ജയിച്ച് ജയിച്ച് ഇതിഹാസമായ റാഫേൽ നദാൽ സ്വന്തം നാട്ടിലെ കാണികൾക്ക് മുന്നിൽ തോൽവിയോടെ വിടവാങ്ങുന്നു. ടെന്നീസ് റാക്കറ്റുമേന്തി കളിക്കളത്തിൽ ഇറങ്ങിയ കാലം മുതൽ അയാൾ തോൽവി അറിഞ്ഞിട്ടുള്ളത് ചുരുക്കം സമയങ്ങളിൽ മാത്രമാണ്. കരിയറിൽ ആകെ കളിച്ചത് 1080 മത്സരങ്ങൾ. അതിൽ തോറ്റത് ആകെ 228 മത്സരങ്ങൾ മാത്രം. 14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളടക്കം 22 ഗ്രാൻറ്സ്ലാം കിരീടങ്ങൾ. റൊളാങ് ഗാരോസിലെ കളിമൺ കോർട്ടിൽ റാഫയെ തോൽപ്പിക്കുകയെന്നത് അസാധ്യം തന്നെയായിരുന്നു. ഇവിടെ കളിച്ച 112 മത്സരങ്ങളിൽ നാലെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. ഇത്തവണത്തെ ഡേവിസ് കപ്പോടെ വിരമിക്കുമെന്ന് നദാൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കോർട്ടിലെ ഇതിഹാസം ഫൈനലിൽ വിജയിച്ച് കിരീടവുമായിട്ടായിരിക്കും മടങ്ങുകയെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് ഒടുവിൽ ഒരൽപം നിരാശ. ക്വാർട്ടർ ഫൈനലിൽ ലോക എൺപതാം നമ്പർ താരമായ നെതർലൻറ്സിൻെറ ബോട്ടിക് വാൻ ഡെ സാൻഡ്ഷുൽപിനോട് 4-6, 4-6ന് നേരിട്ടുള്ള സെറ്റുകളുടെ തോൽവിയോടെ അവിശ്വനീയ കരിയറിന് വിരാമം.
സ്പെയിനിലെ മലാഗയിൽ തൻെറ കരിയറിലെ അവസാന പ്രൊഫഷണൽ ടെന്നീസ് മത്സരത്തിന് ശേഷം നദാൽ നടത്തിയ പ്രസംഗം കായികലോകം എക്കാലത്തും വീണ്ടും വീണ്ടും ആവർത്തിച്ച് കാണുമെന്നുറപ്പാണ്. “റാഫ… നിങ്ങൾ എങ്ങനെ ഓർക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്?” - അവതാരകൻെറ ചോദ്യം. നെറ്റിയിലൂടെ ഊർന്നിറങ്ങിയ വിയർപ്പുതുള്ളി തുടച്ചുകൊണ്ട്, കണ്ണീരണിഞ്ഞ്, വളരെ വൈകാരികമായാണ് നദാൽ മറുപടി പറയാൻ തുടങ്ങിയത്. അയാളുടെ ചെവിയിലൂടെ ആയിരക്കണക്കിന് മത്സരങ്ങളിൽ ഗ്യാലറികളിൽ നിന്ന് കേട്ട “റാഫ… റാഫ…” യെന്ന രണ്ടക്ഷരം ഇരമ്പി ആർത്തിരിക്കണം. “ഇതിനുള്ള ഉത്തരം ഞാൻ മുമ്പ് പറഞ്ഞത് തന്നെയാണ്. കിരീടങ്ങൾ… കണക്കുകൾ… എല്ലാം അവിടെയുണ്ടാവും. അതൊക്കെ ഒരുപക്ഷേ ആളുകൾക്ക് അറിയുമായിരിക്കും. എന്നാൽ എന്നെ ലോകം ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നത് മയോർക്കയിലെ ഒരു ചെറുഗ്രാമത്തിൽ നിന്നുള്ള ഒരു നല്ല മനുഷ്യനെന്ന നിലയിലാണ്…” വാക്കുകൾ പറഞ്ഞ് തീർക്കുമ്പോൾ ഗ്യാലറി ആരവം മുഴക്കുന്നുണ്ടായിരുന്നു.
“സ്പെയിനിലെ ആ ചെറുഗ്രാമത്തിൽ ജനിച്ച എനിക്ക് ചെറുപ്പത്തിലേ ടെന്നീസിനോട് തോന്നിയ ഇഷ്ടത്തെ എൻെറ കുടുംബം എല്ലാ അർഥത്തിലും പിന്തുണയ്ക്കുകയായിരുന്നു. ഒരു കുട്ടിയെന്ന നിലയിൽ ഞാൻ അവരുടെ കൂടി സ്വപ്നത്തെ പിന്തുടരുകയായിരുന്നു. എന്നെക്കൊണ്ട് കഴിയുന്നത് പോലെ ഞാൻ പരിശ്രമിച്ചു. അതാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ടെന്നീസ് എനിക്ക് തന്നത് ഒരിക്കലും മറക്കാനാവാത്ത വലിയ അനുഭവങ്ങളാണ്,” നദാൽ കൂട്ടിച്ചേർത്തു. കായികലോകത്ത് അവിശ്വനീയ നേട്ടങ്ങൾ സ്വന്തമാക്കിയ നദാൽ ഓർക്കാൻ ആഗ്രഹിക്കുന്നത് അങ്ങനെ മാത്രമാണ്. “ഒരു ചെറുഗ്രാമത്തിൽ നിന്നും കുടുംബത്തിൻെറയും തൻെറയും സ്വപ്നങ്ങളെ പിന്തുടർന്ന്, പരിശ്രമിച്ച് വിജയിച്ച ഒരു നല്ല മനുഷ്യൻ…”
കളിക്കളത്തിൽ പുലർത്തിയ സൗമ്യത നദാലിനെ എക്കാലത്തും വ്യത്യസ്തനാക്കുന്നു. തോൽവികളിലും തിരിച്ചടികളിലുമൊന്നും അയാൾ സംയമനം കൈവിട്ടേയില്ല. ടെന്നീസ് ചരിത്രത്തിൽ മത്സരത്തിൻെറ സമ്മർദ്ദം താങ്ങാനാവാതെ റാക്കറ്റ് വലിച്ചെറിഞ്ഞ് പൊട്ടിക്കാത്ത ചുരുക്കം ചില കളിക്കാരുടെ പട്ടികയിൽ റാഫയുണ്ട്. റോജർ ഫെഡററെന്ന ഇതിഹാസം കത്തിനിൽക്കുന്ന കാലത്താണ് നദാലെന്ന 15-കാരൻ ടെന്നീസിൽ അരങ്ങേറുന്നത്.
38 വയസ്സുവരെ നീണ്ടുനിന്ന കരിയറിൽ ഫെഡറർക്കൊത്ത എതിരാളിയായി. ക്ലേ കോർട്ടിൽ തോൽവിയറിയാത്ത പോരാളിയായി. നൊവാക് ജോക്കോവിച്ചെന്ന മറ്റൊരു ഇതിഹാസം ടെന്നീസ് ലോകത്തെ ഭരിക്കുന്ന കാലത്താണ് നദാൽ വിടപറയുന്നത്. ഫെഡററും ജോകോവിച്ചും നദാലിൻെറ പ്രിയ സുഹൃത്തുക്കളാണ്. എന്നാൽ, ടെന്നീസ് കോർട്ടിൽ ഒരിക്കലും വിട്ടുകൊടുക്കാത്ത എതിരാളികളും. പരിക്കുകളാണ് കരിയറിലുടനീളം റാഫയെ വിട്ടുപിരിയാതിരുന്ന മറ്റൊരു കൂട്ട്. ഫെഡററോടും ജോകോവിച്ചിനോടും പോരാടിയതിൻെറ അത്രയും സമ്മർദ്ദത്തോടെ തന്നെ റാഫ പരിക്കുകളേയും നേരിട്ടു.
ഡേവിസ് കപ്പിലെ വിജയങ്ങളുടെ തുടർച്ചയ്ക്ക് കൂടി വിരാമമിട്ടാണ് നദാൽ കളി മതിയാക്കുന്നത്. 2004 മുതൽ ഡേവിസ് കപ്പിൽ കളിച്ച ഒരൊറ്റ മത്സരവും നദാൽ തോറ്റിരുന്നില്ല. കളിച്ച 29 മത്സരങ്ങളിലും വിജയം നേടി. ആദ്യമായി തോൽവിയേറ്റുവാങ്ങുന്നത് കരിയറിലെ അവസാന മത്സരത്തിലും...