‘ഗഫൂര്‍ മാഷേ, വിദ്യാഭ്യാസം വിമോചനാണെന്ന് ഇങ്ങള് പറഞ്ഞത് ശരിക്കും ശര്യാണ്. ലേശം ദുരാഭിമാനവും അപകര്‍ഷതാബോധവുമുണ്ടായിരുന്നു. റിസള്‍ട്ട് വന്നതോടെ ഒക്കെ തീര്‍ന്നു കിട്ടി! ഇപ്പം എന്ത് സംഭവിച്ചാലും തല പൊന്തിച്ചു തന്നെ നിക്കും'- ഒരു എസ്.എസ്.എൽ.സി റിസൾട്ട് അനുഭവം.
15 Jun 2022, 02:08 PM
പരപ്പനങ്ങാടിയിലെ മത്സ്യത്തൊഴിലാളികളുടെ നേതാവായ സലാമും കെട്ട്യോളും എന്നെ സന്ദര്‍ശിച്ച് സുഖവിവരങ്ങള്‍ ആരാഞ്ഞ് ഇറങ്ങിപ്പോവുമ്പോള്‍ എന്റെ മുഖത്ത് ഒരു തെളിച്ചം പരന്നു. അവന്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്ലതാണെന്നുപറഞ്ഞ് കൊണ്ടുവന്ന, സ്വന്തം പറമ്പില്‍ കൃഷി ചെയ്തുണ്ടാക്കിയ മണിത്തക്കാളി, മധുരമുള്ളങ്കി എന്നിവ എന്നെ നോക്കി ചിരിക്കുന്നു. അവന്‍ എന്നെ സംബന്ധിച്ച് മധുരിക്കുന്ന ഒരു ഓര്‍മയാണ്.
പണ്ട് എസ്.എസ്.എൽ.സി ബുക്ക് കിട്ടിയ വകയില്‍ കെ.ആര്‍. ബേക്കറിയില്‍ നിന്ന് ചായയും ചുവന്നുതുടുത്ത ലഡുവും വാങ്ങിത്തന്നിട്ടുണ്ട്. അതിനാല്‍ എല്ലാ വര്‍ഷവും റിസള്‍ട്ട് വരുമ്പോള്‍ ആ കട്ടിമധുരം തികട്ടി വരും.
പത്താം തരം തുല്യതാപരീക്ഷ വരുന്നതിനുമുമ്പ് ചിലര്‍ പി.ഒ.സി (പ്രൈവറ്റ് ഓവറേജ്ഡ് കാന്‍ഡിഡേറ്റ്) ആയി പരീക്ഷ എഴുതിയിരുന്നു. 18 വയസ്സായ, ഒരു യോഗ്യതയുമില്ലാത്ത ഏതൊരാള്‍ക്കും പരീക്ഷ എഴുതാം. വേണമെങ്കില്‍ തിരുവനന്തപുരത്ത് പോയി ഒരു വര്‍ഷത്തെ ഇളവ് വാങ്ങാം. പക്ഷേ തെരഞ്ഞെടുക്കുന്ന പരീക്ഷാകേന്ദ്രത്തിലെ സ്‌കൂള്‍ അധികൃതര്‍ ഒരു പരീക്ഷ നടത്തും. കുട്ടികള്‍ക്ക് എസ്.എസ്.എൽ.സി ബുക്ക് കിട്ടിക്കോട്ടെ എന്നുകരുതി അവര്‍ പാസാക്കി വിടും. ചിലര്‍ പി.ടി.എ ഫണ്ടിലേക്ക് സംഭാവന വാങ്ങി പാസാക്കിക്കൊടുക്കും.
ഒരു ദിവസം സലാം എന്റെ അടുത്തുവന്ന് സുഖിപ്പിച്ചു, ‘മാഷേ, നിങ്ങള് ഈ എസ്.എസ്.എൽ.സി ശരിയാക്കി കൊടുക്കുന്നതില്‍ ഒരു ജഗജില്ലിയാണെന്ന് കേട്ടു. ഞാന്‍ ആറാം ക്ലാസില്‍ പഠിത്തം നിര്‍ത്ത്യതാ. ഒരു തോറ്റ സര്‍ട്ടിഫിക്കറ്റ് വേണം. രാഷ്ട്രീയത്തിലൊക്കെ ഒള്ളതല്ലേ. മത്സരിക്കുമ്പം എസ്.എസ്.എൽ.സി എന്ന് പറയാലോ. ഇപ്പോ അതില്ലാത്ത ഒരാളും ഇല്ല'.
എനിക്ക് സന്തോഷം തോന്നി. അല്‍പം ശാസ്ത്രബോധവും ചരിത്രബോധവും അവനെപ്പോലെയുള്ളവര്‍ക്കുണ്ടാവുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്. പക്ഷേ, അവന്‍ ഞായറാഴ്ച മാത്രമുള്ള ക്ലാസില്‍ വന്നിരിക്കാന്‍ പോലും തയ്യാറല്ല. ഒരു ചമ്മല്‍. എല്ലാവരുമറിയുന്ന, ഒരു ഛോട്ടാനേതാവായ താന്‍ ഈ പ്രായത്തില്‍ പരീക്ഷ എഴുതുന്നതുതന്നെ വളരേ സാഹസികമായ തീരുമാനമെടുത്തിട്ടാണ് എന്നൊക്കെ അവന്‍ ദയനീയമായി അറിയിച്ചു. പിന്നെ ഞാന്‍ നിര്‍ബന്ധിക്കാന്‍ പോയില്ല. സ്‌കൂളില്‍ ടെസ്റ്റിന് അപേക്ഷ കൊടുക്കേണ്ട സമയമായപ്പോള്‍ അവനൊന്ന് ആടിയുലഞ്ഞു. ഞാന്‍ അനേകം കുട്ടികള്‍ പഠിക്കുന്ന സൂപ്പിക്കുട്ടി നഹ സ്‌കൂളില്‍ അപേക്ഷിക്കാന്‍ പറഞ്ഞു. പക്ഷേ അവന്‍ അതിന് തയ്യാറല്ല! കെട്ടുങ്ങല്‍ ബീച്ചിലെ അയല്‍പക്കക്കാരായ കുട്ടികളുടെ കൂട്ടത്തിലിരുന്ന് പരീക്ഷയെഴുതുന്നത് സലാമിന് സ്വപ്നത്തില്‍ പോലും ഓര്‍ക്കാനായില്ല. അവസാനം അവന്റെ സങ്കടം മനസ്സിലാക്കിയ ഒരു സഖാവ് ബി.ഇ.എം സ്‌കൂളിലേക്ക് കൂടെ ചെന്നു. പക്ഷേ, ഹെഡ്മാസ്റ്റർ സമ്മതിച്ചില്ല. കേരളാ എഡ്യൂക്കേഷന്‍ റൂളിനേയും കേരളാ സര്‍വീസ് റൂളിനേയും സ്‌നേഹിക്കുകയും വിദ്യാര്‍ത്ഥികളെ വെറുക്കുകയും ചെയ്യുന്ന അയാള്‍ ആറുവരെ പഠിച്ച സൂപ്പിക്കുട്ടി സ്‌കൂളിലാണ് പരീക്ഷ എഴുതേണ്ടതെന്ന് പറഞ്ഞ് ചുവന്ന കൊടി വീശിക്കാട്ടി. രണ്ട് ബാച്ച് മാത്രം എസ്.എസ്.എൽ.സിയുള്ള അവിടെ എഴുതാന്‍ പറ്റില്ല എന്നൊക്കെ ന്യായം പറഞ്ഞു. പക്ഷേ സലാമും സുഹൃത്തും ഭരണകക്ഷിക്കാരുടെ പ്രദേശിക നേതാക്കളാണെന്നറിഞ്ഞപ്പോള്‍ അയാള്‍ പത്തി താഴ്ത്തി. വേഗം പരീക്ഷ എഴുതിപ്പിച്ച് ജയിപ്പിച്ചു കൈയില്‍ കൊടുത്തു.
ഞാന്‍ അവന് അപേക്ഷയുടെ നൂലാമാലകളൊക്കെ ശരിയാക്കി കൊടുത്തു. എസ്.എസ്.എൽ.സി ബുക്കില്‍ രേഖപ്പെടുത്തേണ്ട കാക്കാപ്പുള്ളികള്‍ കണ്ടെത്തി. എന്നിട്ട് പരീക്ഷയ്ക്ക് എന്തെങ്കിലുമൊക്കെ എഴുതാന്‍ സ്വകാര്യ ട്യൂഷന്‍ ഫ്രീയായി വാഗ്ദാനം ചെയ്തു. എന്റെ ‘അക്ഷരം അഗ്‌നിയാണ്. വിദ്യാഭ്യാസം വിമോചനമാണ് ' എന്ന ഗീര്‍വാണങ്ങളൊക്കെ കേട്ടപ്പോള്‍ ദയനീയനായി പറഞ്ഞു, ‘ഇനിക്ക് ഒരു എസ്.എസ്.എൽ.സി ബുക്ക് വേണം. അതിപ്പം മാര്‍ക്ക് കൂട്യാലും കൊറഞ്ഞാലും ആരുമറീലാ. അതിനാല്‍ വെറുതേ സമയം വേസ്റ്റാക്കണ്ട!'
അതോടെ പൗലോ ഫ്രായറുടെ ‘മര്‍ദ്ദിതരുടെ ബോധനശാസ്ത്ര’ത്തെയൊക്കെ ഞാന്‍ തോട്ടില്‍ കളഞ്ഞു.
പിന്നീട് എസ്.എസ്.എൽ.സി റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ വിളിച്ചു.
സലാം അവന്റെ റിസള്‍ട്ടിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് പരാതി പറഞ്ഞു. ഞാന്‍ എസ്.എസ്.എൽ.സി റഗുലറും ഫെയില്‍ഡും ബാച്ചുകളിലെ കുട്ടികളുടെ ബുക്ക് കൊടുത്തിട്ടേ പി.ഒ.സി പരിഗണിക്കൂ എന്നാശ്വസിപ്പിച്ചു.
പക്ഷേ ഒരാഴ്ച കഴിഞ്ഞിട്ടും അവന്റെ റിസള്‍ട്ടിനെ കുറിച്ച് ഒരു വിവരവുമില്ല.
ഒരു ദിവസം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് അവന്‍ സെക്രട്ടറിയോട് പരാതി പറഞ്ഞു. ഡി.വൈ.എഫ്.ഐ കമ്മിറ്റിയ്ക്ക് വന്ന സഖാക്കള്‍ക്ക് ആവേശമായി. പാര്‍ട്ടി നേരിട്ട് വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്ത കാലമാണ്. എം. എ ബേബി രണ്ടാം മുണ്ടശ്ശേരിയാവാന്‍ ശ്രമിക്കുന്ന സമയം.
ഏരിയാ സെക്രട്ടറി തന്റെ ചുവന്ന ലാന്‍ഡ്‌ഫോണ്‍ മടിയിലേക്ക് എടുത്തുവെച്ച് കാലുകള്‍ മേശയിലേക്ക് കയറ്റി വെച്ച് പരീക്ഷാഭവനിലേക്ക് കറക്കി. കമീഷണര്‍ പരാതിയറിഞ്ഞപ്പോള്‍ ഫോണ്‍ എസ്.എസ്.എൽ.സി ബുക്ക് തയ്യാറാക്കുന്ന സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്തു. അതോടെ അശ്വമുഖത്ത് നിന്നുതന്നെ കാര്യങ്ങള്‍ ഉരുത്തിരിയാന്‍ തുടങ്ങി; ‘അയാളുടെ റിസള്‍ട്ട് തടഞ്ഞിരിക്കുകയാണ്. ഞാന്‍ മാര്‍ക്ക് പറഞ്ഞു തരാം. എഴുതിയെടുത്തോളൂ'
ആ ചങ്ങനാശ്ശേരി ഉച്ചാരണം കേട്ടപ്പോള്‍ സെക്രട്ടറി തന്റെ മേശയില്‍നിന്ന് ഒരു പേപ്പര്‍ എടുത്ത് സലാമിനോട് എഴുതാന്‍ പറഞ്ഞു. സലാം അല്‍പ്പം ദൂരെയുള്ള മേശയ്ക്ക് മുന്നിലിരുന്നു. കാണികള്‍ അച്ചടക്കത്തോടെ കസേരകളില്‍ നിരന്നു.
സെക്രട്ടറി പറഞ്ഞു, ‘മലയാളം 9 മാര്‍ക്ക് '
സലാം എഴുതി.
പിന്നെ സെക്രട്ടറി സെക്ഷന്‍ ഓഫീസറോട് രാഷ്ട്രീയഭാഷയില്‍ പറഞ്ഞു, ‘ഒരു മിനുട്ട്, ഈ പ്രവണത വെച്ചുപൊറുപ്പിക്കാനാവില്ല'
എന്നിട്ട് സലാമിനോട് ധാര്‍മികരോഷം പ്രകടിപ്പിച്ചു.
‘എടാ, മലയാളം സെക്കന്‍ഡില്‍ 5 മാര്‍ക്ക്! ഒന്നുമില്ലെങ്കില്‍ തുഞ്ചത്തെഴുത്തച്ഛന്‍ നമ്മുടെ ജില്ലക്കാരനല്ലേ. നീ പ്രബുദ്ധ കേരളത്തിന് അപമാനം. ഒരു നിലയ്ക്കും അന്നെ സപ്പോട്ട് ചെയ്യാന്‍ പറ്റൂലാ.’
അതുകേട്ടപ്പോള്‍ സലാം തുള വീണ തോണി പോലെ മുങ്ങാന്‍ തുടങ്ങി. മറ്റുള്ളവര്‍ ചിരിക്കാനും.
‘ഇംഗ്ലീഷ് ഫസ്റ്റും സെക്കന്‍ഡും 4 മാര്‍ക്ക് വീതം'
ഉടനെ സെക്രട്ടറി അവനെ അഭിനന്ദിച്ചു.
‘നീ എങ്ങാനും മലയാളത്തിനേക്കാളും കൂടുതല്‍ മാര്‍ക്ക് ഇംഗ്ലീഷിന് വാങ്ങിയിരുന്നെങ്കില്‍ പരപ്പനങ്ങാടിക്കാര്‍ക്ക് അപമാനമായേനേ. ഇംഗ്ലീഷ് ഇബ് ലീസിന്റെ ഭാഷയാണെന്ന് പറഞ്ഞ ആലി മുസ്ല്യാരെ അറസ്റ്റ് ചെയ്ത പള്ളിയാണ് അത്.'
സലാം അല്പം ആശ്വാസത്തോടെ ഒരു നിമിഷം ജനലിലൂടെ പരപ്പനങ്ങാടി ജുമാഅത്ത് പള്ളിയിലേക്ക് നോക്കി.
‘ഹിന്ദി 11 മാര്‍ക്ക്! എങ്ങനെ ഒപ്പിച്ചു? കോപ്പിയടിച്ചോ?'
സലാം ചിരി വരുത്തിക്കൊണ്ട് പറഞ്ഞു, ‘ബോംബേല് ജുഹൂ ബീച്ചില് കൊറച്ച് കാലം നാരിയല്‍ പാനി വിറ്റു നടന്നിട്ടുണ്ട് '
അത് കേട്ടതോടെ എല്ലാവര്‍ക്കും അവനോട് സ്‌നേഹം തോന്നി. സലാമിനൊരു ആത്മവിശ്വാസവും വന്നു. അപ്പോള്‍ അതാ വരുന്നു. അടുത്ത വെടി.
‘ഹിസ്റ്ററി 6 മാര്‍ക്ക്! അനക്ക് ചരിത്രബോധം കൊറവാ. അതെങ്ങനാ, പാര്‍ട്ടി ക്ലാസില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ കുറിച്ച് ക്ലാസ് നടക്കുമ്പോള്‍ അടുക്കളേല് വന്ന് വെപ്പുകാര്‍ക്ക് തേങ്ങ ചെരകി കൊടുക്ക്ണ പണിയല്ലേ...'
അവനൊന്നും മിണ്ടിയില്ല.
‘ജോഗ്രഫി 4 മാര്‍ക്ക് '
സലാം എഴുതി.
‘ഫിസിക്‌സ് നീ എഴുതിയിട്ടില്ല. എന്തുപറ്റി'
സലാം തല ചൊറിഞ്ഞു.
‘അന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഒരു നിക്കാഹ്‌ണ്ടെയ്‌നി'
'നീ എഴുതിയിരുന്നെങ്കില്‍ ചിലപ്പോ പത്രത്തില്‍ ഫോട്ടോ വന്നേനെ. ഏറ്റവും കുറഞ്ഞ മാര്‍ക്ക് വാങ്ങിയതിന്.

റാങ്ക് ജേതാക്കളെ ഇടയില്‍ സലാമിന്റെ ഫോട്ടോ സങ്കല്‍പ്പിച്ചവര്‍ക്ക് ചിരി പൊട്ടി.
എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും പ്രവര്‍ത്തിക്കുന്ന ഇസ്മായില്‍ അല്പം മുളക് പൊടി ചേര്‍ത്തു, ‘ന്യൂട്ടന്റെയും ഐന്‍സ്റ്റീനിന്റെയും സിദ്ധാന്തങ്ങളെ മാര്‍ക്‌സിയിന്‍ പരിപ്രേക്ഷ്യത്തില്‍ തിരുത്താനുള്ള ഒരു സുവര്‍ണ്ണാവസരം നഷ്ടമായി'
ആ പ്രയോഗം ആര്‍ക്കും ഇഷ്ടമായില്ല. അതോടെ അവന്‍ ഒളിവില്‍ പോയി.
സലാമാവട്ടെ വെന്തുരുകി കൊണ്ട് നിശ്ശബ്ദത പാലിച്ചു.
‘കെമിസ്ട്രി 4 മാര്‍ക്ക്! '
ഒറ്റയ്ക്ക് കുഴിച്ചുകുഴിച്ച് അവസാനം ഒരു നീരുറവ കണ്ടെത്തിയ പോരാളിയുടെ കരുത്തോടെ സലാം വിളിച്ചു പറഞ്ഞു, ‘അത് സൂത്രവാക്യം ന്റെ തലേല്‍ കേറൂലാ'
‘ബയോളജി 6 മാര്‍ക്ക്'
‘കണക്ക് സെക്കന്‍ഡ് 4 മാര്‍ക്ക് '
ഉടനെ എല്ലാവരും അത്ഭുതത്തോടെ ചോദിച്ചു.
‘കണക്ക് ഫസ്റ്റ് ?'
ഫോണില്‍ നിന്ന് വിവരങ്ങള്‍ കേട്ട ശേഷം സെക്രട്ടറി പറഞ്ഞു, ‘ആ പേപ്പര്‍ മിസ്സിംഗാണ്. അത് തിരയുന്നുണ്ട്. അതാണ് റിസള്‍ട്ട് തടയാന്‍ കാരണം'
സലാം അമ്പരന്നു. പെട്ടെന്ന് സെക്രട്ടറി ചോദിച്ചു, ‘അത് ആബ്‌സെൻറ് എഴുതിയാല്‍ ഇന്നുതന്നെ സ്‌കൂളിലേക്ക് അയച്ചുതരാമെന്ന്. അനക്ക് സമ്മതമാണോ?'
സലാം കൂലങ്കഷമായി ചിന്തിക്കാനൊന്നും തുനിഞ്ഞില്ല. a+b, x-z എന്നൊക്കെയുള്ള പേപ്പറില്‍ ചോദ്യപ്പേപ്പര്‍ പകര്‍ത്തിവെച്ചതും ചെഗുവേരയെ വരച്ച് വെച്ചതും ഓര്‍ത്തപ്പോള്‍ അവനൊന്ന് വിയര്‍ത്തു. ആ പേപ്പര്‍ നഷ്ടപ്പെട്ടത് എത്ര നന്നായി എന്ന ആശ്വാസത്തോടെ അവന്‍ പറഞ്ഞു.
‘നൂറ് പ്രാവശ്യം സമ്മതം'
മൂന്നാം ദിവസം അവന് ബുക്ക് കൈയില്‍ കിട്ടി. പിന്നെ സന്തോഷ സൂചകമായി എനിക്ക് ഒരു ചായയും ലഡുവും വാങ്ങിത്തന്നു. അത് കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവന്‍ ഈ കഥകളൊക്കെ ചിരിച്ചുകൊണ്ട് പറഞ്ഞത്. ബില്ല് കൊടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ ഞാന്‍ അവന്റെ ചുമലില്‍ തട്ടി, ‘അല്ലെടോ, നിനക്ക് എന്തെങ്കിലുമൊക്കെ എഴുതിവെച്ചു കൂടായിരുന്നോ?'
അവന്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘മാഷേ, ഞാന്‍ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി എന്നിവയ്‌ക്കൊക്കെ ടെക്സ്റ്റ് ബുക്ക് കീറികൊണ്ടോയി വൃത്തിയായി പകര്‍ത്തിവെച്ചതാ'
എനിക്കത്ഭുതമായി.
‘എന്നിട്ടും?'
‘അതിന് ചോദ്യങ്ങളൊക്കെ തെറ്റെയ്‌നി. ഞാനെന്ത് ചെയ്യാനാ!'
എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല.
‘ഗഫൂര്‍ മാഷേ, വിദ്യാഭ്യാസം വിമോചനാണെന്ന് ഇങ്ങള് പറഞ്ഞത് ശരിക്കും ശര്യാണ്. ലേശം ദുരാഭിമാനവും അപകര്‍ഷതാബോധവുമുണ്ടായിരുന്നു. റിസള്‍ട്ട് വന്നതോടെ ഒക്കെ തീര്‍ന്നു കിട്ടി! ഇപ്പം എന്ത് സംഭവിച്ചാലും തല പൊന്തിച്ചു തന്നെ നിക്കും'
ഇത്രയും പറഞ്ഞ് അവന്‍ ബൈക്കില്‍ കയറി യാത്രയായി.
‘ഗഫൂര്‍ മാഷ് ശരിക്ക്ള്ള മാഷല്ല, പാരലലാണ്' എന്ന് കേള്‍ക്കുമ്പോള്‍ കൊച്ചീലെ ഫ്‌ളാറ്റുകള്‍ പോലെ തകര്‍ന്നടിയുന്ന എന്റെ അഹങ്കാരത്തെ നോക്കി ഞാന്‍ അസൂയയോടെ അമ്പരന്നുനിന്നു.
റിദാ നാസര്‍
Jun 21, 2022
12 Minutes Read
ഉമ്മർ ടി.കെ.
Jun 16, 2022
10 Minutes Read
ബിപിന്‍ ചന്ദ്രന്‍
Apr 26, 2022
7 Minutes Read
ടി.ആര്‍. സുശീല
Apr 18, 2022
3 Minutes Read
കെ.വി. ദിവ്യശ്രീ
Apr 05, 2022
9 Minutes Read
സി. രാധാകൃഷ്ണൻ അമ്പലപ്പുഴ
Apr 04, 2022
2 minutes read
സിവിക് ചന്ദ്രൻ
Mar 19, 2022
3 Minutes Read