സ്​പോർട്​സിലെ നവദേശീയതയും സംവരണവും

ടോകിയോ ഒളിമ്പിക്സിൽ വിജയമെഡൽ നേടിയ ചിലരെങ്കിലും അവർക്കായി വഴി വെട്ടിയ പുത്തൻ സാമ്പത്തിക നയങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന കർഷകസമരത്തെ പിന്തുണയ്ക്കുന്നവരാണത്രെ. തീർച്ചയായും അതും നോക്കി കണ്ട് വിശകലനം ചെയ്ത് നോക്കേണ്ടതുണ്ട്, ഒരുപക്ഷേ തീർത്തും വ്യത്യസ്തമായ മറ്റൊരു വീക്ഷണകോണിൽ നിന്നും.

ന്ത്യയ്ക്ക് കായികരംഗത്ത് തീർത്തും തിളങ്ങാൻ കഴിയാതെ പോയിരുന്നതിന് പിന്നിൽ സംവരണാധിഷ്ഠിതമായ രാഷ്ട്രീയസാഹചര്യങ്ങളാണെന്ന് പഴയൊരു തമാശക്കഥയുണ്ടല്ലൊ. അതൊരു തമാശക്കഥയാവുന്നില്ല എന്ന് മാത്രമല്ല അതിൽ ഇന്ത്യൻ യാഥാർത്ഥ്യത്തെ കുറിച്ചുള്ള ചില നിഷ്ഠൂരമായ വെളിപ്പെടുത്തലുകളുമുണ്ട്.

ഇന്ത്യ നിലനിന്നുപോന്നതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന സുപ്രധാനമായൊരു സംഗതി സംവരണാധിഷ്ഠിതമായ രാഷ്ട്രീയമായിരുന്നു. ഇന്ത്യയെ പോലെ വൈവിദ്ധ്യ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു പ്രതിഭാസത്തിന് അതൊരു ചരിത്രപരമായ അനിവാര്യതയുമായിരുന്നു.

ഇവിടെ സംവരണാധിഷ്ഠിതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ന്യൂനപക്ഷ പട്ടികജാതി പട്ടികവർഗ മനുഷ്യർക്കും മറ്റും നിജപ്പെടുത്തിയിരിക്കുന്ന ഭരണഘടനാനുസൃതമായ അവകാശങ്ങളെ കുറിച്ച് മാത്രമല്ല. ഇന്ത്യയിൽ വേറെയും ചില സംവരണങ്ങളുണ്ടായിരുന്നു. ഇന്നും ഉണ്ട്. അതൊക്കെയും നിർണയിക്കുന്നത് ഇവിടുത്തെ ആഭ്യന്തര രാഷ്ട്രീയ ശക്തികളാണ്. അത്തരം സംവരണങ്ങളാകട്ടെ ഔദ്യോഗികമായി നിജപ്പെടുത്തുകയും ഉണ്ടായിട്ടില്ല.

ഒരു പ്രത്യേക ഭരണപരിഷ്കാരത്തിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കയും അവിടെ ദക്ഷിണേന്ത്യയിൽ നിന്നും ഒരാൾ പോലും ഇല്ലാതിരിക്കയും ചെയ്യുന്നത് ശരിയാവില്ല എന്ന് പറയുന്നത് പോലെയാണത്. ദക്ഷിണേന്ത്യൻ സാഹചര്യങ്ങൾ ആ ഭരണപരിഷ്കാരത്തെ എങ്ങനെ ബാധിക്കും എന്നറിയാൻ വേണ്ടി മാത്രമല്ല ദക്ഷിണേന്ത്യൻ മനുഷ്യരെ അവിടെ വിളിച്ചിരുത്തുന്നത്. ദക്ഷിണേന്ത്യൻ സാഹചര്യം മനസിലാക്കാൻ ഉത്തരേന്ത്യക്കാർക്ക് സാധിക്കത്തേയില്ല എന്നൊന്നും പറയാനാവില്ല. അത്തരം വാദഗതികൾ മനുഷ്യമേധയോടുള്ള ഒരു തരം ധിക്കാരമായിരിക്കും.

അഭിനവ് ബിന്ദ്ര

അതൊന്നുമല്ല ഇവിടുത്തെ മൂലതന്ത്രം. ഈ യന്ത്രം ഉരുണ്ട് നീങ്ങണമെങ്കിൽ അങ്ങനെ ചില അനൗദ്യോഗിക സംവരണങ്ങൾ കൂടിയുണ്ടായിരിക്കണം. അതൊരു മഹത്തായ ജനാധിപത്യ മര്യാദയാണ്. ആ മര്യാദയ്ക്ക് ഈ രാജ്യം വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. അത്തരം മര്യാദകൾ ദീക്ഷിക്കാതെ പോയാൽ അതിനേക്കാൾ വലിയ വില കൊടുക്കേണ്ടി വന്നേക്കാം എന്നുള്ളത് കൊണ്ട് അതൊരു പൊതുതത്വമായി അനിഷേധ്യമായി ഇവിടെ നിലനിന്നിരുന്നു.

പക്ഷേ ഒരു ഫുട്ബാൾ ടീമിൽ ഇരുപതിൽ താഴെ ആളുകൾ മതിയാവും എന്നിരിക്കെ മുപ്പതിലധികം സംസ്ഥാനങ്ങളുള്ള ഒരു രാജ്യം അതിന്റെ
ആഭ്യന്തര രാഷ്ട്രീയശക്തികളെ എങ്ങനെ തൃപ്തിപ്പെടുത്തുമെന്നാണ് വിചാരിക്കുവാനാവുക. പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പറ്റെ തഴഞ്ഞ് ഇരുപത് സംസ്ഥാനങ്ങളിൽ നിന്നും ഓരൊ ആളെ എടുത്ത് പരിഗണിച്ചു എന്നിരിക്കട്ടെ. 24 കോടിയുള്ള യു.പിയ്ക്കും മൂന്നരക്കോടിയുള്ള കേരളത്തിനും ഒരാൾ എന്ന് പറയുന്നത് ഈ ഗണിതയുക്തിയെ തന്നെ അട്ടിമറിക്കുകയാണ്. പത്ത് സംസ്ഥാനങ്ങളിലെ കായികവകുപ്പുകൾ എടുത്ത അദ്ധ്വാനത്തിന് ദേശീയതലത്തിൽ അംഗീകാരമില്ലെന്ന് മാത്രമല്ല ഒരു വലിയ സംസ്ഥാനമെന്ന നിലയ്ക്ക് യുപിയ്ക്ക് എടുക്കേണ്ടി വന്ന അമിതമായ അദ്ധ്വാനവും അഭിവാദ്യം ചെയ്യപ്പെടാതെ പോകുന്നു. ഇത് പ്രാദേശികമായ നിരാശകൾക്ക് വിഷയീഭവിക്കുന്നു. പെട്ടന്ന് അതൊരു രാഷ്ട്രീയപ്രശ്നമായി തീരുന്നു. സാർവദേശീയ വിപ്ലവം പോലെ എന്തിലൊക്കെയൊ തന്നെ വിശ്വസിക്കുന്ന കേരളീയർ പോലും ഒരു മലയാളി ക്രിക്കറ്റർ ബി.സി.സി.ഐയുടെ ദേശീയ ടീമിൽ എത്താതെ പോയാൽ അയാൾ തഴയപ്പെട്ടു എന്നുപറഞ്ഞ് ലഹള കൂട്ടുമെന്നിരിക്കെ പ്രാദേശിക കഴകങ്ങൾ നാട് വാഴുന്നിടങ്ങളിലെ കാര്യം പറയാനുണ്ടൊ.

ഇതിനൊരു മറുമരുന്നായിരുന്നത് ദേശീയതയാണ്. നാല്പത്തിയേഴിന്റെ
മഹത്തായ കണ്ടെത്തലതായിരുന്നു. അതിന്റെ വിശാലതയിലാണ് ജനാധിപത്യവും സംവരണവും പൗരസ്വാതന്ത്ര്യവും മറ്റും സ്ഥിതി ചെയ്യുന്നത്. അതെ സമയം അതിന്റെ ഇടുക്കുകളിൽ അത് അതിന്റെ ജനതയൊട് ഇങ്ങനെ നേർവിപരീതമായ ചിലതും നിസഹായതൊടെ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ നാനാത്വത്തിന്റെ ഏകത്വത്തിന് വേണ്ടി പ്രാദേശികതയെ തെല്ല് മറന്നേക്കണേ എന്ന ഖേദകരമായ അപേക്ഷ അങ്ങനെയൊന്നാണ്. പക്ഷേ അങ്ങനെയൊരു മറവിയില്ലാത്തത് കൊണ്ട് ഇതൊരു ചലനാത്മകയാഥാർത്ഥ്യമായി കൊണ്ടും കൊടുത്തും ഇന്ത്യൻ തീവണ്ടികളെ പോലെ ആടിയുലഞ്ഞും ചിലപ്പൊൾ പാളം തെറ്റിയും തുടർന്ന് പോരുകയായിരുന്നു.

സച്ചിൻ തെൻഡുൽക്കർ

അടുത്ത കാലത്തായി ഇന്ത്യൻ ദേശീയത വീണ്ടും ഒരിക്കൽ കൂടി തീവ്രതരമാക്കപ്പെടുന്നൊരു പ്രയോഗം നടന്ന് പോരുന്നുണ്ട്. തൊണ്ണൂറുകളിൽ ആരംഭിച്ച സ്വകാര്യവൽക്കരണനയങ്ങൾക്ക് അനുസൃതമായ ഒരു നവദേശീയസങ്കൽപ്പം ഇവിടെ ശ്രേണീബദ്ധമായ് പണിതുയർത്തപ്പെടുത്തുകയാണ്. മാർക്കറ്റ് എക്കണോമിയുടെ ചലനനിയമങ്ങളെ തെറ്റിക്കാത്ത വിധം ഏകാത്മകമായാണ് അത് വിചാരിപ്പെട്ടിരിക്കുന്നത്. അവിടെ സംവരണാധിഷ്ഠിതരാഷ്ട്രീയം ഏറെക്കുറെ അപ്രസക്തമാകുന്നു.

ഭരണഘടനാനുസൃതമായ സംവരണശീലങ്ങൾ മാറ്റിയെഴുതപ്പെടുമെന്ന് പോലും പറഞ്ഞ് കേൾക്കുന്നുണ്ട്. അങ്ങനെ സംവരണാധിഷ്ഠിതരാഷ്ട്രീയം ക്ഷയിച്ച് തുടങ്ങിയതിന്റെ തെളിവാണ് ആ മാറ്റത്തിനെതിരായി ഉയർന്നു വരുന്ന പ്രതിരോധങ്ങൾ.

ഈ പുതിയ സാഹചര്യം കായികരംഗത്തും അതിന്റെ സ്വാധീനം ചെലുത്തുന്നുണ്ട്. ഒരേ സമയം പ്രാദേശികതകളെ തൃപ്തിപ്പെടുത്തുന്ന ഐ.പി.എല്ലുകളും ദേശീയതയെ ആവേശപ്പെടുത്തുന്ന അന്താരാഷ്ട്ര മത്സരങ്ങളും ഒരെ സമയം സംഘടിപ്പിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു. പ്രാദേശിക മുതലാളിത്തങ്ങൾക്കും ഒരിടം കൊടുക്കുമ്പോഴും ഓപ്പൺ മാർക്കറ്റ് നിയമങ്ങൾ വഴി അകത്ത് പ്രവേശിച്ച പുതിയ സ്പോൺസർമാരില്ലാതെ അതൊക്കെയും ദുസാധ്യമാണെന്ന് പറയേണ്ടതില്ലല്ലൊ.

ഒരുപക്ഷേ ക്രിക്കറ്റ് തന്നെയായിരുന്നു അതിന്റെ പരീക്ഷണശാല. എൺപതുകളിലെ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന് സമാന്തരമായി തന്നെയാണ് ഇവിടെ സ്വകാര്യവൽക്കരണനയങ്ങൾ നടപ്പിലാക്കപ്പെടുന്നത്. അന്നത്തേക്ക് ഇന്ദിരാ സോഷ്യലിസം ഇന്ദിര തന്നെ റദ്ദാക്കിയിരുന്നു. തുടർന്ന് രാജീവ് ഗാന്ധി പുതിയൊരു ഇന്ത്യ - അമേരിക്കൻ ഭാവുകത്വം തന്നെ കൊണ്ട് വന്നു. വി.പി. സിംഗാവട്ടെ അതിനെതിരെ ഒരു മണ്ഡലകാലം പോലും പിടിച്ച് നിൽക്കാനാവാതെ പിരിഞ്ഞു പോയി.

നരസിംഹറാവു സർക്കാർ സ്വകാര്യവൽക്കരണത്തെ ഔദ്യോഗിക നയമാക്കി തീർത്ത് അധികം വൈകാതെ തന്നെ അത് അതിന്റെ ദൈവത്തെ കണ്ടെത്തി. അത് ക്രിക്കറ്റിൽ നിന്നായിരുന്നു. പേര് സച്ചിൻ രമേശ് ടെൻഡുൽക്കർ. അയാൾ ഇന്ത്യൻ ദേശീയതയുടെ മഹാപ്രതീകവും സ്പോൺസർമാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ബ്രാൻഡ് അംബാസിഡറുമായി ഒരു സുദീർഘമായ ഇന്നിംഗ്സ് കളിച്ചു തിമിർത്തു.

ക്രിക്കറ്റ് കോമൺവെൽത്തുകളിലെ ഒരെളിയ കായികവിനോദമാണ്. ഇതര മേഖലകളെക്കാൾ കുറച്ച് മൂലധനശക്തിയെ അതിന് വേണ്ടി വരൂ. അത് കൊണ്ട് തന്നെയാവണം മൂലധനശക്തികൾ അവിടെ ആത്മവിശ്വാസത്തൊടെ പരീക്ഷണം നടത്തിയതെന്ന് വിചാരിക്കാവുന്നതാണ്.

ഇന്ന് സ്വകാര്യവൽക്കരണം അതിന്റെ സുദീർഘമായ ശൈശവം കടന്നിരിക്കുന്നു. അതിനെ ചുറ്റിപ്പറ്റിയുണ്ടായിരിക്കുന്ന നവദേശീയത വലിയൊരു ചർച്ചയായും മാറിക്കഴിഞ്ഞിരിക്കുന്നു. എന്തായാലും അത് അതിന്റെ
അടിസ്ഥാനശിലകൾ വിന്യസിച്ച് കഴിഞ്ഞിരിക്കുന്നു.

അങ്ങനെ പ്രാദേശിക രാഷ്ട്രീയ ശക്തികളുടെ സംവരണാധിഷ്ഠിത രാഷ്ട്രീയം കായികതാരങ്ങളുടെ കരിയർ പ്രോഗ്രഷനുകൾക്ക് വിഘാതം സൃഷ്ടിക്കാൻ കഴിയാത്ത വിധം അശക്തമായിരിക്കുന്നു. ഒരു കായികതാരം താൻ സംസാരിക്കാത്ത ഭാഷ സംസാരിക്കുന്നുണ്ടോ തുടങ്ങിയ കവലകൾ തീവ്രദേശീയതയുടെ വ്യാപനത്തൊടെ ഭാഗികമായെങ്കിലും ഇല്ലാതായിട്ടുണ്ട്. ലളിതമായൊരു ഇന്ത്യൻ ഇംഗ്ലീഷ് സ്ഥാപിച്ചെടുക്കുന്നതിൽ ചേതൻ ഭഗത്തിനെ പോലുള്ളവർ വഹിച്ച പങ്കും ഇത്തരുണത്തിൽ വിസ്മരിക്കാവതല്ല.

തുറന്ന് കിടക്കുന്ന സാമ്പത്തികവാതിലുകളിലൂടെ മെച്ചപ്പെട്ട കോച്ചിംഗ് സൗകര്യങ്ങളും ഉപകരണങ്ങളും ഇന്ന് ലഭ്യമാവുന്നുണ്ട്. വിദേശത്ത് പോയി പരിശീലനം നേടാനും കൂടുതൽ അവസരങ്ങളുണ്ടായിരിക്കുന്നു. പയ്യോളി കടപ്പുറത്ത് തന്റെ അപകർഷതയെ കൂടി ഓടിത്തോൽപ്പിക്കാൻ അത്യദ്ധ്വാനം ചെയ്യേണ്ടി വന്ന ഒരു ഓട്ടക്കാരിയ്ക്ക് ഈ മാറ്റങ്ങൾ കൊണ്ട് വന്ന രാഷ്ട്രീയശക്തികൾ ആഗ്രഹിക്കുന്ന തരം ദേശീയനിലപാട് എടുക്കാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരാത്തത് അതു കൊണ്ടാണ്.

പി.ടി. ഉഷ

എന്നിരുന്നാലും ഏതൊ വിചിത്രമായൊരു അജ്ഞാതകാരണം ഹേതുവായി ചരിത്രം അതിന്റെ ഇരട്ടത്താപ്പുകളെ ഒളിച്ച് കടത്താനും ശ്രദ്ധിക്കുന്നുണ്ട്. ടോകിയോ ഒളിമ്പിക്സിൽ വിജയമെഡൽ നേടിയ ചിലരെങ്കിലും അവർക്കായി വഴി വെട്ടിയ പുത്തൻ സാമ്പത്തിക നയങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന കർഷകസമരത്തെ പിന്തുണയ്ക്കുന്നവരാണത്രെ. തീർച്ചയായും അതും നോക്കി കണ്ട് വിശകലനം ചെയ്ത് നോക്കേണ്ടതുണ്ട്, ഒരുപക്ഷേ തീർത്തും വ്യത്യസ്തമായ മറ്റൊരു വീക്ഷണകോണിൽ നിന്നും.

ഇത്തരം വിശകലനവ്യഗ്രതകളുടെ അപ്രസക്തവിരസതകൾക്കപ്പുറം ടോകിയോ ഒളിമ്പിക്സിനെ കൊണ്ട് ജനഗണമന പാടിക്കുന്ന ഇന്ത്യൻ താരങ്ങൾ ചെയ്യുന്ന ദേശീയസേവനം തന്നെയാവും ഇവിടെ അടയാളപ്പെടലിന്റെ കൊടി പാറ്റുക. കാരണം രോഗഗ്രസ്തമായൊരു കെട്ട കാലത്ത് അവർ ഇളക്കി വിടുന്ന സന്തോഷത്തിന്റെ അലകൾ അമൂല്യങ്ങളാവുന്നു. ഓരൊ സന്തോഷത്തിരയിലും ഈ ജനത ഒരു കൊച്ചുകുട്ടിയെ പോലെ നിഷ്കളങ്കം തുള്ളിച്ചാടുന്നു. ഈ ജനത അവരെ സമാദരം സ്നേഹിക്കുന്നു.

Comments