ഒക്ടോബർ 25 ലോക ഡ്വാർഫിസം അവയർനെസ്സ് ദിനമായി ആചരിച്ചു. ഈയൊരു സന്ദർഭത്തിൽ, കായികലോകത്ത് ഉയരക്കുറവിനെ ഒരു പ്രതിബന്ധമായി കാണാതെ കഠിനാധ്വാനം കൊണ്ടും കായിക മികവുകൊണ്ടും എതിരാളികളെ കീഴടക്കുന്ന പ്രതിഭകളുടെ നേട്ടങ്ങളും തങ്ങൾ നേരിടുന്ന യാഥാർത്ഥ്യങ്ങളും ചർച്ച ചെയ്യേണ്ടതാണ്. സമൂഹത്തിന്റെ മുൻവിധികളെയും ശാരീരികമായ പരിമിതികളെയും മറികടന്ന് കായികരംഗത്ത് സ്വന്തം ഇടം കണ്ടെത്താൻ തങ്ങൾ നടത്തുന്ന പോരാട്ടങ്ങൾ ചെറുതല്ല. സ്വന്തം വ്യക്തിത്വവും കഴിവും തെളിയിച്ചിട്ടും സമൂഹവും മുഖ്യധാരാമാധ്യമങ്ങളും തങ്ങളുടെ കായിക നേട്ടങ്ങളെ ഗൗരവത്തോടെ കാണുന്നതിനുപകരം തമാശപരിവേഷത്തോടെ ചുരുക്കിക്കെട്ടുന്ന പ്രവണത നിലനിൽക്കുന്നുണ്ട്.
ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാനും തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാനും ഡ്വാർഫ് മനുഷ്യർ സ്വയം കരുത്തുനേടുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാകുന്നു ഇന്ത്യയിലെ ആദ്യത്തെ ഡ്വാർഫിസം കായിക കൂട്ടായ്മയായ 'ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്' (Little People Sports Club).
സ്പോർട്സ് പ്രൊമോട്ടറും കോച്ചുമായ റാഷിദ് കെ.കെ.യുടെ നേതൃത്വത്തിലും പിന്തുണയിലും ഫുട്ബോൾ ടീം, ക്രിക്കറ്റ് ടീം, ബാഡ്മിന്റൺ, അത്ലറ്റിക്സ്, പവർലിഫ്റ്റിംഗ്, നീന്തൽ, ബോഡിബിൽഡിംഗ് തുടങ്ങി വിവിധ മേഖലകളിൽ കേരളത്തിലെ ഡ്വാർഫ് മനുഷ്യർ സജീവമായി പങ്കെടുത്തു വരുന്നു. ഇരുപതിലധികം അത്ലറ്റുകളാണ് കേരള ടീമിനെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ കളളികളിലിറങ്ങുന്നത്.
ഇതിനോടൊപ്പം ഇന്ത്യക്കായി അന്താരാഷ്ട്ര പാരാ-ബാഡ്മിന്റൺ മത്സരങ്ങളിൽ 4 അത്ലറ്റുകളെ സംഭാവന ചെയ്യാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ബോഡിബിൽഡിംഗ് രംഗത്ത് മിസ്റ്റർ കേരള, മിസ്റ്റർ സൗത്ത് ഇന്ത്യ തുടങ്ങിയ തിളക്കമാർന്ന പദവികൾ നേടിയെടുത്ത ഡ്വാർഫ് മനുഷ്യരുണ്ട്. ഇതിനെല്ലാം പുറമേ, ക്രിക്കറ്റ്- ഫുട്ബോൾ മത്സരങ്ങളും കോഴിക്കോട് വെച്ച് നടത്തിയ ഒരു ചെറിയ ഫാഷൻ ഷോയും ഉൾപ്പെടെയുള്ള വിവിധങ്ങളായ പരിപാടികളിലൂടെ പ്രതിഭ തങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു.

അന്താരാഷ്ട്ര കായികവേദികളിൽ കേരളത്തിന്റെ പേര് സുവർണ്ണാക്ഷരങ്ങളിൽ എഴുതിച്ചേർത്ത കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ നിതിൻ കെ.ടി.യുടെ പ്രകടനങ്ങൾ ഈ കഠിനാധ്വാനത്തിന്റെ മികച്ച ഫലമാണ്.
2024-ലെ ഉഗാണ്ട പാരാ ബാഡ്മിന്റൺ ഇന്റർനാഷണൽ ടൂറിൽ സിംഗിൾസിലും ഡബിൾസിലും വെള്ളി മെഡലുകൾ നേടിയ നിതിൻ തുടർന്ന് 2025-ലെ ഓസ്ട്രേലിയ പാരാ ബാഡ്മിന്റൺ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിൽ സ്വർണ്ണമെഡലും ഡബിൾസിൽ വെള്ളിമെഡലും സിംഗിൾസിൽ വെങ്കലമെഡലും കരസ്ഥമാക്കി. ഈ കഠിനപ്രയത്നങ്ങളുടെ തുടർച്ചയെന്നോണം 2026-ലെ ബഹ്റൈൻ ബി.ഡബ്ല്യു.എഫ് ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യതയും അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു.
അതുപോലെ, കേരള സംസ്ഥാന പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലുകൾ (2023 സിംഗിൾസ്, 2024 & 2022 ഡബിൾസ്) നേടിയും, 7-ാമത് ദേശീയ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ (2026) ഡബിൾസ് വെള്ളി മെഡൽ സ്വന്തമാക്കിയും, ഉഗാണ്ട പാര ബാഡ്മിന്റൺ ഇന്റർനാഷണൽ ടൂർണമെന്റിൽ ഡബിൾസ് സ്വർണം നേടിയും അന്താരാഷ്ട്ര തലത്തിൽ തിളങ്ങി ഗോകുൽ കായികരംഗത്ത് വലിയ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.
പാരാ കായികരംഗത്തെ ഡ്വാർഫ് സ്ത്രീ പ്രാതിനിധ്യവും ചെറുതല്ല. 2025-ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് ബാഡ്മിന്റണിൽ തിരുവനന്തപുരം സ്വദേശിനിയായ ലതാകുമാരി വെങ്കല മെഡൽ കരസ്ഥമാക്കിയതും ഏഴാമത് നാഷണൽ പാരാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് 2025-26-ൽ വെങ്കല മെഡൽ സ്വന്തമാക്കിയ തിരുവനന്തപുരം സ്വദേശി അനഘയുടെ പ്രകടനവും ഈ മുന്നേറ്റത്തിന് തിളക്കം കൂട്ടുന്നു.
കൂടാതെ 2024-ലെ നാഷണൽ പാരാ ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ ദേശീയ പാരാ ബാഡ്മിന്റൺ താരം സുരണ്യ സുരേന്ദ്രൻ കൈവരിച്ച നേട്ടങ്ങളും എടുത്തുപറയേണ്ടതാണ്. ഒപ്പം, സംസ്ഥാന പാരാ സ്പോർട്സ് മീറ്റുകളിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, പവർലിഫ്റ്റിംഗ് തുടങ്ങിയ ഇനങ്ങളിൽ സ്വർണ്ണവും വെള്ളിയും വെങ്കലവുമടങ്ങുന്ന മെഡലുകൾ തുടർച്ചയായ നാലുവർഷമായി നേടിക്കൊണ്ടിരിക്കുന്ന നാഷണൽ പ്ലെയറും സംരംഭകയും ആക്ടിവിസ്റ്റുമായ പ്രിയ മാത്യു, രഞ്ജിനി, ആര്യ തുടങ്ങിയ കായികതാരങ്ങൾ സമാനതകളില്ലാത്ത പ്രകടനങ്ങളും കായിക ചരിത്രത്തിലെ അഭിമാനകരമായ ഏടുകളുമാണ്.

എന്നാൽ ഞങ്ങളുടെ മുന്നേറ്റങ്ങൾക്ക് മുന്നിൽ വലിയൊരു വെല്ലുവിളിയായി നിൽക്കുന്നത് അർഹമായ സ്പോൺസർഷിപ്പും സാമ്പത്തിക പിന്തുണയും ലഭിക്കാത്തതുമാണ്. മതിയായ സാമ്പത്തിക പിന്തുണയില്ലാത്തതിനാൽ പലപ്പോഴും കായികതാരങ്ങൾക്ക് നാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റാതെ പോകുന്നു എന്നതൊരു യാഥാർത്ഥ്യമാണ്. ഈ പരിമിതികൾക്കിടയിലും ഞങ്ങളുടെ സ്വന്തം ഇച്ഛാശക്തിയും പ്രയത്നവുമാണ് ഓരോ നേട്ടങ്ങൾക്കും പിന്നിലുള്ളത്. സർക്കാരും പൊതുസമൂഹവും ഈ സ്പോർട്സ് മേഖലയെ ഗൗരവത്തോടെ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കായികരംഗത്ത് ഞങ്ങൾ കൈവരിക്കുന്ന നേട്ടങ്ങളെ കേവലം കൗതുകങ്ങളായി കാണാതെ മുഖ്യധാരാ കായികതാരങ്ങൾക്ക് നൽകുന്നതിന് സമാനമായ ഫിനാൻഷ്യൽ സപ്പോർട്ടും മികച്ച കരിയർ സുരക്ഷിതത്വത്തിനായി ജോലി അവസരങ്ങളും ഉറപ്പാക്കാൻ ഭരണാധികാരികൾ മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കാൻ തയ്യാറാകണം. ജനങ്ങളുടെ ചിന്താഗതികളിലും ഈ വിഷയത്തിലുള്ള കൃത്യമായ അവബോധം ഉണ്ടാകേണ്ടതുണ്ട്.
ഒക്ടോബർ 25 ലോക ഡ്വാർഫിസം ദിനം എന്നത് കേവലം ദിനാചരണത്തിനപ്പുറം, കായികരംഗത്ത് ശാരീരിക വൈവിധ്യങ്ങളെ അംഗീകരിക്കാനും തുല്യ അവസരങ്ങളും അർഹമായ പിന്തുണയും ഉറപ്പാക്കാനുമുള്ള ഓർമ്മപ്പെടുത്തലാകേണ്ടതുണ്ട്. പരിഹാസങ്ങളും മുൻവിധികളും മാറ്റിനിർത്തി, കളിക്കളത്തിലും മറ്റ് മേഖലകളിലും ഞങ്ങൾ നേടിയെടുക്കുന്ന വിജയങ്ങളെ അംഗീകരിക്കാൻ സമൂഹവും സർക്കാരും മുന്നോട്ടുവരണം. ശരീരത്തിന്റെ ഉയരത്തിലല്ല, മറിച്ച് മനസ്സിലെ ഇച്ഛാശക്തിയുടെ ഉറപ്പിലാണ് വിജയം അടങ്ങിയിരിക്കുന്നത്.
