ഇന്ത്യയുടെ മിഡ്ഫീല്‍ഡര്‍, ബംഗാളിന്റെ ബഡേ മിയാന്‍

ഗോള്‍മുഖത്തേക്ക് തൊടുത്ത് വിട്ട ഇന്ദ്രചാപങ്ങളുടെ ഇരമ്പം ഇനി ഓര്‍മ്മ. ഇതിഹാസതാരം ഇന്ദര്‍സിംഗ് വരച്ചിട്ട ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ നിന്ന് പ്രഥമ പ്രൊഫഷണല്‍ താരമായ മുഹമ്മദ് ഹബീബിന്റെ ജീവിതത്തിന് അദൃശ്യതയുടെ നിഴല്‍ ചൂടിയ അജ്ഞാതനായ അംപയര്‍ ലോംഗ് വിസില്‍ മുഴക്കി.

ജന്മം കൊണ്ട് ആന്ധ്രക്കാരനെങ്കിലും കളികൊണ്ട് കൊല്‍ക്കത്തക്കാരനായി മാറിയ 'ഇന്ത്യന്‍ പെലെ' സ്വാതന്ത്ര്യത്തിന്റെ ആഘോഷാരവങ്ങള്‍ക്കിടെ യാത്ര പറഞ്ഞു. കാലത്തിന്റെ കുമ്മായവരകളും കടന്ന് പന്ത് പോലെ ഉരുണ്ടുപോയ ഓര്‍മകളുടെ ഭ്രമണപഥത്തില്‍ ഈശ്വരന്റെ റെഡ് കാര്‍ഡുയര്‍ന്നിട്ട് ഇത്തിരി നാളായിരുന്നുവെന്ന് ഹബീബിന്റെ സൗദിയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. രണ്ടു വര്‍ഷമായി ഓര്‍മനാശവും പാര്‍ക്കിന്‍സന്‍ സിന്‍ഡ്രോമും അലട്ടിയിരുന്നു.

ഈസ്റ്റ് ബംഗാളിന്റെ ചി•ോയ് ചാറ്റര്‍ജിയുടെ പ്രതിരോധ നീക്കം മോഹന്‍ ബഗാന്റെ ഹബീബ് തടയിടുന്നു ( ദ ഹിന്ദു)
ഈസ്റ്റ് ബംഗാളിന്റെ ചി•ോയ് ചാറ്റര്‍ജിയുടെ പ്രതിരോധ നീക്കം മോഹന്‍ ബഗാന്റെ ഹബീബ് തടയിടുന്നു ( ദ ഹിന്ദു)

ജിദ്ദ നഗരവുമായി ഇന്ത്യയുടെ ഈ മിഡ്ഫീല്‍ഡര്‍ക്ക് വൈകാരികമായ അടുപ്പമേറെയുണ്ട്. മകന്‍ ഹസീബ് ഏറെക്കാലം ജിദ്ദയിലുണ്ടായിരുന്നു. മകളും കുറച്ച് കാലം ഇവിടെത്തന്നെയായിരുന്നു. ലൈനപ്പില്‍ നിന്ന് മാറി പരിശീലകനായി മാറിയ കാലത്തും പിന്നീടും പല തവണ ഹബീബ് ജിദ്ദയിലെത്തി, മക്കളോടൊപ്പമായിരുന്നു വാസം. അക്കാലത്തെ വെള്ളിയാഴ്ച സായാഹ്നങ്ങളിലെല്ലാം ഇവിടത്തെ മലയാളി ഫുട്‌ബോള്‍ കളിക്കാരുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ കളിയുടെ തന്ത്രങ്ങള്‍ പഠിപ്പിക്കുകയും ചെയ്ത് പോന്നു. സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം, ജെ.എസ്.സി തുടങ്ങിയ മലയാളികളുടെയുള്‍പ്പെടെയുള്ളവരുടെ ഫുട്ബോള്‍ കൂട്ടായ്മകളില്‍ ഹബീബ് അക്കാലത്ത് കളിയോര്‍മകള്‍ പങ്കിടാന്‍ എത്തിയിരുന്നു.

മോഹന്‍ബഗാന്റെ പടക്കുതിരയായിരുന്ന കാലത്തിന്റെ ഓര്‍മ ഹബീബ് ഈ ലേഖകനുമായി പങ്ക് വെച്ചതോര്‍ക്കുന്നു. പുതിയ തലമുറയിലെ ഹൈദരബാദുകാരനായ മറ്റൊരു കളിക്കാരനായ സക്കിയായിരുന്നു ഹബീബിനെ പരിചയപ്പെടുത്തിത്തന്നത്. നാഗ്ജി കളിക്കാന്‍ കോഴിക്കോട്ട് വന്നതും കോഴിക്കോട്ടുകാരുടെ ഫുട്‌ബോള്‍ കള്‍ട്ടിനെക്കുറിച്ചും അദ്ദേഹം പറഞ്ഞ് രസിച്ചു. പെലെയുടേയും ബെക്കന്‍ ബെവറിന്റേയും ടീമിനെതിരെയുള്ള ഗോള്‍ സ്‌കോറിംഗിന്റെ പട്ടികയില്‍ നൈസാമിന്റെ നാട്ടുകാരനായ ഹബീബിന്റെ പേരുണ്ട്. ഏഷ്യന്‍ ഇലവനില്‍ മൂന്നുതവണ സ്ഥാനം പിടിച്ച ഈ കളിക്കാരനെപ്പോലെ കൊല്‍ക്കത്ത നെഞ്ചേറ്റിയ മറ്റൊരു ഇതര സംസ്ഥാനക്കാരനായ താരം വേറെയില്ല.

മുഹമ്മദ് ഹബീബ്, അമല്‍ രാജ് (ദ ഹിന്ദു)
മുഹമ്മദ് ഹബീബ്, അമല്‍ രാജ് (ദ ഹിന്ദു)

സര്‍വീസസിന്റെ കരുത്തുറ്റ പ്രതിരോധ നിരയെ ഛിന്നഭിന്നമാക്കി ഫുട്‌ബോള്‍ ആരാധകരെയാകെ അമ്പരപ്പിച്ച പതിനൊന്നു ഗോളുകളുടെ കഥ ഇന്ത്യന്‍ കേളീചരിത്രത്തിലുണ്ട്. ഹബീബിന്റെ പേരില്‍ എഴുതപ്പെട്ട ആ ഗോളുകളുടെ റെക്കാര്‍ഡ് പിന്നീടാരും തിരുത്തിയിട്ടില്ല. ഹബീബിന്റെ രണ്ടു ഹാട്രിക്കുള്‍പ്പെടെയുള്ളതായിരുന്നു ആ പതിനൊന്ന് ഗോളുകള്‍. 1966 - 67 കാലത്ത് പതിനേഴു സീസണുകളിലായുള്ള വീറുറ്റ പോരാട്ടങ്ങളില്‍ വംഗനാടിനു വേണ്ടി തീജ്വാലകളായിരുന്നു ഹബീബിന്റെ ബൂട്ടില്‍ നിന്നുതിര്‍ന്നതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വിക്ടര്‍ അമല്‍രാജ് പറയുന്നു. അടിമുടി പ്രൊഫഷണലിസം, ജെന്റില്‍മാന്‍ പ്ലേ - അതായിരുന്നു ഹബീബിയന്‍ ശൈലി. ഇതേ കാലത്ത് അദ്ദേഹത്തിന്റെ അനിയന്‍ അക്ബറും കൊല്‍ക്കത്താ ടീമുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടി. ഇന്ത്യയുടെ മറ്റൊരു ഇതിഹാസം പി.കെ ബാനര്‍ജി ഇരുവര്‍ക്കും ഗുരുതുല്യനുമായിരുന്നു. കൊല്‍ക്കത്തയിലെ കളിഭ്രാന്ത•ാര്‍ പലപ്പോഴും ഹബീബിനെ തോളിലേറ്റി നൃത്തം ചവിട്ടുകയും പൂക്കള്‍ വിതറി അദ്ദേഹത്തെ ആദരിക്കുകയും ചെയതതിന് താന്‍ പലപ്പോഴും സാക്ഷിയായിട്ടുണ്ടെന്നും അമല്‍രാജ് അനുസ്മരിക്കുന്നു.

ആധുനിക ഫുട്‌ബോളിന്റെ സ്ട്രാറ്റജി പലതും താന്‍ പഠിച്ചതും പയറ്റിയതും ഹബീബിനെ പിന്തുടര്‍ന്നു കൊണ്ടാണെന്നും ഗുരുതുല്യനായ അദ്ദേഹത്തിന്റെ ശിക്ഷണത്തെക്കുറിച്ച് പറഞ്ഞ അമല്‍രാജ് ഓര്‍ക്കുന്നു. തെലങ്കാനാ ഫുട്‌ബോള്‍ അസോസിയേഷന്‍ സാരഥികളും ഹബീബിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തി.

സഈദ് നയിമുദ്ദീന്‍, മുഹമ്മദ് ഹബീബ്, വിക്ടര്‍ അമല്‍ രാജ് ( ഫോട്ടോ: ദ ഹിന്ദു)
സഈദ് നയിമുദ്ദീന്‍, മുഹമ്മദ് ഹബീബ്, വിക്ടര്‍ അമല്‍ രാജ് ( ഫോട്ടോ: ദ ഹിന്ദു)

'ഡയമണ്ട് കോച്ച് ' എന്നറിയപ്പെടുന്ന അമല്‍ദത്തയുടെ പ്രേരണയില്‍ മോഹന്‍ബഗാന്റെ ജഴ്‌സിയണിഞ്ഞ മുഹമ്മദ് ഹബീബ്, ബഗാന്റെ പരമ്പരാഗതശത്രുക്കളായ ഈസ്റ്റ് ബംഗാളിനെ അടിയറവ് പറയിച്ചാണ് കളിക്കളം വിട്ടിരുന്നത്. ഐ.എഫ്.എ ഷീല്‍ഡ് മോഹന്‍ബഗാന് നേടിക്കൊടുത്ത കളിയുടെ വിജയശില്‍പിയും ഹബീബായിരുന്നു. അന്താരാഷ്ട്ര സോക്കര്‍ വേദികളിലും ഹബീബിന്റെ കിടയറ്റ കളിയഴക് ഏറെ ശ്രദ്ധിക്കപ്പെട്ടു. 1970 ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ പി.കെ ബാനര്‍ജി മാനേജരും സഈദ് നയീമുദ്ദീന്‍ ക്യാപ്റ്റനുമായ ടീമിന്റെ യശസ്സുയര്‍ത്തിയത് ഹബീബിന്റേയും സഹതാരങ്ങളുടേയും മിടുക്കായിരുന്നു. ലോക ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെക്കെതിരായ കൊല്‍ക്കത്തയിലെ കളിയില്‍ മോഹന്‍ബഗാനു വേണ്ടി തിളങ്ങുകയും പെലെയുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്ത ഹബീബ് ഇന്ത്യന്‍ പെലെ എന്നാണ് അറിയപ്പെടുന്നത്. മഴയില്‍ കുതിര്‍ന്ന സാള്‍ട്ട് ലേക് സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലെ ആ യുദ്ധത്തില്‍ പെലെയെക്കാള്‍ മികച്ചുനിന്നത് ഹബീബായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.

ബൂട്ടഴിച്ച് കളിയരങ്ങില്‍ നിന്ന് മാറിയ ശേഷം ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയുടേയും ഹാല്‍ദിയയിലെ ഇന്ത്യന്‍ ഫുട്ബാള്‍ അക്കാദമിയുടേയും മുഖ്യപരിശീലകനായി ഹബീബ് പുതിയ വേഷത്തിലെത്തിയത് കളിയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണമായിരുന്നു. നിരവധി ഇന്ത്യന്‍ താരങ്ങളെ കളിയടവുകള്‍ പരിശീലിപ്പിക്കുന്നതില്‍ അന്യാദൃശമായ പങ്ക് വഹിച്ച ഫുട്‌ബോളറായിരുന്നു അദ്ദേഹം. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയംഗം കൂടിയായിരുന്ന ഹബീബ്, കൊല്‍ക്കത്തയിലെ പഴയ തലമുറയിലെ ഫുട്‌ബോള്‍ കമ്പക്കാരുടെ 'ബഡേ മിയാന്‍' (വല്യേട്ടന്‍) ആയിരുന്നു.

മുഹമ്മദ് ഹബീബ് (ഫോട്ടോ- സക്കി, ജിദ്ദ)
മുഹമ്മദ് ഹബീബ് (ഫോട്ടോ- സക്കി, ജിദ്ദ)

ഹബീബ് കൊല്‍ക്കത്തയിലെ മൂന്ന് പ്രധാന ക്ലബ്ബുകള്‍ക്കും കളിച്ചിട്ടുണ്ട്. പിന്നീട് ടാറ്റാ ഫുട്ബോള്‍ അക്കാദമി കോച്ചെന്ന നിലയില്‍ ഇന്ത്യയ്ക്കകത്തും പുറത്തും പ്രസിദ്ധരായിത്തീര്‍ന്ന നിരവധി കളിക്കാരുടെ വളര്‍ച്ചയില്‍ പങ്ക് വഹിച്ചു. ഹബീബിന്റെ സഹോദര•ാരായ അക്ബറും ജാഫറും കിടയറ്റ കളിക്കാരായിരുന്നു. മൂത്ത സഹോദരന്‍ അഅ്‌സം ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ അംപയറുമായിരുന്നു.

ഇന്ത്യയുടെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളെന്നാണ് പലരും ഹബീബിനെ വിശേഷിപ്പിക്കുന്നത്. 1977 ല്‍ പെലെയുടെ ന്യൂയോര്‍ക്ക് കോസ്മോസിനെതിരെ മോഹന്‍ബഗാനു കളിച്ചതാണ് അന്ന് ഓര്‍മിച്ചെടുത്ത ഹബീബിന്റെ ഏറ്റവും തിളങ്ങുന്ന അനുഭവം. 1971 ല്‍ മുഹമ്മദന്‍സിന്റെ ജഴ്സി ധരിച്ചത് ഏറ്റവും വലിയ അഭിമാനമാണെന്ന് പലവുരു അദ്ദേഹം പറഞ്ഞിട്ടുണ്ട്. കുറിയ മനുഷ്യനായ ഹബീബ് ഇന്ത്യന്‍ ഫുട്ബോളില്‍ മറ്റാര്‍ക്കും സാധിക്കാത്ത ഔന്നത്യങ്ങളാണ് കീഴടക്കിയത്. 1966 മുതല്‍ ഒന്നര പതിറ്റാണ്ടിലേറെക്കാലം കൊല്‍ക്കത്ത ഗ്രൗണ്ടുകളുടെ അധൃഷ്യനായ അമരക്കാരനായിരുന്ന മുഹമ്മദ് ഹബീബിന്റെ സ്മരണയ്ക്ക് മുന്നില്‍ അഞ്ജലി.

Comments