആദ്യ യൂറോപ്യൻ കപ്പ് നേടിക്കൊടുത്തു. തൊട്ടു മുൻപത്തെ വർഷം സാമ്പ്‌ദോറിയക്ക് ഒരേയൊരു സീരീ എ കിരീടം നേടിക്കൊടുത്ത രണ്ടു പേർ ആ ടീമിലും ഉണ്ടായിരുന്നു. ഇപ്പോഴത്തെ ഇറ്റാലിയൻ കോച്ച് മാൻസീനിയും ആത്മമിത്രം ഗിയാൻലൂക്ക വിയാലിയും.

വർഷങ്ങൾക്കിപ്പുറം, മാൻസീനി, ഇറ്റലി ടീമിനെ കളത്തിലേക്കിറക്കുമ്പോൾ ആ സാമ്പ്‌ദോറിയ സ്വാധീനം തെളിഞ്ഞു കാണാനുണ്ട്. പണ്ട്, വുജാദിൻ ബോസ്‌കോവ് കാര്യങ്ങൾ നിയന്ത്രിച്ച അറുപതുകളിൽ സാമ്പ്‌ദോറിയക്ക് പണപ്പെരുമയും അതിനാലുള്ള അമിതാഹങ്കാരവും ഉള്ള, പടുകൂറ്റൻ ഇറ്റാലിയൻ ക്ലബ്ബുകൾക്കുള്ള പണമോ പണാമഗന മാർഗങ്ങളോ ഇല്ലായിരുന്നു. ആകെയുണ്ടായിരുന്നത് മാൻസീനിയുടെയും വിയാലിയുടെയും നന്നായി കാലിബറേറ്റ് ചെയ്ത കൗണ്ടർ അറ്റാക്കിംഗ് സ്ട്രാറ്റജി മാത്രം. മുകളിൽ പറഞ്ഞ സീരീ എ കപ്പ് വിജയത്തിന്റെ കണക്കെടുപ്പിൽ അവർ ഏറ്റവും കൂടുതൽ ഗോളുകളടിച്ചു. ഡിഫൻസീവ് റെക്കോഡിൽ സെക്കൻഡ് ബെസ്റ്റ് ആവുകയും ചെയ്തു. ഇന്റർനാഷണലെയോട് പോലെ, നിർണായകമായ മത്സരങ്ങളിൽ സാമ്പ്‌ദോറിയ തിരകളിൽ തിരകളുതിർത്ത് എതിരാളികളെ കീഴടക്കി.

സ്‌പെയിനിനെതിരായ സെമിഫൈനലിൽ ഇതിന്റെയൊക്കെ അനുരണനങ്ങൾ കാണാമായിരുന്നു. മൈതാനത്ത് വളരെ നേരം പരന്നു കിടന്നു കളിച്ചിട്ടും ഒരു പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി ഹോൾഡ് ചെയ്യേണ്ടി വന്നു ഇറ്റലിക്ക്. വേഗതയും തന്ത്രങ്ങളും ചടുലചലനങ്ങളും സമാസമം ചേർന്ന സ്‌പെയിനിന്റെ അക്രമണോത്സുകത കെല്ലിനിയും ബൊനൂച്ചിയും ചേർന്ന സെൻട്രൽ ബാക്ക് ദ്വന്ദ്വത്തെ ചെറുതായൊന്നുമല്ല പരീക്ഷിച്ചത്. മാത്രവുമല്ല, ഫിനിഷിംഗിലെ പാഴായ പരിശ്രമങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഫൈനൽ വിസിലിനും എത്രയോ മുമ്പ് സ്‌പെയിൻ ഒരു അപാരതയായി മാറുമായിരുന്നു.

ടൂർണമെൻറിലുടനീളം ഇറ്റാലിയൻ ഫുട്ബാളിന്റെ പരമ്പരാഗത അച്ചുമൂശകളെ മാൻസീനിയും ടീമും പുനർ വാർത്തു. മാറ്റിയതിലൊന്ന്, അതിജാഗ്രതയെന്ന പേരുദോഷമായിരുന്നു. സ്‌പെയിൻ മികച്ചു നിന്ന സെമി ഫൈനൽ ഒഴിച്ചാൽ സമ്മർദ്ദങ്ങളിൽ പരിലസിച്ചില്ല. ആ കളിയിൽ പോലും ഒന്നാം തരം തിരിച്ചടിയാണ് ഇറ്റലി നടത്തിയത്. ഫൈനലിൽ ആവട്ടെ, ചീസയുടെ സുന്ദരമായ ഗോൾ മാത്രമല്ല, ഇംഗ്ലണ്ടിന്റെ തുടക്കത്തിലെ ഉണർവിനു ശേഷം കളിയാലുടനീളം ബാൾ കൈവശം വെച്ചതും മികച്ച അവസരങ്ങൾ ഉണ്ടാക്കിയതും ഇറ്റലി ആയിരുന്നു.

ഇത്തവണ ഇറ്റലിക്ക് നൽകുന്നത് എന്തായാലും ദുർബലമായ ഒരു പ്രശംസ ആയിരിക്കില്ല. 1982 ൽ പൗലോ റോസിയുടെ ആറു ഗോളുകൾ കൊണ്ട് ഇറ്റലി മൂന്നാമത്തെ ലോകപ്പ് നേടിയപ്പോൾ ചർച്ച മുഴുവനും രണ്ടാം പാദത്തിൽ മൂന്നേ രണ്ടിന് അവർ തോൽപിച്ച ഉജ്വലമായ ബ്രസീൽ ടീമിനെ പറ്റിയായിരുന്നു. 2006 ലെ വിജയകഥനങ്ങളിൽ സിനദിൻ സിദാൻ മർക്കോ മറ്റരാസിയെ തലകൊണ്ടടിച്ചതാണ് പ്രധാന പോയിൻറ്​. ഇത്തവണ എങ്കിലും, പക്ഷേ എന്നൊന്നും പറയാനില്ല ഇറ്റാലിയൻ വിജയത്തെക്കുറിച്ച്. ടൂർണമെന്റിനു മുമ്പേ തന്നെ കറുത്ത കുതിരകളായി പ്രഖാപിക്കപ്പെട്ട തുർക്കിയെ മൂന്നേ പൂജ്യത്തിന് തകർത്തതു തൊട്ട് ഇറ്റലി ഫൈനൽ വിജയം അർഹിക്കുന്നുണ്ടായിരുന്നു.

 2006 ലെ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന്റെ സിനദിൻ സിദാൻ ഇറ്റലി താരം മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിക്കുന്നു
2006 ലെ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന്റെ സിനദിൻ സിദാൻ ഇറ്റലി താരം മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിക്കുന്നു

പല സൂപ്പർലെറ്റീവ് കളിക്കാരെയും അസ്വസ്ഥരാക്കിയതുകൊണ്ടു മാത്രമല്ല മാൻസീനിക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ച് പണി നഷ്ടപ്പെട്ടത്. യൂറോപ്യൻ കോമ്പറ്റീഷനിൽ ടീമിനെ മുകളിലേക്ക് എത്തിക്കാൻ കഴിയാത്തതു തന്നെയായിരുന്നു പ്രധാന കാരണം. ഇന്റർനാഷണലെ കോച്ചായിരിക്കുമ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ഇതേ മനുഷ്യൻ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ 44 വർഷം നീണ്ട ലീഗ് ടൈറ്റിൽ കാത്തിരിപ്പ് അവസാനിപ്പിച്ചത്. 42 വർഷത്തിനു ശേഷം സിറ്റിയുടെ അലമാരയിലേക്ക് എഫ്.എ കപ്പ് എത്തിച്ചതും ഇയാൾ തന്നെ. ഇറ്റലി യൂറോ കപ്പ് നേടിയ വെംബ്ലി സ്റ്റേഡിയത്തിലേക്കു മടങ്ങാം. ഇവിടെയാണ് മാൻസീനിയുടെ മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പിൽ വിഗാൻ അത്‌ലെറ്റിക്കിനോട് ഞെട്ടിപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. ടീമിന്റെ കോച്ചെന്ന നിലയിൽ മാൻസീനിയുടെ അവസാന മത്സരം.

പക്ഷേ, മാൻസീനി വിട്ടുകൊടുത്തില്ല, അയാളുടെ കളിക്കാരും. ഫൈനലിനു മുമ്പ് സ്പിനസോള ടീമംഗങ്ങൾക്ക് ഒരു സന്ദേശമയക്കുന്നുണ്ട്, താങ്ങുവടിയിൽ, വിജയികൾക്കുള്ള മെഡൽ വാങ്ങാൻ റോമിൽ നിന്ന് വെംബ്ലിയിലേക്ക് പറന്നെത്തിയ സ്പിനസോളയുടെ സന്ദേശത്തിലെ ഒരു വരി ഇതായിരുന്നു: ‘അസാധാരണമായി എന്തെങ്കിലും ചെയ്യണമെങ്കിൽ നിങ്ങൾ ചങ്ക് ടീമിലെ ചങ്ങാതിമാർക്ക് നൽകണം.' അവർ അതു ചെയ്തു. ചങ്ങാതിമാർ ചങ്കു പങ്കിട്ടുകൊണ്ടുതന്നെ അത് ചെയ്തു. ▮

(ഇയ്യാഴ്ച അന്തരിച്ച, എനിക്ക് ഫുട്ബാളിനോടും ക്രിക്കറ്റിനോടും കമ്പം വളർത്തിയ ഡോ. കെ.പി. ഗോവിന്ദന് ഈ ലേഖനം സമർപ്പിക്കുന്നു.)

വിവർത്തനം: കമൽറാം സജീവ്​.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments