ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സംഭാവനകളെ വിമര്‍ശനാത്മക ചിന്തയോടെ സമീപിച്ചില്ലെങ്കില്‍ വര്‍ത്തമാനകാലത്ത് സമഗ്രവീക്ഷണം സാധ്യമാകില്ല എന്ന വസ്തുത മുന്‍നിര്‍ത്തി ഫ്രാന്‍സിസ് ബേക്കനെ പുനര്‍വായനക്ക് വിധേയമാക്കുകയാണ് ശാസ്ത്രവിദ്യാർഥി കൂടിയായ ലേഖിക
26 Jul 2020, 11:20 AM
ചരിത്രപ്രാധാന്യമുള്ള വ്യക്തികളെക്കുറിച്ച് വര്‍ത്തമാന കാലഘട്ടത്തില്‍ നമ്മള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ പഴയ പാഠങ്ങളെ പുതിയ അറിവുകളുടെ വെളിച്ചത്തില്‍ക്കൂടി പരിശോധിക്കേണ്ടതുണ്ട്. ജീവിച്ചിരിക്കുന്ന കാലത്തിനമപ്പുറത്തേക്ക് ശാസ്ത്രപഠനത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്ന ആശയത്തിന്റെ ആരംഭ ചിന്തകളിലും ശാസ്ത്ര തത്വചിന്ത (ഫിലോസഫി ഓഫ് സയന്‍സ്) യുടെ വിവിധ മേഖലകളിലും ഗണ്യമായ സംഭാവന നല്‍കിയ ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാന്‍സിസ് ബേക്കണെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ഒപ്പം, ശാസ്ത്രഗവേഷണ രംഗത്തും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന വരേണ്യാധികാര മനോഭാവത്തിന്റെയും വിവേചനങ്ങളുടെയും ആദ്യകാല ചരിത്രത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നതിനും ഇത്തരം പുനര്‍വായന സഹായിക്കുമെന്ന് കരുതുന്നു.
ഭരണവര്‍ഗ പ്രതിനിധി
ചരിത്രത്തിന്റെ മുഖ്യധാരയില്‍ ഫ്രാന്‍സിസ് ബേക്കണ്‍ ശാസ്ത്രപഠനത്തെ ഉയര്‍ത്തിപ്പിടിച്ച ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞന്‍, നിയമപണ്ഡിതന്‍, തത്വചിന്തകന്‍, സാഹിത്യകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. എന്നാല്‍ ലാറ്റിനമേരിക്കയുടെ കോളനിവല്‍ക്കരണത്തില്‍ പ്രധാന പങ്കുവഹിച്ചവരിലൊരാള്‍, അടിസ്ഥാനവര്‍ഗ ജനത നേടിയെടുത്ത അറിവുകളെ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് പറയുകയും അതേസമയം അവരുടെ സാമൂഹിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് വലിയ ചിന്തയുമില്ലാതിരുന്ന ഭരണവര്‍ഗ പ്രതിനിധി, എല്ലായ്‌പ്പോഴും രാജാവിന്റെ പ്രീതിക്കായി നിലകൊണ്ടിരുന്ന പ്രഭു - എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മറ്റു വശങ്ങള്‍ കൂടി പരിഗണിക്കാതെ ബേക്കന്റെ സാംസ്‌ക്കാരിക-സാമൂഹിക സംഭാവനകളെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തല്‍ സാധ്യമാകില്ല.
ബേക്കന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അദ്ദേഹമുള്‍പ്പെട്ടിരുന്ന ഉപരിവര്‍ഗ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു. ആദ്യവായനയില്‍ ശാസ്ത്രം പഠിക്കേണ്ട രീതിശാസ്ത്രത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുകയാണെന്നു തോന്നുമെങ്കിലും അതിനൊപ്പം അറിവുകളെ നേടിയെടുക്കുകയും അവ അധികാര വര്‍ഗ്ഗത്തിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്യുന്നതിനാവശ്യമായ ആശയങ്ങളുടെ സ്ഥാപനവല്‍ക്കരണവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെന്ന് നമുക്ക് കണ്ടെത്താനാകും. ബേക്കനെ സംബന്ധിച്ച് അറിവ് എന്നാല്‍ അധികാരം എന്നു കൂടിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ തന്റെ എഴുത്തുകളില്‍ കാണാം. 1605-ലെ ‘The Advancement of Learning' എന്ന രചനയില്‍ അറിവ് നേടുന്നതിനായി പ്രകൃതിയെ പിന്‍തുടരേണ്ടതിനെ കുറിച്ചും 1620-ല്‍ എഴുതിയ ‘Novum Organum' (The New Instrument) എന്ന കൃതിയില്‍ ശാസ്ത്രപരീക്ഷണങ്ങള്‍ എന്ന ഉപകരണം ഉപയോഗിച്ച് പ്രകൃതിയെ എങ്ങനെ അധീനപ്പെടുത്താം എന്നും പറയുന്നു. ഏദന്‍തോട്ടത്തില്‍നിന്ന് പുറത്താക്കപ്പെട്ട മനുഷ്യരാശി സ്വന്തം സ്ഥാനം തിരിച്ചുപിടിക്കണമെങ്കില്‍ അറിവുകൊണ്ട് പ്രകൃതിയെ കീഴ്‌പ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
മനുഷ്യരാശി എന്നദ്ദേഹം പറയുമ്പോഴും ഉപരിവര്‍ഗത്തിനാണ് പ്രാമുഖ്യം കല്‍പ്പിച്ചിരുന്നതെന്ന് മനസ്സിലാകണമെങ്കില്‍ സാധാരണ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കുന്ന - ‘Of seditions and troubles' എന്ന രചന പരിശോധിക്കേണ്ടതുണ്ട്. അക്കാലത്ത് പറയുന്ന രീതിയില്‍ ഉന്നതകുലജാതരും സാധാരണക്കാരും എന്ന് രണ്ടായി തിരിച്ച് സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ ഉടലെടുത്തേക്കാവുന്ന അസ്വസ്ഥതകളെ മെരുക്കേണ്ടതിനെക്കുറിച്ചാണിതില്‍ അദ്ദേഹം പ്രതിപാദിക്കുന്നത്. പ്രതിഷേധ സ്വരങ്ങളുയര്‍ത്തുന്നവരെ സ്റ്റേറ്റിനോടുചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കണമെന്നും അത്തരം വിഭാഗങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിസ്തരിക്കുന്നുണ്ട്.
മതകാര്യങ്ങളിലുണ്ടാകുന്ന നവീകരണം, നിയമങ്ങളുടെയും ആചാരങ്ങളുടെയും മാറ്റം, കുലീനര്‍ക്കനുവദിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങളുടെ ലംഘനം ഇതൊക്കെ രാജ്യദ്രോഹത്തിലേക്ക് നയിക്കുമെന്നും ബേക്കണ്‍ പറയുന്നു. യഥാര്‍ത്ഥ അറിവ് നേടി എന്ന് അവകാശപ്പെട്ടിരുന്ന മനുഷ്യരെ അല്ലെങ്കില്‍ മുഖ്യധാരയില്‍ നിന്നും വേറിട്ട് അറിവ് നേടാനുള്ള ശ്രമങ്ങളെയൊക്കെ സമഗ്രാധിപത്യത്തിന് ഭീഷണിയാണെന്ന് കണ്ട് അത്തരക്കാരെ വരുതിയിലാക്കുകയും അവരുടെ അറിവിന്റെ ഉല്‍പ്പന്നങ്ങള്‍ നിരന്തരം നിരീക്ഷണത്തിലായിരിക്കുകയും വേണമെന്നായിരുന്നു ബേക്കന്റെ നിലപാട് എന്ന് പ്രൊഫ.ജൂലിയന്‍ മാര്‍ട്ടിന്‍ ‘Natural Philosophy and It's Public Concerns' എന്ന ലേഖനത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഉപരിവർഗത്തിന്റെ ശാസ്ത്രം
പ്രകൃതിയോടുള്ള ബേക്കന്റെ സമീപനത്തില്‍ അദ്ദേഹം ഉപയോഗിച്ച ഭാഷ പതിനേഴാം നൂറ്റാണ്ടിലെ പുരുഷാധിപത്യ വ്യവസ്ഥയ്ക്കു കീഴില്‍ ജീവിച്ച സ്ത്രീകളുടെ അവസ്ഥയിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. അമേരിക്കന്‍ ചരിത്രകാരിയായ Carolyn Merchant അവരുടെ ‘The Death of Nature : Women, Ecology and the Scientific Revolution' എന്ന രചനയില്‍ ബേക്കന്റെ എഴുത്തുകള്‍ എന്തുമാത്രം പുരുഷാധിപത്യപരവും യാന്ത്രികവുമായിരുന്നെന്ന് വിവരിക്കുന്നു- ‘പ്രകൃതിയെ മുടിയ്ക്കു പിടിക്കണമെന്നും', ‘അവളെ കീഴടക്കി അടിമപ്പെടുത്തണമെന്നും' മറ്റുമുള്ള ബേക്കന്റെ ലൈംഗികാധികാരച്ചുവയുള്ള ഭാഷാപ്രയോഗം അക്കാലത്തെ ‘മാന്യരാ'യ (gentle men of noble origin) പുരുഷന്മാരുടെ മനോഭാവം തന്നെയാണ് വെളിവാക്കുന്നതെന്നവര്‍ വ്യക്തമാക്കുന്നു.

പ്രകൃതിയെ വിധേയമാക്കുന്നതിനായി അറിവുനേടുക, ആ അറിവുപയോഗിച്ച് മറ്റൊരു പരിഗണനയുമില്ലാതെ വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന യാന്ത്രികചിന്ത ഒരു കാലത്ത് ശാസ്ത്രത്തിന്റെ മനോഭാവമാക്കുന്നതില്‍ ബേക്കന്റെ എഴുത്തുകള്‍ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യക്തം. പലപ്പോഴും ഈ വീക്ഷണമാണ് ഇന്നും നമ്മെ ഭരിക്കുന്നതെന്നും മനുഷ്യവംശം ഇന്നു നേരിടുന്ന വെല്ലുവിളികള്‍ - പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, കോവിഡ് മഹാമാരിയുള്‍പ്പടെ പലതിന്റെയും കാരണം ഈ മനോഭാവമാണെന്നും നമുക്കു മനസ്സിലാക്കാവും.
1626-ല്‍ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട ‘The New Atlantis'എന്ന പ്രശസ്തരചനയില്‍ ബേക്കണ്‍ വിഭാവനം ചെയ്യുന്ന സോളമന്റെ ഗൃഹം എന്ന ശാസ്ത്ര പരീക്ഷണ സമുച്ചയത്തില്‍ ശാസ്ത്ര പുരോഗതിക്കായി എല്ലാവരും പ്രവൃത്തിയിലേര്‍പ്പെടേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്നുണ്ടെങ്കിലും വ്യക്തമായ ശ്രേണീകൃത വേര്‍തിരിവുകളുള്ള തൊഴില്‍ വിഭജനമാണതില്‍ ആദര്‍ശവല്‍ക്കരിക്കുന്നത്. ശാസ്ത്രത്തിന്റെ ഉപയോഗവും നിയന്ത്രണവും ഉപരിവര്‍ഗത്തിന്റെ അധീനതയിലായിരിക്കുന്ന ഈ വ്യവസ്ഥയുടെ തുടര്‍ച്ചയാണ് നാമിന്നും കാണുന്നത്. റോയല്‍ സൊസൈറ്റിയുടെ ചരിത്രത്തില്‍ അതിന്റെ സ്ഥാപനത്തിന് പ്രചോദനമായ മഹാചിന്തകരില്‍ ഒരാളായി ഫ്രാന്‍സിസ് ബേക്കണ്‍ന്റെ നാമം അനുസ്മരിക്കപ്പെടുന്നു. സൊസൈറ്റി അതിന്റെ ആദ്യനാളുകളില്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം ഉറപ്പിക്കുന്നതിന് മെമ്പര്‍ഷിപ്പ് നല്‍കിയിരുന്നത് പ്രഭു പദവിയിലോ അതിന് മുകളിലുള്ളവര്‍ക്കോ മാത്രമായിരുന്നെന്നും അംഗത്വം സംബന്ധിച്ച് അവരുടെ ശാസ്ത്ര മേഖലയിലുള്ള കഴിവായിരുന്നില്ല മറിച്ച് സമൂഹത്തിലെ സ്ഥാനമായിരുന്നു മാനദണ്ഡം എന്നുള്ള കാര്യം ശ്രദ്ധയര്‍ഹിക്കുന്ന വസ്തുതയാണ്. ഇന്നും നമ്മുടെ സമൂഹത്തിലും ശാസ്ത്ര രംഗത്തുമൊക്കെ നിലനില്‍ക്കുന്ന വിവേചനങ്ങളിലധിഷ്ഠിതമായ വരേണ്യചിന്തയുടെ ചരിത്രപാഠങ്ങളാണ് ഇവ സൂചിപ്പിക്കുന്നത്.
ഫ്രാന്‍സിസ് ബേക്കണ്‍ എന്ന ബഹുമുഖ പ്രതിഭയെക്കുറിച്ച് പറയുമ്പോള്‍ പൊതുവായ നിരീക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില വായനകള്‍ കൂടിയുണ്ട് എന്ന വിഷയം സൂചിപ്പിക്കുക എന്നതു മാത്രമാണ് ശാസ്ത്ര വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഈ ലേഖനമെഴുതുന്നയാള്‍ ഉദ്ദേശിച്ചിട്ടുള്ളത്. മാത്രമല്ല, ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സംഭാവനകളെ വര്‍ത്തമാനകാലഘട്ടത്തില്‍ പരിശോധിക്കുമ്പോള്‍ വിമര്‍ശനാത്മക ചിന്തയോടെ സമീപിച്ചില്ലെങ്കില്‍ സമഗ്രവീക്ഷണം സാധ്യമാകില്ല എന്ന വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കാനും ആഗ്രഹിക്കുന്നു.
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
ശിവന്‍ എടമന / രാജേഷ് അത്രശ്ശേരി
Jan 28, 2021
54 Minutes Watch