10 കോഴ്‌സുകളുടെ കൂടി അംഗീകാരത്തിന് യു.ജി.സി.ക്ക് അപ്പീലുമായി ശ്രീനാരായണഗുരു ഓപൺ സർവകലാശാല

നിലവിൽ ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ അഞ്ച് ബിരുദ കോഴ്‌സുകൾക്കും രണ്ട് പി.ജി. കോഴ്‌സുകൾക്കുമാണ് യു.ജി.സി.യുടെ വിദൂര വിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരം ലഭിച്ചത്. ഈ അധ്യയനവർഷം തന്നെ കോഴ്‌സുകൾ തുടങ്ങാവുന്ന രീതിയിലാണ് അംഗീകാരം. എന്നാൽ ബി.എ. സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഫിലോസഫി വിത്ത് സ്‌പെഷലൈസേഷൻ ഇൻ ശ്രീനാരായണ ഗുരു സ്റ്റഡീസ്, ബി.സി.എ., ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്‌സുകൾക്കും എം.എ. സോഷ്യോളജി, എം.കോം. എന്നീ പി.ജി. കോഴ്‌സുകൾക്കും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ ഏഴ് കോഴ്‌സുകൾക്ക് യു.ജി.സി. അംഗീകാരം. 12 ബിരുദ കോഴ്‌സുകൾക്കും അഞ്ച് ബിരുദാനന്തരബിരുദ കോഴ്‌സുകൾക്കുമാണ് സർവകലാശാല അനുമതി തേടിയത്. ഇതിൽ അഞ്ച് ബിരുദ കോഴ്‌സുകൾക്കും രണ്ട് പി.ജി. കോഴ്‌സുകൾക്കുമാണ് ഇപ്പോൾ അംഗീകാരമായത്. മറ്റു കോഴ്‌സുകളുടെ കാര്യത്തിൽ യു.ജി.സി, ചൂണ്ടിക്കാട്ടിയ ഹെഡ് ഓഫ് സ്‌കൂൾമാരുടെ നിയമനം ഉൾപ്പെടെയുള്ള ന്യൂനത പരിഹരിച്ച് സർവകലാശാല യു.ജി.സി.ക്ക് അപ്പീൽ നൽകുമെന്ന് ശ്രീനാരായണ ഗുരു ഓപൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ ​ട്രൂകോപ്പിയോട്​ പറഞ്ഞു.

അഞ്ച് ബിരുദ കോഴ്‌സുകൾക്കും രണ്ട് പി.ജി. കോഴ്‌സുകൾക്കുമാണ് യു.ജി.സി.യുടെ വിദൂര വിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരം ലഭിച്ചത്. ഈ അധ്യയനവർഷം തന്നെ കോഴ്‌സുകൾ തുടങ്ങാവുന്ന രീതിയിലാണ് അംഗീകാരം. ബി.എ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, എം.എ. മലയാളം, ഇംഗ്ലീഷ് കോഴ്‌സുകൾക്കാണ് അംഗീകാരം ലഭിച്ചത്.

ബി.എ. സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഫിലോസഫി വിത്ത് സ്‌പെഷലൈസേഷൻ ഇൻ ശ്രീനാരായണ ഗുരു സ്റ്റഡീസ്, ബി.സി.എ., ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്‌സുകൾക്കും എം.എ. സോഷ്യോളജി, എം.കോം. എന്നീ പി.ജി. കോഴ്‌സുകൾക്കുമാണ് അംഗീകാരം ലഭിക്കാത്തത്.

‘‘ഡിപ്പാർട്ട്‌മെൻറ്​ തലവൻമാർക്ക് സർക്കാർ അനുവദിച്ചത് ഡെപ്യൂട്ടേഷൻ നിയമനമാണ്. വിരമിച്ച അധ്യാപകരെ കൂടി ഈ തസ്തികകളിൽ നിയമിക്കാനാണ് സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. അതിന്​ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഡിപ്പാർട്ട്‌മെൻറ്​ തലവൻമാരുടെ നിയമനം പൂർത്തിയാക്കിയ ശേഷം യു.ജി.സി.ക്ക് അപ്പീൽ നൽകും. ഈ അധ്യയനവർഷം തന്നെ ശേഷിക്കുന്ന കോഴ്‌സുകളും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ’’, വി.സി. പറഞ്ഞു.

ഓൺലൈൻ ഡോക്യുമെൻറ്​ വെരിഫിക്കേഷനും ലൈവ് വെർച്വൽ വിസിറ്റിനും ശേഷമാണ് യു.ജി.സി. ഏഴ് കോഴ്‌സുകൾക്ക് അംഗീകാരം നൽകാൻ നടപടി സ്വീകരിച്ചത്. നവംബറിൽ കോഴ്‌സുകളിൽ പ്രവേശനം നടക്കും. സർവകലാശാലയിൽ 46 അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനം പൂർത്തിയാക്കിയിട്ടുണ്ട്. പഠനസാമഗ്രികൾ ഉൾപ്പെടെ തയ്യാറാക്കി കോഴ്‌സ് തുടങ്ങാനുള്ള ഒരുക്കങ്ങളും പൂർത്തിയായി.

ഓൺലൈൻ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ഒ.ഡി.എൽ.) കോഴ്‌സുകൾക്കായാണ് 2020 ഒക്ടോബറിൽ കൊല്ലം ആസ്ഥാനമായി ശ്രീനാരായണ ഗുരു ഓപൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ടത്. 2021-ലാണ് സംസ്ഥാന സർക്കാർ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലാ ആക്റ്റ് പാസാക്കിയത്. 2021-22 അധ്യയനവർഷം കോഴ്‌സുകൾ തുടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർവകലാശാലയ്ക്ക് കഴിഞ്ഞിരുന്നില്ല. അധ്യാപക നിയമനവും പഠനസാമഗ്രികൾ തയ്യാറാക്കുന്ന പ്രവർത്തനവും ഏതാണ്ട് പൂർത്തിയാക്കിയാണ് പിന്നീട് യൂണിവേഴ്‌സിറ്റി 17 കോഴ്‌സുകൾക്ക് യു.ജി.സി.യുടെ അനുമതി തേടിയത്. അതിൽ ഏഴ് കോഴ്‌സുകൾക്കാണ് അനുമതി ലഭിച്ചത്.

ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല കോഴ്‌സുകൾ തുടങ്ങുന്നതോടെ കേരളത്തിൽ മറ്റൊരു സർവകലാശാലയും ഒ.ഡി.എൽ. കോഴ്‌സുകൾ നടത്തില്ലെന്ന് ശ്രീനാരായണ ഗുരു ഓപൺ യൂണിവേഴ്‌സിറ്റി ആക്റ്റിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ അധ്യയനവർഷം ഓപൺ യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ തുടങ്ങാതിരുന്നതിനാൽ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസം-പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. 2022-ൽ ശ്രീനാരായണ ഗുരു ഓപൺ യൂണിവേഴ്‌സിറ്റിക്ക് കോഴ്‌സുകൾ തുടങ്ങാൻ അനുമതി ലഭിച്ചില്ലെങ്കിൽ മാത്രമെ മറ്റു സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് വ്യക്തമാക്കി നേരത്തെ സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഇതിനെതിരെ സമർപ്പിക്കപ്പെട്ട റിട്ട് ഹർജികൾ പരിഗണിച്ച ഹൈക്കോടതി ഈ അക്കാദമിക വർഷം ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയ്ക്ക് അനുമതി ലഭിക്കാത്ത കോഴ്‌സുകൾ മറ്റു സർവകലാശാലകൾക്ക് നടത്താമെന്ന് വിധിച്ചിരുന്നു. ഒ.ഡി.എൽ. സമ്പ്രദായത്തിൽ ഓരോ കോഴ്‌സിനും യു.ജി.സി.യുടെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. ശ്രീനാരായണ ഗുരു സർവകലാശാലയ്ക്ക് അനുമതി ലഭിക്കാത്ത കോഴ്‌സുകളിൽ മറ്റു സർവകശാലകൾക്ക് കോഴ്‌സുകൾ നടത്താമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നിലവിൽ ശ്രീനാരായണ ഗുരു യൂണിവേഴ്‌സിറ്റിക്ക് ഏഴ് കോഴ്‌സുകൾ തുടങ്ങാൻ മാത്രമെ അനുമതി കിട്ടിയിട്ടുള്ളൂവെങ്കിലും വിദ്യാർഥികൾക്ക് പഠനാവസരം നിഷേധിക്കപ്പെടുമെന്ന ഭയം ആവശ്യമില്ല. ഓപൺ യൂണിവേഴ്‌സിറ്റിക്ക് നടത്താനാവാത്ത കോഴ്‌സുകൾ മറ്റു സർവകലാശാലകൾക്ക് നടത്താവുന്നതാണ്.

വിദൂര പഠനത്തിലൂടെയുള്ള ബിരുദ, പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നതിനായി കഴിഞ്ഞ മേയ് 17-ന് കേരള സർവകലാശാലാ റജിസ്ട്രാർ കത്തയച്ചപ്പോൾ, അപേക്ഷ ക്ഷണിക്കുന്നത് തടഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എല്ലാ സർവകലാശാലകൾക്കും ഉത്തരവ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേരളത്തിൽ വിദൂരപഠനം ഇല്ലാതാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടന്നത്. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല തുടങ്ങുന്നതോടെ മറ്റു സർവകലാശാലകളിലെ വിദൂരപഠന കോഴ്‌സുകൾ നിലയ്ക്കുമെന്നും ഇത് ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുമെന്നുമായിരുന്നു ചില മാധ്യമങ്ങളുടെയും സംഘടനകളുടെയും ആശങ്ക. എന്നാൽ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല കോഴ്‌സുകൾ തുടങ്ങിയില്ലെങ്കിൽ മറ്റു സർവകലാശാകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നടത്താമെന്ന് ഓപൺ യൂണിവേഴ്‌സിറ്റി ആക്റ്റിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതിനുപിന്നാലെയായിരുന്നു കേരളത്തിലെ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നവിധത്തിലുള്ള പ്രചാരണങ്ങൾ മലയാള മാധ്യമങ്ങളിൽ നടന്നത്. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല നടത്താത്ത കോഴ്‌സുകൾ മറ്റു സർവകലാശാലകൾക്ക് നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ വിദ്യാർഥികൾ ആശങ്കയിലാകേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് വ്യക്തമായിരിക്കുകയാണ്.

അറബിക് ഉൾപ്പെടെയുള്ള ഭാഷാ കോഴ്‌സുകൾ പഠിക്കാനുള്ള അവസരം ഇല്ലാതാകുമെന്നായിരുന്നു മറ്റൊരു ആശങ്ക. എന്നാൽ ആദ്യഘട്ടത്തിൽ ശ്രീനാരായണ ഗുരു ഓപൺ യൂണിവേഴ്‌സിറ്റിക്ക് അംഗീകാരം ലഭിച്ചത് തന്നെ പ്രധാനമായും ഭാഷാ കോഴ്‌സുകൾക്കാണെന്നതിനാൽ ഈ ആശങ്കയും അസ്ഥാനത്താവുകയാണ്.

Comments