സ്‌പോർട്‌സിലെ സാമ്പത്തിക നിക്ഷേപങ്ങളും, ദേശീയതയും

സ്‌പോർട്‌സും ദേശീയതയുടെ രാഷ്ട്രീയവും വേർതിരിച്ചെടുക്കാൻ സാധിക്കാത്തവണ്ണം പരസ്പരം ഇഴചേർന്നിരിക്കുകയാണ്. നിലവിൽ, ആധുനിക സമൂഹങ്ങളുടെ ദേശീയതാ സങ്കൽപത്തെ രൂപീകരിക്കുന്നതിൽ അന്താരാഷ്ട്ര കായിക മത്സരങ്ങൾ മുഖ്യപങ്കാണ് വഹിക്കുന്നത്.

‘ഗ്രൂപ്പ് എം ഇന്ത്യ’യുടെ പഠന റിപ്പോർട്ട് പ്രകാരം 2020ൽ ഇന്ത്യയിലെ കായിക വ്യവസായത്തിന്റെ വിപണി വ്യാപ്തി (Market size) 5894 കോടി രൂപയാണ്. ഇത് 2019 നേക്കാൾ 34% കുറവാണെന്നും, കോവിഡ് മഹാമാരിയാണ് ഈ സാമ്പത്തിക തളർച്ചയ്ക്ക് പ്രധാന കാരണമെന്നും ഇതേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിവിധയിനം കായിക വിഭാഗങ്ങളിലെ സ്‌പോൺസർഷിപ്പുകൾ, കായിക മേഖലയിൽ നിന്നുമുള്ള സെലിബ്രിറ്റികളുമായിട്ടുള്ള പുതിയ കരാറുകൾ, പഴയ കരാറുകളുടെ പുതുക്കലുകൾ, കായികോത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ വിവിധ മാധ്യമങ്ങൾക്ക് പരസ്യത്തിനായി നൽകുന്ന തുക തുടങ്ങിയവ ഗ്രൂപ്പ് എം ഇന്ത്യയുടെ റിപ്പോർട്ടിനടിസ്ഥാനമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രകാരം 2020ൽ 3657 കോടി രൂപയാണ് പരസ്യങ്ങൾക്കായി മാധ്യമങ്ങൾക്ക് കായികോത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ നൽകിയിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം കായിക വ്യവസായത്തിന്റെ വിപണിവ്യാപ്തിയുടെ 67% വരും ഈ തുക. ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നുള്ളതാണ്.

കായിക വ്യവസായ വിപണിയുമായി ബന്ധപ്പെട്ടുള്ള വിവിധതരം വാർഷിക റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഈ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ച് ഏറെക്കുറെ വ്യക്തമായ ചിത്രങ്ങൾ നമുക്ക് ലഭിക്കും. ‘റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെൻറ്​ (RoI)' എന്ന ബിസിനസ് തന്ത്രത്തിനെ അടിസ്ഥാനപ്പെടുത്തി കായിക മേഖലയിലെ വ്യവസായിക കുതിപ്പിനെ വിലയിരുത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.
ഉപഭോക്തൃ മുതലാളിത്തത്തിന്റെയും (consumer capitalism) ആഗോളവത്കരണത്തിന്റെയും കാലഘട്ടത്തിൽ സാമ്പത്തികാധിഷ്ഠിതമാണ് (നവ)ദേശീയതയും, കായിക മേഖലയിലെ പ്രതിനിധാനവും. മുകളിൽ സൂചിപ്പിച്ച റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തി നമ്മുടെ കായിക രംഗത്തെ പൊതുവിൽ വിലയിരുത്തേണ്ടതുണ്ടെന്നും, എന്നാൽ അത്തരം ഒരു വിലയിരുത്തൽ ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ച ‘സ്‌പോർട്‌സിലെ നവദേശീയതയും സംവരണവും' എന്ന ലേഖനത്തിൽ ലേഖകൻ ഉൾപ്പെടുത്തുവാൻ വിട്ടുപോയതായി കാണുന്നു. ആയതിനാൽ ഈ ലേഖനത്തിന്റെ തുടർച്ചയായി, അല്ലെങ്കിൽ കൂട്ടിച്ചേർക്കലുകളായി ചില കാര്യങ്ങൾ കൂടി പങ്കുവെയ്ക്കുവാൻ ശ്രമിക്കുകയാണ്.

ഒന്ന്: ഇന്ത്യൻ കായികമേലഖയിലെ പ്രീമിയർ / പ്രോ ലീഗ് സംസ്‌കാരവും സാമ്പത്തിക നിക്ഷേപങ്ങളും

കുറച്ച് വർഷങ്ങളായി ഇന്ത്യൻ കായിക മേഖലയിൽ ഫിസ്യോകൾ, സ്‌പെഷ്യലിസ്റ്റ് ട്രെയ്‌നറുകൾ, കോച്ചുകൾ, സ്‌പേർട്‌സ് അനലിസ്റ്റുകൾ തുടങ്ങി വിവിധതരം തൊഴിലവസരങ്ങളുടെ ഗണ്യമായ വർദ്ധനവാണുണ്ടായിട്ടുള്ളത്. ഇതിനോടനുബന്ധമായ പഠനമേഖലയിലും പുത്തൻ ഉണർവാണ് ഉണ്ടായത്. ഇതിന് ചാലകമായത് പ്രീമിയർ ഹോക്കി ലീഗ് (PHL), ഇന്ത്യൻ പ്രീമിയർ ലീഗ് (IPL), ഇന്ത്യൻ സൂപ്പർ ലീഗ് (ISL), പ്രോ കബഡി ലീഗ് (PKL), പ്രീമിയർ ബാഡ്മിന്റൻ ലീഗ് (PBL), പ്രോ റെസ്ലിങ് ലീഗ് (PWL), പ്രോ വോളിബോൾ ലീഗ് (PVL), അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് (UTT), കർണാടക പ്രീമയർ ലീഗ് (KPL), തമിഴ്‌നാട് പ്രീമിയർ ലീഗ് (TNPL) തുടങ്ങി ഏതാണ്ട് പന്ത്രണ്ടിലധികം ദേശീയ പ്രൊഫഷണൽ സ്‌പോർട്‌സ് ലീഗുകൾ സജീവമായി നിലനിൽക്കുന്നതാണ്. അവയിൽ ഓരോന്നും അതാത് കായിക ഇനത്തിന്റെ മാറ്റങ്ങളുടെ വ്യത്യസ്ത തലങ്ങളിലാണ്. ഭീമമായ സ്‌പോൺസർഷിപ്പുകളാണ് ഓരോ സ്‌പോർട്‌സ് ലീഗ് മത്സരങ്ങൾക്കുമായി വർഷാവർഷം ലഭിക്കുന്നത്. കൂടാതെ പ്രക്ഷേപണാവകാശം വിൽക്കുന്നതുവഴിയും വലിയരീതിയിലുള്ള സാമ്പത്തിക കുത്തൊഴുക്കുണ്ടാവുന്നു.

ആസ്‌ട്രേലിക്കെതിരായ ഏകദിന മത്സരത്തിൽ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാർക്കുള്ള 'ആദരസൂചകമായി' സൈന്യത്തിന്റെ തൊപ്പി ധരിച്ച് ഇന്ത്യൻ ടീം.
ആസ്‌ട്രേലിക്കെതിരായ ഏകദിന മത്സരത്തിൽ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാർക്കുള്ള 'ആദരസൂചകമായി' സൈന്യത്തിന്റെ തൊപ്പി ധരിച്ച് ഇന്ത്യൻ ടീം.

എന്തുകൊണ്ടാണ് കേരളത്തിന്റെ പ്രതിനിധാനം ദേശീയ ടീം സെലക്ഷനുകളിൽ കുറയുന്നതെന്ന് മേൽപ്പറഞ്ഞ ഘടകങ്ങളെ ഉൾക്കൊണ്ട് വിശകലനം ചെയ്യുമ്പോൾ രണ്ട് പ്രധാന കാരണങ്ങളിലേയ്ക്കാണ് എത്തിപ്പെടുന്നത്.
ഇത്രയധികം നിക്ഷേപങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വാഭാവികമായും റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റിനായി പ്രയത്‌നിക്കും. അതിനായി പുതിയ താരങ്ങളെ (ഐക്കോണുകളെ) സൃഷ്ടിച്ചെടുക്കുവാനും കായിക മേഖലയിൽ നിന്ന് വരുമാനം ഉണ്ടാക്കാനും ലക്ഷ്യമിട്ട് അവരുടെ നിയന്ത്രണത്തിലുള്ളതോ അല്ലെങ്കിൽ പങ്കാളിത്തത്തോടെയുള്ളതോ ആയ കോച്ചിങ്ങ് സെന്ററുകൾ, സ്‌കൂളുകൾ, കായികോത്പന്ന നിർമാണശാലകൾ, വിപണന കേന്ദ്രങ്ങൾ എന്നിവ വ്യാവസായിക സൗഹൃദ സംസ്ഥാനങ്ങളിൽ കൂടുതൽ ഉണ്ടായി വരും, അത്തരം സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക താരങ്ങളുടെ തിരഞ്ഞെടുപ്പുകൾ ദേശീയതലത്തിൽ ഓരോ കായിക ഇനങ്ങളിലും കൂടുതലായി ഉണ്ടാവുകയും ചെയ്യും. കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലം എക്കാലവും ഇത്തരം നിക്ഷേപകർക്കുമുന്നിൽ സർവസ്വാതന്ത്ര്യത്തിന്റെ വിശാല ആകാശം തുറന്ന് കൊടുക്കാത്തതിനാൽ പലപ്പോഴും ട്രാക്ക് ഇനങ്ങൾ ഒഴികെയുള്ള ഇതര കായിക മേഖലയിൽ ദേശീയ ടീമുകളിലെ കേരളത്തിന്റെ പ്രതിനിധാനം കുറയുന്നതിന് ഒരു കാരണമാകുന്നു.

കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ കായികോത്പന്നങ്ങളുടെ ഉത്പാദനം, കയറ്റുമതി തുടങ്ങിയവയിൽ ഇക്കാലത്തും വ്യാവസായിക സൗഹൃദ ഇടമായിട്ടില്ല. ഇന്ത്യയിലെ 75% കായികോത്പന്നങ്ങളുടെ ഉത്പാദനവും, കയറ്റുമതിയും നടക്കുന്നത് പഞ്ചാബിലെ ജലന്തർ, മീററ്റ് എന്നിവിടങ്ങളിൽ നിന്നുമാണ്. ബാക്കി മുംബൈ, കൽക്കത്ത, തമിഴ്‌നാട്ടിലെ ചെന്നൈ എന്നിവിടങ്ങളിൽ നിന്നും. അതിനാൽ തന്നെ വിവിധ തരം കായിക ഇനങ്ങളുടെ ദേശീയ സെലക്ഷൻ കമ്മറ്റികളിലെ അംഗങ്ങളിൽ ഈ സംസ്ഥാനങ്ങളിൽ / നഗരങ്ങളിൽ നിന്നുമുള്ളവർ പ്രതിനിധികളായി നിരന്തരം വരുകയും അവർ പ്രബല വിഭാഗമാവുകയും ചെയ്യുന്നതിനാൽ കേരളം പോലുള്ള ചില സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ചില ദേശീയ കായിക ഇനങ്ങളിൽ ഉണ്ടാവാതെ പോകുന്നതിന് മറ്റൊരു കാരണമാവുന്നു.

രണ്ട്: സ്‌പോർട്‌സും ദേശീയതയും

സ്‌പോർട്‌സ് ആളുകളെ ദേശീയവും, പ്രാദേശികവുമായി ഒരുമിപ്പിക്കുന്ന ഘടകമായി പ്രവർത്തിക്കുന്നതായി ചരിത്രത്തിന്റെ താളുകളിലൂടെ സഞ്ചരിക്കുമ്പോൾ കാണാം. നമ്മുടെ ദേശീയത നാം അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും വൈകാരിക രൂപങ്ങളിൽ ഒന്നാണ് കായികരംഗം. ദേശീയ അല്ലെങ്കിൽ അന്തർദേശീയ തലത്തിൽ കളിക്കുന്ന ടീമുകളിലെ കളിക്കാർ ഏതെങ്കിലും ഒരു മതത്തെയോ ജാതിയെയോ പ്രതിനിധീകരിക്കുന്നില്ല, മറിച്ച് ദേശീയതയും പ്രാദേശിയതയുമാണ് അവർ പ്രതിനിധീകരിക്കുന്നത്. അതിനാൽ തന്നെ ദേശീയ, അന്തർ ദേശീയ, പ്രാദേശിക തലങ്ങളിൽ ഒരു കൂട്ടായ സ്വത്വം സ്‌പോർട്‌സ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പറയാം.

ഇന്ത്യയിൽ ക്രിക്കറ്റിന് പുറമെ, ദേശീയതയുടെ വികാരം സൃഷ്ടിക്കുന്നതിന് ഒളിമ്പിക്‌സ് പോലുള്ള കായിക മാമാങ്കങ്ങൾക്ക് സാധിക്കുന്നു. എന്തിനേറെ ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ ഹൃദയത്തിൽ പോലും ദേശീയ സ്വത്വബോധം ഉണർത്തുവാൻ ഇത്തരം അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾക്ക് സാധിക്കുന്നു.
പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹേന്ദ്ര സിംഗ് ധോണിയും, വിരാട് കോലിയും, മറ്റ് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളും സൈനിക തൊപ്പിക്ക് സമാനമായി പ്രത്യേകം രൂപകൽപന ചെയ്ത തൊപ്പിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയതും; ടെറിട്ടോറിയൽ ആർമിയിലെ കേണൽ പദവി കൂടിയുള്ള ധോണിയോട് 2019ലെ ലോകകപ്പിനിടയിൽ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിൽ നിന്ന് റെജിമെന്റൽ ചിഹ്നം നീക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആവശ്യപ്പെട്ടതും നമ്മൾക്കേവർക്കും ഓർമയുണ്ടാവും.

സ്‌പോർട്‌സും ദേശീയതയും തമ്മിലുളള ബന്ധത്തിന്റെ അടിസ്ഥാനം രാഷ്ട്രം എല്ലാത്തരം കക്ഷിരാഷ്ട്രീയത്തിനും മുകളിലാണെന്ന വിശ്വാസമാണ്. അതിനാൽ കൂടിയാവാം പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ഗ്രൗണ്ടിൽ ഇറങ്ങിയത് കേവലം ഏതെങ്കിലുമൊരു രാഷ്ട്രീയത്തിന്റെ സൂചക ഭാഗമായിട്ടല്ല മറിച്ച് കക്ഷി രാഷ്ട്രീയത്തെയും മറികടന്നു കൊണ്ടുള്ള രാഷ്ട്രം എന്ന സങ്കല്പത്തിന്റെ ഭാഗമായിട്ടാണ് ക്രിക്കറ്റ് ആരാധകർ കണ്ടതും, ഉൾക്കൊണ്ടതും.
ചരിത്രപരമായ പരിണാമത്തിന്റെ ഭാഗമായിട്ടാണ് കായികമേഖലയിൽ ദേശീയതയുടെ വികാരം ഉയർന്നുവരുന്നത്. 1908 ൽ രാജ്യാന്തര ഒളിമ്പിക്ക് അസോസിയേഷൻ നിലവിൽ വന്നതോടെ ദേശീയതയും കായികരംഗവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുവാൻ കാരണമായി. ഒളിമ്പിക്‌സിൽ ഗയാനയെ പ്രതിനിധീകരിക്കാതെ ഒരു വ്യക്തിയെന്ന നിലയിൽ സ്പ്രിന്റിനത്തിൽ മത്സരിക്കുവാൻ ജെയിംസ് ഗിൽക്കെസ് അപേക്ഷിച്ചെങ്കിലും രാജ്യാന്തര ഒളിമ്പിക്ക് അസോസിയേഷൻ ആ അപേക്ഷ നിരസിക്കുകയാണ് ചെയ്തത്. അതായത് മറ്റേത് കായികമാമാങ്കങ്ങളേക്കാൾ ഒളിമ്പിക്ക് മത്സരം വിവിധ ദേശീയതകളുടെ പാരമ്പര്യ ചിഹ്നസംഹിതകൾ പേറുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.

ഫെബ്രുവരി 2021ൽ, ഇന്ത്യയിലെ കർഷകസമരത്തെ പിന്തുണച്ച് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ്, ബാർബഡോസിലെ ഗായിക റിഹാന തുടങ്ങിയവർ അനുഭാവപൂർവ്വം മുന്നോട്ടുവന്നപ്പോൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇവരുടെ ഐക്യപ്പെടലിനെ ഇന്ത്യയുടെ ദേശീയ ഐക്യത്തിനെതിരെയുള്ള ആഗോളതലത്തിലുള്ള ഗൂഢാലോചനയാണെന്ന് ട്വീറ്റ് ചെയ്യുകയും അതിനോടനുബന്ധമായി സർക്കാർ അനുകൂല ഹാഷ് ടാഗുകളായ IndiaTogether, IndiaAgainstPropaganda ഏറ്റെടുത്ത് രവി ശാസ്ത്രി, സച്ചിൻ, കുംബ്ലെ, കോഹ്ലി, രഹാനെ, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ ക്രിക്കറ്റ് കളിക്കാർ സർക്കാർ അനുകൂല ട്വീറ്റ് ചെയ്തത് ഫാസിസ്റ്റു ശക്തികേന്ദ്രങ്ങളും, അനുകൂലികളും ആഘോഷിക്കുകയുണ്ടായി. മേൽപ്പറഞ്ഞ സംഭവം ഒരുദാഹരണമായിട്ടെടുത്താൽ ഇക്കാലഘട്ടത്തിൽ സ്‌പോർട്‌സും ദേശീയതയുടെ രാഷ്ട്രീയവും വേർതിരിച്ചെടുക്കാൻ സാധിക്കാത്തവണ്ണം പരസ്പരം ഇഴചേർന്നിരിക്കുകയാണ്.

സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ, വിരാട് കോഹ്‌ലി, അജിൻക്യ രഹാനെ, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ.
സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ, വിരാട് കോഹ്‌ലി, അജിൻക്യ രഹാനെ, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ.

മാർക്‌സിസ്റ്റ് ചരിത്രകാരനായ എറിക്ക് ജെ. ഹോബ്‌സ്‌ബോമിന്റെ ‘Nations and Nationalism Since 1780: Programme, Myth, Reality' എന്ന പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: ‘‘Between the wars, however, international sport became, as George Orwell soon recognized, an expression of national struggle, and sportsmen representing their nation or state, primary expressions of their imagined communities. This was the period when the Tour de France came to be dominated by national teams, when the Mitropa Cup set leading teams of the states of Central Europe against each other, when the World Cup was introduced into world football, and, as 1936 demonstrated, when the Olympic Games unmistakably became occasions for competitive national self-assertion. What has made sport os uniquely effective a medium for inculcating national feelings, at all events for males, is the ease with which even the least political or public individuals can identify with the nation as symbolized by young persons excelling at what practically every man wants, or at one time in life has wanted, to be good at. The imagined community of millions seems more real as a team of eleven named people. The individual, even the one who only cheers, becomes a symbol of his nation himself.’’

'രാജ്യത്തിന്റെ പരമാധികാരത്തിൽ‌ വിട്ടുവീഴ്ചയുണ്ടാകരുത്. പുറത്തുനിന്നുള്ളവർ കാഴ്ചക്കാരായാൽ മതി. ഇന്ത്യയുടെ പ്രശ്നത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. തീരുമാനങ്ങളെടുക്കാനും അറിയാം. ഒറ്റ രാജ്യമെന്ന നിലയിൽ ഐക്യത്തോടെ നിൽക്കാം'. കേന്ദ്രസർക്കാറിന്റെ് 'ഇന്ത്യ എഗെയ്‌ന്സ്റ്റ് പ്രൊപ്പഗണ്ട' എന്ന കാംപയ്‌ന്റെ ഭാഗമായി സച്ചിൻ പങ്കുവെച്ച ട്വീറ്റ്.
'രാജ്യത്തിന്റെ പരമാധികാരത്തിൽ‌ വിട്ടുവീഴ്ചയുണ്ടാകരുത്. പുറത്തുനിന്നുള്ളവർ കാഴ്ചക്കാരായാൽ മതി. ഇന്ത്യയുടെ പ്രശ്നത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. തീരുമാനങ്ങളെടുക്കാനും അറിയാം. ഒറ്റ രാജ്യമെന്ന നിലയിൽ ഐക്യത്തോടെ നിൽക്കാം'. കേന്ദ്രസർക്കാറിന്റെ് 'ഇന്ത്യ എഗെയ്‌ന്സ്റ്റ് പ്രൊപ്പഗണ്ട' എന്ന കാംപയ്‌ന്റെ ഭാഗമായി സച്ചിൻ പങ്കുവെച്ച ട്വീറ്റ്.

ആളുകളെ ദേശീയതയിലേയ്ക്ക് എളുപ്പം തമ്മിൽ തമ്മിൽ ബന്ധിപ്പിക്കുവാൻ കായിക മത്സരങ്ങൾക്ക് സാധിക്കുന്നുവെന്ന് ഹോബ്‌സ്‌ബോമിന്റെ ഈ ഒരഭിപ്രായത്തിനെ അടിസ്ഥാനപ്പെടുത്തി നമുക്ക് മനസിലാക്കുവാൻ സാധിക്കും. ഉപഭോക്തൃ മുതലാളിത്തത്തിന്റെയും ആഗോളവത്കരണത്തിന്റെയും ദ്വന്തശക്തികളാൽ പല അന്താരാഷ്ട്ര കായിക മത്സരങ്ങൾ വരും കാലങ്ങളിൽ കാണില്ലെന്നും; സ്‌പോർട്‌സും ദേശീയതയും തമ്മിലുള്ള ഇഴയടുപ്പം അകലുന്നതായിട്ടും പറയപ്പെടുന്നുണ്ടെങ്കിലും നിലവിൽ, ആധുനിക സമൂഹങ്ങളുടെ ദേശീയതാ സങ്കൽപത്തെ രൂപീകരിക്കുന്നതിൽ അന്താരാഷ്ട്ര കായിക മത്സരങ്ങൾ മുഖ്യപങ്കാണ് വഹിക്കുന്നത്.

അവലംബം:
1. Sporting Nation In The Making VIII, GroupM ESP Sporting Nation Report 2021; https://mediabrief.com/groupm-esp-sporting-nation-report-2021/
2. Nations and Nationalism Since 1780: Programme, Myth, Reality; Second Edition (1991), Eric J Hobsbawm; page 143; Cambridge University Press



Summary: സ്‌പോർട്‌സും ദേശീയതയുടെ രാഷ്ട്രീയവും വേർതിരിച്ചെടുക്കാൻ സാധിക്കാത്തവണ്ണം പരസ്പരം ഇഴചേർന്നിരിക്കുകയാണ്. നിലവിൽ, ആധുനിക സമൂഹങ്ങളുടെ ദേശീയതാ സങ്കൽപത്തെ രൂപീകരിക്കുന്നതിൽ അന്താരാഷ്ട്ര കായിക മത്സരങ്ങൾ മുഖ്യപങ്കാണ് വഹിക്കുന്നത്.


Comments