രാത്രികളിലേക്ക്​ തുറ​ക്കാത്ത ലേഡീസ്​ ഹോസ്​റ്റലുകൾ ആവശ്യമില്ല

യുവതലമുറയെ എന്തിനാണ് പഴയ തലമുറ ഭയപ്പെടുന്നത്? അവർക്കിടയിൽ സംവദിക്കാൻ ലൈംഗികത മാത്രമേയുള്ളൂ എന്ന തോന്നൽ അറുപിന്തിരിപ്പനാണ്. ഇരുട്ടിന്റെ മറവിലെ ലൈംഗികാതിക്രമങ്ങളെയാണ് ഭയമെങ്കിൽ അക്രമകാരികളിൽ നിന്ന് സുരക്ഷിതരായിരിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. രാത്രികൾ സ്ത്രീകൾക്കും സുരക്ഷിതമായ ഇടം ആവണമെങ്കിൽ അവരുടെ സാന്നിധ്യം എല്ലാ പൊതുവിടങ്ങളിലും പകൽപോലെ ഉണ്ടാവുകയാണ് വേണ്ടത്. ആണിടങ്ങൾ മാത്രമാവുന്നിടത്ത് ബന്ധങ്ങളിലെ ജനാധിപത്യം ഒരിക്കലും വികസിക്കുകയില്ല.

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികൾ തുടങ്ങിവച്ച ആസാദി ബ്രേക്ക് ദ കർഫ്യൂ മൂവ്മെന്റിന്റെ അലയൊലികൾ കേരളത്തിലെ മറ്റ് പ്രൊഫഷണൽ കോളേജ് ഹോസ്റ്റലുകളിലേക്കും കടക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ എൻജിനീയറിങ് കോളേജിൽ നിന്നുയർന്നു വന്ന ബ്രേക്ക് ദ കർഫ്യൂ സമരത്തെയും കോടതി വ്യവഹാരങ്ങളെയും തുടർന്നാണ് 2019 ഏപ്രിൽ ഏഴിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ഉത്തരവ് ഇറങ്ങുന്നത്. ആ ഉത്തരവിലൂടെ കാമ്പസിലെ ഹോസ്റ്റലിനുള്ളിൽ കയറാനുള്ള സമയം ആറരയിൽ നിന്ന് ഒമ്പതരയാക്കി ഉയർത്തി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 ഉറപ്പു നൽകുന്ന സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാനാണ്18 വയസ്സു കഴിഞ്ഞ, വോട്ടവകാശം ഉള്ള വിദ്യാർഥികൾ കോടതി കയറി ഇറങ്ങേണ്ടി വന്നത്. ഭരണഘടനയോളം വളരാത്ത കോടതി ഒമ്പതര എന്നൊരു സമയപരിധി നിശ്ചയിച്ച് ഉത്തരവായത് തിരുത്തണമെന്നാണ് വിദ്യാർഥികൾ ഇപ്പോൾ ആവശ്യപ്പെടുന്നത് ഇന്ത്യയിലെ പ്രശസ്തമായ പല യൂണിവേഴ്സിറ്റികളിലും സമയപരിധികൾ ഇല്ലാത്ത ഹോസ്റ്റലുകളും ലൈബ്രറികളും ലാബുകളും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലകളെ ഇന്റർനാഷണൽ നിലവാരത്തിൽ ഉയർത്തണമെന്ന് നയം രൂപീകരിക്കുകയും ഏറ്റവും പിന്തിരിപ്പനായ സമീപനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നത് ലജ്ജാകരമാണ്.

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് രാത്രിയിലെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നൈറ്റ് വാക്കുകൾ ഈ സർക്കാരിന്റെ കാലത്ത് കേരളത്തിൽ നടന്നിട്ടുണ്ട്. ഡിവൈഎഫ്ഐ നൈറ്റ് അസംബ്ലി നടത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും കോർപ്പറേഷന്റെയും മുൻകൈയിൽ രാത്രിക്ക് മേലെയുള്ള സ്ത്രീകളുടെ അവകാശ പ്രഖ്യാപന പരിപാടികൾ നടന്നിട്ടുണ്ട് .വിവിധ സംഘടനകൾ സ്ത്രീകൾക്ക് ഇരുട്ടു നുണയാനും പൊതു ഇടങ്ങൾ രാത്രിയും പകലും അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കാനും പലതരത്തിലുള്ള ക്യാമ്പയിനുകൾ നടത്താറുണ്ട്. പൊതു ബോധത്തെ മാറ്റിയെടുക്കാൻ ഇത്തരം ക്യാമ്പയിനുകൾ എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രൊഫഷണൽ കോളേജുകളിലെയും ഒട്ടുമിക്ക അധികാരികളിലും വാർഡൻ വരെയുള്ള ഉദ്യോഗസ്ഥരിലും ഈ കാഴ്ചപ്പാട് എത്തിയിട്ടില്ല എന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാം. ഇത്തരം ക്യാമ്പയിനുകൾക്ക് നേതൃത്വം കൊടുത്ത ഇടതുപക്ഷ സർക്കാർ ആത്മാർത്ഥമായിട്ടാണ് അത് നടത്തിയത് എങ്കിൽ എത്രയും പെട്ടെന്ന് ഈ നിയമം ഭേദഗതി ചെയ്യുകയാണ് വേണ്ടത്. സുരക്ഷാ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ തയ്യാറാവണം.

മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ നടത്തിയ പ്രതിഷേധം

എന്തിനാണ് പെൺകുട്ടികൾ പത്തുമണിക്ക് ശേഷം ഹോസ്റ്റലിന് പുറത്തിറങ്ങുന്നത് എന്ന ചോദ്യം പല കോണുകളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്
സർക്കാർ ഉത്തരവ് പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രൊഫഷണൽ കോളേജുകളിലെയും ഹോസ്റ്റലുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശിക്കാനുള്ള സമയം ഒമ്പതരയാണ്. എന്നാൽ കേരളത്തിലെ ഒരു ഹോസ്റ്റലിലും ആൺകുട്ടികളെ പത്തുമണിക്കു മുമ്പ് കയറ്റി വാതിലുകൾ പൂട്ടാറില്ല. പെൺകുട്ടികളെ ആകട്ടെ പലതരം അച്ചടക്കനടപടികളിലൂടെ കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഇതിനുള്ള ന്യായീകരണം സ്ത്രീകളുടെ സുരക്ഷിതത്വത്തിലുള്ള സ്ഥാപനത്തിന്റെ
ഉത്തരവാദിത്ത ബോധമാണ്. പെൺകുട്ടികൾ "വഴിപിഴച്ച്' പോകാതിരിക്കാനും ലൈംഗികമായി ആക്രമിക്കപ്പെടാതിരിക്കാനും ഉള്ള മുൻകരുതലാണ്. പെൺകുട്ടികൾ ഏതുസമയവും ആക്രമിക്കപ്പെടാവുന്ന ലൈംഗികശരീരം മാത്രമാണെന്ന ആൺ കോയ്മബോധത്തെ മറികടക്കാൻ ഈ ആധുനിക കാലത്തും കഴിയാത്തതുകൊണ്ടാണ് ഇത്തരം ചിന്തകൾ ഉണ്ടാകുന്നത്. ആറുമണിയിൽ നിന്ന് സമയം 9 മണിയാക്കി ഉയർത്തണം എന്ന് ആവശ്യപ്പെട്ടപ്പോൾ ആറുമണിക്ക് ശേഷമുള്ള സമയത്തിലായിരുന്നു ഭീതി എങ്കിൽ ഇന്നത് മാറിയിട്ടുണ്ട്. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യവും ഇടങ്ങളും നിഷേധിച്ചു കൊണ്ടല്ല സുരക്ഷിതത്വം ഉണ്ടാക്കേണ്ടത് പൊതു ഇടങ്ങളിൽ മാത്രമല്ല കുടുംബത്തിന് അകത്തും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും വരെ ഇന്ന് സ്ത്രീകൾ ലൈംഗികാതിക്രമം നേരിടുന്നുണ്ട്. പെൺകുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യങ്ങളെ നിയന്ത്രിച്ചു കൊണ്ടല്ല ക്രിമിനലുകളെ നിയന്ത്രിച്ചു കൊണ്ടാണ് ഇത് മറികടക്കേണ്ടത്. ആൺബോധങ്ങളെ തുല്യതയെക്കുറിച്ചും നീതിയെക്കുറിച്ചുമുള്ള ജന്റർ സാക്ഷരത ഉള്ളവരാക്കണം.

വനിതാ ഹോസ്റ്റലുകളിലെ സമയപരിധി ദീർഘിപ്പിച്ചുകൊണ്ട് 2019 ൽ പുറപ്പെടുവിച്ച ഉത്തരവ്

പെൺകുട്ടികളുടെ ഹോസ്റ്റലുകൾ പത്തുമണിക്ക് താഴിട്ട് പൂട്ടുമ്പോൾ അവരുടെ അക്കാദമിക അവകാശങ്ങൾക്ക് കൂടി പൂട്ടുവീഴുകുകയാണ് എന്ന് നാം അറിയണം. പുതിയ കരിക്കുലം പ്രകാരം മെഡിക്കൽ വിദ്യാർഥികൾക്ക് സെക്കൻഡ് ഇയർ മുതൽ കാഷ്വാലിറ്റി പോസ്റ്റിംഗ് ഉണ്ട്. 9 മണിവരെയാണ് പോസ്റ്റിങ്ങ് എങ്കിലും എത്രത്തോളം കാഷ്വാലിറ്റി കേസുകളും എമർജൻസി കേസുകളും കാണുന്നുവോ അത്രത്തോളം അക്കാദമിക് നേട്ടം കിട്ടും. അതുകൊണ്ട് മിക്കവാറും ആൺകുട്ടികൾ അവർക്ക് ഇഷ്ടമുള്ള സമയം വരെ ഹോസ്പിറ്റലിൽ ചെലവഴിക്കുകയും തിരിച്ച് ഹോസ്റ്റലിൽ എത്തുകയും ചെയ്യും. രാത്രിയിൽ എത്തുന്ന എമർജൻസി കേസുകളും റെയർ കേസുകളും കൈകാര്യം ചെയ്യാനുള്ള പരിശീലനവും അവർക്ക് കിട്ടും. എന്നാൽ ഈ അക്കാദമിക അവകാശം പെൺകുട്ടികൾക്ക് ഹോസ്റ്റൽ സമയം നഷ്ടപ്പെടുത്തുന്നുണ്ട്.

പ്രൊഫഷണൽ രംഗത്തെ സ്ത്രീകളുടെ മികവുകൾക്ക് തടസ്സം നിൽക്കുന്ന ഗാർഹികതയുടെ അതേ യുക്തി അക്കാദമിക സ്ഥാപനങ്ങളും പിന്തുടരുന്നത് നീതികേടാണ്. അതുപോലെ നാലാം വർഷ വിദ്യാർഥികൾക്ക് ലേബർ റൂം പോസ്റ്റിംഗ് ഉണ്ട്. രാത്രി എട്ടുമണി മുതൽ രാവിലെ 8 മണി വരെ 12 മണിക്കൂറാണ് പോസ്റ്റിംഗ് സമയം. ഇതിനിടയിൽ ഒന്ന് ഫ്രഷ് ആവാനും എന്തെങ്കിലും അത്യാവശ്യങ്ങൾക്ക് ക്യാമ്പസിനുള്ളിലെ ഹോസ്റ്റലിലേക്ക് കടക്കാനും ആൺകുട്ടികൾക്ക് കഴിയുമ്പോൾ പെൺകുട്ടികൾക്ക് ഈ അവസരവും നിഷേധിക്കപ്പെടുകയാണ്. അക്കാദമിക മികവുകളും തൊഴിൽ പ്രാഗൽഭ്യവുമൊക്കെ ആൺകുട്ടികൾ നേടിയെടുക്കുന്നത് ഇങ്ങനെയൊക്കെയാണ്.

വിവരസാങ്കേതിക വിദ്യയുടെ വികാസം ഇന്ന് യുവതലമുറയിൽ രാത്രികളെ പകലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നില്ല. പലതരത്തിലുള്ള ആവിഷ്കാരങ്ങളും വായനയും എഴുത്തും സംവാദങ്ങളും തൊഴിലും ഒക്കെ രാത്രികളിലും ഉണർന്നിരുന്ന് ചെയ്യുന്ന തലമുറയാണ് ഇന്നത്തേത്. 24 മണിക്കൂറും തുറന്നിരിക്കുന്ന ലൈബ്രറികളും ലാബുകളും പുതുതലമുറയ്ക്ക് ആവശ്യമുണ്ട്. പെൺകുട്ടികളും അതാവശ്യപ്പെടും എന്ന് ഭയന്ന് ആൺകുട്ടികൾക്ക് കൂടി അത്തരം സ്വാതന്ത്ര്യങ്ങൾ നിഷേധിക്കുന്ന സമീപനം അല്ല വേണ്ടത്. സംഘം ചേർന്ന് ആൺ പെൺവ്യത്യാസങ്ങൾ ഇല്ലാതെ സംവാദങ്ങളും വിനോദങ്ങളും സർഗ്ഗാത്മകതയുമൊക്കെ വികസിക്കുമ്പോഴേ പരസ്പര ബഹുമാനവും ജനാധിപത്യ ബോധവും ഒക്കെ വികസിക്കുകയുള്ളൂ യുവതലമുറയെ എന്തിനാണ് പഴയ തലമുറ ഭയപ്പെടുന്നത്? അവർക്കിടയിൽ സംവദിക്കാൻ ലൈംഗികത മാത്രമേയുള്ളൂ എന്ന തോന്നൽ അറുപിന്തിരിപ്പനാണ്. ഇരുട്ടിന്റെ
മറവിലെ ലൈംഗികാതിക്രമങ്ങളെയാണ് ഭയമെങ്കിൽ അക്രമകാരികളിൽ നിന്ന് സുരക്ഷിതരായിരിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. രാത്രികൾ സ്ത്രീകൾക്കും സുരക്ഷിതമായ ഇടം ആവണമെങ്കിൽ അവരുടെ സാന്നിധ്യം എല്ലാ പൊതുവിടങ്ങളിലും പകൽപോലെ ഉണ്ടാവുകയാണ് വേണ്ടത്. ആണിടങ്ങൾ മാത്രമാവുന്നിടത്ത് ബന്ധങ്ങളിലെ ജനാധിപത്യം ഒരിക്കലും വികസിക്കുകയില്ല. മലയാളിയുടെ സദാചാരബോധത്തെ രൂപപ്പെടുത്തിയ അതേ ഗാർഹികതയുടെ യുക്തിയാൽ നിയന്ത്രിക്കപ്പെടുന്നവയാവരുത് ലേഡീസ് ഹോസ്റ്റലുകൾ. ബലാത്സംഗ ഭീതി സൃഷ്ടിച്ച് സ്ത്രീയുടെ സമയത്തെയും ഇടത്തെയും നിയന്ത്രിച്ചിരുന്ന പുരുഷാധിപത്യ യുക്തി ആധുനിക സമൂഹത്തിന് ചേർന്നതല്ല. പുതുതലമുറ ഭയത്തെ മറികടന്ന് പൊതുഇടങ്ങളിൽ, രാത്രികളിലും ക്യാമ്പസുകളിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും സംഘം ചേർന്ന് പുറത്തു വരാൻ കഴിയണം. കലാലയ കാലത്തായിരിക്കും അതേറ്റവും സർഗ്ഗാത്മകമാവുക.

പഴയ തലമുറയിൽ നിന്നും വ്യത്യസ്തമായി ഇരുട്ടിനെ ഭയക്കാത്ത, അക്രമ ഭീതിയില്ലാത്ത രാത്രികൾക്കു വേണ്ടി പുതിയ തലമുറ പെൺകുട്ടികൾക്ക് കൃത്രിമമായി നൈറ്റ് വാക്കുകളോ നൈറ്റ് പാർലമെന്റുകളോ സംഘടിപ്പിക്കുന്നതിനേക്കാൾ കൂട്ടുചേർന്ന് ക്യാമ്പസുകളിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും സിനിമ കാണാനും ചായ കുടിക്കാനും സൊറ പറയാനും വെറുതെ നടക്കാനും ഒക്കെ അനുവദിക്കുകയാണ് വേണ്ടത്.
മുൻപൊരിക്കൽ CET എൻജിനീയറിങ് കോളേജിലെ ജനലിൽ കൂടി ഒളിഞ്ഞുനോട്ടം പരാതിപ്പെട്ടപ്പോൾ ജനലുകൾ അടപ്പിക്കാനും ഹോസ്റ്റലുകളിൽ ഡ്രസ്സ് കോഡ് കൊണ്ടുവരാനും ശ്രമിച്ചപ്പോൾ തൊട്ടടുത്തുള്ള കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ISER പുറത്ത് ലൈറ്റുകൾ സ്ഥാപിക്കുകയും സെക്യൂരിറ്റി സംവിധാനം കാര്യക്ഷമമാക്കുകയും ആണ് ചെയ്തത്. സുരക്ഷാ കാഴ്ചപ്പാടുകളിൽ ഗവൺമെന്റുകൾക്കുള്ള വൈരുദ്ധ്യമാണ് ഇത് തെളിയിക്കുന്നത്. സുരക്ഷിതത്വം എന്നാൽ അച്ചടക്കവും നിയന്ത്രണവും എന്ന സദാചാര കാഴ്ചപ്പാട് മാറി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കലാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. കലാലയങ്ങളും ക്യാമ്പസുകളും ഹോസ്റ്റലുകളും ആൺകുട്ടികൾക്ക് പാഠ്യവും പാഠ്യേതരവുമായ തുറസ്സുകൾക്കും സർഗാത്മകമായ സംവാദങ്ങൾക്കും സൗഹൃദങ്ങൾക്കുമുള്ള ഇടങ്ങളാണ്. പെൺകുട്ടികൾക്ക് നിലനിൽക്കുന്ന ഗാർഹികതയുടെയും സദാചാര ബോധത്തിന്റെയും പരിശീലന കളരികളാണ്. ഈ അവസ്ഥ മാറി തുല്യതയുടെയും ജനാധിപത്യത്തിന്റെയും പരിശീലന കളരികൾ ആകാൻ സർക്കാരുകൾ ആധുനിക ജനാധിപത്യ സമൂഹത്തിന്റെ കാഴ്ചപ്പാടിലേക്ക് മാറി നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം. ഗാർഹിക അധ്വാനത്തിൽ നിന്ന് പുറത്ത് കടന്നു സാമൂഹ്യവൽക്കരിക്കപ്പെട്ട ആധുനിക സ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യവും പൊതു ഇടങ്ങളും വിലക്കപ്പെടുന്നതിനുള്ള പരിശീലന കളരികൾ ആവരുത് കലാലയങ്ങൾ.

Comments