ഗുസ്തി ഫെഡറേഷന്റെ വിലക്ക് നീങ്ങി, മത്സരം കേന്ദ്രസർക്കാർ ഗോദയിലേക്ക്

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റിനെതിരെ സമരം നടത്തിയ ഇന്ത്യൻ താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവർക്കെതിരേ വിവേചനപരമായ നടപടിയുണ്ടാകരുതെന്ന് യുണൈറ്റഡ് വേൾഡ് റെസ്‍ലിങ് അസോസിയേഷൻ.

ഗുസ്തി മത്സരങ്ങളുടെ ആഗോള ഭരണസമിതിയായ യുണൈറ്റഡ് വേൾഡ് റെസ്‍ലിങ് അസോസിയേഷൻ, ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതോടെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ രാജ്യത്തെ ഗുസ്തി താരങ്ങൾക്ക് മത്സരിക്കാൻ അവസരമൊരുങ്ങി. ഇന്ത്യയിലെ ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താൻ ശ്രമിക്കാത്തതിനെ തുടർന്ന് 2023 ഓഗസ്റ്റ് 23 നാണ് വിലക്ക് ഏർപ്പെടുത്തുന്നത്. പുതിയ പ്രഖ്യാപനമനുസരിച്ച് ജൂലൈ ഒന്നിനുമുമ്പ് ഗുസ്തി ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് യുണൈറ്റഡ് വേൾഡ് റെസ്‍ലിങ് അസോസിയേഷൻ നിഷ്‌കർഷിച്ചിട്ടുള്ളത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ സ്വേച്ഛാധികാരപ്രയോഗങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കുമെതിരെ മുൻനിരഗുസ്തി താരങ്ങളായ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും രംഗത്ത് വന്നതോടെയാണ് ദേശീയ ഗുസ്തി ഫെഡറേഷനിൽ കാലങ്ങളായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പുറത്തായത്. ഒരു വർഷത്തോളം നീണ്ട ജനകീയ സമരത്തെ ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. സർക്കാറിനെ സംബന്ധിച്ച്, അഞ്ച് ലോകാസഭാ മണ്ഡലങ്ങളിൽ വ്യക്തമായ സ്വാധീനമുള്ള ബ്രിജ് ഭൂഷണിനെ തള്ളിപ്പറയുക എന്നത് അസാധ്യമായിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തെ കർഷക- സ്ത്രീ- പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളെല്ലാം ഏറ്റെടുത്തതോടെയാണ് ബ്രിജ് ഭൂഷണിനെ മാറ്റാൻ സർക്കാർ തയ്യാറായത്.

പക്ഷേ ബ്രിജ് ഭൂഷണിന് ഗുസ്തി ഫെഡറേഷനിലുള്ള സേഛ്വാധിപത്യം ഉറപ്പു വരുത്തുന്ന രീതിയിലായിരുന്നു കഴിഞ്ഞ വർഷം നടന്ന പുതിയ ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഫലം. പ്രസിഡന്റായി ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനായ സഞ്ജയ് കുമാർ സിങ്ങിനെയാണ് തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് നടന്ന 15 പോസ്റ്റുകളിൽ 13- ലും ബ്രിജ് ഭൂഷന്റെ വിശ്വസ്തർ തന്നെയായിരുന്നു വിജയിച്ചത്.

ഇതോടെ ഒരു വർഷം നീണ്ട പ്രക്ഷോഭങ്ങൾക്ക് ഒരു ഫലവുമുണ്ടാക്കാനായില്ല എന്ന നിരാശയിൽ ഗുസ്തി താരങ്ങൾ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ദേശീയ പുരസ്‌കാരങ്ങൾ തിരിച്ചേൽപ്പിക്കുകയും ചെയ്തു. ഗുസ്തി താരങ്ങളുടെ ചെറുത്തുനിൽപ്പിനൊപ്പം പൗരസമൂഹവും കൂടി ചേർന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെ, പുതിയ ഗുസ്തി ഫെഡറേഷനെ താൽക്കാലികമായി പിരിച്ചുവിടുന്നതായി കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. ജൂനിയർ വിഭാഗത്തിലുള്ള ദേശീയ മൽസരങ്ങൾ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചുവെന്നാണ് സസ്‌പെൻഷന് കാരണമായി കായിക മന്ത്രാലയം പറഞ്ഞിരുന്നെങ്കിലും പൊതുജനരോഷം തന്നെയാണ് ഈ നാടകീയ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു.

പുതിയ ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് അഞ്ച് മാസത്തിനുള്ളിൽ നടത്തണമെന്ന് യുണൈറ്റഡ് വേൾഡ് റെസ്‍ലിങ് അസോസിയേഷൻ കർശനമായി പറഞ്ഞതോടെ താൽക്കാലികമായി പിരിച്ചുവിടപ്പെട്ട സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷന്റെ കാര്യത്തിൽ എന്തുതീരുമാനമാണ് സർക്കാർ എടുക്കാൻ പോകുന്നതെന്നതാണ് അറിയാനുള്ളത്. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബ്രിജ് ഭൂഷണെ സംരക്ഷിച്ചും ജനവികാരം എതിരാകാതെയുമുള്ള തീരുമാനമെടുക്കുകയെന്നത് കേന്ദ്ര സർക്കാറിനുമുന്നിലെ വെല്ലുവിളിയാണ്.

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങും സഞ്ജയ് കുമാർ സിങും

യുണൈറ്റഡ് വേൾഡ് റെസ്‍ലിങ് അസോസിയേഷന്റെ പ്രഖ്യാപനത്തോടെ പിരിച്ചുവിടപ്പെട്ട കമ്മിറ്റിയെ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ഫെഡറേഷൻ പ്രസിഡന്റായ സഞ്ജയ് സിങ്. ഇന്ത്യൻഗുസ്തിക്ക് അനുകൂലമായ ചുവടുവെപ്പാണ് ഈ പ്രഖ്യാപനമെന്നും ഫെഡറേഷന്റെ താൽകാലിക സസ്‌പെൻഷനുമായി ബന്ധപ്പെട്ട് സർക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്നുമാണ് സഞജയ് സിങ് പറയുന്നത്. ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കുള്ള സെലക്ഷൻ ട്രയലുകളുടെ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്നും സിങ് പറയുന്നുണ്ട്.

അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് ഡബ്‌ള്യു.എഫ്. ഐയുടെ ചുമതല. വുഷു അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഭൂപേന്ദർ സിംഗ് ബജ്വ, മുൻ ഹോക്കി ഒളിമ്പ്യൻ എം.എം. സോമയ, മുൻ അന്താരാഷ്ട്ര ഷട്ടിൽ മഞ്ജുഷ കൻവാർ എന്നിവരടങ്ങുന്ന മൂന്നംഗങ്ങളാണ് അഡ്ഹോക്ക് കമ്മിറ്റിയിലുള്ളത്. ഐ.ഒ.എയുടെയും കായിക മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾക്കുശേഷം തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഭൂപേന്ദർ സിംഗ് ബജ്വ അറിയിച്ചത്.

ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിനിടെ വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, സാക്ഷിമാലിക് എന്നിവർ

2024 ജുലൈ ഒന്നിന് മുമ്പുതന്നെ തിരഞ്ഞെടുപ്പ് നടത്തി അന്തീമ തീരുമാനമെടുക്കണം. ദേശീയ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് അവലോകനം ചെയ്യുന്നതിന് ഫെബ്രുവരി ഒമ്പതിന് ചേർന്ന യുണൈറ്റഡ് വേൾഡ് റെസ്‍ലിങ് അസോസിയേഷൻ യോഗത്തിൽ, എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്. സമരം നടത്തുന്ന ഗുസ്തി താരങ്ങളെ പിന്തുണക്കുന്ന രീതിയിലുള്ള വ്യവസ്ഥകളും യുണൈറ്റഡ് വേൾഡ് റെസ്‍ലിങ് അസോസിയേഷന്റെ നിർദേശങ്ങളിലുണ്ട്.

  • ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽമത്സരിക്കുന്നവർ സജീവ അതല്റ്റുകളോ നാല് വർഷത്തിനുള്ളിൽ വിരമിച്ചവരോ ആയിരിക്കണമെന്നും വോട്ടർമാർ അത്‌ലറ്റുകളായിരിക്കണമെന്നും വ്യവസ്ഥയിലുണ്ട്.

  • ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റിനെതിരെ സമരം നടത്തിയ ഇന്ത്യൻ താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവർക്കെതിരേ വിവേചനപരമായ നടപടിയുണ്ടാകരുതെന്ന് പ്രത്യേക നിർദ്ദേശം.

  • ദേശീയ ഗുസ്തി ഫെഡറേഷനു കീഴിൽ വരുന്ന എല്ലാ മത്സരങ്ങളിലും ഒളിമ്പിക്സ് അടക്കമുള്ള പ്രധാന ദേശീയ- അന്തർദേശീയ മത്സരങ്ങൾക്കുമുള്ള ട്രയൽസിൽ എല്ലാ താരങ്ങൾക്കും വിവേചനമില്ലാതെ പങ്കാളിത്തമുണ്ടാകുമെന്ന ഉറപ്പ് രേഖാമൂലം നൽകണം.

വിലക്ക് നീങ്ങിയതിനോടൊപ്പം, യുണൈറ്റഡ് വേൾഡ് റെസ്‍ലിങ് അസോസിയേഷന്റെ വ്യവസ്ഥകൾ പാലിക്കാനും കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ്. ബ്രിജ് ഭൂഷണിനെതിരായ കേസിന്റെ വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കെ, ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ, കേന്ദ്രസർക്കാർ ഈ വിഷയത്തിൽ എന്തു തീരുമാനമാണ് എടുക്കാൻപോകുന്നതെന്നാണ് അറിയാനുള്ളത്.

Comments