ജാവലിൻ പിറ്റിലേക്ക് വളരെ സാധാരണത്വത്തോടെ നടന്നടുക്കുന്നു. രണ്ടര മീറ്റർ സ്പിയർ കയ്യില്ലെടുത്തൊന്ന് ചുഴറ്റി രണ്ട് കൈയും മുകളിലേക്കുയർത്തി കാണികളിലേക്ക് കയ്യടി നൽകി മിന്നൽ വേഗത്തിൽ മുന്നോട്ട് പായുന്നു. ഹെഡ് ബാന്ഡിട്ട് പിറകിലേക്ക് ഒതുക്കിയ നീണ്ട മുടി ആ താളത്തിനൊത്ത് നൃത്തം ചെയ്യുന്നു. ലൈനിന് തൊട്ടു മുമ്പ് ഒരു മാനിന്റെ മെയ്‌വഴക്കത്തിൽ എറിഞ്ഞ് ചാടി സ്പിയർ ഗ്രൗണ്ട്പിച്ചിലെവിടെയാണ് വീണതെന്ന് പോലും നോക്കാതെ നേരെ കറങ്ങിത്തിരിഞ്ഞ് നിലത്ത് ലാൻഡ് ചെയ്ത് ആഹ്ലാദം പ്രകടിപ്പിക്കുന്നു. കാലങ്ങളായി നീരജും അദ്ദേഹത്തിന്റെ ത്രോ കാണുന്ന ലോകവും അവലംബിക്കുന്ന പൊതു രീതിയാണത്. സ്പിയർ ഉറപ്പായും 85 മീറ്ററിന്റെ മുകളിലുള്ള ഏതെങ്കിലും പോയിന്റിൽ കുത്തി നിൽക്കുന്നുണ്ടാവും. അതോടൊപ്പം, ആ ചാമ്പ്യൻഷിപ്പിലെ മെഡലും ആ ചെറുപ്പക്കാരന്റെ പേരിലായിട്ടുണ്ടാവും. അയാൾ മത്സരിക്കുന്നത് അയാളോടു മാത്രമാണ്. അല്ലെങ്കിൽ അയാൾ മുമ്പുണ്ടാക്കിയ റെക്കോർഡിനോടും പേർസണൽ ബെസ്റ്റിനോടുമാണ്. അതിൽ ഏറ്റവും ഒടുവിലത്തേത് മാത്രമാണ് ഹംഗറിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ സ്വർണവും തൊട്ടടുത്ത ദിവസം നടന്ന സൂറിച്ച് ഡയമണ്ട് ലീഗിൽ നേടിയ വെള്ളിയും.
ഒരു ഇന്ത്യക്കാരന് അത്‍ലറ്റിക്സിൽ സ്വപ്നം കാണാൻ പോലും പറ്റാത്ത ഒളിമ്പിക്സ് സ്വർണം, ലോക ചാമ്പ്യൻഷിപ്പ് പട്ടം, ഡയമണ്ട് ലീഗ്, കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് മെഡലുകൾ തുടങ്ങി സകല നേട്ടങ്ങളും സ്വന്തമാക്കി, 140 കോടി ജനങ്ങളുടെ അഭിമാനവും അതിലെ 80 കോടി ചെറുപ്പക്കാരുടെ ഇൻസ്പിറേഷനുമായ ഇന്ത്യയുടെ ത്രോമാന്റെ കഥ തുടങ്ങുന്നത് 14 വയസ്സും 80 കിലോ ഭാരവുമുള്ള ഒരു കുട്ടിയിൽ നിന്നാണ്.
ഹരിയാനയിലെ പാനിപ്പത്തിലെ കർഷക കുടുംബത്തിൽ ജനിച്ച നീരജിനെ തന്റെ അമിത തടി കാരണം ടെഡി ബിയറെന്ന് കൂട്ടുകാർ കളിയാക്കി. സങ്കടം പറഞ്ഞ കുഞ്ഞു നീരജിനെ അച്ഛൻ ഗ്രാമത്തിലെ ജിമ്മിൽ ചേർത്തു. സ്‌കൂൾ കഴിഞ്ഞ് ജിമ്മിലേക്കുള്ള വഴിയിലുള്ള ചെറിയ മൈതാനത്ത് ജാവലിൻ പ്രാക്ടീസ് ചെയ്യുന്ന കുറച്ച് പേരെ കണ്ട നീരജിന് ജാവലിങ്ങിൽ കമ്പം കൂടി അവരോടപ്പം കൂടി. അവിടെയുള്ളവർക്ക് ജാവലിങ്ങിന്റെ ചെറിയ പാഠങ്ങൾ പറഞ്ഞുകൊടുത്തിരുന്ന ഗാസിബാദിൽ നിന്നുള്ള ചൗധരിയായിരുന്നു നീരജിന്റെ ജാവലിങ്ങിലെ ആദ്യ ഗുരു. യാതൊരു തരത്തിലുള്ള ആദ്യ പാഠവും ടെക്ക്നിക്കുമറിയാതെ 40 മീറ്റർ എറിഞ്ഞു തുടങ്ങിയ കുഞ്ഞു നീരജ് ആദ്യ ഏറിൽ തന്നെ മറ്റുള്ളരെ അമ്പരപ്പിച്ചു. ആ വർഷത്തെ ജില്ലാ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. തുടർന്ന് ഹരിഹാനയിലന്ന് ലഭ്യമായ ഏക സിന്തറ്റിക്ക് ട്രാക്കായ ദേവി ലാൽ സ്പോർട്സ് കോംപ്ലക്സിൽ പരിശീലനമാരംഭിച്ചു. അവിടത്തെ റണ്ണിങ് കോച്ച് നസീം അഹമ്മദിന് കീഴിൽ സ്പിയറുമായി പിറ്റിൽ ഓടി ഓടി പരിശീലിച്ചു. ജാവലിങ് കോച്ചിന്റെ അഭാവത്തിൽ ലോക ജാവലിങ് ഇതിഹാസമായിരുന്ന ജാൻ സെലസിയുടെ ത്രോ വീഡിയോകൾ യുട്യൂബിൽ കണ്ടാണ് അന്ന് നീരജ് പരീശീലിച്ചിരുന്നത്.
തന്റെ 14-ാം വയസ്സിൽ നാഷണൽ ജൂനിയർ അത്‍ലറ്റിക്സിൽ 68 എറിഞ്ഞ് ഗോൾഡ് നേടി. തൊട്ടടുത്ത വർഷം 2013- ൽ യുക്രെയ്നിൽ നടന്ന വേൾഡ് യൂത്ത് ചാംപ്യൻഷിപ്പിലൂടെ അന്തർദേശീയ അരങ്ങേറ്റം നടത്തി. 2014- ൽ യൂത്ത് ഒളിംപിക്സിൽ വെള്ളി മെഡൽ നേടി തന്റെ ആദ്യ ഇന്റർനാഷണൽ മെഡൽ കഴുത്തിലണിഞ്ഞു. തൊട്ടടുത്ത വർഷം ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി അത്‍ലറ്റിക്ക് മീറ്റിൽ എൺപതെറിഞ്ഞു ജൂനിയർ വിഭാഗത്തിലെ വേൾഡ് റെക്കോർഡ് തിരുത്തി. അതുവരെ യൂറോപ്പും ആഫ്രിക്കയും കയ്യടക്കിപ്പിടിച്ചിരുന്ന അത്‍ലറ്റിക്സ് ഭൂഘട്ടത്തിലേക്ക് ഏഷ്യൻ വിലാസം നീരജിലൂടെ ഇന്ത്യ എഴുതിച്ചേർത്തു. അതിനു ശേഷമാണ് ചോപ്രയുടെ കരിയറിൽ വഴിത്തിരിവായ ഒരു അധ്യായമുണ്ടാവുന്നത്.
പരിശീലനം പഞ്ച്കുളയിൽ നിന്നും പാട്യാലയിലെ സുബാഷ് നാഷണൽ ക്യാംപിലേക്ക് മാറി. മികച്ച പരിശീലനവും ആവശ്യമായ ഡയറ്റും ലഭിച്ചു. 2016- ൽ സൗത്ത് ഏഷ്യൻ ഗെയിംസിൽ 82.23 എറിഞ്ഞ് ഒളിമ്പിക്സ് യോഗ്യതയായ 83- ന് തൊട്ടടുത്തെത്തി. അതെവർഷം പോളണ്ടിൽ നടന്ന ഐ.എ. എ. എഫ് ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ 86.48 എറിഞ്ഞ് വേൾഡ് ജൂനിയർ റെക്കോർഡോട് കൂടി അത്‍ലറ്റിക്ക്‌സിൽ ലോക റെക്കോർഡിടുന്ന ആദ്യ ഇന്ത്യക്കാരനായി. ഒളിമ്പിക്സ് യോഗ്യതാമാർക്ക് മറികടന്നെങ്കിലും റിയോയിലെ ഒളിംപിക്‌സ് യോഗ്യത തെളിയിക്കാനുള്ള സമയം ഒരാഴ്ച മുമ്പ് മാത്രം അവസാനിച്ചതിനാൽ 2016 ലെ സമ്മർ ഒളിമ്പിക്സ് അവസരം നീരജിന് നഷ്ട്ടമായി. തന്റെ പതിനെട്ടാം വയസ്സിൽ തന്നെ ഒളിംപിക്‌സ് പോലെയുള്ള കായിക ലോകത്തിന്റെ ഏറ്റവും വലിയ വിഖ്യാത വേദിയിൽ പങ്കെടുക്കാൻ പറ്റുമായിരുന്ന സുവർണവസരം ഒരു ആഴ്ച്ച കണക്കിന്റെ വ്യത്യാസത്തിൽ നഷ്ട്ടപ്പെടുന്നതിനെ ഒരു അത്‍ലറ്റിന്റെ മാനസികാവസ്ഥയിൽ വെറുതെയൊന്ന് ആലോചിച്ചു നോക്കൂ...
പരീക്ഷണ കാലം
2017 ൽ ലണ്ടനിൽ നടന്ന ലോക അത്‍ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഫൈനൽ റൗണ്ടിന് മുന്നേ പുറത്താക്കപ്പെടുന്നു. ആ വർഷം തന്നെ സൂരിച്ചിൽ നടന്ന ഡയമണ്ട് ലീഗിൽ കൈക്കുഴക്ക് സാരമായ പരിക്ക് പറ്റുന്നു. നീണ്ട വിശ്രമം ആവശ്യമായി വരുന്നു. വളരെ ചെറിയ പ്രായം കൊണ്ട് ലോക അത്‍ലറ്റിക്ക് നെറുകയിലെത്തിയ താരത്തിന്റെ കായിക ഭാവി തന്നെ അനിശ്ചിതത്തിലാവുന്നു. ഇവിടെ നിന്നുമാണ് നീരജ് വീണ്ടും തിരിച്ചു വരുന്നത്.
വെർണർ ഡാനിയൽസ് എന്ന പുതിയ വിദേശ പരിശീലകന്റെ കീഴിൽ സ്പൈസർ എറിയുമ്പോൾ കൈ ഉയർത്തി പിടിക്കുന്നതിൽ കുറച്ച് കൂടി ആയാസം വരുത്തി നീരജ് തന്റെ ത്രോ വേർഷൻ അപ്ഡേറ്റ് ചെയ്തു. ശേഷം 2018 കോമൺ വെൽത്തിൽ 86.47 എറിഞ്ഞ് ജാവലിങ് ത്രോയിൽ ഈ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. തുടർന്ന് നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പതാക വഹിക്കുകയും പോഡിയത്തിൽ ത്രിവർണ ഗാനം സുവർണ്ണ നിറത്താൽ മുഴങ്ങികേൾപ്പിക്കുകയും ചെയ്തു. 2019 ൽ വലതുമുട്ടിന് പറ്റിയ പരിക്കിന്റെ വിശ്രമത്തിന് ശേഷം സൗത്ത് ആഫ്രിക്കയിൽ നടന്ന അത്‌ലറ്റിക്ക് നോർത്ത് ചാമ്പ്യൻഷിപ്പിൽ 87.86 ദൂരമെറിഞ്ഞ് ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി. കോവിഡ് നിയന്ത്രണങ്ങളാൽ വിദേശ പരിശീലത്തിന് വിലക്ക് വന്നപ്പോൾ സ്വന്തം നാട്ടിലെത്തി പരിശീലനം തുടർന്നു. 2021 ആഗസ്റ്റ് 4 ന് ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ അത്‍ലറ്റിക്സിൽ ഗോൾഡ് മെഡൽ നേടി.87.58 ദൂരമാണ് അന്നയാൾ ജപ്പാൻ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാകയുമായി തടിച്ചു കൂടിയ കാണികൾക്ക് മുന്നിൽ എറിഞ്ഞിട്ടത്. മത്സരശേഷം നീരജ് തന്റെ മെഡൽനേട്ടം മിൽഖാ സിംഗിനും പി.ടി. ഉഷക്കും സമർപ്പിച്ചു. ടോക്കിയോ ഒളിമ്പിക്സിനുശേഷം 2022- ൽ നടന്ന ഒറീഗോൺ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി വീണ്ടും ചരിത്രം കുറിച്ചു. 2023 ആഗസ്റ്റിൽ ഹംഗറിയിലത് സ്വർണമാക്കി.ശേഷം നടന്ന സൂറിച്ചിലെ ഡയമണ്ട് ലീഗിൽ വെള്ളി കൂടി നേടി നീരജ് അടുത്ത പാരീസ് ഒളിമ്പിക്സിന് കാത്തിരിക്കുന്നു. ലക്ഷ്യം 90 മീറ്ററിന് ന് മുകളിലുള്ള ദൂരമാണെന്നായാൾ പറയുന്നു. മത്സരിക്കുന്നത് അയാളോട് മാത്രമെന്നും, അയാളുടെ മുൻപ്രകടനം നമുക്ക് മുന്നിലുണ്ടാകുമ്പോൾ നമുക്കൊരിക്കലും അത് നിഷേധിക്കാനാവുമില്ല.
ഇന്ത്യൻ അത്‌ലറ്റിക്സ്
നീരജിന് മുമ്പും ശേഷവും
2008 സമ്മർ ബെയ്ജിങ്ങിൽ അഭിനവ് ബിന്ദ്ര നൂറ് മീറ്റർ എയർ റൈഫിളിൽ ഗോൾഡ് മെഡൽ നേടിയപ്പോൾ രാജ്യത്തെ കായിക രംഗത്തിനുണ്ടായ ഉണർവിന് സമാനമോ കൂടുതലോ ഉണർവ് അത്‍ലറ്റിക്സിൽ നീരജ് എഫക്റ്റ് സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഹംഗറി ലോക ചാമ്പ്യൻഷിപ്പിൽ നീരജിനൊപ്പം ഫൈനലിൽ മത്സരിക്കാൻ ഇന്ത്യൻ താരങ്ങളായ ജെനയും മനുവുമുണ്ടായത്, നീരജ് ടോക്കിയോയിൽ എറിഞ്ഞിട്ട 87 ദൂരത്തിന്റെ ഏറ്റവും ഉടനെയുള്ള മോട്ടിവേഷൻ റിസൾട്ടല്ലന്ന് പറയാനൊക്കുമോ?
ലോക ചാമ്പ്യൻഷിപ്പിലെ വിജയത്തിനുശേഷം നീരജിന്റെ അമ്മയോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു; മകൻ പാകിസ്താനിയായ അർഷദിനെ തോൽപ്പിച്ച് സ്വർണം നേടിയപ്പോൾ എന്തു തോന്നുന്നു?
കളിയിൽ രാജ്യത്തിർത്തികളില്ല. എല്ലാവരും കളിക്കാരാണ്, വിജയിക്കാൻ വേണ്ടി മത്സരിക്കുന്നവർ, എന്റെ മകനൊപ്പം അയൽ രാജ്യത്തെ പാകിസ്ഥാനിയും വിജയിച്ചതിൽ സന്തോഷിക്കുന്നു. അവിടെയും ആഘോഷങ്ങളുണ്ടാവില്ലേ, ആ രാത്രിയിൽ അവരും മധുരം വിതരണം ചെയ്യുമായിരിക്കില്ലേ..
ശരിക്കും നീരജിന്റെ അമ്മ സരോജാദേവിയുടെ മറുപടി സ്‌പൈസർ പോലെ കുത്തിയിറങ്ങിയത് ചുളുവിൽ വെറുപ്പ് വിൽക്കാൻ നോക്കിയ ആ അഭിനവ ദേശസ്നേഹി മാധ്യമപ്രവർത്തകന്റെ തൊണ്ടക്കുഴിയിലായിരിക്കും. മത്സരശേഷം ത്രിവർണ പതാകയിലേക്ക് ആ പാകിസ്ഥാനി താരത്തെ ഒരുമിച്ചുചേർത്ത് ആഘോഷിച്ച നീരജ് ആ അമ്മയുടെ മകനാണ്. താൻ തോറ്റത് ലോകത്തിലെ ഏറ്റവും മികച്ച തന്റെ അയൽതാരത്തോടാണെന്നും യൂറോപ്പ് കയ്യടക്കി വെച്ചിരുന്ന ആധിപത്യം പൊളിക്കാനായതിൽ തങ്ങൾ രണ്ടുപേരും സന്തോഷവന്മാരാണെന്നും അർഷദ് നദീം. ഏതായാലും ഹംഗറിയിൽ ലോക ചാമ്പ്യൻഷിപ്പിൽ നീരജെറിഞ്ഞ ജാവലിൻ ഏറ് കൊണ്ടത് അഭിനവ ദേശസ്നേഹത്തിനും വെറുപ്പ് വിൽക്കാൻ നോക്കിയവർക്കുമാണ്.
ജനാധിപത്യത്തിനും നീരജ് വക ഒരു ഗോൾഡ് മെഡൽ. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അങ്ങനെയൊരു ത്രോയും മെഡലും ആവശ്യവുമാണ്.