ഗുസ്​തി താരങ്ങൾക്കൊപ്പം കർഷകരും; ഇതൊരു വേറിട്ട സമരമായി മാറുകയാണ്​…

‘‘കര്‍ഷകരും തൊഴിലാളികളും സത്രീകളും വിദ്യാര്‍ഥികളുമെല്ലാം സമരം ​ചെയ്യുന്ന ഗുസ്​തി താരങ്ങൾക്ക്​ പിന്തുണയായി എത്തുകയാണ്. എല്ലാ ജനവിഭാഗങ്ങളും പിന്തുണയ്​ക്കുന്ന പ്രക്ഷോഭമായി ഇത്​ മാറുകയാണ്. ആ അര്‍ത്ഥത്തില്‍ ഈ സമരം നീണ്ടുപോകുന്നത് ഇതിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്’’- ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്​തി താരങ്ങൾക്ക്​ പിന്തുണയുമായി കർഷക സംഘടനകൾ രാജ്യവ്യാപക പ്രതിഷേധം നടത്തുന്ന സന്ദർഭത്തിൽ, അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ്​ സെക്രട്ടറി പി. കൃഷ്​ണപ്രസാദ്​ സംസാരിക്കുന്നു.

റിദാ നാസർ: ലൈംഗികാതിക്രമം അടക്കമുള്ള പരാതികളുടെ പേരിൽ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ആരംഭിച്ച രണ്ടാം ഘട്ട സമരം ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ തുടരുകയാണ്. ഒളിമ്പിക്സ് ഉള്‍പ്പടെയുള്ള രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഗുസ്തി താരങ്ങള്‍ നേരിട്ട് സമരത്തിനിറങ്ങിയിട്ടും പ്രശ്‌നത്തില്‍ സമഗ്ര അന്വേഷണം നടത്താനോ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താനോ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കിസാൻ സഭ അടക്കമുള്ള നിരവധി കർഷക സംഘടനകളും അവയുടെ വനിതാ വിഭാഗങ്ങളും രംഗത്തുവന്നിട്ടുണ്ട്​. ഈ തീരുമാനത്തിലേക്ക് കർഷക സംഘടനകളെ എത്തിച്ച സാഹചര്യം വിശദീകരിക്കാമോ ?

പി.കൃഷ്ണപ്രസാദ്: ഫ്യൂഡല്‍ കാലഘട്ടം മുതലേയുള്ള പാട്രിയാര്‍ക്കല്‍ സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗമായാണ് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങൾ. ഈ പുരുഷപ്രധാനമായ ഫ്യൂഡലിസത്തെ തകര്‍ക്കാനും ഭൂമി കൃഷിക്കാര്‍ക്ക് കൈമാറുന്നതിനുമുള്ള പോരാട്ടങ്ങളിലൂടെയാണ് കര്‍ഷകപ്രസ്ഥാനം ശക്തിപ്പെട്ടത്. എന്നാല്‍ ഇപ്പോഴും രാജ്യത്താകമാനം ഭൂപരിഷ്‌കരണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ഫ്യൂഡല്‍ കാലഘട്ടത്തിലെ സംസ്‌കാരവും പുരുഷപ്രധാന സാമൂഹിക വ്യവസ്ഥയും അതിന്റെ ഭാഗമായ ജാതിയുടെയും മതത്തിന്റെയും സ്വാധീനവുമെല്ലാം ഉപയോഗപ്പെടുത്തിയാണ് ഇന്ന് വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയെ ഭരിക്കുന്നത്. അതുകൊണ്ടു തന്നെ സ്ത്രീകളായ ഗുസ്തി താരങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ഒരു രാഷ്ട്രീയ പ്രശ്‌നമായി കണ്ട് ഗൗരവത്തോടെ നടപടിയെടുക്കാന്‍ ബി,.ജെ.പി തയ്യാറാകണമെന്നില്ല. പാട്രിയാര്‍ക്കലായ ചിന്ത പാര്‍ട്ടിയെ നയിക്കുന്നതുകൊണ്ടു മാത്രമാണ് നിയമപരമായി നടപടിയെടുക്കാന്‍ ഇവര്‍ തയ്യാറാകാത്തത്. ഭരണകൂടത്തിന്റെ ഈ നിശ്ശബ്ദതയെ കര്‍ഷകരെ അണിനിരത്തി ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ഗുസ്തി താരങ്ങളെ പിന്തുണക്കുന്നതിലൂടെ കിസാന്‍ സഭ ലക്ഷ്യം വെക്കുന്നത്. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയും ഇവര്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ചുകഴിഞ്ഞു.

ഗുസ്തി താരങ്ങളുടെ സമരവേദിയിൽ സംസാരിക്കുന്ന പി.കൃഷ്ണപ്രസാദ്

ഒരു ആധുനിക സമൂഹം കെട്ടിപ്പടുക്കണമെങ്കില്‍, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആത്മാഭിമാനത്തോടെ ജീവിക്കാനും അവര്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായാല്‍ അതിനെ കര്‍ക്കശമായി നേരിടാനുള്ള നിയമവ്യവസ്ഥ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയേണ്ടതുണ്ട്. അത് കര്‍ഷക പ്രസ്ഥാനങ്ങളുടെ കടമയാണെന്ന ബോധ്യമുള്ളതുകൊണ്ടാണ് ഞങ്ങള്‍ അവര്‍ക്ക് പിന്തുണ കൊടുക്കുന്നത്. സുപ്രീംകോടതിയിലേക്ക് വരുന്ന സെക്ഷ്വല്‍ ഹറാസ്‌മെന്റ് കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ സംബന്ധിച്ച ഒരു ഗൈഡ്‌ലൈന്‍ 2013- ല്‍ ഉണ്ടായിട്ടുണ്ട്. ഇതിനുശേഷവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾക്കെതിരായ നിയമങ്ങൾ, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള പോക്‌സോ നിയമം അടക്കം നിലവില്‍ വന്നിട്ടുണ്ട്. പക്ഷേ ഇത് നടപ്പിലാക്കണമെന്ന രീതിയിലുള്ള ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റിയിലേക്കോ ലിംഗസമത്വത്തിന്റെ പ്രാധാന്യത്തിലേക്കോ സമൂഹമോ, പോലീസോ കോടതികളോ ഗവണ്‍മെൻറ്​ സംവിധാനങ്ങളോ വരാത്തതുകൊണ്ടാണ് ഈ നിയമം കാര്യക്ഷമമായി പ്രയോഗിക്കപ്പെടാതെ പോകുന്നത്. ഒരു സ്ത്രീ പരാതി പറഞ്ഞാല്‍ , സെക്ഷന്‍ 164 സി.ആര്‍.പി.സി പ്രകാരം മജിസട്രേറ്റിന്റെ മുന്നില്‍ സ്റ്റേറ്റ്‌മെന്റ് എടുക്കണം. ഇത്​ പോലീസ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണ്. അത് പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് നിയമത്തില്‍ തന്നെ ഭേദഗതിയുണ്ട്​. പക്ഷേ ഇത്തരം നിയസംവിധാനങ്ങളെക്കുറിച്ച് എത്ര ഭരണകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാമെന്നത് സംശയമാണ്. സമൂഹത്തിലെ മുഴുവന്‍ ആളുകളെയും നിയമസംവിധാനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്. ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റിയെന്താണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള സമരമായി കൂടി ഇതിനെ കാണേണ്ടതുണ്ട്.

നിയമസംവിധാനങ്ങളെക്കുറിച്ച് കര്‍ഷക കുടുംബങ്ങളെയും പൊതുസമൂഹത്തെയും ഒരുപോലെ ബോധ്യപ്പെടുത്തുക എന്ന പ്രചാരണമാണ് ഇതിലൂടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ നാനാവശങ്ങളില്‍ നിന്നുള്ളവർ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ ചര്‍ച്ചയില്‍ കര്‍ഷകരുടെ സജീവ പങ്കാളിത്തമുണ്ട്​. ഇതിൽനിന്ന്​ പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയാണ് വേണ്ടത്. ഇത് പൊലീസിലും ഭരണസംവിധാനങ്ങളിലും പ്രധാനമന്ത്രിയിലുമെല്ലാം ഒരുപോലെ രാഷ്ട്രീയ സമ്മർദമുയർത്തിക്കൊണ്ടുവരാന്‍ സഹായിക്കും. ഈ പൊതുജനാഭിപ്രായത്തിലൂടെ ഇവരെ കീഴ്‌പ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് കര്‍ഷക പ്രസ്ഥാനങ്ങളെയാകെ അണിനിരത്തി ഗുസ്​തി താരങ്ങളുടെ സമരത്തിന് പിന്തുണ കൊടുക്കുന്നത്.

ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനുപകരം നടപടി വൈകിപ്പിച്ച് സംഭവത്തെ നിസ്സാരവത്കരിക്കാനാണ് ഭരണകൂടവും പോലീസും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ച ശേഷമാണ് ബ്രിജ്ഭൂഷണെനെതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായത്. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നടപടിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഏതു രീതിയില്‍ സമരവുമായി മുന്നോട്ടുപോകാനാണ് കിസാന്‍ സഭ ഉദ്ദേശിക്കുന്നത്?

പുരുഷാധിപത്യപരമായ സാമൂഹിക വ്യവസ്ഥയെ എതിര്‍ത്ത്​ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള ബഹുജന പ്രസ്ഥാനമാക്കി സമരത്തെ മാറ്റും. ഇതിലൂടെ, ഗുസ്തി താരങ്ങളുടെ പ്രശ്‌നത്തെക്കുറിച്ച് അറിയാത്തവര്‍ പോലും അതിനെക്കുറിച്ച് മനസ്സിലാക്കുകയും വിഷയത്തില്‍ കേന്ദ്രഗവണ്‍മെന്റ് നടപടിയെടുത്തിട്ടില്ലെന്ന് തിരിച്ചറിയുകയും ചെയ്യും.

ഗുസ്തിക്കാര്‍ ഈ പ്രശ്‌നം പൊതുസമൂഹത്തില്‍ ഉന്നയിച്ചുകഴിഞ്ഞതോടെ തന്നെ ഈ സമരം വിജയിച്ചുകഴിഞ്ഞിട്ടുണ്ട്. ബ്രിജ്ഭൂഷണിനെ പോലെ പക്കാ ക്രിമിനലായ, ആറുതവണ തിരഞ്ഞെടുക്കപ്പെട്ട എം.പിമാരാണ്​ ബി.ജെ.പിയിലുള്ളതെന്ന് പൊതുജനം തിരിച്ചറിയുകയാണ്. ഇവരൊക്കെയാണ് ആധുനിക ഹിന്ദു രാഷ്ട്രത്തിനുവേണ്ടി പ്രചാരണം നടത്തുന്നത്. ഇവരൊക്കെയാണ് ഇനി പ്രധാനമന്ത്രിമാരായി വരാനുള്ളതെന്ന തിരിച്ചറിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബ്രിജ്ഭൂഷണിനെതിരെ പരാതിപ്പെടാന്‍ വനിതാ ഗുസ്തി താരങ്ങള്‍ തയ്യാറായി എന്നത് വലിയ കാര്യമാണ്. അയാള്‍ ക്രിമിനലാണ്, അപരാധിയാണ്​ എന്ന തരത്തിലുള്ള ചര്‍ച്ചകളുയരുന്നതാണ് അയാൾക്ക്​ കിട്ടുന്ന വലിയ ശിക്ഷ.

അതേസമയം, ഉത്തര്‍ പ്രദേശിലെ ഗുസ്തി മത്സരങ്ങളിലും മറ്റു പൊതുപരിപാടികളിലുമെല്ലാം ബ്രിജ് ഭൂഷണ്‍ ഇപ്പോഴും സ്വീകാര്യനാണെന്ന വസ്തുതയും കണക്കിലെടുക്കണമല്ലോ, ഗുരുതര പരാതികളുണ്ടായിട്ടും ഉത്തര്‍പ്രദേശിൽ ഗോണ്ടയിലെ ദേശീയ സീനിയര്‍ ഓപ്പണ്‍ ഗുസ്തി മത്സരത്തില്‍ സംഘാടകരും ഫെഡറേഷന്‍ ഭാരവാഹികളും പൂമാലയിട്ടാണ് ബ്രിജ് ഭൂഷണിനെ വരവേറ്റത്​.

ഒരാളെ ശിക്ഷിച്ചതുകൊണ്ടുമാത്രം ഈ കുറ്റങ്ങൾ അയാളോ അയാളെ പിന്തുണക്കുന്നവരോ അംഗീകരിക്കണമെന്നില്ല. പക്ഷേ അതുകൊണ്ട് അയാള്‍ കുറ്റവാളിയാകാതിരിക്കുന്നുമില്ല. അയാളെ പൂമാലയിട്ട് സ്വീകരിക്കുമ്പോള്‍ അയാളുടെ പ്രതിഛായ തന്നെയാണ് തകരുന്നത്. ഇത്തരമൊരു കുറ്റം ചെയ്തിട്ടും കീഴടങ്ങാനുള്ള ആധുനിക പൗരബോധം ബ്രിജ്ഭൂഷണിനില്ലെന്ന് പൊതുജനങ്ങള്‍ മനസ്സിലാക്കുകയാണ്. അങ്ങേയറ്റം ക്രിമിനല്‍ സ്വഭാവമുള്ള ആളുകളെയാണ് ബി.ജെ.പിയും ആര്‍.എസ്.എസും വളര്‍ത്തിയെടുക്കുന്നതെന്ന് ബോധ്യപ്പെടുകയാണ്. ഒരു പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി പരിഹരിക്കാനുള്ള സംഘടനാശേഷി ബി.ജെ.പിക്കും ആര്‍.എസ്.എസിനുമില്ലെന്നും ഇതിലൂടെ തെളിയുകയാണ്. അവര്‍ തെറ്റിനോടൊപ്പം നില്‍ക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് തുറന്നുകാട്ടപ്പെടുകയാണ്.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്

ബ്രിജ്ഭൂഷണിന്റെ സ്വീകാര്യതയെ വിജയമായി കാണുന്നത് തെറ്റായ കാഴ്ചപ്പാടാണ്. ബ്രിജ് ഭൂഷണിന് മാല കെട്ടുന്നതും അയാള്‍ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം അയാളുടെ പരാജയം തന്നെയാണ് കാണിക്കുന്നത്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതംഗീകരിച്ച് തെറ്റു തിരുത്തുന്നതിന് പകരം താൻ കുറ്റവാളിയായിട്ട് തുടരുമെന്ന് തന്നെയാണ് അയാള്‍ പ്രഖ്യാപിക്കുന്നത്. നാടുവാണി കാലഘട്ടത്തിലെ അധികാര ബോധമുള്ള, ആധുനിക സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ആളാണ് ഇയാളെന്നു തന്നെയാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്.

പത്തു വര്‍ഷത്തോളം ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തുടര്‍ന്ന വ്യക്തിയാണ് ബ്രിജ് ഭൂഷണ്‍ സിങ്. വനിതാഗുസ്തി താരങ്ങള്‍ക്കിടയില്‍ നിന്നു തന്നെ ബ്രിജ് ഭൂഷണിനെതിരെ ഗൗരവകരമായ ഏഴു പരാതികള്‍ ഉയര്‍ന്നിട്ടും അദ്ദേഹത്തെ സംരക്ഷിച്ചുനിര്‍ത്താനാണ് ബി.ജെ.പിയും കേന്ദ്രവും ശ്രമിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച മെഡലുകളെല്ലാം തിരിച്ചുനല്‍കി പ്രതിഷേധിക്കുമെന്ന് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചിട്ടും സമരത്തെ ഭരണകൂടം അവഗണിക്കുകയാണ്. ബ്രിജ് ഭൂഷണിനെ ഈ വിധത്തില്‍ വഴിവിട്ട് സംരക്ഷിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്തായിരിക്കാം?

അധികാരത്തില്‍ തുടരുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. വന്‍കിട ഭൂപ്രമാണിമാരെ കൂട്ടുപിടിച്ച് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടിലൂടെയാണ് തുടക്കം മുതലേ ഈ വലതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തിച്ചുവരുന്നത്. വന്‍കിട കോര്‍പറേറ്റുകളെ പിന്തുണക്കുകയും സ്വദേശി നയം ഉപേക്ഷിച്ച് വിദേശ സാമ്പത്തികനയം നടപ്പാക്കുകയുമാണ്​ ബി.ജെ.പി സർക്കാർ. ബ്രീട്ടിഷ് കോളണിയല്‍ കാലഘട്ടത്തില്‍, അന്നത്തെ ഭരണവര്‍ഗമായ ഭൂപ്രമാണിമാരോടൊപ്പമാണ് ബി.ജെ.പിയും ആര്‍.എസ്.എസും നിന്നത്. ഒരിക്കലും ഭൂപരിഷ്‌കരണത്തിന്റെ മുദ്രാവാക്യം അവർ ഉന്നയിച്ചിട്ടേയില്ലെന്നത് പ്രാധാന്യത്തോടെ പറയേണ്ടതാണ്. കോര്‍പറേറ്റുകളെ പിന്തുണക്കാനും അതുവഴി പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അവര്‍ക്ക് ഭരണത്തില്‍ തുടരേണ്ടതുണ്ട്. ഇതിന്​ ബ്രിജ്ഭൂഷണിനെ പോലെയുള്ള പ്രാദേശിക മാഫിയാ ഗുണ്ടാതലവന്‍മാരെ ആശ്രയിക്കുകയാണ് ഈ പാർട്ടി. യാഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് അവര്‍ പറയുന്ന ഹിന്ദുരാഷ്ട്രത്തോടും ഹിന്ദുസംസ്‌കാരത്തോടും ഹിന്ദുധര്‍മ്മത്തോടുമൊന്നും ആത്മാര്‍ഥതയില്ല. അധികാരത്തില്‍ വരാന്‍ വര്‍ഗീയതയെ ഉപയോഗിക്കുന്നുവെന്നുമാത്രം.

ജന്തർമന്തറിലെ സമര വേദിയിൽ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ബജരംഗ് പുനിയ എന്നിവർ

ഗുസ്തി താരങ്ങളുടെ സമരത്തെ സംബന്ധിച്ച് എന്തെങ്കിലും സംസാരിക്കാന്‍ നരേന്ദ്ര മോദിയോ അമിത്ഷായോ മോഹന്‍ ഭാഗവതോ തയ്യാറായിട്ടില്ല. ഗുസ്തി ഫെഡറേഷനില്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഏഴു സ്ത്രീകള്‍ പരാതി നല്‍കിയിട്ടും മുന്‍നിര ഗുസ്തി താരങ്ങള്‍ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സമരം ചെയ്തിട്ടും ബ്രിജ് ഭൂഷണ്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദയെക്കുറിച്ച് ഇവര്‍ സംസാരിക്കുന്നില്ല. അന്വേഷണ വിധേയനായാല്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാനും തെറ്റു ചെയ്തിട്ടില്ലെങ്കില്‍ അത് തെളിയിക്കാനും ബ്രിജ്ഭൂഷണിനോട് പറയാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. പരാതികളിലെ സത്യവും നുണയും ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്ന അന്വേഷണ സംവിധാനങ്ങളുണ്ടല്ലോ. നുണപരിശോധനക്ക് വിധേയമാകാമെന്ന് പറയുന്നതിനുപകരം ഭരണസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ രാജിവെക്കണമെങ്കില്‍ പ്രധാനമന്ത്രി പറയട്ടെയെന്നാണ് ബ്രിജ്ഭൂഷന്റെ നിലപാട്​. ഇയാള്‍ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും വരെ ഭീഷണിപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. ബി.ജെ.പിയിൽനിന്ന് പുറത്താക്കിയാല്‍ സമാജ്​വാദി പാര്‍ട്ടിയില്‍ ചേരുമെന്ന്​ വെല്ലുവിളിക്കുകയാണ്. ഇത്തരത്തിലൊരു പ്രതിസന്ധി ഘട്ടത്തില്‍ ഇയാൾക്കൊപ്പം നിൽക്കാതെ ബി.ജെപിക്ക് മറ്റു വഴിയില്ല. ആക്രമിക്കുന്നവരുടെ കൂടെ നില്‍ക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് വ്യക്തമാകുകയാണ്.

ഉത്തര്‍ പ്രദേശ്- ഹരിയാന സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായും ബി.ജെപിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ കുതന്ത്രമായുമെല്ലാം ഗുസ്തി താരങ്ങളുടെ സമരത്തെ ഒതുക്കിതീര്‍ക്കാനുള്ള ശ്രമങ്ങളും ബ്രിജ് ഭൂഷണും അണികളും നടത്തുന്നുണ്ട്. ഇത്തരം ശ്രമങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

ജനങ്ങളെ വിഭജിച്ച് ഭരിക്കുക എന്നത് ബി.ജെ.പിയും ആര്‍.എസ്.എസും പിന്തുടരുന്ന രീതിയാണ്. ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തെ ഒരിക്കലും യു.പി- ഹരിയാന പ്രശ്‌നമായി കാണാനാകില്ല. എന്തു തെളിവാണ് ഈ വാദത്തിനോടൊപ്പം വെക്കാനുള്ളത്. ഹരിയാനയില്‍ നിന്നുള്ള ഗുസ്തിതാരങ്ങള്‍ മാത്രമല്ല, യു.പിയില്‍ നിന്നുള്ള നിരവധി താരങ്ങളും ബ്രിജ്ഭൂഷണിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്. സമരപ്പന്തലിലും എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള ഗുസ്തി താരങ്ങളുണ്ട്. ഹരിയാനയിലെ സ്ത്രീകള്‍ മാത്രമല്ല ആക്രമിക്കപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലും ഹത്രാസിലുമുള്‍പ്പടെയുള്ള നിരവധി സ്ഥലങ്ങളില്‍ സ്ത്രീകള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചുളള വാര്‍ത്തകള്‍ നമ്മള്‍ കണ്ടതാണ്. ഇത്തരത്തില്‍ ഗൗരവപരമായ ശ്രദ്ധ പതിയേണ്ട ഒരു സംഭവത്തെ യു.പി-ഹരിയാന പ്രശ്‌നമായി ഒതുക്കുകയും അത്തരത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനോട് യോജിക്കാനാകില്ല. ബ്രിജ് ഭൂഷണ്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട എം.പിയാണ്. പ്രശ്‌നങ്ങളെ ബ്രിജ്ഭൂഷണ്‍ വളച്ചൊടിക്കുന്നതിനെ ബി.ജെ.പി ഇടപെട്ട് എതിര്‍ക്കേണ്ടതാണ്. എന്നാല്‍ ഒരു പ്രശ്‌നത്തെ അതിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സമീപിക്കുന്ന രീതി ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കുമില്ല. ഇതുകൊണ്ടൊന്നും ഗുസ്തിക്കാര്‍ നടത്തുന്ന സമരം ദുര്‍ബലപ്പെടില്ല, കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുക.

കർഷക സമരത്തിൽ, ഒരു വർഷത്തിനുശേഷമാണ്​ കേന്ദ്ര സർക്കാർ ഇ​ടപെടലുണ്ടായത്​. ഗുസ്​തി താരങ്ങളുടെ സമരത്തോടുള്ള സമീപനം, അവരുടെ സമരവും അനിശ്​ചിതമായി നീളാനിടയാക്കും എന്ന ആശങ്കയുണ്ടാക്കുന്നുണ്ടോ?

2020 നവംബർ 26- ന് അഖിലേന്ത്യാ ഹര്‍ത്താലും പാര്‍ലമെൻറ്​ മാര്‍ച്ചും നടത്തിയാണ് കര്‍ഷക സമരം ആരംഭിക്കുന്നത്. ഒരു കൊല്ലം തികയാന്‍ ഒരാഴ്ച ബാക്കി നില്‍ക്കുമ്പോഴാണ് 2021 നവംബര്‍ 19- ന് മൂന്നു നിയമങ്ങള്‍ പിന്‍വലിച്ച്​, പ്രധാനമന്ത്രി പരസ്യമായി മാപ്പുപറഞ്ഞ് സമരം അവസാനിപ്പിക്കുന്നത്. ഒരാഴ്ച തീരേണ്ട സമരം ഒരു കൊല്ലത്തോളം നീട്ടിക്കൊണ്ടുപോകേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. അതുപോലെയാണ് ഗുസ്തിക്കാരുടെ സമരവും നീട്ടിക്കൊണ്ടുപോകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാതെ എത്ര നീട്ടിക്കൊണ്ടുപോകുന്നുവോ അത്രത്തോളം ജനാഭിപ്രായം ഇവര്‍ക്കെതിരെ രൂപപ്പെട്ടുവരും.

ഇത് പ്രധാനമന്ത്രിയുടെ ഭരണത്തിന്റെ അവസാനത്തിലേക്കുള്ള തുടക്കത്തിന്റെ തുടര്‍ച്ചയാണ്. ഈ സമരം തുടരുന്നിടത്തോളം, ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെയുള്ള സമരവും നീണ്ടുപോകും. 2024- ല്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്തുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് വിഷയമായി തന്നെ ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്. വിഷയ പ്രാധാന്യം കൊണ്ടു തന്നെ ഇത് സജീവമായി നിലനില്‍ക്കും. പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കാരണമാകുന്ന നയമാണ് ബി.ജെ.പി ഇപ്പോള്‍ സ്വീകരിക്കുന്നത്. സമരങ്ങളെല്ലാം നീണ്ടുപോകുമ്പോള്‍ ദുര്‍ബലപ്പെടുമെന്ന് കരുതുന്നത് ശരിയല്ല, ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ട്രേഡ് യൂണിയനുകളും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരും തൊഴിലാളികളും സത്രീകളും വിദ്യാര്‍ഥികളുമെല്ലാം ഇവര്‍ക്ക് പിന്തുണയായി എത്തുകയാണ്. എല്ലാ ജനവിഭാഗങ്ങളും പിന്തുണയ്​ക്കുന്ന പ്രക്ഷോഭമായി ഇത്​ മാറുകയാണ്. ആ അര്‍ത്ഥത്തില്‍ ഈ സമരം നീണ്ടുപോകുന്നത് ഇതിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.

ബി.ജെ.പിക്ക് ആരാണ് പ്രതിപക്ഷത്തുള്ളതെന്നായിരുന്നു ഇത് വരെ ഉയര്‍ന്നുവന്ന ചോദ്യം. വിനേഷ് ഫോഗട്ടിനെയം ബജ്‌റംഗ് പൂനിയയെയും സാക്ഷി മാലിക്കിനെയും പോലുള്ളവര്‍ തങ്ങള്‍ക്ക് പ്രതിപക്ഷമാകാന്‍ കഴിയുമെന്ന് ഈ സമരത്തിലൂടെ തെളിയിച്ചു കഴിഞ്ഞു.

Comments