മീരാഭായ് ചാനുവിന്റെ ചുമലിൽ ഒരു ജനതയുടെ ആത്മാഭിമാനമുണ്ട്​

മണിപ്പൂരിലെ ഒരുൾനാടൻ ഗ്രാമത്തിലെ വിറക് ചുമക്കുന്ന പെൺകിടാവിൽ നിന്ന്, 22 കിലോമീറ്റർ അകലെയുള്ള പരിശീലനത്തിനു സൈക്കിളിലും, മണൽ ലോറിയിലും, വണ്ടിക്കൂലി ഉള്ള ദൂരം വരെ ബസിലും ബാക്കി ദൂരം നടന്നും താണ്ടിയ, ആഴ്ചയിൽ രണ്ടുനേരം മാത്രം മുട്ടയും ഇറച്ചിയും പാലും കഴിക്കുന്ന യുവതിയിൽ നിന്ന് പോരാട്ടമല്ലാതെ നിങ്ങൾ എന്ത് പ്രതീക്ഷിച്ചു?

ർച്ചെറി പരിശീലിക്കാൻ എത്തിയ മീര ചാനുവെന്ന ഒമ്പതുകാരി, തികച്ചും യാദൃശ്ചികമായാണ് മണിപ്പൂരിലെ തലസ്ഥാനനഗരിയിലെ ഭാരദ്വോഹന പരിശീലനകളരിയിലേക്ക് എത്തിപ്പെട്ടത്. അത്‌ലറ്റുകളുടെ പരിശീലനവും , ഭാരദ്വോഹന സാമഗ്രികളും കണ്ടു അത്ഭുദം കൂറിയ ഒമ്പതുകാരിയോട് അവിടത്തെ പരിശീലക അനിത ചാനു, രണ്ടു ജീവബിന്ദുക്കളുടെ കഥ പറഞ്ഞു.

എൺപതുകളുടെ തുടക്കം. രാജ്യത്തിന്റെ പ്രതീക്ഷകളത്രയും ഇന്ധനമാക്കി ഒരിന്ത്യക്കാരി, ട്രാക്കുകളിൽ തീപടർത്തി. പയ്യോളിയെന്ന ചെറിയ പ്രദേശത്തു നിന്നും ഒളിമ്പിക്സ് മെഡലിന്റെ സെക്കൻഡിൽ നൂറിലൊരംശം മാത്രമകലം വരെയെത്തിയ സാക്ഷാൽ പി.ടി. ഉഷയായിരുന്നു ആ പെൺകുട്ടി. പത്രങ്ങളിൽ അവരെപ്പറ്റിയുള്ള വാർത്തകൾ വായിച്ചു കോരിത്തരിച്ചു മണിപ്പൂരിലെ ഒരുൾനാടൻ ഗ്രാമത്തിൽനിന്നും രണ്ടു ജീവബിന്ദുക്കൾ സ്പോർട്സിൽ ഭാഗ്യം തേടിയിറങ്ങി. ശാരീരിക പ്രത്യേകതകൾ കൊണ്ട് അവർ തിരഞ്ഞെടുത്തത് അക്കാലത്ത് അധികം വേരോടിയില്ലാത്ത ഭാരദ്വോഹനം ആയിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നവർ ഇന്ത്യൻ ജേർസി അണിഞ്ഞു. അതിലൊരാൾ വൈകാതെ തന്നെ പരിശീലകരംഗത്തേക്ക് ശ്രദ്ധ തിരിച്ചു., മണിപ്പൂരിന്റെ തലസ്ഥാനത്തു അവർ ഒരു പരിശീലന കേന്ദ്രം ആരംഭിച്ചു. മറ്റെയാൾ, ലോക ചാമ്പ്യൻഷിപ്പിലെ ഏഴു വെള്ളിമെഡലടക്കം അന്താരാഷ്ട്രവേദികളിൽ നിരന്തരം മെഡലുകൾ നേടി, ഇന്ത്യൻ വനിതാ ഭാരദ്വോഹനത്തിന്റെ ആദ്യ സൂപ്പർസ്റ്റാർ ആയി മാറി, പേര് കുഞ്ചറാണി. എൺപതുകളുടെ അവസാനം തൊട്ട് തൊണ്ണൂറുകളുടെ പകുതിവരെ കുഞ്ചറാണിക്ക് ചൈനീസ് അത്‌ലറ്റുകൾ ഒഴിച്ചാൽ ലോകത്ത് എതിരാളികളേയില്ലായിരുന്നു. മണിപ്പൂരിലെ ദരിദ്രമായ സാഹചര്യങ്ങളിൽ നിന്നും ഇച്ഛാശക്തികൊണ്ടൊന്നു മാത്രം ലോകവേദികളിൽ നിരന്തരം ഇന്ത്യയുടെ പതാകയുയർത്താൻ കുഞ്ചറാണിക്ക് സാധിച്ചു. താൻ റോൾ മോഡലായി കണ്ട ഉഷയെ പോലെ, ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭാരദ്വോഹനക്കാരി - കുഞ്ചറാണി തലമുറകളെ ഉത്തേജിപ്പിക്കുന്ന പേരായി.

പി.ടി. ഉഷ

1990 ൽ കുഞ്ചറാണിയെ മാതൃകയാക്കി അനേകം വനിതകൾ ഭാരദ്വോഹനരംഗത്തേക്ക് കടന്നുവന്നു. അതിൽ കർണം മല്ലേശ്വരിയെന്ന പേര് ദേശീയ വേദികളിൽ തെളിഞ്ഞുനിന്നു. മല്ലേശ്വരി തന്റെ മുൻഗാമിയെക്കാൾ ഒരുപടി മുന്നോട് പോയി; ലോകചാമ്പ്യൻ ആവുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം കുറിച്ചു. 1994 - 1995 വർഷങ്ങളിൽ തുടർച്ചയായി ലോക ജേതാവായ മല്ലേശ്വരി ചൈനയുടെ അപ്രമാദിത്വം തകർത്തു. 2000ത്തിൽ സിഡ്നിയിൽ ആദ്യമായി ഭാരദ്വോഹനം ഒളിമ്പിക്സ് മത്സരത്തിന്റെ ഭാഗമാവുമ്പോൾ കുഞ്ചറാണിക്ക് പരിക്കിനെ തുടർന്ന് മത്സരിക്കുവാൻ പറ്റിയില്ല. പക്ഷെ , മല്ലേശ്വരിയിലൂടെ ഒരിന്ത്യൻ വനിതാ ആദ്യമായി ഒളിമ്പിക്സ് മെഡൽ നേടി. പരിമിതമായ സൗകര്യങ്ങളിലും ലോകവേദികളിൽ ശക്തമായി പോരടിക്കാൻ ഇന്ത്യൻ പെണ്ണുങ്ങൾക്ക് കഴിയുമെന്ന് കുഞ്ചറാണി തെളിയിച്ചപ്പോൾ, മല്ലേശ്വരി അതേ വഴിയിൽ പോവുകയും, ഇന്ത്യൻ പെണ്ണുങ്ങൾക്ക് വിജയിക്കാൻ കഴിയുമെന്ന് തെളിയിക്കുകയും ചെയ്തു. 2004 ൽ എല്ലാവരും എഴുതിത്തള്ളിയ കുഞ്ചറാണി തന്റെ 34മത്തെ വയസ്സിൽ ആദ്യമായി ഒളിംപിക്‌സിൽ മത്സരിക്കുകയും, നാലാം സ്ഥാനം നേടുകയും ചെയ്തു.

ജീവബിന്ദുക്കളിൽ ഒരാൾ തന്റെ മുന്നിലെ ബാല്യത്തോട് സംവദിക്കുമ്പോൾ, മറ്റെയാൾ ഏഥൻസിൽ ഇഞ്ചോടിഞ്ചു പോരാടിക്കൊണ്ടിരിക്കയായിരുന്നു. തന്റെ മുന്നിലെ ടിവിയിൽ കുഞ്ചറാണി ഐതിസാഹസികമായി പോരാടുന്നത് കണ്ടു ഒമ്പതുകാരി മീരാഭായ് ചാനുവും പിതാവും ഒന്നുറപ്പിച്ചു, വഴി ഭാരദ്വോഹനം തന്നെ...
പ്രതിഭകൊണ്ട് സമ്പന്നയായിരുന്നു മീര, അതുകൊണ്ട് തന്നെ അവളുടെ വളർച്ചയും പെട്ടന്നായിരുന്നു. തൻ സ്ഥാപിച്ച എല്ലാ റെക്കോർഡുകളും മണിപ്പൂരിൽ നിന്നുമുള്ള ഒരു പെൺകുട്ടി തകർക്കുന്നത് കണ്ടു സാക്ഷാൽ കുഞ്ചറാണി തന്നെ മീരാഭായ് ചാനുവിനെ പരിശീലിപ്പിക്കാൻ എത്തി. പതിയെ ഇന്ത്യൻ കായികലോകം ആ പേര് മനഃപാഠമാക്കി.

കുഞ്ചറാണി

പ്രകടന മികവ് കൊണ്ടും, പ്രതിഭകൊണ്ടും ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ ഏറ്റവും പ്രതീക്ഷിച്ച മെഡൽ ഒരുപക്ഷെ വെയ്​റ്റ്​ലിഫ്​റ്റിങ്ങിൽ സായിഖോം മീരാഭായി ചാനുവിന്റേതാവും. തന്റെ ഭാരത്തിന്റെ നാലിരട്ടിയോളം വരുന്ന തൂക്കുകട്ടകൾക്കൊപ്പം 130 കോടിജനങ്ങളുടെ മുഴുവൻ പ്രതീക്ഷയും ഒന്നര മീറ്റർ മാത്രം ഉയരമുള്ള അവരുടെ ചുമലിൽ ആണെന്ന തിരിച്ചറിവിലാവാം ഒരു പക്ഷെ മീരാഭായ് ചാനു കഴിഞ്ഞദിവസം വെയ്​റ്റ്​ലിഫ്​റ്റിങ് അരീനയിൽ എത്തിയിട്ടുണ്ടാവുക. ചുവന്ന റിബൺ തലയിൽ വരിഞ്ഞുകെട്ടി, മൂന്ന് വർഷം മുൻപ് പണിയിച്ച "ഒളിമ്പിക്സ് - റിങ്' കമ്മലുകൾ അണിഞ്ഞു, മാറ്റിലേക്ക് ചുവട് വെക്കുമ്പോൾ അവരുടെ മനസ്സിൽ 2016 റിയോ ഒളിമ്പിക്സിന്റെ നിരാശ നിറഞ്ഞ മണിക്കൂറുകൾ തികട്ടിവന്നു കാണുമോ?

അന്നും ഏറെക്കുറെ സമാനമായിരുന്നു കാര്യങ്ങൾ, 2016 ൽ മീരഭായി ചാനുവിന് വെയ്​റ്റ്​ലിഫ്​റ്റിങ്​ മത്സരത്തിൽ വലിയ സാധ്യതയൊന്നുമില്ല എന്നതായിരുന്നു പൊതുവിലയിരുത്തൽ .എന്നാൽ ചൈനയുടെ ഒന്നാം നമ്പർ താരം മത്സരിക്കുന്നില്ല എന്നത് വൈകിയാണ് ലോകമറിയുന്നത്. അതോടെ ഇന്ത്യയുടെ പ്രതീക്ഷ പതിന്മടങ്ങു വലുതാവുകയായിരുന്നു. സാധാരണ റേഞ്ചിൽ മീരാഭായ് കാഴ്ചവെക്കുന്ന പ്രകടനം തന്നെ ഒരു മെഡലിന് വഴി തെളിയിക്കും എന്നതായിരുന്നു അതിന്റെ കാരണം. മത്സരത്തിന് മുന്നോടിയായി ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും, ഒളിമ്പിക്സ് പോലെയുള്ള വലിയ മത്സരത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെ, ഒന്ന് പൊരുതുക പോലും ചെയ്യാതെ മീരാഭായി പകച്ചു നിന്നു, തന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ ക്ലീൻ ആൻഡ് ജെർക്കിൽ മൂന്ന് അവസരങ്ങളിൽ ഒന്ന് പോലും ഉയർത്താനാവാതെ അവർ അമ്പേ പരാജയപ്പെട്ടു. ഇതുവരെ അവരുടെ ജീവിതത്തിൽ സംഭവിക്കാത്തത് അന്ന് സംഭവിച്ചു, ഒന്നിനും കരുത്തില്ലാതെ അവർ തളർന്നു നിന്ന് പോയി, അത്രക്കായിരുന്നു ഒരു ഇരുപത്തിയൊന്നുകാരിക്കുമേലെ രാജ്യമേൽപ്പിച്ച സമ്മർദ്ദം. അന്താരാഷ്ട്ര കായികമത്സരങ്ങളുടെ സമ്മർദങ്ങൾ ഇന്ത്യൻ കായികതാരങ്ങൾക്ക് താങ്ങാനാവുന്നതിനും അപ്പുറത്താണെന്ന് ഒരു പൊതുവിലയിരുത്തലുണ്ട്. ഒളിമ്പിക്സ് പോലെയുള്ള അഭിമാനമേളകളിൽ അത് ഏറെക്കുറെ സത്യവുമാണ് താനും. ലോക ഒന്നാം നമ്പർ ആയിരിക്കെ തന്നെ ഷൂട്ടിംഗ് ആർച്ചെറി പോലെയുള്ള ഇനങ്ങളിൽ നമ്മുടെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കാതെ പോകുന്നത് വലിയ പുതുമയുള്ള കാര്യമല്ല. മറ്റിനങ്ങളിലും തന്റെ ഏറ്റവും മികച്ച പ്രകടനത്തിന്റെ അടുത്ത് നിൽക്കുന്ന മികവ് കാഴ്ച്ച വെക്കാതെ നമ്മൾ പതറിപ്പോവുന്നതും സ്ഥിരമാണ്.

എല്ലാം തകർന്നു വെയ്​റ്റ്​ലിഫ്​റ്റിങ്​ അരീനയിൽ തകർന്നു നിന്നു ഒരു ഇരുപത്തിയൊന്നുകാരി. അറീനയിൽ നിന്ന്​ റൂമിലേക്ക് എത്തുംവരെ കരഞ്ഞു തീർത്തു മീര. മാനസികമായി അതിഭീകരമായരീതിയിൽ തളർന്ന അവർ സ്പോർട്സ് എന്നേക്കുമായി നിർത്തുവാൻ തീരുമാനിച്ചു. കഴിച്ച ഭക്ഷണമിറങ്ങാതെ, കുടിച്ച വെള്ളം ദാഹം തീർക്കുന്നതും തീർക്കാത്തതുമറിയാതെ എല്ലാം ഒഴിവാക്കി അവർ തന്റെ നാട്ടിലേക്ക് മടങ്ങി. നാട്ടിൽ ചെറിയ ചായക്കട നടത്തുന്ന അമ്മ ടോംബിദേവിയിൽ എല്ലാത്തിനും ഉത്തരമുണ്ടായിരുന്നു. "നീ ഒരു പോരാട്ടത്തിലാണെന്നും, മണിപ്പൂരിലേ പെണ്ണുങ്ങൾ പോരാട്ടങ്ങൾ പകുതിവഴിയിൽ നിർത്താറില്ലെന്നും' ആ ഗ്രാമീണ സ്ത്രീ മീരയെ ഉപദേശിച്ചു. ആ ഒരൊറ്റ തീപ്പൊരി മതിയായിരുന്നു സായിഖോം മീരാഭായ് ചാനു എന്ന "once in a generation' അത്‌ലറ്റ് എന്ന് സാക്ഷാൽ കുഞ്ചറാണി ദേവി വിശേഷിപ്പിച്ച പോരാളിക്ക് നീറി നീറി കത്താൻ. റിയോ ഒളിമ്പിക്സ് അവരെ പലതും പഠിപ്പിച്ചു. അനുഭവങ്ങളിൽനിന്നു പഠിക്കാനും മാറാനും അവർ തയ്യാറായി.

മീരാഭായ് ചാനു

അമേരിക്കയിൽ നടന്ന 2017 ലോകചാമ്പ്യൻഷിപ്പിൽ തന്റെ പ്രതിഭയെന്താണെന്നവർ വരഞ്ഞിട്ടു. ആ വരവിൽ ലോകറെക്കോർഡവർക്കു മുന്നിൽ തകർന്നു വീണു, ഒളിംപിക്‌സ്‌ലെ നാണക്കേടിന് ലോകചാമ്പ്യനായി മറുപടി. ഒളിമ്പിക് മെഡലിന് ബദലായി രാജ്യത്തിന് ലോകചാമ്പ്യൻഷിപ്പിൽ തങ്കപ്പതക്കം. 2018 കോമ്മൺവെൽത്ത് ഗെയിംസ് ആയിരുന്നു അടുത്ത പോരാട്ടം, അവിടെയും ഗെയിംസ് റെക്കോർഡ് തകർത്തു സ്വർണം. മീരാഭായ് ചാനു പറയാതെ പറയുകയായിരുന്നു "പെണ്ണുങ്ങൾ പോരാട്ടങ്ങൾ പകുതിവഴിക്ക് നിർത്താറില്ലത്രേ'

ടോക്കിയോ ഒളിംപിക് മാറ്റിൽ ചൈനീസ് താരത്തിന് പിന്നിൽ തന്റെ ഭാരത്തിന്റെ നാലിരട്ടിയിലധികം പൊക്കി, ക്ലീൻ ആൻഡ് ജെർക്കിൽ ഒളിമ്പിക് റെക്കോർഡ്ന്റെ ചാരുത നൽകി, വെള്ളി മെഡൽ നേടുമ്പോൾ അതെന്തൊരു വരവാണ്? പെൺജീവിതങ്ങളൊക്കെയും കഠിനമായ പോരാട്ടങ്ങളാണ്...ഒരിക്കൽ തോറ്റുപോയിടത്ത്, നിരാശ തന്ന നിമിഷങ്ങൾക്ക് ബദലായി അതേ വേദിയിൽ 130 കോടി ജനങ്ങളുടെ പ്രതീക്ഷാഭാരം കൂടി തോളിലേറ്റി, അഞ്ചുവർഷങ്ങൾക്കിപ്പുറം, ലോകം കീഴടക്കിയ നിൽപ്പുണ്ടല്ലോ... ശരീരത്തിലെ മുഴുവൻ ശക്തിയുമെടുത്തു 200കിലോയ്ക്ക് മുകളിൽ ഭാരം തൻറെ തോളിലെടുത്തു കഴിഞ്ഞാ ചിരിയുണ്ടല്ലോ... അത് മതി പൊരുതുന്ന പെണ്ണുങ്ങൾക്ക് പിന്നെയും പോരാടാൻ... പോരാടി വിജയിക്കാൻ...

അമ്മ ടോം ബി.ദേവിയോടൊപ്പം മീരാഭായി ചാനു

മണിപ്പൂരിലെ ഒരുൾനാടൻ ഗ്രാമത്തിലെ വിറക് ചുമക്കുന്ന പെൺകിടാവിൽ നിന്ന്, 22 കിലോമീറ്റർ അകലെയുള്ള പരിശീലനത്തിനു സൈക്കിളിലും, മണൽ ലോറിയിലും, വണ്ടിക്കൂലി ഉള്ള ദൂരം വരെ ബസിലും ബാക്കി ദൂരം നടന്നും താണ്ടിയ, ആഴ്ചയിൽ രണ്ടുനേരം മാത്രം മുട്ടയും ഇറച്ചിയും പാലും കഴിക്കുന്ന, കഷ്ട്ടപ്പാടിൽ പകുതി കാലൂന്നി നിൽക്കുന്ന ഗ്രാമീണയുവതിയിൽ നിന്ന് പോരാട്ടമല്ലാതെ നിങ്ങൾ എന്ത് പ്രതീക്ഷിച്ചു?

ജീവിതം തന്നെ ഒരർത്ഥത്തിൽ പോരാട്ടമാവുമ്പോൾ , മീരാഭായ് പൊരുതി നോക്കാതെ പോവുമെന്ന് കരുതിയോ? സ്വന്തം രാജ്യത്തു വംശീയമായ ചേരിതിരിവിന്റെ വെറുപ്പും മുൻവിധികളും ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത് വടക്കുകിഴക്കൻ ജനതയാണ്. 2014 ജനുവരി 29 നാണ് നിഡോ താനിയം എന്ന കുഞ്ഞു പയ്യനെ, അവന്റെ കണ്ണും മുഖവും മുടിയും "വ്യത്യസ്തമായതിനാൽ’ ഡെൽഹി ലജ്പത് നഗരിൽ ഇടിച്ചും തൊഴിച്ചും കൊന്നു കളഞ്ഞത്. കന്നഡ സംസാരിക്കാത്തതിനാൽ 2016 ലാണ് രണ്ടു മിസോറോം ചെറുപ്പക്കാരെ ബാംഗ്ലൂർ നഗരത്തിൽവെച്ച് അടിച്ചുകൊന്നത്.. ഗുർഗാവിൽ , നാഗാലാൻഡുകാരായ രണ്ടു വിദ്യാർത്ഥികളെ ക്രൂരമായ രീതിയിൽ മർദ്ദിച്ചത്തിന്റെ കാരണം അവർ ഇന്ത്യക്കാർ അല്ല എന്നതാണത്രെ.

വടക്കുകിഴക്കൻ ജനത, അപരവൽക്കരിക്കപ്പെട്ട സമൂഹം കൂടിയാണ്​. വടക്കു കിഴക്കൻ വനിതകൾ ഏറ്റവും മോശമായ രീതിയിലാണ് ചിത്രീകരിക്കപ്പെടാറ്​. മെട്രോകളിലും, ജോലിസ്ഥലങ്ങളിലും അവർ കടന്നുപോവുന്ന ക്രൂരമായ യാഥാർഥ്യങ്ങൾ സമാനതകളില്ലാത്തതാണ്.

സ്വന്തം രാജ്യത്ത് നിരന്തരം ഇന്ത്യക്കാർ ആണെന്ന് തെളിയിക്കേണ്ട ബാധ്യതയുള്ള, നല്ല താമസസ്ഥലമോ ജോലിയോ ലഭിക്കാത്ത, നിരന്തരം മാനസികവും ശാരീരികവുമായ കടന്നുകയറ്റങ്ങൾ ഏറ്റുവാങ്ങുന്ന ഒരിന്ത്യൻ ജനതയാണവർ. ഈ കോവിഡ് സമയത്തും ഏറ്റവും വംശീയ വിദ്വേഷം നേരിടേണ്ടി വന്നത് നോർത്ത് ഈസ്​റ്റുകാർ ആണെന്ന് സർക്കാരിന്റെ തന്നെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ടിലുണ്ടെന്ന് ഹിന്ദു ദിനപത്രം പറഞ്ഞത് ദിവസങ്ങൾക്കു മുൻപാണ്. വലിയ മത്സരങ്ങളുടെ സമ്മർദങ്ങളിൽ പേരുകേട്ട പല "ഇന്ത്യൻ മുഖങ്ങളും' പരാജയപ്പെട്ടിടത്തു ഒരു വടക്ക് കിഴക്കൻ വനിതാ തന്നെ വേണ്ടിവന്നു 2021 ഒളിംപിക്സിൽ ഇന്ത്യയുടെ മാനം കാക്കാൻ എന്നത് കാവ്യനീതിയല്ലാതെ മറ്റെന്ത്?

എൺപതുകളുടെ അവസാനം കുഞ്ചറാണിയും തൊണ്ണൂറുകളിൽ കർണം മല്ലേശ്വരിയും ഇന്ത്യൻ വെയ്​റ്റ്​ലിഫ്​റ്റിനു സമാനതകളില്ലാത്ത കുതിപ്പ് നൽകി. പുതിയ തലമുറയിലെ വനിതകൾക്കവർ ദിശാബോധം നൽകി. 2004 ഏഥൻസ് ഒളിമ്പിക്സ് കഴിഞ്ഞു ഇരുവരും വിരമിച്ചതിനു ശേഷം വനിതാ വെയ്​റ്റ്​ലിഫ്​റ്റിങ് നല്ല വാർത്തകളൊന്നും കണ്ടതേയില്ല. ഒരുപാട് പ്രതീക്ഷകൾ നൽകിയ പലരും മരുന്നടിക്കു പിടിക്കപ്പെട്ടു. ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ തുടർച്ചയായി അപമാനിക്കപ്പെട്ടു. .. സൈന നെഹ്‌വാൾ, പിവി സിന്ധു തുടങ്ങിയവരുടെ വരവോടെ ഇന്ത്യയിൽ ബാഡ്മിന്റൺ ബൂം ഉണ്ടായി, വനിതാ ക്രിക്കറ്റിൽ ഇന്ത്യ നേട്ടങ്ങൾ കൈവരിക്കാനും തുടങ്ങിയതൊക്കെയും ഒരു തരത്തിൽ വനിതാ വെയ്​റ്റ്​ലിഫ്​റ്റിങ്ങിൽ വൻ തിരിച്ചടിയാണുണ്ടാക്കിയത്. കഴിവുള്ള പലരും മറ്റു കായികയിനങ്ങളിലേക്ക് തിരിഞ്ഞു,... അത്തരമൊരു ചരിത്ര സന്ദർഭത്തിലാണ് സായിഖോം മീരാഭായി ചാനുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ... ഉസൈൻ ബോൾട്ട് ലോക അത്​ലറ്റിക്​സിന്​ നൽകിയ പുതുജീവൻ പോലെ മീരാഭായ് ചാനു ഇന്ത്യൻ വനിതാ വെയ്​റ്റ്​ലിഫ്​റ്റിങ്ങിന്​ പുത്തൻ ഉണർവും ദിശാബോധവും നല്കട്ടെ. വഴിവിളക്ക് പോലെ ഉയർന്നു പൊങ്ങി, തെളിഞ്ഞു കത്തട്ടെ.ഹരികുമാർ സി.

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റിയിൽ ഡിപ്പാർട്ടുമെൻറ്​ ഓഫ്​ കൊമേഴ്​സ്​ ആൻറ്​ മാനേജുമെൻറ്​ സ്​റ്റഡീസിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. സ്​പോർട്​സ്​ വിഷയങ്ങളിൽ പഠനം നടത്തുന്നു.

Comments