അവസാന അടവായി ബ്രിജ്​ ഭൂഷ​ണിന്റെ സന്യാസാശ്രമം​

അയോധ്യയിലെ രാമകഥാ പാര്‍ക്കില്‍ ജൂണ്‍ അഞ്ചിന് സന്യാസിമാര്‍ നടത്തുന്ന റാലി, രക്ഷപ്പെടാൻ ​ബ്രിജ്​ ഭൂഷൺ പ്രയോഗിക്കുന്ന അവസാനത്തെ ആയുധമാണ്​. നിയമത്തി​ന്റെ പിടിയിൽനിന്ന്​ രക്ഷപ്പെടാൻ സംഘ്​പരിവാറിനെ മുൻനിർത്തിയുള്ള സമർഥമായ നീക്കം. അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പുവരെ ആയുധമാക്കി ബി.ജെ.പിയെ വിലയ്​ക്കെടുക്കാൻ സാധ്യമാകുന്ന എല്ലാ അടവും പയറ്റുകയാണ്​ ഈ പ്രതി.

‘‘പൊലീസും ഭരണസംവിധാനവും ഞങ്ങളെ കുറ്റവാളികളെ പോലെയാണ് കൈകാര്യം ചെയ്യുന്നത്. അപ്പോഴും കുറ്റാരോപിതന്‍ യാതൊരു വിലക്കുകളുമില്ലാതെ ഇരകള്‍ക്കെതിരെ പൊതു യോഗങ്ങളില്‍ സംസാരിക്കുകയാണ്. പോക്‌സോ നിയമം ഭേദഗതി ചെയ്യണമെന്നുപോലും ഒരു മടിയുമില്ലാതെ അയാള്‍ പറയുന്നു. വനിതാ ഗുസ്തിക്കാരായ ഞങ്ങള്‍ വളരെയധികം സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ട്. നിരാശയല്ലാതെ ഈ രാജ്യത്ത് ഞങ്ങള്‍ക്കായി ഒന്നും അവശേഷിക്കുന്നില്ല.’’- ഗുസ്തി താരങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പ്രസ്താവനയില്‍ നിന്നുള്ള വാചകങ്ങളാണിത്.

ഗംഗയിൽ മെഡലുകള്‍ ഒഴുക്കിക്കളയാന്‍ നിറകണ്ണുകളോടെ എത്തിയ ഗുസ്തി താരങ്ങളെയും അവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന കര്‍ഷകനേതാക്കളുടെയും ഹൃദയഭേദകമായ കാഴ്ച രാജ്യം തത്സമയം കണ്ടു. ഒളിമ്പിക്‌സ് അടക്കമുള്ള രാജ്യാന്തര വേദികളില്‍, സ്വപ്രയ്തനത്താല്‍ നേടിയെടുത്ത മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന പ്രഖ്യാപനത്തിലേക്ക് ഒരു ദിവസം കൊണ്ടല്ല ഗുസ്തി താരങ്ങള്‍ എത്തിയത്. ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന ന്യായമായ സമരത്തെ ഭരണകൂടം യാതൊരു പരിഗണനകളും നല്‍കാതെ അവഗണിക്കുന്നതിനോടുള്ള വിക്ഷുബ്​ദമായ ഒരു പ്രതികരണം കൂടിയായിരുന്നു ഇത്​.

പുതിയ പാര്‍ലമെൻറ്​ ഉദ്ഘാടനദിവസമാണ്​, സമാധാനപരമായി പ്രതിഷേധം നടത്തിയ ഗുസ്തിതാരങ്ങളെ കലാപക്കുറ്റം അടക്കമുള്ളവ ചുമത്തി അറസ്റ്റ് ചെയ്​തത്​. എന്നാൽ, ഈ ചടങ്ങിൽ അതിഥിയായി സ്വീകരിക്കപ്പെടുകയായിരുന്നു പ്രതിസ്​ഥാനത്തുള്ള ബ്രിജ് ഭൂഷണ്‍. സമരത്തോടുള്ള ബി.ജെ.പിയുടെയും സർക്കാറിന്റെയും നിലപാടാണ്​ ഇത്​ കാണിച്ചുതന്നത്​. ജന്തര്‍ മന്തറില്‍ സമരം ചെയ്യാന്‍ പോലും പൊലീസ് ഗുസ്തി താരങ്ങളെ അനുവദിക്കുന്നില്ല.

പുതിയ പാര്‍ലമെൻറ് ഉദ്ഘാടനത്തിന് അതിഥിയായി എത്തിയ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്
പുതിയ പാര്‍ലമെൻറ് ഉദ്ഘാടനത്തിന് അതിഥിയായി എത്തിയ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്

സർക്കാറിന്റെ അവഗണന ആസൂത്രിതമാണെന്ന്​ തെളിയിക്കുന്ന അടിയൊഴുക്കുകൾ ഇപ്പോൾ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്​. കർഷക പ്രസ്​ഥാനങ്ങളുടെ ഇടപെടലോടെ ദേശീയശ്രദ്ധയിലേക്കു വന്ന സമരത്തിൽനിന്ന്​ ശ്രദ്ധ തിരിക്കാൻ സംഘ്​പരിവാർ സന്യാസിമാരെ രംഗത്തിറക്കിയിരിക്കുകയാണ്​. പോക്‌സോ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഭേദഗതി വേണമെന്നും ആവശ്യപ്പെട്ട് അയോധ്യയിലെ രാമകഥ പാര്‍ക്കില്‍ ജൂണ്‍ അഞ്ചിന് സന്യാസിമാര്‍ റാലി നടത്തുകയാണ്. മുന്‍ ജഡ്ജിമാരെ അടക്കമുള്ളവരെ പങ്കെടുപ്പിച്ചാണ്, ബ്രിജ് ഭൂഷന്റെ ഒത്താശയില്‍ സംഘ്പരിവാര്‍ റാലി സംഘടിപ്പിക്കുന്നത്. പോക്‌സോയുടെ പേരില്‍ ബ്രിജ് ഭൂഷനെ വേട്ടയാടുന്നു എന്നാണ് രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് കമല്‍ നാരായണ്‍ ദാസ് പറയുന്നത്.

ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക അതിക്രമം അടക്കമുള്ള കുറ്റങ്ങള്‍ക്ക്, ജാമ്യം ലഭിക്കാത്ത പോക്‌സോ വകുപ്പുകള്‍ ചുമത്തി രണ്ട് എഫ്.ഐ.ആറുകളുണ്ട്. ഇതിന്മേലുള്ള നടപടികളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് സന്യാസിസംഘത്തിന്റെ ലക്ഷ്യം. മുന്‍കൂര്‍ ജാമ്യം പോലും തേടാതെ, പരാതിക്കാര്‍ക്കെതിരെ നിരന്തരം പൊതുപ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുകയാണ് ബ്രിജ് ഭൂഷണ്‍. വെറും സാ​​ങ്കേതികമായ ‘ന്യായ’ങ്ങളുന്നയിച്ചാണ്​ പൊലീസ് ഈ​ പ്രതിയുടെ മുന്നിൽ​ മുട്ടിലിഴയുന്നത്​.

ബ്രിജ് ഭൂഷണെതിരെ ഒരു തെളിവുമില്ല എന്നാണ് ദല്‍ഹി പൊലീസ് പറയുന്നത്. എഫ്.ഐ.ആറില്‍ ചേര്‍ത്ത പോക്‌സോ വകുപ്പനുസരിച്ച് ഏഴു വര്‍ഷത്തില്‍ താഴെയുള്ള ജയില്‍ശിക്ഷയാണുള്ളത്. അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് പൊലീസ് ഭാഷ്യം. മാത്രമല്ല, ഇയാള്‍ സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കുന്നതായി തെളിവുമില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ, നിയമവിദഗ്ധരും ദല്‍ഹി വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവരും പൊലീസ്​ ന്യായത്തെ തള്ളിക്കളയുകയാണ്​.

‘‘ദല്‍ഹിയില്‍ ഒരു ദിവസം ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ആറ് കേസുകളുണ്ടാകുന്നുണ്ട്. ഇതിലെല്ലാം പ്രതികളെ ദല്‍ഹി പൊലീസ് അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട്. ബ്രിജ് ഭൂഷണ്‍ മാത്രം എന്തുകൊണ്ട് രക്ഷപ്പെട്ടുനില്‍ക്കുന്നു?''- ദല്‍ഹി വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാല്‍ ചോദിക്കുന്നു. ഇതിന്​ സമാജ്വാദി പാർട്ടി​ നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ കൃത്യമായ മറുപടി നൽകുന്നു: ‘‘ഒന്ന്​, അദ്ദേഹം ബി.ജെ.പിക്കാരനാണ്.
രണ്ട്​, വനിതാ ഗുസ്തി താരങ്ങളല്ല, വോട്ടാണ് കാര്യം.
മൂന്ന്​, സര്‍ക്കാറിന്​ ഇതിലൊന്നും ശ്രദ്ധയില്ല.’’
‘ഇതാണോ പുതിയ ഇന്ത്യ?’ എന്നു കൂടി സിബൽ ചോദിക്കുന്നു.

കപിൽ സിബൽ
കപിൽ സിബൽ

ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തതായി ഏഴു വനിതാതാരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 2023 ജനുവരി 18ന് ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ ധര്‍ണ ആരംഭിച്ചത്. ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനില്‍നിന്നും പരിശീലകരില്‍ നിന്നും നേരിടുന്ന മാനസിക-ശാരീരിക ചൂഷണങ്ങളെക്കുറിച്ച് അധികാര സ്ഥാപനങ്ങളിലെല്ലാം ഗുസ്തിതാരങ്ങള്‍ പരാതിപ്പെട്ടിട്ടും ആദ്യഘട്ടത്തില്‍ ആരും ഇടപെട്ടില്ല. പ്രശ്നത്തിന്റെ ഗൗരവം ഭരണകൂടവും പൊതുജനവും ഒരുപോലെ മനസ്സിലാക്കേണ്ടതുണ്ടെന്ന തീരുമാനത്തിലാണ് ജനുവരി 18ന് ജന്തര്‍മന്തറില്‍ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജരംഗ് പുനിയ, സരിത മോര്‍, സംഗീത ഫോഗട്ട് തുടങ്ങി ഇരുനൂറിലേറെ ഗുസ്തി താരങ്ങളുടെ പങ്കാളിത്തത്തില്‍ പതിഷേധം ആരംഭിക്കുന്നത്.

മൂന്നുദിവസം നീണ്ട സമരത്തിനൊടുവില്‍ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറുമായി നടന്ന ചര്‍ച്ചയില്‍, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണിനെ നീക്കം ചെയ്യുമെന്ന് ഉറപ്പുകിട്ടിയതോടെ സമരം അവസാനിപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍ തീരുമാനിച്ചിരുന്നു. പക്ഷേ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷസ്ഥാനത്ത് ബ്രിജ് ഭൂഷണ്‍ തുടരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു വിലക്കുകളും നേരിടാതെ വീണ്ടും അദ്ദേഹം ഗുസ്തി മത്സരവേദികളിലെല്ലാം പങ്കെടുത്തിരുന്നു. അന്വേഷണ വിധേയനായിട്ടും ഉത്തര്‍പ്രദേശിലെ ഗോണ്ടയില ദേശീയ സീനിയര്‍ ഓപ്പണ്‍ ഗുസ്തി മത്സരത്തില്‍ സംഘാടകരും ഫെഡറേഷന്‍ ഭാരവാഹികളും പൂമാലയിട്ടാണ് ബ്രിജ് ഭൂഷണിനെ വരവേറ്റിരുന്നത്. ഭരണകൂടം സ്വമേധാ ക്ലീന്‍ചീറ്റ് നല്‍കി അദ്ദേഹത്തെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിരുന്നു. സര്‍ക്കാര്‍ തങ്ങളെ കബിളിപ്പിക്കുകയായിരുന്നെന്ന് തിരിച്ചറിവിനെ തുടര്‍ന്നാണ്് എപ്രില്‍ 21ന് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പടെ ഏഴു വനിതകള്‍ ബ്രിജ് ഭൂഷണിനെതിരെ

പോലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ചിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് എപ്രില്‍ 24-ന് ജന്തര്‍മന്തറില്‍ വീണ്ടും പ്രതിഷേധം ആരംഭിക്കാന്‍ താരങ്ങള്‍ തീരുമാനിക്കുന്നത്.

ജന്തർമന്തറിൽ സമരം നടത്തുന്ന  ബജരംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവർ
ജന്തർമന്തറിൽ സമരം നടത്തുന്ന ബജരംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവർ

ബ്രിജ് ഭൂഷണിനെതിരെ ഗുസ്തിതാരങ്ങള്‍ പരസ്യമായി ആരോപണമുന്നയിച്ചതു മുതല്‍ ഈ പ്രശ്നത്തെ ആസൂത്രിതമായി പൊതുശ്രദ്ധയില്‍ നിന്ന് തിരിച്ചുവിടാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയിരുന്നു. അവക്കേറ്റ വലിയൊരു പ്രഹരമായിരുന്നു രണ്ടാമതും സമരവുമായി മുന്നോട്ട് വരാനുള്ള ഗുസ്തി താരങ്ങളുടെ തീരുമാനം. ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ച ശേഷമാണ് ബ്രിജ്ഭൂഷണെനെതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകുന്നത്. രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ ഒന്ന് പോക്സോ നിയമപ്രകാരമുള്ളതാണ്. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചിട്ടില്ല. അതിന് പകരം സമാധാനപരമായി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ അന്യായായ കാരണങ്ങള്‍ നിരത്തി അധിക്ഷേപിക്കാനും മര്‍ദ്ദിക്കാനുമാണ് ദല്‍ഹി പൊലീസ് ശ്രമിച്ചുകൊണ്ടിരുന്നത്.

ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കായികമന്ത്രിയുടെ നിര്‍ദ്ദേശാനുസരണവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ കീഴിലും രണ്ട് സമിതികളെ നിയോഗിച്ചിരുന്നു. എന്നാല്‍ രണ്ട് സമിതിയുടെയും പാനല്‍ രൂപീകരിക്കുന്നതിന് മുമ്പ് കൂടിയാലോചനകള്‍ നടത്താത്തതില്‍ ഗുസ്തി താരങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണസമിതിയില്‍ തങ്ങളുടെ നോമിനി കൂടി വേണമെന്നായിരുന്നു താരങ്ങളുടെ ആവശ്യം. എന്നാല്‍ അത് അംഗീകരികരിക്കാന്‍ സമിതി തയ്യാറായില്ല. രാജ്യത്തെ പ്രധാനപ്പെട്ട കായിക ഇനവുമായി നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് താരങ്ങള്‍ തുറന്നുപറയുമ്പോള്‍ വിഷയത്തില്‍ സമഗ്രഅന്വേഷണം നടത്തി പരിഹാരം കാണാനായിരുന്നു ഒളിമ്പിക്സ് അസോസിയേഷന്‍ ശ്രമിക്കേണ്ടിയിരുന്നത്. പക്ഷേ ഗുസ്തി താരങ്ങളുടെ പരാതി ലഭിച്ചിട്ടും കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായ പി.ടി ഉഷ ശ്രമിച്ചില്ല.

 പി.ടി ഉഷ
പി.ടി ഉഷ

താരങ്ങള്‍ ഉന്നയിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ എന്താണെന്നോ പ്രാധാന്യമെന്തെന്നോ മനസ്സിലാക്കാതെ സമരത്തെ തീര്‍ത്തും തള്ളിപ്പറയുന്ന നിലപാടാണ് കായികതാരം കൂടിയായ ഉഷ സ്വീകരിച്ചത്. ഉഷയുടെ നിരുത്തരവാദപരമായ പ്രതികരണത്തെ വിമര്‍ശിച്ച് കായിക- രാഷ്ട്രീയ- സാമൂഹിക രംഗത്തുള്ള നിരവധി പേര്‍ രംഗത്ത് വന്നു. ഇതോടെ നിലപാട് മാറ്റാന്‍ അവര്‍ നിര്‍ബന്ധിതയായി, കായികതാരങ്ങള്‍ക്കൊപ്പമാണെന്നു പ്രഖ്യാപിച്ച് സമരപന്തലിലെത്തി. പക്ഷേ സമരമുഖത്തുണ്ടായിരുന്ന പൊതുജനങ്ങളില്‍ മിക്കവരും ഉഷയോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

എന്തുകൊണ്ട്​ ബ്രിജ്​ ഭൂഷണിനെ പേടി?

പത്തു വര്‍ഷം ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി കുത്തകാധികാരം നേടിയ വ്യക്തിയാണ് ബ്രിജ് ഭൂഷണ്‍ സിങ്. ഗുസ്തി വനിതാ താരങ്ങള്‍ക്കിടയില്‍ നിന്നുതന്നെ ബ്രിജ് ഭൂഷണിനെതിരെ ഗൗരവരമായ പരാതികള്‍ ഉയര്‍ന്നിട്ടും അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടകളുണ്ട്. പരാതി നല്‍കിയ പെണ്‍കുട്ടികളുടെ കുടുംബത്തിനും സമരത്തെ പിന്തുണക്കുന്ന താരങ്ങള്‍ക്കുമെതിരെ വധഭീഷണി മുഴക്കി ബ്രിജ് ഭൂഷണ്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതായി താരങ്ങള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രശ്നങ്ങള്‍ ഇത്ര പൊതുശ്രദ്ധ നേടിയിട്ടും യാതൊരു കൂസലുമില്ലാതെയാണ് ബ്രിജ് ഭൂഷണ്‍ ഇപ്പോഴും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. നുണപരിശോധനയ്ക്ക് വിധേയനാകാനും കേസില്‍ കോടതി എന്തു വിധിച്ചാലും അനുസരിക്കാന്‍ തയ്യാറാണെന്നും അയാള്‍ തുറന്ന് പ്രഖ്യാപിക്കുന്നു. ഭരണസംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥയുടെ അധികാര പരിധിയെ സംശയത്തിലാഴ്ത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതിന് പിന്നിലും രാഷ്ട്രീയ സ്വാധീനങ്ങളുടെ ബലമാണുള്ളത്.

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്
ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്

ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പിയായ ബ്രിജ്ഭൂഷണ്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കലില്‍ വരെ ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. ഗുണ്ടാ സ്വാധീനമുള്ള ബ്രിജ് ഭൂഷണിന് ഉത്തര്‍പ്രദേശില്‍ ഏത് രാഷ്ട്രിയ പാര്‍ട്ടിയില്‍ നിന്നാലും ജയിച്ചുവരാനുള്ള സ്വാധീനമുണ്ട്. കൈസര്‍ഗെഞ്ച് കൂടാതെ സമീപ പ്രദേശങ്ങളായ അഞ്ച് ലോകസഭാ സീറ്റിലും ബ്രിജ് ഭൂഷണിന് വ്യക്തമായ സ്വാധീനമുള്ളതുകൊണ്ട് ബി.ജെ.പിക്ക് എളുപ്പം അദ്ദേഹത്തെ തള്ളിക്കളയാനാകില്ല. 2024 ലെ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുതന്നെയാണ് ബി.ജെ.പി ബ്രിജ്ഭൂഷണിനെ സംരക്ഷിച്ച് നിര്‍ത്തുന്നത്. കൂടാതെ അന്വേഷണത്തില്‍ ബ്രിജ്ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നീണ്ട് പത്ത് വര്‍ഷത്തോളം ഇയാളെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ച ബി.ജെ.പി കൂടിയാണ് പ്രതിക്കൂട്ടിലാകുന്നത്.

പത്തു വര്‍ഷവും പ്രശ്നങ്ങള്‍ ഉന്നയിക്കാതെ പെട്ടെന്ന് വനിതാതാരങ്ങള്‍ പരാതിപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയ പ്രേരിതമായ ഉദ്ദേശ്യങ്ങളുണ്ടെന്നാണ് ബ്രിജ് ഭൂഷണ്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ദീപേന്ദര്‍ സിങ് ഹുഡ രക്ഷാധികാരിയായ അഖാഡയില്‍ പരിശീലനം നടത്തുന്നവരാണ് തനിക്കതിരെ പരാതി നല്‍കിയ വനിതാതാരങ്ങളെന്നും ബ്രിജ് ഭൂഷണ്‍ പറയുന്നു. സമരം നടത്തുന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയവരെല്ലാം ഹരിയാനയില്‍ നിന്നുള്ളവരാണെന്നാണ് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. താക്കൂര്‍ സമുദായത്തിനെരെ ജാട്ട് ലോബിയുടെ ആക്രമണമായൊക്കെ ഈ സമരത്തെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും ബ്രിജ് ഭൂഷണിന്റെ നേതൃത്വത്തില്‍ അണിയറയില്‍ നടക്കുന്നുണ്ട്. ബ്രിജ് ഭൂഷണിന് ഫാന്‍ പേജുകളും ഹാഷ്ടാഗുകളുമൊക്കെയായി സമൂഹമാധ്യമങ്ങളില്‍ ഒരു സര്‍ക്കിള്‍ രൂപപ്പെട്ടിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലും ചിരിച്ചിക്കുന്ന ഗുസ്തി താരങ്ങളുടെ എഡിറ്റ് ചെയ്ത ചിത്രമെല്ലാം പ്രചരിക്കപ്പെടുന്നത് ഇതേ സര്‍ക്കിളില്‍ നിന്ന് തന്നെയാണ്.

നിശ്ശബ്​ദരാണ്​ കായിക സെലിബ്രിറ്റികൾ

തങ്ങള്‍ നേരിടുന്ന ഗുരുത പ്രശ്‌നങ്ങളെക്കുറിച്ച് ഗുസ്തി താരങ്ങള്‍ തുറന്ന് പറഞ്ഞിട്ടും കായികലോകത്ത് നിന്ന്​ വേണ്ടത്ര പിന്തുണ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. നീരജ് ചോപ്ര, അഭിനവ് ബിന്ദ്ര, സുനില്‍ ഛേത്രി, ഇര്‍ഫാന്‍ പഠാന്‍, സാനിയ മിര്‍സ തുടങ്ങിയ വിരലില്ലെണ്ണാവുന്ന താരങ്ങള്‍ മാത്രമേ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളു. കായികലോകത്തെ താരനിരയിലുള്ളവരെല്ലാം ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിശ്ശബ്ദതയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒളിമ്പിക്​സ്​ അടക്കമുള്ള മത്സരങ്ങളിൽ രാജ്യ​ത്തെ പ്രതിനിധീകരിച്ചവരാണ്​ ഈ താരങ്ങൾ. മാത്രമല്ല, ഗുസ്​തി എന്നത്, ലോക കായികവേദിയിൽ​ ഇന്ത്യയുടെ അഭിമാന ഇനം കൂടിയാണ്​. എന്നിട്ടും ഇവരുടെ ന്യായമായ അവകാശത്തിനുവേണ്ടി ക്രിക്കറ്റിലെയും മറ്റും സെലിബ്രിറ്റികളാരും രംഗത്തുവന്നിട്ടില്ല.

കിസാന്‍ സഭ അടക്കമുള്ള കര്‍ഷക സംഘടനകളും അവയുടെ വനിതാ വിഭാഗങ്ങളുമാണ്​ സമരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്​. പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

അടിസ്ഥാന വര്‍ഗ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന സമരങ്ങളെ സര്‍ക്കാര്‍ എങ്ങനെയാണ് നേരിടുക എന്നത്​, ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിലൂടെ തെളിഞ്ഞതാണ്. അത് തന്നെയാണ് ഗുസ്തിക്കാരുടെ സമരത്തിലും ആവര്‍ത്തിക്കുന്നത്. കായികതാരങ്ങൾ എന്ന പരിഗണനയേക്കാളുപരി സ്​ത്രീകൾ നേരിടുന്ന പ്രശ്​നമെന്ന നിലയ്​ക്കുപോലും സർക്കാർ ഇതിനെ പരിഗണിക്കുന്നില്ല. അതിനുപകരം, ‘സാഹചര്യം ഒത്തുവരുമ്പോള്‍ ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന’ അസ്താനയെപ്പോലുള്ളവരുടെ ആക്രോശങ്ങളാണ്​ മുഴങ്ങുന്നത്​.

രാഷ്​ട്രീയത്തി​ലെ ക്രിമിനൽ സംഘങ്ങളുടെ തണലിലാണ്​ ഉത്തരേന്ത്യയിൽ പലയിടത്തും ബി.ജെ.പി നിന്നു പിഴയ്​ക്കുന്നത്​. അവർക്ക്​ നിയമസംവിധാനങ്ങളുടെ കൂടി പരിരക്ഷ ഉറപ്പുവരുത്തുക എന്ന ദുരന്തമാണ്​, ബ്രിജ്​ ഭൂഷണെ സംരക്ഷിക്കുന്ന ഭരണകൂട നടപടിയിൽ തെളിയുന്നത്.

Comments