വയലോരം താഴെക്കുനി (ക്ലബ് നമ്പർ 3)

ഇൻട്രോ-1

വെയിലുകത്തണ
കുന്നേൽ പൊറുതി.
ഈയാണ്ടേക്കമ്പത് തെകയും.
അടക്കാവിക്കാനും
അര മേടിക്കാനും
തോട്ടിൽ കുളിക്കാനും
താഴോട്ടിറങ്ങും.

കൂട്ടത്തിൽക്കൂടൽ
നന്നേ കുറവ്.

പൂതിമാറ്റാൻ
രണ്ടായിപ്പിളർന്ന്
പൊത്തിപ്പിടിക്കും.
പുഴമീൻ പിടുത്തം പോലൊരു
പശപശപ്പ്.

അതുകഴിഞ്ഞാൽ
അരക്കെട്ടൊഴിഞ്ഞു.
പള്ളയിൽ കത്തണ
തീയാളും പിന്നെയും.

ഇണക്കത്തിനോ
പോരിനോ ഇല്ല.
പറഞ്ഞെന്നുമാത്രം.

ഇൻട്രോ-2

വണ്ടിയാപ്പീസിൽപ്പണി
കൊടികാട്ടലല്ല
ചീട്ടുമുറിക്കലുമല്ല

കാട്ടംകോരൽ.

നാറുന്നു
എന്ന് ചീറിയാണയാൾ
ഇറങ്ങിപ്പോയത്.

നിങ്ങടെ കാട്ടമാണ്
നിങ്ങളെന്ന്
പറഞ്ഞതാര്?
ഞാനതോർക്കുമെപ്പഴും.

നിങ്ങടെ കാട്ടമെനിക്ക് ചോറ്.

കൂട്ടിനില്ല
മോറുകാട്ടാനും.

ഇൻട്രോ-3

ഞാനുത്തര
ഊരു ചോദിക്കരുത്
ഞാനാ ചിഹ്നത്തിന്റെ വളവിൽ
വീടുകെട്ടിപ്പാർക്കുന്നു.

പുരികക്കൊടിയുയർത്തി
നിങ്ങൾ ചോദിച്ച
എല്ലാ ചോദ്യങ്ങളെയും
ഞാനൂരവളച്ച് നേരിടുന്നു

ഊരവളവിൽ
ഉത്തര

ഇൻട്രോ-4

കണ്ടാലിഷ്ടമാവും
പേരുപറഞ്ഞാൽ
ഇഷ്ടം പോകുമോ?
ഞാനാഷിഖ്
നാടിത്തിരിയകലെ.

ഉപ്പയെ അറിയുമായിരിക്കും
എന്നെപ്പോലെ
സുന്ദരനായതുകൊണ്ടല്ല
എന്നെപ്പോലെ
ഇൻട്രോ ഇട്ടിട്ടല്ല

തിന്നാനുള്ളയിറച്ചി
വീട്ടിൽക്കേറ്റിയ കുറ്റത്തിന്
പ്രശസ്തനായതാണ്.

ഉപ്പാന്റിറച്ചിയോളം
രുചി കാണില്ല
എങ്കിലും
കിടക്കട്ടെ
ഈ ഇൻട്രോ
ഒരു രസത്തിന്

ഇൻട്രോ-5

എന്റെ പടത്തിൽ
ഇലയും പൂവും കായും
ഞാനതല്ല
എനിക്ക് വസന്തത്തോട്
ഒന്നും ചെയ്യാനില്ല

ഇഷ്ടം കൊണ്ടാളുകളെന്നെ
ഓമനിച്ചത്ര
നിങ്ങൾ ഓമനിക്കപ്പെട്ടിട്ടുണ്ടോ?

ഇരുട്ടിലേക്കുന്തിനിർത്തി
"പൊലയാടിമോനേ' എന്ന്,
കവച്ചുനിർത്തി
"കൂത്തിച്ചിമോളേ' എന്ന്
സ്നേഹിക്കപ്പെട്ടിട്ടുണ്ടോ?

വിയർത്തിട്ടുണ്ടോ
ഉടലുകത്തി?

ഇപ്പോൾ
ഒരൊറ്റമുലയുടെ പടമിടാം.
ഒരാമുഖം എന്ന നിലയിൽ.
അതിലമ്മയെ മാത്രം തിരയരുത്,
കേട്ടല്ലോ.

ഇൻട്രോ-6

വീടൊരു തോന്നൽ
ആമത്തോലെനിക്ക് പ്രിയം
ഞാനതിൽ പൂഴ്ത്തും തല
കെട്ടിപ്പിടിക്കാനായുന്ന
കൈയ്യിനെ
ഉടലോടുകെട്ടിവരിഞ്ഞിരിപ്പാണ്.

വെള്ളപ്പൊക്കത്തിൽ
മുങ്ങിമരിച്ചതിനാൽ
കുപ്പായത്തിലൊരു നനവ്
എപ്പോഴുമുണ്ട്,
അതിന്റെ തണുപ്പും.

വരൾച്ചയിൽ
പൊള്ളിയതിനാൽ
തൊലിയിൽ
തീനക്കിയപാടുകൾ,
അതിന്റെ
ചൂട്.

ഇൻട്രോ-7

കുമ്പളക്കീഴിൽ വീട്
മാഞ്ചുവട് പി.ഒ.
മണ്ണിൽപ്പണി

നെല്ലുംപയറും
കപ്പയുംചീരയുമൊരു
കാന്താരിച്ചെടിയും മതി
പട്ടുപോവാതിരിക്കാൻ.

പണപ്പെട്ടിയെവിടെവെയ്ക്കും
എന്ന ആധിവേണ്ട
കുഞ്ഞനെപ്പോലെ
വിരലീമ്പിയുറങ്ങാം

തോന്നിയപോലെ പുലരാം
ആലമേലേ പാഞ്ഞുകേറാം
കുമ്പളവള്ളിപോൽ.


Summary: Malayalam poem vayaloram thazhekkuni ( club number 3 ) by Sudheesh kottembram.


സുധീഷ് കോട്ടേമ്പ്രം

ചിത്രകാരൻ, കവി, കലാവിമർശകൻ, ക്യുറേറ്റർ. ശരീരസമേതം മറൈൻഡ്രൈവിൽ, ചിലന്തിനൃത്തം (കവിത), നഷ്​ടദേശങ്ങളുടെ കല, ക്വാറൻറയിൻ നോട്ട്​സ്​: തടങ്കൽദിനങ്ങളിലെ കലാചിന്തകൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments