ഗുസ്തി താരങ്ങളുടെ സമരവീര്യത്തില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍

സാക്ഷി മാലിക്കും കൂട്ടരും നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ബ്രിജ് ഭൂഷണിന്റെ താൻപോരിമക്ക് മുമ്പിൽ ഇത്രയും കാലം നിശബ്ദരായിരുന്ന കേന്ദ്ര സർക്കാരിനെ കൊണ്ടെടുപ്പിച്ച ഈ തിരുത്ത് ചരിത്രത്തിലെ ഒരു വലിയ അധ്യായമാണ്.

ദേശീയ ഗുസ്തി അസോസിയേഷൻ പ്രസിഡന്റടക്കമുള്ളവർ താരങ്ങളെ ലൈംഗികമായി അതിക്രമം ചെയ്ത സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നീണ്ട ഒരു വർഷമായി സമരത്തിൽ തുടരുന്ന ദേശീയ ഗുസ്തി താരങ്ങൾക്ക് മുമ്പിൽ ഒടുവിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. ഇക്കഴിഞ്ഞ ഡിസംബർ 21 ന് നടത്തിയ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുളള പുതിയ ഭരണസമിതിയെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു.

ജൂനിയർ വിഭാഗത്തിലുള്ള ദേശീയ മൽസരങ്ങൾ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചുവെന്നാണ് സസ്പെൻഷൻ കാരണമായി കായിക മന്ത്രാലയം കാരണം പറയുന്നതെങ്കിലും ലൈംഗിക ആരോപണം നേരിട്ട പഴയ അധ്യക്ഷൻ ബ്രിജ് ഭൂഷണിന്റെ അനുയായിയായ സഞ്ജയ് സിങ്ങിനെ തന്നെ വീണ്ടും ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചതിന് പിന്നാലെ കായിക മേഖലയിൽ നിന്നുമുണ്ടായ അപ്രതീക്ഷിത പ്രതിഷേധങ്ങളാണ് ഇപ്പോഴുണ്ടായ നടപടിയുടെ യഥാർത്ഥ കാരണമെന്ന് വ്യക്തമാണ്.

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ

ഒളിമ്പിക്സ് മെഡൽ ജേതാവായ സാക്ഷി മാലിക്കിന്റെ വിരമിക്കൽ പ്രഖ്യാപനവും ബധിര ഒളിമ്പിക്സ് മെഡൽ ജേതാവായ വീരേന്ദ്രർ സിങ്ങും ബജ്രംഗ് പൂനിയയും പത്മശ്രീ ഉപേക്ഷിച്ചതടക്കമുള്ള പ്രതിഷേധവും രാജ്യത്ത് വലിയ ഭരണകൂട വിരുദ്ധ പ്രതികരണമാണുണ്ടാക്കിയത്. അതോടൊപ്പം പുതിയ ഭരണ സമിതി നിലവിൽ വന്ന ഉടനെ തന്നെ ലൈംഗിക ആരോപണം നേരിട്ട ബ്രിജ്ഭൂഷന്റെ തന്നെ നാടായ ഗോണ്ടയിലെ നന്ദിനി നഗറിൽ വെച്ച് ദേശീയ ഗുസ്തി ജൂനിയർ നാഷണൽ മീറ്റ് നടത്താൻ തീരുമാനമെടുത്തത് രാജ്യത്തിന് അഭിമാനമായ താരങ്ങളെ അപമാനിക്കലാണെന്ന പ്രതികരണം രാജ്യം മുഴുവനുമുണ്ടായി. സമരത്തിന് മുന്നിലുണ്ടായിരുന്ന ഗുസ്തി താരങ്ങളും ഇതിനെ ശക്തമായി വിമർശിച്ചു.

‘ജനുവരി 28 ന് പുതിയ ഭരണസമിതി ബ്രിജ് ഭൂഷണിന്റെ നാട്ടിൽ ജൂനിയർ മീറ്റ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ആ പെൺകുട്ടികളുടെ സുരക്ഷയിൽ എനിക്ക് ആശങ്കയുണ്ട്. കാരണം അത്തരം ഭീകരമായ ഒരു സാഹചര്യത്തിലേക്കാണ് ആ കുട്ടികൾ എടുത്തെറിയപ്പെടുന്നത്. അവരെ ആര് രക്ഷിക്കുമെന്നറിയില്ല.’ സാക്ഷി മാലിക്ക് എക്സ് ഹാൻഡിലിൽ ഈ കുറിപ്പിട്ടതിന്റെ അടുത്ത മണിക്കൂറിലാണ് കേന്ദ്ര കായിക മന്ത്രാലയം പുതിയ ഭരണ സമിതിയെ സസ്പെൻഡ് ചെയ്തത്.

ദേശീയ ഗുസ്തി അസോസിയേഷൻ തിരഞ്ഞെടുപ്പും ശേഷമുണ്ടായ സംഭവ വികാസങ്ങളും

ഗുസ്തി അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജയ് സിങാണെങ്കിലും അവരോധിക്കപ്പെട്ടത് ബ്രിജ്ഭൂഷൺ തന്നെയായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബർ 20-നാണ് രാജ്യത്തെ കായിക രംഗത്തെ പരമോന്നത ബഹുമതിയായ ധ്യാൻചന്ദ് ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്‌കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ അതിന്റെ തൊട്ടടുത്ത ദിവസം തന്നെ നീണ്ട ഒരു വർഷമായി നീതിക്ക് വേണ്ടി തെരുവിൽ സമരം ചെയ്ത് കൊണ്ടിരുന്ന, ഒളിമ്പിക്സ് വേദിയിൽ വരെ രാജ്യത്തിന്റെ അഭിമാന താരങ്ങളായ ഗുസ്തി താരങ്ങളെയും മറി കടന്ന്, അവർക്ക് നൽകിയ ഉറപ്പ് ലംഘിച്ച് ആരോപണ വിധേയരായവരെ തന്നെ ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് നിയോഗിച്ച സംഭവവുമുണ്ടാവുന്നത്. ശേഷം അതിൽ പ്രതിഷേധിച്ച് സമര നേതൃത്വത്തിലുണ്ടായിരുന്ന ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്ക് മാധ്യമങ്ങൾക്ക് മുന്നിൽ ഷൂ അഴിച്ച് വെച്ച് ഗോദയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി.

തുടർന്ന് മുൻ വർഷങ്ങളിൽ പത്മശ്രീ പുരസ്കാരങ്ങൾ നേടിയ താരങ്ങൾ തങ്ങൾക്ക് രാജ്യം നൽകിയ ബഹുമതികൾ തിരിച്ചു നൽകുകയാണെന്ന് പ്രഖ്യാപിച്ചു. സമര നിരയിലുണ്ടായിരുന്ന ബംജ്റംഗ് പൂനിയ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ തന്നെയെത്തി ഒരിക്കൽ താൻ അഭിമാനത്തോടെ ഏറ്റ് വാങ്ങിയ രാജ്യത്തിന്റെ പത്മശ്രീ പുരസ്കാരം അങ്ങേയറ്റം വേദനയോടെയും നിരാശയോടെയും ഫൂട്ട്പാത്തിൽ ഉപേക്ഷിച്ചു.

പ്രസ്സ് മീറ്റിങ്ങിനിടെ സാക്ഷി മാലിക്ക്,വിനേഷ് ഫോഗട്ട്,ബംജ്റംഗ് പൂനിയ

കായിക മേഖലയിൽ നിന്നും മറ്റ് മേഖലകളിൽ നിന്നും ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യ പ്രതികരണങ്ങളുണ്ടായി. എന്നാൽ മൂന്ന് ദിവസങ്ങൾക്കിപ്പുറവും വിഷയത്തെ കുറിച്ച് പ്രതികരിക്കാനോ പ്രതിഷേധത്തെ നോക്കി കാണാനോ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ അടക്കമുള്ള അധികാരികൾ തയ്യാറായിരുന്നില്ല. ഖേലോ ഇന്ത്യ എന്ന വാചകമടി തുടരുമ്പോയും പെൺകുട്ടികളാണ് രാജ്യത്തിന്റെ സമ്പത്ത് എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി വീമ്പിളക്കുമ്പോഴും ഈ ഭരണകൂടത്തിന്റെ കീഴിൽ കായിക മേഖലയും സ്ത്രീകളും എത്രമാത്രം സുരക്ഷിതരാണ് എന്ന വലിയ ചോദ്യമുയർന്നു. വരും ദിവസങ്ങളിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് താരങ്ങൾ പറഞ്ഞു.

ഈ ഒരു പശ്ചാത്തലത്തിലാണ് കായിക മന്ത്രാലയത്തിൽ നിന്നും ഇത്തരമൊരു നിർബന്ധിത പ്രസ്താവനയുണ്ടാകുന്നത്. ഇത് വരെയും തൊടാൻ ഭയന്ന ബ്രിജ്ഭൂഷണിനെ ഒന്ന് നോക്കുകയെങ്കിലും ചെയ്യാൻ കായിക മന്ത്രാലയം തുനിഞ്ഞത്. നീണ്ട ഒരു വർഷ കാലത്തോളമായി വലിയ പ്രതിഷേധങ്ങളുണ്ടായിട്ടും ഇത് വരെയും മുട്ട് മടക്കാൻ തയ്യാറാവാതിരുന്ന കേന്ദ്ര ഭരണകൂടത്തിൽ 2024-ൽ ദേശീയ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് ഒരു ബഹുജന സമരമായി അപകടം വിതക്കുമോ എന്ന ഭയം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. അത്രമാത്രം ഏകാധിപത്യപരമായി പാർലമെന്റിലടക്കം പ്രതിഷേധ ശബ്ദങ്ങളെ വിലക്കുന്ന വിശേഷ കാലത്ത് പ്രതേകിച്ചും അതിൽ ജനാധിപത്യപരമായ ആശ്വാസമുണ്ട്. അന്താരാഷ്ട്ര താരങ്ങൾ തങ്ങളുടെ രാജ്യത്ത് നടത്തിയുള്ള അടിസ്ഥാന നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാണത്. ലോകം അതിനെ കാണുകയും ഇടപ്പെടുകയും ചെയ്തത് ആ രീതിയിൽ കൂടിയാണ്.

ബംജ്റംഗ് പൂനിയ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ ഫൂട്ട് പാത്തിൽ പത്മശ്രീ പതക്കം ഉപേക്ഷിക്കുന്നു

ഗുസ്തി താരങ്ങളുടെ പോരാട്ട സമരചരിത്രവും സാധ്യതകളും റിയോയിലെ സാക്ഷി നിമിഷങ്ങൾ

2016 ബ്രസീലിലെ റിയോ ഒളിമ്പിക്സിന്റെ ഗുസ്തി വേദി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഹരിഹാനയിലെ റോത്തക്കിൽ നിന്നുള്ള സാക്ഷി മാലിക്കും കസാഖിസ്താന്റെ എസാനുവും വെങ്കല മെഡലിന് വേണ്ടി പരസ്പരം മൽസരിക്കുന്നു. സാക്ഷിയേക്കാൾ ആ മൽസരത്തിൽ വിജയ സാധ്യത കൽപ്പിച്ചിരുന്നത് ഉയരം കൊണ്ടും ആകാരം കൊണ്ടും മുൻതൂക്കം ഉണ്ടായിരുന്ന എസാനുവിനായിരുന്നു. ഗോദാ റിങ്ങിലെ മൽപിടിത്തത്തിൽ ഇത്തരം ഫാക്റ്ററുകൾ മറ്റ് മൽസരങ്ങളിലേക്കാൾ പ്രധാനവുമാണ്. മൽസരത്തിന്റെ ആദ്യ പകുതിയായ മൂന്ന് മിനുട്ടുകളിൽ സാക്ഷി 5-0 ന് പിന്നിലായിരുന്നു.

ഏഷ്യൻ ചാമ്പ്യൻ കൂടിയായിരുന്ന എസാനു തുടർച്ചയായി റിങ്ങിന് പുറത്തെ സർക്കിളിലേക്ക് സാക്ഷിയെ തള്ളി കൊണ്ട് വന്ന് മലർത്തിയടിച്ചു. രണ്ടാം പകുതിയുടെ അവസാന ഒരു മിനുട്ടിലേക്ക് മൽസരമെത്തുമ്പോഴും സ്കോർ ബോർഡിൽ സാക്ഷി അഞ്ച് പോയിന്റ് വ്യത്യാസത്തിൽ പിന്നിലാണ്. എന്നാൽ അഞ്ചാം മിനുട്ടിലെ അവസാന സെക്കൻഡുകളിൽ ഒരു റാപ്പിഡ് റിട്ടേൺ അറ്റംറ്റ് കൊണ്ട് വന്ന് തുടർച്ചയായി രണ്ട് തവണ രണ്ട് പോയിന്റ് നേടി ഇന്ത്യൻ താരം. ശേഷം ഒരു ഡെയ്ഞ്ചർ പൊസിഷനിൽ നിന്നും എതിർ താരത്തിന്റെ കാലിലേക്ക് വീണ് കറക്കിയെടുത്ത് ശേഷിച്ച ഒരു ലീഡ് കൂടി മറികടന്ന് മൽസരത്തിൽ എതിരാളിക്ക് ഒപ്പമെത്തുന്നു.

2016 റിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ ശേഷം സാക്ഷി മാലിക്ക് ത്രിവർണ്ണ പതാകയുമായി

വിസിൽ വിളിക്കാൻ മുപ്പത് സെക്കൻഡ് മാത്രമാണ് അപ്പോൾ ബാക്കിയുള്ളത്. മൽസരം അവസാന പത്ത് സെക്കൻഡിലേക്കെത്തുമ്പോൾ ഗോദയിലെ ദൃശ്യം എസാനു സാക്ഷിയുടെ മേലെ മുട്ടിൽ കുത്തിനിന്ന് സാക്ഷിയുടെ കാൽ നിവർത്തി അടുത്ത രണ്ട് പോയിന്റ് കൂടി നേടി വിജയം നേടാനുള്ള ശ്രമമാണ്. ഞൊടിയിടയിൽ ഒഴിഞ്ഞു മാറിയെണീറ്റ് എസാനുവിന്റെ പിറകിൽ പിടിച്ച് വീഴ്ത്തിയ സാക്ഷിക്ക് റഫറി കളി തീർന്ന അവസാന സെക്കൻഡിൽ രണ്ട് പോയിന്റ് കൂടി നൽകുന്നു. സ്ക്രീനിലെ വിഷ്വൽ ചെക്കിങ്ങിന് അപ്പീൽ ചെയ്ത എതിർതാരത്തിന്റെ റിവ്യു പരിഗണിച്ച റഫറി ബെഞ്ച് വിഷ്വൽ ചെക്കിന് ശേഷം ആ അവിശ്വസനീയ റൈഡിന് ഒരു പോയിന്റ് എക്സ്ട്രാ കൂടി കൊടുക്കയാണുണ്ടായത്.

ആറ് മിനിറ്റിന്റെ മൽസരം അവസാന പത്ത് സെക്കൻഡിൽ തിരിച്ചു പിടിച്ച സാക്ഷി, ഇന്ത്യൻ പതാകയിൽ ആനന്ദ കണ്ണീരോടെ റസ്ലിങ് റിങ്ങിൽ മുഖമമർത്തി ഒളിമ്പിക് വേദിയിലെ ഗുസ്തി റിങ്ങിൽ നിന്നും ആദ്യ മെഡൽ വാങ്ങുന്ന വനിതയെന്ന ചരിത്ര നിമിഷത്തെ ആഘോഷിച്ചു. കോച്ചിന്റെ തോളിൽ കയറി നിന്ന് തന്റെ തോളിൽ ത്രിവർണ്ണ പതാക പാറി പറപ്പിച്ചു. ഗാലറിയിൽ കണ്ട് നിന്നവരും ലൈവ് സ്ട്രീമിൽ കണ്ടവരും ഒരുപോലെ കരാഘോഷത്തോടെ അതിനെ വരവേറ്റു. സാക്ഷി രാജ്യത്തിന്റെ അഭിമാനമായും രാജ്യത്തിന്റെ പുത്രിയായും വാഴ്ത്തപ്പെട്ടു.

കസാഖിസ്താന്റെ എസാനുവുമായുള്ള വെങ്കല പോരാട്ടത്തിനിടെ സാക്ഷി

ശേഷം ഗോദ ജന്തർ മന്ദറിൽ

ചരിത്രത്തിൽ ഒരുപാട് ഐതിഹാസിക സമരങ്ങൾക്ക് സാക്ഷിയായ പോർക്കളമാണ് ദൽഹിയിലെ ജന്തർ മന്ദർ. കർഷക സമരത്തിന് ശേഷം കഴിഞ്ഞ പതിറ്റാണ്ടിൽ രാജ്യം കണ്ട ധീരമായ പോരാട്ട സമരമായിരുന്നു ഗുസ്തി താരങ്ങളുടേത്. ജനുവരി 18 മുതലാണ് ലക്നൌവിലെ ദേശീയ ഗുസ്തി ക്യാമ്പിൽ വെച്ച് താരങ്ങളെ ലൈംഗികമായി അതിക്രമിച്ചുവെന്ന പരാതിയുമായി ദേശീയ ഗുസ്തി താരങ്ങൾ സമരം തുടങ്ങിയത്. ദേശീയ ഗുസ്തി അസോസിയേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ അടക്കം ഭാരവാഹികളും പരിശീലകരും പ്രതിസ്ഥാനത്തുണ്ടായിരുന്നു. ഇരയാക്കപ്പെട്ട താരങ്ങളിൽ പ്രായപൂർത്തിയായാവാത്ത ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. ഒളിമ്പിക്സ്, കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, ബംജരംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

തുടക്കം മുതൽ എല്ലാ സംവിധാനങ്ങളോടെയും സമരം അട്ടിമറിക്കാൻ  നോക്കിയ അധികാരികൾക്കെതിരെ എതിരാളികളെ ഗോദയിൽ നേരിടുന്ന പോലെ അവർ പ്രതിരോധിച്ചു നിന്നു. മറ്റ് മാർഗങ്ങളില്ലാതെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെയും ദേശീയ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷയുടെയും നേത്രത്വത്തിൽ താരങ്ങളുമായി ചർച്ച നടത്തുകയും ശേഷം വിഷയം പഠിക്കാൻ ഇന്ത്യയുടെ ലോക വനിതാ ബോക്സിങ് താരം മേരികോമിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാന മന്ത്രിയടക്കമുള്ളവർ നൽകിയ ഉറപ്പിൽ സമരം തൽകാലത്തേക്ക് അവസാനിപ്പിച്ചു.

ജന്തർ മന്ദറിലേ സമരം

മെയ് 30 ഹരിദ്വാർ

വിഷയം പഠിച്ച് ദിവസങ്ങൾക്കകം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല. മേരികോമിന്റെ നേതൃത്വത്തിൽ സമിതി തയ്യാറാക്കിയ വിദഗ്ധ റിപ്പോർട്ട് മൂന്ന് മാസങ്ങൾക്ക് ശേഷവും പുറത്ത് വന്നില്ല. ഈ വിഷയത്തിൽ കേന്ദ്ര ഭരണ സംവിധാനങ്ങൾക്ക് മേലെയും പറക്കുകയായിരുന്നു ബ്രിജ് ഭൂഷൺ എന്ന വേട്ടക്കാരൻ. പ്രധാനമന്ത്രിയുമായി താരങ്ങൾ നടത്തിയ ചർച്ചയിലെ സുപ്രധാന വിവരങ്ങൾ പോലും ബ്രിജ്ഭൂഷണിന് ചോർത്തി കിട്ടി. പരാതി നൽകിയ 19 പേരിൽ 12 പേർ ബ്രിജ്ഭൂഷണിന്റെ ബാഹ്യ ഇടപെടലിൽ പരാതി പിൻവലിച്ചു. തന്റെ പേരിലുള്ള പോക്സോ കേസ് പിൻവലിക്കാൻ പോക്സോ പ്രായ പരിധി കുറയ്ക്കുന്നത് ആലോചിക്കുന്നുണ്ടെന്ന് മുഴുവൻ ജനാധിപത്യ നീതി വ്യവസ്ഥകളെയും പരിഹസിച്ച് പൊതുമധ്യത്തിൽ അയാൾ സംസാരിച്ചു. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തും എന്ന താരങ്ങൾക്ക് നൽകിയ ഉറപ്പ് നിലനിൽക്കുമ്പോൾ തന്നെ എല്ലാത്തിനെയും മറികടന്ന് നാഷണൽ ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തും അധികാര സമൂഹത്തിൽ അയാൾ പഴയതിനേക്കാൾ ശക്തിയിൽ നിലനിന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഏപ്രിൽ 23 ന് ഗുസ്തി താരങ്ങൾ വീണ്ടും സമരം പുനരാരംഭിക്കുന്നത്. എന്നാൽ ജനുവരിയിലെ തുടക്ക സമയത്തെ സമരത്തിന് വിഭിന്നമായി ശക്തമായ സമരമാണ് താരങ്ങൾ നടത്തിയത്. നൂറോളം കായിക താരങ്ങൾ ഒരുമിച്ചെത്തെത്തി. ദൽഹിയിലെ രാജ്യത്തെ ഏറ്റവും ചുട്ട് പൊള്ളുന്ന ചൂടിൽ നാല്പത് ദിവസം രാത്രിയും പകലും റോഡിൽ കിടന്നാണ് അവർ രാജ്യത്തെ ഈ വിഷയത്തിൽ അഭിസംബോധന ചെയ്യുന്നത്. അങ്ങനെ ഗുസ്തി താരങ്ങൾ ലോകത്തിന്റെ ശ്രദ്ധ ജന്തർ മന്ദറിലേക്കെത്തിച്ചു. കർഷകകരും വിവധ സംഘടനകളും പിന്തുണയുമായി ദൽഹിയിലെത്തി. വേൾഡ് റെസ്ലിങ് ഓർഗനൈസേഷനും വേൾസ് ഒളിമ്പിക്സ് കമ്മറ്റിയും ഇടപെട്ടു.

സാക്ഷി മാലിക്കിനെ വലിച്ചിഴച്ച് കൊണ്ട് പോകുന്നു

എന്നാൽ ലോക വേദികളിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ താരങ്ങളെ ഫെഡറേഷന്റെ വ്യക്തി താല്പര്യത്തിന് വേണ്ടി തല്ലിചതക്കുകയാണ് ഭരണകൂടവും പോലീസും ചെയ്തത്. സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൂനിയയെയും റോഡിലൂടെ വലിച്ചിഴച്ചു. നീതിക്കായുള്ള പോരാട്ടത്തിൽ തെരുവിൽ അവരുടെ കണ്ണീര് വീണു. ഇതിൽ പ്രതിഷേധിച്ച് ചെങ്കോലുമായി രാജ്യത്തിന്റെ പ്രധാന മന്ത്രി പാർലമെന്റിൽ പട്ടാഭിഷേകം നടത്തുന്ന ദിവസം (പുതിയ പാർലമെന്റ് ഉദ്ഘാടന ദിനം) അവർ പാർലമെന്റിലേക്ക് മാർച്ച് നടത്തി. ആസൂത്രിതമായ അടിച്ചമർത്തലുകൾ പോലീസിന്റെ ഭാഗത്ത് നിന്ന് അവിടെയുമുണ്ടായി.

കരിയറിൽ നീണ്ട ഇടവേളക്ക് കാരണമായേക്കാവുന്ന കൊടിയ മർദനങ്ങൾ താരങ്ങൾക്ക് നേരെയുണ്ടായി. രാജ്യത്തിന്റെ അഭിമാന താരങ്ങളെ അപമാനകരമായ രീതിയിൽ നേരിട്ടതിന് രാജ്യത്ത് പ്രതിഷേധങ്ങളുണ്ടായി. ഇത്രയും കാലം തങ്ങളുടെ സമർപ്പിത അദ്ധ്വാനത്തിനും സംഭാവനക്കും ഒരു വിലയും നൽകാത്ത ഭരണകൂടത്തിന്റെ മനോഭാവത്തിൽ അങ്ങേയറ്റം മനം മടുത്ത് ഈ കാലയളവുകളിൽ അവർ നേടിയ മെഡലുകളെല്ലാം ഗംഗയിൽ ഒഴുക്കി കളയാൻ അവർ തീരുമാനിച്ചു. വിതുമ്പിയ കണ്ണുമായി താൻ ഇത്രയും കാലം നേടിയ മെഡലുകളെല്ലാം ബോക്സിലെടുത്ത് നെഞ്ചോട് ചേർത്ത് നിസ്സാഹനയായി നിൽക്കുന്ന സാക്ഷി മാലിക്കിന്റെ ദൃശ്യം മാധ്യമങ്ങളില്‍ നിറ‍ഞ്ഞു.

വിതുമ്പിയ കണ്ണുമായി താൻ ഇത്രയും കാലം നേടിയ മെഡലുകളെല്ലാം ബോക്സിലെടുത്ത് നെഞ്ചോട് ചേർത്ത് നിസ്സാഹനയായി നിൽക്കുന്ന സാക്ഷി മാലിക്കിന്റെ ദൃശ്യം മാധ്യമങ്ങളില്‍ നിറ‍ഞ്ഞു.

കാലങ്ങൾ ഒരുപാട് മുമ്പ് വർണ്ണ വെറിയിൽ പ്രതിഷേധിച്ച് ഓഹിയോ നദിയിലേക്ക് താൻ നേടിയ സുവർണ്ണ മെഡൽ വലിച്ചെറിഞ്ഞ ലോകം കണ്ട എക്കാലത്തെയും വിഖ്യാത ബോക്സർ മുഹമ്മദ് അലിയെ അതെ കാലം പിന്നീട് അതെ ഒളിമ്പിക്സ് വേദിയിൽ മെഡൽ തിരിച്ചു നല്കി മാപ്പ് പറഞ്ഞതാണ് ചരിത്രം. ആ ചരിത്രം മൂന്നിലുണ്ടായിട്ടും അങ്ങനെ ഒരു ശ്രമത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. മെഡൽ വലിച്ചെറിഞ്ഞാൽ നിങ്ങൾക്ക് നഷ്ടമെന്നാണ് കേന്ദ്ര കായിക മന്ത്രി അതിനോട് പ്രതികരിച്ചത്. ലോകത്തിന് മുന്നിൽ താരങ്ങൾ രാജ്യത്തെ താഴ്ത്തികെട്ടാൻ ശ്രമിക്കുന്നുവെന്നാണ് അപക്വമായ ഭാഷയിൽ രാജ്യത്തിന്റെ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റായ മലയാളി കൂടിയായ പി. ടി ഉഷ അന്ന് പറഞ്ഞത്.

ആ സമയത്ത് കർഷകരാണ് ഗംഗയിലേക്ക് മെഡൽ ഒഴുക്കുന്നപോലൊരു വൈകാരിക തീരുമാനം ഉടൻ എടുക്കരുതെന്നും പ്രശ്നപരിഹാരത്തിന് മുന്നിൽ നിൽക്കാമെന്ന് പറഞ്ഞ് കേന്ദ്ര സർക്കാറിന്റെ ഉറപ്പ് വാങ്ങിയെടുത്ത് സംയമനത്തിലെത്തിക്കുന്നത്. പിന്നീട് ബ്രിജ്ഭൂഷണെ പ്രതിചേർത്ത് കുറ്റപത്രമുണ്ടാക്കുകയും ബ്രിജ്ഭൂഷണോ അദ്ദേഹത്തിന്റെ അനുയായികളോ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അസോസിയേഷന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുമെന്നും കേന്ദ്ര സർക്കാർ വാക്ക് നൽകി. ഏറ്റവും ഒടുവിൽ താരങ്ങൾക്ക് കൊടുത്ത ആ ഉറപ്പ് റദ്ദ് ചെയ്താണ് ബ്രിജ്ഭൂഷണിന്റെ സന്തത അനുയായി സഞ്ജയ് സിങ് പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. ഗുസ്തി താരങ്ങളോട് മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തോടും പൗരൻമാരോടും ചെയ്ത ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയായിരുന്നുവത്.

കാലങ്ങൾ ഒരുപാട് മുമ്പ് വർണ്ണ വെറിയിൽ പ്രതിഷേധിച്ച് ഓഹിയോ നദിയിലേക്ക് താൻ നേടിയ സുവർണ്ണ മെഡൽ വലിച്ചെറിഞ്ഞ ലോകം കണ്ട എക്കാലത്തെയും വിഖ്യാത ബോക്സർ മുഹമ്മദ് അലിയെ അതെ കാലം പിന്നീട് അതെ ഒളിമ്പിക്സ് വേദിയിൽ മെഡൽ തിരിച്ചു നല്കി മാപ്പ് പറഞ്ഞതാണ് ചരിത്രം

രാജ്യത്തിന്റെ യശ്ശസുയർത്തിയ താരങ്ങളേക്കാൾ കേന്ദ്ര സർക്കാറും അതിന്റെ സംവിധാനങ്ങളും ബ്രിജ്ഭൂഷണിൽ കണ്ട അധിക യോഗ്യതയെന്തായിരുന്നു?

2022 ൽ ഒരു ഓൺലൈൻ ചാനലിനോട് താൻ ഒരാളെ വെടി വെച്ചിട്ടുണ്ടെന്ന് പറഞ്ഞ, ബാബരി മസ്ജിദ് കേസിൽ മുഖ്യ പ്രതികളിലൊരാളായ, ദാവൂദ് ഇബ്രാഹിമിനെ സഹായിച്ചതിന്റെ പേരിൽ കുറ്റാരോപിതനായ, അയോദ്ധ്യക്കടുത്ത് അമ്പതോളം സ്കൂളുകളും അതിനെ ചുറ്റിപറ്റിയുള്ള വോട്ട് ബാങ്കുമുള്ള 1991 മുതൽ ഇക്കാലയളവിൽ വരെ എംപിയായ ഒരാൾ. തികഞ്ഞ വർഗീയ വാദി, ആ ഒരാൾക്ക് വേണ്ടിയാണ് ഭരണകൂടം രാജ്യത്തിന്റെ അഭിമാന താരങ്ങളെ ഒറ്റുകൊടുത്തത്.

ഡിസംബർ 21. പ്രസ് ക്ലബ് ഓഫ് ഇന്ത്യ

ഗുസ്തി അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജയ് സിങാണെങ്കിലും അവരോധിക്കപ്പെട്ടത് ബ്രിജ്ഭൂഷൺ തന്നെയായിരുന്നു. ലൈംഗിക ആരോപണ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലെ വളരെ ആസൂത്രിതമായാണ് ബ്രിജ് ഭൂഷണും ഭരണകൂടവും ഈ തിരഞ്ഞെടുപ്പും നടത്തിയത്. തിരഞ്ഞെടുപ്പ് നടന്ന 21 -ാം തിയ്യതിക്ക് തലേ ദിവസം തന്നെ 48 മെമ്പർമാരിൽ 40 പേരും ബ്രിജ്ഭൂഷണെ കണ്ട് ആശംസകൾ അറിയിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് ഫലം മൂന്ന് മണിക്ക് പ്രഖ്യാപിച്ച സമയം മുതൽ ബ്രിജ് ഭൂഷൺ വസതിയിൽ അണികളുടെ ആഘോഷ പരിപാടികളായിരുന്നു. പൂമാലകളാൽ ആശീർവദിക്കപ്പെട്ടതും ബ്രിജ് ഭൂഷൺ തന്നെ. ഈ ആഘോഷങ്ങളല്ലാം നടക്കുമ്പോൾ തന്നെ ഒരു കിലോമീറ്ററുകൾക്കപ്പുറം അന്ന് സമരത്തിന് നേതൃത്വം നൽകിയ വിനേഷിനും പൂനിയക്കുമൊപ്പമെത്തിയ സാക്ഷി മാലിക്ക് സർക്കാറിന്റെ അങ്ങേയറ്റത്തിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഷൂ അഴിച്ച് വെച്ച് വിരമിക്കൽ പ്രഖ്യാപിച്ചു.

ഏഴ് വർഷങ്ങൾക്ക് മുമ്പ് തന്റെ രാജ്യത്തെയും ആ രാജ്യത്തിന് താൻ നേടി കൊടുത്ത മെഡലുകളെ കുറിച്ച് റിയോയിലെ മെഡൽ പോഡിയത്തിൽ അഭിമാനത്താൽ നിറഞ്ഞ ആ കണ്ണുകൾ അങ്ങേയറ്റം നിരാശയാലും സങ്കടത്താലും വാക്കുകൾ മുഴുമിക്കാനാവാതെ മീഡിയ പോഡിയത്തിലേക്ക് മുഖം മറച്ചു. ഇനി ഒട്ടും പ്രതീക്ഷയില്ല. രാജ്യത്തിലെ ഗുസ്തി താരങ്ങളടക്കമുള്ള വനിതാതാരങ്ങൾ ഇനിയും പീഡനങ്ങൾ അനുഭവിക്കേണ്ടി വരും. ഞങ്ങൾ 40 ദിവസം എല്ലാം ഉപേക്ഷിച്ച് റോഡിൽ കിടന്നിട്ടും രാജ്യത്തിന്റെ അധികാരികളുടെ പ്രതികരണം ഇതാണ്. ഇതിനപ്പുറം പുതിയ ഇന്ത്യ കായിക താരങ്ങൾക്ക് നൽകുന്ന സൂചന മറ്റൊന്നുമല്ല. സാക്ഷി മാലിക്ക് പറഞ്ഞു.

ഒരു രാഷ്ട്രീയത്തെയും പ്രതിനിധീകരിച്ചല്ല ഞങ്ങൾ വന്നത്. എന്നാൽ അപകടകരമായ രാഷ്ട്രീയം ഒരു നീതിയും ബാക്കിയില്ലന്ന രീതിയിൽ ഞങ്ങളെ തിരിച്ചയച്ചു. പൂനിയയും ഫോഗേട്ടും പറഞ്ഞു.

ആസ്ത്രേലിയയുടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസൺ  ഐസിസി ട്രോഫിക്ക് മേൽ കാല് കയറ്റി വെച്ചപ്പോൾ അമർഷം തോന്നി പോസ്റ്റ് മോർട്ടം ചെയ്ത സൈബറിടങ്ങൾക്ക് അങ്ങേയറ്റം വേദനയോടെ മീഡിയ മൈക്കുകൾക്ക് മുകളിൽ ഷൂ വെച്ച് പോകുന്നതിന്റെ പൊരുൾ പോലും അന്വേഷിക്കാൻ തോന്നിയില്ല.

ഇതെ സമയം രാജ്യത്തിന്റെ പ്രൊപ്പഗണ്ട മാധ്യമങ്ങൾ നാടകമെന്നും മുതല കണ്ണീരെന്നും അതിനെ വിവർത്തനം ചെയ്തു. സമര കാലത്ത് ഇതിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും രാജ്യ താല്പര്യത്തിന് എതിരായാണ് താരങ്ങൾ പ്രവർത്തിക്കുന്നതെന്നും പറഞ്ഞവരിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ലായിരുന്നു. ഈ സമയവും നുണയും വെറുപ്പും വെച്ച് അവർ അത് വിൽക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ ആസ്ത്രേലിയയുടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസൺ  ഐസിസി ട്രോഫിക്ക് മേൽ കാല് കയറ്റി വെച്ചപ്പോൾ അമർഷം തോന്നി പോസ്റ്റ് മോർട്ടം ചെയ്ത സൈബറിടങ്ങൾക്ക് അങ്ങേയറ്റം വേദനയോടെ മീഡിയ മൈക്കുകൾക്ക് മുകളിൽ ഷൂ വെച്ച് പോകുന്നതിന്റെ പൊരുൾ പോലും അന്വേഷിക്കാൻ തോന്നിയില്ല.

വിജേന്ദ്രർ സിങ്ങ്

അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. ലോക വേദികളിൽ മെഡലുകൾ വാരിക്കൂട്ടിയ ഇന്റർനാഷണൽ താരങ്ങൾക്ക് അവരുടെ അടിസ്ഥാന നീതി ലഭ്യമായിട്ടില്ലെങ്കിൽ വളർന്നുവരുന്നതോ നിലവിലുള്ള താരങ്ങളുടെയോ അവസ്ഥ എന്തായിരിക്കും. അവരുടെ സുരക്ഷയെ കുറിച്ച് എന്ത് കൊണ്ടാണ് രാജ്യം ഭരിക്കുന്ന സർക്കാറുകൾ ആലോചിക്കാത്തത്. എന്ത് ധൈര്യത്തിലാണ് രാജ്യത്തെ മാതാപിതാക്കൾ തങ്ങളുടെ പെൺകുട്ടികളെ ഈ മേഖലയിലേക്ക് പറഞ്ഞയക്കുക. 2008 ബെയ്ജിങ്ങ് ഒളിമ്പിക്സിൽ ബോക്സിങ്ങിൽ വെങ്കലം നേടിയ വിജേന്ദ്രർ സിങ്ങ് ശേഷം പ്രതികരിച്ചു.

സമരമുഖത്ത് ഗോദ തുടരുമെന്ന പ്രഖ്യാപനം, ഒടുവിൽ വിജയം

സാക്ഷി മാലിക്ക് ഷൂ അഴിച്ച് നൽകി വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ബംജ്റംഗ് പുനിയ തനിക്ക് കിട്ടിയ പത്മശ്രീ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ തിരിച്ചു വന്ന് പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു. പത്മശ്രീ തിരിച്ചെടുക്കണമെന്ന് പ്രധാന മന്ത്രിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് നേരിട്ട് തന്നെ വസതിക്ക് മുന്നിലെത്തി തിരിച്ചു നല്കിയത്. എന്നിട്ട് പോലും പ്രധാനമന്ത്രി നരേന്ദ്രമോഡി അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ തയ്യാറായില്ല. ശേഷം രണ്ടാം ദിവസം ബധിര ഒളിമ്പിക്സ് മെഡൽ ജേതാവ് വീരേന്ദർ സിങ്ങും തനിക്ക് കിട്ടിയ പത്മശ്രീ ഉപേക്ഷിച്ചതായി പ്രഖ്യാപ്പിച്ചു.

എന്റെ സഹോദരിക്കായി, രാജ്യത്തിന്റെ പുത്രിയാക്കി എന്റെ പത്മശ്രീ ഉപേക്ഷിക്കുന്നുവെന്നാണ് വിരേന്ദ്രർ സിങ് എക്സ് ഹാൻഡിലിൽ കുറിച്ചത്.

വിരേന്ദ്രർ സിങ്

തുടർന്നുള്ള ദിവസങ്ങളിൽ സമരം കടുപ്പിക്കുമെന്ന് താരങ്ങൾ ഒരുമിച്ച് പ്രഖ്യാപിച്ചു. ഭരണകൂടത്തിനെതിരെയുള്ള ഒരു ബഹുമുഖ പ്രക്ഷോഭമായി അത് മാറിയേക്കാമെന്ന സൂചന അത് പുറത്തേക്ക് നല്കി. രാജ്യത്തെ ഭരിക്കുന്ന ബിജെപിക്കെതിരെയുള്ള ബഹുപാർട്ടി സഖ്യ രാഷ്ട്രീയത്തെ വരെ അനുകൂലമായി സഹായിക്കുന്ന ചർച്ചകൾ ഇതിനെ തുടർന്ന് രാഷ്ട്രീയ മണ്ഡലങ്ങളിലുണ്ടായി. അത് ബിജെപിയെ ചെറിയ തോതിലെങ്കിലും ഭയപ്പെടുത്തി.

അപ്പോഴും തങ്ങളെടുത്ത തീരുമാനം പ്രതിഷേധങ്ങളുടെ ഫലമായാണെന്ന് അവർ തുറന്ന് പറഞ്ഞില്ല. അതിന് സാങ്കേതിക വശം നല്കുകയാണ് ചെയ്തത്. കർഷകസമര സമയത്ത് ചെയ്തത് പോലെ തന്നെ, ദേശീയ ജൂനിയർ മീറ്റ് കായിക മന്ത്രാലയത്തോട് പറയാതെ പ്രഖ്യാപിച്ചുവെന്ന ചട്ട ലംഘനമാണ് അവിടെ ചൂണ്ടി കാണിക്കപ്പെട്ടത്. കുറച്ച് കാലത്തേക്ക് പ്രതിഷേധം തണുപ്പിക്കുക എന്നത് തന്നെയാവും ഭരണകൂട ലക്ഷ്യം. പക്ഷേ ഈ തീരുമാനവും ബ്രിജ്ഭൂഷണിന്റെ അറിവിലെത്താതെയായിരിക്കില്ല പുറത്തെത്തിയത് എന്നുമുറപ്പാണ്. കുറച്ച് കാലത്തെ സസ്പെൻഷൻ, ശേഷം തങ്ങളുടെ തന്നെ ആളുകൾ ഭരണം തുടരുന്നു. ഇതായിരിക്കും പദ്ധതി. എന്നാൽ ഇതിനെയെല്ലാം മറികടക്കുന്ന രീതിയിൽ ലൈംഗിക കുറ്റാരോപിതർക്കെതിരെ നിയമ നടപടിയെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സസ്പെൻഷൻ വാർത്തക്ക് ശേഷവും ഗുസ്തി താരങ്ങൾ ആവർത്തിക്കുന്നു.

അനിതാ ഷെരോൺ

കായിക മേഖലയിലുള്ളവരോ മുൻ പരിചയമുള്ളവരോ അതിന്റെ അസോസിയേഷനുകളുടെ തലപ്പത്തേക്ക് വരേണ്ടതുണ്ട്. അതാത് കായിക ഇനം നേരിടുന്ന പ്രതിസന്ധികളും അതിന് വേണ്ടിയുള്ള മാർഗ നടപടികളും മുൻ അനുഭവങ്ങളുടെ ബലത്തിൽ തന്നെ മനസ്സിലാക്കാനും നടപ്പിലാക്കാനും മറ്റാരേക്കാളും കഴിയുക അവർക്കായിരിക്കും. അവിടെയും രാഷ്ട്രീയ പക്ഷപാതം ഇല്ലാതിരിക്കാൻ നോക്കണം. ഇത്തവണ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ബ്രിജ്ഭൂഷണിന്റെ അനുയായിയായ സഞ്ജയ് സിങ്ങിനെതിരെ മൽസരിച്ച മുൻ കോമൺവെൽത്ത് ഗോൾഡ് മെഡൽ ജേതാവ് അനിതാ ഷെരോണിക്ക് കിട്ടിയത് വെറും ഏഴ് വോട്ട് മാത്രമാണ്.

രാജ്യത്തെ മുഴുവൻ ഗുസ്തി താരങ്ങളുടെയും കായിക താരങ്ങളുടെയും പിന്തുണയോടെ മൽസരിച്ച അനിതാ ഷെരോണിക്ക് ഫെഡറേഷൻ അംഗങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചില്ല. സ്വന്തക്കാരെ ഫെഡറേഷനുകളുടെ സ്ഥാനങ്ങളിൽ കൊണ്ട് വന്ന് ആധിപത്യം സ്ഥാപിക്കുന്നത് എല്ലാ കാലത്തും ഭരണകൂടത്തിന്റെ രീതിയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ബിസിസിഐ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്ത് അമിത് ഷായുടെ മകൻ ജയ്ഷെ എത്തുന്നതും ആ പാതയിലാണ്.

‌സാക്ഷി മാലിക്കും കൂട്ടരും നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ബ്രിജ് ഭൂഷണിന്റെ താൻപോരിമക്ക് മുമ്പിൽ ഇത്രേയും കാലം നിശബ്ദരായിരുന്ന കേന്ദ്ര സർക്കാരിനെ കൊണ്ടെടുപ്പിച്ച ഈ തിരുത്ത് ചരിത്രത്തിലെ ഒരു വലിയ അധ്യായമാണ്.

Comments