3 Apr 2022, 10:40 AM
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്ക അതില്‍ നിന്ന്പുറത്തുകടക്കാന് ശ്രമം തുടരുന്നതിനിടയില്‍ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്കു സാക്ഷിയാവുകയാണ്. പ്രസിഡൻറ് ഗോതബയ രാജപക്‌സ ഉടൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങാന്‍ തുടങ്ങിയതോടെ ഭരണകൂടം ആഭ്യന്തരമായ പരിഹാരങ്ങള്‍ ഇനി സാധ്യമല്ലെന്നു തിരിച്ചറിഞ്ഞ് വിദേശ രാജ്യങ്ങളെയും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളെയും സമീപിക്കുകയാണ്. ആഗോള മനുഷ്യവികസന സൂചികയില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള മറ്റേതൊരു ദക്ഷിണേഷ്യന്‍ രാജ്യത്തെക്കാളും ഉയര്‍ന്ന റാങ്കില്‍ നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് എങ്ങനെ ഈ ദുര്‍ഗതി വന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും.
അതെ, മനുഷ്യവികസന സൂചിക ഒരിക്കലും ഒരു നല്ല സമ്പദ് വ്യവസ്ഥയുടെ പ്രതിനിധാനം ആകണമെന്നില്ല. മനുഷ്യവികസന സൂചികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കില്‍ നിന്ന് ഐസ്ലൻഡ് ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞു പാപ്പരായത് ലോകം കണ്ടതാണ്. ആഗോള മുതലാളിത്തത്തിന്റെ ധനമൂലധനക്കമ്പോളത്തില്‍ കുമിള പൊട്ടുന്നതുപോലെ സമ്പദ് വ്യവസ്ഥകള്‍ തകര്‍ന്നടിയുന്നത് 2008 മുതല്‍ പല നാടുകളിലും സംഭവിച്ചു.
ഇന്ന് ഗ്ലോബല്‍ സൗത്ത് എന്ന് അറിയപ്പെടുന്ന പല വികസ്വര - അവികസിത രാജ്യങ്ങളിലും ഇതിന്റെ ആഘാതവും പ്രത്യാഘാതവും ഉണ്ടായി. സമ്പദ് വ്യവസ്ഥകള്‍ക്കുള്ളിലെ പൊട്ടലും പോറലും ചിലപ്പോള്‍ വാര്‍ത്ത പോലുമല്ലാതായി. ആഗോളവല്‍കരണത്തിന്റെ വിജയക്കൊടി പല സാമ്പത്തിക ശാസ്ത്രജ്ഞന്മാരും താഴ്ത്തിക്കെട്ടാൻ തുടങ്ങിയെങ്കിലും ഉദാരീകരണം ഈ രാജ്യങ്ങളിലെല്ലാം യഥേഷ്ടം നടന്നുകൊണ്ടിരുന്നു. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ഏതെല്ലാം വികസ്വര - അവികസിത രാജ്യങ്ങളില്‍ നടപ്പാക്കിയോ അവിടെയെല്ലാം ഈ ദുരിതങ്ങളും ദുരന്തങ്ങളും ഒന്നിനൊന്നു വര്‍ധിച്ചുവന്നു. ദീര്‍ഘനാളത്തെ സാമ്പത്തികമാന്ദ്യത്തിനുശേഷം രണ്ടുവര്‍ഷത്തിലേറെ നീണ്ട മഹാമാരി ഈ സമ്പദ് വ്യവസ്ഥകളെ തകര്‍ത്തുകളഞ്ഞു. ശ്രീലങ്ക ഈ ഗണത്തില്‍പ്പെട്ട ഒരു രാജ്യമാണ്.
വിദേശനാണയം അപകടകരമാംവിധം ശോഷിച്ചതോടെ രൂക്ഷമായ വിലക്കയറ്റത്തില്‍ രാജ്യം അസ്വസ്ഥമാകുകയാണ്. പ്രതിസന്ധിക്ക് അയവു വരുത്താന്‍ സര്‍ക്കാര്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം കുറച്ചിരുന്നു. ഇത് അവശ്യസാധനങ്ങളുടെ വില അസാധാരണമാംവിധം കുതിച്ചുയരാന്‍ കാരണമായി. അരി കിലോയ്ക്ക് 448 ലങ്കന്‍ രൂപയും (128 ഇന്ത്യന്‍ രൂപ) ഒരു ലിറ്റര്‍ പാലിന് 263 ലങ്കന്‍ രൂപയും (75 ഇന്ത്യന്‍ രൂപ) വര്‍ധിച്ചത് കുറച്ചൊന്നുമല്ല ജനങ്ങളെ അസ്വസ്ഥരാക്കിയത്. പോരാത്തതിന് പെട്രോളിനും ഡീസലിനും 40 ശതമാനം വില കൂട്ടിയത് ഇന്ധനക്ഷാമം രൂക്ഷമാക്കി. പെട്രോള്‍ ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസല്‍ ലിറ്ററിന് 176 ശ്രീലങ്കന്‍ രൂപയുമായത് ഗതാഗതസംവിധാനത്തെ താറുമാറാക്കി. പ്രവര്‍ത്തനമൂലധനത്തിന്റെ അഭാവത്തില്‍ പല വൈദ്യുതിനിലയങ്ങളും അടച്ചിട്ടിരിക്കുന്നു. ദിവസം ഏഴരമണിക്കൂറിലേറെ പവര്‍കട്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയുടെ ഖജനാവില്‍ വിദേശനാണയം ഇല്ലാതായതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതി തടസ്സപ്പെട്ടു. ഇതാണ് ഭരണകൂടത്തെ ഇപ്പോള്‍ അന്താരാഷ്ട്ര നാണയനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടാന്‍ നിര്‍ബന്ധിതമാക്കിയത്. ഇതിനായി ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്‌സ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. 140 കോടി ഡോളര്‍ സഹായമാണ് ഇന്ത്യ ഇതുവരെ ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുള്ളത്. കൂടാതെ ഒരു ബില്യണ്‍ ഡോളര്‍ കൂടി മോദി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല ഐ.എം.എഫില്‍ നിന്ന് വായ്പ എടുക്കുന്നതിനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നും വാര്‍ത്തകളുണ്ട്.
ഏറെക്കാലമായി ശ്രീലങ്കയുടെ വിദേശനാണയ കരുതല്‍ശേഖരത്തില്‍ വലിയ വിള്ളലുണ്ടാക്കികൊണ്ട് കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം വര്‍ധിച്ചുവന്നു. ഇറക്കുമതി വല്ലാതെ വര്‍ധിക്കുകയും കയറ്റുമതി കാര്യമായി കുറഞ്ഞുവരികയും ചെയ്തതോടെ നാണയ കരുതല്‍ശേഖരം ശുഷ്‌കമായി. വിദേശനാണയശേഖരം തകര്‍ന്നതുമാത്രമല്ല, രാജ്യത്തിന് ഇപ്പോള്‍ എട്ടു ബില്യന്‍ ഡോളറിലേറെ വിദേശകടവുമുണ്ട്. ഇതിന്റെ പരിഹാരമെന്നോണം ഇറക്കുമതിയില്‍ കടുത്ത നിരോധനങ്ങള്‍ക്കും നിബന്ധനകള്‍ക്കും വഴങ്ങേണ്ടിവന്നു. പഴവും പാലും തുടങ്ങി കാറുകളും മറ്റനേകം നിര്‍മാണസമഗ്രഹികളും വരെ ഈ നിരോധനത്തില്‍പ്പെടും. ഇത് ഭക്ഷ്യക്ഷാമത്തിനും കരിഞ്ചന്തയ്ക്കും ആക്കം കൂട്ടി. അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയര്‍ന്നതാണ് ജനരോഷം വര്‍ധിക്കാന്‍ കാരണമായത്.

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷപാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമായത്. പ്രതിപക്ഷനേതാവ് ശ്രീലങ്കന്‍ മുന്‍ പ്രസിഡൻറ് പ്രേമദാസയുടെ മകന്‍ സജിത് പ്രേമദാസയാണ്. അദ്ദേഹമാണ് മുന്‍നിരയില്‍ നിന്ന് സമരം നയിക്കുന്നത്. ‘ഈ ദുരിതം രണ്ടുവര്‍ഷക്കാലമായി അനുഭവിക്കുന്നു, ഇതിനിയും സഹിക്കാനാകുമോ' എന്നാണ് സമരമുദ്രാവാക്യം. ഭക്ഷ്യക്ഷാമം രൂക്ഷമായാല്‍ രാജ്യം ഭക്ഷ്യകലാപത്തിലേയ്ക്കു നീങ്ങുമോ എന്ന് പരക്കെ ആശങ്കയുണ്ട്. തെക്കുകിഴക്കനേഷ്യയിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും നേരത്തെ ഇത്തരം കലാപങ്ങള്‍ അരങ്ങേറിയിരുന്നു. അവയെല്ലാം സാമ്പത്തിക ഉദാരീകരണത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികപ്രതിസന്ധികളില്‍ നിന്നും ഉരുള്‍പൊട്ടിയതാണ്.
പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത് മഹാമാരി ഉയര്‍ത്തിയ സാമ്പത്തികപ്രശ്നങ്ങളും പ്രധാന വരുമാനസ്രോതസ്സായ ടൂറിസം നിലച്ചതുമാണ്. എന്നാല്‍, പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം ദീര്‍ഘകാലമായി നടപ്പാക്കിവന്ന സാമ്പത്തിക നവലിബറല്‍ പരിപാടികളാണെന്നു സമ്മതിച്ചുതരാന്‍ ഭരണകൂടമോ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളോ തയാറാകില്ല. ദക്ഷിണേഷ്യയില്‍ ആദ്യമായി സാമ്പത്തിക ഉദാരീകരണം നടപ്പാക്കിയ രാജ്യമാണ് ശ്രീലങ്ക. ഇന്ത്യയും മറ്റു രാജ്യങ്ങളും അതിനുശേഷമാണ് ഉദാരീകരണത്തിലേയ്ക്ക് തിരിഞ്ഞത്. 1970കളിൽ ജയവര്‍ധനെ ഭരണകൂടം ഉദാരീകരണം നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് സിംഹള- തമിഴ് പ്രശ്‌നം രൂക്ഷമായത്. അതിന്റെ വിത്തുപാകിയത് ഭരണകൂടത്തിന്റെ വംശീയചായ്വുള്ള വികസന നയങ്ങളായിരുന്നു. തമിഴ് ഈഴം വാദം ശക്തിപ്രാപിക്കുന്നതും പിന്നീട് എല്‍.ടി.ടി.ഇ. പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ രംഗത്തുവരുന്നതും ഈ പശ്ചാത്തലത്തിലായിരുന്നു.
ഈ കാലഘട്ടത്തില്‍ തന്നെയാണ് ഭരണകൂടം പ്രതിലോമകരമായ തീവ്രവാദ നിരോധന നിയമനങ്ങള്‍ കൊണ്ടുവരുന്നത്. തമിഴ് പുലികള്‍ക്കെതിരെയുള്ള ആയുധമായാണ് കൊണ്ടുവന്നതെങ്കിലും ഈ നിയമം ആര്‍ക്കെതിരെ വേണമെങ്കിലും പ്രയോഗിക്കാമെന്ന നിലവന്നു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകളില്‍ പറഞ്ഞാല്‍ അന്താരാഷ്ട്ര സ്റ്റാറ്റ്യൂട്ട് പ്രമാണങ്ങള്‍ക്കുതന്നെ അപമാനകരമായ അപരിഷ്കൃത നിയമങ്ങളായിരുന്നു അത്. ജനാധിപത്യത്തിന്റെ പേരില്‍ ഭരണകൂടം സ്വേച്ഛാധികാരം കൈയാളുന്ന സന്ദര്‍ഭമായിരുന്നു അത്. ജയവര്‍ധനയ്ക്കുശേഷം വന്ന ഭരണകൂടങ്ങളെല്ലാം ഈ നിയമത്തെ വലിയതോതില്‍ ദുരുപയോഗം ചെയ്തു. ഇന്നും ജനകീയപ്രക്ഷോഭണങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഭരണകൂടത്തിന് ‘നിയമ'മെന്ന ഈ ആയുധമുണ്ട്. 2009-ത്തിലെ തമിഴ്വേട്ടയ്ക്കുശേഷം ഭരണകൂടം കൂടുതല്‍ സൈനികസന്നാഹം സമാഹരിച്ച കാലഘട്ടം കൂടിയാണിത്.

എണ്‍പതുകള്‍ക്കുശേഷം ഉദാരീകരണവും സൈനികവല്‍കരണവും ഒരുപോലെ മാറിവന്ന ഭരണകൂടങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. ഉദാരീകരണം മുഖ്യമായും ബാധിച്ചത് ചെറുകിട- ഇടത്തരം വിഭാഗം കര്‍ഷകരെയും കച്ചവടക്കാരെയുമാണ്. തൊഴിലിടങ്ങളില്‍ നിന്ന് ബഹിഷ്‌കൃതരായ അനേകലക്ഷം ജനങ്ങള്‍ ശ്രീലങ്കയിലുണ്ട്. ആകെ ഉണര്‍വുണ്ടാക്കിയ മേഖല ടൂറിസമായിരുന്നു. എന്നാല്‍ വംശീയ സംഘര്‍ഷങ്ങളുടെ കാലത്ത് ആ മേഖലയും കാര്യമായി മുന്നേറിയില്ല. ഇപ്പോള്‍ മഹാമാരിക്കാലത്ത് മുഖ്യമായും തകര്‍ന്നടിഞ്ഞതും ആ മേഖല തന്നെ. 2019-ല്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന തീവ്രവാദി ആക്രമണവും ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുതുടങ്ങി. മഹാമാരി ആ പ്രക്രിയയ്ക്ക് ആക്കം കൂട്ടി എന്നുമാത്രം. യുക്രെയ്ൻ യുദ്ധം മറ്റെല്ലാ രാജ്യങ്ങളെയും പോലെ ശ്രീലങ്കയെയും കാര്യമായി പിടിച്ചുകുലുക്കി. ഇതിലെല്ലാമുപരി, സര്‍ക്കാരിന്റെ അമിത ചെലവും, നികുതി ഇളവുകള്‍ നല്‍കിയതും, കടം തിരിച്ചടവും, വിദേശ കറന്‍സി ശേഖരത്തിലെ വന്‍ ഇടിവുമാണ് പ്രശ്നം ഗുരുതരമാക്കിയത്. ഇതിനിടയില്‍ വിദേശ ബോണ്ടുകളും ആഭ്യന്തര കടവും വീട്ടാനായി സര്‍ക്കാര്‍ കൂടുതല്‍ പണം അച്ചടിച്ചത് പണപ്പെരുപ്പം കൂട്ടി.
ലോകബാങ്ക് രേഖകള്‍ പ്രകാരം കോവിഡ് കാലത്ത് ശ്രീലങ്കയില്‍ അഞ്ചുലക്ഷം പേര്‍ പുതുതായി ദരിദ്രരായി. പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കഴിഞ്ഞവര്‍ഷം അവസാനം പണപ്പെരുപ്പം 11.1 ശതമാനമെന്ന സര്‍വകാല റെക്കോഡിലെത്തി. ഇത് രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേയ്ക്ക് നയിച്ചു. അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയാനും സര്‍ക്കാര്‍ നിരക്കില്‍ അവ വില്‍ക്കാനും സൈന്യത്തിനുപോലും അമിതാധികാരം നല്‍കി.
ഇതിനിടയില്‍, പ്രതിസന്ധിയുടെ കാരണക്കാര്‍ ചൈനയാണെന്നും ഇന്ത്യയാണെന്നുമുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും പല കോണുകളില്‍ നിന്നുമുണ്ടായി. ചൈനയില്‍ നിന്ന് പല വികസന -പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ക്കുമായി ഭരണകൂടം വന്‍തോതില്‍ കടമെടുത്തിരുന്നെന്നും അതിന്റെ തിരിച്ചടവുപോലും സാധ്യമല്ലാത്തവിധം കടക്കെണിയില്‍ ശ്രീലങ്ക വീണെന്നും ഒരു ഭാഗത്ത് ആഖ്യാനങ്ങള്‍ വന്നുതുടങ്ങി. ഇന്ത്യയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ഇതിനു വ്യാപക പ്രചാരണങ്ങളും കൊടുത്തു. വാസ്തവത്തില്‍ ഇത് കണക്കുകള്‍ക്കപ്പുറമുള്ള പ്രചാരണമാണെന്ന് ബോധ്യപ്പെടാന്‍ ശ്രീലങ്കന്‍ സമ്പദ് ഘടന കടന്നുപോയ വഴികള്‍ പരിശോധിച്ചാല്‍ മതി.
ശ്രീലങ്കയുടെ കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടുകാലത്തെ ചൈന ബന്ധങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് ശക്തി നല്‍കിയിരുന്നു എന്നത് സത്യം. ഇന്ത്യ പോലും ശ്രീലങ്കയുടെ ചൈന ബന്ധങ്ങളെ സംശയത്തോടെയാണ് വീക്ഷിച്ചിട്ടുള്ളത്. എന്നാല്‍ കടക്കെണിയില്‍ വീണ ശ്രീലങ്കയെ സഹായിക്കാന്‍ ഇന്ത്യ തയാറാകുന്നത് മറ്റൊന്നും കൊണ്ടല്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ നിര്‍ണായക നിക്ഷേപങ്ങള്‍ നടത്തിവന്നിരുന്നു. നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഈ രംഗത്തു പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍ന്നെണീക്കേണ്ടത് വലിയ ആവശ്യമാണ്.
ചൈനയുടെ മുഖ്യനിക്ഷപം പശ്ചാത്തലമേഖലകളിലാണ്. അന്താരാഷ്ട്ര സമുദ്രവ്യാപാരത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യയേക്കാള്‍ പ്രിയം ചൈനയോടാണെന്നത് ഭൗമരാഷ്ട്രീയത്തിന്റെ കളിക്കളത്തിലൂടെ നോക്കിയാല്‍ ശരിയാണ്. സമുദ്രതന്ത്രത്തില്‍ ചൈനയ്ക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്ന്ഇന്ത്യയെപ്പോലെ പാശ്ചാത്യരാജ്യങ്ങള്‍ക്കും അറിയാം. എന്നാല്‍ ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഒരു പരിധിക്കപ്പുറം ഇടപെടാന്‍ ചൈനയ്ക്കു പരിമിതികളുണ്ട്. അതില്‍ മുഖ്യം ഇപ്പോള്‍ നിലവിലുള്ള ശ്രീലങ്കയുടെ കടബാധ്യതകള്‍ തന്നെ. അവരുടെ കടം തിരിച്ചടവിന് ശ്രീലങ്ക മറ്റു മാര്‍ഗങ്ങള്‍ തേടട്ടെ എന്ന് ചൈന തീരുമാനിച്ചാല്‍ അതിനര്‍ഥം ആ രാജ്യത്തെ വീണ്ടും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ കടക്കെണിയിലേയ്ക്കു തള്ളിവിടുക എന്നതാണ്. മാത്രമല്ല, യുക്രെയ്ൻ യുദ്ധം അടിച്ചേല്‍പ്പിച്ച ബാധ്യതകള്‍ എത്രയെന്നു തിട്ടപ്പെടുത്താന്‍ ചൈനയ്ക്കു സമയം വേണ്ടിവരും. റഷ്യയെ സഹായിച്ചാല്‍ ചൈനയും പാശ്ചാത്യ ഉപരോധം നേരിടേണ്ടിവരും എന്ന ഭീഷണി നിലനില്‍ക്കെ അവര്‍ പുതിയ ബാധ്യതകള്‍ ഏറ്റെടുക്കുമോ എന്ന് കണ്ടറിയണം. കോവിഡിന്റെ അടുത്ത വരവ് ചൈനയെ ഇപ്പോള്‍ കൂടുതല്‍ അസ്വസ്ഥമാക്കി തുടങ്ങിയിട്ടുമുണ്ട്. എന്നുവെച്ച് ശ്രീലങ്കയെ പാടെ ഉപേക്ഷിക്കാന്‍ ചൈന തയ്യാറാകില്ല. പ്രത്യേകിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങള്‍ അവര്‍ക്കു ശ്രീലങ്കയിലുള്ള കാലത്തോളം
നിശ്ചയമായും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ മുന്നോട്ടുവരും. പ്രതിസന്ധികളാണല്ലോ അവരുടെ ആയുധം. മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കാനുള്ള ആഭ്യന്തരശക്തികളും ഇപ്പോള്‍ ശ്രീലങ്കയില്‍ സജീവമാണ്. വികസിത മുതലാളിത്ത സമ്പദ് ഘടനകള്‍ എല്ലാക്കാലത്തും നിര്‍വഹിക്കുന്ന ധര്‍മം ഈ പ്രതിസന്ധിഘട്ടത്തിലും നിര്‍വഹിക്കും. പക്ഷേ, പഴയതുപോലെ ലക്ഷണങ്ങള്‍ക്കാണ് ചികിത്സ. രോഗത്തിനല്ല. രോഗം നിലനിര്‍ത്തിയാലെ ഇനിയും പ്രതിസന്ധികള്‍ ഉണ്ടാകൂ. ഓരോ പ്രതിസന്ധികളും അവസരങ്ങള്‍ ആക്കുന്ന (Crisis As Opportunity) മുതലാളിത്ത പ്രത്യശാസ്ത്ര രൂപങ്ങള്‍ക്ക് കാലാകാലങ്ങളില്‍ ചില രൂപപരിണാമങ്ങള്‍ ഉണ്ടാകും എന്നുമാത്രം. ഓരോ ശ്രീലങ്കന്‍ പൗരനെയും ഇപ്പോള്‍ കാത്തിരിക്കുന്നത് ഈ ലക്ഷണചികിത്സയാണ്. രാജപക്‌സ ഭരണകൂടത്തിന് അതിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂടില്‍ നിന്നുകൊണ്ട് മറ്റൊന്നും ചെയ്യാനുമില്ല.
മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചിന്റെ ഡയറക്ടർ
ഡോ. പി.എം. സലിം
Dec 26, 2022
4 Minutes Read
പ്രമോദ് പുഴങ്കര
Nov 01, 2022
6 Minute Read
കെ.എം. സീതി
Oct 16, 2022
6 Minutes Read
സുദീപ് സുധാകരന്‍
Aug 31, 2022
12 Minutes Read
സി.പി. ജോൺ
Aug 31, 2022
7 Minutes Read
മുസാഫിര്‍
Aug 03, 2022
6 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Jul 20, 2022
10 Minutes Watch