ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ (ഡബ്‌ള്യൂ.എഫ്.ഐ) പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം 13-ാം ദിവസവും ജന്തര്‍മന്തറില്‍ തുടരുകയാണ്. ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തതായി ഏഴു വനിതാതാരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 2023 ജനുവരി 18ന് വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ ആദ്യത്തെ ധര്‍ണ ആരംഭിച്ചത്. മൂന്നുദിവസം നീണ്ട സമരത്തിനൊടുവില്‍ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറുമായി നടന്ന ചര്‍ച്ചയില്‍, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണിനെ നീക്കം ചെയ്യുമെന്ന് ഉറപ്പുകിട്ടിയതോടെ സമരം അവസാനിപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താത്തതിനെ തുടര്‍ന്ന് എപ്രില്‍ 24-ന് ജന്തര്‍മന്തിറില്‍ ഗുസ്തി താരങ്ങള്‍ ധർണ പുനരാരംഭിച്ചു.
ഒളിമ്പിക്‌സ് ഉള്‍പ്പടെയുള്ള രാജ്യാന്തര മത്സരങ്ങളില്‍ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഗുസ്തി താരങ്ങള്‍ തങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നത്തില്‍ സമഗ്രമായ അന്വേഷണവും അറസ്റ്റും ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ ഭരണകൂടം യാതൊരു പരിഗണനകളും നല്‍കാതെ അവഗണിക്കുകയാണ്. ഈ വിഷയത്തെ ബോധപൂര്‍വം നിരസിക്കുന്നതിന് പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ട്. ഇന്ത്യയിലെ മറ്റുള്ള കായിക ഇനങ്ങളെ അപേക്ഷിച്ച് ഗുസ്തി താരങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തെയും അധികാരത്തിന്റെ അപ്രമാദിത്വത്തെയും തിരിച്ചറിഞ്ഞുതന്നെ ഈ വിഷയത്തെ മനസ്സിലാക്കേണ്ടതുണ്ട്.
പി.ടി. ഉഷയുടെ ചോദ്യത്തിന് മറുപടി
ഗുസ്തിതാരങ്ങള്‍ക്ക് ഫെഡറേഷന്‍ പ്രസിഡന്റിനെതിരെയുള്ള പരാതി കായികമന്ത്രാലയത്തിലും പോലീസിലും നല്‍കിയാല്‍പോരേ, എന്തിനാണ് ജന്തര്‍മന്തറില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തുന്നത് എന്ന പി.ടി. ഉഷയുടെതടക്കമുള്ള ചോദ്യത്തിനുള്ള ഉത്തരം ഈ സമരത്തിന്റെ നാള്‍വഴി പരിശോധിച്ചാല്‍ തെളിയും. ബ്രിജ് ഭൂഷണിനെതിരെ ഗുസ്തിതാരങ്ങള്‍ പരസ്യമായി ആരോപണമുന്നയിച്ചതു മുതല്‍ ഈ പ്രശ്‌നത്തെ ആസൂത്രിതമായി പൊതുശ്രദ്ധയില്‍ നിന്ന് തിരിച്ചുവിടാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയിരുന്നു. അവക്കേറ്റ വലിയൊരു പ്രഹരമായിരുന്നു രണ്ടാമതും സമരവുമായി മുന്നോട്ട് വരാനുള്ള ഗുസ്തി താരങ്ങളുടെ തീരുമാനം.
ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനിൽനിന്നും പരിശീലകരില്‍ നിന്നും നേരിടുന്ന മാനസിക-ശാരീരിക ചൂഷണങ്ങളെക്കുറിച്ച് അധികാര സ്ഥാപനങ്ങളിലെല്ലാം ഗുസ്തിതാരങ്ങള്‍ പരാതിപ്പെട്ടിട്ടും ആദ്യഘട്ടത്തില്‍ ആരും ഇടപെട്ടില്ല. പ്രശ്‌നത്തിന്റെ ഗൗരവം ഭരണകൂടവും പൊതുജനവും ഒരുപോലെ മനസ്സിലാക്കേണ്ടതുണ്ടെന്ന തീരുമാനത്തിലാണ് ജനുവരി 18ന് ജന്തര്‍മന്തറില്‍ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജരംഗ് പുനിയ, സരിത മോര്‍, സംഗീത ഫോഗട്ട് തുടങ്ങി ഇരുനൂറിലേറെ ഗുസ്തി താരങ്ങളുടെ പങ്കാളിത്തത്തിൽപ്രതിഷേധം ആരംഭിക്കുന്നത്.
വിഷയം പൊതുശ്രദ്ധയിലെത്തിയതോടെ, ഒത്തുതീര്‍പ്പിന് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ആരോപണ വിധേയനായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്നാണ് താരങ്ങള്‍ ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി മൂന്ന് ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അനുരാഗ് ഠാക്കൂര്‍ ഉറപ്പ് നല്‍കി. ഈ ഉറപ്പിലാണ് ജനുവരി 20ന് സമരം അവസാനിപ്പിച്ചത്. മന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ പ്രധാനമായും രണ്ട് തീരുമാനങ്ങളാണ്ടുണ്ടായത്. ഒന്ന്) ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു മേല്‍നോട്ട സമിതിയെ രൂപീകരിക്കുകയും ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ട്) സമിതിയുടെ അന്വേഷണം തീരുന്നതുവരെ ബ്രിജ് ഭൂഷണിനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുമെന്ന് ഉറപ്പ് നല്‍കി.
പക്ഷേ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷസ്ഥാനത്ത് ബ്രിജ് ഭൂഷണ്‍ തുടരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു വിലക്കുകളും നേരിടാതെ വീണ്ടും അദ്ദേഹം ഗുസ്തി മത്സരവേദികളിലെല്ലാം പങ്കെടുത്തിരുന്നു. അന്വേഷണ വിധേയനായിട്ടും ഉത്തര്‍പ്രദേശിലെ ഗോണ്ടയില ദേശീയ സീനിയര്‍ ഓപ്പണ്‍ ഗുസ്തി മത്സരത്തില്‍ സംഘാടകരും ഫെഡറേഷന്‍ ഭാരവാഹികളും പൂമാലയിട്ടാണ് ബ്രിജ് ഭൂഷണിനെ വരവേറ്റിരുന്നത്. ഭരണകൂടം സ്വമേധാ ക്ലീന്‍ചീറ്റ് നൽകി അദ്ദേഹത്തെ സ്ഥാനത്ത് തുടരാൻ അനുവദിച്ചിരുന്നു. ഇതോടെ ഗുസ്തി ഫെഡറേഷനിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടികള്‍ സ്വീകരിക്കാതെ ഒരു മേല്‍നോട്ട സമിതിയെ നിയമിച്ച് പരാതി ഒതുക്കിതീര്‍ക്കാനാണ് അനുരാഗ് ഠാക്കൂര്‍ ശ്രമിക്കുന്നതെന്ന് താരങ്ങള്‍ക്ക് ബോധ്യമായി. തുടര്‍ന്ന് എപ്രില്‍ 21ന് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പടെ ഏഴു വനിതകള്‍ ബ്രിജ് ഭൂഷണെതിരെ പോലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ചിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ജന്തര്‍മന്തറില്‍ വീണ്ടും പ്രതിഷേധം ആരംഭിക്കാന്‍ താരങ്ങള്‍ തീരുമാനിക്കുന്നത്.
പോക്‌സോ കേസ്, എന്നിട്ടും അറസ്റ്റില്ല
ഗുസ്തിതാരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനുപകരം നടപടികള്‍ വൈകിപ്പിച്ച് സംഭവത്തെ നിസ്സാരവത്കരിക്കാനാണ് ഭരണകൂടവും പോലീസും ഒരുപോലെ ശ്രമിച്ചത്. ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ച ശേഷമാണ് ബ്രിജ്ഭൂഷണെനെതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകുന്നത്. രജിസ്റ്റർ ചെയ്ത രണ്ടു കേസുകളില്‍ ഒന്ന് പോക്‌സോ നിയമപ്രകാരമുള്ളതാണ്. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചിട്ടില്ല. അതിന് പകരം സമാധാനപരമായി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ അന്യായായ കാരണങ്ങള്‍ നിരത്തി അധിക്ഷേപിക്കാനും മര്‍ദ്ദിക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കായികമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം മേല്‍നോട്ട സമിതി രൂപീകരിച്ചിരുന്നു. ബോക്‌സിങ്ങ് താരം എം.സി. മേരികോം അധ്യക്ഷയായ സമിതിയില്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്, ബാഡ്മിന്റണ്‍ താരം തൃപ്തി മുര്‍ഗുണ്ടെ, ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കിം ക്യാപ്റ്റന്‍ രാജഗോപാലന്‍, സായ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാധിക ശ്രീമാന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. താരങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ അന്വേഷണം നടത്താന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷൻ നേരത്തെ നിയോഗിച്ച സമിതിയിലും മേരി കോമും യോഗേശ്വര്‍ ദത്തും ഉള്‍പ്പെട്ടിരുന്നു. ബാഡ്മിന്റന്‍ താരം അളകനന്ദ അശോക്, അമ്പെയ്ത്തു താരം ഡോള ബാനര്‍ജി, വെയ്റ്റ് ലിഫറ്റിങ്ങ് അസോസിയേഷന്‍ പ്രസിഡന്റ് സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും അടങ്ങുന്ന എഴംഗ സമിതിയെയാണ് ഐ.ഒ.എ നിയമിച്ചത്. എന്നാല്‍ രണ്ട് സമിതിയുടെയും പാനല്‍ രൂപീകരിക്കുന്നതിന് മുമ്പ് കൂടിയാലോചനകള്‍ നടത്താത്തതില്‍ ഗുസ്തി താരങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണസമിതിയില്‍ തങ്ങളുടെ നോമിനി കൂടി വേണമെന്നായിരുന്നു താരങ്ങളുടെ ആവശ്യം. എന്നാല്‍ അത് അംഗീകരികരിക്കാന്‍ സമിതി തയ്യാറായില്ല.
എപ്രില്‍ അഞ്ചിനുതന്നെ അന്വേഷണ റിപ്പോര്‍ട്ട് കായിക മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സമിതിയിലുണ്ടായ പല അംഗങ്ങളും പറയുന്നത്. പക്ഷേ രണ്ട് കമ്മിറ്റിയുടെയും കണ്ടെത്തലുകൾ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമെന്ന് പറഞ്ഞ് ചില പ്രസക്തമായ തീരുമാനങ്ങള്‍ കായികമന്ത്രാലം കൈകൊണ്ടിരുന്നു. മെയ് ഏഴിന് നടക്കേണ്ട റെസ്ലിങ്ങ് അസോസിയേഷന്റെ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതും 45 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജി ചെയര്‍മാനായ മൂന്നംഗ സമിതിയെയാണ് ഇതിനായി രൂപീകരിക്കുന്നത്. അംഗങ്ങളുടെ പേരൊന്നും പരസ്യപ്പെടുത്തിയിട്ടില്ല. പ്രശ്‌നങ്ങള്‍ തീരുന്നതുവരെ ഗുസ്തി ഫെഡറേഷന്റെ ദൈന്യദിനകാര്യങ്ങള്‍ ചെയ്യാനുള്ള ചുമതല ഏല്‍പ്പിക്കുന്നതും ഇവരെയാണ്. സമിതി അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നാണ് ഔദ്യോഗിക തലത്തില്‍ നിന്ന് ലഭിക്കുന്ന മറുപടി. അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ കായിക മന്ത്രാലയമോ ഒളിമ്പിക്സ് അസോസിയേഷനോ തയ്യാറായിട്ടില്ല. ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണങ്ങളില്‍ മേല്‍നോട്ട സമിതിയുടെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തണമെന്ന് ഗുസ്തിതാരങ്ങള്‍ ആവശ്യപ്പെടുന്നതും ഈ ദുരൂഹതകള്‍ നീക്കാനാണ്.
ബി.ജെ.പിക്ക് തള്ളിപ്പറയാനാകാത്ത ബ്രിജ് ഭൂഷണ്‍
പത്തു വര്‍ഷം ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി കുത്തകാധികാരം നേടിയ വ്യക്തിയാണ് ബ്രിജ് ഭൂഷണ്‍ സിങ്. ഗുസ്തി വനിതാ താരങ്ങള്‍ക്കിടയില്‍ നിന്നുതന്നെ ബ്രിജ് ഭൂഷണിനെതിരെ ഗൗരവരമായ പരാതികള്‍ ഉയര്‍ന്നിട്ടും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാത്തതിനു പിന്നില്‍ കൃത്യമായ അധികാര സ്വാധീനങ്ങളുണ്ട്. പരാതി നല്‍കിയ പെണ്‍കുട്ടികളുടെ കുടുംബത്തിനും സമരത്തെ പിന്തുണക്കുന്ന താരങ്ങളെയും വധഭീഷണി മുഴക്കി ബ്രിജ് ഭൂഷണ്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതായി താരങ്ങള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഇത്ര പൊതുശ്രദ്ധ നേടിയിട്ടും ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്നും നിതി ലഭിക്കണമെങ്കില്‍ കോടതിയെയോ പോലീസിനെയോ സമീപിക്കുകയോയാണ് വേണ്ടതെന്നുമാണ് ബ്രിജ്ഭൂഷണ്‍ സമരക്കാരോട് ആവശ്യപ്പെടുന്നത്. വിഷയത്തില്‍ കോടതി എന്തുതന്നെ വിധിച്ചാലും അനുസരിക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹം പറയുന്നത്. നീതിന്യായ വ്യവസ്ഥയുടെ അധികാര പരിധിയെ സംശയത്തിലാഴ്ത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് തനിക്കു പിന്നിലുള്ള രാഷ്ട്രീയ സ്വാധീനമാണ്.
ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പിയായ ബ്രിജ്ഭൂഷണ്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കലില്‍ വരെ ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. ഗുണ്ടാ സ്വാധീനമുള്ള ബ്രിജ് ഭൂഷണിന് ഉത്തര്‍പ്രദേശില്‍ ഏത് രാഷ്ട്രിയ പാര്‍ട്ടിയില്‍ നിന്നാലും ജയിച്ചുവരാനുള്ള സ്വാധീനമുണ്ട്. കൈസര്‍ഗെഞ്ച് കൂടാതെ സമീപ പ്രദേശങ്ങളായ അഞ്ച് ലോകസഭാ സീറ്റിലും ബ്രിജ് ഭൂഷണിന് വ്യക്തമായ സ്വാധീനമുള്ളതുകൊണ്ട് ബി.ജെ.പിക്ക് എളുപ്പം അദ്ദേഹത്തെ തള്ളിക്കളയാനാകില്ല. 2009- ല്‍ അദ്ദേഹം സമാജ്വാദി പാര്‍ട്ടി എം.പിയായിരുന്നു. ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ബ്രിജ് ഭൂഷണ്‍ എസ്.പിയിലേക്ക് തന്നെ തിരിച്ചുപോകാനുള്ള സാധ്യതയും ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. കൂടാതെ അന്വേഷണത്തില്‍ ബ്രിജ്ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നീണ്ട് പത്ത് വര്‍ഷത്തോളം ഇയാളെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ച ബി.ജെ.പി കൂടിയാണ് പ്രതിക്കൂട്ടിലാകുന്നത്.
യു.പി - ഹരിയാന പ്രശ്‌നമാക്കി ഒതുക്കാൻ ശ്രമം
പത്തു വര്‍ഷവും പ്രശ്‌നങ്ങള്‍ ഉന്നയിക്കാതെ പെട്ടെന്ന് വനിതാതാരങ്ങള്‍ പരാതിപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയ പ്രേരിതമായ ഉദ്ദേശ്യങ്ങളുണ്ടെന്നാണ് ബ്രിജ് ഭൂഷണ്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ദീപേന്ദര്‍ സിങ് ഹുഡ രക്ഷാധികാരിയായ അഖാഡയില്‍ പരിശീലനം നടത്തുന്നവരാണ് തനിക്കതിരെ പരാതി നല്‍കിയ വനിതാതാരങ്ങളെന്നും ബ്രിജ് ഭൂഷണ്‍ പറയുന്നു. യു.പി- ഹരിയാന ഗുസ്തി താരങ്ങള്‍ തമ്മില്‍ ആദ്യമേ വൈര്യം നിലനില്‍ക്കുന്നുണ്ട്. സമരം നടത്തുന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയവരെല്ലാം ഹരിയാനയില്‍ നിന്നുള്ളവരാണെന്നാണ് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. താക്കൂര്‍ സമുദായത്തിനെരെ ജാട്ട് ലോബിയുടെ ആക്രമണമായൊക്കെ ഈ സമരത്തെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും ബ്രിജ് ഭൂഷണിന്റെ നേതൃത്വത്തില്‍ അണിയറയില്‍ നടക്കുന്നുണ്ട്.
ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന്, കോണ്‍ഗ്രസ് നേതാവായ ഭുപീന്ദര്‍ സിങ് ഹൂഡ സമരസ്ഥലത്തെത്തി പിന്തുണ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ഹരിയാനയെ സ്‌പോര്‍ട്‌സ് ഹബ്ബായി ഉയര്‍ത്തുന്നതിന് പര്യാപ്തമായ നിരവധി നടപടികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു. സമരത്തെ നിര്‍വീര്യമാക്കാന്‍ ബ്രിജ് ഭൂഷണ്‍ ഉന്നയിക്കുന്ന ഹരിയാന ബെല്‍റ്റ് ആരോപണങ്ങളെയെല്ലാം ഭൂപീന്ദര്‍ ഹൂഡ നിരസിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന കായിക താരങ്ങളെല്ലാം രാജ്യത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും ഒരു പ്രേത്യേക സംസ്ഥാനത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുസ്തി താരങ്ങള്‍ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിനുവേണ്ടി മത്സരിക്കുന്ന ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതും നീതി ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും നിഷ്പക്ഷമായി കേസ് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവേചന ഗുസ്തി
ഗുസ്തി പരിശീനമെന്നത് കാഠിന്യമേറിയതാണ്. കളിമണ്ണ് നിറഞ്ഞ അഖാഡെ എന്നറിയപ്പെടുന്ന ഗ്രൗണ്ടിലാണ് പരിശീലനം. ഇത് ദിവസവും മണിക്കൂറുകളോളം നീളും. എന്നാൽ, താരങ്ങള്‍ക്ക് പിന്തുണ നല്‍കാനോ പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതിലോ കായികമന്ത്രാലയം ശ്രദ്ധ നല്‍കാറില്ല. ബ്രിജ് ഭൂഷണിനെ പോലൊരാൾക്ക് ഗുസ്തി ഫെഡറേഷന്റെ ചുമതല നല്‍കിയതും ഈ കായിക ഇനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
കാലങ്ങളായി ഗുസ്തി മേഖലയും താരങ്ങളും നേരിടുന്ന വിവേചനത്തെകൂടിയാണ് ഈ സമരം തുറന്നുകാട്ടുന്നത്. ഒളിമ്പിക്സ് വേദിയിലടക്കമുള്ള രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യക്ക് സ്വര്‍ണം നേടിതന്ന കായിക താരങ്ങളാണ് ജന്തര്‍മന്തറിലെ സമരത്തിന് നേതൃത്വം നല്‍കുന്നത്. പ്രധാനപ്പെട്ട ഗുസ്തി താരങ്ങള്‍ മുന്നോട്ടുവന്നിട്ടും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ കായിക രംഗത്തുള്ളവര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. കായികതാരങ്ങളില്‍ തന്നെ ചുരുങ്ങിയ ആളുകള്‍ മാത്രമാണ് സമരത്തിന് പിന്തുണ അറിയിച്ചും സര്‍ക്കാറിനെ വിമര്‍ശിച്ചും രംഗത്തുവന്നത്. പരിതാപകരമായ സാഹചര്യത്തില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങളോടുള്ള ഡല്‍ഹി പോലീസിന്റെ പെരുമാറ്റവും ഈ വിവേചനത്തെ തുറന്നുകാണിക്കുന്നതാണ്. എഷ്യന്‍ഗെയിംസ് അടക്കമുള്ള ഇനി വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി സമരസ്ഥലത്ത് തന്നെ പരിശീലനം നടത്താന്‍താരങ്ങള്‍ ശ്രമിച്ചെങ്കിലും ഡല്‍ഹി പോലീസ് അനുവദിച്ചില്ല. ജന്തര്‍മന്തറില്‍ ഗുസ്തിതാരങ്ങള്‍ക്ക് പരിശീലനം ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നാണ് ഇതിന് കാരണമായി പോലീസ് വാദിക്കുന്നത്. സമരവേദിയിലേക്ക് കട്ടിലെത്തിക്കുന്നതിനെ ചൊല്ലിയും പോലീസും സമരക്കാരും തമ്മിൽ സംഘർഷങ്ങളുണ്ടായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് ഇനിയും ഇത്തരത്തിലുള്ള അപമാനങ്ങള്‍ തുടരുകയാണെങ്കില്‍ തങ്ങള്‍ക്കു കിട്ടിയ മെഡലുകളും പുരസ്‌കാരങ്ങളുമെല്ലാം സര്‍ക്കാരിനു തന്നെ തിരിച്ചുനല്‍കി പ്രതിഷേധിക്കുമെന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നു.
പി.ടി ഉഷ എന്ന ദുരന്തം
രാജ്യത്തെ പ്രധാനപ്പെട്ട കായിക ഇനവുമായി നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് താരങ്ങള്‍ തുറന്നുപറയുമ്പോള്‍ വിഷയത്തില്‍ സമഗ്രഅന്വേഷണം നടത്തി പരിഹാരം കാണാനായിരുന്നു ഒളിമ്പിക്‌സ് അസോസിയേഷന്‍ ശ്രമിക്കേണ്ടിയിരുന്നത്. പക്ഷേ ഗുസ്തി താരങ്ങളുടെ പരാതി ലഭിച്ചിട്ടും കാര്യക്ഷമമായ ഇടപെടൽ നടത്താന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായ പി.ടി ഉഷ ശ്രമിച്ചില്ല. താരങ്ങള്‍ ഉന്നയിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്താണെന്നോ പ്രാധാന്യമെന്തെന്നോ മനസ്സിലാക്കാതെ സമരത്തെ തീര്‍ത്തും തള്ളിപ്പറയുന്ന നിലപാടാണ് കായികതാരം കൂടിയായ ഉഷ സ്വീകരിച്ചത്. കായികതാരങ്ങളുടെ സമരത്തിലൂടെ കായികമേഖലയ്ക്കും രാജ്യത്തിന്റെ പ്രതിഛായക്കും കോട്ടം സംഭവിക്കുമെന്ന ആശങ്കയില്‍ നിന്നു തന്നെ പി.ടി. ഉഷയുടെ രാഷ്ട്രീയക്കൂറ് വെളിപ്പെട്ടതാണ്. എന്നാല്‍, ഉഷയുടെ നിരുത്തരവാദപരമായ പ്രതികരണത്തെ വിമര്‍ശിച്ച് കായിക- രാഷ്ട്രീയ- സാമൂഹിക രംഗത്തുള്ള നിരവധി പേര്‍ രംഗത്ത് വന്നു. ഇതോടെ നിലപാട് മാറ്റാൻ അവർ നിര്‍ബന്ധിതയായി, കായികതാരങ്ങള്‍ക്കൊപ്പമാണെന്നു പ്രഖ്യാപിച്ച് സമരപന്തലിലെത്തി. പക്ഷേ സമരമുഖത്തുണ്ടായിരുന്ന പൊതുജനങ്ങളില്‍ മിക്കവരും ഉഷയോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു.
ബ്രിജ് ഭൂഷണിനെ ഇനിയും സംരക്ഷിച്ചു നിര്‍ത്താനുള്ള ബി.ജെ.പി ശ്രമം കാര്യങ്ങളെ സങ്കീര്‍ണമാക്കും. പ്രശ്‌നത്തെ ആദ്യം മുതലേ ഒതുക്കിയെടുക്കാന്‍ ശ്രമിച്ച സര്‍ക്കാരിന്റെയും കായികമന്ത്രാലയത്തിന്റെയും കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് ഗുസ്തിതാരങ്ങള്‍ സമരം തുടരുന്നത്. കേവലം വാക്കുകളുടെയും ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെയും ബലത്തില്‍ അവസാനിപ്പിക്കാനാകുന്നതല്ല തങ്ങളുടെ പ്രശ്‌നമെന്ന് ഗുസ്തി താരങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. യു.എസില്‍ ജിംനാസ്റ്റിക് ഡോക്ടറായ ലാറി നാസറിനെതിരെ മീറ്റു വെളിപ്പെടുത്തലുമായി ജിംനാസ്റ്റിക് താരങ്ങള്‍ ഒത്തുചേര്‍ന്നതുപോലെ ഒരു ഐക്യമാണ് ഗുസ്തി താരങ്ങള്‍ക്കിടയില്‍ നിന്നും നമ്മള്‍ കാണുന്നത്.
പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, തുടങ്ങിയ രാഷ്ട്രീയ സംഘടനകളെല്ലാം സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷമായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി വിഷയത്തില്‍ സ്വീകരിക്കുന്ന നിശ്ശബ്ദത പ്രത്യേകം എടുത്തുപറയേണ്ടതാണ്. തങ്ങളുടെ കരിയർ വരെ നഷ്ടപ്പെടുത്തിയാണ് താരങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നത്. ജന്തര്‍മന്തറില്‍ സമരം നടക്കുമ്പോഴും അത് പരിഗണിക്കാതെ മന്‍ കി ബാത്തിലൂടെ പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രിയുടെ പൊള്ളത്തരങ്ങളെ സാക്ഷി മാലിക്കിനെ പോലുള്ളവര്‍ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇനിയും വൈകിപ്പിക്കാതെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവിടാനും നടപടികള്‍ സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.